ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 November 2021

ഇടംപിരിയും വലംപിരിയും

ഇടംപിരിയും വലംപിരിയും

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്, ഇടത് വശത്തും വലതു വശത്തും തുമ്പി കൈയുള്ള വിഗ്രഹങ്ങള്‍. അവ രണ്ടും തമ്മില്‍ എന്താണ് വ്യത്യാസം?

തുമ്പിക്കൈയുടെ ആദ്യത്തെ വളവ് വലതു വശേത്തക്കായിരിക്കുന്ന മൂര്‍ത്തിയെ         ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമുഖി മൂര്‍ത്തി എന്നു പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശയമലോകേത്തക്ക് നയിക്കുന്നു.

എന്നാല്‍ വലതു ഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യേത്താടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും. അതേപോലെ,           സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട്           കാരണങ്ങളാല്‍ വലതു ഭാഗത്തേക്ക് തുമ്പികൈയുള്ള ഗണപതി                                   ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ               കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല.       കര്‍മ്മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

എന്നാല്‍ തുമ്പിക്കൈയുടെ ആദ്യത്തെ വളവ് ഇടതു വശേത്തക്ക് ആയിരിക്കുന്ന           വിഗ്രഹത്തെ വാമമുഖി എന്നു പറയുന്നു. വാമം എന്നാല്‍ ഇടതു ഭാഗം, അഥവാ  വടക്കു ദിശ. ഇടതു ഭാഗത്തുള്ള ചന്ദ്രനാഡി ശീതളത പകരുന്നു, അതുപോലെവടക്കുദിശ ആധ്യാത്മിക ഉന്നതിക്ക് അനുയോജ്യവും ആനന്ദദായകവുമായതിനാല്‍ വീടുകളില്‍ വാമമുഖി ഗണപതിയെയാണ് കൂടുതലായും പൂജിക്കുന്നത്!!

മത്തവിലാസം കൂത്ത്...

മത്തവിലാസം കൂത്ത്...

കേരളത്തിലെ അപൂർവം ശിവ ക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള കൂത്താണ് മത്തവിലാസം. മൂന്ന് ദിവസത്തെ അവതരണം കൊണ്ടാണ് ഒരു മത്തവിലാസം കൂത്ത് പൂർത്തിയാകുന്നത്.

ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവനെ തപസ്സുചെയ്യുന്ന സത്യസോമനെന്ന ബ്രാഹ്മണൻ ശിവന്റെ നിർദ്ദേശാനുസരണം കപാലി വേഷത്തിൽ നൃത്തം ചെയ്യുന്നുവെന്നാണ് സങ്കല്പം.സത്യസോമന്റെ നൃത്തം കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. സന്താനലബ്ധിക്കുള്ള പ്രാർഥനാ സാഫല്യമായാണ് ഭൂരിഭാഗം മത്തവിലാസം കൂത്തുകളും കഴിപ്പിക്കുന്നത്.

പല്ലവ രാജാവായ മഹേന്ദ്രവിക്രമ വർമ്മൻ (600-630 CE) ആണ് മത്തവിലാസം പ്രഹസനത്തിന്റെ രചയിതാവ്.

സന്താനലബ്ദി, കാര്യസിദ്ധി എന്നിവയ്ക്ക് നല്ലതാണ് മത്തവിലാസപ്രഹസനം അവതരിപ്പിക്കുന്നത് എന്ന് പൊതുവായി ഒരു ധാരണ ഉണ്ട്.

കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്തിലെ പ്രത്യേകത. അത് കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടസിദ്ധി ഉണ്ടാകും എന്ന് കരുതപ്പെടുന്നു. മൂന്നു ദിവസമായാണ് കൂത്ത് അവതരിപ്പിയ്ക്കുന്നത്.ആദ്യ ദിവസം പുറപ്പാട്, രണ്ടാം ദിവസം നിർവഹണം, മൂന്നാം ദിവസം കപാലി എന്നിങ്ങനെ ആണ് അവതരണ രീതി. ഒന്നാം ദിവസം രംഗക്രിയകൾ കഴിഞ്ഞ് സൂത്രധാരൻ രംഗത്ത് വന്ന് സ്ഥാപനയിലെ “ഭാഷാവേഷവപു..” എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലി അവതരിപ്പിയ്ക്കാൻ പോകുന്ന കഥയെ പറ്റി പറയുന്നു. പിന്നീട് കൂടിയാട്ടം ചടങ്ങുകൾക്കനുസരിച്ചുള്ള നൃത്തവും മറ്റുമാണ്.

രണ്ടാം ദിവസം നിർവഹണത്തിൽ ചാക്യാർ അനുക്രമമായും സംക്ഷേപമായും കഥ പറയുന്നു. അനുക്രമം എന്നത് ഇന്നത്തെ അവസ്ഥ പറയുന്നതാണ്. അതായത് സത്യസോമനും ദേവസോമയും എങ്ങനെ കപാലികളായി തീർത്ഥാടനം ചെയ്യുന്നു എന്നത്. സംക്ഷേപമായി പറയുന്നത് പൂർവ കഥയാണ്. സത്യസോമൻ എങ്ങനെ കപാലി ആയിത്തീർന്നു എന്ന പൂർവകഥ വിവരിയ്ക്കുന്നു. ഇവിടെ ഈ കഥ സംവിധായകൻ കൂട്ടിച്ചേർത്തതാവണം. സത്യസോമനും ദേവസോമയും സുഖമായി വാഴുന്ന കാലത്ത് സത്യസോമൻ ശിവക്ഷേത്ര ദർശനം നടത്തുന്ന സമയം ബ്രാഹ്മണകുട്ടികൾ പ്ലാശിന്റെ കൊമ്പ് മുറിയ്ക്കുന്നത് കാണുകയും അവരെ സഹായിക്കാനായി സത്യസോമൻ മരത്തിൽ കയറി കൊമ്പു മുറിയ്ക്കാൻ തുടങ്ങുകയും ഇടയ്ക്ക് മഴുവീണ് താഴെ നിൽക്കുന്ന ഒരു ബ്രാഹ്മണകുട്ടി മരിയ്ക്കുന്നതും ആണ് കഥ. സത്യസോമൻ പ്രായശ്ചിത്തം ചെയ്യാൻ തെരഞ്ഞെടുത്ത വഴി കപാലിയുടെ വഴി അയിരുന്നു. ഇത്രയും കഥകൾ വാചികം ഇല്ലാതെ മുദ്രകളിലൂടെ ചാക്യാർ അരങ്ങത്ത് അവതരിപ്പിക്കുന്നു. മഹാവ്രതം നോൽക്കുന്ന കപാലി ശിവന്റെ പ്രതിപുരുഷൻ എന്നാണ് സങ്കൽപ്പം.

മൂന്നാംദിവസമാണ് കപാലി രംഗത്ത് വരുന്നത്. ദേവസോമ ഇക്കാലത്ത് രംഗത്തിൽ വരുന്നില്ല എന്ന് സൂചിപ്പിച്ച് കണ്ടു. അത് നടീനടന്മാരുടെ എണ്ണം കുറയ്ക്കാനായിരിക്കാം. ദേവസോമയുടെ ഭാഗം നങ്ങ്യാരമ്മ തീർക്കുകയായിരിക്കാം. ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവരും രംഗത്ത് വരുന്നില്ല. അതിനുകാരണം അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്തുമ്പോൾ ഭ്രാന്തനും ബുദ്ധഭിക്ഷുവും രംഗത്ത് വരാൻ സാധിക്കില്ല എന്നതാണ്.

