ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 January 2020

കടപയാദി 'കമ' എന്ന ഒരക്ഷരം

കടപയാദി   'കമ' എന്ന ഒരക്ഷരം 

എന്റെ കൂടെ നീ വരുന്നത് കൊള്ളാം.. പക്ഷെ അവിടെ ചെന്ന് 'കമ' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത്. 
നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട്.. പറഞ്ഞിട്ടുണ്ട്. എന്താണ് ഈ 'കമ'.. ? ഒരക്ഷരം ആണോ ?? അതോ ഒരു വാക്കോ ??

കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന/ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് 'കടപയാദി' അഥവാ 'പരൽപ്പേര്' അഥവാ 'അക്ഷരസംഖ്യ' എന്നത്. സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായം. മലയാളത്തിലെ 51 അക്ഷരങ്ങൾക്ക് പകരം 0 മുതൽ 9 വരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത്. സംഖ്യകളെ,  എളുപ്പം ഓർത്തു വക്കത്തക്ക വിധം വാക്കുകൾ ആയും കവിതകൾ ആയും മാറ്റി  എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം, ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത്. യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ, പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് കടപയാദി രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്.

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത്....

ക1 ഖ2 ഗ3 ഘ4 ങ5
ച6 ഛ7 ജ8 ഝ9 ഞ0
ട1 ഠ2 ഡ3 ഢ4 ണ5
ത6 ഥ7 ദ8 ധ9 ന0
പ1 ഫ2 ബ3 ഭ4 മ5
യ1 ര2 ല3 വ4 ശ5 ഷ6 സ7 ഹ8 ള9 ഴ,റ 0

സ്വരാക്ഷരങ്ങൾക്ക് എല്ലാം 0 ആണ് മൂല്യം.
കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില (ഉദാഹരണം- 'ക്ത' എന്നതിൽ 'ത' ക്ക് മാത്രം വില).
ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.

 ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി  വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക.

ഇത് പ്രകാരം 'കമ' എന്നത്.. ക1 മ5. തിരിച്ചു വായിച്ചാൽ 51. മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന....!!

ഉദാഹരണങ്ങൾ:
കമലം - 351 (ക1 മ5 ല3)
ഭാരതം - 624 (ഭ4 ര2 ത 6)
രഹസ്യം - 182 (ര2 ഹ8 യ1)
രാജ്യരക്ഷ - 6212 (ര2 യ1 ര2 ഷ6)

ഇഗ്ളീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം, കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാന്റെ   ശ്ലോകത്തിലൂടെ കാണൂ... 

"പലഹാരേ പാലു നല്ലൂ
പുലർന്നാലോ കലക്കിലാം
ഇല്ല പാലെന്നു ഗോപാലൻ
ആംഗ്‌ളമാസം ദിനം ക്രമാൽ"

ഇവിടെ...  പല31 ഹാരേ28 പാലു31 നല്ലൂ30
പുലർ31 ന്നാലോ30  കല31 ക്കിലാം31 
ഇല്ല30 പാലെ31 ന്നുഗോ30 പാലൻ31

എത്ര രസകരമായ അവതരണം..!!

കർണ്ണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം...

ഉദാഹരണങ്ങൾ:

കനകാംഗി - ക1 ന0 = ഒന്നാമത്തെ രാഗം
ഖരഹരപ്രിയ - ഖ2 ര2 = 22-)ത്തെ രാഗം
ധീരശങ്കരാഭരണം - ധ9 ര2 = 29)ത്തെ രാഗം
ഹരികാംബോജി - ഹ8 ര2 = 28)ത്തെ രാഗം

കലിവർഷം, കൊല്ലവർഷം, ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക...

"കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം.
കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം"

തരളാംഗം - 3926
ശരജം - 825

കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും.

വിദ്യാരംഭത്തിൽ കുറിക്കുന്ന 'ഹരിശ്രീ ഗണപതയെ നമ' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ  അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം. ('അമ്പത്തൊന്നക്ഷരാളീ......')
ഹരി 28 ശ്രീ 2 ഗ3 ണ5 പ1 ത6 യ1 ന 0 മ5 
28+2+3+5+1+6+1+0+5 = 51

മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ 'നാരായണീയം' അവസാനിപ്പിക്കുന്നത് 'ആയുരാരോഗ്യസൗഖ്യം കൃഷ്ണാ' എന്നു പറഞ്ഞു കൊണ്ടാണ്. ഇതിൽ 'ആയുരാരോഗ്യസൗഖ്യം' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്. ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28. മേൽപ്പത്തൂർ, 'നാരായണീയം' എഴുതി പൂർത്തിയാക്കിയ ദിവസം....

മഹാകവി ഉള്ളൂർ മരിച്ചപ്പോൾ, കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് 'ദിവ്യ തവ വിജയം' എന്നാണ്. (ദ8 യ1 ത6 വ4 വ4 ജ8 യ1)  1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 ആണ് ലഭിക്കുക. ഉള്ളൂരിന്റെ ചരമദിനം......

ഗണിതശാസ്ത്രത്തിലെ ജ്യോതിശാസ്ത്രത്തിലെ ചില കണക്കുകൾ

1. അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360×60

2. അനൂനനൂന്നാനനനുന്നനിത്യം (1000000000000000) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി ചണ്ഡാംശുചന്ദ്രാധമകുംഭിപാല(31415926536) ആയിരിക്കും എന്നു്‌.  പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു.

3. ഭൂമിയുടെ അംഗുലർ വെലോസിറ്റി - 'ഗോപാജ്‌ഞയാ ദിനധാമ' 
ഗ3 പ1 ഞ0 യ1 ദ8 ന0  ധ9 മ5
അതായത് 59 മിനിറ്റ് 08 സെക്കന്റ് 10 ഡെസി സെക്കന്റ് 13 മൈക്രോ സെക്കന്റ് 

നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകൾ തന്ന ആചാര്യരെ പ്രണമിച്ചു കൊള്ളുന്നു....

വാൽക്കഷ്ണം: കടപയാദി സംഖ്യ ഇന്ന് പേറ്റന്റ് ചെയ്‌തിരിക്കുന്നത്‌ അമേരിക്കയിലെ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിക്ക് വേണ്ടിയാണ്. നാസയുടെ ഡിഫൻസ് സിസ്റ്റത്തിൽ ഉപയോഗിക്കുവാൻ...!!!!

No comments:

Post a Comment