ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 December 2021

ഊണു നിയമങ്ങള്‍

ഊണു നിയമങ്ങള്‍

 1. ചൂടോടെ ഉണ്ണണം –
ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചൂടോടെ ഉണ്ണണം.

 2. മയമുള്ളതുണ്ണണം –
മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവിക കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ മയമുള്ളതുണ്ണണം.

 3. അളവറിഞ്ഞുണ്ണണം -
അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.

 4. വിരുദ്ധമാവാത്തതുണ്ണണം -
 കഴിക്കുന്ന സാധനങ്ങള്‍ തമ്മില്‍ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. വിരുദ്ധങ്ങളായവ ശരീരത്തില്‍ വിഷാംശമുണ്ടാക്കും. ശരീരസ്ഥിതി അപകടത്തിലാവുകയും ചെയ്യും. ഉദാഹരണത്തിന് പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറില്‍ തൈരു ചേര്‍ക്കരുത്.

 5. ദഹിച്ചശേഷമുണ്ണണം -
ആദ്യം കഴിച്ചത് ശരിയായി ദഹിക്കുംമുമ്പ് വീണ്ടുമുണ്ടാല്‍ പലമട്ട് പാകം വന്ന നീരുകള്‍ കൂടിക്കലര്‍ന്ന് ശരീരത്തിന്റെ സുസ്ഥിതി അവതാളമാകും. മറിച്ചായാല്‍ വാതം, തുടങ്ങിയ ദോഷങ്ങള്‍ തുല്യാവസ്ഥയിലെത്തി ശരീരം നിലനിര്‍ത്തും. ശരിയായ വിശപ്പുണ്ടാകുകയും കഴിച്ചത് വേണ്ടപോലെ ദഹിക്കുകയും ആയുസ്സ് പാലിക്കപ്പെടുകയും ചെയ്യും.

 6. തിടുക്കത്തിലുണ്ണരുത് -
വേഗം കൂടിയാല്‍ ചോറു വഴിമാറുകയും ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയും ദോഷവുമറിയില്ല അതിനാല്‍ അതിവേഗം പാടില്ല.

 7. സുഖമായിരുന്നുണ്ണണം -
മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത് പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാല്‍ വകയ്ക്കു കൊള്ളില്ല. അതിനാല്‍ സുഖമായിരുന്നുണ്ണണം.

 8. തീരെപ്പതുക്കെയുണ്ണരുത് - ഏറെപ്പതിഞ്ഞമട്ടായാല്‍ വയറു നിറയുന്നതറിയില്ല. അധികമുണ്ടുപോകും. ഭക്ഷണം തണുക്കുകയും ദഹനം ക്രമം വിട്ടാവുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം വളരെ സാവധാനത്തിലും കഴിക്കരുത്.

9. മിണ്ടിയും ചിരിച്ചും ഉണ്ണരുത് - ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനസ്സ് മറ്റൊന്നിലായാല്‍ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങള്‍ എല്ലാമുണ്ടാകും.

10. അവനവനെ അറിഞ്ഞുണ്ണണം - കഴിക്കുന്നതില്‍ ഇതെനിക്കു നന്ന് ഇതാപത്താണ് എന്ന് തിരിച്ചറിഞ്ഞ് വേണ്ടതെന്നുള്ളതേ ഉണ്ണാവൂ.

( കടപ്പാട് )

17 December 2021

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവപ്രതിഷ്ഠ. കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവിൽ‍ - കന്യാകുമാരി രാജവീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. തമിഴ്നാടിന്റെ ഭാഗമാകുന്നതിന് മുമ്പ് തിരുവിതാകൂറിലായിരുന്ന ഈ മഹാക്ഷേത്രം, അവിടത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴും ധാരാളം മലയാളികൾ ഇവിടെ ദർശനത്തിനെത്താറുണ്ട്. ധനുമാസത്തിൽ തിരുവാതിരയ്ക്കും മേടമാസത്തിൽ ചിത്രാപൗർണ്ണമിയ്ക്കും ആറാട്ട് വരും വിധത്തിലാണ് ഇവിടത്തെ ഉത്സവങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ക്ഷേത്രത്തിലുള്ള, ഇരുപതടി ഉയരമുള്ള ഹനുമദ്വിഗ്രഹം പ്രസിദ്ധമാണ്. ധാരാളം ഉപദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രമാണിത്. തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദു ധർമ്മ പ്രബോധന കേന്ദ്രമാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം - 1

ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്. അത്രി മഹർഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതിൽ പ്രധാനം. ദേവൻമാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്.
അത്രി മഹർഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹർഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോൽപ്പത്തിയ്ക്ക് കാരണമായി പറയുന്നത്. ഒരിക്കൽ അവിടെ മഴ പെയ്യാതായി. അതിൻറെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹർഷിയ്ക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തിൽ ഒറ്റയ്ക്കാണെന്ന ചിന്ത മഹർഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാൽ മഹർഷിയുടെ ധർമ്മസങ്കടം മനസ്സിലാക്കിയ ദേവി ഭർത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തിൽ പോകാൻ അപേക്ഷിച്ചു. മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിൻറെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിൻറെ അഭാവത്തിൽ തനിയ്ക്കിത് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു. ഭർത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാർഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹർഷി നാരദൻ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാർവ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാർ അവരെ പരീക്ഷിയ്ക്കാൻ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭർത്താക്കൻമാരെ അനസൂയയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. തുടർന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂർത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവർ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോൾ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങൾക്ക് ഭിക്ഷയും ആഹാരവും തരാൻ. ഇതുകേട്ട അനസൂയ ഒരു നിമിഷം തൻറെ ഭർത്താവിൻറെ പാദ പൂജ ചെയ്ത ജലത്തിൽ നോക്കി പ്രാർഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂർത്തികൾ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു.
ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാർ ഭർത്താക്കാന്മാരെ പഴയ രൂപത്തിൽ തിരിച്ചു നൽകണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവൃത്തിയിൽ അവർ ക്ഷമ ചോദിച്ചു. പിന്നീട് അനസൂയ ദേവി ത്രിമൂർത്തികളെ പഴയ രൂപത്തിൽ ദേവിമാർക്ക് തിരിച്ചു നൽകി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂർത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ മുകൾ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.

