ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 October 2019

ശ്രീമദ് ഭാഗവതത്തിലെ പൃഥു

ശ്രീമദ് ഭാഗവതത്തിലെ പൃഥു

സ്വയംഭൂവമനുവിൻറെ പുത്രന്മാരാണ് പ്രിയവ്രതനും ഉത്താനപാദനും. പ്രിയവ്രതനു രാജ്യഭരണം താത്പര്യമില്ലാത്തതുകൊണ്ട്, ഉത്താനപാദൻ രാജ്യഭരണം ഏറ്റെടുത്തു. അദ്ദേഹം സുനീതിയെയും സുരിചിയെയും വിവാഹം കഴിച്ചു. സുരുചി അതീവസുന്ദരിയായതുകൊണ്ട് രാജാവിന് അവളോടു കൂടുതൽ പ്രിയംതോന്നി. സുനിതയുടെ പുത്രൻ ധ്രുവനും, സുരുചിയുടെ പുത്രൻ ഉത്തമനും ആയിരുന്നു. ഉത്തമനെ പിതാവ് മടിയിലിരുത്തി ലാളിക്കുമ്പോൾ, അഞ്ചുവയസ്സുമാത്രമുള്ള ധ്രുവനും അതുപോലെ പിതാവിൻറെ മടിയിലിരിക്കാൻ ആഗ്രഹിച്ചു. പക്ഷെ, സുരുചി ധ്രുവനെ തട്ടിമാറ്റുകമാത്രമല്ല, പോയി നാരായണനെ തപസ്സുചെയ്ത് തൻറെ മകനായിവന്നുപിറക്കാനും ആക്ഷേപരൂപത്തിൽ ആക്രോശിച്ചു. തന്നിമിത്തം, അമ്മയുടെ അനുഗ്രഹവും വാങ്ങി, നാരദമഹർഷിയുടെ ഉപദേശവും സ്വീകരിച്ച്, തപസ്സുചെയ്ത് ഭഗവാനെ പ്രീതിപ്പെടുത്തി വരവും കൈക്കലാക്കി കൊട്ടാരത്തിൽ മടങ്ങിയെത്തി.

ധ്രുവന് "കൽപ്പൻ" എന്നും "വത്സൻ" എന്നും രണ്ടുപുത്രന്മാർ, ശൈശുമാരൻ എന്ന രാജാവിൻറെ പുത്രിയായ "ഭൂമി" യിൽ ജനിച്ചു. പിന്നീട് അദ്ദേഹം വായുനന്ദിനിയായ "ഇഡയെ" വിവാഹം കഴിക്കുകയും, അവളിൽ "ഉൽക്കനൻ" ജനിക്കുകയുംചെയ്തു. ഉൽക്കനൻ സന്യാസം സ്വീകരിക്കുകയാൽ, വത്സനെ രാജ്യാഭിഷേകം ചെയ്തു. വത്സൻറെ പുത്രൻ "അംഗൻ", സുനീഥയെ വിവാഹം കഴിച്ചെങ്കിലും പുത്രന്മാരുണ്ടായില്ല. അതിനാൽ, പുത്രകാമേഷ്ടിയാഗംനടത്തി "വേനൻ" എന്ന പുത്രനെ ജനിപ്പിച്ചു. പക്ഷെ വേനൻ ആകട്ടെ അധർമ്മിയും കശ്മലനുമായി ജീവിതം നയിച്ചു. അതിൽ മനംനൊന്ത പിതാവ് അംഗൻ രാജ്യം വെടിഞ്ഞ് അടവിയിൽ പ്രവേശിച്ച് തപസ്സുചെയ്ത് ജീവൻത്യജിച്ചു.

ഋഷീശ്വരന്മാർ വേനനെ ശപിച്ച് നിധനം ചെയ്തു. മാതാവ് സുനീഥ സങ്കടപ്പെട്ട് ആരുമറിയാതെ വേനൻറെ മൃതശരീരത്തെ ഒരുഎണ്ണത്തോണിയിൽ സൂക്ഷിച്ചുവച്ചു. രാജ്യഭരണത്തിന് ആളില്ലാതെയായപ്പോൾ, സുനീഥയുടെ നിർദ്ദേശപ്രകാരം ഋശീശ്വരന്മാർ വേനൻറെ ശരീരത്തെ പുറത്തെടുത്ത് മന്ത്രോച്ചാരണങ്ങളോടെ കടയാനാരംഭിച്ചു. ആദ്യം തുടയിൽനിന്നും പാപങ്ങളുടെ പ്രാകൃതമർത്ത്യരൂപമായ "നിഷാദൻ" ഉത്ഭവിച്ചു. അവൻറെ വർഗ്ഗത്തിൽനിന്നുമാണ് പിന്നീട് നിഷാദന്മാർ ഉണ്ടായത്. അനന്തരം കൈകൾ കടഞ്ഞപ്പോൾ വിഷ്ണുവിൻറെ അംശമായ ഒരു ആൺകുഞ്ഞും ലക്ഷ്മീദേവിയുടെ അംശമായ ഒരുപെൺകുഞ്ഞും ഉത്ഭവിച്ചു. ആൺകുഞ്ഞിന് "പൃഥു" എന്നും പെൺകുഞ്ഞിന് "അർച്ചിസ്സ്" എന്നും നാമകരണംചെയ്തു.

അവർ രണ്ടുപേരും പ്രായപൂർത്തിയായപ്പോൾ വിധിയാംവണ്ണം അവരുടെ വിവാഹവും നടന്നു. പൃഥുവിനെ അഭിഷേകംചെയ്ത് രാജാവാക്കി. ആ മംഗളാവസരത്തിൽ യക്ഷരാജാവായ കുബേരൻ ഒരു വിശിഷ്ടരത്നസിംഹാസനവും, വരുണൻ വെൺകൊറ്റക്കുടയും, മാരുതൻ രണ്ടുവെൺചാമരങ്ങളും, ദേവേന്ദ്രൻ മണിരത്നവിരാജിതമായ ഒരുകിരീടവും, യമധർമ്മൻ രാജദണ്ഡും, ലക്ഷ്മീദേവി ഉറപ്പേറിയ പടച്ചട്ടയും, സരസ്വതിദേവി മുത്തുപ്പടവും, പാർവ്വതിദേവി ദിവ്യപട്ടാംബരവും, മഹാവിഷ്ണു സുദർശനതുല്യമായ ചക്രവും, പരമശിവൻ ചന്ദ്രഹാസഖഡ്ഗവും, അഗ്നിഭഗവാൻ അത്ഭുതശോഭയുള്ള വില്ലും, സൂര്യൻ ആ വില്ലിനുയോജിച്ച ദിവ്യബാണങ്ങളും, വിശ്വകർമ്മാവ് വിശ്വമോഹനമായ ഒരു രഥവും, ചന്ദ്രൻ വെള്ളക്കുതിരകളും, സമുദ്രം ഒരു ശംഖും, ഭൂമി സുവർണ്ണപാദുകങ്ങളും പൃഥുവിന് പാരിതോഷികമായി നൽകി.

