ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2018

നന്ദികേശ കഥകള്‍

നന്ദികേശ കഥകള്‍

ശിവന്റെ ഭൂതഗണങ്ങളില്‍ പ്രധാനിയാണ് നന്ദികേശന്‍. നന്ദി, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണ് നന്ദിയെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരനും ആരാധ്യനാണ്.

നന്ദി ശിശുവായിരിക്കുമ്പോള്‍ അജ്ഞാതമായ കാരണത്താല്‍ മാതാപിതാക്കളാല്‍ പരിത്യക്തനായി. ഈ ദിവ്യശിശു ശിലാദന്‍ എന്ന മഹര്‍ഷിയുടെ പുത്രനായതെങ്ങനെ എന്ന് ശിവപുരാണത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്: ശാലങ്കായന്റെ പുത്രനായ ശിലാദന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താന സൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്‍കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. നാല് കൈകളുള്ള ശിരസ്സില്‍ ജടാമകുടങ്ങളുള്ള ശിശു. ശിലാദന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലഭിച്ചു. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹം അഭ്യര്‍ത്ഥിച്ചു.'നിനക്കെന്തിന് അനുഗ്രഹം? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ', എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി. 'ദീര്‍ഘായുസ്സ് നല്‍കണം' എന്ന് അഭ്യര്‍ത്ഥിച്ചു. 'ദീര്‍ഘായുസ്സ് മാത്രമല്ല, കൈലാസത്തില്‍ വന്ന്് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ജീവിക്കുകയും ചെയ്തുകൊള്ളൂ' എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.

നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്. നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചി മഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി, ഗുരു തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ടു. ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി. ശിവനെ അഭയം പ്രാപിച്ചു. കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്തന്‍ അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുത ചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്.

ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന് തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധ വാരിധിയാക്കി മാറ്റി. രുദ്രന്‍ തൃക്കണ്ണ് തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്ര വര്‍ണങ്ങളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവര്‍ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നുകണ്ടു. ശിവനെ ഇത് കൂടുതല്‍ ക്രുദ്ധനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന് സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.

മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്‌നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയ മുനിക്ക് സ്‌കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ 'നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ' എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും

അരികില്‍ ഞാന്‍ ഉണ്ടായിരുന്നിട്ടും... !

കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍  മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :-

" ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത്‌ എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ???

ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "...

ധാരാളം സമ്പത്ത് ഉണ്ടായിരുന്നിട്ടും ദുര്യോധനന് ചൂതുകളിക്കാന്‍ അറിയില്ലായിരുന്നു ,അതുകൊണ്ടാണ് അമ്മാവനായ ശകുനിയെ കളിക്കാന്‍ കൂട്ടിയത് . ധര്‍മ്മരാജന് വേണ്ടി ഞാന്‍ കളിക്കാമായിരുന്നു !!!
പക്ഷെ എന്‍റെ പേര് ആരും പറഞ്ഞില്ല .ഞാനുമായി കളിച്ചിരുന്നെങ്കില്‍ ആരായിരിക്കും ജയിക്കുക ? മാത്രമല്ല ,എന്നെ കളിക്കാന്‍ ക്ഷണിച്ചില്ല എന്നത് മറക്കാം ,നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കാണാന്‍ ഇടവരരുത് എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു . പ്രാര്‍ത്ഥനയാല്‍ എന്നെ കെട്ടിയിട്ടു . ആരെങ്കിലും പ്രാര്‍ത്ഥിക്കുമെന്ന് കരുതി ഞാന്‍ സഭയുടെ പുറത്തു കാത്തുനിന്നു !!! . ഒരാള്‍ പോലും എന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിച്ചില്ല ... !!! പാണ്ഡവര്‍ ദുര്യോധനനെ ശപിക്കുകയും സ്വന്തം വിധിയെ പഴിക്കുകയുമാണ് ചെയ്തത് !!!

ദുശ്ശാസനന്‍ മുടിക്കുപിടിച്ച് വലിച്ചിഴച്ചപ്പോഴും ദ്രൌപതി പോലും എന്നെ വിളിച്ചില്ല !!!.  സ്വന്തം ശക്തിയുപയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിച്ചു . ഒടുവില്‍ വസ്ത്രാക്ഷേപം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആശക്തയായി വിവശയായി ദ്രൌപതി എന്നെ വിളിച്ചു കരഞ്ഞു ...അപ്പോള്‍ മാത്രമാണ് എനിക്കവിടെ പ്രവേശിക്കാന്‍ അവസരം കിട്ടിയതും അവളുടെ മാനം കാക്കാന്‍ സാധിച്ചതും ...

