ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 January 2024

പ്രണവം (ഓം)

പ്രണവം (ഓം)

അജ്ഞാതമായ ദിവ്യലോകങ്ങളുമായി ബന്ധപ്പെടുത്തുന്ന ധ്വനിയെ "മന്ത്രം" എന്നുപറയുന്നു. മന്ത്രങ്ങളില്‍ ശ്രേഷ്ഠമായവ സര്‍വ്വേശ്വരനാമ മന്ത്രങ്ങളാണ്. ഈശ്വരനാമത്തില്‍ ഏറ്റവും ഉത്കൃഷ്ടമായത് ആദിശബ്ദമായി അറിയപ്പെടുന്ന "ഓംകാരം" അല്ലെങ്കില്‍ "പ്രണവ" മാണെന്നുള്ള മഹര്‍ഷിമാരുടെ ദര്‍ശനം ഹൈന്ദവ സംസ്കൃതിയുടെ മൂലപ്രമാണങ്ങളില്‍ ഒന്നാണ്.

    പ്രണവമന്ത്രം ത്രിഗുണാത്മകമാണ്. അതില്‍ സൃഷ്ടികര്‍ത്താവായ 'ബ്രഹ്മാവും' പരിപാലകനായ 'ശ്രീമാഹാവിഷ്ണുവും' ലയംകരനായ 'ശ്രീമാഹാരുദ്രനും' അടങ്ങിയിരിക്കുന്നു. ആയതിനാല്‍ പ്രണവമന്ത്ര ജപവും അതിന്റെ അര്‍ത്ഥഭാവനയും നടത്തുന്ന സാധകര്‍ സര്‍വ്വേശ്വര പാദങ്ങളെ പ്രാപിക്കുന്നു. മന്ത്രശാസ്ത്രവിധി പ്രകാരം പ്രണവം ഒരു സേതുവാണ്. യാത്ര എളുപ്പമാക്കുന്നതിന് നദികള്‍ക്കും തോടുകള്‍ക്കും മറ്റും കുറുകേ പാലം പണിയുന്നു. അതുപോലെ മഹാമന്ത്രങ്ങള്‍ പ്രണവ (ഓം) യുക്തമാകുമ്പോള്‍ ഈശ്വരസന്നിധിയിലേയ്ക്കുള്ള മാര്‍ഗ്ഗം എളുപ്പമാകുന്നു. പ്രസ്തുത മന്ത്രങ്ങള്‍ അതീവ ശക്തിയുക്തങ്ങളായിത്തീരുന്നു. പ്രണവം അതായത് 'ഓം' ആദി മന്ത്രമാണ്. പ്രണവത്തിന് രണ്ടു രൂപങ്ങളുള്ളതായി മന്ത്രതത്ത്വജ്ഞന്മാരായ യോഗീശ്വരന്മാര്‍ വെളിവാക്കുന്നു. ഒന്ന് അക്ഷരാത്മകം; മറ്റൊന്ന് ധ്വന്യാത്മകം. അ + ഉ + മ് ഇവയുടെ സംയോഗത്താല്‍ അക്ഷരാത്മകമായ 'ഓം' കാരമുണ്ടാകുന്നു. അത് മനുഷ്യര്‍ക്ക്‌ ഉച്ചരിക്കുവാന്‍ സാധിക്കുന്നു. ധ്വനാത്മകമായ പ്രണവത്തെപ്പറ്റി മന്ത്രശാസ്ത്രം പറയുന്നത്, അത് തൈലധാരപോലെ അവിച്ചിന്നവും വലിയ മണിയുടെ നാദം പോലെ മുഴങ്ങികൊണ്ടിരിക്കുന്നതുമാണെന്നാണ്. അത് ഉച്ചാരണാവയവങ്ങള്‍കൊണ്ട് ഉച്ചരിക്കാവുന്നതുമല്ലത്രേ. അതിനെ, യോഗയുക്തമായ അന്തഃകരണം മുഖാന്തിരം ചിദാകാശത്തില്‍ ശ്രവിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ.
 വേദങ്ങളിലും ഉപനിഷത്തുകളിലും തത്ത്വശാസ്ത്രങ്ങളിലും പുരാണങ്ങളിലുമൊക്കെ പ്രണവ മന്ത്രത്തിന്റെ ദിവ്യമാഹാത്മ്യത്തെക്കുറിച്ച് പ്രദിപാദിക്കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനമുള്ളിടത്തെല്ലാം സ്പന്ദനമുണ്ടെന്നും സ്പന്ദനമുള്ളിടത്തെല്ലാം ശബ്ദമുണ്ടെന്നുമാണ് വൈദികദര്‍ശനം സ്ഥാപിച്ചിരിക്കുന്നത്. പരംപൊരുളില്‍ ലയിച്ച് സാമാന്യാവസ്ഥയിലിരിക്കുന്ന പ്രകൃതി, വിഷമാവസ്ഥയിലേയ്ക്കു നീങ്ങുന്ന പ്രവര്‍ത്തനത്തെയാണ് 'സൃഷ്ടിസ്ഥിതിലയങ്ങള്‍' എന്ന് പറയുന്നത്. പ്രകൃതി സാമാന്യാവസ്ഥയില്‍ നിന്ന് വിഷമാവസ്ഥയിലേയ്ക്ക് നീങ്ങുവാന്‍ തുടങ്ങുമ്പോള്‍ സ്പന്ദനമാരംഭിക്കുന്നു. ഇപ്രകാരമുള്ള സ്പന്ദനത്തിന്റെ ആദ്യ ശബ്ദമാണ് പ്രണവം അല്ലെങ്കില്‍ ഓംകാരം. സാധകന്റെ അന്തഃകരണം പ്രകൃതിയുടെ വിഷമാവസ്ഥ ആരംഭിക്കുന്ന ആദിമ സ്ഥിതിയിലെത്തിച്ചേരുമ്പോള്‍ പ്രണവ ശബ്ദം കേള്‍ക്കുമാറാകുന്നു. പരമാത്മസ്വരൂപമായ ഈ പ്രണവത്തിന്റെ ബാഹ്യതലം നാമരൂപാത്മകമായ പ്രപഞ്ചമാണ്‌: ആന്തരികതലം പരമാത്മപദമാണ്. ഇപ്രകാരം പ്രണവത്തിന്റെ മാഹാത്മ്യം അതീവഗഹനമാകുന്നു. എത്ര വര്‍ണ്ണിച്ചാലും അത് അവസാനിക്കുകയില്ല.