പൃഥുവിൻറെ ഭരണകാലത്ത് ഭൂമി കനിഞ്ഞില്ല. അതോടെ ഭക്ഷ്യക്ഷാമം ഏർപ്പെട്ടു. വേനനെ ഭയന്ന് ഭൂമി നേരത്തെത്തന്നെ എല്ലാ സമ്പത്തുക്കളും തൻറെ അന്തർഭാഗത്ത് അടക്കിയൊളിച്ചുവച്ചിരുന്നു. പൃഥു അപേക്ഷിച്ചിട്ടും, ഭൂമി ചെവിക്കൊണ്ടില്ല. ക്രുദ്ധനായ രാജാവ് ഒരു ആഗ്നേയാസ്ത്രം ഭൂമിയുടെനേർക്ക് തൊടുത്തുവിട്ടു. അപ്പോൾ ഭൂമി ഗോരൂപം ധരിച്ച് രാജാവിൻറെമുന്നിൽ പ്രത്യക്ഷപ്പെട്ട്, ആവശ്യമുള്ള സമ്പത്ത് കറന്നു (എടുത്തു) കൊൾകാനാവശ്യപ്പെട്ടു. അതിൻപ്രകാരം സ്വായംഭൂവമനുവിനെ കന്നിൻകിടാവാക്കി, ഗോരൂപവതിയായ ഭൂമിയുടെ അകിട്ടിൽനിന്നും നാനാസമ്പത്തുക്കളും കറന്ന് അനുഭവിച്ചു. അനന്തരം പൃഥു ഭക്തിബഹുമാനപൂർവ്വം ഭൂമിയെ യഥാസ്ഥാനത്തുറപ്പിച്ചു കൃതാർത്ഥനായി. പിന്നീട് അദ്ദേഹം ഭൂമിയെ കൃഷിക്കനുയോജ്യമാക്കിത്തർത്തു. പൃഥുവിൽനിന്നും ശ്രെയസ്സുണ്ടാതിനാൽ ഭൂമിക്ക് പൃഥ്‌വി എന്ന പേരും സിദ്ധിച്ചു.

അദ്ദേഹം അനേകം അശ്വമേധയാഗങ്ങൾ നടത്തിയിരുന്നു. നൂറാമത്തെ യാഗത്തെ മുടക്കാനായി, ഇന്ദ്രൻ ഒരു സന്യാസവേഷത്തിലെത്തി അശ്വത്തെ മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ അത്രിമഹർഷി അത് കാണുകയും രാജാവിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. രാജാവിൻറെ പുത്രൻ ഇന്ദ്രനെ ഓട്ടിച്ച്, അശ്വത്തെ തിരിച്ചുകൊണ്ടുവന്നു. അതുകണ്ടുസന്തോഷിച്ച പിതാവ് പുത്രന് "വിജിതാശ്വൻ" എന്ന പേര് നൽകി. ഇന്ദ്രൻ ഒരിക്കൽക്കൂടി വേഷപ്രച്ഛന്നനായി വന്ന് കുതിരയെ മോഷ്ടിച്ചപ്പോൾ, ക്രുദ്ധനായ രാജാവ് "നിരോധിനി" എന്ന അസ്ത്രം പ്രയോഗിച്ചു. രാജാവിന് അയ്യാൾ ഇന്ദ്രനാണെന്നു അറിഞ്ഞുകൂടായിരുന്നു. ഗത്യന്തരമില്ലാതെ ഇന്ദ്രൻ ബ്രഹ്‌മാവിനെ ശരണംപ്രാപിച്ചു. അങ്ങനെ ബ്രഹ്‌മാവ്‌ പ്രത്യക്ഷപ്പെട്ട് രാജാവിനെ സമാധാനിപ്പിക്കുകയും, അതോടൊപ്പം മോഷ്ടിതാവ് ഇന്ദ്രനാണെന്നു പറഞ്ഞുകൊടുക്കുകയും ചെയ്തു. അതോടുകൂടി വിഷ്ണുവിൻറെ അംശമായ രണ്ടുപേരും മിത്രങ്ങളായി.

വാർദ്ധക്യത്തിൻറെ ആരംഭത്തിൽ സനകാദിമഹർഷികൾ പ്രത്യക്ഷപ്പെട്ട് ആ രാജാവിനു ബ്രഹ്മജ്ഞാനം ഉപദേശിച്ചു. അതോടെ പുത്രൻ വിജിതാശ്വനെ രാജ്യം വാഴിച്ചുകൊണ്ടു, സർവ്വലൗകികബന്ധങ്ങളും വെടിഞ്ഞ്, കാട്ടിൽപോയി തപസ്സനുഷ്ടിച്ച് മുക്തിപദം പ്രാപിച്ചു. രാജപത്നിയായ അർച്ചിസ്സ് അദ്ദേഹത്തിൻറെ ചിതയിൽച്ചാടി ആത്മാഹൂതിചെയ്ത് പുണ്യപദംനേടി.

വിജിതാശ്വന് സരസ്വതി എന്ന പത്നിയിൽ "ഹവിർദ്ധനൻ" എന്ന പുത്രനുണ്ടായി. ഹവിർദ്ധനന് രാജ്യഭരണത്തിൽ താത്പര്യമില്ലാത്തതിനാൽ , തൻറെ മകൻ "ബർഹിസ്സി" നു രാജ്യഭരണം നൽകിയിട്ട് കാട്ടിൽപോയി തപസ്സനുഷ്ഠിച്ചു. ബർഹിസ്സ് ഒരു യാഗതത്പരനായിരുന്നു. എപ്പോഴും യാഗശാലയിൽ ദർഭപ്പുല്ലിൻറെ അഗ്രം കിഴക്കോട്ടു വച്ച് പൂജാദ്രവ്യങ്ങളും കാണപ്പെട്ടതിനാൽ അദ്ദേഹത്തെ പ്രാചീന (കിഴക്കു) എന്ന് പ്രജകൾ അഭിസംബോധനചെയ്തിരുന്നു.