ഉദ്ധവര്‍ ചോദിച്ചു : " കൃഷ്ണാ ... വിളിച്ചാല്‍ മാത്രമേ സഹായത്തിനായി താങ്കള്‍ വരികയുള്ളോ ? ധര്‍മ്മ സംസ്ഥാപനത്തിനായി സ്വയം അണയുകയല്ലേ ? "

കൃഷ്ണന്‍ തുടര്‍ന്നു :- ഈ ജന്മത്തില്‍ ഓരോരുത്തരുടെയും കര്‍മ്മത്തിനനുസരിച്ചാണ് ജീവിതം മുന്‍പോട്ടു പോകുന്നത്. ഞാന്‍ അത് നടത്തുന്നില്ല . ഞാന്‍ അതില്‍ ഇടപെടുന്നുമില്ല . ഞാന്‍ " സാക്ഷിയാണ് " സര്‍വ്വം സാക്ഷിയായി ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുകയാണ് . അതാണ്‌ ഈശ്വര ധര്‍മ്മം ..

കൊള്ളാം കണ്ണാ ..തൊട്ടടുത്ത്‌ നിന്ന് പാപങ്ങള്‍ കൂടുന്നത് കണ്ടു നില്‍ക്കുകയാണോ ? ഞങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണോ ? ഉദ്ധവര്‍ക്ക് സഹിച്ചില്ല ...

ഉദ്ധവരെ ... ഞാന്‍ സാക്ഷിയായി തൊട്ടടുത്ത്‌ നില്‍ക്കുന്നു എന്ന് അറിയുമെങ്കില്‍ , ആ തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് തെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവുന്നത് ? ഞാനൊന്നും കാണുന്നില്ല അറിയുന്നില്ല എന്ന് കരുതി തെറ്റുകള്‍ നിങ്ങള്‍ ചെയ്യുകയാണ് .ഞാനറിയാതെ ചൂതുകളിക്കാമെന്ന ചിന്തയാണ് ധര്‍മ്മരാജാവിന്‍റെ നഷ്ട്ടങ്ങള്‍ക്ക് കാരണം . സാക്ഷിയായി ഞാനുണ്ടെന്ന് തിരിച്ചറിഞ്ഞുവെങ്കില്‍ ഈ ചൂതാട്ടം ഇങ്ങനെ അവസാനിക്കുമായിരുന്നോ ? കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി ...

ഈശ്വരന്‍റെ സാന്നിധ്യം ,സദാ സാക്ഷിയായി കൂടെ നില്‍ക്കുന്നുവെന്ന അറിവ് നമ്മളില്‍ ഉറയ്ക്കുമ്പോള്‍ ,ഭഗവാനറിയാതെ ഇവിടെ ഒരില പോലും ചലിക്കുന്നില്ല എന്ന സത്യം നമുക്ക് മനസ്സിലാകുന്നു . നമ്മുടെ ഉള്ളിലും പുറത്തും നിറയുന്ന ഈ " സാക്ഷി " ഒരു സത്യമാണ് . കൂടുതല്‍ ശ്രദ്ധയോടെ ഈശ്വരീയ ബോധത്തില്‍ ലയിക്കാം. പരിശുദ്ധവും സ്നേഹനിര്‍ഭരവും ആനന്ദപ്രദവുമായ ശുദ്ധബോധത്തെ ആദരവോടെ, സ്നേഹത്തോടെ കണ്ടെത്താം നമുക്ക്... ഒത്തുചേരാം അതിനുവേണ്ടി.....

കീർത്തനത്തിന്റെ മേന്മ

കീർത്തനത്തിന്റെ മേന്മ

കീർത്തനങ്ങള്‍, ഭക്തിഗാനങ്ങള്‍ എന്നിവ നമ്മെ ഈശ്വരനുമായുള്ള ബന്ധം ഓര്‍മ്മപ്പെടുത്തുന്നു. അവിടെ വികാരങ്ങള്‍ക്കുപകരം ഈശ്വരീയ ഗുണങ്ങളാണ് ഉണരുന്നത്. വികാരങ്ങളെ നിയന്ത്രിക്കുവാന്‍ സാധിക്കുന്നു. പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അത് ശാന്തി പകരുന്നു. .
കീര്‍ത്തനങ്ങള്‍ പാടുന്നതിലൂടെ ഈശ്വര സാക്ഷാത്കാരം മാത്രമല്ല ലക്ഷ്‍യമാക്കുന്നത്, ഇവ  നല്ലതരംഗങ്ങള്‍ നമ്മുടെ ചുറ്റിലും ഉണര്‍ത്തുന്നു. പ്രതികാര ചിന്ത അവിടെയില്ല. ശത്രുഭാവമില്ല. സകലരെയും മിത്രമാക്കാനുള്ള ഭാവമാണവിടെയുള്ളത്.

