ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 April 2018

ദേവിമാരേ...

ദേവിമാരേ...

ഭാരതീയരുടെ ജീവിതരീതികളുടേയും ആചാരങ്ങളുടേയും ആകെത്തുകയാണ്. ഈ സംസ്കാരം ഇന്നും നിലനിന്ന് പോകുന്നത് ഈ ആചരണത്തിലൂടെയാണ്. സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും സദാ ആചരിക്കേണ്ട ഈ ധാര്‍മ്മിക നിയമങ്ങളെ നാം സദാചാരം എന്ന് പേരിട്ട് വിളിച്ചു.

ഈ സദാചാരനിയമങ്ങള്‍ ഉൽഭവിച്ചത് അറിവില്‍ നിന്നും, ആ അറിവാകട്ടെ, ബൃഹത്ത്ശ്രേണിയാം വേദോപനിഷത്തുക്കളില്‍ നിന്നും പകര്‍ന്നു കിട്ടിയതും ആകുന്നു. എന്നാലിതൊന്നും അറിയാത്തവരാണ് സദാചാരമെന്ന വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ വികാരംകൊള്ളുന്നത്.

പവിത്രമായ ക്ഷേത്രമാണ് കുടുംബമെങ്കില്‍ അതിലെ ദേവിയാണ് സ്ത്രീയെന്ന് ഭാരതീയ സങ്കല്പം. ഈ ലോകത്ത് സ്ത്രീരൂപത്തില്‍ പരാശക്തിയായി ദൈവ ചൈതന്യത്തെ അവതരിപ്പിച്ച ഒരു രാജ്യമുണ്ടെങ്കില്‍ അത് ഭാരതമല്ലാതെ മറ്റൊന്നല്ല.

മുത്തശ്ശിയായി, അമ്മയായി, ഭാര്യയായി, പെങ്ങളായി, മകളായി, സുഹൃത്തായി, നമ്മുടെ അറിവും ആചാരങ്ങളും പകര്‍ന്നും പരിപാലിച്ചും പൈതൃകം തലമുറകളായി കൈമാറി വരുന്നതില്‍ സ്ത്രീകള്‍ക്കു ഉള്ള പങ്ക് അതിപ്രസക്തവും പ്രധാനവുമാണ്. സാത്വികഭാവമുള്ള സ്ത്രീകള്‍,  പുലര്‍ച്ചെ ചൊല്ലുന്ന ദേവിവന്ദനം മുതല്‍ സന്ധ്യാദീപവും രാമനാമവും വരെ ഒരു ഭവനത്തിനും, അതില്‍ വസിക്കുന്നവര്‍ക്കും പകര്‍ന്നു നല്‍ക്കുന്ന ഭക്തിയിലധിഷ്ഠിതമായ ഹൈന്ദവമൂല്യങ്ങള്‍ തന്നെയാണു ഒരു കുഞ്ഞിനെ വ്യക്തിയാക്കുന്നതിലും,  വ്യക്തിയെ ഒരു ഉത്തമ പൌരനാക്കുന്നതിലും അടിസ്ഥാനമായ ഘടകം. സ്നേഹം , നീതി, ധര്‍മ്മം, കര്‍മ്മം, ഭക്തി എന്നീ അഞ്ചു തിരികളിട്ട ഭദ്രദീപം തെളിച്ചു കൊണ്ട്, ഹൈന്ദവധര്‍മ്മമെന്ന വെളിച്ചം പകര്‍ന്നു നല്‍കുന്നതാകുന്നു ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധിയെന്നു പറയുന്നതിന് അടിസ്ഥാനം.

എന്നാലിന്ന് മുത്തശ്ശിമാരില്ലാത്ത, അമ്മ രാവിലേയും, അച്ഛന്‍ രാത്രിയിലും ജോലിക്കുപോകുന്ന, അണുകുടുംബങ്ങളായി ആധുനികത മനുഷ്യനെ തരംതാഴ്ത്തി. ജീവിതത്തിന്‍റെ തിരക്കിനിടയിലെപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക് അബദ്ധത്തിലെന്നപോലെ ഒന്നോ രണ്ടോ കുട്ടികള്‍ ജനിക്കുന്നു. കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്ന മമ്മിമാരും, പെറ്റമ്മയുടെ മുലപ്പാലുപോലും കുടിക്കാന്‍ ഭാഗ്യമില്ലാത്ത തലമുറകളും ചേര്‍ന്ന് പാശ്ചത്യരാജ്യങ്ങളുടെ ഭൌതിക ജീവിതം അതേപടി അനുകരിക്കുന്ന ഒരു ജീര്‍ണ്ണിച്ച സാമൂഹിക അന്തരീക്ഷത്തിലേക്ക് വഴുതിവീണു. അതൊടെ കുടംബ ക്ഷേത്രത്തിലെ ദേവിയുടെ ചൈതന്യം നഷ്ടപ്പെട്ടു. അഞ്ചുതിരിയിട്ട ഭദ്രദീപവും കെട്ടു.