എന്തായാലും, തികച്ചും ഹാസ്യാമായ ഒരു കഥയെ അതിലെ ഹാസ്യത്തിനെ മാറ്റി ഭക്തിരസപ്രധാനമാക്കി മാറ്റി എന്നതാണ് ഇത്തരം ഒരു അവതരണ രീതി കൊണ്ട് സാധിച്ചത്. എന്നാലല്ലെ അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്താൻ പറ്റൂ.

വിഘ്‌ന വിനാശകാനായ ഗണപതി

വിഘ്‌ന വിനാശകാനായ ഗണപതി

നമ്മള്‍ ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്‌ന വിനാശകാനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്. ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും ഉത്തമമാണ്. ഗണേശപൂജയ്ക്ക്, ഉണ്ടാക്കുന്നതോ, വാങ്ങിക്കുന്നതോ ആയ വിഗ്രഹങ്ങള്‍ ലക്ഷണമുള്ളതായിരിക്കണം; ജീവനുറ്റതായിരിക്കണം.ഗണേശ വിഗ്രഹങ്ങളുടെ മുമ്പില്‍ പ്രസാദം (തേങ്ങ, അട, മോദകം, ഉണ്ണിയപ്പം, പഴങ്ങള്‍ എന്നിവ അവല്‍ മലരിനോടൊപ്പം ചേര്‍ത്ത പ്രസാദം) സമര്‍പ്പിച്ച്‌ കറുകപ്പുല്ല്, മുക്കുറ്റി, ചുവന്ന പുഷ്പങ്ങള്‍ എന്നിവ മന്ത്രം ചൊല്ലി അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കാവുന്നതാണ്.

പൂജാ ഹോമങ്ങള്‍ അറിയാവുന്നവര്‍ക്ക് പൂജ ചെയ്ത് മന്ത്രങ്ങളാല്‍ അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കാം.പൂജയ്ക്കായാലും, അര്‍ച്ചനയ്ക്കായാലും അര്‍പ്പണ മനോഭാവത്തോടെ പൂജ ചെയ്ത് മന്ത്രാര്‍ച്ചന, നടത്തിയാല്‍ ഫലം ഇരട്ടിയാകും. ഇടയ്ക്ക് വര്‍ത്തമാനം പറയാനോ, എഴുന്നേല്‍ക്കാനോ പാടില്ല. പൂജ ചെയ്ത വിഗ്രഹം വിനായക ചതുര്‍ത്ഥിയുടെ അന്നത്തെ ആഘോഷത്തോടെ ജലാശയത്തില്‍ ഒഴുക്കിവിടണം. ഗണേശ ചതുര്‍ത്ഥിക്ക് വ്രതം എടുക്കുന്നതും നല്ലതാണ്. ഏത് കാര്യത്തിനൊരുങ്ങിയാലും തടസ്സങ്ങള്‍, മറവി, ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വ്രതത്തോടെ മന്ത്രങ്ങളും നാമങ്ങളും ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഗണേശാനുഗ്രഹം ഉണ്ടാകും.

ഗണേശാഷ്‌ടോത്തരം, ഗണേശ സഹസ്രനാമം എന്നിവ വ്രതത്തോടെ ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ വിദ്യയില്‍ എത്ര മോശമായ കുട്ടികളും മിടുക്കരായിത്തീരും. മാത്രമല്ല ഗണേശ ചതുര്‍ത്ഥി ദിവസം ചെയ്യുന്ന പൂജ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാനും അഭീഷ്ടസിദ്ധിക്കും ഫലപ്രദം. വിനായക ചതുര്‍ത്ഥിക്ക് ക്ഷേത്ര ദര്‍ശനം നടത്തിയാലും സര്‍വ്വ ദോഷങ്ങളും ഹനിക്കപ്പെടും.ബുദ്ധിയുടെയും ശക്തിയുടെയും ദേവനാണ് ഗണപതി. അതിനാല്‍ എല്ലാ വിദ്യയുടെയും അറിവിന്റെയും അടിത്തറയായി ഗണേശനെ ആരാധിക്കാം. ഉന്നത വിദ്യാഭ്യാസത്തിന് കാത്തിരിക്കുന്ന കുട്ടികള്‍ ഗണേശപൂജ നടത്തിയോ, നടത്തിച്ചോ, ഗണപതി മന്ത്രങ്ങള്‍ ജപിച്ചാല്‍ ഉദ്ദേശിച്ച ഫലപ്രാപ്തിയുണ്ടാകും.

