ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 June 2021

വട സാവിത്രി വ്രതം

വട സാവിത്രി വ്രതം

ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ക്ഷേമം, അഭിവൃദ്ധി എന്നിവയ്ക്കായി വിവാഹിതരായ സ്ത്രീകള്‍ ആഘോഷിക്കുന്ന ഒരു പരമ്പരാഗത ചടങ്ങാണ് വട സാവിത്രി വ്രതം. ഭര്‍ത്താവിനോടുള്ള ഭാര്യയുടെ സ്‌നേഹത്തിന്റെയും ഭക്തിയുടെയും പ്രതീകമായി ഇത് കണക്കാക്കപ്പെടുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഈ ചടങ്ങ് ആഘോഷിക്കുന്നു. അമാന്ത, പൂര്‍ണിമന്ത എന്നീ രണ്ട് ഹിന്ദു ചാന്ദ്ര കലണ്ടര്‍ പ്രകാരമാണ് വട സാവിത്രി വ്രതം ആഘോഷിക്കുന്നത്.

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണിമന്തയെയും തെക്കന്‍ സംസ്ഥാനങ്ങള്‍ അമാന്ത കലണ്ടറിനെയും പിന്തുടരുന്നു. ഈ വര്‍ഷം ജൂൺ 10 നാണ് വട സാവിത്രി വ്രതം ആഘോഷിക്കുന്നത്. ഹിന്ദു പാരമ്പര്യമനുസരിച്ച്, വിവാഹിതരായ എല്ലാ സ്ത്രീകളും അവരുടെ ഭര്‍ത്താവിന്റെ ക്ഷേമത്തിനും ദീര്‍ഘായുസ്സിനുമായി ഈ വ്രതം ആചരിക്കുന്നു.

ആല്‍മരത്തെ പൂജിക്കുന്ന വട സാവിത്രി വ്രതം

ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് ആല്‍മരത്തെ വട വൃക്ഷമായി കണക്കാക്കുന്നു. ആല്‍മരവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങള്‍ പുരാണങ്ങളിലുണ്ട്. അത്തരമൊരു വട വൃക്ഷത്തെ ആരാധിക്കുന്നതിനാലാണ് വട സാവിത്രി വ്രതം എന്ന പേര് വന്നത്. ദാമ്പത്യ ക്ലേശം നീങ്ങാനും ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ക്ഷേമം, അഭിവൃദ്ധി എന്നിവയ്ക്കും അനുഷ്ഠിക്കുന്ന കാമ്യ വ്രതാണിത്.

വിവാഹിതരായ സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതം

കാമ്യവ്രതമെന്നാല്‍ പ്രത്യേക അഭീഷ്ഠസിദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ്. അതിലൊന്നാണ് വട സാവിത്രി വ്രതം. വടക്കേ ഇന്ത്യയില്‍ ഈ വ്രതം വട സാവിത്രി പൂര്‍ണിമ അല്ലെങ്കില്‍ വട പൂര്‍ണിമ എന്നറിയപ്പെടുന്നു. വിവാഹിതരായ സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതം എന്ന പ്രത്യേകത കൂടിയുണ്ടിതിന്. വിവാഹിതരായ സ്ത്രീകള്‍ പൗര്‍ണമി ദിനത്തില്‍ സൂര്യോദയത്തിനു മുന്‍പ് തന്നെ കുളിച്ച് കുറി തൊട്ട് നിലവിളക്ക് കൊളുത്തി ഇഷ്ടദേവനെ പ്രാര്‍ത്ഥിക്കുക. അതിനു ശേഷം, സമീപത്തുള്ള ക്ഷേത്രത്തില്‍ ചെന്ന് ആല്‍മരത്തിനു ചുവട്ടില്‍ തൊഴുത് പ്രാര്‍ത്ഥിച്ച ശേഷം അരയാല്‍ മരത്തിനു ചുറ്റും പ്രദക്ഷിണം വയ്ക്കണം.