ഒരു ഹിന്ദു സ്ത്രീക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കും, ഞാന്‍ അനുഭവിക്കുന്ന മത സ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം മറ്റൊരു വിഭാഗത്തിന് അന്യമാണെന്ന്. സ്ത്രീയെ, ദേവിയായി, ആദിപരാശക്തിയായി, സര്‍വതിനും ഉപരിയായി കാണുന്ന മറ്റൊരു മതമുണ്ടോ? അര്‍ദ്ധനാരീശ്വര രൂപത്തിലും സാരമിതു തന്നെയാകുന്നു, സ്ത്രീയില്ലെങ്കില്‍ പുരുഷനില്ല, പുരുഷനില്ലെങ്കില്‍ സ്ത്രീയുമില്ലാ. സ്ത്രീസ്വാതന്ത്ര്യമെന്ന പേരില്‍ പുരുഷന്‍മാരോടും , പുരുഷാധിപത്യമെന്ന പേരില്‍ സ്ത്രീയോടും വാക്പയറ്റു നടത്തി കാര്യവുമില്ലാ. കാരണം നാം പരസ്പരപൂരിതമാകുന്നു.

ഭാരതം, അനേകമായിരം സ്ത്രീരത്നങ്ങള്‍ക്കു ജന്മമേകിയ നാടാണ്. തന്‍റെ പാതിവൃത്യം കൊണ്ട് മധുരാനഗരം ക്രോധാഗ്നിയില്‍ ചാമ്പലാക്കിയ ദേവി കർണ്ണകിയും, ഉറുമികൊണ്ടു ഉത്തരം നല്‍കുന്ന വടക്കന്‍ പാട്ടുകളിലെ ഉണ്ണിയാര്‍ച്ചയും, ബ്രിട്ടീഷ്‌ അധിനിവേശകരോട് ഒറ്റയ്ക്കു പൊരുതിയ റാണി ലക്ഷ്മി ഭായി എന്ന ജഹാന്‍സി റാണിയും , അനാചാരത്തിനു എതിരെ സ്തനങ്ങള്‍ അറുത്തു നല്‍കിയ നങ്ങേലിയും, ഭാരതത്തിന്‍റെ വാനമ്പാടി സരോജിനി നായിഡുവും മുതല്‍ അനേകായിരം സ്ത്രീരത്നങ്ങള്‍ പിറന്നുവീണ പരിപാവനമായ മണ്ണാണിത്...

ഒരു നാടിന്‍റെ ജീവ സ്രോതസ്സാണ് സ്ത്രീ. എല്ലാ രാജ്യങ്ങളും സ്ത്രീകളുടെ ഉന്നമനത്തിന് അത്യധികം പ്രാധാന്യമാണ് നല്‍കുന്നത്. കാരണം ഒരു കുടുംബം നന്നാകുന്നത് സ്ത്രീ നന്നാകുമ്പോഴാണ്. ഓരോ കുടുംബവും നന്നാകുമ്പോഴാണ് ഒരു രാജ്യം നന്നാകുന്നത്.

സ്വന്തം ഭാര്യയേയും, അമ്മയേയും, സഹോദരിയേയും "ദേവീ"എന്ന് വിളിക്കുന്ന പരിപാവന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ഈ ഭാരതമണ്ണിന് ചൈതന്യം പകരേണ്ട ദേവിമാരേ, നിങ്ങളുടെ ഭാവശുദ്ധിയിലാണ് ഭാരതത്തിന്‍റെ നാഡിത്തുടിപ്പിരിക്കുന്നത്.

വിവേകം

വിവേകം

അറിവ്‌ നേടുകയാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗം. ബുദ്ധിയും മനസ്സും ശരീരവും തെളിയുകയും പ്രകാശിക്കുകയും വേണം. വിവേകംകൊണ്ടുമാത്രമേ ആത്മജ്ഞാനം ലഭിക്കൂ. ബുദ്ധിയുടെ വ്യാപാരം അറിവിനെ സ്വാംശീകരിച്ച്‌ മനസ്സിലെത്തിക്കുകയാണ്‌ എന്നതാണ്‌.

ബുദ്ധിയുടേയും ശക്തിയുടേയും സഹിഷ്ണുതയുടേയും കാരുണ്യത്തിന്റേയും ത്യാഗത്തിന്റേയും ഉറവിടം വിവേകമാണ്‌. വിവേകം ബുദ്ധിയില്‍നിന്നും കിട്ടുന്ന പരമാത്മജ്ഞാനം തന്നെ. ജ്ഞാനം ശരിയായി ലഭിച്ചാല്‍ മനസ്സ്‌ ഒരിക്കലും ദുര്‍ബലമാകയില്ല. തളരുകയില്ല. ദുര്‍വിചാരങ്ങള്‍ക്കോ ദുഷ്പ്രവൃത്തികള്‍ക്കോ ദുഷ്ട സംസ്കാരത്തിനോ ഒരിക്കലും അടിപ്പെടുകയില്ല. ആര്‍ക്കും മുമ്പില്‍ പരാജയപ്പെടുകയോ തകരുകയോ ഇല്ല. അതിനായി ശരിയായ അറിവ്‌ പ്രദാനം ചെയ്യാന്‍ അറിവിന്റെ സര്‍വസ്വമായ വാഗീശ്വരിയുടെ അനുഗ്രഹം ആവശ്യം തന്നെ. മാനസികമായ ശക്തിനേടാതെ വിവേകവും വിചാരവും ഉണ്ടാകില്ല. അതില്ലാതെ ത്യാജ്യഗ്രാഹ്യ വിവേചന ശക്തി കൈവരില്ല. മനസ്സില്‍ വിഷാദം വീശിയാല്‍ ജീവിതം തകര്‍ന്നതുതന്നെ.