30 July 2023

നാഗമാഹാത്മ്യം - 82

നാഗമാഹാത്മ്യം...

ഭാഗം: 82 

86. എന്തൊക്കെയാണ് പഞ്ചപ്രാണൻ ?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പ്രാണൻ, വ്യാനൻ, അപാനൻ, സമാനൻ, ഉദാനൻ ഇവയാണ് പഞ്ചപ്രാണൻ. പ്രകൃതമായ നമ്മുടെ ഹൃദയത്തെ ദേവന്മാരാൽ പാലിക്കപ്പെടുന്ന അഞ്ചുദ്വാരങ്ങളുണ്ട്. അതിനെ വാതിലുകളെന്നാണ് പറയുന്നത്. ആ ഓരോന്നിനേയും പാലിക്കുന്നത് ഓരോ ദേവന്മാരാണ് . അതിൽ കിഴക്കോട്ടുള്ള ദ്വാരം പ്രാണനാണ്. അതാണ് ചക്ഷുസ്സ്. അതിന്റെ ദേവതസൂര്യനാണ്. സൂര്യനുദിക്കുമ്പോൾ, സൂര്യപ്രകാശമേല്ക്കുമ്പോൾ ചക്ഷുസ്സ് ജ്ഞാനമയമാകുന്നു. വലതു ഭാഗത്തുള്ളത് വ്യാസനാണ്. അതാണ് ശ്രോത്രം. അതിന്റെ ദേവത ചന്ദ്രനാണ്. പടിഞ്ഞാറുഭാ ഗത്തുള്ളത് അപാനനാണ് അതു വാക്കാണ് . അതിന്റെ ദേവത അഗ്നിയാണ്. വാക്ക് ചിലപ്പോൾ അഗ്നിപോലെ ജ്വലിക്കും. വടക്കോട്ടുള്ളത് സമാനനാണ്. അതാണ് മനസ്സ്. അതുമേഘം പോലയാണ്. മൂടിയും മങ്ങിയും തെളിഞ്ഞും മനസ്സു നില്ക്കും. മേല്പോട്ടുള്ളത് ഉദാനനാണ്. അതു വായുവാണ്. ആകാശമാണത് , ശരീരത്തിന് പഞ്ചപ്രാണന്റെ അധിവാസം കൂടിയേതീരൂ...