കീര്‍ത്തനം എന്നത് മനസ്സിന് സന്തോഷം പകരലാണ്. അത് പൂര്‍ണ്ണമായി ലഭിക്കുന്നതിന് "ഞാനൊന്നുമല്ല, എല്ലാം അവിടുന്നാണ് ’"എന്നഭാവം ഉണ്ടാക്കണം. അതാണ് ശരിയായ പ്രാര്‍ഥന. എന്നാല്‍,  ഈ ഭാവം അത്രവേഗം കിട്ടില്ല.  ജ്ഞാനം ഉദിക്കുമ്പോഴേ ആ അവസ്ഥ പൂര്‍ണമാകൂ.

കീര്‍ത്തനവും പ്രാര്‍ഥനയും ഒക്കെ വെറും ആഗ്രഹപൂര്‍ത്തിക്കു മാത്രം ആവരുത്. ഇന്ന് പലരും പ്രാര്‍ഥനയെ സ്വാര്‍ഥലാഭത്തിനുള്ള ഉപാധിയായിട്ടാണ് കാണുന്നത്. പ്രാര്‍ഥനയിലൂടെ നല്ല ഗുണങ്ങള്‍, നല്ല തരംഗങ്ങള്‍ ഉണര്‍ത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

നല്ല ചിന്തകളോടെയുള്ള പ്രാര്‍ഥന നല്ല തരംഗത്തെയും ചീത്ത ചിന്തകളോടെയുള്ള പ്രാര്‍ത്ഥന ചീത്ത തരംഗത്തെയും സൃഷ്ടിക്കും. 

സുഗന്ധദ്രവ്യങ്ങള്‍ നിറക്കുന്നിടത്തു ചെന്നാല് നമ്മുടെ ദേഹത്തിനും ആ സുഗന്ധം ലഭിക്കും. അതുപോലെ കീര്‍ത്തനങ്ങള്‍ ചൊല്ലുന്നിടത്തും പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിക്കുന്നിടത്തും ചില സൂക്ഷ്മ തരംഗങ്ങള്‍ ഉണ്ട്. അത് നമ്മുടെ ശരീരത്തിലേക്ക് കടന്നുവരും. അതോടൊപ്പം ഹൃദയം കൂടി തുറക്കണം. അതുകൊണ്ട് കീര്‍ത്തനവേളകളിലും പ്രാര്‍ത്ഥനാ വേളകളിലും നമ്മുടെ ഹൃദയത്തെക്കൂടി സ‍ജ്ജമാക്കാന്‍ നമുക്ക് കഴിയണം. ദിവസവും കുറച്ചു നേരമെങ്കിലും ഇഷ്ടമുള്ള ഒരു കീര്‍ത്തനം, ഭക്തിഗാനം ആലപിക്കുവാന്‍ നാം തയ്യാറാകണം. ആ ഗാനതരംഗങ്ങള്‍ നമ്മളിൽ  ഏറെ മാറ്റങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല ഈശ്വരനോട് നാം  അടുക്കുകയും ചെയ്യും.

ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം

ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം

പണ്ടൊരിക്കല്‍ ശ്വേതകി എന്ന രാജാവ് 100 വര്‍ഷം നീണ്ട ഒരു യാഗം നടത്തി. യാഗത്തില്‍ ഋത്വിക്കുകളായി അനേകം ബ്രാഹ്മണര്‍ പങ്കെടുത്തിരുന്നു. അവിടെ ഹോമകുണ്ഡത്തില്‍നിന്നുയര്‍ന്ന ധൂമപടലത്താല്‍ ഋത്വിക്കുകള്‍ അന്ധരായിത്തീര്‍ന്നതിനാല്‍ ഏതാനും നാളുകള്‍ക്കകം അവര്‍ യാഗം മുഴുമിപ്പിക്കാതെ മടങ്ങിപ്പോയി. ഇതില്‍ ദുഃഖം തോന്നിയ രാജാവ് ശിവനെ തപസ്സ് ചെയ്ത് ഒരു പരിഹാരം അപേക്ഷിച്ചു. ശിവന്‍റെ നിര്‍ദ്ദേശപ്രകാരം ദുര്‍വ്വാസാവിന്‍റെ മേല്‍നോട്ടത്തില്‍ യാഗം വീണ്ടും ആരംഭിച്ച് മംഗളകരമായി സമാപിച്ചു.

