ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 February 2019

ദുർഗ്ഗ

ദുർഗ്ഗ

ശാക്തേയ സമ്പ്രദായമനുസരിച്ചു ആദിപരാശക്തിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. ശൈവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ പൂർണ്ണരൂപമാണ് ദുർഗ്ഗ. ദുർഗ്ഗമാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്ന് വിശ്വാസം. മഹിഷാസുരമർദ്ദിനി (മഹാലക്ഷ്മി, പാർവ്വതി, സരസ്വതി ഭാവം) ആയും ആരാധിക്കപ്പെടുന്നു."സ്കന്ദ പുരാണം അനുസരിച്ച് ശ്രീ പാർവതിദേവി ആണ് മഹിഷാസുരനെ വധിച്ചത്". പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും ശക്തിയുടെ പ്രതീകവുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. സർവദേവതകളും ദുർഗ്ഗയിൽ കുടികൊള്ളുന്നു എന്നാണ് ഹൈന്ദവ സങ്കല്പം. ദുഃഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാഭഗവതി എന്ന് ദേവിഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് പ്രധാനഭാവങ്ങളും ദേവിക്കുണ്ട്. കർമം ചെയ്യാനുള്ള പ്രചോദനമായ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് ഭഗവതിയുടെ മൂന്ന് രൂപങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിൽ ആദിശക്തിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". പിന്നേയും പത്ത് രൂപങ്ങളിൽ ഭഗവതിയെ താന്ത്രികർ സങ്കല്പിക്കാറുണ്ട്. ഇവരാണ് "ദശമഹാവിദ്യമാർ". വേറെ ഏഴു ഭാവങ്ങളിലും ദേവിയെ ആരാധിക്കാറുണ്ട്. ഇതാണ് "സപ്തമാതാക്കൾ". ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രരൂപമായി ഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു. "മഹാമായ, പരാശക്തി, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, മുത്തുമാരി, അമ്മൻ, കാളിക, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനിശക്തി, ലളിതാ ത്രിപുരസുന്ദരി " തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു. ദേവീമാഹാത്മ്യം, ദേവീഭാഗവതം തുടങ്ങിയവ ഈ ഭഗവതിയെ സ്തുതിക്കുന്ന പ്രധാന ഗ്രന്ഥങ്ങൾ ആകുന്നു. സ്ത്രീ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പം എന്ന നിലയ്ക്കാണ് ഭഗവതിയെ കണക്കാക്കുന്നത്. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ പരാശക്തിയെ ആരാധിച്ചതെങ്കിലും ശൈവമതത്തിന്റെ വളർച്ചയുടെ അത് പാർവതിയുടെ പര്യായമായി തീരുകയായിരുന്നു.

രുരുവിന്റെ പുത്രനായി ദുർഗ്ഗമൻ എന്നൊരു അസുരനുണ്ടായിരുന്നു. അവൻ ചിന്തിച്ചു . ദേവന്മാർക്ക് ആശ്രയം വേദമാണ്. വേദത്തിനു നാശമുണ്ടായാൽ യജ്ഞങ്ങൾക്കും ധർമ്മത്തിനും നാശമുണ്ടാകും. അതോടെ ദേവന്മാർ മുടിയും. ഈ ചിന്തയോടെ ദുർഗ്ഗമൻ ബ്രഹ്‌മാവിനെ തപസ്സു ചെയ്തു പ്രത്യക്ഷനാക്കി വരം ചോദിച്ചു. മടിയോടെയെങ്കിലും ബ്രഹ്‌മാവ്‌ ദുർഗ്ഗമന് ഇഷ്ടവരം നൽകി. അസുരൻ വേദങ്ങൾ ഏറ്റുവാങ്ങിയതോടെ മഹർഷിമാർ മന്ത്രം മറന്നു. സ്നാനം ജപം തർപ്പണം ഹോമം തപം എന്നിവയെല്ലാം അപ്രത്യക്ഷമായി . അധർമ്മം നടമാടിയതോടെ അസുരന്മാർ മഹാബലവാന്മാരും ദേവന്മാർ ദുർബലരുമായിത്തീർന്നു. ലോകത്തെല്ലാം അരാജകത്വവും മഹാക്ഷാമവും പിടികൂടി. ദേവന്മാർ ഗുഹകളിൽ ഓടിയൊളിച്ചു. ഭൂമി കരിഞ്ഞുണങ്ങി. വൃക്ഷലതാദികൾ നശിച്ചു. നൂറുകൊല്ലം മഴയില്ലാതിരുന്നു. പക്ഷി -മൃഗാദികളും മനുഷ്യരും ചത്തു വീണു. കുളം, കൂപം, തടാകങ്ങൾ, പുഴകൾ എന്നിവ വറ്റി വരണ്ടു. വേനലിൽ നീറി നീറി ഭൂമി നൂറ്റാണ്ടുകൾ നിന്നു.

