അശ്വമേധയാഗം
മാതാവ്, പിതാവ്, ഗുരു ഈ മൂന്ന് ഇനത്തിൽ സകല ഈശ്വരന്മാരും ആവിർഭവിക്കും എന്നു ചിലർ പറയുന്നു. ഇതു പോലെ കർമ്മകാണ്ഡം, ജ്ഞാനകാണ്ഡം ഇവയെ പരസ്പരം യോജിപ്പിക്കൽ - എന്നീ മൂന്ന് ഇനത്തിൽ സകല ശാസ്ത്രങ്ങളും അന്തർഭവിക്കുമെന്ന് മറ്റു ചിലർ പറയുന്നു. ജ്ഞാന-കർമ്മകാണ്ഡങ്ങളുടെ യോജിപ്പിക്കലിനെക്കുറിച്ച് പറഞ്ഞതിന്റെ താത്പര്യം പറയാം. സൂക്ഷ്മവിചാരത്തോടു കൂടി കർമ്മകാണ്ഡത്തെ നോക്കിയാൽ അതിൽ ജ്ഞാനതത്വങ്ങളേയും, ജ്ഞാനകാണ്ഡത്തിൽ നോക്കിയാൽ അതിൽ കർമ്മതത്വങ്ങളേയും കാണാവുന്നതാണ്. യാഗാദിക്രിയകളെ, ഓരോരോ തത്ത്വങ്ങളിലൂടെ കർമ്മകാണ്ഡത്തിലേക്ക് പ്രവേശിക്കേണ്ടതാണ്.
വൈദികക്രിയകളിൽ അശ്വമേധത്തേക്കാൾ വലുപ്പമേറിയ ഒരു ക്രിയ ഇല്ല. അശ്വമേധയാഗം തുടങ്ങുന്നതിന്ന് ഒരു കൊല്ലം മുമ്പ് അശ്വത്തെ വിടുകയും, അത് യഥേഷ്ടം സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ ആരെങ്കിലും ബന്ധിച്ചാൽ അയാളെ ജയിച്ച് അശ്വത്തെ തിരികെ കൊണ്ടുവരികയും ചെയ്യണം. ഒടുവിൽ ഈ അശ്വത്തെ ഹവിസ്സാക്കി ഹോമിക്കുന്നതും അശ്വമേധയാഗത്തിലെ ഒരു പ്രധാനക്രിയയാണ്. ഇന്ദ്രിയജയത്തിന്റെ ഒരു ഭാഗമാണ് ഈ യാഗം. അശ്വമെന്ന പദത്തിന്റെ വൈദികമായ അർത്ഥം എന്താണെന്ന് ആലോചിച്ചാൽ ഇപ്പോൾ പറഞ്ഞത് ഗ്രാഹ്യമാകുമെന്ന് തോന്നുന്നു.
സംഹിതയിൽ ഏതു വേദത്തിൽ നോക്കിയാലും അശ്വത്തെപ്പറ്റി പറയുന്ന മന്ത്രങ്ങളെ ധാരാളം കാണാം. ഇത്തരം മന്ത്രങ്ങളിൽ ചിലവ പ്രഥമദൃഷ്ടിയിൽ ഗൂഢാർത്ഥപ്രതിപാദകങ്ങളാണെന്നുള്ള അഭിപ്രായത്തെ ഉണ്ടാക്കുന്നില്ല. അശ്വപദത്തിന്റെ അർത്ഥം അനിർവ്വചനീയമായ ഒരു ശക്തിയാണെന്നുള്ള ബോധത്തെ മറ്റു ചില മന്ത്രങ്ങൾ ഉണ്ടാക്കുന്നുണ്ട്. രണ്ടാം അഷ്ടകത്തിൽ മൂന്നാം അദ്ധ്യായത്തിലെ അഞ്ചാമത്തെ സൂക്തം നോക്കിയാൽ അശ്വപദത്തിന്റെ അർത്ഥം സാധാരണ കുതിര അല്ലെന്ന് ഏവർക്കും ബോധ്യം വരും. ഉപനിഷത്തുകളിൽ നിന്നുള്ള ഉദാഹരണങ്ങളെ കാണിക്കുന്നു.
"ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി മനഃ പ്രഹ്രഹമേവ ച
ഇന്ദ്രിയാണി ഹയാനാഹുഃ വിഷയാൻ തേഷുഗോചരാൻ
ആത്മേന്ദ്രിയ മനോയുക്തം ഭോക്തേത്യാഹുഃ മനീഷിണഃ"
ആത്മാവിനെ രഥത്തിന്റെ സ്വാമിയായും ബുദ്ധിയെ സാരഥിയായും മനസ്സിനെ കടിഞ്ഞാണായും ഇന്ദ്രിയങ്ങളെ കുതിരകളായും വിഷയങ്ങളെ മാർഗ്ഗങ്ങളായും ശരീരം മുതലായവയിൽ അഭിമാനമുള്ള ജീവാത്മാവിനെ ഇതുകളുടെ ഭോക്താവായും വിദ്വാന്മാർ പറയുന്നു എന്നിങ്ങനെ കഠോപനിഷത്തിൽ അശ്വത്തെ ഇന്ദ്രിയങ്ങളാക്കിത്തീർത്തിരിക്കുന്നു. ബൃഹദാരണ്യകത്തിന്റെ ആരംഭത്തിൽ ഒരു അശ്വവർണ്ണന ഉണ്ട്. പരിശുദ്ധമായ അശ്വത്തിന്റെ ശിരസ്സ് ഉഷസ്സും, ചക്ഷുസ്സ് സൂര്യനും, പ്രാണൻ വായുവും, വായ വൈശ്വാനരാഗ്നിയും, സംവത്സരം ആത്മാവുമാകുന്നു. ഈ അശ്വത്തിന്റെ പൃഷ്ഠഭാഗം ദ്യുർലോകവും, ഉദരം അന്തരീക്ഷവും, പാദം ഭൂമിയും, പാർശ്വഭാഗങ്ങൾ ദിക്കുകളും, വാരിപ്പുറത്തെ എല്ലുകൾ അവാന്തരദിക്കുകളും ആകുന്നു. ഋതുക്കൾ ഇതിന്റെ അംഗങ്ങളും മാസങ്ങളും തിഥികളും സന്ധിസ്ഥാനങ്ങളുമാകുന്നു. ഇങ്ങനെ വർണ്ണിച്ചുപോയി ഒടുവിൽ ഈ അശ്വത്തിന്റെ ഇരിപ്പിടസ്ഥാനവും ബന്ധുവായിട്ടുള്ളതും ആയ വസ്തു, പരബ്രഹ്മം തന്നെയാണെന്നു പറഞ്ഞുകൊണ്ട് ഈ അശ്വവർണ്ണനയെ അവസാനിപ്പിക്കുന്നു. അശ്വമേധയാഗത്തിന്ന് അർഹതയില്ലാത്തവർക്ക് സ്വദേഹത്തെ അശ്വമാക്കി കൽപിച്ച് ഈ അശ്വത്തിനു പറഞ്ഞിട്ടുള്ള ഗുണങ്ങളെ തന്റെ ദേഹത്തിനുണ്ടെന്നു വിചാരിച്ചു ധ്യാനിച്ചാൽ അശ്വമേധയാഗത്തിന്റെ ഫലം കിട്ടുമെന്ന് വ്യാഖ്യാതാക്കന്മാർ പറയുന്നു. തൈത്തിരീയബ്രാഹ്മണത്തിലെ ആധാനപ്രകരണം നോക്കിയാലും അശ്വപദത്തിന്റെ അർത്ഥം വെറും കുതിര അല്ലെന്നു സ്പഷ്ടമാകും. അധികം വിസ്തരിക്കുന്നില്ല. സംഹിത, ബ്രാഹ്മണം, ഉപനിഷത്ത് ഇവയെല്ലാം അശ്വപദത്തിന്റെ അർത്ഥം ഒരു അനിർവ്വചനീയ ശക്തിയാണെന്ന് കാണിക്കുന്നു. എങ്കിലും ഒരു പദമായാൽ അതിന്ന് അർത്ഥക്ണുപ്തി വേണമല്ലൊ. പക്ഷേ, വൈദികപദങ്ങളുടെ അർത്ഥനിർണ്ണയം ബാഹ്യോന്മുഖദൃഷ്ടിക്കാരുടെ ഈശ്വരാകാരനിർണ്ണയം പോലെ ആകുന്നു.
ബാഹ്യേന്ദ്രിയങ്ങളുടെ വിഷയാഭിമുഖമായ പ്രേരണയാകുന്നു, വേദത്തിലെ അശ്വപദത്തിന്റെ അർത്ഥം. അവനവന്റെ വാസനയെ അനുസരിച്ച് അതാതു വിഷയങ്ങളിലേയ്ക്ക് സർവ്വപ്രാണികളേയും പ്രേരിപ്പിക്കുന്നു. ഈ പ്രേരണ എവിടെ നിന്ന് ഉണ്ടാകുന്നു, എങ്ങനെ ഉണ്ടാകുന്നു - ഈ വക ചോദ്യങ്ങൾക്ക് ശരിയായ സമാധാനം ഉണ്ടാകുന്നതല്ല. ബ്രഹ്മത്തിൽനിന്നുണ്ടാകുന്നു; വിദ്യ കൊണ്ട് നിലനിൽക്കുന്നു; ഒടുവിൽ ബ്രഹ്മത്തിൽതന്നെ ലയിക്കുന്നു എന്നിങ്ങനെ ഒരു സമാധാനമല്ലാതെ ഈ പ്രേരണയെപ്പറ്റി യാതൊന്നും പറയുവാൻ സാധിക്കുന്നതല്ല. ഇങ്ങനെയുള്ള പ്രേരണ, അഥവാ, ഈ പ്രേരണാശക്തിയോടുകൂടിയ ഇന്ദ്രിയങ്ങൾ - ഇതാണ് സർവ്വപ്രാണികളിലും ഉള്ള അശ്വം. ഈ അശ്വത്തെ ധർമ്മംകൊണ്ട് അല്ലെങ്കിൽ സാത്വികമനസ്സുകൊണ്ട് ശരിപ്പെടുത്താഞ്ഞാൽ അഹിതങ്ങൾ ഉണ്ടാവുന്നതാണ്. രാജാക്കന്മാരുടെ ഇന്ദ്രിയങ്ങളാകുന്ന അശ്വത്തെ സ്വാധീനപ്പെടുത്താഞ്ഞാൽ പ്രജാപരിപാലനം പക്ഷപാതരഹിതമാവാൻ പ്രയാസമാണ്. ഈ ഇന്ദ്രിയാശ്വത്തെ സ്വാധീനപ്പെടുത്തുക എന്നുള്ളതിനെയാണ് അശ്വത്തെ വിട്ടയച്ച് തിരികെക്കൊണ്ടുവരിക എന്നതുകൊണ്ട് അഭിനയിക്കപ്പെടുന്നത്.
അശ്വത്തെ ആർ ബന്ധിക്കുന്നു, അവരെ ജയിക്കണം. ഇന്ദ്രിയങ്ങളെ ഏതു വിഷയങ്ങൾ ബന്ധിക്കുന്നുവോ ആ വിഷയങ്ങളെ വസ്തുതത്ത്വചിന്തകൊണ്ട് ജയിക്കണം. ഇങ്ങനെ സകല ഇന്ദ്രിയങ്ങളേയും വശ്യമാക്കിയതിന്റെ ശേഷം ജ്ഞാനാഗ്നിയിൽ അവയെ ഹോമിക്കണമെന്നുള്ളതിനെ അശ്വമേധത്തിലെ അശ്വത്തെ ഹോമിക്കുന്നതുകൊണ്ട് അഭിനയിക്കുന്നു. ജിതേന്ദ്രിയനായ രാജാവിന്നല്ലാതെ ധർമ്മപ്രകാരം പ്രജാപരിപാലനം ചെയ്യുവാൻ സാധിക്കുന്നതല്ല. അശ്വമേധം വൈദികക്രിയകളിൽ വെച്ച് ഏറ്റവും മുഖ്യമാകുന്നു. അധർമ്മത്തിന്റെ സ്പർശലേശത്തോടുകൂടാത്ത പ്രജാപരിപാലനം, വ്യാവഹാരികപ്രവൃത്തികളിൽ വെച്ച് ഏറ്റവും പ്രധാനമായിട്ടുള്ളതാണ്.
ഈവിധം യാഗാദിക്രിയകളെ, നോക്കിത്തുടങ്ങിയാൽ വേദം അപൗരുഷേയമാണെന്ന് ബോദ്ധ്യം വന്നുതുടങ്ങും
No comments:
Post a Comment