19 January 2023

റോയൽ കുമാരിമാർ

റോയൽ കുമാരിമാർ

നേപ്പാളിലെ റോയൽ കുമാരിമാർ, കാളിയുടെ ശക്തി കുടിയിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന പെൺകു‍ഞ്ഞുങ്ങൾ

കാഠ്മണ്ഡുവിലെ റോയല്‍ കുമാരികളെ ജീവിച്ചിരിക്കുന്ന ദേവതകളായിട്ടാണ് അറിയപ്പെടുന്നത്. ഓരോ സമുദായത്തിനും ഇവിടെ അവരുടേതായ കുമാരിമാരുണ്ട്. പല സമുദായങ്ങളിലും ഈ കുമാരി സമ്പ്രദായം നിലനിൽക്കുന്നുമുണ്ട്. നൂറ്റാണ്ട് തന്നെ പഴക്കമുള്ളതാണ് കാഠ്മണ്ഡുവിലെ ഈ കുമാരി സമ്പ്രദായം. ഇങ്ങനെ പെണ്‍കുഞ്ഞുങ്ങളെ ദേവതകളായി വാഴിക്കുന്നതിലൂടെ ഭാഗ്യം കടന്നുവരുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.  

ദൈവമായിത്തന്നെയാണ് ഇവരെ കാണുന്നതും. കന്യക എന്ന അര്‍ത്ഥത്തിലാണ് ഇവരെ കുമാരി എന്ന് വിളിക്കുന്നത്. കാളിയുടെയും തലേജുവിന്റെയും ശക്തി ഇവരില്‍ കുടിയിരിക്കുന്നുണ്ടെന്നാണ് വിശ്വാസം.

വീട്ടില്‍ നിന്നും മാറിയിട്ടാണ് ഇവരുടെ ജീവിതം. കുമാരിമാരുടെ ഭവനത്തില്‍ നിന്നും വല്ലപ്പോഴും മാത്രമാണ് ഇവര്‍ പുറത്തിറങ്ങുക. വീട്ടുകാര്‍ക്കുപോലും വല്ലപ്പോഴുമാണ് കുമാരിമാരെ കാണാനുള്ള അവസരമുണ്ടാവുക. എപ്പോഴും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇവര്‍ ധരിക്കുന്നത്. നെറ്റിയില്‍ ഒരു കണ്ണ് വരച്ചു ചേര്‍ത്തിട്ടുണ്ടാകും. ദൈവങ്ങളായി മാറിക്കഴിഞ്ഞാല്‍ പിന്നെ ഇവരുടെ കാലുകള്‍ നിലത്ത് മുട്ടരുതെന്നാണ് വിശ്വാസം. എന്തെങ്കിലും പരിപാടികളിലും മറ്റും പങ്കെടുക്കാന്‍ പോകുമ്പോള്‍ ഇവരെ രഥത്തിലേക്ക് എടുത്തുകൊണ്ടുപോവാറാണ് പതിവ്. 

 അവരുടെ സന്ദര്‍ശനവേളയില്‍ കുമാരി എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. കാരണം, കുമാരിയുടെ ഓരോ പ്രവൃത്തികള്‍ക്കും ഗൗരവപൂര്‍ണമായ അര്‍ത്ഥമുണ്ടെന്നാണ് കരുതുന്നത്. ഉദാഹരണത്തിന്, കരയുകയോ ഉറക്കെ ചിരിക്കുകയോ ചെയ്താല്‍ സന്ദര്‍ശകന് ഗുരുതരമായ അസുഖം ബാധിക്കുകയോ മരണപ്പെടുകയോ ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. 

കുമാരി കണ്ണ് തിരുമ്മിയാല്‍ ആസന്നമരണമാണ് സന്ദർശകന് വരാനുള്ളത്. കുമാരി ഞെട്ടലോ വിറയലോ പ്രകടിപ്പിച്ചാല്‍ സന്ദര്‍ശകന് തടവ് ഉണ്ടാകുമെന്നാണ് വിശ്വാസം. വഴിപാടുകളായി നല്‍കുന്ന ഭക്ഷണമെടുത്താല്‍ സാമ്പത്തികനഷ്ടമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. 

കുമാരിമാരെ തെരഞ്ഞെടുക്കുന്നതിലും ഉണ്ട് ഒരുപാട് കടമ്പകള്‍. നിരവധി മാനദണ്ഡങ്ങള്‍ നോക്കിയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. അഞ്ച് ബുദ്ധമത ബജ്രാചാര്യന്മാര്‍, പ്രധാന പുരോഹിതന്‍, കാളിയുടെ പുരോഹിതന്‍, ജ്യോതിഷി ഇവരെല്ലാവരും ചേര്‍ന്നാണ് കുമാരിയെ തെരഞ്ഞെടുക്കുക. പൂര്‍ണാരോഗ്യമുള്ള പെണ്‍കുട്ടികളെയാണ് കുമാരിമാരാക്കുക. 

ശരീരത്തിലെവിടെയും മുറിവുകളോ പാടുകളോ ഉണ്ടാവാന്‍ പാടില്ല. ആര്‍ത്തവമെത്തിയിട്ടില്ലാത്ത പെണ്‍കുഞ്ഞുങ്ങളായിരിക്കണം. പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ടാവരുത്. ഇതിലെല്ലാം വിജയിച്ചുകഴിഞ്ഞാല്‍ അടുത്തതായി അവരുടെ ശരീര ലക്ഷണങ്ങളാണ് പരിശോധിക്കുക. ആല്‍മരം പോലെ ശരീരമുള്ളവരായിരിക്കണം, പശുവിന്റേതുപോലെയാവണം കണ്‍പുരികങ്ങള്‍, ശംഖ് പോലെയുള്ള കഴുത്തായിരിക്കണം, സിംഹത്തിന്റേത് പോലെയാവണം നെഞ്ച്, ശബ്ദം മൃദുവും എന്നാല്‍ താറാവിന്റേതുപോലെ വ്യക്തവുമായിരിക്കണം. രാജാവിന്റെ അതേ ജാതകമായിരിക്കണം. ശാന്തയായവളും ഭയമില്ലാത്തവളുമായിരിക്കണം, കറുത്ത നീളന്‍മുടിയും ഇരുണ്ട കണ്ണുകളുമായിരിക്കണം. ലോലവും മൃദുത്വമുള്ളതുമായ കൈകാലുകള്‍, തുടകള്‍ മാനിന്റേത് പോലെയാവണം തുടങ്ങി അതങ്ങനെ നീളുന്നു. 

മുഖംമൂടി ധരിച്ച മനുഷ്യരെയോ രക്തമോ കണ്ടാല്‍ ഈ പെണ്‍കുട്ടികള്‍ പേടിക്കരുത്. അതിനായി നേര്‍ച്ചകൊടുത്ത നിരവധി പോത്തുകളെ ഇവരെ കാണിക്കുന്നു. ഒപ്പം മുഖംമൂടി ധരിച്ച ആണുങ്ങള്‍ രക്തത്തിന്മേല്‍ നൃത്തം ചെയ്യുന്നതും കാണിക്കും. കുട്ടികള്‍ ഭയപ്പെടുന്നതായി തോന്നിയാല്‍ അവര്‍ കുമാരിയായിരിക്കാന്‍ അര്‍ഹയല്ലാതാവും. എന്നാല്‍, ധൈര്യത്തോടെ ഇരുന്നാല്‍ അവര്‍ കുമാരിയായി തെരഞ്ഞെടുക്കപ്പെടും.

 എട്ട് ദിവസങ്ങളുടെ വിവിധ ചടങ്ങുകള്‍ക്ക് ശേഷമാണ് കുമാരിയായി ഇവരെ അവരോധിക്കുന്നത്. ശരീരത്തിലെവിടെയെങ്കിലും മുറിവുണ്ടാവുകയോ രക്തം പൊടിയുകയോ ചെയ്താല്‍ പിന്നീടവര്‍ക്ക് കുമാരിയായി തുടരാനാവില്ല. അതുപോലെ തന്നെ ആര്‍ത്തവമുണ്ടായിത്തുടങ്ങിയാലും കുമാരിമാരായിരിക്കാനാവില്ല. പകരം പുതിയ കുമാരിയെ തെരഞ്ഞെടുക്കും. 

വളരെ ചെറുപ്രായത്തിലാണ് കുമാരിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കുമാരിയായി കഴിഞ്ഞാല്‍ പുതിയ കുമാരി വരുന്നതുവരെ അച്ഛന്റെയും അമ്മയുടെയും അടുത്തുനിന്ന് മാറി നില്‍ക്കണം. വളരെ ചെറുപ്രായത്തില്‍ തന്നെ ഇങ്ങനെ അച്ഛനും അമ്മയുമില്ലാതെ ജീവിച്ചു തുടങ്ങണം. 

എങ്കിലും മാതാപിതാക്കള്‍ മകള്‍ കുമാരിയാവുന്നതില്‍ അഭിമാനം കൊള്ളുന്നവരാണ്. എപ്പോഴുമെപ്പോഴും മകളെ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് അവകാശമില്ല. പ്രത്യേക അവസരങ്ങളിലാണ് സന്ദര്‍ശനം അനുവദിക്കുക. വര്‍ഷത്തില്‍ 13 തവണയാണ് സന്ദര്‍ശനമനുവദിക്കുന്നത്.
കുമാരി ഭവനം എന്നാണ് കുമാരി താമസിക്കുന്ന വീടിനെ വിളിക്കുന്നത്. ആധുനികസൗകര്യങ്ങളോട് കൂടിയ പഴയ കൊട്ടാരമാണിത്. സമീപകാലം വരെ കുമാരിമാര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്നില്ല. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല. വിളക്കുകളും മെഴുകുതിരികളും തെളിച്ചുവച്ച നാല് ചുമരുകള്‍ക്കുള്ളിലായിരുന്നു അവരുടെ ജീവിതം. 

എന്നാല്‍, അടുത്തിടെയായി ഇതേച്ചൊല്ലി നടന്ന ചര്‍ച്ചയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരുടെയും സമ്മര്‍ദ്ദവും ഇതില്‍ മാറ്റങ്ങള്‍ വരുത്തി. വിദ്യാഭ്യാസം നല്‍കാത്തത് കുമാരിമാരല്ലാതായിക്കഴിഞ്ഞാല്‍ ഈ കുട്ടികളുടെ ജീവിതം ദുസ്സഹമാക്കുമെന്ന് അവര്‍ വാദിച്ചു. 

കുമാരിമാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും പുസ്തകങ്ങളും മാസികകളും ലഭ്യമാക്കാനും ഇതുവഴി സാധ്യമായി. മാത്രവുമല്ല, ഇവരുടെ ജീവിതം സാധാരണ കുട്ടികളുടേത് പോലെയാവാനും ഇത് വഴിയൊരുക്കിയിട്ടുണ്ട്. 

ഓരോ സമുദായങ്ങള്‍ക്കും അവരുടേതായ കുമാരിമാരാണുള്ളത്. മൂന്നുവയസാകുമ്പോള്‍ കുമാരിയായി എത്തിയ പെണ്‍കുട്ടികള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

നിധിവനം

നിധിവനം

കൃഷ്ണന്‍ രാധയുമൊത്ത് സമയം ചെലവഴിച്ചിരുന്ന സ്ഥലമാണ് നിധിവനം എന്നാണ് വിശ്വാസം.
കൃഷ്ണന്‍ രാസലീലയില്‍ ഏര്‍പ്പെട്ടിരുന്ന സ്ഥലവും ഇതുതന്നെ. 
മരങ്ങളും കുറ്റിച്ചെടികളും പന്തലു തീര്‍ത്ത ഒരു ചെറിയ വനം. ഉത്തര്‍പ്രദേശിലെ മഥുരയിലെ വൃന്ദാവനത്തിലാണ് ഈ സ്ഥലം. 
കൃഷ്ണന്റെ സ്വകാര്യത കണക്കിലെടുത്ത് ഇവിടേക്ക് ആരെയും സന്ധ്യ കഴിഞ്ഞാല്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. വൈകുന്നേരത്തെ പൂജകള്‍ കഴിഞ്ഞ് വീണ്ടും വനത്തിനുള്ളില്‍ നിന്നാല്‍ അവരുടെ കാഴ്ച്ച ശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെടുമെന്നാണ് വിശ്വാസം. ഇവിടുത്തുകാര്‍ ഇതില്‍ അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. വിചിത്രമായ കാര്യമെന്തെന്നാല്‍ ഇവിട പകല്‍ സമയത്ത് ധാരാളം കാണാനാവുന്ന കുരങ്ങന്‍മാര്‍ പോലും സന്ധ്യയാകുമ്പോള്‍ അപ്രത്യക്ഷമാകും.