പക്ഷെ ഹോമത്തിലെ ഹവിസ്സ് വര്‍ഷങ്ങളോളം ഭുജിച്ച അഗ്നിക്ക് ദഹനക്കേട് പിടിപെട്ടു. മുഖം വിളറി, ദേഹം മെലിഞ്ഞ്, ആഹാരത്തില്‍ രുചിയില്ലാതായി അഗ്നിദേവന്‍ വലഞ്ഞു. അദ്ദേഹം ഒടുവില്‍ ബ്രഹ്മാവിനെ അഭയം തേടി. ഖാണ്ഡവവനത്തിലെ ഔഷധവൃക്ഷങ്ങളും സസ്യലതാദികളും ഭക്ഷിക്കാനും, ഒപ്പം വനത്തിലെ ദേവവൈരികളായ ജീവജാലങ്ങളെ നശിപ്പിക്കാനും ബ്രഹ്മാവ്‌ പരിഹാരമായി നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അഗ്നി ഖാണ്ഡവവനത്തില്‍ വന്നു. ഈ വനം ഇന്ദ്രന് ഇഷ്ടവിഹാരമായതിനാല്‍ ഇന്ദ്രന്‍ വനത്തില്‍ മഴ പെയ്യിച്ച് അഗ്നിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അഗ്നി വീണ്ടും ബ്രഹ്മാവിനെ സമീപിച്ചു. നരനാരായണന്മാര്‍ കൃഷ്ണാര്‍ജ്ജുനന്മാരായി ഭൂമിയില്‍ ഉടന്‍ അവതരിക്കുമെന്നും അവര്‍ അഗ്നിയെ സഹായിക്കുമെന്നും ബ്രഹ്മാവ്‌ അഗ്നിയോടു പറഞ്ഞു.

അങ്ങനെ കൃഷ്ണാര്‍ജ്ജുനന്മാര്‍ ഭൂമിയില്‍ അവതരിച്ചു. അവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ താമസിക്കുന്ന കാലം കൊടുംവരള്‍ച്ച ഉണ്ടായി. ആ സമയം കൃഷ്ണനും അര്‍ജ്ജുനനുംകൂടി ആശ്വാസത്തിനായി ഖാണ്ഡവവനത്തില്‍ പോയി. അവിടെവച്ച് ഒരു ബ്രാഹ്മണവേഷത്തില്‍ അഗ്നി അവരെ സമീപിച്ച് തന്‍റെ പൂര്‍വകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. അഗ്നിയെ സംരക്ഷിക്കാന്‍ തങ്ങളുടെ പക്കല്‍ വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്നു അവര്‍ പറഞ്ഞു. അപ്പോള്‍ അഗ്നിദേവന്‍ വരുണഭഗവാനെ സ്മരിച്ചു. അവിടെ പ്രത്യക്ഷപ്പെട്ട വരുണനോട്‌ അഗ്നി അപേക്ഷിച്ചപ്രകാരം, വരുണന്‍ അര്‍ജ്ജുനന് അമ്പൊടുങ്ങാത്ത ആവനാഴിയും, ചന്ദ്രധനുസ്സും (ഗാണ്ഡീവം എന്ന വില്ല്), ഹനുമാന്‍ കൊടിയടയാളമായതും, പൊന്മാലകള്‍ അണിഞ്ഞ നാല് വെള്ളക്കുതിരകളെ കെട്ടിയതുമായ രഥവും നല്‍കി. ശ്രീകൃഷ്ണന് വരുണദേവന്‍ ചക്രായുധവും നല്‍കി. ഈ സന്നാഹങ്ങളോടെ കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്നിയെ സഹായിച്ചു.

ഈ രഥത്തില്‍വച്ച്, ഇവിടെയാണ്‌ ഭഗവാന്‍ ആദ്യമായി പാര്‍ത്ഥ (അര്‍ജ്ജുന)ന്‍റെ സാരഥിയാവുന്നത്. പിന്നീട് കുരുക്ഷേത്രയുദ്ധത്തില്‍ ഉടനീളവും ഗീതോപദേശ സന്ദര്‍ഭങ്ങളിലും ഭഗവാന്‍ അര്‍ജ്ജുനന്‍റെ തേരാളിയായി തുടര്‍ന്നു.