ബർഹിസ്സ് സമുദ്രനന്ദിനിയായ "ശതദൃതിയെ" വിവാഹം ചെയ്യുകയും അവർക്ക് പത്തുപുത്രന്മാർ ജനിക്കുകയുംചെയ്തു. പ്രാചീന ബർഹസ്സിൻറെ പുത്രൻമായതുകൊണ്ട് അവരെ "പ്രചേതാക്കൾ" എന്നു വിളിച്ചിരുന്നു. രാജ്യഭരണം അവർക്കിഷ്ടമല്ലാത്തതുകൊണ്ട്, സമുദ്രത്തിൽ മുങ്ങിക്കിടന്നുകൊണ്ട് ആയിരംവർഷത്തോളം മഹാവിഷ്ണുവിനെ ധ്യാനിച്ച് "ജലസ്തംഭന" തപസ്സ് ആചരിച്ചു. ബർഹിസ്സാകട്ടെ, പുത്രന്മാരുടെ വിയോഗത്താൽ നിരാശനായി കപിലമഹർഷിയുടെ ആശ്രമത്തിലെത്തി തപസ്സുചെയ്തു മുക്തിയടഞ്ഞു.

തപസ്സുകഴിഞ്ഞു ഭൂമിയിലെത്തിയ പ്രചേതാക്കൾ ബ്രഹ്‌മാവിൻറെ അനുഗ്രഹത്തോടുകൂടി "മരീഷ" എന്ന കന്യകാരത്നത്തെ വേളിചെയ്തു. അവർപത്തുപേർക്കുംകൂടി "ദക്ഷൻ" എന്ന ഒരു പുത്രൻ ജനിച്ചു. ദക്ഷൻ പിന്നീട്, "വീരണ" പ്രജാപതിയുടെ പുത്രിയായ "അസ്‌കിനി" എന്ന കോമളതരുണിയെ കല്യാണം കഴിക്കുകയും അവർക്ക് "ഹര്യശ്വന്മാർ" എന്നു വിളിക്കുന്ന ആയിരം പുത്രന്മാരും "ശബലന്മാർ" എന്നു വിളിക്കുന്ന മറ്റൊരായിരം പുത്രന്മാരും ജനിച്ചു. അവർ നാരദമഹർഷിയുടെ ഉപദേശപ്രകാരം തപസ്സനുഷ്ടിച്ച് പുണ്യപുരുഷാർദ്ധം നേടി. തന്നിമിത്തം വംശവർദ്ധന നടക്കാത്തതിൽ ക്രുദ്ധനായ ദക്ഷൻ നാരദനെ, "നീ ഒരിക്കലും ഒരിടത്തും ഉറച്ചിരിക്കാൻ ഇടയാകാതെ എന്നും എപ്പോഴും സഞ്ചാരിയായിത്തീരട്ടെ" എന്ന് ശപിച്ചു. പരമഭക്തനായ നാരദൻ അതൊരനുഗ്രഹമായി സ്വീകരിച്ചു.

23 October 2019

ശ്രീചക്രം എന്താണ്?

ശ്രീചക്രം എന്താണ്?

പരാശക്തിയുടെ പ്രതീകമായി കരുതിപ്പോരുന്ന ശ്രീചക്രം ശ്രീവിദ്യോപാസനയിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെ ആണ് ശ്രീചക്രമായി പറയുന്നത്.. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രത്തെ ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ നാല്‍പ്പത്തിമൂന്ന് ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടുകൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.

ശ്രീവിദ്യോപാസനയിൽ ശ്രീചക്രം മന്ത്രം ദേവി ഇവ മൂന്നും ഒന്നു തന്നെയാണ്.. ഈ ബിന്ദുചക്രത്തെ സർവാനന്ദമയചക്രം എന്നാണ് വിളിക്കുന്നത്.. ശ്രീചക്രത്തിന്റെ ഏറ്റവും പുറമെ ഉള്ള ആദ്യത്തെ ചക്രത്തെ ഭൂപുരം എന്നു പറയുന്നു..

ഈ ഭൂപുരത്തിന്റെ ഏറ്റവും പുറമെ ഉള്ള ഫലകത്തിൽ അണിമ ഗരിമാ ലഘിമാ ഈശിത്വം വശിത്വം പ്രാകാമ്യം ഭുക്തി പ്രാപ്തി സർവ കാമ എന്നി 10 സിദ്ധിദേവതകൾ സ്ഥിതിചെയ്യുന്നു..

ഭൂപുരത്തിലെ രണ്ടാമത്തെ രേഖയിൽ
1. ബ്രാഹ്മീ
2. മാഹേശ്വരി
3. കൌമാരീ
4. വൈഷ്ണവി
5. വാരാഹി
6. മാഹേന്ദ്രീ
7. ചാമുണ്ഡാ
8.മഹാലക്ഷ്മി
എന്നി 8 മാതൃക്കൾ സ്ഥിതിചെയ്യുന്നു.

ഭൂപുരത്തിലെ മൂന്നാമത്തെ രേഖയിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവവശങ്കരി
5. സർവോന്മാദിനി
6. സർവമഹാങ്കുശ
7. സർവഖേചരി
8. സർവബീജാ
9. സർവയോനി
10. സർവത്രിഖണ്ഡാ
എന്നി10 മുദ്രാദേവികൾ സ്ഥിതിചെയ്യുന്നു. ഈ ഭൂപുരത്തെ ത്രൈലോക്യമോഹനചക്രം എന്നും ഇതിൽ വസിക്കുന്ന 28 ദേവതമാരേയും ചേര്ത്ത് പ്രകടയോഗിനികൾ എന്ന് വിളിക്കുന്നു. ഇതിന്റെ നായിക ത്രിപുരയാണ്.

രണ്ടാമത്തെ ആവരണമായ ഷോഡശദളത്തിൽ
1. കാമാകര്ഷിണി
2. ബുദ്ധ്യാകര്ഷിണി
3. അഹങ്കാരാകര്ഷിണി
4. ശബ്ദാകര്ഷിണി
5. സ്പര്ശാകര്ഷിണി
6. രൂപാകര്ഷിണി
7. രസാകര്ഷിണി
8. ഗന്ധാകര്ഷിണി
9. ചിത്താകര്ഷിണി
10. ധൈര്യാകര്ഷിണി
11. സ്മൃത്യാകര്ഷിണി
12. നാമാകര്ഷിണി
13. ബീജാകര്ഷിണി
14. ആത്മാകര്ഷിണി
15. അമൃതാകര്ഷിണി
16. ശരീരാകര്ഷിണി,
എന്നി 16 ദേവിമാരാണ് വസിക്കുന്നത്. ഇവരെ 16 കലകളായും പറയാറുണ്ട്. ഈ ഗുണങ്ങളുടെ പുറകിൽ ഒളിഞ്ഞിരിക്കുന്നതിനാൽ ഇവർ ഗുപ്തയോഗിനികൾ എന്ന് കൂടി അറിയപ്പെടുന്നു. സാധകന്റെ ആഗ്രഹങ്ങൾ പരിപൂര്ണമാക്കപ്പെടുന്നതിനാൽ ഇതിനെ സർവാശാ പരിപൂരകചക്രം എന്ന് പറയുന്നു. ഇതിന്റ നായിക ത്രിപുരേശി ആണ്.