ഇതോടു കൂടി ഈ പംക്തി ഇവിടെ പൂർണ്ണമാകുന്നു. നന്ദി നമസ്കാരം.

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗത്മ്യം - 81

നാഗമാഹാത്മ്യം...

ഭാഗം: 81

85. അരയാലും പ്രദക്ഷിണവും നാഗപ്രതിഷ്യും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വൃക്ഷങ്ങളുടെ മഹാരാജാവാണ് ആൽമരം. അരയാലിനെ വണങ്ങുന്നത് കൊണ്ട് സർവദേവീദേവൻമാരുടെയും അനുഗ്രഹം ഭക്തന് ലഭിക്കുന്നു. സൃഷ്ടിസ്ഥിതി സംഹാരക്കാരുടെ ആവാസസ്ഥാനവും ആൽമരം തന്നെ. ആലിന്റെ മൂലഭാഗത്ത് ബ്രഹ്മാവും മദ്ധ്യഭാഗത്ത് വിഷ്ണുവും അഗ്രഭാഗത്ത് ശിവനും കുടികൊള്ളുന്നുവെന്നാണ് സങ്കല്പം. ഭഗവാൻ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ട വൃക്ഷം ആൽമരം തന്നെയെന്ന് ഭഗവത്ഗീതയിൽ തുറന്നുപറയുന്നുമുണ്ട്.

അരയാലിനു ചുറ്റും ധാരാളം ഓക്സിജനുള്ളതു കാരണം ശുദ്ധവായു ധാരാളം ലഭിക്കുന്നു. ഏറ്റവും കൂടുതൽ ഓക്സിജനെ പുറംതള്ളുന്ന വൃക്ഷമാണ് അരയാലെന്നുള്ളതു കൊണ്ട് ആൽത്തറയിലെ വിശ്രമം സുഖകരവും ക്ഷീണമകറ്റുന്നതുമാണ്. പാപങ്ങളകറ്റാനും പുണ്യം  അരയാൽ പ്രദക്ഷിണം ഗുണകരണ്. ശനിദോഷപരിഹാരമായും അരയാൽ പ്രദക്ഷിണം ചെയ്യുന്നവരുണ്ട്. പലക്ഷേത്രങ്ങളിലും അരയാലിനു ചുറ്റും നാഗപ്രതിഷ്ഠകൾ കാണാവുന്നതാണ്. അരയാലിനെയും, നാഗദേവതകളുടെയും ചൈതന്യത്തെയാണ് ഇതിലൂടെ വെളിവാക്കുന്നത്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 80

നാഗമാഹാത്മ്യം...

ഭാഗം: 80

84. കാലമാകുന്ന സർപ്പത്തെ ആഭരണമാക്കിയ മഹേശ്വരൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നടന കലയുടെ ചക്രവർത്തിയായ മഹേശ്വ രന് മാത്രമേ ഈ കാലത്തെ നിയന്ത്രിക്കുവാനുള്ള ശേഷിയുള്ളു.മാർക്കണ്ഡേയനെന്ന മഹേശ്വര ഭക്തനെ മരണത്തിൽ നിന്ന് രക്ഷിച്ച് കാലത്തിനെ നിയന്ത്രിക്കുവാൻ മഹാദേവന് സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. കാലമാകുന്ന സർപ്പത്തെയാണ് മഹേശ്വരൻ തന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്നതെന്ന് പ്രതീകാത്മകമായി മനസ്സിലാക്കാവുന്നതാണ്. കാലഭൈരവന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന സർപ്പം പത്തിവിടർത്തിയാണ് നിൽക്കുന്നത്. കാലത്തിന്റെ ശക്തിയെയാണ് ഇതിലൂടെ നമ്മെ മനസ്സിലാക്കി തരുന്നത് . കാലമാകുന്ന സർപ്പശക്തിയെ നിയന്ത്രിച്ച് തന്റെ ശരീരത്തിൽ ബന്ധിച്ച് ഈ ലോകത്തിന്റെ സർവ്വനിയന്ത്രണവും സാക്ഷാൽ മഹാദേവനിലാണെന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 79

നാഗമാഹാത്മ്യം...

