നമ:ശിവായ മന്ത്രരഹസ്യം - 16
ശിവം ശിവമഥാപ്രാപ്ത:, ശിവായേതി നിഗദ്യ സേ, ശിവായ മേ തഥാപ്രാപ്ത്യാ, ശിവായം കുരു സർവദാ. 16
അർഥം :-
ഇപ്രകാരം സർവ മംഗളവും നിരതിശയവുമായ ശിവതത്ത്വത്തെ പ്രാപിച്ച അങ്ങ് ശിവനെ പ്രാപിച്ചവനായി പറയപ്പെടുന്നു. അപ്രകാരം ശിവനാൽ പൂർണമായും പ്രാപിക്കപ്പെട്ട എന്നെ സർവദാശിവനെ പ്രാപിച്ചവനാക്കൂ. ശിവതത്ത്വം മംഗളമാണ്, നിരതിശയമാണ്. ശിവൻ പൂർണമായും ശുദ്ധനാണ്.ശിവനിൽ ശിവത്വമേയുള്ളു. മറ്റു കലർപ്പുകളൊന്നുമില്ല. മായമില്ലാത്ത ഒരു പദാർഥമുണ്ടെങ്കിൽ അത് ശിവനാണ്. ശിവൻ പരിപൂർണമായും ശിവമയമാണ്. സാധനയിലൂടെ ശിവനെ പ്രാപിച്ചാൽ മാത്രമേ എനിക്ക് ശിവത്വം കിട്ടുകയുള്ളു. ഹേ പരമ പവിത്രനും മംഗള സ്വരൂപനമായ ഭഗവൻ അവിടുന്ന് എന്നെ പരമ പവിത്രനും മംഗള പ്രദനുമാക്കിയാലും. അങ്ങ് ലോകത്തിനു പകാരം ചെയ്യുന്നതു പോലെ ലോകോപകാരിയാവാൻ ഞാനും സമർഥനാകട്ടെ. ഞാനെപ്പോഴും അങ്ങയിൽത്തന്നെ വസിക്കട്ടെ. തന്നിലില്ലാത്തതും ഈശ്വരനിലുള്ളതുമായ ഗുണങ്ങളെ തന്നിലേയ്ക്കാവാഹിക്കുന്നതാണ് പ്രാർഥന. ലൗകിക വിഷയങ്ങൾ ചോദിക്കുന്നത് പ്രാർഥനയല്ല, യാചനയാണ്. ഭക്തൻ യാചകനല്ല.സത്യമ സി സത്യം മയിധേ ഹി അവിടുന്നു സത്യമാണ്. ആ സത്യമെനിക്കു നല്കിയാലും എന്ന് പ്രാർഥിക്കുമ്പോൾ വാക്കിലും പ്രവൃത്തിയിലും സത്യസന്ധരാകാനുള്ള പരിശ്രമവും കൂടിയുണ്ടാവണം. എങ്കിലേ അത് പ്രാർനയാവൂ. ശിവായം കുരു സർവദാ എന്ന പ്രാർഥന ഒരു നിതാന്ത രഹസ്യം വെളിപ്പെടുത്തുന്നു. സാധകൻ എല്ലായ്പ്പോഴും ശിവനെ പ്രാപിച്ചവനേ ആകുന്നുള്ളു. ഒരിക്കലും ശിവനാകുന്നില്ല. അപ്പോൾ ശിവം ഭൂത്വാശിവം യജേത് എന്നതിനെന്താണർഥം? ശിവനായിട്ട് ശിവനെയജിക്കണമെന്നല്ലേ? അല്ല.സംസ്കൃത ഭാഷയിൽ പ്രഥമ ഗണത്തിലും ദശമഗണത്തിലും ഭൂ ധാതു വരുന്നുണ്ട്. പ്രഥമഗണത്തിലെ ഭൂ ധാതു വിന് ആവുക എന്നർഥം. ദശമഗണത്തിലെ ഭൂ ധാതുവിന് പ്രാപിക്കുക എന്നർഥം. ശിവം ഭൂത്വാ എന്നിടത്ത് ദശമഗണത്തിലെ ഭൂ ധാതുവിന്റെ അർഥമെടുക്കണം. ശിവനെ പ്രാപിച്ചിട്ട് ശിവനെയജിക്കണം. പ്രാപിക്കാനായി ഉപാസന ചെയ്യണം. യജനം അഥവാ പൂജ സത്ക്കാരമാണ്. സത്കാരം സത്ക്കരിക്കുന്നവനെ പ്രാപിച്ചിട്ടേ ചെയ്യാൻ സാധിക്കൂ.യജനം സംഗതീകരണമാണ്, കൂടി ചേരലാണ്.
Swami Darshananda saraswathi
No comments:
Post a Comment