തൃതീയാവരണമായ അഷ്ടദളപദ്മത്തിൽ
1. അനംഗകുസുമ
2. അനംഗമേഖലാ
3. അനംഗമദനാ
4. അനംഗമദനാതുരാ
5. അനംഗരേഖാ
6. അനംഗവേഗിനി
7. അനംഗാങ്കുശ
8. അനംഗമാലിനി
എന്നിങ്ങനെ 8 ദേവിമാർ സ്ഥിതിചെയ്യുന്നു. ഇതിനെ സർവസംക്ഷോഭണചക്രം എന്ന് വിളിക്കുന്നു. ഈ 8 ദേവിമാരെ ഗുപ്തതരയോഗിനിമാർ എന്ന് പറയുന്നു. ഈ ചക്രത്തിന്റെ നായിക ത്രിപുരസുന്ദരിയാകുന്നു.

സർവസൌഭാഗ്യദായകചക്രം എന്ന് പറയുന്ന 14 ത്രികോണങ്ങളുള്ള നാലാമത്തെ ആവരണത്തിൽ
1. സർവസംക്ഷോഭിണി
2. സർവവിദ്രാവിണി
3. സർവാകര്ഷിണി
4. സർവാഹ്ലാദിനി
5. സർവസമ്മോഹിനി
6. സർവസ്തംഭിനി
7. സർവജൃംഭിണി
8. സർവവശങ്കരി
9. സർവരഞ്ജിനി
10. സർവോന്മാദിനി
11. സർവാര്ഥസാധിനി
12. സർവസംപത്തിപൂരിണി
13. സർവമന്ത്രമയി
14. സർവദ്വന്ദ്വക്ഷയങ്കരി
എന്നി ശക്തിദേവതകൾ കുടികൊള്ളുന്നു. ഈ 14 ശക്തികളെ സമ്പ്രദായയോഗിനിമാർ എന്ന് വിളിക്കുന്നു. ഈ ആവരണത്തിന്റെ ദേവത ത്രിപുരവാസിനി ആണ്.

സർവാർധസാധകചക്രമെന്ന് വിളിക്കുന്ന 10 ത്രികോണങ്ങൾ ചേർന്ന അഞ്ചാമത്തെ ആവരണത്തിൽ
1.സർവസിദ്ധിപ്രദ
2. സർവസമ്പത്പ്രദ
3. സർവപ്രിയങ്കരി
4. സർവമംഗളകാരിണി
5. സർവകാമപ്രദ
6. സർവദുഃഖവിമോചിനി
7. സർവമൃത്യുപ്രശമനി
8. സർവവിഘ്നനിവാരിണി
9. സർവാംഗസുന്ദരി
10. സർവസൌഭാഗ്യദായിനി
എന്നിങ്ങനെ 10 യോഗിനമാർ വസിക്കുന്നു. ഈ ദേവതകളെ കുളോത്തീര്ണയോഗിനികൾ എന്നാണ് വിളിക്കുന്നത്. ഈ ആവരണത്തിന്റെ അധിദേവത ത്രിപുരാശ്രീ ആണ്.

സർവരക്ഷാകരമെന്നും സമസ്തരക്ഷാകരമെന്നും അറിയപ്പെടുന്ന ശ്രീചക്രത്തിന്റെ ആറാമത്തെ ആവരണത്തിൽ
1. സർവജ്ഞാ
2. സർവശക്തി
3. സർവൈശ്വര്യപ്രദാ
4. സർവജ്ഞാനമയി
5. സർവവ്യാധിവിനാശിനി
6. സർവാധാരസ്വരൂപ
7. സർവപാപഹരാ
8.സർവാനന്ദമയി
9. സർവരക്ഷാസ്വരൂപിണി
10. സർവെപ്സിതഫലപ്രദ
എന്നീ ദേവികൾ വസിക്കുന്നു. ഈ ദേവിമാരെ നിഗര്ഭയോഗിനികൾ എന്ന് അറിയപ്പെടുന്നു. ഈ ചക്രത്തിന്റെ അധിഷ്ഠാനദേവത ശ്രീത്രിപുരമാലിനി എന്ന ദേവിയാണ്.

ശ്രീചക്രത്തിന്റെ സർവരോഗഹരചക്രമെന്ന് അറിയപ്പെടുന്ന 8 ത്രികോണങ്ങൾ ചേര്ന്ന ഏഴാമത്തെ ആവരണത്തിൽ
1. വശിനി
2. കാമേശ്വരി
3. മോദിനി
4. വിമലാ
5. അരുണാ
6. ജയിനി
7. സർവേശ്വരി
8. കൌലിനി
എന്നീ 8 ദേവിമാർ വസിക്കുന്നു. ഈ വശിന്യാദി വാഗ്ദേവതകളെ രഹസ്യയോഗിനികൾ എന്നു വിളിക്കുന്നു. ഈ ചക്രത്തിന്റെ അധീശ്വരി ത്രിപുരസിദ്ധയാണ്.