ഭാഗം: 79

83. ആയില്യം നക്ഷത്രവും ഗണ്ഡാന്തസമയത്തെ ജനനവും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഗണ്ഡാന്തം എന്നു പറഞ്ഞു കേൾക്കുന്നുണ്ട്. പക്ഷെ അതു ദോഷകാലമാണ് എന്ന അറിവു എല്ലാർക്കുമില്ല. പഴമക്കാരും ജ്യോത്സ്യന്മാരുമൊക്കെ പറയുന്നത് ഗണ്ഡാന്തം ദോഷമാണെന്നാണ്. എന്നാൽ ഇത് ചില നാളുകൾക്കു മാത്രമേയുള്ളു.

ഓരോ നാളിനും നാലുപാദമുണ്ട്. ഒരു പാദം എന്നുപറയുന്നത് 15 നാഴികയാണ്. അശ്വതി, മകം, മൂലം, ഈ നക്ഷത ങ്ങളുടെ ആദ്യത്തെ 15 നാഴിക ഗണ്ഡാന്തകാലമാണ്. ആയില്യം , തൃക്കേട്ട, രേവതി ഈ നക്ഷത്രങ്ങളുടെ അവസാനത്തെ 15 നാഴിക ഗണ്ഡാന്തകാലമാണ്. ഈ സമയത്തു ജനിക്കുന്നവർക്ക് ജീവിതപുരോഗതിയിൽ പല തടസ്സങ്ങളും ഉണ്ടാകാറുണ്ട് . ആ വ്യക്തികളൊ മാതാപിതാ ക്കളൊ എത്രശ്രമിച്ചാലും ഉദ്ദേശിച്ച വിജയം നേടുവാൻ പല തടസ്സങ്ങളും ഉണ്ടാകുന്നു. ഈ സമയത്തു ജനിക്കുന്ന നക്ഷത്രക്കാർ കഠിനാധ്വാനം ചെയ്താൽ മാത്രമേ പുരോഗതി ഉണ്ടാകാറുള്ളു. തടസ്സങ്ങൾ മാറുന്നതിന് യഥാവിധി പരിഹാരങ്ങൾ കാണേണ്ടതാണ് . ആയില്യം നക്ഷത്രക്കാർ ആയില്യദിവസം ആയില്യ പൂജ ചെയ്യേണ്ടതാണ്. എന്നാൽ 15 നാഴികയിൽ 10 നാഴിക കഴിഞ്ഞാണ് ജനനമെങ്കിൽ ദോഷം അല്പം കുറവായിരിക്കും.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 78

നാഗമാഹാത്മ്യം...

ഭാഗം: 78

82. മംഗല്യദോഷവും പരിഹാരവും സർപ്പപൂജയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
നമ്മുടെ നാട്ടിൽ പരക്കെ കേൾക്കുന്നതാണ് ജാതക ദോഷം കാരണം വിവാഹത്തിന് കാലതാമസം നേരിടുന്നു എന്നത്. ഇതിന്റെ പരിഹാരത്തിനായി നമ്മുടെ ജ്യോതിഷ ഗ്രന്ഥങ്ങളിൽ , വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. വിവാഹതടസ്സം മാറുന്നതിനും വിവാഹിതരായ ശേഷം ഉണ്ടാകുന്ന ദുരിതങ്ങൾക്കും എന്തൊക്കെ പരിഹാരങ്ങൾ ഉണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു . പ്രധാനമായും ഇതിന് ചെയ്യേണ്ടത് ജാതകം നോക്കി വിവാഹത്തിന് തടസ്സം നിൽക്കുന്ന ഗ്രഹം ഏതെന്നു മനസ്സിലാക്കി പ്രസ്തുത ഗ്രഹത്തെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ നടത്തുക എന്നതാണ്. സാധാരണ ഇത്തരം ദോഷമുള്ളവർ ജ്യോത്സ്യൻ നിർദ്ദേശിക്കുന്ന കാര്യങ്ങൾ അനുഷ്ഠിക്കുന്നതിനു പുറമേ തിങ്കളാഴ്ചതോറും പാർവ്വതീസമേതനായിരിക്കുന്ന ശിവക്ഷേത്രത്തിൽ ദർശനം നടത്തുകയും സ്വയംവരമന്ത്രം ഭക്തിപൂർവ്വം ഉരുവിടുകയും വേണം . ജാതകത്തിൽ ചൊവ്വാദോഷമുണ്ടെന്ന് മനസ്സിലായാൽ ജാതകത്തിലെ ചൊവ്വയുടെ സ്ഥാനം മനസ്സിലാക്കി പരിഹാരങ്ങൾ ചെയ്യുക.