വൃന്ദാവനത്തിലെ ഒരു അൽഭുത പ്രദേശമാണ്‌ നിധിവനം. ഈ നിധിവനത്തിനു വളരെ ഏറെ പ്രത്യേകതകൾ ഉണ്ട്‌. ഇവിടെ ഒരു പ്രത്യേക ആകാരമുള്ള വൃക്ഷങ്ങൾ വർഷം മുഴുവൻ നിത്യ ഹരിതവർണ്ണത്തിൽ നിൽക്കുന്നു. ഈ വൃക്ഷങ്ങളെല്ലാം രണ്ട്‌ മനുഷ്യർ കെട്ട്‌ പിണഞ്ഞു നിൽക്കുന്ന ആകൃതിയിലാണെന്നത്‌ മറ്റൊരൽഭുദം. മാത്രമല്ല. ഇവിടെ തളിരിട്ടിരിക്കുന്ന തുളസി ചെടികൾ പോലും വൃക്ഷ സമാനം വളർന്ന് നിൽക്കുന്നതും കാണാം. ഇവിടെ ജോഡികളായി നില്‍ക്കുന്ന തുളസിച്ചെടികളുടെ കാഴ്ച്ചയും വിചിത്രമാണ്. കൃഷ്ണന്‍ രാസലീലയിലേര്‍പ്പെടുന്ന സമയത്ത് ഈ തുളസിച്ചെടികളാണ്‌ഗോപികമാരായി മാറുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. നിധി വനത്തിന്റെ ഒത്ത നടുവിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്‌. അവിടെ രാധാകൃഷ്ണന്മാരുടെ രൂപം കാണാം. അതോടൊപ്പം അതിനുള്ളിൽ ഒരു ചന്ദന കട്ടിലും ശൃംകാരത്തിനു വേണ്ട അണിയലുകളും. വസ്ത്രങ്ങളും മറ്റും ഒരുക്കി വച്ചിരിക്കുന്നതും കാണാം.

ഇതിന്റെ പിന്നിൽ ഒരു നിഗൂഡമായ സത്യമാണുള്ളത്‌. നിധിവനത്തിലെ വൃക്ഷങ്ങൾ കണ്ണന്റെ ഗോപിമാരാണെന്നും. എല്ലാ ദിവസവും രാത്രി രാധാറാണിയ്ക്കും ഗോപികമാർക്കും ഒപ്പം രാസലീല ആടാൻ ഭഗവാൻ ഇവിടെ വരാറുണ്ടെന്ന് വൃന്ദാവന വാസികൾ ഇന്നും വിശ്വസിക്കുന്നു. എല്ലാ ദിവസവും രാത്രി എട്ടരയോടെ നിധി വനത്തിലേയ്ക്കുള്ള പ്രധാന കവാടം അടയ്ക്കുന്നു. അതോടെ അതിനുള്ളിലെ പശു പക്ഷി മൃഗാദികൾ പോലും പുറത്തേയ്ക്ക്‌ പോകുന്നു. നിധിവനം പരിപൂർണ്ണമായും വിജനമായി എന്ന് ഉറപ്പിചതിനു ശേഷം മാത്രമേ ക്ഷേത്ര പൂജാരി ഗേറ്റ്‌ പൂട്ടി പുറത്തേയ്ക്ക്‌ പോകൂ. അതിനു ശേഷം അതീന്ദ്രിയ ജ്ഞാനികൽക്ക്‌ മാത്രം കാണാൻ കഴിയുന്ന രാസ ലീല അരങ്ങേറുമത്രേ. ആരെങ്കിലും അനധികൃതമായി അത്‌ കാണാൻ ശ്രമിചാൽ അവർ മൂകരോ ബുദ്ധി ഭ്രമം സംഭവിചവരോ ആകുമത്രേ. രാസലീലയ്ക്ക്‌ ശേഷം ഭഗവാൻ കൃഷ്ണൻ രാധാ റാണിയ്ക്കൊപ്പം ശയിക്കുന്ന മന്ദിരമാണ്‌ ആ ക്ഷേത്രം. അതിനുള്ളിൽ ഭഗവാനു വേണ്ടി ഒരിക്കി വചിരിക്കുന്ന എല്ലാം അടുത്ത നാൾ മന്ദിരം തുറക്കുംബോൾ ആരോ ഉപയോഗിച പോലെ അലങ്കോലപെട്ട്‌ കാണാറുണ്ടത്രേ. ഇത്‌ കാണാനും ഈ വസ്തുകൾ പ്രസാദമായി വാങ്ങാനും ധാരാളം ഭക്തർ മന്ദിരം തുറക്കാൻ കാത്ത്‌ നിൽപ്പുണ്ടാകുമത്രേ. 
നിധി വനത്തിനു നേർക്ക്‌ തുറക്കുന്ന അതിനു സമീപ്മുള്ള കൂറ്റൻ ഫ്ലാറ്റുകളിലെ ജനലുകൽ പോലും എട്ടരയ്ക്ക്‌ ശേഷം തുറക്കാറില്ലത്രേ. 
ഇതിനെ സംബന്ധിക്കുന്ന വീഡിയോകലും ദൃശ്യങ്ങളും കണ്ടപ്പൊ അതീവ കൗതുകവും ഒപ്പം നിധിവനം ഒന്ന് കാണാനുള്ള കൊതിയും വർദ്ധിച്ചിരിക്കുന്നു.

16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 60

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 60

കുമയോണ്

ഉത്തരാഖണ്ഡിന്റെ ഭരണവിഭാഗമാണ്‌ കുമയോണ്‍. ചമ്പാവത്ത്‌, നൈനിറ്റാള്‍, അല്‍മോറ, ബാഗേശ്വര്‍, പിതോരഗഢ്‌, ഉധം സിങ്‌ നഗര്‍ എന്നീ ജില്ലകളാണ്‌ കുമയോണിന്റെ ഭരണത്തിന്‍ കീഴില്‍ വരുന്ന ജില്ലകള്‍. വടക്ക്‌ തിബത്ത്‌, തെക്ക്‌ ഉത്തര്‍പ്രദേശ്‌, കിഴക്ക്‌ നേപ്പാള്‍, പടിഞ്ഞാറ്‌ ഗര്‍ഹ്വാള്‍ എന്നിവയാല്‍ ചുറ്റപെട്ടു കിടക്കുന്ന പ്രദേശമാണിത്‌. കുമയോണിയാണ്‌ ഇവിടുത്തെ പ്രാദേശിക ഭാഷ. നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി, മുക്തേശ്വര്‍, പിതോരാഗഢ്‌, രുദ്രപ്രയാഗ്‌, റാണിഖേത്‌ എന്നിവയാണ്‌ സമീപത്തുള്ള പ്രധാന നഗരങ്ങള്‍.

കൂര്‍മാവതാരം എന്നര്‍ത്ഥം വരുന്ന കൂര്‍മാചല്‍ എന്ന വാക്കില്‍ നിന്നുമാണ്‌ കുമയോണ്‍ എന്ന പേര്‌ ഈ സ്ഥലത്തിന്‌ ലഭിക്കുന്നത്‌. വിഷ്‌ണു ഭഗവാന്‍ ആമയുടെ രൂപമെടുത്തതാണ്‌ കൂര്‍മാവതാരം. ഇന്ത്യന്‍ കരസേനയുടെ കുമയോണ്‍ റെജിമെന്റിന്റെ ആസ്ഥാനം എന്ന നിലയിലും ഈ സ്ഥലം പ്രശസ്‌തമാണ്‌. നന്ദ ദേവി മേള, ചെയ്‌തി മേള, ഹില്‍ജത്ര, ബഗ്വാള്‍, ഉത്തരായനി മേള ,കന്ദാലി എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

മനോഹരമായൊരു മലയാണ്‌ അബോട്ട്‌ മല. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പണികഴിപ്പിച്ച 13 കോട്ടേജുകള്‍ ഇവിടെയുണ്ട്‌. മഞ്ഞ്‌ മൂടിയ മലനിരകള്‍ക്കും ഓക്ക്‌, ദേവദാരു മരങ്ങള്‍ക്കും ഇടയിലായാണ്‌ ജോണ്‍ ഹരോള്‍ഡ്‌ അബോട്ടിന്റെ ബംഗ്ലാവ്‌ സ്ഥിതി ചെയ്യുന്നത്‌. ഇതിന്‌ പുറമെ സമുദ്ര നിരപ്പില്‍ നിന്നും 6191 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഓം അഥവ ആദികൈലാസ്‌ പര്‍വ്വതവും ഇവിടെ നിന്നും കാണാം.

ബാബ കൈലാസം, ജോങ്‌ലിങ്കോങ്‌ കൊടുമുടി, ചെറിയ കൈലാസം എന്നീ പേരുകളിലും ഈ മലനിരകള്‍ അറിയപ്പെടുന്നുണ്ട്‌. ഈ കൊടുമുടിയില്‍ ഓം ആകൃതിയില്‍ മഞ്ഞ്‌ രൂപപ്പെട്ടിരിക്കുന്നത്‌ കാണപ്പെടുന്നു എന്നതാണ്‌ പ്രധാന ആകര്‍ഷണം. തിബത്തിലെ കൈലാസ പര്‍വതത്തിന്‌ സമാനമാണിവിടം.

മിലാം ഹിമാനി കുമയോണിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. ഈ ഹിമാനി സമുദ്രനിരപ്പില്‍ നിന്നും 5,500 - 3,870 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. 37 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന ഈ ഹിമാനിയാണ്‌ കുമയോണ്‍ മേഖലയിലെ ഏറ്റവും വലിയ ഹിമാനി. ഈ ഹിമാനിയിലേക്കുള്ള ട്രക്കിങ്‌ തുടങ്ങുന്നത്‌ മുന്‍സിയാരിയില്‍ നിന്നാണ്‌. വെള്ളച്ചാട്ടങ്ങള്‍, വനങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയിലൂടെയാണ്‌ ട്രക്കിങ്‌ പാത കടന്നു പോകുന്നത്‌. മനോഹരമായ കാഴ്‌ചകളാണ്‌ ഈ ട്രക്കിങില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്‌. ബഗേശ്വറിലെ നന്ദകോട്ട്‌, നന്ദദേവി കൊടുമുടികള്‍ക്കിടയിലാണ്‌ മിലാം സ്ഥിതി ചെയ്യുന്നത്‌. പിന്ദാരി നദി ഉത്ഭവിച്ച്‌ തെക്കോട്ട്‌ ഒഴുകുന്നത്‌ ഇവിടെ നിന്നാണ്‌.

മുന്‍സിയാരിയാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്നും 2298 മീറ്റര്‍ ഉയരത്താലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ത്രിശൂല്‍, നന്ദദേവി, പഞ്ചചൂലി കൊടുമുടികളുടെ മനോഹര ദൃശ്യം കാട്ടിത്തരും. പൈന്‍ , ദേവതാരു മരങ്ങളും ഈ സ്ഥലത്തിന്റെ മനോഹരാത കൂട്ടുന്നു. വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങളെ സന്ദര്‍ശകര്‍ക്കിവിടെ കാണാന്‍ കഴിയും. നന്ദ ദേവി കൊടുമുടി, റലാം, മിലാം , നാമിക്‌ എന്നിവിടങ്ങളിലേയ്‌ക്കുള്ള ട്രക്കിങ്‌ തുടങ്ങുന്നത്‌ മുന്‍സിയാരിയില്‍ നിന്നാണ്‌.കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്‌കീയിങ്‌ പോലെ മഞ്ഞില്‍ ചെയ്യാവുന്ന നിരവധി കായിക വിനോദങ്ങള്‍ ഇവിടെ തുടങ്ങിയിട്ടുണ്ട്‌. പിന്‍ഡാര്‍ താഴ്‌വരയുടെ പടിഞ്ഞാറായുള്ള സുന്ദെര്‍ധൂങ്ക സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്‌. ഇവിടെ മത്‌കോതി, സുഖ്രം എന്നിങ്ങനെ രണ്ട്‌ ഹിമാനികള്‍ സന്ദര്‍ശകര്‍ക്ക്‌ കാണാം. മനോഹരമായ കല്ലുകളുടെ താഴ്‌ വര എന്നാണ്‌ സുന്ദര്‍ധൂങ്ക എന്ന വാക്കിന്റെ അര്‍ത്ഥം.

പാന്ത്‌നഗറിലെ വിമാനത്താവളമാണ്‌ കുമയോണിന്‌ ഏറ്റവും അടുത്തുള്ളത്‌. കത്‌ഗോധാം ആണ്‌ സമീപത്തായുള്ള റെയില്‍വെസ്റ്റേഷന്‍. ലക്‌നൗ, ഹൗറ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ട്രയിന്‍ ഉണ്ട്‌. റോഡ്‌ മാര്‍ഗം പോകാനാഗ്രഹിക്കുന്നവര്‍ക്കായി ഉത്തരാഖണ്ഡിലെ മറ്റ്‌ നഗരങ്ങളില്‍ നിന്നും കുമയോണിലേക്ക്‌ ബസ്‌ സര്‍വീസുകളും ഉണ്ട്‌.