ജീവിത വിജയത്തിന്‌ ഉചിതമാംവിധം മനസ്സിനെ ശക്തിപ്പെടുത്തുക. അപ്പോള്‍ ബുദ്ധിവ്യാപാരം മനസ്സിനെ സ്വാധീനിക്കും. വാണീദേവിയെ കൈവണങ്ങുന്നത്‌ ഈവിധം മനസ്സിന്റെ മഹത്വം വര്‍ധിപ്പിക്കാനാണ്‌. മനസ്സ്‌ ശാന്തമാകാത്തിടത്ത്‌ ഒരിക്കലും ഈശ്വരസാന്നിധ്യം ഉണ്ടാകില്ല.
കരുത്തിന്റെ മാതാവാണ്‌ വാഗ്ദേവത. വാക്കിന്റെ ശക്തികൊണ്ട്‌ ഒരു വ്യക്തിയുടെ മഹത്വം നിലനിര്‍ത്താന്‍ കഴിയുന്നു. കാമ ക്രോധ ലോഭ മോഹ മദ മാത്സര്യ ഡംഭു അസൂയാദി എട്ട്‌ വൈരികളെ കീഴടക്കാതെ ഒരിക്കലും ഒന്നും നേടാനാവുന്നില്ല.

ബാഹ്യവസ്തുക്കള്‍ തനിക്ക്‌ ആനന്ദം നേടിത്തരുമെന്ന വ്യാമോഹം നിലനില്‍ക്കുകയാല്‍ ആത്മാവിന്റെ ആനന്ദം നാം അറിയുന്നില്ല. എന്തുവന്നാലും നമ്മുടെ നാശം നാം തന്നെയെന്ന ചിന്ത ഉറപ്പിച്ച്‌ അധഃപതിക്കാതിരിക്കുക......

അഗ്നിസൂര്യസോമഖണ്ഡങ്ങൾ

അഗ്നിസൂര്യസോമഖണ്ഡങ്ങൾ

മനുഷ്യശരീരത്തെ  പൗരാണിക ഋഷികൾ ഈ പ്രപഞ്ചത്തിൻ്റെ  സാദൃശ്യങ്ങൾ മുഴുവനും  ഒത്തിണങ്ങിയ ഒരു പ്രതീകമായിട്ടാണ്  ദർശിച്ചത്. ഈ മാനുഷിക ശരീരത്തിൻ്റെ സൃഷ്ടിയിൽ ഈശ്വരശക്തി വിവിധ തലത്തിലൂടെ ഭൗതികശരീരം വരെ ഇറങ്ങി വരുന്ന ആറെണ്ണമുണ്ട്.  ആദ്യത്തെത് ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം, രണ്ടാമത്തെത് കണ്ഠത്തിലുള്ള  വിശുദ്ധിചക്രവും, മൂന്നാമത്തേത് ഹൃദയഭാഗത്തുള്ള അനാഹതചക്രവും,  നാലമത്തെത് നാഭിക്കുപിന്നിലുള്ള  മണിപൂരക ചക്രവും, അഞ്ചാമാതേത് ലിംഗമൂലത്തിലുള്ള സ്വാധിഷ്ഠാന ചക്രവും, ആറമത്തേത് അതിനുമടിയിലുള്ള മൂലാധാരവും ആണെന്ന് യോഗശാസ്ത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഈ ചക്രങ്ങൾ ഭൗതീക അവയവങ്ങൾ അല്ല. സൂക്ഷശരീരത്തിലുള്ളവയാണ്.  കണ്ഠസ്ഥമായ  വിശുദ്ധിചക്രത്തിൻ്റെ  പതിനാറുദളങ്ങൾ  "അ" മുതൽ "അഃ" വരെയുള്ള പതിനാറുസ്വരാക്ഷരങ്ങളുടെ  സ്പന്ദന വിശേഷങ്ങൾ  ഉൾക്കൊണ്ടവയാണ്. അതു പോലെ ഹൃദയഭാഗത്തുള്ള അനാഹതചക്രം ക,ഖ,ഗ,ഘ, ങ, ച, ഛ,ജ,ഝ,ഞ, ട,ഠ എന്നി പന്ത്രണ്ട് വ്യഞ്ജനാക്ഷരങ്ങളുടെയും, അതിനടിയിലുള്ള മണിപൂരകചക്രം ഡ, ഢ, ണ, ത, ഥ, ദ, ധ, ന, പ, ഫ, എന്നീ പത്ത് അക്ഷരങ്ങളുടെയും, സ്വധിഷ്ഠാനചക്രം ബ, ഭ, മ, യ, ര, ല,  എന്നി ആറ് അക്ഷരങ്ങളുടെയും, മൂലാധരചക്രം  വ, ശ, ഷ, സ, എന്നി നാല് അക്ഷരങ്ങളുടെയും, ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രം ഹ, ക്ഷ, എന്നി രണ്ടക്ഷരങ്ങളുടെയും  സ്പന്ദനവിശേഷങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഇവയ്ക്കെല്ലാമുപരി തലചോറിന്റെ ഉപരിതലത്തിലുള്ള   സഹസ്രദള പത്മത്തിൽ ഈ അമ്പതു അക്ഷരങ്ങളുടെയും ആവർത്തനങ്ങൾ  വീണ്ടും വരുന്നു. നാം ഉച്ചരിക്കുന്ന  ഏതു ശബ്ദവും  ഈ അക്ഷരമാലക്കകത്ത് ഉൾപ്പെടണമല്ലോ. അങ്ങനെ യോഗപരമായസാധനചെയ്ത് സിദ്ധിവന്നതിനുശേഷം ഇച്ഛാശക്തി പൂർണ്ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്നതായ ഓരോ ശബ്ദവും അതാതു ചക്രത്തിലെ അതാത് ദളങ്ങളെ   പ്രചോദിപ്പിക്കുന്നവയാണ്.  