ചിട്ടയോടുകൂടിയുള്ള ജീവിതം തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നിത്യവും സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കു തെളിച്ചു പ്രാർഥിക്കുന്നത് ആ ദിനം മുഴുവൻ പോസിറ്റീവ് ഊർജ്ജം നിറഞ്ഞതാവാൻ സഹായിക്കും. പ്രാർഥനകളിൽ  മനസ്സിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. ശക്തിയുടെ ഉറവിടങ്ങളാണ് മന്ത്രങ്ങൾ.
ബുദ്ധികാരകനായ ഗണപതിയുടെ മന്ത്രങ്ങള്‍ എല്ലാ ചതുര്‍ത്ഥി ദിവസവും (എല്ലാ മാസത്തിലെയും ചതുര്‍ത്ഥി ദിവസം) 108 പ്രാവശ്യം ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഇഷ്ടസിദ്ധിയാണ് ഫലം.

ഉത്തമനായ ഗുരുവിൽ നിന്ന് മന്ത്രം സ്വീകരിക്കുന്നതാണ് ഏറെ നല്ലത്. സ്വീകരിച്ചതിന് ശേഷം മന്ത്രങ്ങൾ ജപിക്കുമ്പോൾ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. ആവശ്യമുള്ളവർക്ക് മാനസപൂജയും ചെയ്യാവുന്നതാകുന്നു.

‘ഓം ഗം ഗണപതയെ നമഃ’ ഇതാണ് മൂലമന്ത്രം.

ഓം ഗം നമഃ ബീജഗണപതിമന്ത്രം

മഹാഗണപതി മന്ത്രം
അഭീഷ്ടസിദ്ധി മന്ത്രമാണ്.

”ഓം ശ്രീം ക്ലീം ഗ്ലൗം ഗം ഗണപതയെ വരവരദ സര്‍വ്വ ജനം മേ വശമാനായ സ്വാഹഃ”

ഈ അത്ഭുത ശക്തിയുള്ള മന്ത്രം നിത്യേന രാവിലെ 108 പ്രാവശ്യം ജപിച്ചാല്‍ ധനലാഭം, വശ്യശക്തി എന്നിവയും ഉന്നത വിദ്യാഭ്യാസവും തൊഴിലും ലഭിക്കും.
മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവർക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആർക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സർവ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളിൽ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്. സത്സ്വഭാവാണ് മന്ത്രജപത്തിന്റെ മറ്റൊരു ഫലപ്രാപ്തി.

ലക്ഷ്മീവിനായകം

സാമ്പത്തികസ്ഥിതി മോശമായാല്‍ സ്വഭവനത്തില്‍ നിത്യവും പ്രഭാതങ്ങളില്‍ ജപിക്കാവുന്ന ഗണപതിമന്ത്രങ്ങളില്‍ ഒന്നാണ് 'ലക്ഷ്മീവിനായകം'.

സൂര്യോദയത്തിന് മുമ്പ് ജപിച്ചാല്‍ ഫലം സുനിശ്ചിതം.

ആദ്യം ഗണപതി ധ്യാനം (ഒരു പ്രാവശ്യം):

'ഓം ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോധരം വിശാലാക്ഷം
വന്ദേഹം ഗണനായകം'

തുടര്‍ന്ന്‍, 108 ഉരുജപിക്കുക ലക്ഷ്മീവിനായകമന്ത്രജപം.

ലക്ഷ്മീവിനായകമന്ത്രം:

ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ.

ഇത് ദാരിദ്യശാന്തി നൽകും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തിൽ ഓജരാശിയിൽ നിൽക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തിൽ കേതു നിൽക്കുന്ന ജാതകർക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.