ശ്രീചക്രത്തിന്റെ 8മത്തെ ആവരണവു സർവസിദ്ധിപ്രദചക്രം എന്നും അറിയപ്പെടുന്ന നടുവിലുള്ള ത്രികോണത്തിൽ
1. കാമേശ്വരി
2. വജ്രേശ്വരി
3. ഭഗമാലിനി
എന്നീ ത്രിമൂര്ത്തികൾ വസിക്കുന്നു. ഈ ചക്രത്തിൽ വസിക്കുന്ന ദേവതമാരെ പരാപരരഹസ്യയോഗിനികൾ എന്ന് വിളിക്കുന്നു. ത്രിപുരാംബയാണ് ഈ ചക്രത്തിന്റെ നായികാ. ഈ ഒറ്റ ത്രികോണത്തിന്റെ മുകളിലെ പാര്ശ്വഭാഗത്തിന്റെ മുകൾഭാഗത്ത്
1. മിത്രേശൻ
2. ഉഡ്ഢീശൻ
3. ഷഷ്ഠീശൻ
4. ചര്യൻ
എന്നീ നാലു ഗുരുക്കന്മാർ സ്ഥിതിചെയ്യുന്നു. ഇവരെ യുഗനാഥന്മാർ എന്ന് വിളിക്കുന്നു.
1. ലോപാമുദ്രാ
2. അഗസ്ത്യൻ
3. കാലതാപനൻ
4. ധര്മാചാര്യൻ
5. മുക്തകേശീശ്വരൻ
6. ദീപകലാനാഥൻ
7. വിഷ്ണുദേവൻ
8. പ്രഭാകരദേവൻ
9. തേജോദേവൻ
10. മനോജദേവൻ
11. കല്യാണദേവൻ
12. രത്നദേവൻ
13. വാസുദേവൻ
14. ശ്രീരാമാനന്ദൻ
എന്നിവരേയും ഗുരുക്കന്മാരായി പറയാറുണ്ട്. ഇതുകൂടാതെ ത്രികോണത്തിന്റെ മൂന്നു പാര്ശ്വങ്ങളിലായി
1. കാമേശ്വരി
2. ഭഗമാലിനി
3. നിത്യക്ലിന്നാ
4. ഭേരുണ്ഡാ
5. വഹ്നിവാസിനി
6. മഹാവജ്രേശ്വരി
7. ശിവദൂതി
8. ത്വരിതാ
9. കുലസുന്ദരി
10. നിത്യാ
11. നീലപതാകാ
12. വിജയാ
13. സർവമംഗളാ
14. ജ്വാലാമാലിനി
15. ചിത്രാ
എന്നിങ്ങിനെ 15 തിഥി ദേവതകൾ വസിക്കുന്നു. ശ്രീചക്രത്തിന്റെ നടുവിലുള്ള ബിന്ദുവിന് ചുറ്റുമുള്ള ഭാഗത്ത് ഹൃദയദേവി ശിരോദേവി കവചദേവി ശിഖാദേവി നേത്രദേവി അസ്ത്രദേവി എന്നീ 6 ദേവിമാർ വസിക്കുന്നു.

ശ്രീചക്രത്തിന്റെ നടുവിൽ ഒന്പതാമത്തെ ബിന്ദുവിൽ ഇരിയ്കുന്നതും ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവന്മാരാകുന്ന പഞ്ചബ്രഹ്മരൂപത്തിലുമുള്ള ബിന്ദുപീഠത്തെ സർവാനന്ദമയചക്രമെന്ന് വിളിക്കുന്നു. മഹാത്രിപുരസുന്ദരിയായ ലളിതാദേവിയുടെ ആസ്ഥാനവും കൂടിയാണ് ഇത്... ഈ പീഠത്തെ മഹാപീഠമെന്നും ശ്രീപീഠമെന്നും പഞ്ചാശത്പീഠമെന്നും വിളിയ്കാറുണ്ട്. ഈ ആവരണത്തിലെ ദേവതയെ മഹാത്രിപുരസുന്ദരി, ലളിതാംബികാ, മഹാകാമേശ്വരീ, ശ്രീ രാജരാജേശ്വരി ശ്രീവിദ്യാ എന്നിങ്ങനെ വിളിക്കുന്നു.

യഥാർത്ഥത്തിൽ  ഈ ശ്രീചക്രം മനുഷ്യശരീരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ബൈന്ധവം ബ്രഹ്മരന്ധ്രേ ച മസ്തകെ ച ത്രികോണകം

ലലാട്യെഷ്ടാരചക്രം സ്യാത് ഭ്രുവോര്മധ്യേ ദശാരകം.

ബഹിര്ദ്ദശാരം കണ്ഠേ തു മന്വശ്രം ഹൃദയാംബുജേ

കടിര്ദ്വിതീയവലയം സ്വാധിഷ്ഠാനെ കലാശ്രയം

മൂലേ തൃതീയവലയം ജാനുഭ്യാം തു മഹിപുരം

ജംഘേ ദ്വിതീയഭൂഗേഹം തൃതീയം പാദയുഗ്മകേ

ത്രിപുരാ ശ്രീ മഹാചക്രം പിണ്ഡാണ്ഡാത്മകമീശ്വരി.

ശ്രീചക്രത്തിലെ ബിന്ദുസ്ഥാനത്തെ ശിരസ്സിലെ ബ്രഹ്മരന്ധ്രമായും ആദ്യത്തെ ത്രികോണത്തെ മസ്തകമായും അതിനു താഴെയുള്ള അഷ്ടാരചക്രത്തെ ലലാടസ്ഥാനമായും, അന്തര്ദശാരത്തെ ഭ്രൂമധ്യമായും, ബഹിര്ദ്ദശാരത്തെ കണ്ഠമായും, ചതുര്ദശാരത്തെ ഹൃദയസ്ഥാനമായും, പ്രഥമവൃത്തത്തെ കുക്ഷിയായും, അഷ്ടദളപദ്മത്തെ നാഭീസ്ഥാനമായും, ദ്വിതീയവൃത്തത്തെ അരക്കെട്ടായും തൃതീയവൃത്തത്തെ മൂലാധാരസ്ഥാനമായും, ഭൂപുരത്തിലെ ഒന്നാം ചതുരം മുട്ടുകളായും, രണ്ടാമത്തേത് കണങ്കാലുകളായും മൂന്നാമത്തേത് പാദങ്ങളായും പറയുന്നു. ചുരുക്കത്തിൽ നിവര്ന്നു നിൽക്കുന്ന മനുഷ്യശരീരം തന്നെ ആണ് ശ്രീചക്രം..

തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങൾ

തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങൾ

ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം ഏറെ പ്രശസ്തമായ ഒരു വെങ്കടേശ്വര ക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്.

വെങ്കടാദ്രി കുന്നിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുമലയിലെ ഏഴ് കുന്നുകളിലൊന്നാണിത്. വെങ്കടാചലപതി അല്ലെങ്കില്‍ ശ്രീനിവാസ അല്ലെങ്കില്‍ ബാലാജി ഹിന്ദു വിശ്വാസമനുസരിച്ച് ഏറ്റവും ശക്തനായ ദൈവമാണ്. ഈ ക്ഷേത്രത്തിലെ വെങ്കടാചലപതിയുടെ വിഗ്രഹം സംബന്ധിച്ച് ചില രഹസ്യങ്ങളുണ്ട്.

നിങ്ങളെ അമ്പരിപ്പിച്ചേക്കാവുന്ന അത്തരം രഹസ്യങ്ങളെക്കുറിച്ച് അറിയുക.