മേൽ പറഞ്ഞതരത്തിലുള്ള സൂക്ഷ്മശരീരഭാഗങ്ങളെ  മറ്റൊരുതരത്തിലും  വിഭജിക്കാറുണ്ട്. അണുക്കളെ കൊണ്ട് നിർമ്മിച്ചതായാ ഭൗതീക അഥവാ ആണവമായ ശരീരമാണ് നമുക്ക് ദൃശ്യമാകുന്നത്.  അതിനു ഉള്ളിലും പുറത്തുമായി ഓതപ്രേതമായി പരിലസിക്കുന്ന ഊർജ്ജശരീരഭാഗത്തെയാണ് പ്രാണമയകോശമെന്നു പറയുന്നത്.  ഇതിനെയും ഉൾക്കൊണ്ടുകൊണ്ട് മാനസമായ ഒരു ശരീരവും ഉള്ളതായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. അതിന്നപ്പുറത്തുള്ള അസ്ഥിത്വം ഊഹ്യം മാത്രമാണ്.  അനുഭവവേദ്യമാൽ സാധാരണക്കാരന്.  ഈ മൂന്ന് തലങ്ങളും  നമ്മുടെ ഭൗതികശരീരീത്തോട് അനുബന്ധിച്ച്  ഒന്നിന്റെയുള്ളിൽ ഒന്നായി നിൽക്കുന്നതാണ്.  എങ്കിലും ഭൗതികശരീരത്തിൽ തന്നെ ചില ഭാഗങ്ങളായിയുള്ള ഒരു കല്പനയും  ഋഷീശ്വരന്മാർ കണ്ടെത്തിയിട്ടുണ്ട്.    മൂലാധാരം മുതൽ അനാഹതം വരെയുള്ള ഈ ആണവ മേഖല  ഇതിനെ അഗ്നിഖണ്ഡമെന്ന് പറയുന്നു.  അനാഹതം മുതൽ ആജ്ഞാ വരെയുള്ള  ഊർജ്ജ മേഖല ഇതിനെ   സൂര്യഖണ്ഡമെന്നു പറയുന്നു.   അതിനു മേൽ സഹസ്രാരം വരെ  ചന്ദ്രഖണ്ഡമായ മാനസതലമാണ്.    അങ്ങനെ മനുഷ്യൻ അഗ്നിസൂര്യസോമ ഖണ്ഡങ്ങളിൽ കൂടിയും.  അതിനപ്പുറത്തുമായി വിരാജിക്കുന്നു.  വേദങ്ങളിൽ പറയുന്ന ഭൂ  ഭുവ  സ്വ  എന്നീ വ്യാഹൂതി ശബ്ദങ്ങൾ ഇവയെ തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനപ്പുറത്തേക്കുള്ള ബിന്ദുവിലേക്കുള്ള നീട്ടൽ ആണ് ഭൂർഭുവസ്വരോം എന്ന വാക്യം . ഓം എന്ന് പ്രണവത്തിന്റെ അ, ഉ, മ്, നാദം ബിന്ദുക്കൾ   എന്നിവ മിക്കവാറും ഇതിന്റെ മന്ത്രാക്ഷരങ്ങളാണെന്ന് പറയാം   ഈ കൽപ്പന എകദ്ദേശമെന്നെ പറയാവൂ.  ശിരസ്സ് ഭാഗത്ത് അഗ്നിഖണ്ഡമായ അണവാംശം വ്യക്തമായി ഉണ്ടല്ലോ.  ചതുർമ്മാനവും ബഹുമാനവുമായ ശരീരത്തെ  ത്രിമാനരൂപമായി കൽപ്പിക്കുമ്പോൾ   ഉണ്ടാകുന്ന ഒരു വികൃതി മാത്രമാണിത്.   ഏതാണ്ട് ഈ ശരീര ഭാഗങ്ങളായി   അഗ്നിസൂര്യസോമ ഖണ്ഡത്തെയും   അതിനുപരിയായി ബ്രഹ്മരന്ധ്രത്തെയും കൽപിക്കുന്നു.  ഇവിടെയാണ് പരമാത്മാവ് വിരാജിക്കുന്നത്. ഈ കൽപന തന്ത്രയോഗശാസ്ത്രങ്ങളിൽ ഉടനീളം കാണാവുന്നതാണ്.  ആണവവും ഊർജ്ജപരവും മാനസികവും ആയ തലങ്ങളാണിവ   പ്രതിനിധാനം ചെയ്യുന്നതെന്ന് മൊത്തത്തിൽ പറയാം.