ഐതിഹ്യം - 2

ദേവേന്ദ്രൻ നിർമ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹർഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തിൽ ഇന്ദ്രൻ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹർഷിയുടെ പർണ്ണശാലയിലെത്തിയ ഇന്ദ്രൻ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണർന്ന ഗൗതമമഹർഷി നേരം പുലർന്നെന്നു കരുതി പൂജകൾക്കായി തൊട്ടടുത്തുള്ള നദിക്കരയിൽ പോയി. തുടർന്ന് ഗൗതമമഹർഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രൻ അഹല്യയെ സമീപിക്കുന്നു. സ്നാദി-പൂജകൾക്കായി പോയ ഗൗതമഹർഷി ഇരുട്ടു മാറിയില്ലെന്നു മനസ്സിലാക്കി പർണ്ണശാലയിൽ തിരികെയെത്തുന്നു. അപ്പോൾ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹർഷി കാണുന്നത്. രോക്ഷാകുലനായ മഹർഷി ശിലയായി പോകട്ടൈയെന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടൈയെന്ന് ഇന്ദ്രനേയും ശപിച്ചു. ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രൻ ത്രിമൂർത്തികളെ തപസു ചെയ്തെന്നും അവർ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നൽകിയെന്നുമാണ് വിശ്വാസം. തുടർന്ന് ഇന്ദ്രൻ ത്രിമൂർത്തികൾക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ.

അഗ്നിപരീക്ഷ

സത്യാസത്യങ്ങൾ തെളിയിക്കുന്നതിന് പ്രാചീനകാലത്തു സ്വീകരിച്ചിരുന്ന കടുത്ത പരീക്ഷകളിൽ ഒന്ന്. കുറ്റവാളിയെന്നു കരുതപ്പെടുന്ന ആൾ തീയിൽചാടിയോ തിളയ്ക്കുന്ന എണ്ണ, നെയ്യ് എന്നിവയിൽ കൈമുക്കിയോ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു പരീക്ഷണമാണിത്. കുറ്റപത്രം മുതലായ പ്രമാണങ്ങൾ, സാക്ഷികൾ, ശപഥം ചെയ്യിക്കൽ എന്നിങ്ങനെ പല സാമാന്യമായ ഉപാധികളെ ആശ്രയിച്ച് കുറ്റം തെളിയിക്കാൻ ആദ്യം നോക്കുന്നു. എന്നാൽ അത്തരം രീതികൾ ഫലപ്രദമല്ലാതെവരുമ്പോൾ തുലാസ്സ്, അഗ്നി, ജലം, വിഷം, കോശം, തണ്ഡുലം, സപ്തമാഷകം എന്നീ ഏഴുവിധം ദ്രവ്യപരീക്ഷകളെ അതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. 
13-‍ം ശതകത്തിലാണ്‌ ശുചീന്ദ്രത്ത്‌ കൈമുക്ക്‌ പരീക്ഷ തുടങ്ങിയത്‌. ശുചീന്ദ്രത്ത്‌ താമസം തുടങ്ങിയ നമ്പൂതിരിമാരാണ്‌ കൈമുക്ക്‌ അവിടെ ഏർപ്പെടുത്തിയത്‌. സ്മാർത്ത വിചാരത്തിന്റെ തുടർച്ചപോലെയുള്ള ഈ ആചാരം നമ്പൂതിരി സ്ത്രീകളുടെ സദാചാര പരിശോധനയ്ക്കുവേണ്ടി ഉണ്ടാക്കിയതാണെന്നു ശുചീന്ദ്രം രേഖകളിൽ പറയുന്നു. സ്വാതിതിരുനാളിന്റെ കാലത്താണ്‌ ശുചീന്ദ്രം കൈമുക്ക്‌ നിർത്തൽ ചെയ്തത്‌...

ശില്പ ചാരുത

നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിൻറെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവർചിത്രങ്ങളും ശിൽപങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു. നൂറുവർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ശിൽപികളുടെ കരവിരുത് ഏതോരു സന്ദർശകനും നല്ലൊരു അനുഭവമാണ്. ഹിന്ദു ദേവൻമാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാൽ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകർഷിക്കുന്നതാണ്.
ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കൽമണ്ഡപം ശിൽപകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങൾ കേൾക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്.

18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്. ഹനുമാന് വടമാല ചാർത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.

1874ൽ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തിനു പണം കണ്ടെത്താനായിട്ട് ആദ്യ ലോട്ടറി നറുക്കെടുപ്പ് കേരളത്തിൽ (തിരുവിതാംകൂർ) ഔദ്യോഗികമായി നടത്തിയത്. ഗോപുര നിർമ്മാണത്തിന് 40000 രൂപ സമാഹരിക്കുകയായിരുന്നു ആദ്യ ലോട്ടറിയുടെ ലക്ഷ്യം. ഇതിന് 1874 ഓഗസ്റ്റ് 24ന് ആയില്യം തിരുനാൾ മഹാരാജാവ് അനുമതി നൽകി. പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറിൽ വിറ്റത്. പതിനായിരം സമ്മാനവും നൽകിക്കഴിഞ്ഞപ്പോൾ 40000 രൂപ ഗോപുര നിർമ്മാണത്തിനായി കണ്ടെത്തിയിരുന്നു.

വിനായകി പ്രതിഷ്ഠ

ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഏറെ അപൂബര്‍വ്വമായൊരു പ്രതിഷ്ഠയും ശുചീന്ദ്രം സ്ഥാനുമല്യന്‍ ക്ഷേത്രത്തിലുണ്ട്. ആനയുടെ തലയുള്ള ദേവിയാണ് വിനായകി എന്ന പേരില്‍ ഇവിടെ ആരാധിക്കപ്പെടുന്നത്. ഗണേശന്റെ സ്ത്രീരൂപമായ വിനായകിയെ ഗജനാനി എന്നും പറയുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ നന്ദി

ഇന്ത്യയില്‍ ഇന്ന് കാണുന്ന ഏറ്റവും വലിയ നന്ദി പ്രതിമകളിലൊന്ന് ഈ ക്ഷേത്രത്തിലേതാണ്. 13 അടി ഉയരവും 12 അടി നീളവും 10 അടി വീതിയുമാണ് ഇതിനുള്ളത്.



ഉത്സവം

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാർകഴിയും ചിത്തിരയും. ഡിസംബർ / ജനുവരി മാസത്തിലാണ് ഒൻപത് ദിവസത്തെ മാർകഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളിൽ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഏപ്രിൽ / മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക. ശിവരാത്രിയും വിശേഷമാണ്.
ശൈവ, വൈഷ്ണവ ഭക്തരെ ആകർഷിക്കുന്നതാണ് ഈ ക്ഷേത്രം. ക്ഷേത്രസമുച്ചയത്തിനുള്ളിൽ മുപ്പതോളം ദേവി-ദേവൻമാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.

ക്ഷേത്രസമയം

വിശ്വാസികളേക്കാളുപരി ചരിത്രത്തിലും വാസ്തുവിദ്യയിലും താല്പര്യമുള്ളവരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. രാവിലെ 7.30 മുതല്‍ വാകിട്ട് 7.30 വരെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന സമയം.