തു​ലാ​ഭാ​ര​ത്ത​ട്ടി​ൽ​ ഭ​ഗ​വാ​ൻ

തു​ലാ​ഭാ​ര​ത്ത​ട്ടി​ൽ​ ഭ​ഗ​വാ​ൻ

സത്യഭാമ ഉദ്യാനത്തിൽ സന്തോഷത്തോടെ പൂക്കളെയും ചെടികളെയും വൃക്ഷങ്ങളെയും പരിപാലിച്ച് താമരപൊയ്കയുടേയും പക്ഷികളുടെ കളകള ശബ്ദവും ആസ്വദിച്ചുകൊണ്ടിരിക്കുന്നനേരം. അതാവരുന്നു നാരദമുനി. സദാസഞ്ചാരിയായ ആ മുനിവര്യനെ വേണ്ടവിധം സ്വീകരിച്ച് ഇരുത്തി. ആനേരത്ത് അവിടമാക പ്രത്യേക സുഗന്ധത്താൽ നിറഞ്ഞു. നാരദന്റെ കൈയിൽ സൂക്ഷിച്ചുനോക്കി. അതാ ദിവ്യസുഗന്ധവും നല്ല ഭംഗിയുള്ളതുമായ പാരിജാതമലർ. അത് സത്യഭാമക്കു സമർപ്പിച്ചു. ഇതുപോലെ ഒരെണ്ണം ഈ ഉദ്യാനത്തിൽ ഉണ്ടായിരുന്നാൽ എത്ര നന്നായിരുന്നു എന്നായി നാരദർ. നാരദമഹർഷി അതെല്ലാം പറഞ്ഞ് താമസിയാതെ തന്നെ സ്ഥലവുംവിട്ടു. ഉടൻതന്നെ സത്യഭാമ തന്റെ പ്രാണനാഥനായ കൃഷ്ണനെ വണങ്ങി കാര്യം സാധിച്ചു. പൂന്തോട്ടത്തിൽ അതിസുന്ദരമായ പാരിജാതവൃക്ഷവും അതിൽ നിറയെ പൂക്കളും സത്യഭാമയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല.

പിന്നെ നാരദന്റെ അടുത്ത ഊഴമായ രുഗ്മിണിയുടെ അന്തപ്പുരത്തിലെത്തി. രുഗ്മിണിയോടായി മുനി പറഞ്ഞു. ”കൃഷ്ണൻ സത്യഭാമക്ക് പാരിജാത പുഷ്പവൃക്ഷം നൽകിയിരിക്കുന്നു. അതുണ്ടോ നീയറിയുന്നു” എന്നായി. രുഗ്മിണി കൃഷ്ണനെ വരുത്തി സംഗതി മനസ്സിലാക്കി. പ്രശ്‌നം അതീവ ഗുരുതരമാണെന്നു മനസ്സിലായി ഭഗവാൻ ഒരു ഉപായം ചെയ്തു. സത്യഭാമയുടെ പൂന്തോട്ടത്തിൽ പാരിജാതമലർ വിരിയുന്നതെല്ലാം രുഗ്മിണിയുടെ അന്തഃപുരത്തിൽ വന്നു നിറയുവാനുള്ള അനുഗ്രഹം നൽകി. ഈ വിവരം അറിഞ്ഞ നാരദർ സത്യഭാമയോടായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. സത്യഭാമ ആകെ കോപംകൊണ്ടു വിറച്ചു.

നിനക്കറിയുമോ? കൃഷ്ണന് കൂടുതൽ സ്‌നേഹം രുഗ്മിണിയോടാണ്. അതിനാൽ നീ എങ്ങനെയെങ്കിലും കൃഷ്ണനെ സ്വന്തമാക്കിയേ കഴിയൂ. അതിനുള്ള ഉപായവും നാരദർ പറയുന്നു. ഭർത്താവായ കൃഷ്ണനെ ഒരു ബ്രഹ്മചാരിക്ക് ദാനം നൽകുക. അതിനുശേഷം നിങ്ങളിൽ ഇരുവരും ചേർന്ന് കൃഷ്ണനെ എത്രകണ്ട് വിലകൊടുത്ത് ആരെങ്കിലും ഒരാൾ സ്വന്തമാക്കണം. എന്നായി നാരദർ.

മറ്റൊന്നു നോക്കാതെ ഉടൻതന്നെ സത്യഭാമ കൃഷ്ണനെ നാരദന് തന്നെ ദാനം ചെയ്യുന്നു. അങ്ങനെ ഭഗവാൻ കൃഷ്ണൻ നാരദരുടെ പരിപൂർണ്ണ അടിമയായിത്തീർന്നു. കൃഷ്ണനെ തിരിച്ചെടുക്കാനായി പിന്നീടുള്ള ശ്രമം. കൃഷ്ണ ഭഗവാന്റെ തൂക്കത്തിൽ സ്വർണവും മറ്റും തരാമെന്നായി. അതിനുവേണ്ടി തുലാഭാരത്തട്ടും ഒരുക്കി. സത്യഭാമ സ്വർണം, വെള്ളി മുതലായിട്ടുള്ള ആഭരണങ്ങൾ സഹിതം ഒരു തട്ടിൽ വെച്ചു. മറ്റേത്തട്ടിലുള്ള കൃഷ്ണന് ഒരു അനക്കവും കണ്ടില്ല. തന്റെ ഭാരത്തിലുള്ള ആഭരണങ്ങളും രത്‌നങ്ങളും വിലമതിക്കാനാവാത്ത രത്‌നങ്ങളും സ്വർണക്കട്ടികളും തട്ടിൽനിരത്തി. ഒരനക്കവുമില്ല. സത്യഭാമ എന്തു ചെയ്യണമെന്നറിയാതെ ആകെവിഷമിച്ചു.