28 April 2018

കൊട്ടിയൂർ ക്ഷേത്രം

കൊട്ടിയൂർ ക്ഷേത്രം

ദക്ഷിണഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്, ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 108 ശിവാലയങ്ങളിൽ ഉൾപ്പെട്ട ഒരു പ്രധാനക്ഷേത്രമാണ്. തലശ്ശേരി  നഗരത്തിൽ നിന്നും ഏകദേശം 65 കി.മീ ദൂരെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സഹ്യാദ്രിയുടെ വടക്ക് പശ്ചിമഘട്ട മലനിരകളിൽ നിന്നും ഉത്ഭവിച്ച് പുണ്യനദിയായി ഒഴുകിയെത്തുന്ന ബാവലിപ്പുഴയുടെ ഇരുകരകളിലുമായി രണ്ടു ക്ഷേത്രസ്ഥാനങ്ങളാണുള്ളത്.ഈ പുണ്യസങ്കേതങ്ങളെ ഇക്കരെ കൊട്ടിയൂർ എന്നും, അക്കരെ കൊട്ടിയൂർ എന്നും അറിയപ്പെടുന്നു.

ഹരിതവനങ്ങളാലും, കാട്ടുചോലകളാലും നിബിഡമായ ഈ പുണ്യ സങ്കേതത്തിൽ വാവലിയാറിന്റെ വടക്കുഭാഗത്തായി അക്കരെ കൊട്ടിയൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചുറ്റിലും വെള്ളം നിറഞ്ഞു നിൽക്കുന്ന, "തിരുവഞ്ചിറ എന്ന ജലാശയത്തിന്റെ നടുവിലായിട്ടാണ് കാട്ടുകല്ലുകൾ കൊണ്ട് കെട്ടിയുയർത്തിയ ചൈതന്യ സ്ഥാനമായ 'മണിത്തറ '. ഈ മണിത്തറയിൽ ശ്രീ പരമേശ്വരന്റെ സ്വയംഭൂ ലിംഗം കുടികൊള്ളുന്നു. രണ്ടാമതായി കാണപ്പെടുന്നത് സാക്ഷാൽ പരാശക്തിയുടെ 'അമ്മാ റക്കൽതറ'യാണ്. അമ്മ മറഞ്ഞ സ്ഥലം ലോപിച്ച് അമ്മാറക്കൽ ആയതെന്ന് ഐതിഹ്യം. ഇപ്രകാരം ശിവനും, ശക്തിയും ആണ് ഇവിടുത്തെ പ്രധാന ആരാധ്യദേവതകൾ.

ഇടവമാസത്തിലെ ചോതി നാൾ മുതൽ മിഥുനമാസത്തിലെ ചിത്ര നാൾ വരെയുള്ള 28 ദിവസം മാത്രമെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടക്കാറുള്ളൂ. ഈ കാലയളവിനെയാണ്, 'വൈശാഖമഹോത്സവം' എന്ന പേരിൽ അറിയപ്പെടുന്നത്. ഉത്സവ വേളയല്ലാത്ത ബാക്കി പതിനൊന്ന് മാസവും അക്കരെ ക്ഷേത്രത്തിൽ മനുഷ്യർക്ക് പ്രവേശനമില്ല. ഈ സമയത്ത് അവിടെ ദേവപൂജയാണ് നടക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതുപോലെ തന്നെ അക്കരെ ക്ഷേത്രത്തിൽ വൈശാഖോൽസവം നടക്കുന്ന ഒരു മാസം ഇക്കരെ ക്ഷേത്രത്തിൽ നിത്യപൂജ നടക്കാറില്ല. ഇവിടുത്തെ ബലി ബിംബങ്ങൾ അക്കരെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് അവിടെ വെച്ചാണ് ആ സമയത്ത് പൂജ നടക്കാറുള്ളത്. ഉത്സവം കഴിഞ്ഞുള്ള ബാക്കി പതിനൊന്നു മാസവും ഇക്കരെ ക്ഷേത്രത്തിൽ നിത്യപൂജ ഉണ്ടാകും.

ആചരണങ്ങളിലും, അനുഷ്ഠാനങ്ങളിലും ഇതര ക്ഷേത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു രീതിയാണ് ഇവിടെ കാണപ്പെടുന്നത്. പ്രാചീനമായ കീഴ്‌വഴക്കങ്ങളും, സമ്പ്രദായങ്ങളും അതേപടി നിലനിർത്തിക്കൊണ്ട്, തനിമ ഒട്ടും ചോർന്നു പോകാതെ തന്നെയാണ് ഇവിടെ ഇപ്പോഴും വൈശാഖോൽസവം കൊണ്ടാടുന്നത്.