ക്ഷിപ്രഗണപതി മന്ത്രം:

'ഗം ക്ഷിപ്ര പ്രസാദനായ നമഃ'

തടസശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു. 108 ആണ് ജപസംഖ്യ.

വശ്യഗണപതി മന്ത്രം

ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ'

ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു. 108 ആണ് ജപസംഖ്യ.

ഗണപതിഹോമം

ഹിന്ദു വിശ്വാസികള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.

മാസം തോറും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും ഉത്തമമാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.

എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍, എള്ള്, ഗണപതി നാരങ്ങ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.

നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.

ഗണപതി ഹോമം നടത്തി തരുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്.

ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍‌വാങ്ങുകയാണ് വേണ്ടത്. പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.

ഗണപതിഹോമവും ഫലങ്ങളും

പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :

അഭീഷ്ടസിദ്ധി :

അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.

ഐശ്വര്യം :

കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.

മംഗല്യസിദ്ധി :

ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.

സന്താനഭാഗ്യം :

സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.

ഭൂമിലാഭം :

താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക.

പിതൃക്കളുടെ പ്രീതി:

എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.

ആകര്‍ഷണത്തിന് :

മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം

കലഹം തീരാന്‍ :

ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.

ചെംഗണപതിഹോമം

വീട്ടമ്മമാർ‌ക്കു നിത്യവും വീട്ടിൽ ചെയ്യാവുന്ന ഗണപതിഹോമമാണു ചെംഗണപതിഹോമം. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ

‘‘ഓം ഗം ഗണപ തയേ നമഃ’’

ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ‌ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.

ഗണപതി ഗായത്രികൾ:

ഓം ഏക ദന്തായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
(ഫലം: ഉദ്ദിഷ്ടകാര്യസിദ്ധി)

ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
(ഫലം: സർ‌വ തടസ്സങ്ങളും അകന്നു വിജയം നേടും)

മാമ്പഴപ്പുളിശ്ശേരി ക്ഷേത്ര നിവേദ്യം

മാമ്പഴപ്പുളിശ്ശേരി ക്ഷേത്ര നിവേദ്യം

വിഷുസദ്യയിലെ പ്രധാന വിഭവമായ മാമ്പഴപ്പുളിശ്ശേരി വഴിപാടായി തയ്യാറാക്കുന്ന ക്ഷേത്രമുണ്ട് കോട്ടയം ജില്ലയിൽ. തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രത്തിൽ. വിഷുവിന് തലേന്ന് ഭക്തർ തന്നാലാകുംവിധം നാടൻ മാമ്പഴം ക്ഷേത്രത്തിൽ നടയ്ക്ക് വെയ്ക്കും. പിറ്റേന്ന് ചീട്ടാക്കി ഭക്തർക്ക് ഭഗവാന് മുന്നിൽ നേദിച്ച പുളിശേരി വഴിപാടായി നൽകും. 'കഴിഞ്ഞ തവണ കോവിഡ്മൂലം ചടങ്ങ് പോലെയേ നടത്തിയുള്ളൂ. എന്നാൽ, വർഷങ്ങളായി മുടങ്ങാതെ നടത്തുന്ന ആചാരമാണിത് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി സജികുമാർ തിനപ്പറമ്പിൽ പറയുന്നു.
ചങ്ങനാശ്ശേരിയിൽനിന്ന് 2.5 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രം പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടിരിക്കുന്ന അഞ്ച് വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ്. മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വർഗീയ വാസസ്ഥലങ്ങളിലും ഒന്നുമാണിത്. പാണ്ഡവരിൽ ഇളയവനായ സഹദേവനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി ആരാധിച്ചെന്നാണ് വിശ്വാസം.
ഐതിഹ്യം ഇങ്ങനെ: ശ്രീകൃഷ്ണന്റെ സ്വർഗാരോഹണ ശേഷം പാണ്ഡവർ ദ്രൗപദീസമേതരായി തീർത്ഥാടനത്തിന് പുറപ്പെട്ടു. തങ്ങളുടെ തേവാരമൂർത്തികളെ ഉചിത ക്ഷേത്രം പണിത് പ്രതിഷ്ഠിക്കുകയായിരുന്നു തീരുമാനം. അതനുസരിച്ച് മൂത്തവനായ യുധിഷ്ഠിരൻ ചെങ്ങന്നൂരിലെ തൃച്ചിറ്റാറ്റും രണ്ടാമനായ ഭീമസേനൻ തൃപ്പുലിയൂരും അർജുനൻ തിരുവാറന്മുളയിലും നാലാമനായ നകുലൻ തിരുവൻവണ്ടൂരിലും പ്രതിഷ്ഠ നടത്തി. എന്നാൽ, സഹദേവന് സ്വന്തമായി വിഗ്രഹമുണ്ടായിരുന്നില്ല. ഇതിൽ മനംനൊന്ത അദ്ദേഹം തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് അഗ്നിദേവൻ പ്രത്യക്ഷപ്പെട്ട് വിഷ്ണുവിഗ്രഹം സമ്മാനിച്ചു. തുടർന്ന് ജ്യേഷ്ഠന്മാരുടെ പ്രതിഷ്ഠകളിൽനിന്ന് അല്പം മാറി തൃക്കൊടിത്താനത്ത് അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചു.

