ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 March 2016

സര്‍പ്പദോഷം

സര്‍പ്പദോഷ നിവാരണങ്ങള്‍സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും.
ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.

സര്‍പ്പദോഷം
സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

സര്‍പ്പക്കാവുകളില്‍ എന്തിന് വിളക്ക് വയ്ക്കണം?

സര്‍പ്പക്കാവുകളില്‍ എന്തിന് വിളക്ക് വയ്ക്കണം?

സര്‍പ്പക്കാവുകളില്‍ വിളക്ക് വയ്ക്കണമെന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ വിഷസര്‍പ്പത്തിനു വിളക്ക് വയ്ക്കണമോ എന്ന് ചോദിക്കാനാണ് പുതിയ തലമുറ തയ്യാറായത്. എന്നാല്‍ സര്‍പ്പത്തിനു മാത്രമല്ല നാം വിളക്ക് വയ്ക്കുന്നതെന്നും സര്‍പ്പം അധിവസിക്കുന്ന സര്‍പ്പക്കാവുകളെയാണ് വിളക്ക് തെളിച്ച് ആരാധിക്കുന്നതെന്നുമാണ് യാഥാര്‍ത്ഥ്യം. വൃക്ഷപൂജയെന്നത് ആത്മപൂജ കൂടിയാണ്. വൃക്ഷലതാദികളെയും പക്ഷിമൃഗാദികളെയും ആത്മതുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതിലൂടെ സര്‍വ്വതിലും കുടികൊള്ളുന്ന ചൈതന്യം ഈശ്വരന്‍ തന്നെയാണെന്നുള്ള അദ്വൈതവേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യം ഈശ്വരോപാസനയും അഹിംസാവ്രതവും തന്നെ. വൃക്ഷകൂട്ടങ്ങള്‍ എല്ലാ തറവാടുകളുടെയും സമീപത്തായി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണ്ടറിഞ്ഞ പൂര്‍വ്വികരാണ് സര്‍പ്പക്കാവുകള്‍ക്ക് വിളക്കുവയ്ക്കണമെന്നുപദേശിച്ചിരുന്നത്. കൂറ്റന്‍ വൃക്ഷങ്ങളെയും കുറ്റിച്ചെടികളും ഔഷധസസ്യങ്ങളുമൊക്കെ കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകളില്‍ സര്‍പ്പദേവതകള്‍ കുടികൊള്ളുന്നുവെന്നതാണ്‌ സങ്കല്‍പ്പം.
ശുദ്ധമായ ജീവവായുവും തൊടിയില്‍ ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. മാത്രമല്ല കിണറുകളിലും കുളങ്ങളിലുമൊക്കെ ശുദ്ധജലസുലഭത ഉറപ്പുവരുത്താനും ഇവയ്ക്കു കഴിഞ്ഞിരുന്നു. വൃക്ഷങ്ങളെയും ഔഷധച്ചെടികളേയും സുലഭമായി വളരാന്‍ അനുവദിച്ചിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ അതായത് ഇക്കോസിസ്റ്റം തന്നെയായിരുന്നുവെന്ന് വ്യക്തം. അതുകൊണ്ടാണ് ലക്ഷക്കണക്കിന്‌ രൂപ മുടക്കി സര്‍പ്പക്കാവുകള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഇപ്പോള്‍ സര്‍ക്കാരുകള്‍ മുന്നോട്ട് വന്നിരിക്കുന്നതും. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സങ്കേതങ്ങളായി സര്‍പ്പക്കാവുകളെ വിശേഷിപ്പിക്കുന്നവര്‍ക്ക് തിരിച്ചറിയാനായി ഇവ പരിസ്ഥിതി സംരക്ഷണത്തിന് അനിവാര്യമാണെന്ന് ആധുനികശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്നു. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ നല്‍കാന്‍ വൃക്ഷങ്ങള്‍ക്കെന്ന പോലെ തന്നെ ഭാരതസങ്കല്‍പ്പത്തിലെ സര്‍പ്പക്കാവുകള്‍ക്കും കഴിയുന്നുവെന്ന് ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ' കോണ്ടംപറ്റി സയന്‍സ് ' മാഗസിന്‍ കണ്ടെത്തിയിട്ട് അധികം നാളായിട്ടില്ല. മിണ്ടാപ്രാണികളോട് എന്നും ഭാരതീയാചാര്യന്മാര്‍ കാണിച്ച വാത്സല്യത്തിന്റെ ഭാഗമായിട്ടാകണം സര്‍പ്പക്കാവുകള്‍ക്കുള്ളില്‍ അധിവസിക്കുന്ന സര്‍പ്പദേവതകളെപ്പറ്റിയുള്ള സങ്കല്‍പ്പവും.