ക്ഷേത്രം എന്നു പറഞ്ഞാലും ഇവിടെ ചുറ്റമ്പലമോ, മന്ദിരങ്ങളോ, സ്ഥിരമായ നിർമ്മിതികളോ ഒന്നും തന്നെ കാണപ്പെടുന്നില്ല. യാഗശാലകളെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള താൽക്കാലിക ഷെഡുകൾ ഉത്സവകാലത്ത് കെട്ടിയുയർത്തുകയാണ് ചെയ്യുന്നത്. ഞെട്ടിപനയോല, തെങ്ങോല മുതലായ പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പർണ്ണശാലകളെ കയ്യാലകൾ, എന്ന് അറിയപ്പെടുന്നു. സ്വയംഭൂലിംഗം കുടികൊള്ളുന്ന മണിത്തറക്ക് മുകളിലും ഈ വിധത്തിലുള്ള താൽക്കാലിക നിർമ്മിതിയാണുള്ളത്. ഉത്സവശേഷം ഇവയൊക്ക നിശ്ശേഷം മാറ്റുകയും ചെയ്യുന്നു.

ദക്ഷയാഗം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുണ്യ സങ്കേതത്തിൽ ഒരു ക്ഷേത്രം പണിയുകയാണെങ്കിൽ, ശ്രീകോവിലിന് നാലു കാതവും, നാലമ്പലത്തിന് പന്ത്രണ്ട് കാതവും, ചുറ്റമ്പലത്തിനു് അൻപത്തിരണ്ട് കാതവും ചുറ്റളവ് വേണമെന്നാണ് കണക്ക്. ഇത്രയും വിശാലമായ ഭൗതിക ഘടനയോടുകൂടി ക്ഷേത്ര നിർമ്മാണം സാധ്യമല്ലാത്തതിനാലാണത്രെ ഇവിടെ ക്ഷേത്ര കെട്ടിടമില്ലാത്തതെന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രാഹ്മണാചാരപ്രകാരമുളള ചടങ്ങുകൾ ആണ് ഇവിടെ നടക്കുന്നതെങ്കിലും വിവിധ വിഭാഗങ്ങളിൽപ്പെട്ട അറുപത്തിനാലോളം അവകാശി കുടുംബങ്ങൾ ആണ് ഉൽസവ കാര്യത്തിന് വേണ്ടതെല്ലാം ഒരുക്കുന്നത്. പ്രാക്കൂഴം, നീരെഴുന്നള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നള്ളത്ത്, ഇളനീർവെയ്പ്, ഇളനീരാട്ടം, ആലിംഗന - പുഷ്പാഞ്ജലി,
തൃക്കൂർ അരിയളവ്, കലം വരവ്, കലപൂജ, തൃക്കലശാട്ട് ഇങ്ങിനെയുള്ള വിവിധങ്ങളായ ചടങ്ങുകൾ ഇവിടെ നടക്കുന്നു. ആനപ്പുറത്തുള്ള ശീവേലി എഴുന്നള്ളത്ത് കൂടാതെപാണി കൊട്ട്, പാഠകം, കൂത്ത് മുതലായ ക്ഷേത്ര കലാരൂപങ്ങളും ഉത്സവസമയത്ത് പതിവാണ്.

യുഗാന്തരങ്ങൾക്കപ്പുറത്ത്‌ ദക്ഷപ്രജാപതി ഒരു യാഗം നടത്തുകയുണ്ടായി. ഭൃഗു, ദധീചി മുതലായ മുനിവര്യൻമാരുടെയും, ദേവീ ദേവൻമാരുടെയും സാന്നിദ്ധ്യത്തിൽ ആയിരുന്നു ആ യാഗം നടന്നത്. എന്നാൽ ദക്ഷൻ സ്വന്തം മകളായ സതീദേവിയേയും, ഭർത്താവായ സാക്ഷാൽ ശ്രീ പരമേശ്വരനേയും തന്റെ യാഗത്തിന് ക്ഷണിച്ചിരുന്നില്ല. മുൻപ് സ്വർഗ്ഗ ലോകത്ത് വെച്ച് നടന്ന ഒരു യാഗത്തിന്, യാഗ യജമാനനായ ദക്ഷ പ്രജാപതി യാഗശാലയിലേക്ക് പ്രവേശിച്ച സമയത്ത് ബ്രഹ്മദേവനും, പരമശിവനും അദ്ദേഹത്തെ എഴുന്നേറ്റുനിന്നു വന്ദിച്ചില്ല. മകളുടെ ഭർത്താവായ ശിവൻ തന്നെ മനഃപൂർവ്വം അപമാനിച്ചതാണെന്ന് ധരിച്ച ദക്ഷൻ പരമേശ്വരനെ അപമാനിക്കാനുള്ള ഒരു അവസരം കാത്തിരിക്കുകയായിരുന്നു. അതിൻ പ്രകാരമാണു് താൻ നടത്തുന്ന യാഗത്തിന് ശിവനേയും, സതിയേയും മാത്രം ക്ഷണിക്കാതിരുന്നത്.