രുഗ്മിണിയോട് കാര്യങ്ങളെല്ലാം പറഞ്ഞു. നമ്മുടെ കൃഷ്ണൻ എന്നെന്നേക്കുമായി നമ്മുടെയിടയിൽ നിന്നുംവിട്ടകന്ന് നാരദന്റെ അടിമയായിപ്പോകും. അതിനാൽ നീ എന്നെ സഹായിക്കണം എന്നായി സത്യഭാമ. രുഗ്മിണി പരിസരങ്ങളെല്ലാം നന്നായി ശ്രദ്ധിച്ചു. എന്തൊക്കയോ മന്ത്രങ്ങൾ ജപിച്ചു. അതാ അവിടെ അടുത്തുള്ള തുളസിത്തറയിൽ തഴച്ചുവളർന്നു നിൽക്കുന്ന ഭംഗിയാർന്നതുളസിച്ചെടി വേഗം അതിൽനിന്നും ഒരു തുളസിയില എടുത്തു. ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ”കൃഷ്ണാർപ്പണ മസ്തു” എന്നു പറഞ്ഞ് ഭക്ത്യാദര പൂർവം ആ തട്ടിൽ തുളസിയില വെച്ചു. എന്തൊരദ്ഭുതം തുലാഭാരത്തട്ടിൽ കൃഷ്ണന്റെ ഭാഗം ഉയർന്നുവന്നു. അങ്ങനെ നാരദരിൽനിന്നും ഭഗവാൻ സ്വതന്ത്രനായി. രുഗ്മിണിയുടെ ഭഗവൽ ഭക്തിയെ എല്ലാവരും പ്രശംസിച്ചു.

23 May 2018

പരീക്ഷിത്ത്‌ രാജാവ്

പരീക്ഷിത്ത്‌ രാജാവ്

പാണ്ഡവരില്‍ അര്‍ജുനന്റെ പുത്രനായ അഭിമന്യുവിന്റെ പുത്രനാണ്
പരീക്ഷിത്ത്‌.. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവര്‍ കൌരവന്മാരെ മുഴുവനും കാലപുരിക്കയച്ചു . ദ്രോണപുത്രനായ അശ്വതഥാമാവ് പ്രതികാരമായി പാണ്ഡവരുടെ മക്കളെയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊന്നൊടുക്കി അഭിമന്യുവിന്റെ ഭാര്യ ഉത്തര ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരിക്കുന്ന ആ കുഞ്ഞിനു നേരെയും ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു. ശ്രീകൃഷ്ണഭഗവാനെ വിളിച്ച് ഉത്തര ഹൃദയം പൊട്ടിക്കരഞ്ഞു. വിഷ്ണുഭഗവാന്‍ സ്വന്തം തേജസ്സു കൊണ്ട് അവളുടെ ഗര്‍ഭത്തെ മായയാല്‍ മറച്ചു. അതോടെ ബ്രഹ്മാസ്ത്രത്തിന് കുഞ്ഞിനെ കൊല്ലാന്‍ കഴിഞ്ഞില്ല. ഗര്‍ഭത്തില്‍ ഇരുന്നുകൊണ്ട് കുഞ്ഞു തന്നെ രക്ഷിക്കുന്ന ഭഗവാന്റെ മുഖം ഒരു നോക്ക് കണ്ടു. അങ്ങനെ വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ട അഭിമന്യുപുത്രനാണ് വിഷ്ണുരാതന്‍ അഥവാ പരീക്ഷിത്ത്‌..