ശുചീന്ദ്രം സത്യാഗ്രഹം

ശുചീന്ദ്രം ക്ഷേത്രത്തിലോ ചുറ്റുമുള്ള വീഥികളിലോ അവർണരെ അനുവദിച്ചിരുന്നില്ല. 1924 - 25 ലെ വൈക്കം സത്യഗ്രഹ സമരത്തിൽ നിന്ന് ആവേശമുൾക്കൊണ്ട് നടന്ന സാമൂഹ്യ മുന്നേറ്റങ്ങളുടെ ഭാഗമായി 1926 ൽ ശുചീന്ദ്രം സത്യാഗ്രഹം നടന്നു. ഇതിന് നേതൃത്വം നൽകിയത് ഗാന്ധിയൻ നേതാവായ ഡോ. എം.ഇ. നായിഡുവായിരുന്നു.

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ കന്യാകുമാരിക്കും നാഗര്‍കോവിലിനും ഇടയിലായാണ് ശുചീന്ദ്ര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയില്‍ നിന്നും 14 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്ന് 7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ളത്.

14 December 2021

ധന്വന്തരി ദേവൻ

ധന്വന്തരി ദേവൻ

ഔഷധങളുടെ ദേവനായി മഹാവിഷ്ണുവിന്‍റെ അവതാരമായ ധന്വന്തരിയെ ആരാധിക്കുന്നവരാണ്  ഭാരതീയര്‍.

ദേവന്‍മാരുടെ വൈദ്യന്‍മാരാണ് അശ്വനീദേവകള്‍.

എല്ലാ വൈദ്യന്‍മാരുടേയും , രോഗത്തിനേയും തടയാന്‍ കഴിവുള്ള ദേവനായതുകൊണ്ടാണ് മഹാദേവനെ വൈദ്യനാഥന്‍ എന്ന് വിളിക്കുന്നത്‌.

ആയുര്‍വേദം എന്ന ശാസ്ത്രത്തില്‍ പറയാത്ത  മരുന്നുകളോ, ചികിത്സയോ ഇല്ല.

എല്ലാ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന  എല്ലാ സാധനങളും ഔഷധഗുണമുള്ളവയോ, മരുന്നോ ആണ്.

ചകിരി കത്തിച്ച് ചെയ്യുന്ന ഗണപതിഹോമം ,
അമ്പലത്തില്‍ നിന്ന് ലഭിക്കുന്ന പഞ്ചഗവ്യം,
ക്ഷേത്രത്തിലെ ആല്‍മരം,
മാരിയമ്മന്‍ കോവിലില്‍ ഉപയോഗിക്കുന്ന വേപ്പ്, മഞള്‍, ചന്ദനം, കറുക , തുളസി,
തുളസിയിട്ട തീര്‍ത്ഥം ,
ആറ്റുകാല്‍ പൊങ്കാലയില്‍ കൂട്ടുന്നു അടുപ്പുകള്‍ എല്ലാം പലേ രീതിയില്‍ ഉള്ള വൈറസിനേയും  ചെറുക്കാന്‍  പര്യാപ്തമാണ്‌ .

ധന്വന്തരി മൂർത്തി.....

ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ച പ്രാചീന വൈദ്യപ്രതിഭയായിരുന്നുധന്വന്തരി
പ്രമാണം,
പ്രത്യക്ഷം,
അനുമാനം,
ഉപമാനം,
ആപ്‌തോപദേശം
എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി (അഷ്‌ടാംഗങ്ങൾ) വിഭജിച്ചു.

മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന ധന്വന്തരിയെ, വേദങ്ങളും പുരാണങ്ങളും അയൂർവേദത്തിന്റെ ദേവനായി വർണ്ണിക്കുന്നു. ചതുർബാഹു രൂപത്തിലാണ് പൂജിക്കുന്നത്. ആയൂർവേദചികിത്സ ആഭിക്കുന്നതിനു മുൻപ് ധന്വന്തരിയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്ന അനുഷ്ടാനം ഹൈന്ദവർക്കിടയിൽ നിലവിലുണ്ട്.

ഔപധേനവൻ, ഔരദ്രൻ, പൗഷ്‌കലാവതൻ, കരവീര്യൻ, ഗോപുര രക്ഷിതൻ, വൈതരണൻ, ഭോജൻ, നിമി, കങ്കായണൻ, ഗാർഗ്യൻ, ഗാലവൻ എന്നിവർ ധന്വന്തരിയുടെ ശിഷ്യരായിരുന്നു.

വിവിധതരം ശസ്‌ത്രക്രിയകളെപ്പറ്റിയും ധന്വന്തരിക്ക്‌ അറിവുണ്ടായിരുന്നു. ഒട്ടേറെ ശസ്‌ത്രക്രിയോപകരണങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നും കരുതുന്നു. മൂർച്ചയുള്ള 20 തരവും
അല്ലാത്ത 101 തരവും ശസ്‌ത്രക്രിയോപകരണങ്ങൾ ധന്വന്തരി ഉപയോഗിച്ചിരുന്നതായി സുശ്രുതസംഹിതയിൽ നിന്ന്‌ മനസ്സിലാക്കാം.

സ്‌കന്ദ-ഗരുഡ-മാർക്കണ്ഡേയപുരാണങ്ങളനുസരിച്ച്‌ ത്രേതായുഗത്തിലാണ്‌ധന്വന്തരി ജീവിച്ചിരുന്നത്‌. എന്നാൽ, വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊരാളായിരുന്നു ധന്വന്തരിയെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌.

ക്രി.വ. നാലാം ശതകത്തിന്റെ അവസാനമോ അഞ്ചാം ശതകത്തിന്റെ തുടക്കത്തിലോ ജീവിച്ചിരുന്ന ദിവോദാസ ധന്വന്തരിയെയാണ്‌ പിൽക്കാലത്ത്‌ ധന്വന്തരിയെന്ന പേരിൽ പ്രശസ്‌തയാർജ്ജിച്ചതെന്നു കരുതുന്നു.

ദർശനം, ചികിത്സാകൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി തുടങ്ങി പന്ത്രണ്ടോളം ഗ്രന്ഥങ്ങൾ ധന്വന്തരിയുടേതായി അറിയപ്പെടുന്നു.