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്‌ കുമയോണിലേത്‌. ശൈത്യകാലത്താണ്‌ കുമയോണ്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം. വര്‍ഷകലാത്താണ്‌ സന്ദര്‍ശിക്കുന്നതെങ്കില്‍ കുടയും മറ്റും കരുതുന്നതാണ്‌ ഉചിതം.

ഉത്തരാഖണ്ഡിലെ വിവിധ നഗരങ്ങളില്‍ നിന്ന്‌ കുമയോണിലേക്ക്‌ ബസ്‌ മാര്‍ഗം എത്തിച്ചേരാം. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വീസ്‌ നടത്തുന്നുണ്ട്‌.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 59

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 59

കാത്ഗോഥാം

ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയില്‍ ഗൗലാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന, ‘കുമാവോണ്‍ കുന്നിലേക്കുള്ള പ്രവേശനകവാടം’ എന്നറിയപ്പെടുന്ന സ്ഥലമാണ് കാത്ഗോഥാം. ഹിമാലയത്തിന്റെ കുമാവോണ്‍ കുന്നിന്റെ പാദത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സമുദ്രനിരപ്പില്‍ നിന്ന് 554 മീറ്റര്‍ ഉയരത്തിലാണ്.

സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മുനിസിപ്പല്‍ കൗണ്‍സിലായ ഹല്‍ദ്വനി കാത്ഗോഥാം കൗണ്‍സില്‍ 1942ലാണ് നിലവില്‍ വന്നത്. തടി ഡിപ്പോ എന്നാണ് കാത്ഗോഥാം എന്ന വാക്കിനര്‍ഥം. ജില്ലയിലെ വ്യാപാര-സാമ്പത്തിക കേന്ദ്രം എന്ന നിലയില്‍ സ്ഥലത്തിന്റെ പ്രാധാന്യം കണക്കിലെടുന്നത് ഈ നാമം സ്ഥലത്തിന് അനുയോജ്യമാണ്. കുമാവോനി, ഹിന്ദി, ഗര്‍ഹ്വാളി എന്നീ ഭാഷകളാണ് ഇവിടെ പ്രാദേശികമായി ഉപയോഗിക്കുന്നത്.

നേരത്തെ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന കുഗ്രാമമായിരുന്നു കാത്ഗോഥാം. 1901 ല്‍ ഇവിടത്തെ ജനസംഖ്യ വെറും 375 മാത്രമായിരുന്നു. 1909 ല്‍ ബ്രിട്ടീഷുകാരുടെ റെയില്‍വേമാപ്പില്‍ കാത്ഗോഥാമും ഇടം പിടിച്ചതോടെ കാത്ഗോഥാമിന്റെ ചരിത്രവും മാറി. 1884ലാണ് ഹല്‍ദ്വാനി റെയില്‍ വേലൈന്‍ കാത്ഗോഥാം വരെ നീട്ടിയത്. ഇപ്പോള്‍ വടക്ക് കിഴക്കന്‍ റെയില്‍വേയുടെ അവസാന സ്റ്റേഷനാണ് കാത്ഗോഥാം. ഹിന്ദു ദേവതകളായ ഷീലാദേവിക്കും കാലി ചൗഡിനും സമര്‍പ്പിച്ചിരിക്കുന്ന രണ്ട് പ്രസിദ്ധ അമ്പലങ്ങള്‍ ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങളില്‍ പെടുന്നു. ഉല്‍സവകാലത്ത് വന്‍തോതില്‍ ഭക്തജനക്കൂട്ടം ഇവിടെയത്തെുന്നു.

ഉത്തരാഖണ്ഡിലെ സട്ടാല്‍ തടാകത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന ഗൗലാ നദി ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. ഈ നദി ഹല്‍ദ്വാനി, ഷാഹി എന്നീ പ്രദേശങ്ങളിലൂടെ ഒഴൂകുന്നു. നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന ഗൗലാ ബാരേജ് ഡാം ലക്ഷണമൊത്ത പിക്നിക് കേന്ദ്രമാണ്.

കാത്ഗോഥാമില്‍ നിന്ന് 21 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഭീംതാല്‍ എന്ന ചെറു നഗരത്തിലത്തൊം. ഇവിടെയുള്ള വറ്റാത്ത ഭീംതാല്‍ തടാകം പ്രകൃതി സ്നേഹികളുടെ പറുദീസയാണ്. മഹാഭാരതത്തിലെ പഞ്ചപാണ്ഡവരിലൊരാളായ ഭീമന്റെ കഥയുമായി ബന്ധപ്പെട്ടാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. ഭീമേശ്വര്‍ മഹാദേവ ക്ഷേത്രം എന്ന പേരില്‍ ഒരു പഴയ ശിവക്ഷേത്രവും തടാക തീരത്തുണ്ട്. കുമാവോണിലെ രാജാവായ ബാസ് ബഹദൂര്‍ പതിനേഴാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. തടാകത്തിന് നടുവിലെ ദ്വീപില്‍ പണികഴിപ്പിച്ചിരിക്കുന്ന അക്വേറിയവും ഇവിടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്.

നൈനിറ്റാളിലെ മനോഹരമായ തടാകനഗരം കാത്ഗോഥാമില്‍ നിന്ന് 34 കിലോമീറ്റര്‍ മാത്രം അകലെയാണ്. റോഡ് റെയില്‍ മാര്‍ഗങ്ങളിലൂടെയെല്ലാം ഇവിടെയത്തൊം. കാത്ഗോഥാമില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയുള്ള സട്ടാലിലും ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശനത്തിന് പോകാവുന്നതാണ്. ഏഴു തടാകങ്ങള്‍ എന്നാണ് സട്ടാല്‍ എന്ന വാക്കിന് അര്‍ഥം. പരസ്പര ബന്ധിതമായ ഏഴു തടാകങ്ങളായ രാംതാല്‍, നീല്‍ ദമയന്തി താല്‍, ലക്ഷ്മണ്‍ താല്‍, കൗദരിയ താല്‍, പൂര്‍ണ താല്‍, സുഖാ താല്‍, സീതാ താല്‍ എന്നിവയാണിവ. കൂടാതെ കോര്‍ബറ്റ് വെള്ളച്ചാട്ടം ഹെഡാഖന്‍ ആശ്രമം എന്നിവയും പ്രദേശത്തെ പ്രസിദ്ധ സ്ഥലങ്ങളാണ്.

കാത്ഗോഥാമിന്റെ പ്രശാന്തത ആസ്വദിക്കുന്നതിന് ഇവിടെയത്തൊന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് പന്ത്നഗര്‍ എയര്‍പോര്‍ട്ടിലേക്ക് ടിക്കറ്റെടുക്കാം. പന്ത്നഗര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 71 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്ന് റെഗുലര്‍ ഫൈ്ളറ്റുകള്‍ ഇവിടേക്കുണ്ട്. അന്താരാഷ്ട്ര യാത്രികര്‍ക്ക് ദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്ന് പന്ത്നഗര്‍ എയര്‍പോര്‍ട്ടിലേക്ക് കണക്ടിങ് ഫൈ്ളറ്റുകളുണ്ട്.

നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ മേഖലയില്‍ പെട്ട പ്രദേശമാണിത്. പ്രധാന ഇന്ത്യന്‍ നഗരങ്ങളായ ലക്നൗ, ദല്‍ഹി, ഹൗറാ എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് നിരവധി ട്രെയിന്‍ സര്‍വീസുകളുണ്ട്. റോഡ് മാര്‍ഗം തെരഞ്ഞെടുക്കുന്നവര്‍ക്ക് ദേശീയ പാത 87 ലൂടെ കാത്ഗോഥാമിലത്തൊം. ഗാസിയാബാദ്, ദല്‍ഹി, നൈനിറ്റാള്‍, ഹല്‍ദ്വാനി എന്നിവിടങ്ങളില്‍ നിന്ന് ഇവിടേക്ക് ബസുണ്ട്.

വര്‍ഷത്തില്‍ ഭൂരിഭാഗവും ഇവിടെ നല്ല കാലാവസ്ഥയാണ്. എപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന വേനല്‍കാലത്ത് ഇവിടത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. തണുപ്പുള്ളതും പ്രസന്നവുമാണ് ഈ സമയത്തെ കാലാവസ്ഥ.

നൈനിറ്റാള്‍, ഗാസിയാബാദ്, ഹല്‍ദ്വാനി, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കാത്ഗോഥാമിലേക്ക് സുലഭമായി ബസ് സര്‍വീസുകളുണ്ട്.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 58

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 58

ജഗേശ്വര്

ഉത്തര്‍ഘണ്ഡിലെ അല്‍മോറ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജഗേശ്വര്‍ ഈശ്വര ചൈതന്യമുള്ള പട്ടണമാണ്. വിശ്വാസികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ഈ ക്ഷേത്രനഗരി സമുദ്ര നിരപ്പില്‍ നിന്ന് 1870 മീറ്റര്‍ ഉയരത്തിലാണ് നിലകൊള്ളുന്നത്. ലകുലിശ് ശൈവിസത്തിന്‍റെ ഹൃദയകേന്ദ്രമായിരുന്നു മുന്പ് ഈ പ്രദേശമെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു. ശൈവിസത്തിന്‍റെ അവാന്തര വിഭാഗമാണ് ലകുലിശ് ശൈവിസം. ജതഗംഗ നദീതടത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ പട്ടണത്തെ ഇവിടെയെങ്ങും നിറഞ്ഞുനില്‍ക്കുന്ന ദേവദാരു വൃക്ഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കുന്നു.

ശിവഭഗവാന്‍റെ പ്രതീകമായ 12 ജ്യോതിര്‍ലിംഗങ്ങളില്‍ എട്ടാമത്തേത് ഇവിടെയാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. നാഗേശ് എന്നറിയപ്പെടുന്ന ഈ ജ്യോതിര്‍ലിംഗത്തിന്‍റെ സാന്നിദ്ധ്യമാണ് ജഗേശ്വര പട്ടണത്തിന്‍റെ ഏറ്റവും വലിയ സവിശേഷത. ചെറുതും വലുതുമായി 124 ശിവക്ഷേത്രങ്ങളാണ് ജഗേശ്വറില്‍ ഉള്ളത്. ക്ഷേത്രനഗരം എന്ന് ജഗേശ്വറിനെ വിളിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. ഒന്‍പതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലെ കാലഘട്ടമാണ് ഈ ക്ഷേത്രങ്ങളുടേയെല്ലാം ചരിത്രത്തിന്‍റെ പിന്നാന്പുറം.

ദണ്ഡേശ്വര ക്ഷേത്രം, ജഗേശ്വര ക്ഷേത്രം, ഛണ്ഡികാ ക്ഷേത്രം, മഹാ മൃത്യുഞ്ജയ ക്ഷേത്രം, കുബേര ക്ഷേത്രം, നവഗ്രഹ ക്ഷേത്രം, നന്ദദേവി ക്ഷേത്രം എന്നിവ ഇവിടത്തെ പ്രശസ്തമായ അനേകം ക്ഷേത്രങ്ങളില്‍ ചിലതാണ്. ഇവയില്‍ മൃത്യുഞ്ജയ ക്ഷേത്രമാണ് ഏറ്റവും പഴക്കം ചെന്നത്. വലിപ്പത്തില്‍ ദണ്ഡേശ്വര ക്ഷേത്രം മറ്റു ക്ഷേത്രങ്ങളെ പിന്നിലാക്കുന്നു. ഇനിയുമുണ്ട് ജഗേശ്വറില്‍ കാണാന്‍ ഒരുപാട് കാഴ്ചകള്‍. ബദ് ജഗേശ്വര ക്ഷേത്രം, പുഷ്ടി ഭഗവതി ക്ഷേത്രം, പുരാവസ്തു മ്യൂസിയം എന്നിങ്ങനെ ആ പട്ടിക നീളുന്നു.

ഹിന്ദു കലണ്ടറിലെ ശ്രാവണ മാസത്തില്‍ അഥവാ ജൂലൈ 15 നും ആഗസ്റ്റ് 15 നും ഇടയില്‍ വര്‍ഷംതോറും ഇവിടെ ആഘോഷിക്കുന്ന ജഗേശ്വര്‍ മണ്‍സൂണ്‍ ഫെസ്റ്റിവല്‍ എല്ലാ അര്‍ത്ഥത്തിലും സംഭവബഹുലമാണ്. കൂടാതെ മഹാശിവരാത്രിയും ഈ ശൈവഭൂമികയില്‍ അത്യധികം ഭക്ത്യാദരവോടെയും ആവേശപൂര്‍വ്വവും കൊണ്ടാടുന്നു.