പാണ്ഡവര്‍ യുദ്ധം ജയിച്ചു. യുധിഷ്ടിരന്‍ രാജാവായി. യാഗങ്ങള്‍ നടത്തി അദ്ദേഹം ഖ്യാതി നേടി. പിന്നീട് ഭഗവാന്‍ അര്‍ജുനനെയും കൂട്ടി ദ്വാരകാപുരിയിലേക്കെഴുന്നെള്ളി. ഏകദേശം നാലുമാസം കഴിഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോപണം ചെയ്ത വിവരം അര്‍ജുനനന്‍ യുധിഷ്ടിരനോടും മറ്റും വ്യസനത്തോടെ അറിയിച്ചു. ധര്‍മ്മപുത്രാധികളെല്ലാം ഈ ദുഖഭാരം താങ്ങാനാവാതെ, പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്തിട്ട്, ഭഗവാനെ ധ്യാനിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്തു. പരമഭക്തനായ പരീക്ഷിത്ത്‌ ധര്‍മ്മാനുസരണം രാജ്യം ഭരിച്ചു. ഉത്തരന്റെ പുത്രിയായ ഇരാവതിയെ പാണിഗ്രഹണം ചെയ്തു. നാല് പുത്രന്മാരും ജനിച്ചു. പരീക്ഷിത്ത്‌ മൂന്ന് അശ്വമേധങ്ങള്‍ നടത്തി തന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു . അങ്ങനെയിരിക്കെ രാജ്യത്ത് കലിയുടെ ഉപദ്രവങ്ങള്‍ മനസ്സിലാക്കിയ രാജാവ് കലിയെ തോല്‍പ്പിച്ച് കീഴടക്കി. പേടിച്ചു വിറച്ച കലി തനിക്ക് വസിക്കാനുള്ള സ്ഥാനങ്ങള്‍ കല്‍പ്പിച്ചു നല്‍കണമെന്നഭ്യര്‍ദ്ധിച്ചു . അതനുസരിച്ച് ചൂതുകളി, മദ്യസേവ, സ്ത്രീസേവ, ജീവഹിംസ എന്നീ നാല് സ്ഥാനങ്ങള്‍ കലിക്കു വാസസ്ഥാനമായി അനുവദിച്ചു കൊടുത്തു. വീണ്ടും കലിയുടെ അപേക്ഷയനുസരിച്ച് ക്രോധം കൊണ്ട് മതികെട്ടവരിലും കലിക്കിരിക്കാന്‍ സ്ഥലം നല്‍കി. അങ്ങനെ അഞ്ചു വാസസ്ഥാനങ്ങള്‍ കൊണ്ട് തൃപ്തനായി കലി മടങ്ങി.

പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോള്‍ ഒരു
ദിവസം നായാട്ടിനായി കാട്ടില്‍ പുറപ്പെട്ടു. നായാട്ടിനുശേഷം തളര്‍ന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തില്‍ ചെന്നു. അപ്പോള്‍
ധ്യാനനിരതനായിരിക്കുന്ന ശമീകന്‍ എന്ന മുനി, രാജാവ് എഴുന്നെള്ളിയത്
ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോള്‍ അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു . തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില്‍ മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്രയും ചെയ്തുകഴിഞ്ഞപ്പോള്‍ രാജാവിന് പശ്ചാത്താപമുണ്ടായി , അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലോട്ടു മടങ്ങി പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞു കുശന്‍ എന്ന് പേരായ ഒരു മുനികുമാരന്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ ഇത് കാണുകയും, മുനിയുടെ മകനായ ശ്രുംഗി യോട് ഈ വിവരം പരിഹാസരൂപത്തില്‍ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി "ഇന്നേക്ക് ഏഴാം നാള്‍ തക്ഷകന്‍ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ" എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസര്‍പ്പത്തെ കഴുത്തില്‍ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണര്‍ന്നു നോക്കിയപ്പോള്‍ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്‍ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകന്‍ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ
ഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു .
ഗൌരമുഖന്‍ രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണര്‍ത്തിച്ചു. രാജാവാകട്ടെ , "മുന്നമേ മരിച്ചിരിപ്പോരു ഞാന്‍ ജഗന്നാഥന്‍ തന്‍ അനുഗ്രഹത്താല്‍ ജീവിച്ചേനിത്രനാളും " എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്
അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍ നിന്നും മുന്നമേ മരിക്കാതെ
രക്ഷപ്പെട്ടത്) പരീക്ഷിത്ത്‌ രാജാവ് രാജ്യഭാരം പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു.