01. പ്രധാന പ്രവേശന കവാടത്തിന്‍റെ വലത് വശത്ത് ഒരു വടി ഉണ്ട്. ഇത് ആനന്താള്‍വാര്‍ വെങ്കടേശ്വരസ്വാമിയെ അടിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. ഈ വടി ഉപയോഗിച്ച് ചെറിയ കുട്ടിയായിരുന്ന വെങ്കടേശ്വരനെ അടിച്ചപ്പോള്‍ താടിക്ക് മുറിവേറ്റു. ഇക്കാരണത്താല്‍ സ്വാമിയുടെ താടിയില്‍ ചന്ദനം തേയ്ക്കുന്ന ആചാരം പരമ്പരാഗതമായി ചെയ്തു വരുന്നു.

02. വെങ്കടേശ്വരസ്വമായുടെ പ്രധാന വിഗ്രഹത്തില്‍ യഥാര്‍ത്ഥ തലമുടിയുണ്ട്. ഈ മുടി കെട്ടുപിണയില്ല എന്നും എല്ലായ്പ്പോഴും മിനുസമായി ഇരിക്കുമെന്നും പറയപ്പെടുന്നു.

03. തിരുമല ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായി ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിലേക്ക് ഗ്രാമവാസികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇവിടുത്തെ ആളുകള്‍ കര്‍ശനമായ ആചാരങ്ങളും പാരമ്പര്യവും പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ്. ദേവന് അര്‍പ്പിക്കാനുള്ള പൂക്കള്‍, പാല്‍, നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.

04. വെങ്കടേശ്വരസ്വാമി ഗര്‍ഭഗുഡിയുടെ നടുവില്‍ നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ സ്വാമി ഗര്‍ഭഗുഡിയുടെ വലത് മൂലയിലാണ് നില്‍ക്കുന്നത്. ഇത് പുറമേ നിന്ന് കാണാനാവും.

05. എല്ലാ ദിവസവും ഒരു പുതിയ, വിശുദ്ധമായ ദോത്തിയും സാരിയും സ്വാമിയെ അണിയിക്കാനായി ഉപയോഗിക്കും. പുതിയതായി വിവാഹം കഴിച്ച, പൂജ നടത്തുന്ന ദമ്പതികളാണ് ഇത് സമര്‍പ്പിക്കുന്നത്.

06. ഗര്‍ഭഗുഡിയില്‍ ഉപയോഗിച്ച പൂക്കള്‍ വില്‍ക്കാന്‍ പാടുള്ളതല്ല. അവ സ്വാമിയുടെ ക്ഷേത്രത്തിന് പിന്നിലുള്ള വെള്ളച്ചാട്ടത്തിലേക്ക് ഏറിയുകയാണ് ചെയ്യുക.

07. സ്വാമിയുടെ പിന്‍ഭാഗം എത്ര തവണ ഉണക്കിയാലും നനഞ്ഞ് തന്നെയിരിക്കും. സ്വാമിയുടെ വിഗ്രഹത്തിന് പിന്നില്‍ ചെവിയോര്‍ത്ത് നിന്നാല്‍ സമുദ്രത്തിന്‍റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും.

08. സ്വാമിയുടെ ഹൃദയത്തില്‍ ലക്ഷ്മീദേവിയാണ്. വ്യാഴാഴ്ചകളില്‍ നിജ രൂപ ദര്‍ശനത്തിനിടെ സ്വാമിയെ വെള്ള മരക്കുഴമ്പ് അണിയിക്കും. ഇത് നീക്കം ചെയ്യുമ്പോള്‍ ലക്ഷ്മീദേവിയുടെ രൂപം അതില്‍ അവശേഷിക്കും. ഇത് ക്ഷേത്ര അധികാരികള്‍ വില്‍ക്കുകയാണ് ചെയ്യുക.

09. ആളുകള്‍ മരിക്കുമ്പോള്‍ ചിത കത്തിക്കാനായി പിന്നോട്ട് നോക്കാതെ അഗ്നി പകരുന്നത് പോലെ സ്വാമിയുടെ വിഗ്രഹത്തില്‍ നിന്ന് നീക്കം ചെയ്ത പൂക്കള്‍ പിന്നിലേക്കാണ് എറിയുക. ദിവസം മുഴുവനും പൂജാരി സ്വാമിയുടെ പിന്നിലേക്ക് നോക്കില്ല. ഈ പുഷ്പങ്ങളെല്ലാം തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വേര്‍പേഡു എന്ന സ്ഥലത്ത് നിന്നാണ് വരുന്നത് (കാളഹസ്തിയിലേക്കുള്ള വഴിയില്‍).

10. സ്വാമിയുടെ മുന്നിലുള്ള ദീപങ്ങള്‍‌ ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത് എന്നാണ് തെളിച്ചത് എന്ന് ആര്‍ക്കും അറിയില്ല.

11. 1800 ല്‍ 12 വര്‍ഷത്തേക്ക് ക്ഷേത്രം അടച്ചിട്ടു. കുറ്റം ചെയ്ത 12 പേരെ രാജാവ് വധശിക്ഷ നല്‍കി ക്ഷേത്ര ഭിത്തിയില്‍ തൂക്കിയിട്ടു. വിമാന വെങ്കടേശ്വര സ്വാമി പ്രത്യക്ഷപ്പെട്ട കാലമാണിതെന്നാണ് പറയപ്പെടുന്നത്.

ഐതിഹ്യം

പുരാണങ്ങളിൽ പലയിടത്തായി പരാമർശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം. വെങ്കടേശ്വര ക്ഷേത്രം വരും മുമ്പുതന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്. വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹ മൂർത്തി കുടി കൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വരസ്വാമി തിരുമലയിലെത്തിയത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:

കലിയുഗ ആരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചു വന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു. കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് ശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല. തുടർന്ന്, വിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി. അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാൻ പിന്നീട് ഇതിൽ മാപ്പപേക്ഷിച്ചു. എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, മഹാലക്ഷ്മീദേവിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതിൽ കോപിച്ച ദേവി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് ഭൂമിയിലേയ്ക്ക് പോകുകയും കോൽഹാപൂർ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു. ഇപ്പോൾ, അവിടെ ഏറ്റവും പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്.