വിമാനമാര്‍ഗ്ഗവും റെയില്‍, റോഡുകള്‍ വഴിയും ഈ പുണ്യഭൂമിയില്‍ സഞ്ചാരികള്‍ക്ക് അനായാസം വന്നെത്താം. പാന്ത്നഗര്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.തീവണ്ടി യാത്രികര്‍ക്ക് അധികം ദൂരെയല്ലാതെ കത്ഗൊഡം റെയില്‍വേ സ്റ്റേഷനുമുണ്ട്. ബസ്സ് യാത്രയില്‍ തല്‍പരരായവര്‍ക്ക് പിതോരഘര്‍, ഹല്‍ദവാനി, അല്‍മോറ എന്നീ പട്ടണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും ലഭ്യമാണ്. സുഖപ്രദമായ കാലാവസ്ഥ പ്രധാനം ചെയ്യുന്ന വേനല്‍കാലമാണ് ജഗേശ്വര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം.

ജഗേശ്വറില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് നിരന്തരം ബസ്സുകളുണ്ട്. അല്‍മോറ, പിതോരഘര്‍, ഹല്‍ദവാനി എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകള്‍ ജഗേശ്വറിലേക്ക് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 57

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 57

ചമ്പാവത്

ബ്രിട്ടീഷ് വേട്ടക്കാരനായ ജിം കോര്‍ബറ്റ് രചിച്ച ‘മാന്‍ ഈറ്റേഴ്സ് ഓഫ് കുമയൂണ്‍’ എന്ന പുസ്തകം വായിക്കുമ്പോള്‍ രക്തം ഉറഞ്ഞുപോകുന്ന ഭാഗമാണ് 430ഓളം മനുഷ്യരെ കൊലപ്പെടുത്തിയ ഒരു ബംഗാള്‍ പെണ്‍കടുവയുടെ സംഭവ കഥ. ഈ കഥയിലൂടെയാണ് ഉത്തരഖണ്ഡില്‍ സ്ഥിതി ചെയ്യുന്ന നേപ്പാളുമായി അതിര്‍ത്തിപങ്കിടുന്ന ചമ്പാവത് എന്ന ഗ്രാമത്തെ പുറംലോകമറിഞ്ഞത്. 19ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നേപ്പാളില്‍ 200 പേരെ കൊന്ന ഈ പെണ്‍കടുവയെ നേപ്പാള്‍ പട്ടാളം ഇന്ത്യന്‍ അതിര്‍ത്തികടത്തി വിടുകയായിരുന്നു. ചമ്പാവതിലും നരവേട്ട തുടര്‍ന്ന ഈ കടുവ 1907ലാണ് ജിം കോര്‍ബറ്റിന്റെ തോക്കിനിരയായത്.

ചമ്പാവതില്‍ നിന്ന് ലോഹാഘാട്ടിലേക്കുള്ള വഴിയരികില്‍ ഛാത്തര്‍ പാലത്തിന് സമീപം കടുവ വെടിയേറ്റ് വീണ സ്ഥലത്ത് ആ നരഭോജിയുടെ ഓര്‍മക്ക് എന്ന വണ്ണം ഒരു സിമെന്‍റ് ഫലകം സ്ഥാപിച്ചിട്ടുണ്ട്. ഈ സിമെന്‍റ് ബോര്‍ഡിന് ഒരുകിലോമീറ്റര്‍ അകലെ ഹൈഡ്രോ ഇലക്ട്രിക്ക് പവര്‍ഹൗസിന് സമീപമാണ് കടുവ വെടിയേറ്റ് വീണത്. സമുദ്രനിരപ്പില്‍ നിന്ന് 1615 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം 1997ലാണ് പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചത്. അഴകുവിടര്‍ത്തുന്ന ഹിമാലയ താഴ്വരകളുടെ മനോഹാരിതക്കൊപ്പം നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

1613 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ജില്ല നേപ്പാളിനൊപ്പം ഉദ്ധംസിംഗ് നഗര്‍, നൈനിറ്റാള്‍, അല്‍മോറ ജില്ലകള്‍ക്കൊപ്പവും അതിര്‍ത്തി പങ്കിടുന്നുണ്ട്. ഒരിക്കല്‍ ചന്ദ് രാജാക്കന്‍മാരുടെ ആസ്ഥാനമായിരുന്നു ഹിമഗിരികളിലെ ഈ മനോഹരി. അര്‍ജുന്‍ ദിയോസ് രാജാവിന്റെ മകളായ ചമ്പാവതിയുടെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചതെന്നാണ് ചരിത്രം. ഹൈന്ദവ വിശ്വാസമനുസരിച്ച് മഹാവിഷ്ണു തന്റെ കൂര്‍മ അവതാരത്തില്‍ ചമ്പാവതിലാണ് പ്രത്യക്ഷപ്പെട്ടതത്രേ.

ഹൈന്ദവ വിശ്വാസികള്‍ ഏറെ ഭക്തിപുരസ്കരം കരുതുന്ന നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ക്രാന്തേശ്വര്‍ മഹാദേവ ക്ഷേത്രം, ബാലേശ്വര്‍ ക്ഷേത്രം, പൂര്‍ണഗിരി ക്ഷേത്രം, ഗ്വാല്‍ ദേവത, ആദിത്യ ക്ഷേത്രം, ചാമു ക്ഷേത്രം, പട്ടാല്‍ രുദ്രേശ്വര്‍ ക്ഷേത്രം എന്നിവയാണ് ഇവിടെ വിശ്വാസികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍. കുമയൂണ്‍ മേഖലയിലെ പുരാതന ശില്‍പ്പകലയുടെ ഗാംഭീര്യവും മനോഹാരിതയും കണ്ടറിയണമെങ്കില്‍ നാഗനാഥ് ക്ഷേത്രം സന്ദര്‍ശിച്ചേ മതിയാകൂ.  

ചമ്പാവതില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഏക് ഹതിയാ കാ നൗലാ എന്നറിയപ്പെടുന്ന കല്ലില്‍ കൊത്തിയെടുത്ത രൂപങ്ങള്‍ കലാകാരന്റെ നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമാണ്. നൂറോളം തൊഴിലാളികള്‍ ഒരൊറ്റ രാത്രി കൊണ്ടാണ് ഇത് നിര്‍മിച്ചതെന്നതാണ് ചരിത്രം. സമുദ്രനിരപ്പില്‍ നിന്ന് 1940 മീറ്റര്‍ ഉയരത്തിലുള്ള മായാവതി ആശ്രമവും വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.

മാസ്മരിക ഭൂപ്രകൃതിയാല്‍ കശ്മീര്‍ കഴിഞ്ഞാലുള്ള ഭൂമിയുടെ സ്വര്‍ഗം എന്ന് വിളിപ്പേരുള്ള ലോഹാഘട്ട് ചമ്പാവതില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ്. ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഇവിടെ നിരവധി ക്ഷേത്രങ്ങളും ഉണ്ട്. ബാരാഹി ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ക്ഷേത്രം. ലോഹാഘട്ടില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ദേവിദുര്‍ഗയില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ രക്ഷാബന്ധന്‍ ദിനത്തില്‍ നടക്കുന്ന ഭംഗവാള്‍ മേളയാണ് പ്രധാന ഉല്‍സവം.

ഷോപ്പിംഗ് പ്രിയര്‍ക്കായി ഖാദി ബസാറും ഇവിടെയുണ്ട്. മധ്യകാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബാണാസുര്‍ കാ കില എന്നറിയപ്പെടുന്ന കോട്ടയാണ് മറ്റൊരു ആകര്‍ഷണം. ബാണാസുര്‍ എന്നറിയപ്പെടുന്ന രാക്ഷസനെ ശ്രീകൃഷ്ണന്‍ ഇവിടെവെച്ച് കൊലപ്പെടുത്തിയെന്നാണ് വിശ്വാസം. സാഹസിക വിനോദസഞ്ചാരികള്‍ക്ക് ശ്വാസംനിലക്കുന്ന അനുഭവം പ്രദാനം ചെയ്യുന്ന ട്രക്കിംഗ് റൂട്ടുകളും ഇവിടെയുണ്ട്. ചമ്പാവതിനെ പഞ്ചേശ്വര്‍, ലോഹഘട്ട്, വനസൂര്‍, തനക്പുര്‍, വ്യാസ്തുര, പൂര്‍ണഗിരി, കാണ്ഡേശ്വര്‍ മഞ്ച് എന്നിവയുമായി ട്രക്കിംഗ്റൂട്ടുകളിലെ അപകടകരമായ സാഹസികത അനുഭവിച്ചറിയാന്‍ നിരവധി പേര്‍ എത്താറുണ്ട്.

വിമാനമാര്‍ഗം വരുന്നവര്‍ക്ക് പിറ്റോര്‍ഗഡിലെ നൈനിസാഹ്നി എയര്‍പോര്‍ട്ടോ പാന്ത്നഗര്‍ എയര്‍പോര്‍ട്ടോ ഉപയോഗിക്കാം. ഇവിടെ നിന്ന് ചമ്പാവതിലേക്ക് ടാക്സി വാഹനങ്ങള്‍ ലഭിക്കും. കാതോഗ്ഡാം ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും സമീപ നഗരങ്ങളില്‍ നിന്നുമെല്ലാം ഇങ്ങോട് ടാക്സി, ബസ് സര്‍വീസുകള്‍ ധാരാളമായി ഉണ്ട്. വേനല്‍ക്കാലവും തണുപ്പുകാലവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

നൈനിറ്റാള്‍, പിറ്റോര്‍ഗഡ് തുടങ്ങി സമീപനഗരങ്ങളില്‍ നിന്നെല്ലാം ചമ്പാവതിലേക്ക് എ.സി,നോണ്‍ എ.സി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പിറ്റോര്‍ഗഡില്‍ നിന്ന് 74 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 56

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 56

ഹേമകുണ്ഡ്‌

ഉത്തരാഖണ്ഡിലെ ചമേലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുണ്ഡ്‌ സിഖുകാരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 15200 അടി ഉയരത്തിലാണ്‌ ഹേമകുണ്ഡ്‌ സ്ഥിതി ചെയ്യുന്നത്‌. ഋഷികേശ്‌- ബദരിനാഥ്‌ ദേശീയപാതയില്‍ ഗോബിന്ദ്‌ഘട്ടില്‍ നിന്ന്‌ നടന്നു വേണം ഹേമകുണ്ഡില്‍ എത്താന്‍. ഹേമം, കുണ്ഡ്‌ എന്നീ രണ്ട്‌ സംസ്‌കൃത വാക്കുകളില്‍ നിന്നാണ്‌ ഹേമകുണ്ഡ്‌ എന്ന പേര്‌ രൂപപ്പെട്ടിരിക്കുന്നത്‌.

ഈ വാക്കുകളുടെ അര്‍ത്ഥം യഥാക്രമം മഞ്ഞ്‌, കിണ്ണം എന്നിങ്ങനെയാണ്‌. ഹേമകുണ്ഡിന്‌ ചുറ്റും ഏഴു പര്‍വ്വതങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. സിഖുകാരുടെ വിശുദ്ധ ത്രിവര്‍ണ്ണ പതാകയായ നിശാന്‍ സാഹിബ്‌ എല്ലാ പര്‍വ്വതങ്ങളുടെയും ഉച്ചിയില്‍ പാറി കളിക്കുന്നത്‌ കാണാം. ഏഴ്‌ കൊടുമുടികളുള്ള ഈ പര്‍വ്വതം സപ്‌തശൃംഗം എന്നും അറിയപ്പെടുന്നു. പത്താമത്തെ സിഖ്‌ ഗുരുവായ ഗുരു ഗോബിന്ദ്‌ സിംഗ്‌ ഹേമകുണ്ഡില്‍ വര്‍ഷങ്ങളോളം ധ്യാനനിരതനായി ഇരുന്നതായാണ്‌ വിശ്വാസം.

ഗുരു ഗോബിന്ദ്‌ സിംഗിന്‌ സമര്‍പ്പിച്ചിരിക്കുന്ന ഹേമകുണ്ഡ്‌ സാഹിബ്‌ ഗുരുദ്വാര വളരെ പ്രശസ്‌തമാണ്‌. ഗോബിന്ദ്‌ സിംഗ്‌ രചിച്ച സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ദസ്സം ഗ്രന്ഥില്‍ ഹേമകുണ്ഡിനെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌.

മേജര്‍ ജനറല്‍ ഹര്‍ക്കിരാത്ത്‌ സിംഗിന്റെ മേല്‍നോട്ടത്തില്‍ 1960ല്‍ ആണ്‌ ഗുരുദ്വാരയുടെ നിര്‍മ്മാണം ആരംഭിച്ചത്‌. എന്‍ജിനീയര്‍ ഇന്‍ ചീഫ്‌ ആയിരുന്ന ഹര്‍ക്കിരാത്ത്‌ സിംഗ്‌ ആര്‍ക്കിടെക്ട്‌ സിയാലിയെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചു. ഗുരുദ്വാരയ്‌ക്ക്‌ സമീപം മനോഹരമായ ഒരു തടാകമുണ്ട്‌. മഞ്ഞുവീഴ്‌ച കാരണം ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെ ഈ പ്രദേശം അടച്ചിടും. മെയ്‌ മാസത്തില്‍ സിഖുകാര്‍ ഇവിടേക്കുള്ള പാത സഞ്ചാരയോഗ്യമാക്കി മാറ്റും.