വ്രതങ്ങളില്‍ ശ്രേഷ്ഠം ഗുരുവായൂര്‍ ഏകാദശി

വ്രതങ്ങളില്‍ ശ്രേഷ്ഠം ഗുരുവായൂര്‍ ഏകാദശി

പൈതൃകമായി ഹൈന്ദവാചാര്യന്മാര്‍ പകര്‍ന്നു നല്കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതം തന്നെയാണ്. ഏകാദശിവ്രതങ്ങളില്‍ മഹാഖ്യാതി ഗുരുവായൂര്‍ ഏകാദശിവ്രതത്തിനാണെന്നാണ് ഐതിഹ്യം. വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗ്ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയുമാണ്.
സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. മാനസികം-വാചികം-കായികം എന്നീ മൂന്ന് വിധത്തില്‍ വ്രതങ്ങളുണ്ടെന്ന് വരാഹപുരാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം-അഹിംസ-അസ്‌തേയം-ബ്രഹ്മചര്യം എന്നിവ മാനസികവ്രതം. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ- കഴിയ്ക്കാതെയോ – ഉറക്കമിളച്ചോ നടത്തുന്ന വ്രതം കായികം. മൗനം – മിതഭാഷണം-ഭൂതദയ – ഹിതമായ പെരുമാറ്റം എന്നിവയാലുള്ള വ്രതം വാചികം.
നിത്യവ്രതം – നൈമത്തികവ്രതം – കാമ്യവ്രതം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി നിത്യവും അനുഷ്ഠിച്ചു വരുന്ന ഏകാദശിവ്രതം, സപ്തവാരവ്രതം എന്നീ വ്രതങ്ങളെല്ലാം നിത്യവ്രതങ്ങളാണ്. വിശേഷാവസരങ്ങളില്‍ വിശേഷങ്ങളായ ഒരുക്കങ്ങളോടെ നടത്തുന്ന ചന്ദ്രായണങ്ങള്‍ പോലെയുള്ള വ്രതങ്ങള്‍ നൈമത്തിക വ്രതങ്ങളാണ്. പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി നടത്തുന്ന വ്രതങ്ങല്‍ കാമ്യവ്രതങ്ങളുമാണ്.
വ്രതമനുഷ്ഠിക്കുന്നവര്‍ മനസാ -വാചാ-കര്‍മ്മണാ ദുഷ്‌കര്‍മ്മങ്ങളൊന്നും ചെയ്യാന്‍ പാടില്ലയെന്നും മാത്രമല്ല ചൂതുകളി, മദ്യപാനം, ദുര്‍ജ്ജനസംസര്‍ഗ്ഗം, മനുഷ്യനെ ദുഷ്ചിന്തയിലേക്കു നയിക്കുന്ന സിനിമ – നാടകം എന്നിവ കാണുവാനും പാടില്ല. നാമജപം – മൗനം – ധ്യാനം – ഉപവാസം – പൂജ – പുണ്യഗ്രന്ഥപാരായണം – സത്സംഗം എന്നിവ നടത്തുന്നത് വളരെ ഉത്തമം. മാത്രമല്ല ഭൂതദയ – സത്യനിഷ്ഠ – അഹിംസ എന്നിവ പാലിക്കണം. വ്രതനുഷ്ഠിക്കുന്നവര്‍ ഓരോ വ്രതങ്ങള്‍ക്ക് നിശ്ചയിട്ടുള്ള നിഷ്ഠകള്‍ കൃത്യതയോടെ അനുഷ്ഠിക്കണം.
ഏകാദശിവ്രതം, നവരാത്രിവ്രതം, തിരുവാതിര വ്രതം, തിരുവോണവ്രതം, ശ്രീരാമനവമിവ്രതം, ശ്രീകൃഷ്ണാഷ്ടമിവ്രതം, ശിവരാത്രിവ്രതം, പ്രദോഷവ്രതം, ഷഷ്ഠിവ്രതം, അഷ്ടമിവ്രതം, മണ്ഡലവ്രതം, ദീപാവലിവ്രതം, വിജയദശമിവ്രതം, ചാതുര്‍മാസ്യവ്രതം, ശ്രാവണവ്രതം, ഹോളിവ്രതം, രവിവാരവ്രതം, സോമവാരവ്രതം, മംഗളവാരവ്രതം, ബുധവാരവ്രതം, ബൃഹസ്പതിവ്രതം, ശുക്രവാവ്രതം, ശനിവാരവ്രതം തുടങ്ങിയവയാണ് പ്രധാനവ്രതങ്ങള്‍.