ലോകം ഇത്തരത്തിലായപ്പോൾ ദേവന്മാർ ഹിമാലയസാനുക്കളിലെത്തി ആദിപരാശക്തിയെ സ്തുതിച്ചു. ഒടുവിൽ ജഗദംബിക പാർവതി നീലനിറത്തിലുള്ള മനോഹരമായ കണ്ണുകളോടും തൃക്കയ്യിൽ വില്ലും ശരങ്ങളും ധരിച്ചുകൊണ്ടും ദേവന്മാർക്കു പ്രത്യക്ഷയായി. തുടർന്നു ഭഗവതി മനോഹരമായ ആയിരം കണ്ണുള്ളവളായി മനോഹരമായ കണ്ണുകളിൽ നിന്നും അമൃതമയമായ ജലം വർഷിച്ചു തുടങ്ങി. ദേവി വർഷിച്ച ജലത്താൽ ഭൂമിയിൽ സസ്യങ്ങൾ കിളിർക്കുകയും ലോകത്തിലെ ചരാചരങ്ങൾ സുഖം പ്രാപിക്കുകയും ചെയ്തു. ഇത് കാരണം പരാശക്തിക്ക് ശക്താക്ഷി എന്ന് പേരുണ്ടായി. തുടർന്ന് തന്റെ കയ്യിലുള്ള അക്ഷയമായ ഫലമൂലങ്ങൾ നൽകി ദേവി ജീവികളുടെ വിശപ്പ് തീർത്തു, പ്രാണരക്ഷ ചെയ്തു. ഇത്തരത്തിൽ ശാകം (ഫലമൂലങ്ങൾ) നൽകി ഭരിക്കുകയാൽ മഹാദേവിക്ക് ശാകംഭരി എന്നും പേരുണ്ടായി .

ദുർഗ്ഗമൻ ഇതറിഞ്ഞു അവിടെയെത്തി. തുടർന്ന് ലോകമാതാവായ ദേവി അസുരന്മാരുമായി യുദ്ധമാരംഭിച്ചു. ഘോരമായ യുദ്ധത്തിൽ ദുർഗ്ഗമനെ നിഗ്രഹിച്ചു. വേദങ്ങളെ വീണ്ടെടുത്ത് ദേവന്മാർക്കും മുനിമാർക്കും നല്കിയനുഗ്രഹിച്ചു. ദുർഗ്ഗമനെ വധിക്കുകയാൽ ദേവിക്ക് ദുർഗ്ഗ എന്നു പേരുണ്ടായി .

അതിനു ശേഷം മഹാമായ വേദങ്ങൾ തന്റെ ശരീരമാണെന്നും അതിനാൽ അവയെ വളരെ ശ്രദ്ധയോടെ സംരക്ഷിച്ചു കൊള്ളണമെന്നും മുനിമാർക്കു നിർദ്ദേശം നൽകിയിട്ട് അപ്രത്യക്ഷയായി .[ദേവീ ഭാഗവതം , സപ്തമസ്കന്ധം , അദ്ധ്യായം 28].