ധന്വന്തരി ക്ഷേത്രങ്ങൾ,

തമിഴ്‌നാട്ടിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ അങ്കണത്തിൽ ധന്വന്തരീ പ്രതിഷ്ടയുണ്ട്. ഈ ക്ഷേത്രത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്ന ഒരു ശിലാഫലകമുണ്ട്. അക്കാലത്തെ പ്രമുഖ ആയൂർവേദ ഭിഷഗ്വരനായ ഗരുഡവാഹനൻ ഭട്ടരാണ് ക്ഷേത്രത്തിനുള്ളിൽ ധന്വന്തരീ പ്രതിഷ്ട നടത്തിയതെന്ന് ഇതിൽ പ്രസ്താവിക്കുന്നു. ഇവിടെ ധന്വന്തരി മൂർത്തിയുടെ പ്രസാദമായി ഭക്തർക്ക് ഔഷധസസ്യങ്ങളാണ് നൽകാറുള്ളത്.കേരളത്തിൽ  പെരുമ്പാവൂർ തോട്ടുവ ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും  തൃശ്ശൂരിലെ പെരിങ്ങാവ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും നെല്ലുവായ് ധന്വന്തരി മൂർത്തി ക്ഷേത്രത്തിലും,  മരുത്തോർവട്ടം ചേർത്തല ആലപ്പുഴ ജില്ല,  പ്രായിക്കര മാവേലിക്കര, വടക്കാഞ്ചേരി ത്രിശൂർ ജില്ല,  ചിറക്കൽ, കണ്ണൂർ ജില്ല. കോഴിക്കോട് കൂരയി.. ധന്വന്തരി ക്ഷേത്രം.  വളപട്ടണം,  തെക്കെനഗം വേലിൽ ഇടവട്ടം തലയോലപ്പറമ്പ് കോട്ടയം ജില്ല... എന്നീ ക്ഷേത്രങ്ങളിലും ധന്വന്തരീ പൂജ നടത്തിവരുന്നു....

ഇന്ദ്രൻ ആരാണ്?

ഇന്ദ്രൻ ആരാണ്?

ഉപനിഷത്തുകളിൽ ഇന്ദ്രനെ നിരന്തരം പരീക്ഷിക്കാൻ വരുന്ന ബ്രഹ്മതെ നമ്മുക്ക് കാണാൻ കഴിയുന്നുണ്ട് 'ബ്രഹ്മം  പരബ്രഹ്മമായ ധർമ്മ സ്വരൂപിയാണെങ്കിൽ ഇന്ദ്രിയങ്ങളുടെ പതിയായ മനസാണ് ഇന്ദ്രൻ. അഞ്ച് കുതിരകളാൽ നയിക്കപ്പെടുന്ന തേരിനെ വിജയത്തിലേക്ക് നയിക്കുന്ന ശ്രീകൃഷ്ണനെ നമുക്ക് മഹാഭാരതത്തിൽ കണാൻ കഴിയുന്നുണ്ട് 'ആ കൃഷ്ണൻ തന്നെ മനസിൻ്റെ സങ്കൽപ്പഭാവമാണ്  ഈ കൃഷ്ണനാൽ സംരക്ഷിക്കപ്പെടുന്ന പണ്ഡവരും പാഞ്ചാലിയും മർത്യൻ്റെ അഞ്ച് പ്രാണശക്തിയും അതിനാൽ പോഷിക്കപ്പെടുന്ന മനശക്തിയാണ് പാഞ്ചാലി. പഞ്ചാലിയെ ശ്രീ കൃഷ്ണൻ്റെ സഹോദരിയായിട്ടാണ് ചിത്രീകരിക്കുന്നത് ജീവൻ്റെ കൂടെ പിറപ്പാണ് മനസ്. ഇത് തന്നെ ഇന്ദ്ര ശക്തിയും. കഥയിലുപരി അതിൽ ഒളിഞ്ഞിരിക്കുന്ന ശാസ്ത്ര സത്യങ്ങളുടെ നിഗൂഢതയിലൂടെയും സഞ്ചരിച്ചാൽ മാത്രമെ ഹൈന്ദവതയിലെ ആശയപൂർണ്ണത ഉൾക്കൊള്ളനാവും അല്ലതെയുള്ള വായനകൾ മനസിനാനന്തം നൽക്കുന്നതിനപ്പുറം വിരക്തമായ് മാറാം  'എന്തു തന്നെയായാലും അറിയുതോറും അറിവ് നിറയ്ക്കുന്ന അമൃതത്വമാണ് മഹാഭാരതം. അത് ഒരിക്കലെങ്കിലും വായിച്ചവർ ലോകത്തുള്ളതെല്ലാം. (ശരിയും ശരികേടും) തരം തിരിച്ച് അവിടെ കാണാനാവും. മഹാഭാരതം ഒരിക്കലും വ്യക്തികളെ പ്രശംസിക്കുന്ന ഒരു കഥയല്ല അറിഞ്ഞ് പഠിക്കുന്നവന് .

സൂര്യന്റെ കാരകധര്‍മ്മങ്ങള്‍

സൂര്യന്റെ കാരകധര്‍മ്മങ്ങള്‍

സൂര്യഭഗവാന് നിരന്തരം ഉപയോഗിക്കപ്പെടുന്ന ഒരു ജ്യോതിഷപദം അഥവാ സംജ്ഞയാണ് കാരകന്‍ എന്നത്.

പ്രതീകം, സൂചകം, പ്രതിനിധി, വകുപ്പ്, ഉടമ എന്നിങ്ങനെ പലതലമുണ്ട് കാരകന്‍ എന്ന വാക്കിന്. സൂര്യന്റെ കാരകധര്‍മ്മങ്ങള്‍ എന്നുവെച്ചാല്‍ സൂര്യന്‍ വ്യക്തമാക്കിത്തരുന്ന, സൂര്യന്‍ പ്രതിനിധാനം ചെയ്യുന്ന, സൂര്യനെക്കൊണ്ട് ചിന്തിക്കുന്ന, സൂര്യനാല്‍ മനസ്സിലാക്കപ്പെടുന്ന കാര്യങ്ങള്‍ എന്ന നിര്‍വചനം കുറച്ചൊക്കെ കൃത്യമാണ്.    

പ്രപഞ്ചത്തില്‍ ഉള്ള ചെറുതും വലുതുമായ എല്ലാ വസ്തുക്കളെയും ഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി ജ്യോതിഷത്തിന്റെ അടിസ്ഥാനതത്ത്വമാണ്. അവയില്‍ സ്ഥാവരങ്ങളും, ജംഗമങ്ങളും, സചേതനങ്ങളും, അചേതനങ്ങളും ഉള്‍പ്പെടും. പുല്‍ക്കൊടിതൊട്ട് പൂര്‍വ്വാചലംവരെ' എന്ന പഴയശൈലിയില്‍ പറഞ്ഞാലും തെറ്റില്ല. അപ്പോള്‍ മനുഷ്യനും, എന്തിന് ദൈവങ്ങളും ആ പരിഗണനയില്‍ വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

ഓരോ ഗ്രഹത്തിന്റെയും കാരകധര്‍മ്മങ്ങള്‍ വളരെ സംക്ഷേപിച്ചും വിസ്തരിച്ചും പ്രാചീന പ്രാമാണിക ഗ്രന്ഥങ്ങളില്‍ വായിക്കാം. ഗ്രഹകാരക ധര്‍മ്മങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ള ഒരു പഴയ സംസ്‌കൃത ഗ്രന്ഥമാണ് 'ഉത്തരകാലാമൃതം'. അതില്‍ എഴുപതിലധികം സൂര്യകാരക ധര്‍മ്മങ്ങള്‍ വായിക്കാം. (ശ്ലോകം തല്‍ക്കാലം വിടുന്നു)        