മഹാലക്ഷ്മിയെ കാണാതെ ഭൂമിയിലെത്തിയ മഹാവിഷ്ണു, ശ്രീനിവാസൻ എന്ന പേരിൽ മനുഷ്യരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ്സ് തുടങ്ങി. ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ലക്ഷ്മി, ബ്രഹ്മാവിനോടും ശിവനോടും പ്രാർത്ഥിച്ചു. ഇരുവരും പശുക്കളുടെ രൂപം ധരിച്ച് ശ്രീനിവാസന് സഹായം ചോദിച്ചെത്തി. അക്കാലത്ത് ചോളസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുമല. അതിനാൽ, ദേവി ചോളരാജാവിന് പശുക്കളെ ദാനം ചെയ്തു. ഇവയിലെ വലിയ പശു നിത്യവും ശ്രീനിവാസന് പാൽ കൊണ്ടുകൊടുക്കുമായിരുന്നു. ഇത് കാണാനിടയായ കറവക്കാരൻ, പശുവിനെ ക്രൂരമായി മർദ്ദിച്ചു. എന്നാൽ, മുറിവുപറ്റിയത് ശ്രീനിവാസന്നായിരുന്നു! ഇതിൽ കുപിതനായ ശ്രീനിവാസൻ, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു. ദാസന്മാരുടെ പങ്ക് രാജാവും ഏൽക്കും എന്ന വിശ്വാസമാണത്രേ ഇതിനുപിന്നിൽ!

തുടർന്ന്, ശ്രീനിവാസൻ അമ്മയായ വകുളാദേവിയുടെ അടുത്തുപോയി താമസിച്ചുവന്നു. ഇതിനിടയിൽ, ശാപവിമുക്തനായ ചോളരാജാവ്, ആകാശരാജാവായി പിറവിയെടുത്തു. അദ്ദേഹത്തിന്, പദ്മാവതി എന്ന പേരിൽ ഒരു പുത്രിയുണ്ടായി. തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം എന്നും അതാണ് പേരിനുപിന്നിൽ എന്നും പറയപ്പെടുന്നു. ശ്രീനിവാസനും പദ്മാവതിയും തമ്മിൽ വിവാഹിതരായി. നാരായണവാരം എന്ന സ്ഥലത്തുവച്ചായിരുന്നത്രേ വിവാഹം. കുറച്ചുനാളുകൾക്കുശേഷം സംഭവമറിഞ്ഞ ലക്ഷ്മി, തിരുമലയിലെത്തുകയും ശ്രീനിവാസനെ ചീത്തപറയുകയും ചെയ്തു. ആ സമയത്ത് ഭഗവാൻ സ്വയം കല്ലായി മാറി! സംഭവം കണ്ട് ഭയപ്പെട്ടുപോയ ഇരുദേവിമാരോടും (ലക്ഷ്മിയും പദ്മാവതിയും) കലിയുഗപാപങ്ങൾ തീർക്കാൻ ഭഗവാൻ കുടികൊള്ളാൻ പോകുകയാണെന്ന് ബ്രഹ്മാവും ശിവനും പറയുകയുണ്ടായി. പിന്നീട്, ഇരുദേവിമാരും ഭഗവാനോടൊപ്പം ലയിച്ചുചേർന്നു. ലക്ഷ്മി നെഞ്ചിന്റെ ഇടതുഭാഗത്തും, പദ്മാവതി വലതുഭാഗത്തും കുടികൊണ്ടു.

മദ്ധ്യകാല ചരിത്രം

ക്ഷേത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ചരിത്രരേഖ പല്ലവ രാജ്ഞിയായിരുന്നസമവൈ എ.ഡി. 966-ൽ ഇറക്കിയതാണ്. അവർ ഒരുപാട് ആഭരണങ്ങളും പത്തേക്കറും പതിമൂന്നേക്കറും വിസ്തീർണ്ണം വരുന്ന രണ്ട് സ്ഥലങ്ങളും ദാനം ചെയ്യുകയും അവയിൽ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കായി ഉപയോഗിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. പല്ലവ സാമ്രാജ്യത്തിനുശേഷം, രണ്ടാം ചോളസാമ്രാജ്യവും പിന്നീട് വിജയനഗര സാമ്രാജ്യവും വെങ്കടേശ്വരനെ പ്രാധാന്യത്തോടെ കണ്ടവരായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രത്തിന് ഇന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഭിച്ചത്. എ.ഡി. 1517-ൽ, വിജയനഗര ചക്രവർത്തിയായിരുന്ന കൃഷ്ണദേവരായർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ അദ്ദേഹം സ്വർണ്ണവും രത്നങ്ങളും സമ്മാനിയ്ക്കുകയും, അതുവഴി ശ്രീകോവിൽ പുനരുദ്ധരിയ്ക്കുകയും ചെയ്തു. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, മൈസൂർ രാജവംശവും ഗഡ്വാൾ സംസ്ഥാനവും വെങ്കടേശ്വരനെ പൂജിയ്ക്കുകയും ക്ഷേത്രത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്തു. മറാഠാജനറലായിരുന്ന രഘോജി ഭോസ്ലേ ക്ഷേത്രം സന്ദർശിയ്ക്കുകയും ക്ഷേത്രത്തിന് വ്യക്തമായ ഒരു നടത്തിപ്പുരീതി ഉണ്ടാക്കുകയും ചെയ്തു.

ആധുനിക ചരിത്രം

വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ക്ഷേത്രം ഗോൽക്കൊണ്ട സുൽത്താന്മാരുടെ കീഴിലായി. പിന്നീട് ഫ്രഞ്ചുകാരും അതിനുശേഷം കർണാടിക് നവാബും ക്ഷേത്രഭരണം കയ്യടക്കി. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ഷേത്രഭരണം ഏറ്റെടുത്തു. 1843-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുപ്പതിയിലെ ഹാഥിറാംജി മഠത്തിന് ക്ഷേത്രം സമ്മാനിച്ചു. 1933-ൽ തിരുമല തിരുപ്പതി ദേവസ്ഥാനം രൂപം കൊള്ളും വരെ ഹാഥിറാംജി മഠാധിപതിയായിരുന്നു ക്ഷേത്രാധികാരി. 1951-ൽ ക്ഷേത്രം ആന്ധ്രാസർക്കാരിന്റെ കീഴിൽ നേരിട്ടുകൊണ്ടുവന്നുവെങ്കിലും, പിന്നീട് വീണ്ടും ടി.ടി.ഡി. ഏറ്റെടുക്കുകയായിരുന്നു.