ആല്‍മരത്തെ നൂലു കൊണ്ട് ബന്ധിക്കുന്നു

ചിലയിടങ്ങളില്‍ ആല്‍മരത്തെ ഏഴ് പ്രദക്ഷിണം വയ്ക്കുന്നതിനൊപ്പം മരത്തെ നൂലുകൊണ്ട് ചുറ്റാറുമുണ്ട്. വിവാഹിതരായ സ്ത്രീകള്‍ ആല്‍മരത്തില്‍ നൂലുകൊണ്ട് ബന്ധിച്ച് അര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചാല്‍ ദീര്‍ഘ സുമംഗലികളായിരിക്കുമെന്നാണ് വിശ്വാസം. ഭര്‍ത്താവിന്റെ ആയുസ്സിനു വേണ്ടി ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. ആരോഗ്യ സ്ഥിതി അനുസരിച്ച് ഒരിക്കലൂണ് വ്രതവും അനുഷ്ഠിക്കാവുന്നതാണ്. അന്നേദിവസം കഴിവതും ഈശ്വര ചിന്തയോടെ കഴിച്ചുകൂട്ടുക. ഫലങ്ങള്‍ മാത്രം കഴിച്ചും വ്രതം അനുഷ്ഠിക്കാവുന്നതാണ്.

വ്രതത്തിനു പിന്നിലെ ഐതിഹ്യം

അശ്വപതി, മാളവി എന്നീ രാജ ദമ്പതിമാര്‍ കുട്ടികളില്ലാത്ത ദുഖത്തിലായിരുന്നു. പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ റാണി ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അവള്‍ക്ക് സാവിത്രി എന്നും പേരിട്ടു. സുന്ദരിയായ യുവതിയായി വളര്‍ന്ന സാവിത്രി സത്യവാന്‍ എന്നൊരു യുവാവുമായി പ്രണയത്തിലായി. സര്‍വ ഗുണങ്ങളുമുള്ള യുവാവായിരുന്നു സത്യവാനെങ്കിലും അയാളുടെ ആയുസ്സ് കുറവായതിനാല്‍ സാവിത്രിയുമായുള്ള വിവാഹം നടത്തരുതെന്ന് നാരദ മഹര്‍ഷി അശ്വപതിയെ ഉപദേശിച്ചു. എങ്കിലും സാവിത്രി സത്യവാനെ തന്നെ വിവാഹം കഴിച്ചു. വിവാഹ ശേഷം വനവാസത്തില്‍ കഴിയുന്നതിനിടെ സത്യവാന് മൂന്നു ദിവസം കൂടിയേ ആയുസ്സുള്ളു എന്ന് സാവിത്രി മനസിലാക്കി. അന്നുമുതല്‍ സാവിത്രി കഠിനവ്രതം അനുഷ്ഠിച്ചു.

സത്യവാന്‍ സാവിത്രി

മൂന്നാം ദിനം മരം വെട്ടുന്നതിനിടെ സത്യവാന്‍ മരണപ്പെട്ടു. സത്യവാന്റെ മൃതദേഹം സാവിത്രി ആലിന്‍ ചുവട്ടില്‍ വച്ച് പ്രാര്‍ത്ഥിച്ചു. സത്യവാന്റെ ആത്മാവിനെ കൊണ്ടുപോകാന്‍ യമധര്‍മ്മന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൊണ്ടുപോകരുതേ എന്ന് സാവിത്രി അപേക്ഷിച്ചു. അത് കൂട്ടാക്കാതിരുന്നപ്പോള്‍ യമന്റെ ധര്‍മ്മപരിപാലനത്തെക്കുറിച്ച് പ്രകീര്‍ത്തിച്ച് സാവിത്രി സ്തുതിച്ചു. സാവിത്രിയുടെ ഭക്തിയില്‍ തൃപ്തനായ യമന്‍ അവളോട് സത്യവാനെ തിരിച്ച് നല്‍കണമെന്നല്ലാതെ വേറെ മൂന്നു വരങ്ങള്‍ ചോദിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ വരമായി സാവിത്രി ഭര്‍തൃപിതാവിന് കാഴ്ച നല്‍കുവാനും രണ്ടാമത്തെ വരമായി സ്വന്തം പിതാവിന് ഇനിയും പുത്രസൗഭാഗ്യം നല്‍കുവാനും മൂന്നാമത്തെ വരമായി സത്യവാനും സാവിത്രിക്കും മക്കളെ നല്‍കി അനുഗ്രഹിക്കണമെന്നും ആവശ്യപ്പെട്ടു.