മരണങ്ങൾ 108 വിധം

മരണങ്ങൾ 108 വിധം

ഒരു മനുഷ്യ ജന്മത്തിൽ  108 മരണങ്ങൾ  ഉണ്ടാകും. 107 അകാല മൃത്യുകൾ , 1 കാല മരണം, അങ്ങനെ 108 എണ്ണം . കാല മരണത്തെ ആർക്കും തടയാനാവില്ല. അകാല മൃത്യുക്കളാണ്, രോഗമായും, അപകടങ്ങൾ ആയും വരുക. അതിനെ പ്രാർഥന കൊണ്ടും പരിഹാരങ്ങൾ നടത്തിയും തടയാം. അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസം എങ്കിലും നിർബ്ബന്ധമായും ക്ഷേത്രദർശനം നടത്തുന്നത് പുണ്യം എന്നു പറയുന്നതും. ചെയ്യാൻ കഴിവുള്ളവർ മാസത്തിൽ ഒരിക്കൽ എങ്കിലും അന്നദാനം നടത്തുക . അത് ക്ഷേത്രത്തിലോ അനാഥർക്കോ നൽകാം. അതിൽ പരം പുണ്യം ഒന്നും തന്നെ ഇല്ല. അത് ഇല്ലാത്തവർക്ക് കൊടുക്കണം എന്ന് മാത്രം.

മരണം നിത്യ സത്യമാണ്. അതിൽ ഭയം ഉണ്ടാകാതിരിക്കുക. നിത്യവും, എപ്പോഴും ഈശ്വര നാമം ജപിക്കുക.ഒരു കാര്യം എപ്പോഴും ഓർക്കണം . മരണ സമയത്തെ ചിന്തകൾ ആണ്പുനർജന്മത്തിലെ ജനന കാരണം കൂടി ആകുന്നത്. ഭക്തിയും നല്ല ചിന്തകളും ഒരു ശീലമായാൽ മരണ സമയത്ത് അറിയാതെങ്കിലും, ഈശ്വര ചിന്ത മനസ്സിൽ വരും അതിൽ കവിഞ്ഞോരു പുണ്യവുമില്ല. അഥവാ അതിൽ കവിഞ്ഞോരു പുണ്യമുണ്ടെങ്കിൽ , ഭഗവാനേ, അതെനിക്കു വേണ്ട എന്നും പ്രർത്ഥിക്കാനും നമുക്കു ആകണം...