സഞ്ചാരികള്‍ക്ക്‌ ഇവിടുത്തെ ലക്ഷ്‌മണ ക്ഷേത്രവും സന്ദര്‍ശിക്കാവുന്നതാണ്‌. പ്രാദേശികമായി ഇത്‌ ലക്ഷ്‌മണ്‍ ഗോപാല്‍ എന്ന്‌ അറിയപ്പെടുന്നു. ബദരീനാഥിന്‌ സമീപത്തുള്ള വസുധര വെള്ളച്ചാട്ടം ഇവിടുത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌. 400 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. മലകയറി ഈ വെള്ളച്ചാട്ടത്തില്‍ എത്താന്‍ കഴിയും. മനാ ഗ്രാമത്തില്‍ നിന്നാണ്‌ ഇവിടേക്കുള്ള ട്രെക്കിംഗ്‌ പാത ആരംഭിക്കുന്നത്‌. കല്ലും മുള്ളം നിറഞ്ഞ പാതയിലൂടെ 2-3 കിലോമീറ്റര്‍ നടക്കുക എളുപ്പമാണ്‌. അതിനുശേഷം ചെങ്കുത്തായ ഇറക്കങ്ങള്‍ താണ്ടേണ്ടി വരും.

ഹേമകുണ്ഡിന്‌ സമീപത്തുള്ള മറ്റൊരു ആകര്‍ഷണമാണ്‌ 7817 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നന്ദാദേവി ദേശീയ ഉദ്യാനം. ഈ പാര്‍ക്കിന്റെ വടക്ക്‌- പടിഞ്ഞാറ്‌ ഭാഗത്താണ്‌ പ്രശസ്‌തമായ പൂക്കളുടെ താഴ്‌വര. നന്ദാദേവി ദേശീയ ഉദ്യാനവും പൂക്കളുടെ താഴ്‌വരയും ചേര്‍ന്ന്‌ നന്ദാദേവി ബയോസ്‌ഫിയര്‍ റിസര്‍വ്വ്‌ എന്നറിയപ്പെടുന്നു. 2236.72 ചതുരശ്ര കിലോമീറ്ററാണ്‌ ബയോസ്‌ഫിയര്‍ റിസര്‍വ്വിന്റെ വിസ്‌തൃതി. ഇതിനു ചുറ്റും 5148.57 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണും ഉണ്ട്‌.

ഋഷികേശ്‌, പുരി, രുദ്രപ്രയാഗ്‌, കര്‍ണപ്രയാഗ്‌, ഉഖിമത്‌, ശ്രീനഗര്‍, കോട്‌ദ്വാര, ഡെറാഡം, ഹരിദ്വാര്‍, ചമോലി എന്നിവിടങ്ങളില്‍ നിന്ന്‌ ഹേമകുണ്ഡിലേക്ക്‌ ടാക്‌സികളും ബസുകളും ലഭിക്കും. ഗോവിന്ദഗഢില്‍ നിന്ന്‌ 16 കിലോമീറ്റര്‍ നടന്നു വേണം ഹേമകുണ്ഡില്‍ എത്താന്‍. കാലാവസ്ഥ

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 55

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 55

മുസ്സൂറി

ഉത്തരാഖണ്ഡിലെ ഡെറാഡൂണ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഹില്‍സ്റ്റേഷനാണ്‌ മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന്‌ അറിയപ്പെടുന്ന മുസ്സൂറി സമുദ്രനിരപ്പില്‍ നിന്ന്‌ 1880 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഹിമാലത്തിന്റെ അടിവാരത്ത്‌ സ്ഥിതി ചെയ്യുന്ന മുസ്സൂറിയില്‍ നിന്നാല്‍ ശിവാലിക്‌ മലനിരകള്‍, ഡൂണ്‍ താഴ്‌വര എന്നിവയുടെ വശ്യമനോഹാരിത ആസ്വദിക്കാനാകും. യമുനോത്രി, ഗംഗോത്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പ്രവേശന കവാടം എന്നും മുസ്സൂറി അറിയപ്പെടുന്നു.

ഒരുകാലത്ത്‌ ഈ പ്രദേശത്ത്‌ വളരെയധികം കണ്ടിരുന്ന മന്‍സൂര്‍ എന്ന കുറ്റിച്ചെടിയുടെ പേരില്‍ നിന്നാണ്‌ മുസ്സൂറി എന്ന പേര്‌ രൂപപ്പെട്ടത്‌. ഇവിടുത്തെ സാധാരണക്കാര്‍ക്ക്‌ മുസ്സൂറി ഇപ്പോഴും മന്‍സൂരി തന്നെ. പുരാതന ക്ഷേത്രങ്ങള്‍, മലനിരകള്‍, വെള്ളച്ചാട്ടങ്ങള്‍, താഴ്‌വരകള്‍, വന്യജീവി സങ്കേതങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക്‌ ഇവിടം പ്രശസ്‌തമാണ്‌. ജ്വാലാദേവി ക്ഷേത്രം, നാഗ്‌ ദേവതാ ക്ഷേത്രം, ഭദ്രാജ്‌ ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ പട്ടികയില്‍ പെടുന്നു.

ദുര്‍ഗ്ഗാദേവിയാണ്‌ ജ്വാലാദേവി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ. സമുദ്രനിരപ്പില്‍ നിന്ന്‌ 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഹിന്ദുക്കളുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്‌. ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാദേവിയുടെ ഒരു കല്‍പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. നാഗദേവന്മാര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന നാഗ്‌ ദേവതാ ക്ഷേത്രം പ്രദേശത്തെ മറ്റൊരു പ്രമുഖ ആരാധനാലയമാണ്‌. നാഗപഞ്ചമിയോട്‌ അനുബന്ധിച്ച്‌ ധാരാളം വിശ്വാസികള്‍ നാഗ്‌ ദേവതാ ക്ഷേത്രം സന്ദര്‍ശിക്കുന്നു.

മനോഹരമായ കുന്നുകള്‍ മുസ്സൂറിയുടെ സവിശേഷതയാണ്‌. ഗണ്‍ ഹില്‍, ലാല്‍ ടിബ്ബ, നാഗ്‌ ടിബ്ബ എന്നിവ ഈ കുന്നുകളുടെ കൂട്ടത്തില്‍ പെടുന്നു. സമുദ്രനിരപ്പില്‍ നിന്ന്‌ 2122 മീറ്റര്‍ ഉയരത്തിലാണ്‌ ഗണ്‍ ഹില്‍ സ്ഥിതി ചെയ്യുന്നത്‌. ഉയരത്തില്‍ രണ്ടാം സ്ഥാനമുള്ള മുസ്സൂറിയിലെ ഈ കൊടുമുടിക്ക്‌ ചരിത്രപരമായ പ്രാധാന്യവുമുണ്ട്‌. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ എല്ലാ ദിവസവും ഉച്ചയോടെ ഈ മലമുകളില്‍ നിന്ന്‌ വെടിയൊച്ച ഉയരുമായിരുന്നു. പ്രദേശവാസികളെ സമയം അറിയിക്കാനായിരുന്നു വെടി വച്ചിരുന്നത്‌. ഈ വെടിശബ്ദം കേട്ടാണ്‌ ഇവിടുത്തുകാര്‍ വാച്ചുകളിലും ഘടികാരങ്ങളിലും സമയം ക്രമീകരിച്ചിരുന്നതത്രേ. ഇപ്പോള്‍ മുസ്സൂറിയിലെ ജലസംഭരണിയാണ്‌ ഈ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നത്‌. സഞ്ചാരികള്‍ക്ക്‌ റോപ്‌ കാറില്‍ മലമുകളില്‍ എത്താം. റോപ്‌ കാര്‍ യാത്ര സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്‌തമാണ്‌.

മുസ്സൂറിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ ലാല്‍ ടിബ്ബ. ഇവിടെ ഒരു ഡിപ്പോ പ്രവര്‍ത്തിക്കുന്നതിനാല്‍ ലാല്‍ ടിബ്ബ ഡിപ്പോ ഹില്‍ എന്നും അറിയപ്പെടുന്നു. ഓള്‍ ഇന്ത്യാ റേഡിയോയുടെയും ദൂരദര്‍ശന്റെയും ടവറുകള്‍ ഈ മലമുകളിലുണ്ട്‌. ഇന്ത്യന്‍ മിലിട്ടറി സര്‍വ്വീസസ്‌ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. സഞ്ചാരികളുടെ സൗകര്യാര്‍ത്ഥം 1967ല്‍ ലാല്‍ ടിബ്ബയില്‍ ഒരു ജാപ്പനീസ്‌ ദൂരദര്‍ശിനി സ്ഥാപിച്ചു. ഈ ദൂരദര്‍ശിനിയിലൂടെ നോക്കിയാല്‍ സമീപ പ്രദേശങ്ങളായ ബണ്ഡേര്‍ പഞ്ച്‌, കേദാര്‍നാഥ്‌, ബദരീനാഥ്‌ എന്നിവ കാണാന്‍ കഴിയും. മുസ്സൂറിയിലെ മറ്റൊരു പ്രധാന മലനിരയാണ്‌ നാഗ്‌ ടിബ്ബ. ഇത്‌ സര്‍പ്പങ്ങളുടെ കൊടുമുടി എന്നും അറിയപ്പെടുന്നു. സാഹസ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്‌.

മസ്സൂറി മനോഹരങ്ങളായ നിരവധി വെള്ളച്ചാട്ടങ്ങളാല്‍ സമ്പന്നമാണ്‌. കെംപ്‌റ്റി, ഝരിപാനി, ഭട്ടാ, മോസ്സി എന്നീ വെള്ളച്ചാട്ടങ്ങളെ കുറിച്ച്‌ എടുത്തു പറയേണ്ടതാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കെംപ്‌റ്റി വെള്ളച്ചാട്ടം മുസ്സൂറിയിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. ഈ പ്രദേശത്തിന്റെ മനോഹാരിതയില്‍ ആകൃഷ്ടനായ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്‍ ജോണ്‍ മേക്കിനാന്‍ ആണ്‌ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിച്ചത്‌. ഝര്‍പാനി വെള്ളച്ചാട്ടവും പ്രശസ്‌തമാണ്‌. ഝര്‍പാനി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക്‌ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. മുസ്സൂറിയില്‍ നിന്ന്‌ ഏഴ്‌ കിലോമീറ്റര്‍ അകലെയാണ്‌ ഭട്ടാ വെള്ളച്ചാട്ടവും മോസ്സി വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്‌.

പ്രശസ്‌തങ്ങളായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മുസ്സൂറിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അവര്‍ ഇവിടെ നിരവധി യൂറോപ്യന്‍ സ്‌കൂളുകള്‍ സ്ഥാപിക്കുകയുണ്ടായി. സെന്റ്‌ ജോര്‍ജ്ജ്‌സ്‌, ദ ഓക്‌ ഗ്രോവ്‌, വെയ്‌ന്‍ബെര്‍ഗ്‌ അലെന്‍ തുടങ്ങിയ രാജ്യത്തെ ഏറ്റവും പുരാതനവും മികച്ചതും ആയ ബോര്‍ഡിംഗ്‌ സ്‌കൂളുകളും മുസ്സൂറിയിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സഞ്ചാരികള്‍ക്ക്‌ ട്രെക്കിംഗ്‌ പോലുള്ള സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരവും ഇവിടെയുണ്ട്‌. പ്രകൃതിയെ തൊട്ടുരുമി നടക്കുന്നതിന്‌ പറ്റിയ നിരവധി പാതകളും മുസ്സൂറി സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നു.

വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും മുസ്സൂറിയില്‍ എത്താം. മുസ്സൂറിക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം 60 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡം ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷനും ഡെറാഡം തന്നെ.

എല്ലായ്‌പ്പോഴും മുസ്സൂറിയില്‍ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഇതു തന്നെയാണ്‌ ഇവിടേക്ക്‌ സഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതും. എന്നിരുന്നാലും മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയുള്ള സമയവും സെപ്‌റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയവും ആണ്‌ മുസ്സൂറി സന്ദര്‍സനത്തിന്‌ ഏറ്റവും അനുയോജ്യം.