1. ആത്മാവ്.
2.ശരീരശക്തി
3. അതിതീക്ഷ്ണത
4. കോട്ടകള്‍
5. ബലം
6. ഉഷ്ണം
7.സ്വാധീനത
8. അഗ്‌നി
9. ശിവപൂജ
10. ധൈര്യം
11. മുള്ളുള്ള വൃക്ഷങ്ങള്‍
12.രാജാശ്രയം (സര്‍ക്കാര്‍ ജോലി) 13.എരിവ്
14. വാര്‍ധക്യം
15. ജന്തുക്കള്‍
16.ദുഷ്ടത
17. ഭൂമി
18. അച്ഛന്‍
19. സ്വാദ്
20.അറിവ് നേടല്‍
21.ആകാശനിരീക്ഷണം
22. ഭീരുത്വം
23.മനുഷ്യലോകം
24 .ചതുരാകൃതി
25. എല്ല്
26. പരാക്രമം
27. പുല്ല്
28. വയറ്
29. ഉത്സാഹം
30. കാട്
31. അയനം (വഴി)
32. കണ്ണുകള്‍
33. വനസഞ്ചാരം
34. നാല്‍ക്കാലി 35.രാജാവ്
36. യാത്ര
37. ചൂട്
38. വൃത്തം
39. വനയാത്ര
40. പെരുമാറ്റം
41. പിത്തം
42. പ്രാണന്‍
43. നേത്രരോഗം
44. വൃക്ഷം
45.നൈര്‍മല്യം
46. രാജ്യാധിപത്യം
47. രോഗമുക്തി
48. സൗരാഷ്ട്രദേശം
49. ആഭരണം
50. ശിരോരോഗം
51. മുത്ത്
52. ആകാശാധിപത്യം
53. ഹ്രസ്വത
54. കിഴക്ക്
55. ചെമ്പ്
56. രക്തം
57. രാജ്യം
58 രക്തനിറവസ്ത്രം
59. ചുവന്ന രത്നം
60. കല്ല്
61. തുറന്നപെരുമാറ്റം
62. നദീതീരം
63. പത്മരാഗം
64. നട്ടുച്ച
65. മുഖം
66. കോപം
67.ശത്രുവിജയം
68. സാത്വികഗുണം
69. രക്തചന്ദനം
70. കാവിനിറം
71. തടിച്ചനൂല്‍ കൊണ്ടുള്ള വസ്ത്രം.    

മലയാളശ്ലോകം കൂടി വായിക്കാം.  

അച്ഛനും ദേവനും രാജാ-
വാത്മാവും പ്രാണനസ്ഥിയും  
വൈദ്യം ജ്യോതിര്‍ ദിവാ
ധൈര്യം പ്രതാപം രാജസേവയും  
താമ്രം സുവര്‍ണം വിജയം  
ഹോമകാര്യങ്ങള്‍ പര്‍വ്വതം
ശിവകാര്യം വനം ശൗര്യം
ഉത്സാഹം ദേവതാഗൃഹം
നഖവും ദന്തവും ചര്‍മ്മം
ഓജസ്സും നേത്രമുന്നതി
ഗായത്രീമന്ത്രവും ശൈവ  
തന്ത്രവും ശിവലിംഗവും
താപസന്മാര്‍ തപസ്ഥാനം  
ഇതെല്ലാം സൂര്യനൊത്തിടും'
(ജാതക ദര്‍പ്പണം).  

ഇവ കൂടാതെ രാഷ്ട്രീയം, വൈദ്യം, തലച്ചോര്‍, ഹൃദയം, ആമാശയം, ഭരണകൂടം, സമിതികള്‍, അവയുടെ നേതൃത്വം, താമരപ്പൂവ്, ഗോതമ്പ്, എരിക്ക്, പകല്‍, ജ്യോതിഷവിദ്യ, പുരുഷന്‍, പൗരുഷം, പുരുഷ മേധാവിത്വം, വീരരസം, ഭേദോപായം, ഗര്‍വ്വ്, തല ഉയര്‍ത്തി നടക്കുന്ന ശീലം, ഊര്‍ജതന്ത്രം, നയം, ചുവന്നകാള, കൂവളം, വേനല്‍, ഗ്രീഷ്മ ഋതു, കാട്ടുതീ, വ്യവസ്ഥയെ അനുസരിക്കല്‍, പിതാവിന്റെ തൊഴില്‍ ചെയ്യല്‍, അധികാരം, ചൂടുള്ള ഭക്ഷണം, രാജവഴി, രാജതന്ത്രങ്ങള്‍, രാഷ്ട്രമീമാംസ, കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയര്‍- അങ്ങനെ നിത്യജീവിതത്തിലെ ഒരുപിടി കാര്യങ്ങള്‍കൂടി സൂര്യനെക്കൊണ്ട് ചിന്തിക്കാം.

ഇതോടൊപ്പം ഭാവകാരകത്വവുമുണ്ട്, ഓരോ ഗ്രഹത്തിനും ലഗ്നഭാവത്തിന്റെ കാരകന്‍ സൂര്യനാണ്. വ്യക്തി, വ്യക്തിത്വം, ഓജസ്സ്, തേജസ്സ്, ആരോഗ്യം, കീര്‍ത്തി, ജയം എന്നിവ ലഗ്നം കൊണ്ട് ചിന്തിക്കുന്നു. കൂടാതെ പിതൃഭാവമായ ഒമ്പതാം ഭാവത്തിന്റെയും കര്‍മ്മഭാവമായ പത്താമെടത്തിന്റെയും ഭാഗിക കാരകത്വവും സൂര്യന്‍ വഹിക്കുന്നുണ്ട്.

ഓര്‍മ്മിക്കുക, ഇത് അര്‍ദ്ധവിരാമം മാത്രമാണ്. എല്ലാം പറയാനായിട്ടില്ല. കാലത്തിന്റെ മാറ്റവും പ്രപഞ്ച പരിണാമവും ദൈവജ്ഞന്റെ പരിഗണനയില്‍ വരണം. അപ്പോള്‍ യുക്തിപൂര്‍വം എന്തും അയാള്‍ക്ക് ഗ്രഹങ്ങളുടെ അധികാരത്തിനൊപ്പം കൂട്ടിച്ചേര്‍ക്കാനാവും. ജീവിതം അടിമുടി മാറി, ജ്യോതിഷം പഴഞ്ചനായല്ലോ? എന്ന തോന്നല്‍ ശരിയല്ല. സ്വയം നവീകരിക്കാനും കാര്യങ്ങളെ യുക്തിസഹമായി വ്യഖ്യാനിക്കാനും ഉള്ള കഴിവ് ദൈവജ്ഞന്‍ നേടിയെടുക്കുമ്പോള്‍ ഒന്നും കാലഹരണപ്പെടില്ല. അപ്പോള്‍ മാത്രമാണ് ദൈവജ്ഞനും ജ്യോതിഷവും ലോകവും സമന്വയത്തിലാവുക. ആ വേളയിലാണ്,  സഹവര്‍ത്തിത്വത്തോടെയും തുല്യ വേഗതയിലും തോളോട്തോള്‍ ചേര്‍ന്നും തന്നെയാണ് അവ സഞ്ചരിക്കുന്നതെന്ന് പറയാന്‍ കഴിയുന്നതും.

സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയ കഥ

സപ്തസമുദ്രങ്ങളെ മധുരയിൽ വരുത്തിയ കഥ

ഭഗവാൻ സുന്ദരേശ്വരപാണ്ഡ്യനായി രാജനീതിക്ക് അല്പം പോലും കോട്ടം തട്ടാനിടവരാതെ രാജ്യം ഭരിച്ചു. ഭൂമി സസ്യധാന്യ സമ്പത്തുകൊണ്ട് കൂടുതൽ ധന്യയായി. വർഷം കാലാകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്നു.

ജനങ്ങൾ പാപരഹിതരായി ജീവിച്ചു.
ബാലമരണങ്ങളും ആധിവ്യാധികളും നിശ്ശേഷം ഇല്ലാതായി. ചുരുക്കി പറഞ്ഞാൽ ഭൂലോകം ശിവലോകമായി മാറി.

അങ്ങനെയിരിക്കുന്ന അവസരത്തിൽ ദിവ്യന്മാരായ മഹർഷിമാർ ഭഗവാനെ ദർശിക്കാൻ എത്തുമായിരുന്നു.

ഒരു ദിവസം മീനാക്ഷി .ഭഗവതിയുടെ അമ്മയായ കാഞ്ചനമാല ശ്രേയസ്കരങ്ങളായ ധർമ്മങ്ങൾ എന്താണെന്ന് ഗൗതമമുനിയോട് ചോദിച്ചു.
കായികവും, മാനസികവും, വാചികവുമായ ധർമ്മങ്ങളിൽ തീർത്ഥാടനമാണ്
ഏറ്റവും ഉചിതമായ ധർമ്മമെന്ന് മുനി പറഞ്ഞു. തീർത്ഥാടനം കൊണ്ട് ഭക്തിയും മുക്തിയും ആഗ്രഹസിദ്ധിയും കൈവരും.

അതിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത് സമുദ്രസ്നാനമാണ്. ഇത് കേട്ടപ്പോൾ കാഞ്ചനമാല തടാതകയോടു തനിക്ക് സമുദ്രസ്നാനം ചെയ്യുന്നതിന് വഴിയുണ്ടാക്കണമെന്ന് അപേക്ഷിച്ചു.

തടാതക അമ്മയ്ക്ക് സമുദ്രസ്നാനം ചെയ്യണമെന്നുള്ള അതിയായ ആഗ്രഹത്തെ സുന്ദരേശ്വരനോട് അറിയിച്ചു. ഭഗവാൻ പറഞ്ഞു:

"പ്രിയതമേ നിന്റെ മാതാവ് ഒരു സമുദ്രത്തിൽ സ്നാനം ചെയ്യണമെന്നല്ലേ ആഗ്രഹിക്കുന്നത്. എന്നാൽ ഞാൻ ഏഴു
സമുദ്രങ്ങളേയും ഇപ്പോൾത്തന്നെ മധുരയിൽ വരുത്താം.”

ഉടൻതന്നെ മധുരയുടെ കിഴക്കുള്ള തടാകത്തിൽ ഗംഭീരമായ ശബ്ദ
ത്തോടുകൂടി ഏഴു സമുദ്രങ്ങളും വന്നുപൊങ്ങി. മായാമയനായ
ഭഗവാനെക്കൊണ്ടല്ലാതെ മറ്റാർക്കിങ്ങനെ കഴിയും!

അന്നുമുതൽ ആ സരസ്സ് 'സപ്താബ്ദി' എന്നു വിളിക്കപ്പെട്ടു .

ഇതിൽ കുളിക്കുന്നവർക്ക് മോക്ഷംലഭിക്കുമെന്നുള്ളത് തീർച്ചയാണ്.

വാസനകള്‍

വാസനകള്‍

മനുഷ്യന്‍ ജനിച്ചു വരുന്നത്‌ വാസനകളോടു കൂടിയാണ്‌ എന്നു പറയാറുണ്ട്‌. എന്താണ്‌ ഈ വാസനകള്‍? മുമ്പുണ്ടായിരുന്ന ജന്മങ്ങളില്‍ പലതവണ ആവര്‍ത്തിച്ച്‌ അനുഭവിച്ച കാര്യങ്ങളോട്‌ നമുക്കുണ്ടായിത്തീരുന്ന അടുപ്പം അഥവാ അഭിനിവേശം ആണ്‌ ഇവ. അതായത്‌ കുറേ തവണ ഇടപെടുന്ന ആളോട്‌ നമുക്കുണ്ടാകുന്ന മാനസികമായ അടുപ്പം പോലെ അനുഭവങ്ങളോടും നമുക്ക്‌ അടുപ്പം ഉണ്ടാകും - പിന്നീട്‌ അവ ഇല്ലാതെ ജീവിക്കുവാന്‍ സാധിക്കില്ല എന്ന തോന്നല്‍ ഉണ്ടാകും. ശീലം കൊണ്ട്‌ ഈ അടുപ്പത്തിന്റെ തീവ്രത വര്‍ദ്ധിക്കുന്നു. പുകവലി, ലഹരി ഉപയോഗം എന്നിവയുടെ ഉദാഹരണം എടുത്താല്‍ ഇത്‌ വളരെ പെട്ടെന്ന്‌ മനസ്സിലാകും. അങ്ങനെ നേരത്തെ തന്നെ സൂക്ഷ്മശരീരത്തില്‍ ഉണ്ടായിട്ടുള്ള സംസ്കാരം ആണ്‌ വാസനകള്‍. ശീലം കൊണ്ട്‌ ഇവയുടെ തീവ്രത വര്‍ദ്ധിക്കും എന്നു പറഞ്ഞപ്പോള്‍ തന്നെ ശീലം ഇല്ലാഴിക കൊണ്ട്‌ ഇവയെ ഒഴിവാക്കുവാനും സാധിക്കും എന്ന്‌ അര്‍ഥം ലഭിക്കുമല്ലൊ. തന്നെയുമല്ല ഇവയെ തന്നെ നല്ലതും ചീത്തയും എന്നും തിരിക്കാം.