ദേവന്മാര്‍, ഋഷികള്‍, യോഗികള്‍, മഹാത്മാക്കള്‍ എന്നിവരുടെ ജന്മനാളുകളില്‍ ജയന്തി വ്രതങ്ങളും അനുഷ്ഠിച്ചുവരുന്നുണ്ട്. അമാവാസി, പൗര്‍ണ്ണമി, സംക്രാന്തിഗ്രഹണം തുടങ്ങിയ വിശേഷദിവസങ്ങളിലും വ്രതം, തീര്‍ത്ഥസ്‌നാനം, ശ്രാദ്ധം തുടങ്ങിയവ നടത്തിവരുന്നു.വെളുത്തപക്ഷത്തിലെ ഏകാദശിമഹാവിഷ്ണുപ്രീതിയ്ക്ക് പ്രസിദ്ധവും കറുത്തപക്ഷഏകാദശിപിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠവുമാണ്.പത്മപുരാണം, വിഷ്ണുപുരാണം, ബ്രഹത്‌നാരദപുരാണം, ഭിഷോത്തമപുരാണം, ശ്രീമദ്ഭാഗവതം, ഗര്‍ഗ്ഗഭാഗവതം, രുക്മാംഗദചരിത്രം, അംബരീഷചരിത്രം തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളിലെല്ലാം ഏകാദശിവ്രതമഹാത്മ്യത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്.
ഏകാദശിവ്രതങ്ങളില്‍ മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാനഏകാദശിയ്ക്കാണ്. ഇത് ഗുരുവായൂര്‍ ഏകാദശിയെന്ന നാമധേയത്തില്‍ വളരെ പ്രസിദ്ധവുമാണ്.
ഭഗവാന്‍ ശ്രീനാരായണന്‍ നിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിയ്ക്കുമെന്ന് സ്‌കന്ദപുരാണം വ്യക്തമാക്കുന്നു.
സാക്ഷാല്‍ വൈകുണ്ഠനാഥനായ ശ്രീമഹാവിഷ്ണു ഈ ഏകാദശിദിനത്തില്‍ ഗുരുവായൂര്‍ക്കെഴുന്നുള്ളുമെന്നാണ് ഐതിഹ്യം. ദേവേന്ദ്രനും മറ്റു ദേവീദേവന്മാരും ഗുരുവായൂര്‍ ഏകാദശിയില്‍ പങ്കുകൊള്ളുവാനെത്തുമെന്നും വിശ്വാസമുണ്ട്. ഈ മഹിമയില്‍ ഗുരുവായൂര്‍ ഏകാദശി മഹാശ്രേഷ്ഠവും പാപഹരവും പരിപാവനവുമായ ഏകാദശിയെന്ന ഖ്യാതി കരസ്ഥമാക്കി. ആയിരം അശ്വമേധയാഗങ്ങള്‍ക്കും നൂറുകണക്കിനു വാജപേയയാഗങ്ങള്‍ക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലയെന്ന് നാരദപുരാണം ഓര്‍മ്മിപ്പിക്കുന്നു. കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു. യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്സിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു.
ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്ന് ഉണര്‍ന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാന്‍ ചോദിച്ചു. ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും വിഷ്ണുലോകം പുല്‍കുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങളും ഒടുവില്‍ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു. ഭൂലോക വൈകുണ്ഠമെന്ന ഖ്യാതിയുള്ള ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുകഌപക്ഷ ഏകാദശിയാണ്. ക്ഷീരസാഗരത്തില്‍ അനന്തശായിയായിപള്ളികൊള്ളുന്ന ഭഗവാന്‍ യോഗനിദ്രയില്‍ നിന്നുണര്‍ന്ന് ലക്ഷ്മീദേവിയോടുകൂടി ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന മഹാപുണ്യദിനം കൂടിയാണിത്. ഭഗവദ്ഗീത അര്‍ജുനന് ഭഗവാന്‍ ഉപദേശിച്ച ഈ പുണ്യദിനത്തെ ഗീതാദിനമായും വിശേഷിപ്പിക്കുന്നു.
ദേവേന്ദ്രന്‍ സുരഭിയുമായി വൃന്ദാവനത്തിലെത്തി ഭഗവാനെവന്ദിച്ചതും സുരഭി പാല്‍ ചുരത്തിഗോവിന്ദാഭിഷേകം നടത്തിയതും ഈ ഏകാദശി ദിനത്തിലായിരുന്നുവെന്നാണ് ഐതിഹ്യം.അദൈ്വതാചാര്യനും ശൈവാവതാരവുമായ ആദിശങ്കരാചാര്യര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പൂജാക്രമങ്ങള്‍ ഇന്നുകാണുന്ന വിധം ചിട്ടപ്പെടുത്തിയതും ശുകഌപക്ഷ ഏകാദശി ദിനത്തിലായിരുന്നുവത്രെ.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകളൊന്നുമില്ലാതെ ഭഗവാന്‍ ഭക്തജനങ്ങളെ നേരില്‍ക്കണ്ട് അനുഗ്രഹി്ക്കുവാന്‍ പുറത്തിറങ്ങുന്ന മഹാസുദിനം കൂടിയാണിത്. ഭക്തോത്തമന്മാരായ മേല്പുത്തൂര്‍ ഭട്ടതിരിപ്പാട്, വില്വമംഗലംസ്വാമികള്‍, പൂന്താനം, ശ്രീശങ്കരാചാര്യസ്വാമികള്‍, കുറൂരമ്മ തുടങ്ങിയവര്‍ക്കെല്ലാം ഭഗവദ്ദര്‍ശനം ലഭിച്ചതും ഗുരുവായൂരിലെ സമസ്തചരാചരങ്ങളിലും വൈഷ്ണവചൈതന്യം അനുഭവപ്പെട്ടതും ഈ സുദിനത്തിലാണ്. ചെമ്പൈവൈദ്യനാഥഭാഗവതര്‍ക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചുകിട്ടിയതും ശിഷ്യഗണങ്ങളുമായി ഗുരുവായൂരിലെത്തി സംഗീതാരാധന നടത്തിയതും ഈ മഹാദിനത്തിലാണ്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ താന്ത്രികചടങ്ങുകള്‍ക്കൊഴികെ മുഴുവന്‍ സമയവും ദര്‍ശനത്തിനായി ശ്രീ കോവില്‍ തുറന്നിരിക്കുന്ന ദിനവും, ഗുരുവായൂര്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയതും ഈ സുദിനത്തിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മേല്പുത്തൂര്‍ ഭട്ടതിരിപ്പാട് തന്റെ പ്രസിദ്ധമായ നാരായണീയഗ്രന്ഥം ഗുരുവായൂര്‍ ഭഗവത് സന്നിധിയില്‍ സമര്‍പ്പിച്ചതും ഏകാദശി മഹാപുണ്യദിനത്തിലാണ്.
ഗുരുവായൂര്‍ ഏകാദശി മഹത്വം ഉള്‍ക്കൊണ്ട് കൃത്യനിഷ്ഠയോടെ വ്രതാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നവര്‍ക്ക് ഭഗവത്ദര്‍ശനസൗഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.

