700 വർഷമായി കത്തുന്ന കെടാവിളക്ക്
തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ ഗംഭീറൊപേട്ടയിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ 700 വർഷം പഴക്കമുള്ള കെടാവിളക്ക് നൂറ്റാണ്ടുകളായി ഭക്തരെ ആകർഷിയ്ക്കുന്നു. ദർശനത്തിനായി ഭക്തരുടെ വലിയ തിരക്കാണിവിടെ. എണ്ണയിൽ കത്തിയ്ക്കുന്ന വിളക്ക് ഒരിയ്ക്കലും അണയ്ക്കാറില്ല. കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഇതുപോലുള്ള കെടാവിളക്കുകളുണ്ട്.
1314-ൽ കാകതീയ രാജവംശത്തിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന പ്രതാപ രുദ്രഡുവാണ് ശ്രീ സീതാരാമ സ്വാമി ക്ഷേത്രം പണികഴിപ്പിച്ചതെന്ന് ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്ന മണിയിൽ എഴുതിയിരിയ്ക്കുന്ന ലിഖിതങ്ങൾ പറയുന്നു. നന്ദദീപം കെടാവിളക്ക് അണയാതിരിയ്ക്കാൻ അന്നത്തെ ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രജകളിൽ നിന്ന് പിരിച്ചെടുത്ത നികുതി ഉപയോഗിച്ചാണ് ഭരണാധികാരികൾ വിളക്ക് കത്തിയ്ക്കാൻ എണ്ണ വാങ്ങിയിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു. രാജാക്കന്മാരും രാജ്യവും ഇല്ലാതായതോടെ പട്ടണത്തിൽ നിന്നുള്ള വിശ്വാസികൾ എണ്ണ കൊടുക്കാൻ തുടങ്ങി.
പിന്നീട് നന്ദദീപത്തിനുള്ള എണ്ണ ജീവിതകാലം മുഴുവൻ കൊടുക്കാമെന്ന് ഗംഭീറൊപേട്ടയിലെ രാമുലുവും ഭാര്യ പ്രമീളയും വർഷങ്ങൾക്ക് മുമ്പ് ഉറപ്പുനൽകി, ഇപ്പോഴും അത് തുടരുന്നു. എല്ലാ കൊല്ലവും ക്ഷേത്രത്തിന് മുന്നിൽ മനോഹരമായി നിർമിച്ച 16 തൂണുകളുള്ള കല്യാണ മണ്ഡപത്തിൽ ശ്രീരാമന്റേയും സീതാദേവിയുടേയും വിവാഹം ആഘോഷിയ്ക്കാറുണ്ട്. ശ്രീനവമി ആഘോഷമായാണ് കൊണ്ടാടുന്നത്. ഈ അവസരത്തിൽ, പ്രദേശവാസികൾക്കൊപ്പം, ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ എത്തും. ഉത്സവത്തിനേക്കാൾ നന്ദദീപം (കെടാവിളക്ക്) ദർശനമാണ് എല്ലാ ഭക്തരുടേയും ആഗ്രഹമെന്ന് ഇവിടെയുള്ളവർ പറയുന്നു...
No comments:
Post a Comment