ഡെറാഡമില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും മുസ്സൂറിയിലേക്ക്‌ ബസ്‌ സര്‍വ്വീസുകള്‍ ലഭ്യമാണ്‌. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടേക്ക്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. നൈനിറ്റാളില്‍ നിന്നും ന്യൂഡല്‍ഹിയില്‍ നിന്നും ഇവിടേക്ക്‌ സ്വകാര്യ ഡീലക്‌സ്‌ ബസുകളും ലഭിക്കും.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 54

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 54

നൈനിറ്റാൾ

ഹിമാലയന്‍ മലനിരകളിലാണ്‌ നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത്‌. ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയില്‍ സ്ഥിതി ചെയ്യുന്നത്‌. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ്‌ നൈനിറ്റാള്‍. സ്‌കന്ദപുരാണത്തില്‍ നൈനിറ്റാളിനെ കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ത്രി ഋഷി സരോവര്‍ എന്നാണ്‌ സക്‌ന്ദപുരാണത്തില്‍ നൈനിറ്റാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌.

അത്രി, പുലസ്‌ത്യ, പുലഹ എന്നീ മഹര്‍ഷിമാര്‍ക്ക്‌ യാത്രയ്‌ക്കിടെ നൈനിറ്റാളില്‍ വച്ച്‌ കഠിനമായ ദാഹം അനുഭവപ്പെട്ടു. ഇവര്‍ അവിടെയെല്ലാം പരതിയെങ്കിലും ഒരു തുള്ളി വെള്ളം പോലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ഇവര്‍ ഇവിടെ ഒരു കുഴി ഉണ്ടാക്കുകയും മാനസസരോവര്‍ തടാകത്തില്‍ നിന്ന്‌ വെളളം കൊണ്ട്‌ വന്ന്‌ അതില്‍ നിറയ്‌ക്കുകയും ചെയ്‌തു. അങ്ങനെയാണ്‌ പ്രശസ്‌തമായ നൈനിറ്റാള്‍ തടാകം ഉണ്ടായതെന്നാണ്‌ വിശ്വാസം. ശിവ പത്‌നിയായ സതിയുടെ ഇടതു കണ്ണ്‌ വീണ സ്ഥലത്ത്‌ കണ്ണിന്റെ ആകൃതിയിലുള്ള നൈനി തടാകം രൂപപ്പെട്ടെന്നും ഐതിഹ്യമുണ്ട്‌.

സഞ്ചാരികളുടെ പറുദ്ദീസയായ നൈനിറ്റാളിന്റെ സവിശേഷതകളാണ്‌ മനോഹരമായ ഭൂപ്രകൃതിയും പ്രശാന്തമായ അന്തരീക്ഷവും. ബ്രിട്ടീഷ്‌ വ്യാപാരിയായിരുന്ന പി. ബാരനാണ്‌ നൈനിറ്റാളിനെ പ്രശസ്‌തിയിലേക്ക്‌ കൈപിടിച്ചു നടത്തിയതെന്ന്‌ പറയപ്പെടുന്നു. ഇദ്ദേഹം 1839ല്‍ ഇവിടെ ഒരു ബ്രിട്ടീഷ്‌ കോളനി സ്ഥാപിച്ചു. നൈനിറ്റാളിന്റെ സൗന്ദര്യം തന്നെയാണ്‌ ബാരനെ ഇതിന്‌ പ്രേരിപ്പിച്ചത്‌. നൈനിറ്റാളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക്‌ പ്രശസ്‌ത ഹനുമാന്‍ ക്ഷേത്രമായ ഹനുമാന്‍ഗര്‍ഹിയും സന്ദര്‍ശിക്കാവുന്നതാണ്‌. നൈനാദേവി ക്ഷേത്രമാണ്‌ പ്രദേശത്തെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം. ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്‌.

നൈനിറ്റാളില്‍ നിന്ന്‌ 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കില്‍ബുറി പിക്‌നിക്കിനും മറ്റും പറ്റിയ സ്ഥലമാണ്‌. ഓക്ക്‌, പൈന്‍, റോഡോഡെന്‍ഡ്രോണ്‍ തുടങ്ങിയ മരങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്ന കാടിനകത്ത്‌ വിശ്രമിക്കാനുള്ള അവസരമാണ്‌ കില്‍ബുറി മുന്നോട്ട്‌ വയ്‌ക്കുന്നത്‌. ബ്രൗണ്‍ വുഡ്‌ ഔള്‍, കോളേര്‍ഡ്‌ ഗ്രോസ്‌ബീക്‌സ്‌, വൈറ്റ്‌ ത്രോട്ടഡ്‌ ലാഫിംഗ്‌ ത്രഷ്‌ തുടങ്ങിയവ ഉള്‍പ്പെടെ 580ല്‍ അധികം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്‌ ഈ പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന്‌ 2481 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലരിയകാന്തയാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. ഇവിടെ നിന്നാല്‍ ഈ പ്രദേശത്തിന്റെ മൊത്തത്തിലുള്ള കാഴ്‌ച ലഭിക്കും. നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയാണ്‌ ലരിയകാന്ത. നൈനിറ്റാളില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.

ലാന്‍ഡ്‌സ്‌ എന്‍ഡാണ്‌ ഇവിടുത്തെ മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രം. ഖുര്‍പാത്തല്‍ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണ്‌. പച്ചപ്പണിഞ്ഞ താഴ്‌വാരങ്ങളുടെയും നൈനിറ്റാളിന്‌ ചുറ്റുമുള്ള മലനിരകളുടെയും ദൃശ്യചാരുത നമുക്ക്‌ മുന്നില്‍ തുറന്ന്‌ വയ്‌ക്കാനും ലാന്‍ഡ്‌സ്‌ എന്‍ഡിന്‌ കഴിയുന്നുണ്ട്‌. കേബിള്‍ കാറിലാണ്‌ ഇവിടെ എത്തേണ്ടത്‌. 705 മീറ്റര്‍ ദൂരം പിന്നിട്ടാണ്‌ കേബിള്‍ കാറുകള്‍ ലാന്‍ഡ്‌സ്‌ എന്‍ഡില്‍ എത്തുന്നത്‌. ഒരു കേബിള്‍ കാറില്‍ ഒരു സമയം പന്ത്രണ്ട്‌ ആളുകള്‍ക്ക്‌ വരെ യാത്ര ചെയ്യാന്‍ കഴിയും. കേബിള്‍ കാര്‍ യാത്രയ്‌ക്കിടെ മഞ്ഞുമൂടിയ മലനിരകളുടെയും ഹിമാലയത്തിന്റെയും മനോഹാരിത ആസ്വദിക്കാനാകും. ലാന്‍ഡ്‌സ്‌ എന്‍ഡ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ലഭിക്കുന്ന ഒരു ബോണസ്‌ ആണ്‌ ഇത്തരം കാഴ്‌ചകള്‍.

നൈനിറ്റാളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്‌ നൈനാ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന്‌ 2611 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എത്താന്‍ കുതിരകളാണ്‌ ഏക ആശ്രയം. ടിഫിന്‍ ടോപ്‌ അഥവാ ഡൊറോത്തീസ്‌ സീറ്റ്‌ പ്രശസ്‌തമായ ഉല്ലാസകേന്ദ്രമാണ്‌. ബ്രിട്ടീഷ്‌ കലാകാരി ആയിരുന്ന ഡൊറോത്തി കെല്ലെറ്റ്‌ ഒരു വാമാനാപകടത്തില്‍ കൊല്ലപ്പെട്ടതിന്‌ ശേഷം അവരുടെ ഭര്‍ത്താവാണ്‌ ഈ പ്രദേശം വികസിപ്പിച്ചെടുത്തത്‌. പ്രകൃതിയോട്‌ ഇണങ്ങിച്ചേര്‍ന്നുള്ള ജീവിതരീതി സഞ്ചാരികള്‍ക്ക്‌ പരിചയപ്പെടുത്തുന്ന ഇക്കോ കേവ്‌ ഗാര്‍ഡന്‍ നൈനിറ്റാളിലെ പ്രശസ്‌തമായ കാഴ്‌ചയാണ്‌.

രാജ്‌ഭവന്‍, മൃഗശാല, ദ ഫ്‌ളാറ്റ്‌സ്‌, ദ മാള്‍, സെന്റ്‌ ജോണ്‍ പള്ളി, പാന്‍ഗോട്ട്‌ എന്നിവയും ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പെടുന്നു. തണ്ടി സഡക്‌, ഗര്‍ണി ഹൗസ്‌, ഖുര്‍പതാല്‍, ഗുവാനോ കുന്നുകള്‍, അരബിന്ദോ ആശ്രമം എന്നിവയും സന്ദര്‍ശന യോഗ്യമായ സ്ഥലങ്ങളാണ്‌. കാഴ്‌ചകള്‍ കാണുന്നതിന്‌ പുറമെ കുതിര സവാരി, ട്രെക്കിംഗ്‌, ബോട്ടിംഗ്‌ തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യവും നൈനിറ്റാളില്‍ ഉണ്ട്‌.

വിമാനമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവും റോഡ്‌ മാര്‍ഗ്ഗവും നൈനിറ്റാളില്‍ എത്താവുന്നതാണ്‌. വേനല്‍ക്കാലമാണ്‌ നൈനിറ്റാള്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

നൈനിറ്റാളിലേക്ക്‌ സര്‍ക്കാര്‍ ബസ്സുകളും സ്വകാര്യ ബസ്സുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഡല്‍ഹിയില്‍ നിന്ന്‌ സ്വകാര്യ വോള്‍വോ ബസ്സുകളും ലഭിക്കും. അല്‍മോറ, റാണിഖേത്‌, ബദരീനാഥ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ നൈനിറ്റാളിലേക്ക്‌ സെമി ഡീലക്‌സ്‌ ബസ്സുകളും ഡീലക്‌സ്‌ ബസ്സുകളും ലഭിക്കും. സഞ്ചാരികള്‍ക്ക്‌ ഇവ പ്രയോജനപ്പെടുത്താവുന്നതാണ്‌.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 53

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 53

സത്താള്

സമുദ്രനിരപ്പില്‍ നിന്ന് 1370 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിന്‍റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സത്താള്‍. ഇവിടുത്തെ പ്രധാന കാഴ്ച പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന എഴ് തടാകങ്ങളാണ്. ഗരുഡ് താള്‍, സീത താള്‍, പൂര്‍ണ താള്‍., രാം താള്‍, ലക്ഷ്മണ്‍ താള്‍, നള ദമയന്തി താള്‍, സുഖ താള്‍ എന്നിവയാണിവ. ഓക്ക് മരങ്ങള്‍ തിങ്ങി വളരുന്ന മെഹ്രാഖോണ്‍ താഴ്വരയിലാണ് സാത്താള്‍ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടിഷ് അധിനിവേശകാലത്ത് ഒരു പ്രമുഖ തേയിലത്തോട്ടമായിരുന്നു ഇത്.

ഈ തടാകങ്ങളിലെ വെളളത്തില്‍ ഉയര്‍ന്ന തോതില്‍ ന്യൂട്രിയന്‍റ്സ് അടങ്ങിയിട്ടുണ്ട് എന്നതൊരു പ്രത്യേകതയാണ്. ഒട്ടനേകം ജീവജാലങ്ങള്‍ ഇതിന് സമീപത്തായുണ്ട്. അഞ്ഞൂറോളം സ്വദേശികളും, വിദേശികളുമായ പക്ഷികളും, 525 ഓളം ഇനം ശലഭങ്ങളും, 20 തരം സസ്തനികളും, 1100 പ്രാണിവര്‍ഗ്ഗങ്ങളും ഇവിടെ വസിക്കുന്നു. ബ്ലു മാഗ്പൈ, കിങ്ങ്ഫിഷര്‍, ബാര്‍ബെറ്റ്സ്, പ്രാപ്പിടിയന്‍, പലതരം കോഴിവര്‍ഗ്ഗങ്ങള്‍ തുടങ്ങി അനേക ഇനം പക്ഷികള്‍ ഇവിടെയുണ്ട്.

റെഡ് ബേസ് ജേസ്ബെല്‍സ്, റെഡ് ഹെലന്‍സ്, സില്‍വര്‍ സ്ട്രൈപ്പ്സ്, തുടങ്ങി അപൂര്‍വ്വ ഇനം ശലഭങ്ങളും സത്താളിലെ വനങ്ങളിലുണ്ട്. ഓര്‍ക്കിഡ്, മരുന്ന് ചെടികള്‍ തുടങ്ങി അനേകം അപൂര്‍വ്വ ഇനം സസ്യങ്ങളുടെയും ഒരു ലോകമാണ് ഇവിടം. മറ്റ് ചില പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ് സത്താള്‍ മിഷന്‍ എസ്റ്റേറ്റ്, മെത്തേഡിസ്റ്റ് ആശ്രമം, ചിത്രശലഭ പാര്‍ക്ക്, സുഭാഷ് ധാര എന്നിവ. ക്യാംപിങ്ങ്, ബോട്ടിങ്ങ്, ട്രെക്കിങ്ങ്, മൗണ്ടന്‍ ബൈക്കിങ്ങ്, റോക്ക് ക്ലൈംബിങ്ങ് തുടങ്ങി സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ ഒരിടമാണ് സത്താള്‍.