ഈ തത്വങ്ങളെ യോഗവാസിഷ്ഠത്തില്‍ വസിഷ്ഠമഹര്‍ഷി ശ്രീരാമന്‌ ഉപദേശിക്കുന്ന ഒരു ഭാഗം നോക്കാം-
"ശുഭാശുഭാഭ്യാം മാര്‍ഗ്ഗാഭ്യാം വഹന്തീ വാസനാസരിത്‌
പൗരുഷേണ പ്രയത്നേന യോജനീയാ ശുഭേ പഥി"

ശുഭവും അശുഭവും ആയ മാര്‍ഗ്ഗങ്ങളില്‍ കൂടി ഒഴുകുന്ന വാസന ആകുന്ന നദിയെ പൗരുഷങ്ങളാല്‍ - (കര്‍മ്മങ്ങളാല്‍) ശുഭമായ വഴിയിലേക്ക്‌ തിരിച്ചു വിടണം.

പറഞ്ഞപ്പോള്‍ എളുപ്പം കഴിഞ്ഞു. എന്നാല്‍ ഇതൊക്കെ മനസ്സിലാകാണമെങ്കിലോ? പ്രാവര്‍ത്തികമാക്കണമെങ്കിലോ?
നാം എങ്ങനെ ആണ്‌ നമുക്കു ചുറ്റും ഉള്ള പ്രപഞ്ചത്തോട്‌ ഇടപെടുന്നത്‌? ഇന്ദ്രിയങ്ങളില്‍ കൂടി. എന്നാല്‍ ഇന്ദ്രിയങ്ങള്‍ ഉറങ്ങുന്ന സമയത്തും ഉണ്ടായിട്ടും അന്നേരം നമുക്ക്‌ ഈ അനുഭവം ഉണ്ടാകുന്നില്ലല്ലൊ. അപ്പോള്‍ ഇന്ദ്രിയങ്ങള്‍, മനസ്‌ , ബുദ്ധി തുടങ്ങി പലഘടകങ്ങളുടെ പ്രവര്‍ത്തനം ഇതില്‍ ഉള്‍പ്പെടുന്നു എന്ന്‌ മനസ്സിലാക്കാം.
എന്താണ്‌ ഈ മനസ്സ്‌? അത്‌ ഇന്ദ്രിയങ്ങളെ പോലെ വേര്‍തിരിച്ചു കാണിക്കുവന്‍ സാധിക്കുന്ന ഒരു ദ്രവ്യം അല്ല. പിന്നെയോ?

പരീക്ഷണശാലയില്‍ വിശകലനം ചെയ്തു ബോദ്ധ്യപ്പെടുത്താവുന്ന ഒരു വസ്തുവും അല്ല.

മനസ്സിനെ പറ്റിയും ശ്രീരാമന്‍ വസിഷ്ഠനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞത്‌- " നാം ആകാശം എന്നു പറഞ്ഞിട്ട്‌ എന്തിനേയോ മനസ്സിലാക്കുന്നില്ലേ?, വാസ്തവത്തില്‍ എന്തിനെ എങ്കിലും അറിയുന്നുണ്ടോ? ശൂന്യവും ജഡവുമായ ഒന്നിനെ എങ്ങനെ ആണ്‌ മനസ്സിലാക്കുക? അതുപോലെ തന്നെ ആണ്‌ മനസ്സിന്റെയും സ്ഥിതി" 
ആകാശം എന്നതു കൊണ്ട്‌ നാം മുകളില്‍ കാണുന്ന വ്യാവഹാരിക ആകാശം അല്ല ഉദ്ദേശിച്ചത്‌ - പഞ്ചഭൂതങ്ങളിലെ ആകാശം ആണ്‌. അത്‌ ശുദ്ധമായ ശൂന്യത - absolute space ആണെന്നു പറയുന്നു. അതിനെ മനസ്സിലാകുവാന്‍ ബുദ്ധിമുട്ടാണ്‌. അതുപോലെ തന്നെ ആണ്‌ മനസ്സും എന്ന്‌.

ഈ ഉത്തരത്തില്‍ മറ്റൊരു വലിയ തത്വം കൂടി ഒളിഞ്ഞു കിടക്കുന്നു. മനസ്സ്‌ എന്നത്‌ ഒരാളില്‍ ഒതുങ്ങി കഴിയുന്ന ഒരു തത്വം അല്ല - പിന്നെയോ അത്‌ universal ആണ്‌. അത്‌ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഒരു തത്വമാണ്‌. ബ്രഹ്മാണ്ഡവ്യാപിയായ പ്രപഞ്ചമനസ്സ്‌.

ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശ്രീശങ്കരാചാര്യര്‍ സൂചിപ്പിക്കുന ഒരു തത്വം ഉണ്ട്‌, എവിടെ ചലനം കണ്ടാലും അതിനു പിന്നില്‍ ഒരു ചേതനസങ്കല്‍പം ഉണ്ടെന്ന്‌.

എന്തു ചലനം ഉണ്ടാകണം എങ്കിലും അത്‌ വ്യക്തമായ ഒരു planning ന്റെ ഫലമായേ ഉണ്ടാകൂ. ആ planning തുടങ്ങുന്ന ഒരു ചേതന - അഥവാ ബോധം അതിനു പിന്നില്‍ ഉണ്ടായേ ഒക്കൂ.

ഇല്ലെങ്കില്‍ എന്തില്‍നിന്നും എന്തും ഉണ്ടാകാം എന്ന അരക്ഷിതാവസ്ഥ ഉണ്ടാകും.

ഈ planning നടത്തുന്ന തന്ത്രം - technoLogy, അതു നടപ്പിലാക്കുന്ന യന്ത്രം machinery ഇവയെ രണ്ടിനെയും ധരിക്കുന്നത്‌ വായു (പഞ്ചഭൂതങ്ങളിലെ വായു) ആണ്‌ എന്ന്‌
"വായുസ്തന്ത്രയന്ത്രധര:" എന്ന വാക്യത്തില്‍ പറയുന്നു

വായുവിന്റെ ധര്‍മ്മമാണ്‌ ചലനം. അതിനെ നിയന്ത്രിക്കുന്ന ബോധവും സര്‍വവ്യാപിയാണ്‌- universal ആണ്‌. അഥവാ ആ ബോധ തന്നെ ആണ്‌ പരമാത്മതത്വം. അതിനെ സൂചിപ്പിക്കുന്നു ഈ മന്ത്രം-
"ഭയാദസ്യാഗ്നിസ്തപതി
ഭയാത്തപതി സൂര്യഃ
ഭയാദിന്ദ്രശ്ച വായുശ്ച
മൃത്യുര്‍ധാവതി പഞ്ചമഃ".
ഇങ്ങനെ ഉള്ള, നമ്മില്‍ തന്നെ ഉള്ള ഈ ബോധത്തെ നാമറിയാതെ മറച്ചു വയ്ക്കുന്നവന്‍ ആരാണ്‌, അഥവാ ഈ ബോധം നാം അറിയുവാതിരിക്കുവാന്‍ സഹായിക്കുന്നത്‌ ആരാണ്‌? അത്‌ മനസാണ്‌.

