മന്ത്രത്തെ നമുക്കൊന്നും അടുത്തു പരിചയപ്പെടാം
മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങൾ. മനനാത് ത്രായതേ ഇതിമന്ത്ര എന്നതാണ് പ്രമാണം. മന്ത്രം ഏതെങ്കിലും ഭാഷയിലെ അക്ഷരമോ അക്ഷരങ്ങളുടെ കൂട്ടമോ അല്ല. അത് പരമാത്മാവിന്റെയോ അതിന്റെ ഭാഗമായ ദേവതാ സങ്കല്പങ്ങളുടേയോ ശബ്ദ പ്രതീകമാണ്. അപാരമായ ദേവതാ ശക്തി ഉൾച്ചേർന്നിരിക്കുന്ന അല്ലെങ്കിൽ ദേവതാ ശക്തിയുടെ തന്നെയായ പ്രത്യേക ഘടനയോടുകൂടിയ നാരദരൂപമാണത്.
നാദവിസ്‌ഫോടനത്തിൽ നിന്നാണ് പ്രപഞ്ചത്തിൽ നിരവധി നാദസ്പന്ദനങ്ങൾ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആ നാദസ്പന്ദനങ്ങളുടെയെല്ലാം ഉൾച്ചേരലിലൂടെ സംജാതമാകുന്ന അടിസ്ഥാനശബ്ദത്തെ സാധാരണ മനുഷ്യന് ഗ്രഹിക്കാവുന്നതല്ല. അതീന്ദ്രിയജ്ഞാനത്തിന്റെ ഉത്തുംഗതയിൽ എത്തിച്ചേർന്നിട്ടുള്ള പരമജ്ഞാനികളായ മഹർഷീശ്വരന്മാരുടെ മനസ്സിൽ പ്രസ്തുത പ്രപഞ്ചശബ്ദം വെളിപ്പെട്ടിരുന്നു അതാണ് ഓംകാരം. ഓംകാരത്തിൽ നിന്നാണ് പ്രപഞ്ചസൃഷ്ടിയുണ്ടായത്. അ ഉ മ (അകാരം, ഉകാരം, മകാരം) എന്നീ ശബ്ദങ്ങളുടെ സംഘാതമാണ് ഓം. ഇത് ഏകവും അദ്വിതീയവുമായ പരബ്രഹ്‌മത്തിന്റെ പ്രതീകമാണ്. ബ്രഹ്‌മപ്രാപ്തിക്കുള്ള വിവിധ ഉപാസനകളിൽ പ്രണവോപാസനമാണ് ഏറ്റവും മുഖ്യം. മന്ത്രങ്ങളുടെയെല്ലാം അടിസ്ഥാനം പ്രണവമാണ്. ആകെ ഏഴുകോടി മന്ത്രങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. എല്ലാ മന്ത്രങ്ങളും ഓംകാരപൂർവ്വമാണ്. മഹാപുണ്യമായ ഓംകാരം ത്രിസന്ധ്യകളിലും ജപിക്കണമെന്ന് ആചാര്യന്മാർ ഉത്‌ഘോഷിക്കുന്നു.
ജപം
മനസ്സിനെ ഏകാഗ്രമാക്കി അതിനെ ഈശ്വര സങ്കല്പത്തിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള അഭ്യാസമാണ് ജപം. നാമജപമായാലും മന്ത്രജപമായാലും ജപത്തിന്റെ ഉദ്ദേശം അതുതന്നെ. നിരന്തരം തുടരുന്ന ജപം ക്രമേണ മനസ്സിനെ ഏകാഗ്രമാക്കും. ആ ഏകാഗ്രത കൈവരുന്നതോടെ മനസ്സ് ഈശ്വരനിൽ അഥവാ ഇഷ്ടദേവതയിൽ ഉറച്ചുനിൽക്കുന്നു. നാമവും, രൂപവും തമ്മിൽ വേർപ്പെടുത്താൻ കഴിയാത്തവിധം ഒന്നിച്ചവയാണ്.
ധ്യാനം
നാമം കൂടാതെ രൂപത്തേയും, രൂപം കൂടാതെ നാമത്തേയും നമുക്ക് മനസ്സിൽ കൊണ്ടുവരാൻ കഴിയില്ല. അതുപോലെ ഈശ്വരന്റെ നാമവും രൂപവും നമ്മുടെ മനസ്സിൽ തെളിയുന്നു. ആ രൂപത്തെ മനസ്സിൽ സ്മരിക്കുന്നതാണ് ധ്യാനം. അതു കൊണ്ടു തന്നെ ജപവും ധ്യാനവും ഒരേ സമയം നടക്കുന്ന രണ്ടു പ്രക്രിയകളാണ്.
ഗുരു
മന്ത്രങ്ങൾ ശിഷ്യന് ഗുരുമുഖത്തുനിന്നും ഉപദേശരൂപേണ ലഭിച്ചെങ്കിൽ മാത്രമേ അതിന് ചൈതന്യമുണ്ടാവുകയുള്ളൂ.