അനന്തപുരം ക്ഷേത്രം

അനന്തപുരം ക്ഷേത്രം

ജലാശയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. ഇവിടെ ചെന്ന് കുളിച്ച് തൊഴുക എന്നതാണ് മലയാളികളുടെ ശീലം. തൊഴാന്‍ ഒരു ക്ഷേത്രമുണ്ടെങ്കില്‍ ക്ഷേത്രത്തിന് സമീപം തന്നെ കുളിക്കാന്‍ ഒരു കുളമോ തടാകമോ ഉണ്ടാകും. നദിയില്‍ മുങ്ങി കുളിച്ചിട്ടാണ് നദീതീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ചില ക്ഷേത്രങ്ങളില്‍ തൊഴാറ്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു ക്ഷേത്രമുണ്ട്, കേരളത്തിന്റെ വടക്കന്‍ ജില്ലയായ കാസര്‍കോടില്‍.

തടാകത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്നു എന്നതാണ് കാസര്‍കോട്ടെ അനന്തപുരം ക്ഷേത്രത്തിന്റെ പ്രത്യേകത. കേരളത്തില്‍ മറ്റെവിടെയും ഇത്തരത്തില്‍ ഒരു ക്ഷേത്രം കാണില്ല. അതാണ് അനന്തപുരം ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതും. ഏകദേശം രണ്ടേക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള തടാകത്തിന് നടുവിലായാണ് ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ കുംബ്ലൈ എന്ന സ്ഥലത്താണ് അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തേക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല, പ്രശസ്ത ക്രിക്കറ്റ് താരം അനില്‍കുബ്ലൈയുടെ നാട് കൂടിയാണിത്.
പ്രശസ്തമായ ബേക്കല്‍ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെയായാണ് അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാസര്‍കോടില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് കുംബ്ലൈ. കാസര്‍കോടില്‍ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന വഴിയും ഈ ക്ഷേത്രം സന്ദര്‍ശിക്കാം. കാസര്‍കോട് നിന്നാണ് അനന്തപുരം ക്ഷേത്രത്തിലേക്ക് പോകുന്നതെങ്കില്‍ മാഥൂര്‍ റോഡ് വഴിയെത്താം. 13 കിലോമീറ്റര്‍ മാത്രമാണ് ഇവിടെ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം.

അനന്തപുരം ക്ഷേത്രവും തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും തമ്മില്‍ വളരെയടുത്ത ബന്ധമുണ്ട്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂല സ്ഥാനമായിട്ടാണ് ഈ ക്ഷേത്രത്തെ കരുതിപ്പോരുന്നത്. ഇവിടത്തെ ഐതീഹ്യം ഇങ്ങനെ; ‘കൃഷ്ണാമൃതം’ കാവ്യമെഴുതിയ വില്യമംഗലം സ്വാമി ഗോശാല ക്ഷേത്രത്തില്‍ പൂജ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്ന കാലം, ഒരു ബാലന്റെ രൂപത്തില്‍ സ്വാമിയെ സേവിക്കാനെത്തിയ വിഷ്ണു ഭഗവാന്‍ പൂജാസാമഗ്രികളെടുത്ത് കുസൃതി കാട്ടിയപ്പോള്‍ സ്വാമി തന്റെ ഇടം കൈ കൊണ്ട് ബാലനെ തട്ടിയകറ്റി. തെറിച്ചു വീണ ബാലന്‍ ‘ഇനി എന്നെ കാണണമെങ്കില്‍ അങ്ങ് അനന്തന്റെ കാട്ടിലെത്തണം’ എന്നു പറഞ്ഞ് അപ്രത്യക്ഷനായി. ബാലന്‍ ആരാണെന്ന് തിരിച്ചറിഞ്ഞ സ്വാമി ബാലന്‍ വീണ സ്ഥലത്ത് പ്രത്യക്ഷമായ ഗുഹയിലൂടെ മാര്‍ഗ്ഗദീപമായി തെളിഞ്ഞ ദിവ്യ തേജസിനെ പിന്തുടര്‍ന്ന് നടന്നു തുടങ്ങി. ഒടുവില്‍ കേരളത്തിന്റെ തെക്കേയറ്റത്ത് അനന്തന്‍ കാട്ടിലെത്തുകയും ദിവ്യതേജസ്സ് ആദ്യം ബാലന്റെ രൂപത്തിലും പിന്നീട് മഹാവിഷ്ണുവിന്റെ രൂപത്തിലും സ്വാമിക്ക് ദര്‍ശനം നല്‍കുകയും ചെയ്തു. ശ്രീപത്മനാഭ ചരിത്രം ആരംഭിക്കുന്നത് അന്ന് മുതലാണ്.