ആ മനസ്സും universal ആണെന്ന്‌ നേരത്തെ പറഞ്ഞു.

അരണികള്‍ കടയുമ്പോള്‍ അഗ്നിയുണ്ടാകുന്നു, രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉരയുമ്പോള്‍ തീയുണ്ടാകുന്നു. മുമ്പില്ലാതിരുന്ന തീ പുതിയതായി ഉണ്ടാകുവാന്‍ സാധിക്കുകയില്ല. തീ ഏതെങ്കിലും ഒരു രൂപത്തില്‍ ആ വസ്തുക്കളില്‍ ഉണ്ടായിരുന്നു എന്നു കരുതേണ്ടി വരും. അല്ലെങ്കില്‍ എവിടെ നിന്നു വന്നു?

അപ്പോള്‍ എല്ലാ വസ്തുക്കളിലും അഗ്നി ഉണ്ട്‌, പക്ഷെ അതു വെളിപ്പെടുന്നത്‌ രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉണ്ടാകുന്ന സമ്പര്‍ക്കത്തിലായി എന്നു മാത്രം.

ഇതെ പോലെ ഇന്ദ്രിയങ്ങളും ഇന്ദ്രിയാര്‍ഥങ്ങളും തമ്മില്‍ബന്ധപ്പെടുമ്പോല്‍ തല്‍ക്കാലം ഉണ്ടാകുന്ന ഒരു സങ്കല്‍പമാണ്‌ മനസ്സ്‌ എന്നു പറയാം.

അഗ്നി എല്ലാ വസ്തുക്കളിലും ഉണ്ട്‌ എന്നു വച്ച്‌ അത്‌ അപകടകാരിയാകുന്നില്ല. അഗ്നിയെ വേണ്ട വിധം നിയന്ത്രിച്ചുപയോഗിച്ചാല്‍ അത്‌ നമുക്ക്‌ ഇഷ്ടഫലത്തെ പ്രദാനം ചെയ്യുന്നവനും അണ്‌, പക്ഷെ അനിയന്ത്രിതമായാല്‍ അത്‌ അപകടകാരിയും ആണ്‌. ഇതുപോലെ തന്നെ ആണ്‌ മനസ്സിന്റെ കാര്യവും.

ഈ മനസ്സ്‌ എന്ന സങ്കല്‍പശക്തി തുടക്കത്തില്‍ ഒരു ചെറു ദീപനാളം പോലെ ഉണ്ടാകുന്നു എങ്കിലും അതിന്റെ ക്രമേണ ഉള്ള പോഷണം - അതായത്‌ കൂടുതല്‍ കൂടുതല്‍ അതിനെ ഉപയോഗിച്ചു കൊണ്ടിരുന്നാല്‍- അതു വളര്‍ന്ന്‌ വളര്‍ന്ന്‌ ഈ ബ്രഹ്മാണ്ഡത്തെ പോലും നശിപ്പിക്കുവാന്‍ കെല്‍പുള്ളതാകും, മറിച്ച്‌ അതിനെ അതിന്റെ ഉറവിടത്തില്‍ തന്നെ ഉപശമിപ്പിച്ചാല്‍ അതു വീണ്ടും പൊതിവരുവാന്‍ കഴിവുള്ള വണ്ണം അടങ്ങി ഇരിക്കും.

എന്നാല്‍ നിയന്ത്രിതമായി അതിനെ ഉപരോധിച്ചാല്‍ - ബോധപൂര്‍വം അതിനെ അടക്കിയാല്‍- അതെങ്ങോ പോയിമറയും, സച്ചിദാനന്ദസ്വരൂപനായ പരമപുരുഷന്‍ വെളിപ്പെടുകയും ചെയ്യും.

എണ്ണമില്ലാത്തത്ര പ്രാപഞ്ചികദൃശ്യങ്ങളെ കാട്ടി നമ്മെ വഴിതെറ്റിക്കുന്നത്‌ ഈ മനസ്സിന്റെ അനിയന്ത്രിതമായ അവസ്ഥയാണ്‌, മനസ്സിന്റെ ആസ്വഭാവം നിയന്ത്രിതമായാലോ ? ദ്വൈതഭാവം അസ്തമിച്ചു -

"മനോദൃശ്യമിദം ദ്വൈതം യത്‌കിഞ്ചിത്‌ സചരാചരം
മനസോ ഹ്യമനീഭാവേ ദ്വൈതം നൈവോപലഭ്യതേ"

എന്നു മാണ്ഡൂക്യകാരികയില്‍ പറയുന്നത്‌ ഇതു തന്നെ ആണ്‌.

ഈ മനസ്സിനെ നിശ്ശേഷം ഇല്ലാതാകുവാന്‍ അനുവദിക്കാതെ നിലനിര്‍ത്തുന്നതും അവസരം കിട്ടുമ്പോള്‍ തളിര്‍ക്കുവാന്‍ സഹായിക്കുന്നതും ആയ വസ്തുവാണ്‌ നാം ആദ്യം കണ്ട 'വാസന'

അതുകൊണ്ട്‌ ആ വാസനകളെ അഭ്യാസം കൊണ്ട്‌ ശുഭമാര്‍ഗ്ഗത്തിലേക്കു തിരിച്ചു വിട്ട്‌, മനസ്സിനെ നിഗ്രഹിച്ച്‌ നിത്യസത്യത്തെ അനിഭവിക്കുവാന്‍ വേദാന്തം ഉപദേശിക്കുന്നു.

മനസ്സാണ്‌ ബന്ധത്തിനും മോക്ഷത്തിനും കാരണം-

"മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ
ബന്ധായ വിഷയാസക്തം മുക്ത്യൈ നിര്‍വിഷയം സ്മൃതം"

വിഷയാസക്തമായ മനസ്‌ ബന്ധങ്ങള്‍ക്കായും, നിര്‍വിഷയമായത്‌- വിരക്തമായത്‌ മോക്ഷത്തിനും കാരണമാകുന്നു.

ഈ ജീവിതത്തില്‍ തന്നെ ഈ തത്വങ്ങള്‍ മനസ്സിലാക്കി, അവനവന്റെ ധര്‍മ്മങ്ങള്‍ വൃത്തിയായി നിറവേറ്റിക്കൊണ്ടിരിക്കുവാന്‍ അവസരം കിട്ടുന്ന ഭാഗ്യവാന്മാര്‍ ഈ ജന്മത്തില്‍ തന്നെ മുക്തന്മാരാകുന്നു- കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പണമായി ചെയ്യുക...