തച്ഛന്മാരെ വിളിച്ച് ഗംഗയില്‍ ഒറ്റത്തൂണില്‍ ഒരു പ്രാര്‍ത്ഥനാമന്ദിരം
തീര്‍ത്ത്‌. അതില്‍ കിഴക്കോട്ടു അഗ്രമാക്കി ദര്‍ഭ വിരിച്ച് അതില്‍
വടക്കോട്ട്‌ മുഖമായി ഭഗവത് നാമങ്ങള്‍ മാത്രം ധ്യാനിച്ചുകൊണ്ടിരുന്നു.
ഇതുകണ്ട് ദേവന്മാര്‍ പൂമാരി ചൊരിഞ്ഞു. യക്ഷകിന്നരഗന്ധര്‍വന്മാര്‍
ആകാശത്ത് താളമേളങ്ങളോടെ ഗാനമാലപിച്ചു. അത്രി, അംഗിരസ്സ്, വസിഷ്ടന്‍, വിശ്വാമിത്രന്‍, പരാശരന്‍ , പിപ്പലാദന്‍, മൈത്രേയന്‍, ഗൌതമന്‍, നാരദന്‍ എന്നീ മഹര്‍ഷിമാരെല്ലാം സന്നിഹിതരായിരുന്നു . ആ
നേരത്താണ് വ്യാസനന്ദന്‍ ശ്രീശുകമഹര്‍ഷി അവിടെ എത്തിച്ചേര്‍ന്നത്. ദിഗംബരനും, മഹാത്മാവുമായ ശ്രീശുകനെക്കണ്ട് എല്ലാവരും എഴുന്നേറ്റു. ആചാരങ്ങളും, പൂജകളും, വന്ദനങ്ങളും ചെയ്തു സല്‍ക്കരിച്ചു . ശ്രീശുകമഹര്‍ഷി, രാജാവിന് പരമപദപ്രാപ്തിക്കുള്ള തത്വം ഉപദേശിച്ചു. അന്ത്യകാലത്ത് മനുഷ്യന്‍ ദേഹത്തിലും ദേഹസംബന്ധമായവയിലും ഉള്ള ആസക്തി അറുത്തു കളയണം. തീര്‍ത്ഥസ്നാനം ചെയ്ത് ഏകാന്തസ്ഥാനത്തിരുന്ന്‍ ഇന്ദ്രിയങ്ങളെ അടക്കി പ്രാണായാമം ചെയ്ത് പ്രണവം ജപിച്ച് മനസ്സിനെ ഭഗവത് 
രൂപത്തില്‍ ഉറപ്പിക്കണം. ഭഗവത് സ്വരൂപമായ വിരാട് രൂപത്തെ രാജാവിനു ശ്രീശുകന്‍ വിസ്തരിച്ചു മനസ്സിലാക്കിക്കൊടുത്തു. ഇപ്രകാരം ധാരണ ചെയ്തപ്പോള്‍ രാജാവിന്റെ മനസ്സില്‍ ഭക്തി ഉറക്കുകയും ആനന്ദം
സ്പുരിക്കുകയും ചെയ്തു. പിന്നെ ശ്രീശുകന്‍ ഭഗവത്കഥകള്‍ പറയാനാരംഭിച്ചു . ഏഴു ദിവസം നിരാഹാരവൃതത്തില്‍ എല്ലാവരും ഇരുന്നു കഥ കേട്ട് എഴാം ദിവസം കഥ അവസാനിച്ചു. രാജാവ് ശ്രീശുകന്റെ പാദത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.

കശ്യപന്‍ എന്ന വിഷഹാരി പരീക്ഷിത്ത്‌ രാജാവിനുണ്ടായ ശാപവൃത്താന്ത മറിഞ്ഞു . തക്ഷകന്‍ കടിക്കുമ്പോള്‍ വിഷമിറക്കി രാജാവിനെ രക്ഷിച്ചാല്‍ തനിക്ക് ധാരാളം പൊന്നും പണവും പ്രതിഫലമായിക്കിട്ടും എന്ന് വിചാരിച്ച് കശ്യപന്‍ പുറപ്പെട്ടു. തക്ഷകന്‍ ഒരു ബ്രാഹ്മണ വേഷത്തില്‍ കുറച്ച് വിശിഷ്ട ഫലങ്ങള്‍ കാഴ്ചയായി കൊണ്ടുവന്നു. വഴിക്ക് വച്ച് അവര്‍ പരിചയപ്പെടുകയും തങ്ങളുടെ ശക്തി പരീക്ഷിച്ചു നോക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു തോല്‍ക്കാന്‍ തയ്യാറാകത്തതുകൊണ്ട് ബ്രാഹ്മണന്‍ കശ്യപന് ധാരാളം പൊന്നും ദ്രവ്യവും നല്‍കി തിരിച്ചയച്ചു . തക്ഷകന്‍ അതേ ബ്രാഹ്മണ വേഷത്തില്‍ രാജസന്നിധിയില്‍ എത്തി ഫലങ്ങള്‍ രാജാവിന് കാഴ്ചവച്ചു. സന്തോഷവാനായ രാജാവ് അതിലൊരണ്ണം എടുത്ത് പൊളിച്ചപ്പോള്‍ മായാവിയായി തക്ഷകന്‍ ഒരു പുഴുവിന്റെ രൂപത്തില്‍ ആ ഫലത്തില്‍ നിന്നും പുറത്തുവന്ന് യഥാര്‍ത്ഥ രൂപം ധരിക്കയും രാജാവിനെ കടിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം വിഷബാധിതനായി രാജാവ് ഭസ്മമായി ഭവിച്ചു. രാജാവിന്റെ ധന്യമായ മോക്ഷപ്രാപ്തി കണ്ട് ദേവദുന്ദുഭികള്‍ വാദ്യഘോഷങ്ങള്‍ മുഴക്കി. ഗന്ധര്‍വന്മാരും അപ്സരസ്സുകളും പാട്ടുപാടി നൃത്തം വച്ചു. ദേവന്മാര്‍ പൂമഴപെയ്തു. അങ്ങനെ പരീക്ഷിത്ത്‌ രാജാവ് മോക്ഷപ്രാപ്തനായി