പട്നാഗര്‍എയര്‍പോര്‍ട്ടാണ് സത്താളിന് അടുത്തുള്ള വിമാനത്താവളം. റെയില്‍വേസ്റ്റേഷന്‍ അടുത്തുള്ളത് കാതഗോഡത്താണ്. അടുത്തുള്ള നഗരങ്ങളില്‍ നിന്നൊക്കെ ഇവിടേക്ക് ബസ് ലഭിക്കും.

ഡെല്‍ഹിയില്‍ നിന്ന് പ്രൈവറ്റ്, സര്‍ക്കാര്‍ ബസുകള്‍ സത്താളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നൈനിറ്റാളില്‍ നിന്നും, രാമഗറില്‍ നിന്നും സത്താളിലേക്ക് സഞ്ചാരികള്‍ക്ക് ബസ് ലഭിക്കും.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും -52

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 52

കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം

പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗമാണ്‌ കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം. പ്രശാന്തമായ അന്തരീക്ഷത്തില്‍ കുറച്ചു സമയം വിശ്രമിക്കണമെന്നുള്ളവര്‍ക്കും ഇവിടേക്കുള്ള യാത്ര ആനന്ദം പകരും. നേരത്തെ ഈ ദേശീയ ഉദ്യാനം രാംഗംഗ ദേശീയ ഉദ്യാനം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. 1957ല്‍ കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം എന്ന്‌ പേര്‌ മാറ്റുകയായിരുന്നു.

പ്രശസ്‌ത ബ്രട്ടീഷ്‌ വേട്ടക്കാരനും പ്രകൃതി സ്‌നേഹിയും ഫോട്ടോഗ്രാഫറുമായ ജിം കോര്‍ബറ്റിന്റെ പേരാണ്‌ ഈ ദേശീയ ഉദ്യാനത്തിന്‌ നല്‍കിയിരിക്കുന്നത്‌. 'മാന്‍ ഈറ്റേഴ്‌സ്‌ ഓഫ്‌ കുമൗണ്‍' എന്ന തന്റെ പ്രശസ്‌തമായ പുസ്‌തകത്തില്‍ കുമൗണ്‍ മേഖലയില്‍ അദ്ദേഹം നടത്തിയ വേട്ടയാടലുകളെ കുറിച്ച്‌ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. നാനൂറോളം മനുഷ്യരെ കൊന്ന കടുവയെ വേട്ടയാടിയതിനെ കുറിച്ചും അദ്ദേഹം ഈ പുസ്‌തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌.

പച്ചപ്പിണഞ്ഞ്‌ നില്‍ക്കുന്ന ദേശീയ ഉദ്യാനം ഹിമാലത്തിന്റെ താഴ്‌വാരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ലോകത്ത്‌ ഏറ്റവുമധികം കടുവകള്‍ ഉള്ള രാജ്യം ഇന്ത്യയാണ്‌. അതില്‍ ഏതാണ്ട്‌ 160 കടുവകള്‍ കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തില്‍ അധിവസിക്കുന്നു. രാംഗംഗ നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ഉദ്യാനം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്‌. മനോഹരമായ കാഴ്‌ചകളും സാഹികമായ സഫാരികളുമാണ്‌ സഞ്ചാരികളെ ഇവിടേക്ക്‌ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.

കടുവ, പുള്ളിപ്പുലി, ആന, പുള്ളിമാന്‍, സമ്പാര്‍ മാനുകള്‍, ഹോഗ്‌ ഡിയര്‍, കരടി, കാട്ടുപന്നി, ഖുരല്‍, ലാംഗൂര്‍, റീസസ്‌ കുരങ്ങുകള്‍ എന്നിവയെ ഇവിടെ കാണാം. മയില്‍, ചകോരം, പ്രാവ്‌, മൂങ്ങ, വേഴാമ്പല്‍, ബാര്‍ബെറ്റ്‌, വാനമ്പാടി, മൈന, വായാടി പക്ഷി (മാഗ്‌പൈ), മനിവെറ്റ്‌, പാട്രിഡ്‌ജ്‌, ത്രഷ്‌, ടിറ്റ്‌, നട്‌താച്ച്‌, വാലുകുലുക്കി, മഞ്ഞക്കിളി, ബന്റിംഗ്‌, ഒറിയോള്‍, പൊന്മാന്‍, ഡ്രോംഗോ, മാടപ്രാവ്‌, മരംകൊത്തി, താറാവ്‌, എരണ്ട, പരുന്ത്‌, കൊക്ക്‌, നീര്‍കാക്ക, പ്രാപ്പിടിയന്‍ പക്ഷി, ബുള്‍ബുള്‍, ഫ്‌ളൈക്യാച്ചര്‍ തുടങ്ങി അറുന്നീറിലധികം ഇനം പക്ഷികളുടെ കളകൂജനങ്ങള്‍ ഇവിടെ സദാ ഉയര്‍ന്നു കേള്‍ക്കും.

ഇതിനെല്ലാം പുറമെ വ്യത്യസ്‌തങ്ങളായ 51 ഇനം കുറ്റിച്ചെടികള്‍, മുപ്പത്‌ മുള വര്‍ഗ്ഗങ്ങള്‍, നൂറ്റിപ്പത്തിലധികം ഇനം മരങ്ങള്‍ എന്നിവയും ഈ ദേശീയ ഉദ്യാനത്തില്‍ വളരുന്നു. ഇവയെല്ലാം കണ്‍മുന്നില്‍ കാണാനുള്ള അവസരമാണ്‌ കോര്‍ബറ്റ്‌ ദേശീയ ഉദ്യാന സന്ദര്‍ശനത്തിലൂടെ സഞ്ചാരികള്‍ക്ക്‌ ലഭിക്കുന്നത്‌.

കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിന്റെ വന്യത ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക്‌ സന്ദര്‍ശിക്കാവുന്ന മറ്റൊരു സ്ഥലമാണ്‌ ധികാല. പട്ടീല്‍ ദന്‍ താഴ്‌വരയുടെ അരികില്‍ സ്ഥിതി ചെയ്യുന്ന ധികാല, താഴ്‌വാരത്തിന്റെ വിശാല സുന്ദരമായ കാഴ്‌ച നമുക്ക്‌ മുന്നില്‍ തുറന്നിടും. പശ്ചാത്തലത്തില്‍ കണ്ഡാ കുന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ധികാലാ ചൗറിലെ എണ്ണമറ്റ കാനനപാതകളിലൂടെ വാഹനയാത്ര നടത്താവുന്നതാണ്‌.

കാട്ടാനകള്‍, കലമാന്‍, ഹോഗ്‌ ഡിയര്‍, വിവിധതരം പക്ഷികള്‍ എന്നിവ സ്വച്ഛന്ദം വിഹരിക്കുന്നത്‌ ഈ യാത്രയ്‌ക്കിടെ കാണാന്‍ കഴിയും. പ്രദേശത്തെ കുറിച്ച്‌ നല്ല അറിവുള്ള ഗൈഡുകളോടൊത്ത്‌ ട്രക്കിംഗും നടത്താവുന്നതാണ്‌. കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിന്‌ തെക്ക്‌ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്‌ കാലാഗഢ്‌ ഡാം. പക്ഷിനിരീക്ഷണത്തിന്‌ അനുയോജ്യമായ സ്ഥലമാണിത്‌. ശൈത്യകാലത്ത്‌ വാട്ടര്‍ഫൗള്‍ പോലുള്ള ദേശാടന പക്ഷികള്‍ ഇവിടുത്തെ പതിവ്‌ കാഴ്‌ചയാണ്‌.

സഞ്ചാരികള്‍ക്ക്‌ കോര്‍ബറ്റ്‌ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാവുന്നതാണ്‌. ഏതാണ്ട്‌ 60 അടിയാണ്‌ വെള്ളച്ചാട്ടത്തിന്റെ ഉയരം. ക്യാമ്പിംഗിനും പിക്‌നിക്കിനും അനുയോജ്യമാണ്‌ ഇവിടം. ദേശീയ ഉദ്യാനത്തിലെ ബിജ്രാനി, ധികാല മേഖലകളില്‍ ആനപ്പുറത്ത്‌ യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങളുണ്ട്‌. കോസി നദിയില്‍ റാഫ്‌റ്റിംഗ്‌ പോലുള്ള ജലക്രീഡകളില്‍ ഏര്‍പ്പെടുകയും ചെയ്യാം.

ദേശീയ ഉദ്യാനത്തിനകത്ത്‌ സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടുകളില്‍ നിന്ന്‌ ആനപ്പുറത്ത്‌ യാത്ര ചെയ്യുന്നതിനും റാഫ്‌റ്റിംഗിനും ആവശ്യമുള്ള സാധനങ്ങള്‍ ലഭിക്കും. ജീപ്പിലും മറ്റുമുള്ള കാനനയാത്രകള്‍ നിങ്ങള്‍ക്ക്‌ പുതിയ അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കോസി നദിയുടെ വൃഷ്ടി പ്രദേശത്ത്‌ മഹ്‌സീര്‍ മീനുകള്‍ക്കായി ചൂണ്ടയിടാവുന്നതാണ്‌. ചൂണ്ടയിടുന്നതിനുള്ള എല്ലാ സൗകര്യവും ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ ചെയ്‌തു തരും.

കോര്‍ബറ്റ്‌ മ്യൂസിയവും പ്രദേശത്തെ പ്രധാനപ്പെട്ട കാഴ്‌ചയാണ്‌. ജിം കോര്‍ബറ്റിന്റെ അത്യപൂര്‍വ്വ ചിത്രങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന ചില വസ്‌തുക്കളും സൂക്ഷിച്ചിരിക്കുന്ന പുരാതനമായ ഒരു ബംഗ്‌ളാവാണ്‌ മ്യൂസിയം. കുമൗണ്‍ താഴ്‌വരയിലെ ക്യാരി ക്യാമ്പില്‍ സഞ്ചാരികള്‍ക്ക്‌ താമസിക്കാന്‍ സൗകര്യമുണ്ട്‌. സോണാനദി വന്യജീവി സങ്കേതത്തെ കുറിച്ചും എടുത്തു പറയേണ്ടതാണ്‌. ഏഷ്യന്‍ ആനകളെയും കടുവകളെയും അവയുടെ വന്യമായ പരിസ്ഥിതിയില്‍ ഇവിടെ കാണാന്‍ കഴിയും.

രാംഗംഗ, മണ്ഡല്‍, സോണാനദി എന്നീ നദികള്‍ക്ക്‌ ദേശീയ ഉദ്യാനത്തിലെ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്‌. പ്രത്യേക കാലങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അരുവികള്‍ ഈ ദേശീയ ഉദ്യാനത്തിന്റെ ഒരു പ്രത്യേകതയാണ്‌. പ്രാദേശിക ഭാഷയില്‍ ഇത്തരം അരുവികള്‍ സോട്‌സ്‌ എന്ന്‌ അറിയപ്പെടുന്നു. സീതാബനി ക്ഷേത്രവും രാംനഗറും ഉദ്യാനത്തിലെ എടുത്തു പറയത്തക്ക കാഴ്‌ചകളാണ്‌. വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ റോഡ്‌ മാര്‍ഗ്ഗമോ ഇവിടെ എത്തിച്ചേരാവുന്നതാണ്‌. വേനല്‍ക്കാലവും ശൈത്യകാലവുമാണ്‌ ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യം.

ബസിലും ഇവിടെ എത്താവുന്നതാണ്‌. കോര്‍ബറ്റ്‌ ദേശീയ ഉദ്യാനത്തിലെ ബസ്‌ സ്‌റ്റോപ്പില്‍ നിന്ന്‌ സമീപ നഗരങ്ങളിലേക്ക്‌ സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഡല്‍ഹിയില്‍ നിന്ന്‌ ഇവിടേക്ക്‌ ഡീലക്‌സ്‌ ബസ്‌ സര്‍വ്വീസുകളും സെമി ഡീലക്‌സ്‌ ബസ്‌ സര്‍വ്വീസുകളും ലഭ്യമാണ്‌.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 51

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 51

റാണിഖേത്‌

ദേവഭൂമിയായ ഉത്തരാഖണ്ഡിലെ അതി മനോഹരമായ മലയോരപ്രദേശം ആണ്‌ റാണിഖേത്‌. അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത്‌ മൈതാനങ്ങളുടെ രാജ്ഞി എന്നാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള റാണിഖേത്‌ പ്രകൃതി സൗന്ദര്യത്താലും അനുഗ്രഹീതമായ സ്ഥലമാണ്‌.