വൈക്കം പാച്ചു മൂത്തത്

വൈക്കം പാച്ചു മൂത്തത്

മലയാളത്തില്‍ ആദ്യമായി ഗ്ലോബ് ഉണ്ടാക്കിയെടുത്ത വ്യക്തി..! ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം എഴുതിയ വ്യക്തി..! ആദ്യത്തെ ബാലസാഹിത്യം എഴുതിയ വ്യക്തി.! ഇതിനെല്ലാം പുറമേ കേരളത്തില്‍ ആദ്യത്തെ ലോട്ടറി ഇദ്ദേഹത്തിന്‍റെ പേരില്‍ ആണ് സര്‍ക്കാര്‍ ഇറക്കിയത് ..! കഴിഞ്ഞില്ല.., ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ തിരുവനന്തപുരം ആയുർവ്വേദ മെഡിക്കല്‍ കോളേജ്
ആശുപത്രി ഇദ്ദേഹമാണ് തുടങ്ങിയത്..!

കൊല്ലവര്‍ഷം 989 ഇടവമാസം 25 (1814 AD) - യില്‍ നീലകണ്ഠന്‍ മൂത്തതിന്‍റെ മകനായി വൈക്കത്ത് ജനിച്ചു. ചെറുപ്പത്തിലേ ആയുര്‍വ്വേദം, ജ്യോതിഷം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അനേകം വിഷയങ്ങളില്‍ ആഗാധ പാണ്ഡിത്യം നേടി. കൊച്ചി രാജാവായിരുന്ന വീരകേരളവര്‍മ്മ കുതിരപ്പുരത്തുനിന്നും വീണ് നട്ടെല്ലിനു പരിക്കേറ്റപ്പോള്‍ ചികിത്സിച്ചു ഭേദം ആക്കിയതോടെയാണ് പാച്ചുമൂത്തത് പ്രശസ്തനായത്..! വീരശൃംഖല നല്‍കി കൊച്ചി രാജാവ് അദ്ദേഹത്തെ ബഹുമാനിച്ചു. കൊച്ചി രാജകുടുംബത്തോടൊപ്പം ഗംഗാസ്നാനത്തിനു പോകുകയും, ആ യാത്രയെക്കുറിച്ച് തുള്ളല്‍ കഥാരൂപത്തില്‍ ഒരു പുസ്തകം എഴുതുകയും ചെയ്തു. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്ത് ഒരു ജഡ്ജിയുടെ ചികിത്സയ്ക്കുവേണ്ടി ആയിരുന്നു അദ്ദേഹം തിരുവിതാംകൂറില്‍ എത്തിയത്. പത്മനാഭ സ്വാമിക്ഷേത്രം തന്ത്രിയായിരുന്ന തരണനല്ലൂര്‍ നമ്പൂതിരിപ്പാടിന്‍റെ വിഷൂചികാരോഗം ഭേദമാക്കി മഹാരാജാവിന്‍റെ പ്രീതിക്ക് പാത്രമായി. അവിടെനിന്നും കിട്ടി വീരശൃംഖല..!!

ശുചീന്ദ്രം ക്ഷേത്രത്തിലെ സ്ഥാനിയായിരുന്ന നാരായണന്‍ മൂത്തത് അന്തരിച്ചപ്പോള്‍ ആയില്യം തിരുനാളിന്‍റെ നിര്‍ദ്ദേശപ്രകാരം അവിടേക്ക് ഇദ്ദേഹത്തേയും, സഹോദരനേയും ദത്തെടുക്കപ്പെടുകയും അവിടെ സ്ഥാനിയാകുകയും ചെയ്തു. ശുചീന്ദ്രം ക്ഷേത്രത്തിന്‍റെ ഗോപുരം പുതുക്കി പണിയാന്‍ ആയില്യം തിരുനാളിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തിലെ ആദ്യത്തെ ലോട്ടറി ഇദ്ദേഹം സ്വന്തം പേരില്‍ ഉണ്ടാക്കിയത്. ഒന്നാം സമ്മാനം പതിനായിരം രൂപയും ടിക്കറ്റ് വില ഒരു രൂപയും ആയിരുന്നു..! ആകെ അന്‍പതിനായിരം രൂപ ലക്ഷ്യം വയ്ക്കുകയും, നാല്‍പ്പതിനായിരം രൂപ ഗോപുരംപണിക്ക് എടുക്കുകയും ചെയ്യാനായിരുന്നു പരിപാടി. ലക്ഷ്യം കവിയുകയും ലോട്ടറി വന്‍ വിജയമാകുകയും ചെയ്തു..!

