ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 September 2019

മഹാനവമി - ആയുധ പൂജ

മഹാനവമി - ആയുധ പൂജ
         
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്.

മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.

രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം.

രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു.

പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു.

വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

ആശ്വിന മാസത്തിലെ ശുക്ലപക്ഷ അഷ്ടമി സന്ധ്യക്ക്‌ വരുന്ന ദിവസമാണ് കേരളത്തില്‍ പൂജ വയ്ക്കുന്നത്.

പൂജ വയ്ക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടവ

വിദ്യാര്‍ഥികള്‍ പുസ്തകവും പേനയും പൂജ വയ്ക്കണം

തൊഴിലാളികള്‍ പണിയായുധങ്ങള്‍ പൂജ വയ്യ്ക്കണം. വാഹനങ്ങള്‍ ഉള്ളവരും വാഹനം ഓടിച്ചു ഉപജീവനം നടത്തുന്നവരും വാഹനം പൂജ വയ്ക്കണം

കലാകാരന്മാര്‍ അതുമായി ബന്ധപ്പെട്ടവ പൂജ വയ്ക്കണം

അഷ്ടമി തിഥി അവസാനിക്കുന്നതിനു മുന്‍പ് തന്നെ പൂജ വയ്ക്കണം

സരസ്വതി, ദുര്‍ഗ്ഗാ ദേവിമാരുടെ ചിത്രത്തിനു മുന്‍പില്‍ പൂജ വയ്ക്കാം. ഗണപതിയുടെ ചിത്രവും ഉപയോഗിക്കാറുണ്ട്

പൂജിക്കേണ്ട പുസ്തകങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞാണ് നല്‍കേണ്ടത്. പത്രം(news paper) പൊതിയാന്‍ ഉപയോഗിക്കാതിരിക്കുക. കടലാസ്സില്‍ പൊതിഞ്ഞാണ് ക്ഷേത്രത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ അതിനകത്ത് പുസ്തകം നല്ല തുണിയില്‍ പൊതിഞ്ഞു വയ്ക്കണം.

പൂജ വയ്ക്കുന്നതിനു മുന്‍പ് ആയുധങ്ങള്‍ നന്നായി വൃത്തിയാക്കണം

വീട്ടില്‍ തന്നെയാണ് പൂജ വയ്ക്കുന്നതെങ്കില്‍ ഒരു നിലവിളക്ക് പൂജ വയ്ക്കുന്നിടത്തു സദാ എരിഞ്ഞുകൊണ്ടിരിക്കണം. ആയുധങ്ങളില്‍ കുങ്കുമം തൊടുവിക്കണം. പുസ്തകങ്ങളില്‍ പുഷ്പങ്ങളും അര്‍പ്പിക്കണം

പൂജ വച്ചുകഴിഞ്ഞാല്‍ ദേവിമന്ത്രം ജപിച്ചിരുന്നു വ്രതം എടുക്കുന്നതും പൂജ എടുത്തു കഴിഞ്ഞു വ്രതം മുറിച്ചു ഭക്ഷണം കഴിക്കുന്നതും അത്യുത്തമം ആണ്. അതുവരെ വ്രതഭക്ഷണം കഴിക്കാം.

പൂജ എടുക്കുമ്പോള്‍ പൂജകനു ദക്ഷിണ നല്‍കണം

പൂജ എടുത്തു കഴിഞ്ഞു മണ്ണിലോ അരിയിലോ ‘ഹരിഃ ശ്രീ ഗണപതയേ നമഃ’ എന്ന് മാതൃഭാഷയിലോ സംസ്കൃതത്തിലോ എഴുതുക.
( ‘ഗണപതയേ’ എന്നതാണ് ശരി. ‘ഗണപതായൈ’ എന്നോ ‘ഗണപതായേ’ എന്നോ എഴുതരുത് )

അക്ഷരമാല ക്രമത്തില്‍ അക്ഷരങ്ങള്‍ എഴുതണം

പുസ്തകം തുറന്നു അപ്പോള്‍ കാണുന്ന ഭാഗം വായിക്കണം.

തൊഴില്‍ ഉപകരണങ്ങള്‍ ദേവി തന്നെ കര്‍മ്മം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെന്നു കരുതി ദേവീ സ്മരണയില്‍ ഉപയോഗിക്കുക.

ദേവി തന്നെ അനുഗ്രഹിച്ചു നല്ല വിദ്യ നേടാനുള്ള ബുദ്ധിയും കര്‍മ്മം ചെയ്യാനുള്ള ആരോഗ്യവും തന്നു എന്നും അത് താന്‍ അഹങ്കാരമില്ലാതെ നിലനിര്‍ത്തും എന്നും സങ്കല്‍പ്പിക്കുക.

പൂജവയ്പ്പു ചടങ്ങുകള്‍ക്ക് ദേശകാലത്തിനനുസരിച്ചു നിരവധി വ്യത്യാസങ്ങള്‍ കാണുന്നുണ്ട് എങ്കിലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാവുന്നതാണ്.

പിതൃമേധസൂത്രം

പിതൃമേധസൂത്രം

കല്‍പശാസ്ത്രഗ്രന്ഥങ്ങളുടെ ഭാഗമാണ് പിതൃമേധസൂത്രം. മരണാനന്തര കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളുടെ വിവരണങ്ങളാണിതിലുള്ളത്. മന്ത്രത്തോടുകൂടിയ മരണാനന്തര ചടങ്ങുകളില്‍ അനുഷ്ഠിക്കേണ്ട സര്‍വവിധ ആചാരങ്ങളും പിതൃമേധസൂത്രങ്ങളില്‍ നിന്ന് മറ്റു ഗ്രന്ഥങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ബൗധായന പിതൃമേധം, ഭരദ്വാജ പിതൃമേധം, അപസ്തംബ പിതൃമേധം, മാനവ പിതൃമേധം എന്നിങ്ങനെ നാലു പ്രധാന പിതൃമേധഗ്രന്ഥങ്ങളാണുള്ളത്. ചില ഗുഹ്യകര്‍മ്മങ്ങളിലും ശ്രൗത കര്‍മ്മങ്ങളിലും ഈ വിഷയവിവരണം കാണാം. പിതൃമേധഗ്രന്ഥങ്ങളില്‍ പൊതുവെ വിവരിക്കുന്ന വിഷയങ്ങള്‍ ഇപ്രകാരമാണ്. മരണ സമയത്ത് അനുഷ്ഠിക്കേണ്ട ആചാരങ്ങള്‍ ജഡവുമായി ശ്മശാന യാത്ര, ചിത ഒരുക്കുന്ന ചടങ്ങ്, മണ്‍കുട സ്ഥാപനം, ദഹന (അഗ്നിയില്‍ ദഹിപ്പിക്കുന്നത്) ക്രിയ, ദഹനാനന്തരകര്‍മ്മം, അസ്ഥിസഞ്ചയനം, ശാന്തി കര്‍മ്മം, സ്‌നാനവിധികള്‍, അശൗചവിധി ചടങ്ങുകള്‍ എന്നിവയുടെ വിവരണങ്ങള്‍ സവിസ്തരം നല്‍കുന്നു. കുഞ്ഞുങ്ങള്‍, അവിവാഹിതര്‍, കുമാരി-കുമാരന്മാര്‍, രോഗികള്‍ എന്നിവരുടെ ജഡദഹനകര്‍മ്മങ്ങളില്‍ പ്രത്യേകമായി ആചരിക്കേണ്ട ചടങ്ങുകള്‍, ബ്രഹ്മചാരി, സന്ന്യാസി എന്നിവരുടെ ജഡം ദഹിപ്പിക്കുന്ന പ്രത്യേകവിധികള്‍, പരദേശത്തുവച്ച് മരിക്കുന്ന ബന്ധുക്കളുടെയും യുദ്ധത്തില്‍ മരിക്കുന്നവരുടെയും അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതു സംബന്ധിച്ച ആചാരങ്ങള്‍ എന്നീ വിഷയങ്ങളാണ് പിതൃമേഥഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. ചുരുക്കത്തില്‍ പിതൃകര്‍മ്മങ്ങളുടെ പ്രധാനപ്പെട്ട ആധാരസ്രോതസ്സ് പിതൃമേധസൂത്രഗ്രന്ഥങ്ങളാണ്. പിതൃമേധസൂത്രങ്ങളിലെ വിഷയം കഥാരൂപത്തില്‍, ആചാരാനുഷ്ഠാന വിവരണത്തോടുകൂടി ഗരുഡ പുരാണത്തിന്റെ രണ്ടാം ഭാഗത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്ന് മരണാനന്തര ക്രിയകളുടെ ആചാരങ്ങളില്‍ ഗരുഡപുരാണത്തിന് വളരെയേറെ പ്രാധാന്യം നല്‍കിവരുന്നു. പ്രത്യേകിച്ചും മരണാനന്തരം ആത്മാവിന്റെ ഗതിയെക്കുറിച്ചുള്ള വിശ്വാസപ്രമാണങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും. ഗരുഡപുരാണഭാഗങ്ങള്‍ മലയാള വിവര്‍ത്തനങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പിതൃമേധ സൂത്രങ്ങളുടെ വ്യാഖ്യാനങ്ങളും വിവര്‍ത്തനവും മലയാളികള്‍ക്കപ്രാപ്യമാണ്. ധര്‍മ്മസൂത്രങ്ങളും ആചാരങ്ങളും വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിലനില്‍പ്പിനും പരസ്പര സഹവര്‍ത്തിത്വത്തിനും സമഗ്രമായ വളര്‍ച്ചയ്ക്കും വേണ്ട സാമൂഹ്യനിയമങ്ങളും അവയുടെ അടിസ്ഥാനങ്ങളായ ആചാരങ്ങളും അടങ്ങുന്നതാണ് ധര്‍മ്മസൂത്രങ്ങള്‍, ശരീര ശുദ്ധീകരണം, ബ്രഹ്മചര്യം, ശിഷ്യഗുണസ്വഭാവങ്ങള്‍, സന്ന്യാസിയുടെ കര്‍മ്മധര്‍മ്മാചാരങ്ങള്‍, ഗൃഹസ്ഥവ്രതങ്ങള്‍, വിവാഹനിയമങ്ങള്‍, നാലു വര്‍ണ ധര്‍മ്മങ്ങള്‍, അതിഥിസല്‍ക്കാരം, ബ്രാഹ്മണാദികളുടെ പ്രവൃത്തികള്‍, ഷോഡശസംസ്‌കാര കര്‍മ്മങ്ങള്‍, രാജകര്‍ത്തവ്യം, രാജ്യരക്ഷ, രാജപുരോഹിതധര്‍മ്മം ഭക്ഷണനിയമം, പുത്രധര്‍മ്മം, പതി-പത്‌നീധര്‍മ്മം, യാത്രാചാരം, പ്രായശ്ചിത്തകര്‍മ്മങ്ങള്‍ തുടങ്ങി അനവധി സാമൂഹ്യാചാരങ്ങള്‍ ധര്‍മ്മസൂത്രഗ്രന്ഥങ്ങളെ ആധാരമാക്കിയിട്ടുള്ളവയാണ്. ബൗധായന, ഗൗതമ, ആപസ്തംബ, വസിഷ്ഠ, ഹാരിത, ഹിരണ്യകേശി, വൈഖാനസ, ധര്‍മ്മസൂത്രങ്ങളാണ് പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍. സുദീര്‍ഘമായ സാമൂഹ്യാചാരനിഷ്ഠകള്‍ വിവരിക്കുന്ന ധര്‍മ്മശാസ്ത്രങ്ങളുടെ തുല്യപദവിയും അംഗീകാരവുമുള്ള ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഇവയാണ് സ്മൃതികള്‍. അതത് കാലഘട്ടങ്ങളില്‍ ആചരിക്കേണ്ടതും വിവിധ ദേശങ്ങള്‍ക്കനുയോജ്യമായ നിയമങ്ങളിലൂടെ ആചരിക്കപ്പെടുന്നവയാണ് സ്മൃതികളിലെ ധര്‍മ്മാചാരങ്ങള്‍. അനവധി പുതിയ സ്മൃതികള്‍ രചിക്കപ്പെട്ടിട്ടുള്ളതുകൊണ്ട്, ദേശത്തിനും കാലത്തിനും അനുയോജ്യം എന്നു തോന്നുന്ന സ്മൃതി വിഷയങ്ങള്‍ പുനര്‍വിചിന്തനത്തിലൂടെ നവീകരിച്ചെഴുതപ്പെടുകയുണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ട സ്മൃതിഗ്രന്ഥങ്ങള്‍ ഉശനസ്മൃതി, യജ്ഞവല്‍ക്യസ്മൃതി, മനുസ്മൃതി, അംഗീരസസ്മൃതി, യമസ്മൃതി, അത്രിസ്മൃതി, സംവര്‍ത്തനസ്മൃതി, കാര്‍ത്യായനസ്മൃതി, ദക്ഷസ്മൃതി, വ്യാസസ്മൃതി, പരാശരസ്മൃതി, ശംഖസ്മൃതി, ഗൗതമസ്മൃതി, ആപസ്തംബസ്മൃതി, വസിഷ്ഠ സ്മൃതി, ബൃഹദ്പരാശര സ്മൃതി, വൃദ്ധ ആത്രേയസ്മൃതി, ഹാരിതസ്മൃതി എന്നിവയാണ്. ഇവയില്‍ ചിലത് ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു. ഭാരതീയന്റെ ജീവിതത്തില്‍, ആചരിക്കപ്പെടുന്ന ഏതാണ്ടെല്ലാ സാമൂഹ്യാചാരങ്ങള്‍ക്കും മൂലമായിട്ടുള്ളത് ഈ സ്മൃതി ഗ്രന്ഥങ്ങളാണ്. വിഷ്ണുസ്മൃതി ഗ്രന്ഥങ്ങളിലെ വിഷയങ്ങളുടെ യഥാക്രമ വിവരണം കൊണ്ടുമാത്രം സാമൂഹ്യാചാരങ്ങളുടെ അടിസ്ഥാനം, സ്മൃതികളാണെന്നു വ്യക്തമാകും. നാലുവര്‍ണ്ണങ്ങള്‍, അവയുടെ കര്‍മ്മധര്‍മ്മങ്ങള്‍, രാജാവിന്റെ ധര്‍മ്മം, കരംപിരിക്കുന്നതിന്റെ നിയമങ്ങള്‍, അളവുതൂക്കങ്ങള്‍, കുറ്റകൃത്യങ്ങളും ശിക്ഷകളും, (ഓരോ കുറ്റത്തിന്റെയും വ്യക്തമായ വിവരണങ്ങളടങ്ങുന്നു). കൈക്കൂലി, ഭൂമിയുടെ ക്രയവിക്രയ പത്രങ്ങള്‍, കടം സംബന്ധമായ നിയമങ്ങള്‍, കടപ്പത്രങ്ങള്‍, സാക്ഷികള്‍, പുത്രന്റെ അവകാശങ്ങള്‍, മിശ്രവിവാഹത്തിലെ പുത്രനിയമം, സ്വത്ത് വിഭജനം, ജഡദഹനം, പുലകുളിയുടെ ആചാരങ്ങള്‍, യുഗ-മന്വന്തര-കല്‍പാദിവിവരണം, മരണാനന്തര ക്രിയ, പുലശുദ്ധീകരണാചാരം, മിശ്ര-സ്വജാതിവിവാഹ നിയമം, പത്‌നീധര്‍മ്മം, ഷോഡശകര്‍മ്മാചാരങ്ങള്‍, ബ്രഹ്മചാരിയുടെ ആചാരം വേദപഠനാചാരം, ഗുരുമഹത്വം, ആചാര്യ-മാതൃ-പിതൃ ബന്ധ സംബന്ധിയായ ആചാരം, കാമക്രോധാദി വികാര നിയന്ത്രണം പഞ്ചമഹാപാപങ്ങള്‍ അവയുടെ പ്രായശ്ചിത്തങ്ങള്‍, മൃഗവധവമായി ബന്ധപ്പെട്ട പാപങ്ങള്‍, നരഹത്യാ പ്രായശ്ചിത്തം, മദ്യപാന പ്രായശ്ചിത്തം, മാംസഭക്ഷണ പ്രായശ്ചിത്തം, ഭിക്ഷാടന നിയമം, സ്‌നാനനിയമം, യാത്രാനിയമം, ശകുനനിയമങ്ങള്‍, നിദ്രാനിയമങ്ങള്‍, ശ്രാദ്ധകര്‍മ്മങ്ങള്‍, ജ്യോതിശാസ്ത്രസംബന്ധിയായ ആചാരങ്ങള്‍, ശ്രാദ്ധക്ഷണത്തിര്‍ഹതയുള്ളവരുടെ വിവരണം, ദാനധര്‍മ്മാചാരം, പൊതുജനങ്ങള്‍ക്കായുള്ള കുളം-കിണര്‍-പൂന്തോട്ടം-ക്ഷേത്രം എന്നിവയുടെ നിര്‍മാണവും ദാനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, ദാനസ്വീകരണത്തിന് യോഗ്യരായ വ്യക്തികളുടെ വിവരണം, വാനപ്രസ്ഥനിയമത്തിന്റെ ഭാഗമായി ഉത്തരവാദിത്തങ്ങള്‍ പുത്രനെ ഏല്‍പ്പിച്ച് കുടുംബ ബന്ധമോചനം തുടങ്ങേണ്ട സമയത്തനുഷ്ഠിക്കുന്ന ആചാരങ്ങള്‍, മനുഷ്യശരീരം ധര്‍മ്മാനുഷ്ഠാനങ്ങള്‍ക്കുള്ളതാണെന്നതിന്റെ ശാസ്ത്രീയ (ശരീരഘടനാ)വിവരണം എന്നീ വിഷയങ്ങളിതിലടങ്ങുന്നു. മേല്‍ വിവരിച്ച 'നിയമ' പദങ്ങളെല്ലാം ഇന്ന് ആചാരങ്ങളുടെ ഭാഗമായിരിക്കുന്നു. വൈദീകശാഖയുടെയും ഉപശാഖയുടെയും വ്യത്യാസമനുസരിച്ച് അവയുടെ അനുശാസകര്‍ തമ്മില്‍ ആചാരനുഷ്ഠാന രീതിയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ആചാരതത്വങ്ങള്‍ പൊതുവെ ഒന്നുതന്നെയാണ്. ഈ വിഷയങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ കുറവും, വ്യത്യസ്ത വീക്ഷണങ്ങളും ചേര്‍ത്ത് പലതും നവീകരിച്ചും പുതിയവ ചേര്‍ത്തും മറ്റു സ്മൃതികള്‍ രചിച്ചിരിക്കുന്നു.    

കുഞ്ഞുങ്ങൾക്ക് ചോറൂണ് നടത്തുന്നതെപ്പോൾ?

കുഞ്ഞുങ്ങൾക്ക് ചോറൂണ് നടത്തുന്നതെപ്പോൾ?

“ഷഷ്ഠേ മാസ്യശനം ന സപ്തമ ഇഹ ത്യാജ്യോ ഹരേർവാസരോ
ജ്യേഷ്ഠാർദ്രാ യമകൃത്തികോരഗമഘാഃ പൂർവാവിശാഖാസുരാഃ
രന്ധ്രേസൃഗ്വപുഷീന്ദുരംബുനി ഗുരുർജ്ഞേന്ദൂ ശുഭേ ഖേഖിലാഃ
ഭൗമക്ഷേത്രത്ധഷാർധരാത്രഗരളദ്രേക്കാണ ജന്മോഡു ച.”

എന്ന ശ്ലോകത്തിലാണു കുട്ടികളുടെ ചോറൂണിനുള്ള മുഹൂർത്തം നോക്കേണ്ട കാര്യങ്ങൾ മുഹൂർത്തപദവി എന്ന ജ്യോതിഷഗ്രന്ഥത്തിൽ പറയുന്നത്.

കുട്ടി ജനിച്ച് ആറാം മാസത്തിലാണു ചോറൂണ് നടത്തേണ്ടത്. ഏഴാം മാസത്തിൽ പാടില്ല. അതായത് കുട്ടി ജനിച്ച് 150 ദിവസത്തിനും 180 ദിവസത്തിനുമിടയിലാണു ചോറൂണു നടത്തേണ്ടത്. ആറാം മാസമായി വരുന്നത് കന്നിയോ കർക്കടകമോ കുംഭമോ ഏതുമാകട്ടെ അതിനു ദോഷമില്ല. ആറാം മാസത്തിൽ ചോറൂണു നടത്തുക എന്നതാണു പ്രധാനം. എന്തെങ്കിലും കാരണവശാൽ ആറാം മാസത്തിൽ ചോറൂണു നടത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത മാസമായ ഏഴാം മാസത്തിൽ പാടില്ല. എട്ടാം മാസത്തിൽ ആകാം.

ഹരിവാസരസമയത്തു ചോറൂണു പാടില്ല. തൃക്കേട്ട, തിരുവാതിര, ഭരണി, കാർത്തിക, ആയില്യം, മകം, പൂരം, പൂരാടം, പൂരുരുട്ടാതി, വിശാഖം, മൂലം എന്നീ നാളുകൾ ചോറൂണിനു നല്ലതല്ല. ചോറൂണിനു നല്ല നാളുകൾ എതെല്ലാമെന്നു ലളിതമായി മനസ്സിലാക്കിത്തരുന്ന ഭാഷാശ്ലോകം ചുവടെ:

“ഊണിന്നു നല്ലു പുണർപൂയമവിട്ടമത്തം
സ്വാതീ ച രോഹിണി ഓണവുമിന്ദു മൈത്രം.
നാൾ നല്ലു ചിത്രചതയത്തൊടശ്വതീ നാൾ
ഉത്രത്രയങ്ങളൊടുകൂടെ വിധിക്ക പൗഷ്ണേ.”

ചോറൂണിന്റെ സമയം നിശ്ചയിക്കുന്ന കാര്യമാണിനി പറയുന്നത്. മുഹൂർത്തരാശിയുടെ അഷ്ടമത്തിൽ ചൊവ്വയും ലഗ്നത്തിൽ ചന്ദ്രനും നാലാംഭാവത്തിൽ വ്യാഴവും ഒൻപതാം ഭാവത്തിൽ ബുധനും ചന്ദ്രനും ഉണ്ടാകരുത്. പത്താംഭാവത്തിൽ ഗ്രഹങ്ങളൊന്നും ഉണ്ടാകരുത്. മേടം, വൃശ്ചികം, മീനം എന്നീ രാശിസമയം മുഹൂർത്തസമയമായി ഉപയോഗിക്കരുത്. അർധരാത്രിസമയം പാടില്ല. വിഷദ്രേക്കാണം ഒഴിവാക്കണം. ജന്മനക്ഷത്രത്തിൽ ചോറൂണു പാടില്ല.

ശ്രീ ലളിതാ സഹസ്രനാമം

ശ്രീ ലളിതാ സഹസ്രനാമം

ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ശ്രീ ലളിതാ സഹസ്രനാമം.

തിരുമീയാച്ചൂർ എന്ന സ്ഥലത്ത് ഒരു ലളിതാംബിക ക്ഷേത്രം ഉണ്ട്. ലളിത സഹസ്രനാമം രചിക്കപ്പെട്ടത്‌ ഇവിടെ എന്നാണ് ഐതീഹ്യം. ആദ്യമായി ലളിത സഹസ്രനാമം ചൊല്ലപ്പെട്ടതും, ആദ്യമായി ഇത് ഹയഗ്രീവന് ഉപദേശം കിട്ടിയതും, ഹയഗ്രീവനിൽ നിന്നും മനുഷ്യനു കിട്ടിയതും ഒക്കെ തുടങ്ങുന്നത് ഇവിടെ നിന്നും ആണ്.

ശ്രീ ലളിതാ സഹസ്രനാമസ്തോത്രം  ഹയഗ്രീവമുനിയും  അഗസ്ത്യമഹർഷിയും  തമ്മിലുള്ള സംവാദമായിട്ടാണ്  ഈ  സ്തോത്രം പറയപ്പെട്ടിരിക്കുന്നത്

വശിനി,
കാമേശി,
അരുണ,
സർവേശി,
കൌളിനി,
വിമലാ,
ജയിനി,
മോദിനി,
എന്നീ വാഗ്ദേവി മാർ ഭഗവതിയുടെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ശ്രീ ലളിതാ സഹസ്രനാമം.

ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. ശ്രീ മാതാ എന്നു തുടങ്ങി ലളിതാംബിക എന്ന പേരിൽ പൂർണ്ണമാവുന്നു.

നിത്യവും ദേവിയുടെ ലളിതാ സഹസ്രനാമം ജപിച്ചാല്‍ സൗഭാഗ്യം അടിക്കടി വര്‍ദ്ധിച്ചുവരും നിശ്‌ചയം.

മാത്രമല്ല ജാതകദോഷം, ഗ്രഹദോഷം, ശാപദോഷം, പാപദോഷം, സുകൃതക്ഷയം തുടങ്ങി എല്ലാ ദോഷങ്ങളും ദിവസവുമുള്ള നാമജപത്തില്‍ ലയിച്ചില്ലാതെയാകും.

ശ്രീമഹാദേവിയെപ്പറ്റി വിവരിക്കുന്ന പത്തോളം പ്രധാന സഹസ്രനാമങ്ങളില്‍ ഏറ്റവും കീര്‍ത്തിയേറിയതാണ്‌ ലളിതാ സഹസ്രനാമസ്‌തോത്രം.

മാത്രമല്ല മന്ത്രശക്‌തി നിര്‍ഭരവുമാണിത്‌. എല്ലാ നാമങ്ങളിലും വച്ച്‌ ശ്രേഷ്‌ഠവും വളരെ വളരെ ഔഷധപ്രദവുമാണ്‌.

ആയിരം വിഷ്‌ണുനാമത്തിന്‌ തുല്യമാണൊരു ശിവനാമം. ആയിരം ശിവനാമത്തിന്‌ തുല്യമാണൊരു ദേവിനാമം.

ദേവി സഹസ്രനാമങ്ങള്‍ അനേകമുണ്ടെങ്കിലും ലാളിത്യവും ഗാംഭീര്യവും ഒത്തിണങ്ങിയതാണ്‌  ആദിപരാശക്‌തിയായ മാതാവിന്റെ ലളിതാ സഹസ്രനാമം.

മൂന്ന്‌ ഏകാക്ഷരീ മന്ത്രങ്ങളും
എഴുപത്തിരണ്ട്‌ ദ്വ്യക്ഷരീമന്ത്രങ്ങളും
നൂറ്റിമുപ്പത്തിയൊന്‍പത്‌ ത്യക്ഷരീമന്ത്രങ്ങളും
ഇരുന്നൂറ്റിയെണ്‍പത്തിയൊന്ന്‌ ചതുരക്ഷരീ മന്ത്രങ്ങളും
നൂറ്റിയിരുപത്‌ പഞ്ചാക്ഷരീ മന്ത്രങ്ങളും
അമ്പത്തെട്ട്‌ ഷഡക്ഷരീ മന്ത്രങ്ങളും
രണ്ട്‌ സപ്‌താക്ഷരീ മന്ത്രങ്ങളും
ഇരുനൂറ്റി നാല്‌പത്‌ അഷ്‌ടാക്ഷരീ മന്ത്രങ്ങളും
ഏഴ്‌ ദശാക്ഷരീ മന്ത്രങ്ങളും
മൂന്ന്‌ ഏകാദശാക്ഷരീ മന്ത്രങ്ങളും
മൂന്ന്‌ ദ്വാദശാക്ഷരീ മന്ത്രങ്ങളും
എഴുപത്തിരണ്ട്‌ ഷോഡശാക്ഷരീ മന്ത്രങ്ങളുമാണ്‌
ദേവിയുടെ ആയിരം നാമങ്ങള്‍.

ഇതില്‍നിന്നുതന്നെ ലളിതാ സഹസ്രനാമജപത്തിന്റെ ദിവ്യത്വം മനസ്സിലാക്കാം. പ്രത്യേകിച്ചൊരു മന്ത്രജപം ഇനി ആവശ്യമില്ല.

ഏതു തരത്തിലുള്ള ക്ലേശങ്ങള്‍ അനുഭവിക്കുന്നവരായാലും ലളിതാസഹസ്രനാമജപത്തിലൂടെ മുക്‌തരാകും.

24 September 2019

പഞ്ചമഹായജ്ഞങ്ങള്‍

പഞ്ചമഹായജ്ഞങ്ങള്‍

വേദാധ്യയനം ബ്രഹ്മയജ്ഞം.

അന്നംകൊണ്ടോ ജലംകൊണ്ടോ തര്‍പ്പണം ചെയ്യുന്നത് പിതൃയജ്ഞം. ദേവതാപ്രീതിക്കായി അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്നത് ദൈവയജ്ഞം. പക്ഷിമൃഗാദിജന്തുക്കള്‍ക്കുവേണ്ടി നല്‍കുന്ന ബലി ഭൂതയജ്ഞം. അതിഥിപൂജ മനുഷ്യയജ്ഞവും.
അധ്യാപനം ബ്രഹ്മയജ്ഞം

പിതൃയജ്ഞസ്തുതര്‍പ്പണം
ഹോമോദൈവോ ബലിര്‍ഭൗതോ
നൃയജ്ഞോളതിഥി പൂജനം
വേദധ്യയനം ബ്രഹ്മയജ്ഞം. അന്നംകൊണ്ടോ ജലംകൊണ്ടോ തര്‍പ്പണം ചെയ്യുന്നത് പിതൃയജ്ഞം. ദേവതാപ്രീതിക്കായി അഗ്നിയില്‍ ഹവിസ്സര്‍പ്പിക്കുന്നത് ദൈവയജ്ഞം.

പക്ഷിമൃഗാദിജന്തുക്കള്‍ക്കുവേണ്ടി നല്‍കുന്ന ബലി ഭൂതയജ്ഞം.

അതിഥിപൂജ മനുഷ്യയജ്ഞവും. ഈ അഞ്ചും ഗൃഹസ്ഥന്‍ അനുഷ്ഠിക്കേണ്ടതാണെന്ന് ഭാരതീയര്‍ പൂര്‍വകാലത്തു നിശ്ചയിച്ചു.
ഈ പഞ്ചമഹായജ്ഞങ്ങള്‍ ഏതുവിധം അനുഷ്ഠിക്കണമെന്ന് മനുസ്മൃതിയിലെ മൂന്നാം അധ്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. സദാചാര ജീവിതം ആഗ്രഹിക്കുന്നെങ്കില്‍ അതിലേക്കുള്ള മാര്‍ഗം പഞ്ചമഹായജ്ഞങ്ങളുടെ അനുഷ്ഠാനംകൊണ്ട് സാധ്യമാകും. വ്യക്തി തന്റെയും കുടുംബത്തിന്റെയും വിശ്വപരിസ്ഥിതിയുടെയും സൂക്ഷ്മഭൂതശക്തികളുടെയും വരുംതലമുറകളുടെയും ഭദ്രജീവിതത്തിനായി കര്‍മമനുഷ്ഠിക്കുമ്പോഴത്രേ അത് സദാചാരമാവുക. എന്നാല്‍ നമ്മുടെ ദേശകാലസ്ഥിതിക്കനുസരിച്ച് ഇവയെ അനുഷ്ഠിക്കേണ്ടത് എങ്ങനെയായിരിക്കണം എന്ന് ചിന്തിക്കാന്‍ മേല്‍വിവരിച്ച പഞ്ചമഹായജ്ഞങ്ങള്‍ ഓരോന്നായി പരിശോധിക്കണം.

ദൈവയജ്ഞം (ദേവപൂജ)

ഈശ്വരപ്രീതിക്കായി ഹോമം, സാളഗ്രാമാദിപൂജകള്‍, വിവിധങ്ങളായ യാഗങ്ങള്‍ തുടങ്ങിയവയാണ് ദേവപൂജ. ഇവയെല്ലാം ഈ കലിയുഗത്തില്‍ ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ നടത്താന്‍ സാധാരണക്കാര്‍ക്ക് സാധ്യമല്ല. പിന്നെ എങ്ങനെയാണ് ദേവപൂജ നടത്തുക? ഈശ്വരചിന്ത എപ്പോഴും മനസ്സില്‍ ഉണ്ടായിരിക്കാന്‍ ശീലിക്കുക തന്നെ. അതായത് മാനസപൂജ. അത് ധനികനും ദരിദ്രനും ആകാമല്ലോ. നാം ഏതു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും കുടുംബജീവിതത്തെക്കുറിച്ചുള്ള ചിന്ത നമ്മെ വിട്ടുപിരിയാതെ പിന്തുടരും. അതുപോലെ എല്ലായ്‌പ്പോഴും മനസ്സില്‍ ഈശ്വരചിന്ത ഉണ്ടായിരിക്കാന്‍ അഭ്യസിക്കണം. എല്ലാം ഈശ്വരന്‍ തന്നുകൊള്ളും എന്നുകരുതി ഒന്നും പ്രവര്‍ത്തിക്കാതിരിക്കരുത്. ‘താന്‍ പാതി ദൈവം പാതി’ എന്ന പഴഞ്ചൊല്ല് അക്ഷരംപ്രതി അന്വര്‍ത്ഥമാണെന്നോര്‍ക്കുന്നത് നന്ന്. ഏതെങ്കിലും രീതിയിലുള്ള ഈശ്വരചിന്താഭ്യസനം തന്നെയാണ് മാനസപൂജ എന്ന് പറയുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും അധ്യാത്മ ശക്തിയെ ഇത് വര്‍ധിപ്പിക്കും.

പിതൃപൂജ

ഈശ്വരന്മാരെപ്പോലെ പിതൃഗുണങ്ങള്‍ എന്നൊന്നുണ്ടെന്ന് ഋഗ്വേദം. പിതൃക്കളുടെ സദ് വൃത്തികളെപ്പറ്റിയുള്ള വിശ്വാസം അതിപ്രാചീനകാലം മുതല്‍ക്കുതന്നെ ഭാരതീയര്‍ക്കുണ്ടായിരുന്നു. ശ്രീമഹാഭാരതത്തില്‍ പിതൃക്കളുടെ വിഭാഗങ്ങളെപ്പറ്റിയും പിതൃപൂജയെപ്പറ്റിയും വ്യാസഭഗവാന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഓരോ കുടുംബത്തിനും പ്രത്യേകം പിതൃക്കളുണ്ട്. നമ്മുടെ പിതാമഹന്മാരും പ്രപിതാമഹന്മാരും എല്ലാം പിതൃക്കളാണ്. ശ്രാദ്ധം, പാലൂട്ട്, പിണ്ഡം, ജലം എന്നിവകൊണ്ട് തര്‍പ്പണം. ഇങ്ങനെ പലതരത്തില്‍ പിതൃപൂജ ചെയ്യാം. നമ്മുടെ പൂര്‍വികന്മാര്‍ അനന്തര തലമുറകള്‍ക്കുവേണ്ടി ചെയ്ത സദ്കര്‍മങ്ങളെ നാം സ്മരിക്കണം. പഴഞ്ചന്മാരും പഴഞ്ചന്‍ മട്ടുകളും മോശമാണെന്ന ചിന്ത ഒരിക്കലും തോന്നാതിരിക്കണം. പണ്ടത്തെ കാരണവന്മാരെ ആദരിക്കുക, നമസ്‌കരിക്കുക തുടങ്ങിയവകൊണ്ട് അവരുടെ അനുഗ്രഹം ആഗ്രഹിച്ചവരായിരുന്നു ഭാരതീയര്‍. പിതൃലോകം മഹാസ്മൃതിയുടെയും അസ്തമിച്ചുപോകാത്ത സൂക്ഷ്മമായ ഊര്‍ജത്തിന്റെയും ലോകമാണ്. ഓരോ ജീവകോശത്തിന്റെയും ഉള്ളിലുള്ള സംസ്‌കാര സ്മൃതിയില്‍ പിതൃക്കളുടെ ലോകവുമടങ്ങുന്നു. നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ നേടിത്തന്ന പൂര്‍വകാല ശാസ്ത്രജ്ഞന്മാരെയും പൂര്‍വപിതാക്കളെയുമെല്ലാം നമ്മുടെ പിതൃഗണങ്ങളായി കണക്കാക്കണം. ഇന്ന് ജീവിച്ചിരിക്കുന്ന വന്ദ്യവയോധികന്മാരെയും നാം ആദരിക്കണം.

അഭിവാദനശീലസ്യ
നിത്യംവൃദ്ധോപസേവിതം
ചത്വാരി സംപ്രവൃദ്ധതേ
ആയുര്‍വിദ്യാ യശോ ബലം
നിത്യവും വന്ദ്യന്മാരെ വന്ദിക്കുന്നതുകൊണ്ട് (വന്ദിക്കുന്നവന്) ആയുസ്സ്, വിദ്യ, യശസ്സ്, ബലം ഇവ നാലും വേണ്ടതുപോലെ വൃദ്ധി പ്രാപിക്കുന്നു.
(മനുസ്മൃതി)

ബ്രഹ്മയജ്ഞം (ഋഷിപൂജ)

വേദാധ്യയനം ബ്രഹ്മയജ്ഞം. അതുതന്നെയാണ് ഋഷി പൂജ എന്നുപറയുന്നത്. അതായത് ഗുരുപൂജ. ലോകത്തിന്റെ അടിത്തറ കണ്ടറിഞ്ഞവരാണ് ഋഷിവര്യന്മാര്‍. അവര്‍ ഭാവി തലമുറകള്‍ക്കുവേണ്ടി സത്യം ദര്‍ശിച്ചവരത്രെ. വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ ഋഷിപ്രോക്തങ്ങളാണ്. ആ ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങളുടെ പാരായാണവും ഋഷിപൂജ തന്നെ. ജ്ഞാന സമ്പാദനം, ജ്ഞാനത്തിന്റെ ഉറവിടങ്ങളോടുള്ള ആരാധന, ജ്ഞാനാന്വേഷണം, ജ്ഞാന പ്രകാശനം ഇവയെല്ലാം ബ്രഹ്മയജ്ഞമാണ്. ‘പ്രജ്ഞാനം ബ്രഹ്മ’ എന്നതിന്റെ സാരം ഗ്രഹിച്ചാല്‍ ജ്ഞാനയജ്ഞമെന്താണെന്ന് മനസ്സിലാകും. ഉപജീവനത്തിനുള്ള വഴിതേടുകയല്ല വിദ്യാഭ്യാസം. ആത്മശുദ്ധികരവും ലോകശുദ്ധികരവുമായ സത്യജ്ഞാനം നേടുവാനുള്ള യജ്ഞമാണത്. വേദപഠന പ്രധാനമായ ഋഷിപൂജയെ ഇന്നത്തെ സാഹചര്യങ്ങളോട് യോജിപ്പിക്കണം. വായനയും ചിന്തയുംകൊണ്ടേ ജ്ഞാനം ഉണ്ടാകൂ. അധ്യയനവും അധ്യാപനവും ബ്രഹ്മയജ്ഞം തന്നെയാണ്. അധ്യയനം തപസ്യയായി സ്വീകരിക്കണം. ഹനുമാന്‍ വേദം പഠിച്ചത് സൂര്യദേവനില്‍നിന്നാണെന്ന് പറയുന്നു. സൂര്യന്‍ ഉദിച്ച് മുന്‍പോട്ട് സഞ്ചരിക്കും. ഹനുമാന്‍ സൂര്യന് അഭിമുഖമായി പിന്നോട്ട് നടന്നാണ് വേദങ്ങള്‍ അഭ്യസിച്ചതത്രെ. അതൊരു തപസ്യ തന്നെയാണ്. അത്രത്തോളം പോയില്ലെങ്കിലും അവധാനപൂര്‍വം സത്ഗ്രന്ഥങ്ങള്‍ പഠിച്ചാലും മതി. ഏവംവിധേന ഉള്ള പഠനങ്ങള്‍ ബ്രഹ്മയജ്ഞമാണ് എന്ന് ധരിക്കണം. ലോകശാന്തിക്ക് അവശ്യം വേണ്ടത് ഈ ഋഷിപൂജതന്നെയാണ്.

ഭൂതയജ്ഞം (ഭൂതബലി)

പക്ഷിമൃഗാദികള്‍ക്കുവേണ്ടി നല്‍കുന്ന ബലിയാണ് ഭൂതബലി. ഭോജ്യവസ്തുക്കളുടെ ഉല്‍പാദനത്തിനുവേണ്ടി കൃഷിസ്ഥലങ്ങള്‍ നന്നാക്കുമ്പോള്‍ നാം അറിയാതെ തന്നെ അനവധി ചെറുപ്രാണികളെ കൊല്ലുകയും പക്ഷിമൃഗാദികള്‍ക്ക് ഉപദ്രവം ഏല്‍പിക്കുകയും വേണ്ടിവരുന്നു. ഇങ്ങനെ ഉണ്ടാകുന്ന ഹിംസാദോഷത്തിന് പ്രായശ്ചിത്തം കൂടിയാണ് ഭൂതബലി. ഇന്ന് ജീവികള്‍ക്ക് പ്രകൃതിദത്തമായ ഭക്ഷണങ്ങള്‍ ആവോളം ലഭിക്കാറില്ല. അപ്പോള്‍ ഈ ജീവജാലങ്ങള്‍ക്ക് ജീവിക്കാന്‍ ആഹാരം വേണം. അതുകൊടുക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കും. ആഹാരസാധനങ്ങള്‍ മുറ്റത്ത് എറിഞ്ഞുകൊടുത്തും മറ്റും പലതരത്തില്‍ പക്ഷിമൃഗാദികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതുതന്നെയാണ് ഭൂതബലി. നമ്മുടെ പൂര്‍വികന്മാര്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കാക്കയ്ക്കും പൂച്ചയ്ക്കും പട്ടിക്കും മറ്റും ആഹാരം കൊടുക്കുന്ന പതിവുണ്ടായിരുന്നു. മനുഷ്യന്റെ ദാനശീലം മനുഷ്യരില്‍ മാത്രം ഒതുങ്ങി നിന്നാല്‍പ്പോരാ. ഭൂമിയുടെ അവകാശികളെന്ന് പറയുന്ന സര്‍വജീവജാലങ്ങളിലേക്കും അത് വ്യാപിക്കണം. ഈ ദാനശീലം മനുഷ്യനെ മാത്രം ഉദ്ദേശിച്ചാകുമ്പോള്‍ അത് മനുഷ്യപൂജയായി. അതുതന്നെയാണ് നൃയജ്ഞം അഥവാ അതിഥിപൂജനം.

നൃയജ്ഞം (അതിഥിപൂജ)

മനുഷ്യപൂജ തന്നെയാണ് അതിഥിപൂജ. ‘അതിഥി ദേവോ ഭവ’ എന്നത്രേ വൈദികാനുശാസനം. ആരാണ് അതിഥി? യാദൃച്ഛികമായി വന്ന് ഒരു രാത്രി മാത്രം താമസിക്കുന്നവനെയാണ് അതിഥി എന്നുപറയുന്നത്. യദൃച്ഛയാ ഗൃഹത്തില്‍ വന്നവനും പേര്, കുലം, സ്ഥാനമാനങ്ങള്‍ ഇവയെക്കുറിച്ച് ഒന്നും അറിയപ്പെടാത്തവനുമാണ് അതിഥി. അതിഥി ഭഗ്നാശയനായി മടങ്ങിയാല്‍ ഗൃഹനാഥന്റെ പുണ്യവും എടുത്തുകൊണ്ടുപോകുമത്രേ. ഇരിക്കാന്‍ ഒരു പായ്, കുടിക്കാനും കാലുകഴുകാനും ഇത്തിരിവെള്ളം, നല്ല വാക്ക് എന്നിവ സജ്ജനങ്ങളുടെ ഗൃഹത്തില്‍ ഒരിക്കലും ഇല്ലാതെവരികയില്ല. തനിക്കും കുടുംബത്തിനും കഴിക്കാന്‍ തയ്യാറാക്കിവച്ചിരുന്ന ധാന്യമാവ് അതിഥിക്കു നല്‍കി കുടുംബാംഗങ്ങള്‍ പട്ടിണി കിടന്ന് അതിഥിയെ പൂജിച്ചതിന്റെ പുണ്യംപോലും ധര്‍മപുത്രര്‍ നടത്തിയ യാഗത്തിനില്ല എന്ന് ഒരു കീരി പറയുന്ന കഥ മഹാഭാരതത്തില്‍ കാണാം (കീരിയുടെ കഥ). യാഗത്തേക്കാള്‍ ശ്രേഷ്ഠമാണ് അതിഥി പൂജ എന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു.

ഏതുതരത്തിലുള്ള പരോപകാരത്തേയും മനുഷ്യപൂജയായി കണക്കാക്കാം. അത് നിസ്വാര്‍ത്ഥവും പ്രത്യുപകാരം ആവശ്യപ്പെടാത്തതും ആയിരിക്കണം. ‘അരാതി’ എന്ന ശബ്ദത്തിന്റെ അര്‍ത്ഥം ദാനം ചെയ്യാത്തവന്‍ എന്നാണ്. ശത്രു എന്ന അര്‍ത്ഥത്തിലും അരാതിശബ്ദത്തെ ഉപയോഗിക്കാറുണ്ട്. അപ്പോള്‍ ദാനം ചെയ്യാത്തവന്‍ ലോകശത്രു ആകുന്നു എന്നു വന്നുകൂടുന്നു. ദാനത്തില്‍ ശ്രേഷ്ഠം അന്നദാനമാണ്. മറ്റു ദാനങ്ങളും ഇന്ന് സജ്ജനങ്ങള്‍ നടത്താറുണ്ട്. നേത്രദാനം, രക്തദാനം, വൃക്കദാനം, കരള്‍ദാനം തുടങ്ങിയ ദാനങ്ങള്‍ വ്യക്തികളും സംഘടനകളും ചെയ്യാറുണ്ട്. ചെയ്യേണ്ടതാണ്.

ധര്‍മക്കാരന്‍ ചമഞ്ഞ് അലസജീവികളായ ധാരാളം ആളുകള്‍ നമ്മുടെ ഗൃഹങ്ങളില്‍ വന്നുചേരാറുണ്ട്. അപാത്രത്തില്‍ ദാനം ദാതാവിന് ആപത്തും പാപവും ഉളവാക്കും. അതുകൊണ്ട് ഈ കലിയുഗത്തില്‍ അതിഥിപൂജ തുടങ്ങിയ സത്കര്‍മങ്ങള്‍ ധര്‍മപര്യവസായിയായിരിക്കാന്‍ വിഷമമുണ്ട്. പല രീതിയിലുള്ള കാപട്യമുള്ളവര്‍ പല വേഷത്തില്‍ ഗൃഹങ്ങളില്‍ എത്താറുണ്ട്. അതുകൊണ്ട് ഗൃഹത്തില്‍ വരുന്ന അതിഥികളെ തിരിച്ചറിയുക ഏറെ ദുഷ്‌കരമാണ്. എന്നാലും ദാരിദ്ര്യം, രോഗം, വാര്‍ധക്യം, അനാഥത്വം ഇവയാല്‍ ദീനതയനുഭവിക്കുന്നവരെ അവശ്യം സഹായിക്കേണ്ടതാണ്. ഒരു നേരത്തെ ആഹാരം, അല്‍പം ആശ്വാസ വചനങ്ങള്‍ ഇവ ആകാമല്ലോ. അതാണ് മനുഷ്യപൂജ.

‘ ന കം ചന വസതൗ പ്രത്യാച ക്ഷിത്’ (തൈത്തരീയോപനിഷത്). കൊടുക്കാതെ ഭക്ഷിക്കുന്ന ഭോഗവാനെ മരണങ്ങള്‍ പ്രാപിക്കുന്നു.
‘ഉതാശിതമുപഗച്ഛന്തി മൃത്യുവഃ (ഋഗ്വേദം)
തനിയെ ഭക്ഷിക്കുന്നവന്‍ പാപത്തെത്തന്നെ ഭുജിക്കുന്നു. അന്യര്‍ക്ക് കൊടുക്കാതെ ഭക്ഷിക്കുന്നവന്‍ കള്ളനാണ്.

മനുഷ്യമനസ്സിനെ സംസ്‌കരിക്കുവാനുള്ള അനേകമാര്‍ഗങ്ങളില്‍ അതിപ്രധാനങ്ങളാണ് പഞ്ചമഹായജ്ഞങ്ങള്‍. ഇവ കാലാനുകൂലമായ ഭേദങ്ങളോടെ നിത്യജീവിതത്തില്‍ നടപ്പാക്കാവുന്നതാണ്. ഈ യജ്ഞങ്ങള്‍ ഗ്രാമവാസികള്‍ക്കും നഗരവാസികള്‍ക്കും കുബേരകുചേലഭേദമെന്യേ നിഷ്പ്രയാസം അനുഷ്ഠിക്കാന്‍ സാധിക്കും. യജ്ഞം എന്ന പദം ചിലപ്പോള്‍, കാലസവിശേഷതകൊണ്ട് ഏവര്‍ക്കും ഇഷ്ടപ്പെട്ടു എന്നുവരില്ല. എന്നാല്‍ പഞ്ചമഹായജ്ഞമെന്ന ദര്‍ശനത്തെ വിസ്മരിക്കാനാവില്ല.

മണ്‍മറഞ്ഞുപോയതും വരാനിരിക്കുന്നതുമായ എല്ലാം ഒരു മഹാപ്രഭാവത്തിന്റെ രൂപവിശേഷങ്ങള്‍ മാത്രമാണെന്നും എല്ലാം പൂജനീയമാണെന്നും ആരും അന്യരല്ലെന്നുമുള്ള ഭാരതീയ വിശ്വദര്‍ശനത്തിന്റെ കര്‍മപാഠമാണ് യഥാര്‍ത്ഥത്തില്‍ പഞ്ചമഹായജ്ഞകല്‍പനയ്ക്കാധാരം.