ചാമുണ്ഡി

ചാമുണ്ഡി

ആദിപരാശക്തിയുടെ ഒരു അവതാരം. ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ദുർഗ്ഗയുടെ നെറ്റിയിൽ നിന്നും അവതരിച്ച കാളികയാണ് "ചാമുണ്ഡാദേവി അഥവാ ചാമുണ്ഡി". ഇതേ മഹാകാളി രക്തബീജനെ വധിക്കയാൽ "രക്തചാമുണ്ഡി" എന്നും അറിയപ്പെടുന്നു. മറ്റൊരു സാഹചര്യത്തിലും മഹാമായ ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ വേണ്ടി ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി പരാശക്തി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ഭദ്രകാളിയെ ചാമുണ്ഡി എന്നറിയപ്പെട്ടു. തിരുമന്ധാംകുന്നിലെയും കൊടുങ്ങല്ലൂരിലെയും ഭദ്രകാളീ പ്രതിഷ്ഠ "രുരുജിത്" വിധാനത്തിലുള്ളതാണ്. ഭഗവതിയുടെ ഏഴു ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനി ചാമുണ്ഡ തന്നെ. ചാമുണ്ഡാദേവി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളാണ് എന്ന് ദേവീഭാഗവതത്തിൽ കാണാം.

തിരുവനന്തപുരത്തെ പ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ രക്തചാമുണ്ഡി, ബാലചാമുണ്ഡി, ചാമുണ്ഡാദേവി എന്നീ മൂന്ന് ഭാവങ്ങളിൽ പരാശക്തി ആരാധിക്കപ്പെടുന്നു. ഇവിടെ നടക്കുന്ന "കരിക്കകം പൊങ്കാല" പ്രധാനമാണ്. കർണാടകയിലെ മൈസൂർ ചാമുണ്ഡേശ്വരീ ക്ഷേത്രവും ഭഗവതിക്ക് സമർപ്പിക്കപ്പെത്തതാണ്.

കണ്ണൂരിലെ "കൈതചാമുണ്ഡിതെയ്യം" ഭഗവതിക്ക് കെട്ടിയാടുന്നതാണ്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിൽ നിന്നിറങ്ങിയ തെയ്യം കൈതക്കാടുകൾ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്. ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാൽ ഈയങ്കോട് വയൽത്തിറ മഹോത്സവത്തിന് കൈതച്ചാമുണ്ടി തെയ്യം കെട്ടിയാടുന്നുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാൻ പോകും. തുടർന്ന് വാളോങ്ങി അസുരനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികൾ വണങ്ങും. ഓട്ടം ചെന്നുനിൽക്കുന്നത് കാവിലാണ്. അവിടെവച്ച് കൈതചാമുണ്ഡി അബോധാവസ്ഥയിൽ മറിഞ്ഞ് വീഴും.

കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ കുടക്കല്ല് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശ്രീ രാമത്ത് രക്തചാമുണ്ഡേശ്വരി ക്ഷേത്രം സത്യം ചൊല്ലിക്കൽ കർമ്മത്തിനും ദുരിത പരിഹാര കർമ്മത്തിനും പ്രസിദ്ധമാണ്.

"ശൂലാസിനൃ ശിരോ രാജത് കപാല വിലസത് ഭുജാം മുണ്ഡ സ്രങ് മണ്ഡിതാം ചണ്ഡീം ചാമുണ്ഡാമപി ചിന്തയേത്"