ആയുര്‍വ്വേദത്തില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന പാച്ചു മൂത്തത് കൊട്ടാരം വൈദ്യന്‍ എന്നാണ് അറിയപ്പെട്ടത് ..!! ഹൃദയപ്രിയ, സുഖസാധകം എന്നീ രണ്ടു പ്രശസ്തമായ ഗ്രന്ഥങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ ഇദ്ദേഹം രചിച്ചു..! ഏതൊരു രോഗത്തിനും കൃത്യമായ മരുന്ന് ഇദ്ദേഹം ഉണ്ടാക്കി കൊടുത്തിരുന്നു..!! രാജാക്കന്മാരെ ചികിത്സിക്കാനും ചികിത്സകരെ പഠിപ്പിക്കാനും പത്മതീര്‍ത്ഥക്കരയില്‍ ഇദ്ദേഹം ആരംഭിച്ച ആയുര്‍വ്വേദ കേന്ദ്രമാണ് ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ, തിരുവനന്തപുരം ആയുര്‍വ്വേദ കോളേജ് ആയിമാറിയത്..!

ജ്യോതിഷത്തില്‍ അന്ന് തിരുവിതാംകൂറിലെ അവസാന വാക്ക് മൂത്തതിന്‍റേത് ആയിരുന്നു. രാജാവ് അവസാനം അഭിപ്രായം ചോദിക്കുന്നതും മൂത്തതിനോട് ആയിരുന്നു..!

മരിക്കുന്നതിന് (1885) അഞ്ചുദിവസം മുന്‍പ് മൂത്തത് രാജാവിന് ഇങ്ങനെ ഒരു കത്തെഴുതി...... "നാലഞ്ചു ദിവസംകൂടി അങ്ങയെ സേവിച്ചുകൊണ്ട് ഞാന്‍ ഉണ്ടാകും ..! അതുകഴിഞ്ഞ് ഇവിടം വിട്ടുപോകണം എന്ന് ഞാന്‍ കരുതുന്നു. പരമേശ്വരനെ (സഹോദരന്‍) അങ്ങയെ ഏല്‍പ്പിക്കുന്നു .."! കൃത്യം അഞ്ചാം ദിവസം മൂത്തത് അന്തരിച്ചു..!

"രാജ്യത്തെ ഏറ്റവും വിലപ്പെട്ട ഒരു രത്നം നഷ്ടപ്പെട്ടു" എന്നാണ് ഈ വിയോഗം അറിഞ്ഞപ്പോള്‍ മഹാരാജാവ് പറഞ്ഞത്..! ശുചീന്ദ്രം ചരിത്രത്തില്‍ മാത്രമല്ല തിരുവിതാംകൂര്‍ ചരിത്രത്തിലും സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട പേരാണ് വൈക്കം പാച്ചു മൂത്തതിന്‍റേത്..!!

അദ്ദേഹം ഒരു ചിത്രകാരൻ കൂടിയായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തിൽ അദ്ദേഹം വരച്ച ചിത്രങ്ങളുണ്ടായിരുന്നു. ഇന്നു നാം ഈ കാണുന്ന പാച്ചുമൂത്തതിന്റെ ചിത്രം അദ്ദേഹം തന്നെ കണ്ണാടിയിൽ നോക്കി വരച്ചതാണ്.