ശിലാ ലിഖിതങ്ങൾ

ചരിത്ര പ്രധാനമായ നിരവധി ശിലാ ലിഖിതങ്ങൾ തിരുമല ക്ഷേത്രത്തിലുണ്ട്. പ്രധാന ക്ഷേത്രത്തിലെയും അടിവാരത്തിലെയും തിരുച്ചാനൂരിലെയും ശിലാലിഖിതങ്ങളുടെ എണ്ണം മാത്രം പതിനായിരത്തിനടുത്തുവരും. പല ശിലാലിഖിതങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ബാക്കിയുള്ളവ ടി.ടി.ഡി. പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ശിലാലിഖിതങ്ങളെല്ലാം എഴുതിയിട്ടുള്ളത്.

ശിലാ ലിഖിതങ്ങളെക്കൂടാതെ പ്രസിദ്ധമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവിയായിരുന്ന താള്ളപ്പാക്ക അന്നമാചാര്യ എഴുതിയ കൃതികളും. മുപ്പതിനായിരത്തോളം കൃതികൾ രചിച്ച അദ്ദേഹത്തിന്റെ കൃതികൾ പിൽക്കാലത്ത് ചെമ്പുഫലകങ്ങളിൽ ആലേഖനം ചെയ്യുകയായിരുന്നു. തെലുങ്കു ഭാഷാ പണ്ഡിതന്മാരുടെയും സംഗീതജ്ഞരുടെയും പഠനങ്ങൾക്ക് ഇവ ഉപകാരപ്രദമായിട്ടുണ്ട്.

തെക്കേ ഇന്ത്യ ഭരിച്ച എല്ലാ രാജാക്കന്മാരുടെയും പ്രശംസയ്ക്ക് വിധേയമായിട്ടുള്ള ക്ഷേത്രമാണ് ശ്രീ വെങ്കടേശ്വരക്ഷേത്രം.

ക്ഷേത്ര നിർമ്മിതി

തിരുപ്പതി നഗരത്തിന്റെ ഉയർന്ന ഭാഗമായ തിരുമലയിൽ, വെങ്കടാദ്രിയുടെ നെറുകിലാണ് വെങ്കടേശ്വരക്ഷേത്രം കുടികൊള്ളുന്നത്. അടിവാരത്തുനിന്ന് 21 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രം വരെ. പോകുന്ന വഴിയിൽ ഏഴുമലകൾ കടന്നുപോകണം.
01. ശേഷാദ്രി
02. നീലാദ്രി
03. ഗരുഡാദ്രി
04. അഞ്ജനാദ്രി
05. ഋഷഭാദ്രി
06. നാരായണാദ്രി
07വെങ്കടാദ്രി
എന്നിവയാണ് ഏഴുമലകൾ.

ഇതുകാരണം തെലുങ്കിൽ 'ഏദുകൊണ്ടലവഡ' എന്നും തമിഴിൽ 'ഏഴുമലയൻ' എന്നും ഭഗവാൻ അറിയപ്പെടുന്നു. അടിവാരത്തുള്ള 'അലിപിരി' എന്ന സ്ഥലത്തുനിന്നാണ് ഈ യാത്ര ആരംഭിയ്ക്കുന്നത്. ഇവിടെനിന്ന് ഒരു നടപ്പാതയും ഇരുഭാഗത്തേയ്ക്കും ഗതാഗതമുള്ള രണ്ട് റോഡുകളും കാണാം. ഈ ഭാഗത്ത് വലിയൊരു കവാടവും, അതിനടുത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു പ്രതിമയുമുണ്ട്. ശ്രീ വെങ്കടേശ്വര ദേശീയോദ്യാനത്തിന്റെ ഭാഗമായ പോകുന്ന വഴിയിൽ ധാരാളം ചെറിയ ക്ഷേത്രങ്ങളും തീർത്ഥസ്ഥാനങ്ങളും കാണാം. പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നാണ് ബാക്കിയെല്ലാം. മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇടയ്ക്കിടെ കടന്നുപോകുന്ന കൊച്ചരുവികളും കണ്ണിന് കുളിർമ്മയേകുന്നു. നടന്ന് മലകയറുന്ന സ്ഥലത്തുനിന്ന് ഒരല്പം മാറി ഒരു പാറയിൽ, ഹനുമാൻ സ്വാമിയുടെ മുഖം പ്രകൃതിദത്തമായി ഉണ്ടായിട്ടുള്ളത് ശ്രദ്ധേയമാണ്. ഗണപതി, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി തുടങ്ങിയ മൂർത്തികളുടെ ക്ഷേത്രങ്ങളും ഇവിടെ കാണാം. 'ഗോവിന്ദാ! ഗോവിന്ദാ!' വിളികളോടെ ഭക്തർ മലകയറുന്നത് കാണേണ്ട കാഴ്ചയാണ്. മലമ്പാത തുടങ്ങുന്ന സ്ഥലത്ത് ഒരു കവാടം കാണാം. അതിനുമുകളിൽ ശ്രീ-ഭൂമീദേവീസമേതനായ വെങ്കടേശ്വരനെയും ഭഗവാനെ തൊഴുതുനിൽക്കുന്ന ഗരുഡനെയും ഹനുമാനെയും കാണാം. മലകയറുന്നവർ ചെരിപ്പിടാൻ പാടില്ല എന്നാണ് വിശ്വാസം. അതിനാൽ, ചെരുപ്പുകളും ബാഗുകളും സൂക്ഷിയ്ക്കാൻ പ്രത്യേക കൗണ്ടർ ഇവിടെ പണിതിട്ടുണ്ട്.

ക്ഷേത്രത്തിലെ മൂർത്തികൾ

വെങ്കടേശ്വരസ്വാമി (മഹാവിഷ്ണു)
ശ്രീകൃഷ്ണൻ
ശ്രീരാമൻ
വിഷ്വക്സേനൻ
സുദർശനമൂർത്തി
ഹനുമാൻ

പൂജാവിധികളും വിശേഷങ്ങളും

പൂജ
നിവേദ്യം
ദർശനം
മുണ്ഡനം
ഭണ്ഡാരം
തുലാഭാരം

ഉത്സവങ്ങൾ

ആർജിത ബ്രഹ്മോത്സവം
വൈകുണ്ഠ ഏകാദശി
രഥസപ്തമി
രാമനവമി
ശ്രീകൃഷ്ണ ജന്മാഷ്ടമി

ഉപക്ഷേത്രങ്ങൾ

വരദരാജസ്വാമിക്ഷേത്രം
യോഗനരസിംഹസ്വാമിക്ഷേത്രം
ഗരുഡക്ഷേത്രം
ഭൂവരാഹസ്വാമിക്ഷേത്രം
ബേഡി ആഞ്ജനേയക്ഷേത്രം
വകുളാദേവീക്ഷേത്രം
കുബേരസന്നിധി
രാമാനുജാചാര്യ സന്നിധി.