പാർവ്വതി ദേവി

പാർവ്വതി ദേവി

പരമശിവന്റെ പത്നിയായ ഭഗവതിയാണ് ശ്രീ പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി, സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും മേനയുടേയും പുത്രിയാണ് ജഗദംബയായ പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും, പരമാത്മസ്വരൂപിണിയും, ത്രിപുരസുന്ദരിയും, പ്രകൃതിയും, കുണ്ഡലിനിയും, പരമേശ്വരിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായ പരബ്രഹ്മരൂപികളായി കണക്കാക്കപ്പെടുന്നു. ത്രിദേവിമാരിൽ ആദിശക്തിയുടെ പ്രതീകമാണ് പാർവതി. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ഭുവനേശ്വരി, ഭവാനി, മഹാമായ, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി, അന്നപൂർണേശ്വരി, ചണ്ഡിക, കൗശികി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയാണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണെങ്കിലും മഹാഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം. ഭദ്രകാളീ രൂപത്തിൽ വേതാളവും വാഹനമാണ്. മഹാലക്ഷ്മിയും സരസ്വതിയും ശക്തിയുടെ തന്നെ മറ്റു രണ്ട് ഭാവങ്ങൾ ആണ്. പാർവ്വതി, സരസ്വതി, മഹാലക്ഷ്മി എന്നീ മൂന്ന് ദേവിമാരും ചേർന്ന രൂപമാണ് ശ്രീ ദുർഗ്ഗ.

ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു, എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു. പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും, ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.

പാർവ്വതീദേവിയെ ശക്തിയുട ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ഭാവങ്ങൾ -

1)പാർവതി, സതി, അന്നപൂർണ്ണേശ്വരി, തൃപുര സുന്ദരി, ഭവാനി (പർവ്വത പുത്രി, പ്രകൃതി, സ്വാതിക സ്വരൂപിണി, അന്നം പ്രദാനം ചെയ്യുന്നവൾ) = സ്വാതിക ഭാവം .

2)ദുർഗ്ഗ, മഹിഷാസുരമർദ്ധിനി (ദുർമദത്തെ അകറ്റുന്നവൾ, ദുർഗ്ഗമാസുരനെ വധിച്ചവൾ, മഹിഷാസുരനെ വധിച്ചവൾ )= രാജസ ഭാവം .

3)മഹാ കാളി, ചാമുണ്ഡേശ്വരി (കാലത്തിനു അതീതമായവൾ, രക്തബീജൻ, ചണ്ഡമുണ്ഡന്മാർ, സുംഭനിസുംഭന്മാർ തുടങ്ങിയ അസുര ഗണങ്ങളെ ഉന്മൂലനം ചെയ്തവൾ ) = താമസ ഭാവം.

4) മഹാലക്ഷ്മി (മഹത്തായ ഐശ്വര്യം നല്കുന്നവൾ)= രാജസം.

5) മഹാസരസ്വതി (അറിവ് നല്കുന്നവൾ)= സാത്വിക ഭാവം.

സരസ്വതി ദേവി

സരസ്വതി ദേവി

വിദ്യയുടെ ഭഗവതിയാണ് സരസ്വതി. നൃത്തം, സംഗീതം മുതലായ കലകൾ, കരകൗശലങ്ങൾ, അക്ഷരം, സാഹിത്യം, ബുദ്ധി എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വത വീണ മനുഷ്യന്റെ പ്രതീകമാണ്, സംഗീതം പരമാനന്ദവും എന്ന് ഉപാസകർ കരുതുന്നു. കലാകാവ്യദികളിലും വാക്കിലുമൊക്കെ ദൈവീകത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവതാസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രിക ബുദ്ധമതത്തിൽ 'വജ്രസരസ്വതി' എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നു.

ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് സരസ്വതി. ലക്ഷ്മി, കാളി (പാർവ്വതി) എന്നിവരാണ് മറ്റ് രണ്ടുപേർ. മഹാസരസ്വതി, 'നീലസരസ്വതി' തുടങ്ങി പിന്നേയും ഭാവങ്ങളുണ്ട്. പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് വിശ്വാസം. സൃഷ്ടി നടത്താൻ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു.

പല ഭഗവതീ ക്ഷേത്രങ്ങളിലും പ്രഭാതത്തിൽ പരാശക്തിയെ സരസ്വതിയായി ആരാധിക്കാറുണ്ട്. കൊല്ലൂർ മൂകാംബിക, കോട്ടയം പനച്ചിക്കാട്, എറണാകുളം ചോറ്റാനിക്കര ഭഗവതീ ക്ഷേത്രം, വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ്, തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രം, കന്യാകുമാരി പദ്മനാഭപുരം തേവർക്കെട്ടു സരസ്വതി ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം, കൊല്ലം എഴുകോൺ ശ്രീമൂകാംബിക ക്ഷേത്രം എന്നിവ സരസ്വതീ സാന്നിധ്യമുള്ള പ്രമുഖ ക്ഷേത്രങ്ങളാണ്.

പൊതുവെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കലാമണ്ഡലത്തെയും സരസ്വതീ ക്ഷേത്രങ്ങളായാണ് കണക്കാക്കുന്നത്. കേരളത്തിലെ നവരാത്രിമഹോത്സവവും വിദ്യാരംഭവും സരസ്വതീ പ്രാധാന്യം ഉള്ളതാണ്. വസന്തപഞ്ചമിയാണ് ഉത്തരേന്ത്യയിൽ വിശേഷ ദിവസം. ബുധൻ, പൗർണമി എന്നിവ സരസ്വതീപ്രധാന്യമുള്ള ദിവസങ്ങളാണ്.

വിദ്യാദേവി

സരസ്വതിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗയെ ഇച്ഛയുടെ ശക്തിയുമായാണ്‌ കരുതുന്നത്‌. ജ്ഞാന ശക്തികൾ എന്തെന്നാൽ അറിവ്, സംഗീതം, ക്രിയാത്മകത, ബുദ്ധി തുടങ്ങിയവയുടെ ഭഗവതിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സ്രഷ്ടാവ് ബ്രഹ്മാവാണെങ്കിലും, അദ്ദേഹത്തിന് പോലും അറിവും ബുദ്ധിയും നൽകുന്നത് സരസ്വതി ആണെന്ന് ദേവീഭാഗവതം പറയുന്നു. വാക്കിന്റെ ദേവതയായും സരസ്വതിയെ കണക്കാക്കുന്നു. വികടസരസ്വതി തെറ്റായ വാക്കിന്റെ അധിദേവതയാണ്. ദേവീമാഹാത്മ്യത്തിൽ അജ്ഞാനികളായ സുംഭനിശുംഭന്മാരെ വധിച്ച ചണ്ഡികയാണ് മഹാസരസ്വതി. നീലസരസ്വതി ഭഗവതിയുടെ മറ്റൊരു രൂപമാകുന്നു. നീലാദേവി എന്നും അറിയപ്പെടുന്നു. മനുഷ്യ ശരീരത്തിന്റെ പ്രതീകമായ വരവീണ മീട്ടിക്കൊണ്ടു പരമാനന്ദമാകുന്ന സംഗീതത്തെ ഉണർത്തുന്നവളാണ് സരസ്വതി എന്ന് വിശ്വാസം. വിദ്യ അഭ്യസിക്കുന്നിടത്ത് ഭഗവതി കുടികൊള്ളുന്നു എന്നാണ് സങ്കല്പം.

ഒരു കയ്യിൽ വേദങ്ങളും, മറ്റൊരു കയ്യിൽ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളിൽ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങൾ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.

സരസ്വതി നമസ്തുഭ്യം
വരദേ ജ്ഞാനരൂപിണീ
വിദ്യാരംഭം കരിഷ്യാമീ 
സിദ്ധിർ ഭവതുമേ സദാ

NB :- സരസ്വതി നമസ്തുഭ്യം, വരദേ കാമരൂപിണീ എന്നാണ് പലസ്ഥലത്തും ഉച്ചരിച്ചു കാണാറ് അത് തികച്ചും തെറ്റായ കാര്യമാണ് കാരണം വിദ്യാദേവിയായ സരസ്വതി ഒരിക്കലും കാമരൂപിണി അല്ല മറിച്ച് ജ്ഞാനരൂപിണീയാണ്

ലക്ഷ്മി ദേവി

ലക്ഷ്മി ദേവി

ഹൈന്ദവപുരാണങ്ങളിൽ സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് ലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലേയും പത്നിയായായും ആദി പരാശക്തിയായ മഹാലക്ഷമി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീത ആയും ശ്രീകൃഷ്ണാവതാരത്തിൽ രുഗ്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു.