മറ്റ് ക്ഷേത്രങ്ങളിലുള്ളത് പോലെ കല്ല് കൊണ്ടുള്ള വിഗ്രഹമല്ല അനന്തപുരം ക്ഷേത്രത്തിലുള്ളത്. ‘കടുശൃക്കര’ എന്ന പ്രത്യേക കൂട്ടുപയോഗിച്ചാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 64ല്‍ പരം അമൂല്യ വസ്തുക്കളുടെ ഒരു കൂട്ടാണ് കടുശര്‍ക്കര. ഗോതമ്പ് പൊടി, മെഴുക്, നല്ലെണ്ണ, ശര്‍ക്കര മുതലായ ചിര പരിചിതമായ വസ്തുക്കളും ഇക്കൂട്ടത്തില്‍ പെടുന്നു. മനുഷ്യ ശരീരത്തിലുള്ളത് പോലെ അസ്ഥികളും നാഡി വ്യവസ്ഥയും ഈ വിഗ്രഹങ്ങള്‍ക്കുണ്ട്. 976ലെ പ്രാരംഭ കാലത്തുണ്ടായിരുന്ന കടുശര്‍ക്കര വിഗ്രഹം ജീര്‍ണാവസ്ഥയിലായപ്പോള്‍ തല്‍സ്ഥാനത്ത്പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നാല്‍ 1997ല്‍ ദേവപ്രശ്‌നത്തില്‍ അത് മാറ്റി കടുശര്‍ക്കരയില്‍ തന്നെ തീര്‍ത്ത വിഗ്രഹം തന്നെ പ്രതിഷ്ഠിക്കണമെന്ന് തെളിഞ്ഞതിനാല്‍ വീണ്ടും കടുശര്‍ക്കര വിഗ്രഹം പ്രതിഷ്ഠിക്കുകയായിരുന്നു.
ഇവിടത്തെ തടാകത്തിനുമുണ്ട് ഏറെ പ്രത്യേകതകള്‍. കാസര്‍കോട് അനന്തപുരം ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ഒന്‍പതാം നൂറ്റാണ്ടിലാണെന്നാണ് ഐതീഹ്യം.

രണ്ടേക്കറോളം പരന്ന് കിടക്കുന്ന തടാകത്തിലാണ് ഈ ക്ഷേത്രം. എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രത്തിന്റെ സംരക്ഷനായി തടാകത്തില്‍ ഒരു മുതലയുമുണ്ട്, സസ്യമുക്കായ ഒരു മുതല. ‘ബാബിയ’ എന്നാണ് ആളുകള്‍ ഈ മുതലയെ വിളിക്കുന്നത്. ക്ഷീരസാഗര സങ്കല്‍പ്പമനുസരിച്ച് വിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഠം കാത്തു പരിപാലിക്കുന്ന വരുണ ദേവനാണ് മുതലയെന്ന് വിശ്വാസികള്‍ കരുതുന്നു. മനുഷ്യരെ ഉപദ്രവിക്കാത്ത ഈ മുതല സസ്യഭുക്കാണ്. ക്ഷേത്രത്തിലെ പൂജാരിമാര്‍ നല്‍കുന്ന നിവേദ്യച്ചോറാണ് ഈ മുതലയുടെ പ്രധാന ഭക്ഷണം.