ഇതിന് പ്രധാനമായ പരിഹാരം വ്രതമനുഷ്ഠിക്കുക എന്നതാണ്.സാധാരണയായി കാണുന്ന ഗ്രഹദോഷ പരിഹാരമാർഗ്ഗങ്ങൾ മന്ത്രജപം, സ്തോത്രജപം , രത്നധാരണം, യന്ത്രധാരണം, ദാനം , ദേവതാഭജനം തുടങ്ങിയവയാണ്. ഇതിൽ നക്ഷത്രക്കാരന് ഉചിതമായത് തെരഞ്ഞെടുക്കുക. കുജദോഷമുള്ള ദമ്പതികൾക്ക് വളരെയധികം ദുരിതങ്ങളും, കലഹവും, വിരഹവും അനുഭവപ്പെടും . ഇവയുടെ പരിഹാര ത്തിനായി ഹനുമാനെ പൂജിക്കുന്നത് നല്ലതാണ്. സർപ്പ ദോഷം കാരണവും ചിലവ്യക്തികൾക്ക് മംഗല്യ ദോഷവും ഉണ്ടാകുമെന്ന് പറയുന്നു. ഈ ദോഷം മാറുന്നതിനായി നാഗദേവത ദേവന്മാർക്ക് നൂറും പാലും നൽകി ആയില്യ പൂജ നടത്തേണ്ടതാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

നാഗമാഹാത്മ്യം - 77

നാഗമാഹാത്മ്യം...

ഭാഗം: 77

81. പുരയിടത്തിൽ ഒരു സർഷ കാവുണ്ടായിരിക്കേണ്ട ആവശ്യകതയെന്ത്?
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്നത്തെപ്പോലെ അഞ്ചു സെന്റിലോ പത്തു സെന്റിലോ ഒന്നുമല്ല പഴയകാലത്തെ ഭവനങ്ങൾ. ഭവനത്തിനു ചുറ്റും ധാരാളം പുരയിടമുണ്ടാകും. അന്നു കൂട്ടുകുടുംബ വ്യവസ്ഥിതിയായതിനാൽ ഭാഗം വച്ച് ആരും മാറി താമസക്കില്ല. കുടുംബത്തിൽ ഏക്കറുകണക്കിനാണ് ഭൂമി . ആ ഭൂമിയിൽ ഒരു കാവുണ്ടായിരിക്കണം എന്നാണ് , കാവുവച്ചു പിടിപ്പിച്ച് ആ കാവിൽ സർപ്പത്തിന് ആവാസകേന്ദ്രമാക്കി സർപ്പ പൂജ നടത്തുന്ന ആചാരം പണ്ടുമുതലേയുണ്ട്.

കാവിൽ ധാരാളം വൃക്ഷങ്ങളുണ്ടായിരിക്കണം. കാഞ്ഞിരം, പാല, ആഞ്ഞിലി തുടങ്ങിയ വൃക്ഷങ്ങൾ കാവിൽ പടർന്നു പന്തലിച്ചുനില്ക്കും. കൂടാതെ കുറ്റിച്ചെടികളും ചെത്തി , മന്ദാരം തുടങ്ങിയവയും ഉണ്ടാകും. ഈ വൃക്ഷങ്ങൾ ഇടതൂർന്നു നില്ക്കുന്നതിനാൽ പുരയിടത്തിൽ അമിതമായ ചൂട് ഉണ്ടാകുന്നില്ല, തണൽ ലഭിക്കും. അപ്പോൾ മിതമായ ശീതോഷ്ണം ഉണ്ടാകും . വൃക്ഷങ്ങളിലെ ഇലകൾ ധാരാളമായി കൊഴിഞ്ഞു വീണുകിടക്കുന്നതിനാൽ മഴ പെയ്യുമ്പോൾ ഭൂമിയിൽ ഈർപ്പം നിലനിർത്താനും സാധിക്കും. അത് ഭൂമിയെ ഫലപുഷ്ടമാക്കി തീർക്കുന്നതിനു സഹായിക്കും. പുരയിടത്തിൽ നില്ക്കുന്ന വൃക്ഷങ്ങളും കാവുകളും ഭൂമിയ്ക്ക് ഫലപുഷ്ടിയുണ്ടാക്കു കയും തണുപ്പുനല്കുകയും ചെയ്യും. അതിനാൽ കാവുകൾ പുരയിടത്തിലുണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