തന്റെ പിതാവ് നടത്തുന്ന യാഗം നാരദമുനിയിൽ നിന്നും കേട്ടറിഞ്ഞ സതീദേവിക്ക് യാഗത്തിൽ പങ്കെടുക്കാൻ ആഗ്രഹം തോന്നി. അവിടെപ്പോയാൽ അപമാനിതയാകും എന്ന ശിവന്റെ വാക്ക് ദേവിയെ വിഷമത്തിലാക്കി. മനസ്സില്ലാ മനസ്സോടെ ശിവൻ ദേവിക്ക് പോകാൻ അനുമതി നൽകി. അപമാനിതയായാൽ തിരിച്ചു വരരുത് എന്ന താക്കീതും കൊടുത്തു. ഉത്സാഹത്തോടെ  യാഗശാലയിലെത്തിയ സതീദേവിയെ ദക്ഷൻ അപമാനിക്കുകയും ദു:ഖം സഹിക്കാനാവാതെ സതി  ആ യാഗാഗ്നിയിൽചാടി ആത്മാഹുതി നടത്തുകയും ചെയ്തു.ഇതറിഞ്ഞ് ക്രുദ്ധനായ ശിവൻ തന്റെ ഭൂതഗണങ്ങളെയും, സ്വന്തം ജടയിൽ നിന്നും ഉത്ഭവിച്ച വീരഭദ്രനെയും, തൃക്കണ്ണിലെ അഗ്നിയിൽ നിന്നുത്ഭവിച്ച ഭദ്രകാളിയേയും യാഗസ്ഥലത്തേക്ക് പറഞ്ഞയച്ചു. യാഗശാലയിലെത്തിയ ഇവർ യാഗശാല തകർത്തു തരിപ്പണമാക്കി, കൂട്ടക്കുരുതി തന്നെ നടത്തി. എതിരിടാനെത്തിയ ഭൃഗുമനിയുടെ താടിയും, മുടിയും, പിഴുതെറിഞ്ഞു. ഓടി രക്ഷപ്പെടാനൊരുങ്ങിയ ദക്ഷന്റെ ശിരസ്സറുത്ത് വീരഭദ്രൻ ഹോമകുണ്ഠത്തിലെറിഞ്ഞു.

യാഗം മുടങ്ങിയാൽ ലോക നാശം സംഭവിക്കുമെന്ന് ഭയന്ന ദേവകൾ ബ്രഹ്മാവിനോടു കൂടി മഹാവിഷ്ണുവിനെ സമീപിച്ച് ശിവന്റെ കോപം ശമിപ്പിക്കാനും, ദക്ഷന് ജീവൻ തിരിച്ചുനൽകി  യാഗം പൂർത്തിയാക്കാനും അപേക്ഷിച്ചു. മഹാവിഷ്ണു ശിവസന്നിധിയിലെത്തി ശിവകോപത്തെ തണുപ്പിക്കുകയും, സാന്ത്വനിപ്പിക്കുകയും ചെയ്തു. മനമലിഞ്ഞ ദക്ഷിണാമൂർത്തി യാഗം തുടരാൻ അനുമതി നൽകുകയും ദക്ഷന് യജ്ഞമൃഗമായിരുന്ന ആടിന്റെ ശിരസ്സു വെച്ച് ജീവൻ കൊടുക്കുകയും ചെയ്തു. ത്രിമൂർത്തികളുടെ സാന്നിദ്ധ്യത്തിൽ യാഗം ഭംഗിയായി പൂർത്തീകരിച്ചു.

ദക്ഷയാഗം കഴിഞ്ഞ് യുഗങ്ങൾക്ക് ശേഷം കേരള ഭൂമി പരശുരാമൻ വീണ്ടെടുത്തു സഹ്യപർവ്വതപാർശ്വത്തിലൂടെ നടക്കുകയായിരുന്ന പരശുരാമനെ, അട്ടഹസിച്ചെത്തിയ കലി  പിടികൂടാൻ ഒരുമ്പെട്ടു. പരശുരാമൻ കലിയെ ബന്ധനസ്ഥനാക്കി പ്രഹരിച്ചു. കലിയെ, പരശുരാമൻ കൊന്നുകളഞ്ഞേക്കുമോ എന്ന് ഭയപ്പെട്ട ത്രിമൂർത്തികൾ അവിടെ എത്തി, കലിയെ മോചിപ്പിക്കാനാവശ്യപ്പെട്ടു. താൻ വീണ്ടെടുത്ത കേരളക്കരയിൽ കലിബാധയുണ്ടാകില്ലെന്ന് ഉറപ്പു നൽകിയാൽ കലിയെ വിട്ടയക്കാമെന്ന് പരശുരാമൻ ത്രിമൂർത്തികളെ അറിയിച്ചു. ഈ ഭൂമിയിൽ എല്ലാ വർഷവും വൈശാഖ മഹോത്സവം കൊണ്ടാടിയാൽ കലിബാധ ഉണ്ടാകില്ലെന്ന് ത്രിമൂർത്തികളും ഉറപ്പുകൊടുത്തു. ഈ വ്യവസ്ഥ പരശുരാമൻ അംഗീകരിക്കുകയും ചെയ്തു. ഇങ്ങിനെയാണ് വൈശാഖ മഹോൽസവത്തിന് തുടക്കം കുറിച്ചത്. കാലം കഴിഞ്ഞപ്പോൾ കൊട്ടിയൂരിന്റെ ധന്യതയും, കേരളത്തിന്റെ ഐശ്വര്യവും പരശുരാമവിദ്വേഷിയായ വിശ്വാമിത്രനെ ചൊടിപ്പിക്കുകയും, അദ്ദേഹം ദുർവ്വാസാവിന്റെ സഹായത്താൽ കാലക്രമേണ വൈശാഖമഹോത്സവം നിർത്തലാക്കുകയും ചെയ്തുവത്രെ.!