ശ്രീകോവിലിലേക്കിറങ്ങുന്ന കല്‍ക്കെട്ട് മറികടന്ന് മുന്നോട്ട് നടന്നാല്‍ പ്രധാന ക്ഷേത്രത്തില്‍ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഗണപതി കോവിലിന് സമീപത്തെത്താം. ഗണപതി കോവിലില്‍ ശിലാ വിഗ്രഹമാണുള്ളത്. ഇവിടേയും ആദ്യം കടുശര്‍ക്കരയില്‍ തീര്‍ത്ത വിഗ്രഹമായിരുന്നു. ഗണപതി ക്ഷേത്രത്തിനരികിലൂടെ താഴേക്കിറങ്ങിയാല്‍ തടാകം വ്യക്തമായി കാണാം. താടകത്തിന്റെ ചെകുത്തായ വശത്ത് കൂടി താഴേക്കിറങ്ങിയാല്‍ കല്ലുകള്‍ക്കിടയിലെ ഗുഹയിലെത്താം. ഇവിടമാണ് നൂറ്റാണ്ടുകളായി തടാക ക്ഷേത്രത്തിന്റെ കാവല്‍ക്കാരനായ ‘ബാബിയ’ മുതലയുടെ വാസസ്ഥലം.

ഒരു മുതല മാത്രമാണ് ഇപ്പോള്‍ തടാകത്തിലുള്ളത്. അതിന്റെ ജീവിത കാലഘട്ടത്തിന് ശേഷം അടുത്തത് അത്ഭുതകരമായി പ്രത്യക്ഷപ്പെടുമെന്നാണ് വിശ്വാസം. അറുപത്തിയഞ്ച് വര്‍ഷങ്ങള്‍ മുമ്പ് ഇവിടെയെത്തിയ ബ്രിട്ടീഷുകാര്‍ അന്നുണ്ടായിരുന്ന മുതലയെ വെടി വെച്ച് കൊന്നു. പിറ്റേന്നു തന്നെ ഒരു കുഞ്ഞ് മുതല തടാകത്തില്‍ പ്രത്യക്ഷപ്പെട്ടുവത്രേ. ഇന്ന് തടാകത്തിലുള്ളത് ആ മുതലയാണ്. ആദ്യത്തെ മുതലയുടെ ‘ബാബിയ’ എന്ന പേര് തന്നെയാണ് വിശ്വാസികള്‍ കുഞ്ഞന്‍ മുതലയ്ക്കും നല്‍കിയത്.

ഒരു ചെറിയ പാതയാണ് ക്ഷേത്രത്തെയും കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്. കൈവരികളുള്ള ആ പാത കടന്നാല്‍ ആദ്യമെത്തുക മുഖമണ്ഡപത്തിലാണ്. കൂത്തമ്പലങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മുഖമണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. മുഖമണ്ഡപത്തിന് പിന്നിലായി ശ്രീകോവില്‍ കാണാം. ഏഴ് പ്രതിഷ്ഠകളാണ് ശ്രീകോവിലില്‍ കുടിയിരിക്കുന്നത്. പത്മനാഭ ക്ഷേത്രത്തിലുള്ളത് പോലെ അനന്തശയനമല്ല ഇവിടെയുള്ളത്, അഞ്ച് ഫണങ്ങളും വിടര്‍ത്തി വിഷ്ണുവിന് ഒരു കുട പോലെ നില്‍ക്കുന്ന അനന്തന്‍, വിഷ്ണുവിന് ഇരു വശത്തായി ശ്രീദേവിയും ഭൂമിദേവിയും. തൊട്ട് മുമ്പില്‍ ഹനുമാനും ഗരുഡനും കൈതൊഴുതു നില്‍ക്കുന്നു. ശ്രീകോവിലിന് വെളിയില്‍ കാവല്‍ നില്ക്കുന്ന ജയവിജയന്മാര്‍, പുറത്ത് നോക്കിയാല്‍ കാണാന്‍.