ആദിപരാശക്തിയുടെ അവതാരമായി മഹാലക്ഷ്മിയെ ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയായും മഹാലക്ഷ്മിയെ കണക്കാക്കുന്നു. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിക്കുന്നത് മഹാലക്ഷ്മി ആണ് എന്നും ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.

പാലാഴിമഥനത്തിൽ പൊന്തിവന്ന ദിവ്യ വസ്തുക്കളിൽ ലക്ഷ്മി ഉൾപ്പെട്ടിരുന്നുവെന്ന് മഹാഭാരതത്തിൽ പറയുന്നു. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ (പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിക്ക് പ്രതിഷ്ഠയുണ്ട്. കേരളത്തിൽ എറണാകുളത്തെ ചോറ്റാനിക്കര ഭഗവതീ ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിൽ ആണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികയിലും ദേവിക്ക് ആരാധനയുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.

അഷ്ടലക്ഷ്മി

എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വരലക്ഷ്മീ വ്രതം, വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്.

01) ആദിലക്ഷ്മി

ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു.

നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു.

സുരഗണവന്ദിത സുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേ
മുനിഗണവന്ദിത മോക്ഷപ്രദായിനി മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത സദ്‌ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ആദിലക്ഷ്മി ജയ പാലയമാം

02)ധനലക്ഷ്മി

സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു.

ധിമി ധിമി ധിംധിമി ധിംധിമി ധിംധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും ശംഖനിനാദ സുവാദ്യയുതേ
വേദപുരാണിതിഹാസ സുപൂജിത വൈദികമാര്‍ഗ്ഗപ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ധനലക്ഷ്മി പാലയമാം

03) ധാന്യലക്ഷ്മി

കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.

എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്.

അയികലി കല്‌മഷ നാശിനി കാമിനി വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്‌ഭവ മംഗളരൂപിണി മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധാന്യലക്ഷ്മി ജയ പാലയമാം

04) ഗജലക്ഷ്മി

മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. 

നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്.

ജയ ജയ ദുര്‍ഗതിനാശിനി കാമിനി സര്‍വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാദി സമാനുത പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മസുപൂജിത സേവിത താപനിവാരിണി പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ഗജലക്ഷ്മി പാലയമാം

05) സന്താനലക്ഷ്മി

സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.

ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു.

അയി ഖഗവാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി സപ്തസ്വരായുധ ഗാനയുതേ
സകലസുരാസുര ദേവമുനീശ്വര മാനവവന്ദിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി സന്താനലക്ഷ്മി പാലയമാം

06) വീരലക്ഷ്മി/ധൈര്യലക്ഷ്മി

യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.

എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്.

ജയവരവര്‍ണ്ണിനി വൈഷ്‌ണവി ഭാര്‍ഗ്ഗവി മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചിനി സാധുജനാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധൈര്യലക്ഷ്മി ജയ പാലയമാം

07) വിജയലക്ഷ്മി

വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി

എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു.

ജയ കമലാസനി സദ്‌ഗതിദായിനി ജ്ഞാനവികാസിനി രാഗമയേ
അനുദിനമര്‍ച്ചിത കുങ്കുമധൂസരഭൂഷിതവാസിത വാദ്യനുതേ
കനകധരാസ്‌തുതി വൈഭവവന്ദിത ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ മധുസൂദനകാമിനി വിജയലക്ഷ്മി ജയ പാലയമാം

08) വിദ്യാലക്ഷ്മി

വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.

പ്രണതസുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കര്‍ണ്ണവിഭൂഷണ ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണി കാമ്യഫലപ്രദ ഹസ്‌തയുതേ
ജയ ജയ ഹേ മധുസൂദനകാമിനി വിദ്യാലക്ഷ്മി പാലയമാം