വളരെക്കാലം കാടുമൂടിക്കിടന്ന ഈ വനഭൂമിയിൽ ഒരു കുറിച്യ യുവാവ് വേട്ടയാടാനായി എത്തിച്ചേർന്നു. തന്റെ അമ്പ് മൂർച്ച വരുത്താനായി ഒരു കാട്ടുകല്ലിൽ ഉരച്ചു നോക്കി. പെട്ടന്ന് കല്ലിൽ നിന്നും നിൽക്കാത്ത രക്തപ്രവാഹം! ഇതു കണ്ട് അമ്പരന്ന കുറിച്യയുവാവ് പിടഞ്ഞിറ്റ നമ്പൂതിരി എന്ന മഹാ ബ്രാഹ്മണനെ വിവരമറിയിച്ചു. പിന്നീട് കോട്ടയം തമ്പുരാൻ എന്ന രാജാവിനെയും, മണത്തണയിലെ അഞ്ചു നായർ തറവാടിലെ  കാരണവന്മാരെയും വിവരമറിയിച്ചു - എല്ലാവരും അവിടെ എത്തിച്ചേർന്നു. പടിഞ്ഞിറ്റ നമ്പൂതിരി നദിയിലെ തീർത്ഥം ശിലയിൽ അഭിഷേകം ചെയ്തു'രക്തം നിലക്കാഞ്ഞതിനാൽ പാൽ നെയ്യ്, ഇളനീര് ഇവ കൊണ്ടുള്ള അഭിഷേകവും നടത്തി. അത്ഭുതമെന്നു പറയട്ടെ  രക്തപ്രവാഹം നിലച്ചു. ഇതിനോടനുബന്ധിച്ച് പ്രശ്നചിന്ത നടത്തി, ശ്രീ പരമേശ്വരന്റെ സ്വയംഭൂ ലിംഗം ആണ് ഈ ശിലയെന്ന് മനസ്സിലാക്കി. അടുത്തു തന്നെ ശക്തമായ ദേവീ സാന്നിദ്ധ്യവുമുണ്ടെന്ന് പ്രശ്നവശാൽ കണ്ടെത്തി. അതിനു ശേഷമാണ് ഇന്ന് കാണുന്ന വിധത്തിലുള്ള വൈശാഖമഹോൽസവം ആരംഭിച്ചത് എന്ന് പറയപ്പെടുന്നു.

കൊട്ടിയൂരിന്റെ ഇന്നത്തെ രീതിയിലുള്ള പൂജാവിധികളും, അനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തിയത് ശ്രീമദ് ശങ്കരാചാര്യരാണെന്നു് പറയപ്പെടുന്നു. കൊട്ടിയൂരിലെത്തിയ ആചാര്യസ്വാമികൾ അക്കരെ ക്ഷേത്രത്തിലെ ഓരോ ശിലയിലും ശിവരൂപം ദർശിച്ചതിനാൽ പാദസ്പർശം അനുചിതമെന്ന് കരുതി ഇക്കരെ നിന്ന് പരമേശ്വരനെ വന്ദിച്ച് തിരിച്ചു പോവുകയാണ് ഉണ്ടായത്. അദ്ദേഹമാണ് ഈ പുണ്യഭൂമിക്ക് ദക്ഷിണകാശി എന്ന് പേർ നൽകിയത് എന്ന് പറയപ്പെടുന്നു.

ഈ സന്നിധിയിൽ ദർശനം നടത്തുന്ന ഓരോ ഭക്തനും പ്രസാദമെന്ന നിലയിൽ ഒരു ഓടപ്പൂ സ്വന്തം ഭവനത്തിലേക്ക് കൊണ്ടു പോകുന്നു. [ഇത്  ക്ഷേത്രത്തിൽനിന്ന് കിട്ടുന്നതല്ല കടകളിൽനിന്നും വാങ്ങുന്നതാണ്] സതി ദേവിയുടെ ദേഹത്യാഗത്തിനു ശേഷം വീരഭദ്രൻ പറിച്ചെറിഞ്ഞ ഭൃഗുമഹർഷിയുടെ താടിയുടെ പ്രതീകമാണ് ഓടപ്പൂ എന്ന് ഐതിഹ്യം പറയുന്നു -

മറ്റൊരിടത്തും കാണാൻ കഴിയാത്ത ആചാരാനുഷ്ഠാനങ്ങളും, ആരാധനാസമ്പ്രദായങ്ങളും, വ്യത്യസ്ത സമുദായക്കാരുടെ കൂട്ടായ്മയും, തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയും, പ്രകൃതിയുടെ വന്യ സൗന്ദര്യവും, ഓടപ്പൂവെന്ന വിശിഷ്ട പ്രസാദവും, മണിത്തറയിലെ കെടാവിളക്കും., എല്ലാമെല്ലാം ഒത്തുചേരുന്ന ഈ പരബ്രഹ്മമൂർത്തിയുടെ വിശേഷങ്ങൾ ആരാലും പറഞ്ഞു തീർക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല ...