ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

26 June 2019

പുഷ്പാഞ്ജലി - 3

പുഷ്പാഞ്ജലി - 3

ക്ഷേത്രങ്ങളിലെത്തിയാല്‍ ഒട്ടുമിക്കവരും കഴിക്കുന്ന വഴിപാടാണ് പുഷ്പാഞ്ജലി. പുക്കള്‍കൊണ്ട് ദേവചൈതന്യത്തിനു മുന്നില്‍ അര്‍പ്പിക്കുന്ന അര്‍ച്ചനയാണ് പുഷ്പാഞ്ജലി. ജപിക്കുന്ന മന്ത്രത്തിന് അനുസരിച്ച് വിവിധതരത്തിലുള്ള പുഷ്പാഞ്ജലികളുണ്ട്. അതായത് ഓരോഫലം ലഭിക്കുന്നതിനായി വിത്യസ്ത പുഷ്പാഞ്ജലികളുണ്ടെന്ന് അര്‍ഥം.

ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തുന്നതുവഴി ഐശ്വര്യവും സമ്പല്‍സമൃദ്ധിയും വന്നുചേരുമെന്നാണ് വിശ്വാസം. ആയൂര്‍സൂക്തപുഷ്പാഞ്ജലി വഴിപാടായി നടത്തിയാല്‍ ദീര്‍ഘായുസും സ്വയംവരപുഷ്പാഞ്ജലി നടത്തിയാല്‍ മംഗല്യതടസങ്ങള്‍ നീങ്ങുമെന്നും വിശ്വസിക്കുന്നു.

ദാമ്പത്യഐക്യത്തിനും ദമ്പതികള്‍ തമ്മിലുളള കലഹം ഒഴിയുന്നതിനും ഐക്യമത്യസൂക്ത പുഷ്പാഞ്ജലിയും സര്‍വ്വൈശ്വര്യത്തിന് സഹസ്രനാമ പുഷ്പാഞ്ജലിയും നടത്തണമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

സാരസ്വതസൂക്ത പുഷ്പാഞ്ജലി ദോഷപരിഹാരമായും അഭീഷ്ടസിദ്ധിക്കും നടത്താവുന്നതാണ്. ആയൂര്‍ദോഷപരിഹാരത്തിനും രോഗശമനത്തിനുമാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി.

വിഷ്ണുക്ഷേത്രത്തില്‍ ഭാഗ്യസൂക്തപുഷ്പാഞ്ജലി നടത്തിയാല്‍ ഭാഗ്യവും സമ്പല്‍സമൃദ്ധിയും ഫലമെന്നാണ് വിശ്വാസം. വഴിപാടുകള്‍ക്കായി ചീട്ടെഴുതിച്ചാല്‍ മാത്രം പോരാ, നമ്മുടെ പ്രാര്‍ഥനകള്‍കൂടിയുണ്ടെങ്കിലെ ഫലം ലഭിക്കൂ.

പുഷ്പാഞ്ജലി - 2

പുഷ്പാഞ്ജലി - 2

പുഷ്പാഞ്ജലി എന്നാല്‍ പുഷ്പങ്ങള്‍ കൊണ്ടുള്ള അഞ്ജലി അല്ലെങ്കില്‍ അര്‍ച്ചനയാണ്. എല്ലാ ക്ഷേത്രങ്ങളിലും പുഷ്പാഞ്ജലി പ്രധാന വഴിപാടും ആണ്. വഴിപാടു കഴിക്കുക എന്ന ദ്വയാര്‍ഥത്തിലല്ലാതെ വിധിയാവണ്ണം ചെയ്യുന്ന പുഷ്പാഞ്ജലികള്‍ ആഗ്രഹ സാഫല്യവും ഐശ്വര്യാദികളും പ്രദാനം ചെയ്യും.

എല്ലാ ക്ഷേത്രങ്ങളിലും വഴിപാടു കൌണ്ടറുകളില്‍ അവിടെ ലഭ്യമായ പുഷ്പാഞ്ജലികള്‍ പ്രദര്‍ശിപ്പിക്കുക പതിവാണ്. പുഷ്പാഞ്ജലികളുടെ എല്ലാം ഫലശ്രുതി ഒന്നാണെങ്കില്‍ ഒരു പുഷ്പാഞ്ജലി മാത്രമേ വേണ്ടുവല്ലോ. അപ്പോള്‍ അങ്ങിനെയല്ല എന്നത് സുവ്യക്തമാണ്.

പുഷ്പാഞ്ജലി ഫലങ്ങള്‍ 

രക്തപുഷ്പാഞ്ജലി – ശത്രുദോഷ ശമനം അഭീഷ്ടസിദ്ധി.

ദേഹപുഷ്പാഞ്ജലി – ആരോഗ്യ ക്ലേശ നിവാരണം.

സ്വയംവര പുഷ്പാഞ്ജലി – മംഗല്യ തടസ്സ നിവാരണം, ഇഷ്ട മംഗല്യ സിദ്ധി.

സഹസ്രനാമ പുഷ്പാഞ്ജലി – ദേവപ്ടീതി,  ഐശ്വര്യം.

ഭാഗ്യസൂക്ത പുഷ്പാഞ്ജലി – ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.

ഐകമത്യസൂക്ത പുഷ്പാഞ്ജലി – ദാമ്പത്യ ഐക്യം, കലഹ നിവാരണം 

ആയുര്‍സൂക്ത പുഷ്പാഞ്ജലി –  ദീര്‍ഘായുസ്സ് 

ശ്രീസൂക്ത പുഷ്പാഞ്ജലി –  ഐശ്വര്യവും  സമ്പല്‍സമൃദ്ധിയും 

രുദ്രസൂക്ത പുഷ്പാഞ്ജലി – ദുരിത നാശവും സര്‍വാഭീഷ്ട സിദ്ധിയും 

സാരസ്വതസൂക്ത പുഷ്പാഞ്ജലി – വിദ്യാലാഭവും വിദ്യാതടസ്സ പരിഹാരവും 

സുദര്‍ശന മന്ത്ര പുഷ്പാഞ്ജലി – ശത്രു ദോഷ ശമനം, വിഷ്ണു പ്രീതി

മൃത്യുഞ്ജയ പുഷ്പാഞ്ജലി – ദീര്‍ഘായുസ്സ്. രോഗ ശമനം.

ധന്വന്തരീ മന്ത്ര പുഷ്പാഞ്ജലി – രോഗ ശമനം. 

ദേവതാഭേദം അനുസരിച്ച്  പുഷ്പാഞ്ജലിള്‍ വ്യത്യസ്തമാകും. സുദര്‍ശന പുഷ്പാഞ്ജലി വിഷ്ണുവിന്റെയോ അവതാര വിഷ്ണുവിന്റെയോ ക്ഷേത്രങ്ങളില്‍ മാത്രമേ പലപ്പോഴും സാധ്യമാകൂ. മൃത്യുഞ്ജയ പുഷ്പാഞ്ജലി ശിവ സന്നിധിയിലെ സാധ്യമാകൂ. അതെ പ്രകാരം വിവിധ ദേവതകള്‍ക്ക് വിവിധ മന്ത്രങ്ങളാല്‍   അര്‍ച്ചിക്കപ്പെടുന്ന അര്‍ച്ചനകള്‍ അല്ലെങ്കില്‍ പുഷ്പാഞ്ജലികള്‍ക്ക് അനുയോജ്യങ്ങളായ പുഷ്പങ്ങളെ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം അനുഷ്ടിക്കപ്പെടുന്ന കര്‍മങ്ങള്‍ക്ക് ഫലപ്രാപ്തി ഏറും എന്നതില്‍ തര്‍ക്കമില്ല.

പൂജാ പുഷ്പങ്ങള്‍

പൂക്കളെ അവയുടെ ഗന്ധ – രൂപ – വര്‍ണ്ണ – ഉത്ഭവ ഭേദങ്ങള്‍ അനുസരിച്ച് ത്രിഗുണങ്ങളായ സാത്വിക – രാജസ – താമസ പുഷ്പങ്ങളായി വിഭജിക്കാവുന്നതാണ്. അരളി, തുളസി, തെച്ചി, നന്ദ്യാർവട്ടം , മന്ദാരം , വെള്ളഎരുക്ക് , തുമ്പ , മുല്ല, വെള്ളത്താമര മുതലായവ സാത്വിക പുഷ്പങ്ങള്‍ ആകുന്നു.

പാടലപുഷ്പം , ഉമ്മം , ചുവന്ന താമര മുതലായവയെ രാജസ പുഷ്പങ്ങളായി പരിഗണിക്കാം.

ചെമ്പരത്തി കാശപുഷ്പം ,കൈതപ്പൂവ്  ഇത്യാദി  പുഷ്പങ്ങളെ താമസ പുഷ്പങ്ങളായി ഗണിക്കാം.

സാത്വിക- രാജസ പുഷ്പങ്ങള്‍ നിത്യ പൂജാദികള്‍ക്കും താമസ പുഷ്പങ്ങള്‍ വിശേഷ പൂജകള്‍ക്കും ഉപയോഗിക്കുന്നു. പൊതുവില്‍ ഇങ്ങിനെ പറയാമെങ്കിലും ദേവതാ ഭേദമനുസരിച്ച്  ദേവതയുടെ ഇഷ്ടപുഷ്പങ്ങള്‍  നിത്യ പൂജയ്ക്ക് ഉപയോഗിച്ചു വരുന്നു.

ഓരോ ദേവത സങ്കൽപ്പങ്ങക്കും  മന്ത്രങ്ങൾ ഉള്ളത് പോലെ യോജ്യമായ പൂക്കളും വിധിച്ചിട്ടുണ്ട് .
കൂവളം ,എരിക്കിൻ പൂവ് ,കരവീരം ,താമര ,ഉമ്മം ,വന്കൊന്ന,ജെമന്തി,ചുവന്ന മന്താരം കരിംകൂവളം ,കടലാടി ,ഇലഞ്ഞി എന്നീ പൂക്കൾ ശൈവം ആണ് .

രാമതുളസി ,കൃഷ്ണ തുളസി വെള്ള താമര, മുല്ല ,പ്ലാശു,പിച്ചി, മുല്ല ജെമന്തി, ചെമ്പകം
നന്ദ്യാർവട്ടംഎന്നിവ വൈഷ്ണവം ആണ് .

ചുവന്ന തെറ്റി ,ചുവന്ന താമര ,വെള്ള താമര ,ചെമ്പരത്തി ,ഉമ്മത്തിൻ പൂവ് മുല്ല ,
കരിം കൂവളം നാഗ പൂവ് ,പിച്ചകം ഇവ ദേവീ പൂജക്കാണ് ഉത്തമം .
ശിവന് കൂവളത്തിലയും വിഷ്ണുവിന് തുളസിയും ദേവിക്ക് കടലാടിയും ഭദ്രക്ക് കുങ്കുമപൂവും മുഖ്യമാണ്

എന്നാൽ ശിവ പൂജക്ക്‌ മുല്ല പൂവും കൈതപൂവും വിഷ്ണു പൂജക്ക്‌  ഉമ്മത്തിൻ പൂവും ദേവിക്ക് എരിക്കിൻ പൂവും ,ഗണപതിക്ക്‌ തുളസിയും സാധാരണയായി ഉപയോഗിക്കുക പതിവില്ല.

ഗണപതിക്ക് ഏറ്റവും പ്രിയം ചുവന്ന അരളിപ്പൂവ്. ചുവന്ന അരളിപ്പൂവ് ഗണേശ കുസുമം എന്നും അറിയപ്പെടുന്നു. ചുവന്ന അരളി കൊണ്ട് ഗണപതിക്ക് പുഷ്പാഞ്ജലി നടത്തിയാല്‍ സകല വിഘ്നങ്ങളും അകന്നു പോകും എന്നാണു വിശ്വാസം. തെച്ചി,ആമ്പല്‍,ചുവന്ന താമര എന്നിവയും ഗണേശ പ്രീതി കരങ്ങളായ പുഷ്പങ്ങള്‍ ആകുന്നു.

പുഷ്പാഞ്ജലി - 1

പുഷ്പാഞ്ജലി - 1

ദേവപ്രീതിക്കും ഭക്തരുടെ ആയുരാരോഗ്യ വർദ്ധനവിനും വേണ്ടിയാണ് ക്ഷേത്ര തിരുനടകളിൽ പുഷ്പാഞ്ജലികൾ നടത്തി വരാറുള്ളത്. പുഷ്പാഞ്ജലികൾ വിവിധ തരത്തിലുള്ളവ നിലവിലുണ്ട്. പലവിധത്തിലുള്ള പുഷ്പാഞ്ജലികളും അവ നടത്തിയാൽ ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നതുമായ ഫലങ്ങളുമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. യഥാർത്ഥത്തിൽ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ യഥാശക്തി വഴിപാടുകൾ നടത്തിയാൽ മാത്രം മതിയാകും. എന്നാൽ കൂടുതൽ ആത്മസംതൃപ്തിക്കായി ഇത്തരം വഴിപാടുകൾ നടത്തുന്നവരും കുറവല്ല. ചില ക്ഷേത്രങ്ങളിൽ നിർബന്ധപൂർവ്വം ഇത്തരം വഴിപാടുകൾ ചെയ്യിക്കാറുമുണ്ട്. 

പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ആയുരാരോഗ്യവര്‍ദ്ധന

രക്തപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ? 
ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.

3. ദേഹപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ? 
ശാരീരികക്ലേശ നിവാരണം.

4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ? 
മംഗല്ല്യസിദ്ധി.

5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ? 
ശത്രുദോഷങ്ങള്‍ അനുഭവിക്കില്ല.

6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ? 
ഐശ്വര്യം

7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ? 
ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.

8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലിനടത്തിയാല്‍ കൈവരുന്ന ഗുണം ? 
കലഹനിവൃത്തി, മത്സരം ഒഴിവാക്കല്‍.

9. പുരുഷസൂക്ത പുഷ്പാഞ്ജലിനടത്തിയാല്‍ കൈവരുന്ന ഗുണം ? 
മോക്ഷം, ഇഷ്ടസന്താനലാഭം.

10. ആയുർസൂക്ത പുഷ്പാഞ്ജലിനടത്തിയാല്‍ കൈവരുന്ന ഗുണം ? 
ദീര്‍ഘായുസ്സ്

ഏകശ്ലോകം

ഏകശ്ലോകരാമായണം

പൂര്‍വ്വം രാമതപോവനാധിഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജടായുമരണം
സുഗ്രീവസംഭാഷണം
ബാലീനിഗ്രഹണം സമുദ്രതരണം
ലങ്കാപുരീദാഹനം
പശ്ചാത് രാവണ കുംഭകര്‍ണ്ണനിധനം
ഹ്യേതദ്ധി രാമായണം

ഏകശ്ലോകഭാരതം

ആദൌ പാണ്ഡവധാര്‍ത്തരാഷ്ട്രജനനം 
ലാക്ഷാഗൃഹേ ദാഹനം
ദ്യുതം ശ്രീഹരണം വനേവിഹരണം
മല്സ്യാലയേ വര്‍ത്തനം
ലീലാഗോഗ്രഹണം രണേവിഹരണം
സന്ധി ക്രിയാജ്യംഭണം
പാശ്ചാത് ഭീഷ്മസുയോധനാദി നിധനം
ഏതന്മഹാഭാരതം

ഏകശ്ലോകഭാഗവതം

ആദൌ ദേവകിദേവി ഗര്‍ഭജനനം 
ഗോപീ ഗൃഹേ വര്‍ദ്ധനം
മായാപൂതനജീവിതാപഹരണം
ഗോവര്‍ദ്ധനോദ്ധാരണം
കംസ ഛേദനകൌരവാദി ഹനനം
കുന്തീസുതാപാലനം
ഹൌയതത് ഭാഗവതം പുരാണകഥിതം
ശ്രീകൃഷ്ണലീലായുതം

കാലിൽ കറുത്ത ചരട്

കാലിൽ കറുത്ത ചരട്

ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. എന്നാൽ എന്താണ് ഇതിന്റെ പിന്നിലെ വിശ്വാസം എന്ന് ആർക്കും പിടികിട്ടിയിട്ടില്ല. പലരും പല കഥകളാണ് പറയുന്നത്. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്.

ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പണ്ട് കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീർഘകാലം സൗന്ദര്യം നിലനിൽക്കുവാനും സ്‌ത്രീകൾ കറുത്ത ചരട് കെട്ടുമെന്നാണ് വിശ്വാസം.

പൊക്കിളില്‍ വേദനയുണ്ടെങ്കില്‍, അതായത് നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്‍റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്‍റെ തളളവിരലില്‍ കെട്ടിയാല്‍ വേദന ഉണ്ടെങ്കില്‍ ശമിക്കപ്പെടുമെന്നും പിന്നീട് അത് കാലിന്‍റെ തളളവിരലില്‍ തന്നെ ധരിച്ചാല്‍ ഭാവിയില്‍ ഇങ്ങനെയുളള വേദന വരില്ലെന്നും പറയപ്പെടുന്നു.

ചിലപ്പോള്‍ കാല്‍പാദങ്ങളിലും അസഹ്യമായ വേദനയുണ്ടാകാറുണ്ട്. കാലിന്‍റെ ഉപ്പൂറ്റിയിലും ചില സമയത്ത് ഇങ്ങനെ വേദന അനുഭവപ്പെടാറുണ്ട്. കാലിന്‍റ പാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുളള വേദന ക്രമേണ സുഖപ്പെടുമെന്ന് പറയപ്പെടുന്നു.

കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകളില്‍ ഉണ്ടായാല്‍ പെട്ടെന്ന് സുഖപ്പെടുമെന്നാണ് കരുതുന്നത്.

ജ്യോതിഷശാസ്‌ത്രം അനുസരിച്ച് ചൊവ്വാഴ്ച ദിവസം കാലിന്‍റെ വലത് കാലില്‍ കറുത്ത ചരട് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരിക്കലും പെെസക്ക് പഞ്ഞമുണ്ടാകില്ലയെന്ന് മാത്രമല്ല നിങ്ങള്‍ക്ക് പണ സംബന്ധിയായ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ദുരീകരിക്കപ്പെടുമെന്നാണ് പറയുന്നത്. അത് മാത്രമല്ല ഈ കറുത്ത ചരട് പറയുന്ന പ്രകാരം ധരിച്ചാല്‍ നിങ്ങള്‍ ഇടപെടുന്ന ഏത് മേഖലയിലായാലും തൊഴില്‍ മേഖല അങ്ങനെ, വിശ്വാസിക്കാനാവാത്ത വിധം വിജയം നിങ്ങളെ തേടിവരുമെന്ന് പറയപ്പെടുന്നു.

ആകർഷണീയത വർദ്ധിപ്പിക്കുന്ന ചരടുകൾ ഇന്ന് വ്യത്യസ്‌തമായ ഡിസൈനുകളിലും വിപണിയിൽ ലഭ്യമാണ്. ആകർഷണീയമായ ലോക്കറ്റുകൾ ഉള്ള ചരടുകളും ഇപ്പോൾ വിപണിയിൽ ഇടം നേടിക്കഴിഞ്ഞു.

ഇത് പറഞ്ഞ് കേട്ട അറിവ് മാത്രമാണ്. 

ക്ഷേത്ര ഒറ്റനോട്ടത്തിൽ

ക്ഷേത്ര ഒറ്റനോട്ടത്തിൽ

കേരളീയ മഹാക്ഷേത്രങ്ങള്‍ പഞ്ച പ്രാകാരങ്ങളോടു കൂടിയവയായിരിക്കും. ശ്രീകോവിലിനു പുറത്തായി അകത്തെ ബലിവട്ടം, അന്തഹാര അഥവാ ചുറ്റമ്പലം അഥവാ നാലമ്പലം. മധ്യഹാര അഥവാ വിളക്കുമാടം, പുറത്തെ ബലിവട്ടം, മര്യാദ അഥവാ പുറംമതില്‍ എന്നിവയാണ് പഞ്ചപ്രാകാരങ്ങള്‍.

മഹാക്ഷേത്രങ്ങള്‍ക്കാണ് ഇതുപോലെ പഞ്ചപ്രാകാരങ്ങള്‍ കാണപ്പെടുക. ശ്രീകോവില്‍, അതിനുചുറ്റുമായുള്ള പഞ്ചപ്രകാരങ്ങളുടെ ഘടകങ്ങളായ ക്ഷേത്രഭാഗങ്ങള്‍ എന്നിവയെക്കുറിച്ച് ഇനി പറയാം. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനവും പവിത്രവുമായ ഭാഗം ശ്രീകോവിലും അതിനുള്ളിലുള്ള ഗര്‍ഭഗൃഹവും തന്നെ. സമചതുരം, ദീര്‍ഘചതുരം, വൃത്തം, അണ്ഡവൃത്തം, ഗജപൃഷ്ഠം തുടങ്ങിയ ആകൃതികളിലുള്ള ശ്രീകോവിലുകളാണ് കേരളത്തിലുള്ളത്. ഉയരമുള്ള ഒരു അധിഷ്ഠാനത്തിലായിരിക്കും ശ്രീകോവിലിന്റെ നിര്‍മ്മിതി. ചില ക്ഷേത്രങ്ങളില്‍ അധിഷ്ഠാനത്തിനു താഴെ ഉപപീഠം എന്ന ഭാഗവുമുണ്ടായിരിക്കും. അന്തര്‍മണ്ഡലത്തില്‍നിന്നും ശ്രീകോവിലിലേക്കു കയറാനുള്ള പടിക്കെട്ടാണ് സോപാനം. നേരിട്ട് ശ്രീകോവിലില്‍ കയറാവുന്ന വിധത്തിലും ശ്രീകോവിലിന്റെ മുമ്പില്‍ ഇരു പാര്‍ശ്വങ്ങളില്‍നിന്നും കയറാവുന്ന വിധത്തിലും സോപാനം കാണപ്പെടുന്നു. അഭിഷേകജലം ഒഴുകിപ്പോകാനുള്ള ഓവ് ശ്രീകോവിലിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ശ്രീകോവില്‍ ചുവര്‍ ദാരുശില്പങ്ങള്‍കൊണ്ടോ ചുവര്‍ചിത്രങ്ങളാലോ അലങ്കരിക്കുന്നതിന് കേരളീയക്ഷേത്രകല അതീവപ്രാധാന്യം കല്പിച്ചിരുന്നു. വിടര്‍ന്ന താമര, കലശം, തണ്ട്, മൊട്ട് എന്നിവയുടെ സമന്വയമായ താഴികക്കുടങ്ങളാണ് ശ്രീകോവിലിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗം. അന്തര്‍ മണ്ഡപത്തില്‍ ശ്രീകോവിലിനു ചുറ്റുമായി അഷ്ടദിക്പാലകര്‍, ഊര്‍ദ്ധ്വദിക്കിന്റെ അധിപനായ ബ്രഹ്മാവ്, അധോദിക്കിന്റെ അധിപനായ അനന്തന്‍, സപ്തമാതൃക്കള്‍, ശാസ്താവ്, ദുര്‍ഗ്ഗ, സുബ്രഹ്മണ്യന്‍, കുബേരന്‍, നിര്‍മ്മാല്യധാരി എന്നിവര്‍ക്ക് ബലിപീഠങ്ങളുണ്ടാവും. ഗണപതിയുടെയും വീരഭദ്രന്റെയും ബലിപീഠങ്ങള്‍ സപ്തമാതൃക്കളോടൊപ്പമാണ് നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുക. ശ്രീകോവിലിനു മുന്നില്‍ അതില്‍നിന്നും വേര്‍പ്പെട്ട് നമസ്‌കാര മണ്ഡപം സ്ഥിതിചെയ്യുന്നു. പുരോഹിതന്മാര്‍ക്കും  ബ്രാഹ്മണര്‍ക്കും നമസ്‌കാരത്തിനും മന്ത്രജപത്തിനും ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങള്‍ക്കും മറ്റുമായാണ് ഈ മണ്ഡപം. ഇവയുടെ മച്ചില്‍ അഷ്ടദിക്പാലകരുടെയും നവഗ്രഹങ്ങളുടെയോ ശില്പങ്ങള്‍ ആലേഖനം ചെയ്യാറുണ്ട്. അന്തര്‍ മണ്ഡപത്തിലെ പ്രദക്ഷിണപഥത്തിനു പുറത്താണ് നാലമ്പലം അഥവാ ചുറ്റമ്പലം സ്ഥിതിചെയ്യുന്നത്. തിടപ്പള്ളി, കലവറ എന്നിവ ഇതിന്റെ ഭാഗങ്ങാണ്. കൂത്ത്, പാഠകം തുടങ്ങിയ ക്ഷേത്രകലകള്‍ അവതരിപ്പിക്കുന്നതിനുള്ള മണ്ഡപങ്ങള്‍ ചുറ്റമ്പലത്തിന്റെ ഭാഗമായി പ്രവേശനദ്വാരത്തിന് ഇരുവശവും സജ്ജീകരിച്ചിരിക്കും. പുറത്തെ ബലിവട്ടത്തിന്റെ ഭാഗങ്ങളാണ് വലിയബലിക്കല്‍പ്പുര, ധ്വജസ്തംഭം, പുറത്തെ പ്രദക്ഷിണവീഥി, ക്ഷേത്രപാലകന്‍, കൂത്തമ്പലം, ഉപദേവതകള്‍ തുടങ്ങിയവ.  വലിയ ബലിക്കല്ലും പുറത്തെ ബലിവട്ടവും ദേവന്റെ അരക്കെട്ടായി കരുതിവരുന്നു. ബലിക്കല്‍പ്പുരയ്ക്കും ആനക്കൊട്ടിലിനുമിടയ്ക്കാണ് കൊടിമരം സ്ഥിതിചെയ്യുന്നത്. ഇത് ദേവന്റെ സൂക്ഷ്മശരീരത്തിലെ കുണ്ഡലിനീശക്തിയുടെ പ്രതീകമാണ്. ധ്വജത്തിന്റെ ആധാരശില മൂലാധാരത്തെയും അഗ്രം സഹസ്രാരപത്മത്തെയും പ്രതിനിധാനം ചെയ്യുന്നു. ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങള്‍കൊണ്ടും സ്വര്‍ണം, വെള്ളി തുടങ്ങിയവ പൂശിയും ധ്വജം നിര്‍മ്മിക്കാറുണ്ട്. ശിവന് കാള, ഭഗവതിക്ക് സിംഹം, വിഷ്ണുവിന് ഗരുഡന്‍, ഗണപതിക്ക് മൂഷികന്‍, സുബ്രഹ്മണ്യന് മയില്‍, അയ്യപ്പന് കുതിര, ഭദ്രകാളിക്ക് വേതാളം എന്നിവയാണ് വാഹനങ്ങള്‍. ദേവദര്‍ശനത്തിനു സന്ദര്‍ഭം ലഭിക്കാത്തപ്പോള്‍ ധ്വജസ്തംഭത്തിലെ ദേവവാഹനത്തെ തൊഴുതുവന്ദിച്ചാലും ദേവദര്‍ശനഫലം സിദ്ധിക്കും എന്നാണ് വിശ്വാസം.

കൊട്ടാരക്കര ഉണ്ണിയപ്പം

കൊട്ടാരക്കര ഉണ്ണിയപ്പം

അമ്പലപ്പുഴ പാല്‍പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. പ്രത്യേകരുചിക്കൂട്ടില്‍ തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികള്‍ക്ക് ഇരട്ടിരുചിയേകുന്നു.
പെരുന്തച്ചനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തില്‍ ആദ്യമര്‍പ്പിച്ച നൈവേദ്യം ഉണ്ണിയപ്പമായിരുന്നത്രെ. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിശ്വാസം. കൊട്ടാരക്കരയിലും പരിസരങ്ങളിലും മിക്ക വീടുകളിലെയും വിശേഷങ്ങള്‍ക്ക് ഉണ്ണിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്.
കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ്‌ പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻ‌കര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്റെയും അധികാരത്തിലായിരുന്നു.
പടിഞ്ഞാറ്റിൻ‌കരക്ഷേത്രത്തിന്റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്റെ അപേക്ഷ നിരസിച്ചു. ഇവിടെ ശിവനെയാണ് പ്രതിഷ്ഠിയ്ക്കേണ്ടതെന്നും ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് ദർശനമായി പ്രതിഷ്ഠിക്കുകയും ചെയ്തു. അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ്‌ ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്?" "കൂട്ടപ്പം" പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ്‌ പ്രശസ്തം.
പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ്‌ എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിൻ അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു. ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ (ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ്‌ ഉണ്ണിയപ്പം.