ഗുരുപാർശ്വം ഗമിക്കാതെ വിദ്യയൊന്നുമേ
പൂർണ്ണമാകാ പൂർണ്ണമാകിൽ അതു
നീചനാരി തൻ ഗദ പോലവാ
ഗുരു ബ്രഹ്‌മ ഗുരു വിഷ്ണു, ഗുരു ദേവോ മഹേശ്വരഃ
ഗുരുസാക്ഷാൽ പരബ്രഹ്‌മ തസ്‌മൈ ശ്രീ ഗുരുവേ നമഃ
ഗുരു ഈശ്വരൻ, ബ്രഹ്‌മൻ, സത്യം, പ്രണവം എന്നിവ ഒന്നുതന്നെ അഥവാ ഒന്നുപോലെ മഹനീയം എന്നതാണ് ഹൈന്ദവസങ്കല്പം. പണ്ട് ഗുരുകുലത്തിൽ ശിഷ്യന്മാർ ചെന്ന് താമസിച്ച് വിദ്യകൾ ഓരോന്നായി പഠിച്ചിരുന്നു. ഇന്ന് കാലം മാറി ഗതി മാറി. ഗുരുകുല വിദ്യാഭ്യാസത്തിന് സാഹചര്യങ്ങൾ ഇല്ലാതെയായി. പള്ളിക്കൂടങ്ങളും കോളേജുകളും അവയുടെ സ്ഥാനങ്ങൾ ഏറ്റെടുത്തു. ഗുരു ശിഷ്യബന്ധം അറ്റുപോയ ലക്ഷണങ്ങൾ എല്ലായിടത്തും കാണാം. ഒരു ഉത്തമനായ ഗുരുവിൽ നിന്ന് മന്ത്രോപദേശം സ്വീകരിച്ചു വേണം നാം മന്ത്രജപം ആരംഭിക്കുവാൻ. ഇതാണ് മന്ത്രദീക്ഷ എന്നറിയപ്പെടുന്നത്.
മഞ്ഞപ്പൂക്കൾ കൊണ്ടാണ് ഗുരുപൂജ നടത്തേണ്ടത്. തൈര് ചേർത്ത് നിവേദ്യം തയ്യാറാക്കുന്നു. ജന്മ നക്ഷത്രദിവസം, വ്യാഴാഴ്‌ചകൾ എന്നിവയിൽ ഗുരുപൂജ നടത്താം. വ്യാഴദശ, വ്യാഴപഹാരം എന്നിവ തുടങ്ങുന്ന ദിവസവും, ചാരവശാൽ വ്യാഴം അനിഷ്ടരാശിയിൽ പ്രവേശിക്കുന്ന ദിവസവും ഗുരുപൂജ നടത്തുക.
പുസ്തകങ്ങളിൽ കാണുന്ന മന്ത്രങ്ങൾ അതുപോലെ ജപിച്ചതുകൊണ്ട് ഫലമുണ്ടാകുന്നില്ല. ഒരു ഗുരുനാഥനിൽ നിന്ന് ഉപദേശമായി ലഭിക്കുമ്പോൾ മാത്രമേ ഏതു മന്ത്രവും ജൈവമാകുന്നുള്ളൂ. ഒരു ജീവിയിൽ നിന്നു മാത്രമേ മറ്റൊരു ജീവി ജനിക്കുന്നുള്ളൂ എന്ന ശാസ്ത്ര സത്യം ഇവിടെ പ്രസക്തമാണ്. സാധനയിലൂടെ സിദ്ധി കൈവന്ന ഒരു ഉത്തമ സാധകൻ മന്ത്രത്തിന്റെ സൂക്ഷ്മ കണികയെ ശിഷ്യനിൽ നിക്ഷേപിക്കുമ്പോൾ മാത്രമേ ആ കണിക ജൈവമാകുന്നുള്ളൂ. ആ ജൈവകണികയെ മാത്രമേ ശിഷ്യനും സാധനയിലൂടെ വളർത്തിക്കൊണ്ടുവരാൻ കഴിയൂ. പുസ്തകത്തിൽ നോക്കി മന്ത്ര സിദ്ധി വരുത്താമെന്ന് പറയുന്നത് അച്ഛനില്ലാതെ സന്തതിയുണ്ടാവുമെന്നും വിത്തു വിതയ്‌ക്കാതെ കൃഷി ചെയ്യാമെന്നും പറയുന്നതുപോലെയാണ്.
ഗുരുവിന്റെ ലക്ഷണങ്ങൾ
ദീക്ഷദാനം ചെയ്യുവാൻ യോഗ്യനായ ഗുരുവിന്റെ ലക്ഷണങ്ങൾ മന്ത്രശാസ്ത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ഉപദേശിച്ചതു കൊണ്ടു മാത്രം ഒരുവനും ഗുരുവാകുന്നില്ല. ഇന്ദ്രീയജയം നേടിയവനും, സത്യവാദിയും, ദയാലുവും, ശിഷ്യന്റെ സംശയങ്ങൾ ദൂരീകരിക്കാൻ കഴിവുള്ളവനും, ശാന്തചിത്തനും, വൈദിക ക്രിയകളിൽ സമർത്ഥനും, മന്ത്രസിദ്ധി നേടിയവനും, നിത്യകർമ്മങ്ങൾ അനുഷ്‌ഠിക്കുന്നവനും, ആരോഹിയും, സ്വസ്ഥലത്തുതന്നെ വസിക്കുന്നവനും, ആയിരിക്കണം ഗുരു.
ശിഷ്യന്റെ ലക്ഷണങ്ങൾ
ശിഷ്യനും ചില ഗുണങ്ങൾ വേണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. അതിൽ ഗുരുഭക്തി തന്നെ ഏറ്റവും മുഖ്യം. ഗുരു ഈശ്വരൻ തന്നെയാണെന്നും ഗുരുവിന്റെ ഉപദേശം വേദവാക്യം പോലെയാണെന്നും ഗുരുകടാക്ഷം കൊണ്ട് തനിക്ക് സമസ്തവും സിദ്ധിക്കുമെന്നും പൂർണ്ണവിശ്വാസം ശിഷ്യനും വേണം. ഗുരുവിൽ ശിഷ്യനുള്ള പൂർണ്ണവിശ്വാസം മന്ത്രോപാസനയുടെ ഫലസിദ്ധിക്ക് അനിവാര്യമാണ്. ആ വിശ്വാസത്തിന് ഇളക്കം തട്ടുന്നത് അപകടവുമാണ്. അച്ചടക്കം, വിനയം, ഈശ്വരവിശ്വാസം, ഗുരുശുശ്രൂഷ, മാതാപിതാക്കളിൽ ഭക്തി ആദിയായവയും ശിഷ്യനിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ്.
ദീക്ഷകൾ മൂന്നതരത്തിലുണ്ട്.
1. മാന്ത്രികദീക്ഷ
2. ശാക്തിദീക്ഷ
3. ശാംബവീദീക്ഷ.
ജപം മനസ്സിനെ പരിശുദ്ധമാക്കും.
ജപം പാപത്തെ നശിപ്പിക്കും.
ജപം കുണ്ഡലിനി ശക്തിയെ ഉണർത്തും.
ജപം വ്യക്തിയെ ഭയവിമുക്തനും സ്നേഹസമ്പന്നനും ആക്കുന്നു.
ജപം സംസ്‌കാരം വളർത്തും.
മനഃശുദ്ധി, ഏകാഗ്രത, ശ്രദ്ധ, ഭക്തി, ദാഹം, വിശ്വാസം, ഇവയോടുകൂടി ജപവും, മന്ത്രവും, ധ്യാനവും ചെയ്താൽ വ്യക്തിയുടെ ജന്മാന്തരങ്ങളിലെ പാപം നശിച്ച് മോക്ഷത്തിനുള്ള വഴി ഉണ്ടാകും.
പഥ്യമായി മൂന്നുകോടി നാമം ജപിച്ചാൽ നമ്മുടെ കൈയ്യിലുള്ള രേഖകൾ മാറി വരുന്നതായി കാണാം. ജാതകത്തിൽ ലഗ്നം, ധനം തുടങ്ങി 12 ഭാവങ്ങളാണുള്ളത്. ഈ ദ്വാദശഭാവങ്ങൾക്കും നാമജപം കൊണ്ട് ശുദ്ധിവരുന്നതാണ്. പഥ്യാചരണത്തോടെ മൂന്നുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്ര്യമുണ്ടാകുന്നതല്ല. ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും. കല്ലും മുള്ളും നിറഞ്ഞ ഒരു പാതയിൽകൂടി നടക്കുന്ന പഥികന് പാദരക്ഷകൾ ആശ്വാസം നൽകുന്നതുപോലെ നാമജപം ജീവിതയാത്രയിൽ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളിൽ നിന്നും ഒരു കവചം പോലെ ശാന്തി നൽകുന്നു. അതുപോലെ മനസ്സിന് ശുദ്ധി നൽകുന്നതിന് നാമജപം പോലെ ഫലപ്രദമായ മറ്റൊരു മാർഗ്ഗമില്ല. യജ്ഞം, ദാനം, പൂജ തുടങ്ങിയവ അനുഷ്‌ഠിച്ചാൽ നമ്മുടെ പുണ്യം വർദ്ധിക്കുന്നു. എന്നാൽ പാപം ചെയ്യാതിരിക്കുക എന്നത് പുണ്യകർമ്മങ്ങൾ അനുഷഠിക്കുന്നതിനേക്കാൾ ശ്രമകരമാണ്.
മന്ത്രം
ഏത് മന്ത്രത്തിനും ഋഷി, ദേവതാ, ഛന്ദസ് എന്നിവയുണ്ട്.
മന്ത്രം ആദ്യമായി ദർശിച്ച ഗുരുവാണ് ഋഷി.
മന്ത്രത്തിലൂടെ ഭജിക്കപ്പെടുന്നത് ഏതു ശക്തിയാണോ അതു ദേവത
ഉച്ചാരണരീതി വ്യക്തമാക്കുന്നത് ഛന്ദസ്.
ബീജാക്ഷരങ്ങൾ
ഇത് ദേവതാശക്തി നിറഞ്ഞുനിൽക്കുന്ന സൂക്ഷ്മമായ ശബ്ദകണികകളാണ്. ഓരോ ദേവതയ്‌ക്കും പ്രത്യേകം ബീജാക്ഷരങ്ങളുണ്ട്. ഈ അക്ഷരങ്ങളെ ഒരു വിത്തിനോടുപമിക്കാം. ഉപാസനയിലൂടെ വിത്തിലെ ദേവതാശക്തി വളർന്നുവരുന്നു. ഈ ബീജാക്ഷരങ്ങൾ മന്ത്രത്തിന് പ്രത്യേകശക്തി പ്രദാനം ചെയുന്നു.
ചില പ്രധാന ബീജാക്ഷരങ്ങളും അവയുടെ അർത്ഥവും ചുവടെ ചേർക്കുന്നു.
ഓം - പ്രണവം, പരബ്രഹ്‌മപ്രതീകം
ശ്രീം - ഐശ്വര്യം, മഹാലക്ഷ്മിയെ കുറിക്കുന്നു
ഹ്രീം - ലജ്ജ, ശാലീനത, മഹാമായയുടേയും ഭുവനേശ്വരിയുടേയും പ്രതീകം, ശക്തിബീജം
ഹ - ശിവൻ
ഇം - വിഷ്ണു
ക്ലിം - കാമബീജം, പ്രേമം, ഭോഗം, അനുഭൂതി
ഐം - സരസ്വതിയുടെ ബീജമന്ത്രം
ഹും - സംസാര സാഗരം തരണം ചെയ്യൽ
ക്രം - ആത്മസമർപ്പണം
ഗം - ഗണേശബീജം
ദും - ദുർഗ്ഗാബീജം
ഹം - ഹനുമാൻ, ആകാശബീജം
ഇഷ്ടദേവത
ലഗ്നാധിപൻ അഞ്ചിൽ അഞ്ചാം ഭാവാധിപനോടൊപ്പം നിൽക്കുന്നുവെന്ന് കരുതുക. ഒൻപതാം ഭാവാധിപൻ, ഒൻപതിൽ നിൽക്കുന്ന ഗ്രഹം എന്നിവയേക്കാൾ ബലം അഞ്ചാം ഭാവാധിപന് ഉണ്ടെന്നു കരുതുക. അപ്പോൾ അഞ്ചാം ഭാവാധിപനു വിധിച്ചിട്ടുള്ള ദേവതായായിരിക്കും ആ വ്യക്തിയുടെ ഇഷ്ടദേവത. കഴിഞ്ഞ ജന്മത്തിൽ ഒരു വ്യക്തി ഉപാസിച്ചിരുന്ന ദേവതാ സങ്കല്പങ്ങൾ സംസ്‌കാര രൂപത്തിൽ നമ്മുടെ ഉപബോധ മനസിൽ ഉണ്ടാവുമെന്ന് ഒരു സിദ്ധാന്തമുണ്ട്. ആ ദേവതാ സങ്കല്പത്തോട് ഈ ജന്മത്തിൽ നമുക്ക് ഒരു ചായ്‌വും ഉണ്ടാവും.
സതയാ ശ്രദ്ധയായുക്താഃ തസ്യാ രാധമിഹിതേ
ലഭതേ പതനഃ കാമാൻ മയൈവ വിഹിതാൻ ഹിതാർ (ഗീത...)
മന്ത്രജപം വഴി പരമാത്മാവിനെ സാക്ഷാത്‌കരിക്കാമെന്നന്ന് മന്ത്രയോഗത്തിൽ പറയുന്നു.
ഇതിൽ 16 അംഗങ്ങൾ ഉണ്ട്.
(1) ഭക്തി
(2) ശുദ്ധി
(3) ആസനം
(4) പഞ്ചാംഗസേവനം (ഇഷ്ടസേവ)
(5) സഷസ്രനാമം
(6) സ്തവം
(7) കവച
(8) ഹൃദയന്വാസം
(9) ആചാരം
(10) ധാരണ
(11) ദിവദേശസേവനം
(12) പ്രാണക്രിയ
(13) മുദ്ര
(14) ജയം
(15) ധ്യാനം
(16) സമാധി.
ബ്രഹ്‌മാണ്‌ഢത്തിലെ ഓരോ അണുവും പരസ്പരം മന്ത്രത്താൽ ബന്ധിതമായിരിക്കുന്നു. ജീവിതത്തിലെ ഓരോ പ്രത്യേകസ്പന്ദനവും മന്ത്രനിബന്ധമാണ്. ജീവസംബന്ധിയായ എത്ര ചെറിയ കാര്യമായാലും അതിന് മന്ത്രബന്ധമുണ്ട്.
മന്ത്രജപം രണ്ടുതരത്തിലുണ്ട്.
ഉറക്കെ ആളുകൾ കേൾക്കത്തക്കവിധത്തിലും, നിശബ്ദമായി ആരും കേൾക്കാതെ മന്ദമായും. മന്ത്രത്തിലെ അടിസ്ഥാനഘടകങ്ങൾ അക്ഷരവും ലയവുമാണ്. ശാരദാ തിലകം, പ്രപഞ്ചസാരം തുടങ്ങിയ മന്ത്ര ശാസ്ര്തഗ്രന്ഥങ്ങളിൽ ഓരോ അക്ഷരത്തിനും പ്രത്യേകം ആകൃതിയും ശക്തിയും കൽപ്പിച്ചിട്ടുണ്ട്.
ഉദാഹരണമായി
അ - എട്ടു കൈ, സ്വർണ്ണനിറം, നാലു മുഖം, കൂർമ്മ വാഹനം
ഇ - മഞ്ഞനിറം, കമലാസനം, പാശഹസ്തം, ഗജവാഹനം
ഇങ്ങനെ ഓരോ സ്വരാക്ഷരത്തിനും ഓരോ വ്യഞ്ജനാക്ഷരത്തിനും പ്രത്യേകം രൂപഭാവാദികൾ കൽപ്പിച്ചിട്ടുണ്ട്. - (ശാരദാതിലകം)
ഇതുപോലെ ഓരോ അക്ഷരത്തിനും ഓരോ ബീജം അടങ്ങിയിരിക്കുന്നതായിക്കാണാം.
അ - മൃത്യുബീജം
ഇ - ആകർഷണബീജം
ഉ - പുഷ്ടി ബീജം
ഗ - ഗണപതിബീജം
മന്ത്രോച്ചാരണം കൊണ്ട് സ്പന്ദനം ഉണ്ടാകും. ശബ്ദത്തിനേക്കാളും വേഗത്തിൽ പറക്കുന്ന വിമാനത്തിന്റെ തരംഗങ്ങളെക്കൊണ്ട് കെട്ടിടം ഇടിഞ്ഞു വീഴുന്നതു പോലെ മന്ത്രങ്ങളിൽ ശക്തി അന്തർലീനമായിരിക്കുന്നു.
സൂര്യനെക്കുറിച്ചുള്ള മന്ത്രം ജപിക്കുമ്പോൾ ആ മന്ത്ര ധ്വനി സൂര്യലോകത്തിൽ ചെല്ലുകയും അവിടെനിന്ന് സൂര്യന്റെ ശക്തി തേജസ്സ് വർദ്ധിച്ച് ഇവയുമായി തിരിച്ചുവന്ന് സാധകന്റെ ശരീരത്തെ സ്പർശിക്കുമ്പോൾ സാധകന് ആ ഗുണങ്ങൾ ലഭിക്കുന്നു. മന്ത്രങ്ങൾ മനുഷ്യന്റെ അന്തചേതനയുമായി ചേർന്ന് ലോകം മുഴുവൻ വ്യാപിക്കുന്നു. മന്ത്രത്തിന് ശക്ത സാധകനിൽ നിന്നുതന്നെയാണ് ലഭിക്കുന്നത്. അതിദൂരെയുള്ള കാര്യങ്ങൾപ്പോലും അവർക്ക് ദൃഷ്ടി ഗോചരമാകുന്നു.
മനുഷ്യനിൽ നിർലീനമായിരിക്കുന്ന ഈ ആന്തരീക ശക്തിയെ യോഗികൾ യമനിയമാസന പ്രാണായാമ പ്രത്യാഹാര ധാരണാ ധ്യാനസമാഘികളെന്ന അഷ്ടാംഗ യോഗങ്ങളെക്കൊണ്ട് വികസിപ്പിച്ചെടുക്കുന്നു.
അഷ്ടാംഗയോഗം
മന്ത്ര സാധനയ്‌ക്കു യോഗശാസ്ര്തത്തിൽ പലവിധയോഗങ്ങളെ പറയുന്നു.
(1) യമം
(2) നിയമം
(3) ആസനം
(4) പ്രാണായാമം
(5) പ്രത്യാഹാരം
(6) ധാരണ
(7) ധ്യാനം
(8) സമാധി
ഓരോ മന്ത്രത്തിനും ഓരോ അനുഷ്‌ഠാന ദേവതയുണ്ട്.
(1) രുദ്രൻ
(2) മംഗളൻ
(3) ഗരുഢൻ
(4) ഗന്ധർവ്വൻ
(5) യക്ഷൻ
(6) രക്ഷസ്
(7) ഭുജംഗം
(8) കീരലം
(9) പിശാചൻ
(10) ഭൂതം
(11) ദൈത്യൻ
(12) ഇന്ദ്രൻ
(13) സിദ്ധൻ
(14) വിദ്യാധരൻ
(16) അസുരൻ
മന്ത്രത്തിൽ അടങ്ങുന്ന അക്ഷരങ്ങളുടെ സംഖ്യയനുസരിച്ച് മന്ത്രങ്ങൾക്ക് പേരുകൾ നൽകുന്നു. ഏകാക്ഷരി, ദ്വയാക്ഷരി, ത്രയാക്ഷരി, തുടങ്ങി 16 അക്ഷരങ്ങൾ വരെയുള്ള (ഷോഢ ശാക്ഷരി) മന്ത്രങ്ങളുണ്ട്. അവയുടെ പേരുകൾ ചുവടെ ചേർക്കുന്നു.
കർത്തരി (ഒരു അക്ഷരം)
സൂചി (രണ്ടക്ഷരം)
പ്രമുദ്‌ഗരം (മൂന്നക്ഷരം)
മുസലം (നാലക്ഷരം)
ക്രൂരം (അഞ്ചക്ഷരം)
ശൃംഖലം (ആറക്ഷരം)
ക്രകചം (ഏഴക്ഷരം)
ശൂലം (എട്ടക്ഷരം)
വജ്രം (ഒൻപത് അക്ഷരം)
ശാന്തി (പത്ത് അക്ഷരം)
പരശു (പതിനൊന്ന് അക്ഷരം)
ചക്രം (പന്ത്രണ്ട് അക്ഷരം)
കുലിശം (പതിമൂന്ന് അക്ഷരം)
നാരായം (പതിനാല് അക്ഷരം)
ഭൂശൂണി (പതിനഞ്ച് അക്ഷരം)
പത്മം (പതിനാറ് അക്ഷരം)
മന്ത്രങ്ങളിൽ ധ്വനി ചില മന്ത്രങ്ങളിൽ അവസാനത്തിൽ ചില പ്രത്യേക ധ്വനികൾ ചേർക്കാറുണ്ട്. ഇവയാണ് ഹും, ഫട്, ഹുംഫട്, വൗഷട്, സ്വാഹാ നമഃ സ്വധാ, വഷ്ട്.
ഹും - ഉച്ചാടന വിദ്വേഷണ ആകർഷണ മന്ത്രങ്ങളിൽ
ഫട് - ഛേദന കാര്യങ്ങളിൽ, മാരണ കാര്യങ്ങളിൽ
ഹുംഫട് - ഗൃഹശാന്തി അനിഷ്ട നിവാണത്തിൽ
വൗഷ്ട് - പുഷ്ടികാര്യ മന്ത്രതന്ത്രങ്ങളിൽ
സ്വാഹാനമഃ - യാഗാദി കാര്യങ്ങളിലും ശാന്തി കാര്യങ്ങളിലും പൂജാദി കാര്യങ്ങളിലും
വഷ്ട് - വിദ്വേഷണകാര്യങ്ങളിൽ
മന്ത്രസിദ്ധി
5-ാം ഭാവം, ജപം കൊണ്ട് ലഭിക്കുന്നത് പ്രധാനമായും 8 സിദ്ധികളാണ്.
(1) അണിമാ
(2) മഹിമാ
(3) ഗരിമാ
(4) ലഘിമാ
(5) പ്രാപ്തി
(6) പ്രാകാമ്യം
(7) ഈശിത്വം
(8) വഗിതം
എന്നിവയാണ് അഷ്ടസിദ്ധികൾ.
ഇതു കൂടാതെ ചില ചെറിയ സിദ്ധികൾ കൂടി മന്ത്രപ്രയോഗ ഫലമായിട്ടു ലഭിക്കുന്നു.
01. അന്തർയാമി - വിശപ്പ്, ദാഹം, മോഹം, ജര, മൃത്യു ഇവയിൽ നിന്നും മോചനം
02. ദൂരശ്രവണസിദ്ധി - ദൂരെ നടക്കുന്ന കാര്യങ്ങൾ കേൾക്കാനുള്ള ശക്തി.
03. ദൂരദർശന സിദ്ധി - ഒരു സ്ഥലത്ത് ഇരുന്നുകൊണ്ട് ദൂരത്തെവിടെയും നടക്കുന്ന കാര്യങ്ങളെ കാണാനുള്ള കഴിവ്.
04. മനോജവ സിദ്ധി - മനസ്സുകൊണ്ട് ഏതു സ്ഥലത്തും എത്താനുള്ള കഴിവ്.
05. കാളരൂപ സിദ്ധി - ഏതു രൂപവും ധരിക്കാനുള്ള കഴിവ്.
06. പരകായ പ്രവേശം - സ്വന്തം ശരീരം വിട്ട് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കാനുള്ള കഴിവ്.
07. സ്വഛന്ദ മരണം - എപ്പോൾ വേണമോ അപ്പോൾ മരിക്കാനുള്ള കഴിവ്
08. ദേവീക്രീഢാനു ഭരിതന - ദേവലോകത്തിൽ നടക്കുന്ന സംഗതികളെ കാണാനുള്ള കഴിവ്
09. യഥാസങ്കല്പസിദ്ധി - മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനിക്കുന്ന കാര്യങ്ങൾ അപ്പാടെ നടക്കുക
10. അപ്രതിഹതഗതി - ഒരു സ്ഥലത്തും തടസ്സമില്ലാതെ പോകൽ.
11. ത്രികാലജ്ഞാനം - ഭൂത - വർത്തമാന-ഭാവി കാലങ്ങളെക്കുറിച്ചുള്ള അറിവ്
12. അനദ്വന്ദ്വതാ - തനിക്കു ചുറ്റും ഋതുഭേദങ്ങളെ ഇല്ലായ്മ ചെയ്യുക.
13. പരിചിത്താഭിജ്ഞതാ - മറ്റുള്ളവർ മനസ്സിൽ എന്തു വിചാരിക്കുന്നു എന്നതറിയാനുള്ള കഴിവ്
14. പ്രതിഷ്‌ഠാഭം - ശരീരത്തിൽ അഗ്നി, വിഷം തുടങ്ങിയവയെക്കൊണ്ട് ഒരു മാറ്റവും സംഭവിക്കാതിരിക്കുക.
15. അപരാജയം - വാദങ്ങളിലും കേസുകളിലും മറ്റും തോൽക്കാതിരിക്കുക.
ശക്തിപാതം
ഗുരുവിന്റെ ശക്തി ശിഷ്യനിൽ നേരിട്ടു നൽകുക. ദീക്ഷ മൂന്നു തരത്തിലുണ്ട്.
(1) സ്പർശദീക്ഷ
(2) ദൃഗ്‌ദീക്ഷ
(3) ധ്യാനദീക്ഷ.
ഗുരുസ്പർശനത്തിലൂടെ നൽകുന്നത് സ്പർശദീക്ഷ.
ശിഷ്യന് ദീക്ഷ നൽകുന്നത് ദൃഗ്‌ദീക്ഷ.
ഗുരു സ്വയം ധ്യാനത്തിൽ കൂടി ശിഷ്യന് ദീക്ഷ നൽകുന്നത് ധ്യാനദീക്ഷ.
ജ്യോതിഷത്തിൽ ജാ?തകത്തിലെ 5, 9 ഭാവങ്ങളെക്കൊണ്ട് മന്ത്രസിദ്ധിയെപ്പറ്റി ചിന്തിക്കുന്നു.
01. ജാതകത്തിൽ ഗുരു കുജൻ, ബുധൻ ഇവർ യോഗം ചേർന്നു നിൽക്കുകയോ ദൃഷ്ടി ചെയ്യുകയോ ചെയ്താൽ ജാതകന് മന്ത്രസിദ്ധിയുണ്ടാവും.
02. ഗുരുവും ബുധനും 9ൽ നിന്നാൽ ബ്രഹ്‌മസാക്ഷാത്‌കാരം ഉണ്ടാവും.
03. സൂര്യൻ ഉച്ചനായി ലഗ്നാധിപതിയുമായി യോഗം ചെയ്താൽ സാധകനായിത്തീരും.
04. വ്യാഴം ലഗ്നത്തെ വീക്ഷിക്കുകയോ ലഗ്നാധിപനെ വീക്ഷിക്കുകയോ ചെയ്താൽ മന്ത്രസിദ്ധി കൈവരും.
05. പത്താം ഭാവാധിപൻ 10ൽ നിന്നാൽ ജാതകൻ സാധകനാകും.
06. പത്താം ഭാവാധിപതി ശനിയുമായി യോഗം ചെയ്താൽ ജാതകൻ സാധകനായിരിക്കും.
07. ശനി പത്താം ഭാവത്തിൽ ഉച്ചനായി നിന്നാൽ ജാതകൻ അത്ഭുത മന്ത്രങ്ങൾ സാധന ചെയ്യുന്നവനായിരിക്കും.
08. രാഹു 8ൽ നിന്നാൽ ജാതകൻ അത്ഭുത മന്ത്രങ്ങൾ സാധന ചെയ്യുന്നവനാകും.
09. 5ൽ സൂര്യൻ അഥവാ 5ലേയ്‌ക്ക് സൂര്യന്റെ ദൃഷ്ടി വന്നാൽ ജാതകൻ ശക്തി ഉപാസകനായിരിക്കും.
10. 5ലും 9ലും ശുഭഗ്രഹങ്ങൾ നിന്നാൽ ജാതകൻ സഗുണോപാസകനായിത്തീരും.
11. പത്താം ഭാവാധിപതി ശുക്രനുമായിട്ടോ ചന്ദ്രനുമായിട്ടോ ബന്ധപ്പെട്ടാൽ ജാതകൻ മറ്റുള്ളവരുടെ സഹായത്താൽ സാധകനായിത്തീരും.
12. കുജൻ 9ൽ നിൽക്കുകയോ 9-ാംഭാവത്തെ നോക്കുകയോ ചെയ്താൽ ശിവാരാധനയിൽ സാഫല്യം ലഭിക്കും.
13. ശനി 9ൽ നിന്നാൽ ജാതകൻ സന്യാസിയാവും. ശനി നിൽക്കുന്നത് ഉച്ചനിലോ, സ്വക്ഷേത്രത്തിലോ ആയാൽ വാർദ്ധക്യത്തിൽ വിശ്വപ്രസിദ്ധ സന്യാസിയാകും.
14. സൂര്യൻ ഉച്ചത്തിലായാൽ ജാതകൻ സന്യാസിയാകും.
15. ചന്ദ്രൻ ജാതകനിൽ ബലവാനായി അഞ്ചിൽ തമോഗുണപ്രധാനിയായി ഉപാസന നടത്തും.
16. ചൊവ്വ ബലവാനായി അഞ്ചിൽ സുബ്രഹ്‌മണ്യ ഉപാസന ചെയ്യും.
17. ബുധൻ ബലവാനായി അഞ്ചിൽ തന്ത്രസാധനയിൽ വിജയം നേടും.
18. വ്യാഴം ബലവാനായി അഞ്ചിൽ നിന്നാൽ സാക്ര ഉപാസനയിൽ സിദ്ധനാകും.
19. ശുക്രൻ ബലവാനായി 5ലോ 9ലോ ലഗ്നത്തിലോ നിന്നാൽ മന്ത്രസാധന പൂർണ്ണമാകും.
20. ശനി ബലവാനായി 5ലോ 9ലോ നിന്നാൽ സാധകൻ എന്ന പേരിൽ പ്രശസ്തിനേടും.
21. ചന്ദ്രൻ ബലവാനായി 9ൽ വരുകയും ചന്ദ്രനെ ഒരു ഗ്രഹവും ദൃഷ്ടി ചെയ്യാതിരിക്കുകയും ചെയ്താൽ ജാതകൻ സാധകനായിത്തീരും.
22. പത്താം ഭാവത്തിൽ 3 ഗ്രഹങ്ങൾ ബലവാൻമാരായിരിക്കുകയും അതിൽ ഉച്ച ഗ്രഹങ്ങൾ വരുകയും ചെയ്താൽ മന്ത്രസിദ്ധി ലഭിക്കും.
23. ലഗ്നത്തേയോ ചന്ദ്രനേയോ ശനി ദൃഷ്ടി ചെയ്താൽ ജാതകൻ നല്ല സാധകനായിത്തീരും.
24. പത്താം ഭാവാധിപതി 7ൽ നിന്നാൽ സാധകൻ മന്ത്രത്തിൽ വിജയം.
25. ലഗ്നം ധനുരാശിയായി ജനിക്കുകയും ലഗ്നാധിപൻ വ്യാഴം പഞ്ചമഭാവത്തിലായും പഞ്ചനാധിപൻ മകരം രാശിയിൽ (ധന സ്ഥാനത്ത്) നിന്നാൽ ജാതകൻ മന്ത്രസിദ്ധിയുള്ള സാധകനായിത്തീരും.
26. ലഗ്നം ധനു രാശിയായി വരുകയും 9-ാം ഭാവാധിപൻ രവി 10-ാം ഭാവാധിപനായ ബുധനോട് ചേർന്ന് കന്നിരാശിയിൽ (ബുധൻ ഉച്ചത്തിൽ) വ്യാഴദൃഷ്ടി ലഭിക്കുകയും ചെയ്താൽ ജാതകന് സാധനയിൽ വിജയം ലഭിക്കും.
27. ബലവാനായ 9-ാം ഭാവാധിപതി ഗുരുവായോ, ശുക്രനുമായോ യോഗം ചെയ്താൽ നല്ല സാധകനായി ഭവിക്കും.
28. ചന്ദ്രൻ ഇടവത്തിൽ ഗുരുശുക്രയോഗത്തോടുകൂടി കേന്ദ്രത്തിൽ നിന്നാൽ ജാതകൻ നല്ല സാധകനായിത്തീരും.
29. ലഗ്നാധിപതി 10-ാം ഭാവാധിപതിയുമായി പരസ്പരപരിവർത്തനം ചെയ്തുനിന്നാൽ നല്ല സാധകനായിത്തീരും.
No comments:
Post a Comment