ഭര്‍ത്താവിനു ജീവന്‍ നല്‍കിയ സാവിത്രി

മൂന്നാമത്തെ വരത്തിലെ തന്ത്രം ചിന്തിക്കാതെ യമദേവന്‍ പതിവ്രതയായ സാവിത്രിക്ക് വരങ്ങള്‍ നല്‍കി. അങ്ങനെ യമദേവന് സത്യവാന്റെ ജീവന്‍ തിരികെ നല്‍കേണ്ടി വന്നു. സാവിത്രിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ അദ്ദേഹം സംപ്രീതനായി. ഇതിന്റെ ഓര്‍മ്മ പുതുക്കലായാണ് സുമംഗലികള്‍ വടപൂര്‍ണിമ ആഘോഷിക്കുന്നത്. വ്രതമെടുത്ത് ആരാധിച്ചാല്‍ ഏഴു ജന്‍മവും ഭര്‍ത്താവ് തന്നോടൊപ്പം ഉണ്ടാവുമെന്ന് സ്ത്രീകള്‍ കരുതപ്പെടുന്നു.

പൂജാവിധി

അഞ്ച് ഫലങ്ങള്‍, മഞ്ഞയും ചുവപ്പുമായ നൂലുകള്‍. ജലമേന്തിയ കലശം, സത്യവാന്‍, സാവിത്രി, യമദേവന്‍ എന്നിവരുടെ കളിമണ്‍ പ്രതിമകള്‍ ചന്ദനത്തിരി, ചുവന്ന തുണിക്കഷ്ണം, ചുവപ്പ് സിന്ദൂരം എന്നിവയാണ് ആല്‍മരത്തെ പൂജിക്കാന്‍ ആവശ്യമായവ. ഈ ദിനത്തില്‍ സ്ത്രീകള്‍ കുളിച്ച് ഭഗവാന്റെ മന്ത്രങ്ങള്‍ ചൊല്ലി പുതുവസ്ത്രങ്ങള്‍ അണിയുകയും മേല്‍പറഞ്ഞ പൂജാ സാമഗ്രികള്‍ ഒരു തളികയിലാക്കി വടവൃക്ഷത്തിന് അരികിലെത്തി വൃക്ഷത്തിനു കീഴെ സത്യവാന്റെ പ്രതിമ വച്ച് അതിന്റെ ഇടതുവശത്തായി സാവിത്രിയുടെ പ്രതിമ വയ്ക്കുകയും ചെയ്യും. സത്യവാന്റെ വലതുവശത്തായി യമദേവന്റെ പ്രതിയമയും വയ്ക്കുന്നു. പൂജാ സാധനങ്ങള്‍ ഇവര്‍ക്ക് സമര്‍പ്പിച്ച ശേഷം വൃക്ഷത്തെ വലംവയ്ക്കുന്നു.

ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചൊല്ലേണ്ട ശ്ലോകം

മൂലതോ ബ്രഹ്മ രൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ വൃക്ഷ
രാജായ തേ നമ:

ഓരോ വലംവയ്പിലും ചുവപ്പും മഞ്ഞയും നൂലുകളാല്‍ വൃക്ഷത്തെ ചുറ്റിവരിയുക. ശേഷം സത്യവാന്‍ സാവിത്രിയുടെ കഥ സ്രവിച്ച് പ്രാര്‍ത്ഥന ആരംഭിക്കും പൂജ കഴിഞ്ഞാല്‍ നിവേദിച്ച ഫലങ്ങള്‍ പ്രസാദമായി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്യാം.

No comments:

Post a Comment