കുമയോണിലെ രാജ്‌ഞിയായ പദ്‌മിനി ഒരിക്കല്‍ റാണിഖേത്‌ സന്ദര്‍ശിക്കുകയും ആ പ്രദേശത്തിന്റെ മനോഹരാതിയില്‍ ആകൃഷ്‌ടയാവുകയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ അവരുടെ ഭര്‍ത്താവായ സുഖര്‍ദേവ്‌ രാജാവ്‌ അവിടെ ഒരു കൊട്ടാരം നിര്‍മ്മിക്കുകയും റാണിഖേത്‌ എന്ന്‌ പേര്‌ നല്‍കുകയും ചെയ്‌തു എന്നാണ്‌ നാടോടികഥകളില്‍ റാണിഖേതിനെ കുറിച്ച്‌ പറയുന്ന കഥ . ഈ കൊട്ടാരവുമായി ബന്ധപ്പെടുന്ന ചരിത്രപരമായ തെളിവുകള്‍ ഒന്നും തന്നെ നിലവില്‍ അവശേഷിക്കുന്നില്ല എങ്കിലും റാണിഖേതില്‍ ഈ കഥയിപ്പോഴും പറയപ്പെട്ടു കൊണ്ടിരിക്കുന്നു.

1869 ല്‍ ബ്രിട്ടീഷുകര്‍ ഈ സ്ഥലം വീണ്ടും കണ്ടെത്തിയതായും അവരുടെ വേനല്‍ക്കാല വസതിയായി റാണിഖേതിനെ മാറ്റുകയാണുണ്ടായതെന്നും പറയപ്പെടുന്നുണ്ട്‌. ഇതിന്‌ പുറമെ ബ്രിട്ടീഷ്‌ കുമയൂണ്‍ റജിമെന്റിന്റെ ആസ്ഥാനം ഇവിടേയ്‌ക്ക്‌ മാറ്റുകയും ചെയ്‌തു. കൊളോണിയല്‍ പാരമ്പര്യം നിലനിര്‍ത്തികൊണ്ട്‌ റാണിഖേത്‌ നിലവില്‍ ഇന്ത്യന്‍ ആര്‍മിയുടെ കുമയൂണ്‍ റജിമെന്റിന്റെ ആസ്ഥാനമെന്ന നിലയില്‍ പ്രശസ്‌തമാണ്‌. ഹരിത വനങ്ങളാലും പുല്‍ത്തകിടികളാലും മനോഹരമായ റാണിഖേത്‌ ഇന്ന്‌ രാജ്യത്തെ പ്രധാന വിനോദ സഞ്ചാ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്‌.

മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന റാണിഖേത്‌ കുമയോണിലെ ഏറ്റവും ഉയര്‍ന്ന മലമുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ സുദ്രനിരപ്പില്‍ നിന്നും 1869 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിഖേതിലേയ്‌ക്ക്‌ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നൈനിറ്റാളില്‍ നിന്നും 60 കിലോ മീറ്റര്‍ ദൂരമെ ഉള്ളു. അല്‍മോറ ടൗണില്‍ നിന്ന്‌ റാണിഖേതിലെത്താന്‍ 50 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും. പൈന്‍, ഓക്ക്‌, ദേവതാരു മരങ്ങള്‍ നിറഞ്ഞ വനത്തിന്‌ മധ്യത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്‌ വിശ്രമിക്കാനുള്ള അവസരമാണ്‌ റാണിഖേത്‌ നല്‍കുന്നത്‌.

പുള്ളിപ്പുലി, കലമാന്‍, മല ആട്‌, ചുവന്ന മുഖമുള്ള കുരങ്ങ്‌, ചെന്നായ തുടങ്ങി വൈവിധ്യമാര്‍ന്ന ജന്തുജാലങ്ങളെ ഈ വനത്തില്‍ കാണാം. ഇതിന്‌ പുറമെ നിരവധി ക്ഷേത്രങ്ങളുടെ നാടു കൂടിയാണ്‌ റാണിഖേത്‌. ട്രക്കിങ്ങിനും പ്രകൃതി ഭംഗി ആസ്വദിക്കാനും അനുയോജ്യമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ റാണിഖേതിലുണ്ട്‌.

നൈനിറ്റാള്‍, അല്‍മോറ, ബരേലി, തുടങ്ങി സമീപ പ്രദേശങ്ങളില്‍ നിന്നെല്ലാം എപ്പോഴും റാണിഖേതിലേക്ക്‌ ബസ്‌ സര്‍വീസുകള്‍ ഉണ്ട്‌. ന്യൂഡല്‍ഹിയില്‍ നിന്നും റാണിഖേതിലേയ്‌ക്ക്‌ ടൂറിസ്റ്റ്‌ ബസുകളും സര്‍ക്കാര്‍ ബസുകളും സ്ഥിരം സര്‍വീസ്‌ നടത്തുന്നുണ്ട്‌.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 50

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 50

കൗസാനി

ഉയരങ്ങളിലേക്ക് പോകുന്തോറും മനോഹാരിത ഏറുന്നതായാണ് ഹിമാലയന്‍ യാത്രകളുടെ അനുഭവം. ഉയരങ്ങളിലെ സുന്ദരനിമിഷങ്ങള്‍ തൊട്ടറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഉത്തരഖണ്ഡിലെ കൗസാനി. സമുദ്രനിരപ്പില്‍ നിന്ന് 6075 അടി ഉയരത്തിലുള്ള ഇടതൂര്‍ന്ന പൈന്‍മരങ്ങള്‍ നിറഞ്ഞ ഈ സ്ഥലത്തിലേക്കുള്ള യാത്ര ജീവിതയാത്രയിലെ അപൂര്‍വാനുഭവം തന്നെയായിരിക്കും. കൊടുമുടികള്‍ അതിരിടുന്ന ഇവിടത്തെ പ്രകൃതി സൗന്ദര്യം കണ്ട് ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്‍റ് എന്നാണ് മഹാത്മാഗാന്ധി കൗസാനിയെ വിളിച്ചത്.

കാവല്‍ ഭടന്‍മാരെ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന നന്ദകൂടം, ത്രിശൂല്‍, നന്ദാദേവി തുടങ്ങി ഹിമാലയ കൊടുമുടികളെ എല്ലാ ഗാംഭീര്യത്തോടെയും ദര്‍ശിക്കാനാകുന്ന സ്ഥലമാണ് കൗസാനി. താഴെ ചിത്രപ്പണികള്‍ പോലെ വളഞ്ഞുപുളഞ്ഞു കാണുന്ന സോമേശ്വര്‍, ഗരൂര്‍, ബൈജ്നാഥ് കട്യൂരി താഴ്വരകളും സന്ദര്‍ശകനെ സ്വപ്നലോകത്താകും എത്തിക്കുക.

മുമ്പ് അല്‍മോറാ ജില്ലയുടെ ഭാഗമായിരുന്ന ഈ നഗരം വാല്‍ന എന്നാണ് അറിയപ്പെട്ടിരുന്നത്. കട്യൂരി രാജാവായിരുന്ന ബായ്ചാല്‍ദിയോ ആയിരുന്നു ഭരണാധികാരി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് കൗസാനിയുടെ സിംഹഭാഗവും ശ്രീ ചന്ദ് തിവാരി എന്ന ഗുജറാത്തി ബ്രാഹ്മണന് ഇഷ്ടദാനമായി നല്‍കി. ഇന്ന് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ഹില്‍സ്റ്റേഷനാണ് ഇവിടം.

തെയിലതോട്ടങ്ങള്‍ പച്ച വിരിച്ച് നില്‍ക്കുന്ന കൗസാനി ആത്മീയ വഴിയിലെ സഞ്ചാരികളെയും നിരാശരാക്കാത്ത സ്ഥലമാണ്. നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമാണ് ഇവിടെയുള്ളത്. അനാശക്തി ആശ്രമം ആണ് പ്രശസ്തമായ ആശ്രമം. മഹാത്മാഗാന്ധി കുറച്ചുനാള്‍ തങ്ങിയിട്ടുള്ള ഇവിടം ഇന്ന് ഒരു പഠന-ഗവേഷണ കേന്ദ്രമാണ്. ഇവിടെയത്തെുന്നവര്‍ക്ക് താമസ-ഭക്ഷണ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

ലക്ഷ്മി ആശ്രമം ആണ് മറ്റൊന്ന്. സരള ആശ്രമം എന്നും അറിയപ്പെടുന്ന ഇവിടം മഹാത്മാഗാനധിയുടെ ശിഷ്യകളില്‍ ഒരാളായ കാതറിന്‍ ഹില്‍മാന്‍ 1948ലാണ് സ്ഥാപിച്ചത്. പിന്നത്ത് ടെമ്പിള്‍, ശിവ ടെമ്പിള്‍, രുദ്രഹരി മഹാദേവ് ടെമ്പിള്‍, കോട് ബ്രമരി ടെമ്പിള്‍, ബൈജ്നാഥ് എന്നിവയാണ് മേഖലയിലെ ക്ഷേത്രങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് 2750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പിന്നത്ത് ക്ഷേത്രത്തില്‍ ഹിന്ദു ദേവനായ ഭൈറോണ്‍ ആണ് ആരാധനാ മൂര്‍ത്തി.

കൗസാനിയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ സോമേശ്വറിലാണ് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചന്ദ് വംശത്തിലെ സോംചന്ദ് രാജാവാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രം. സമകാലിക ഹിന്ദി കവിയായിരുന്ന സുമിത്ര നന്ദന്‍ പാന്തിന്റെ ജന്‍മദേശവും കൂടിയാണ് ഇവിടം. സുമിത്ര നന്ദന്‍ പാന്ത് ഗാലറി എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ഓര്‍മക്കായി മ്യൂസിയം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൈപ്പടയിലുള്ള കവിതകളും മറ്റു സാഹിത്യ സൃഷ്ടികള്‍ക്കുമൊപ്പം ഇദ്ദേഹത്തിന് ലഭിച്ച അവാര്‍ഡുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

എല്ലാ ജന്‍മവാര്‍ഷിക ദിവസങ്ങളിലും മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കവിയെ ഓര്‍മിക്കാന്‍ സമ്മേളനവും സംഘടിപ്പിക്കാറുണ്ട്. ട്രക്കിംഗ്, റോക്ക് കൈ്ളമ്പിംഗ് പ്രിയര്‍ക്കായി സാഹസിക വഴികള്‍ ഒരുക്കിവെച്ചാണ് കൗസാനി കാത്തിരിക്കുന്നത്. സുന്ദര്‍ ദുംഗ, പിണ്ടാരി ഗ്ളേസിയര്‍, മിലാം ഗ്ളേസിയര്‍ എന്നീ ട്രക്കിംഗ് റൂട്ടുകള്‍ രാജ്യമെമ്പാടുമുള്ള ട്രക്കിംഗ് പ്രിയരുടെ സ്വപ്ന ഭൂമിയാണ്. ഉത്തരായനി (മറ്റിടങ്ങളില്‍ മകരസംക്രാന്തി) ആണ് ഇവിടത്തെ പ്രധാന ആഘോഷം.

പാന്ത്നഗര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്ത എയര്‍ബേസ്. ഇവിടെ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ ഉണ്ട്. കാത്ഗോഡാം ആണ് റെയില്‍വേ സ്റ്റേഷന്‍. ചെലവുകുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി കൗസാനി ബസ്സ്റ്റേഷനിലേക്ക് ഉത്തരഖണ്ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് സന്ദര്‍ശകര്‍ ധാരാളമായി എത്താറ്.

റാണിഘട്ട്, നൈനിറ്റാള്‍, പിറ്റോര്‍ഗര്‍, അല്‍മോറ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ദലഹിയിലേക്ക് സ്വകാര്യബസുകളും ധാരാളം ഓടുന്നുണ്ട്.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 49

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 49

രാംഗർ

ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ് രാംഗര്‍. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനെ മല്ല എന്ന പേരിലും കുന്നിന് താഴെ സ്ഥിതി ചെയ്യുന്ന ഭാഗത്തെ തല്ല എന്ന പേരിലും സ്ഥലത്തെ രണ്ടായി തിരിച്ചിരിക്കുന്നു. 1400 മുതല്‍ 1900 വരെയാണ് പ്രദേശത്തിന്റെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം. ‘കുമാവോണിന്റെ ഫലതാലം’ എന്ന പേരില്‍ സ്ഥലം അറിയപ്പെടുന്നു. പീച്ച്, ആപ്രിക്കോട്ട്, പിയഴ്സ്, ആപ്പിള്‍ പഴങ്ങള്‍ നിറഞ്ഞ ഫലോദ്യാനം കൊണ്ട് അനുഗ്രഹീതമായ സ്ഥലമായതിലാണ് പ്രസ്തുത വിശേഷണം ലഭിക്കാന്‍ കാരണം.

ബഹളമയമായ സിറ്റി ലൈഫില്‍ നിന്ന് രക്ഷ തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ഗമാണ് രാംഗര്‍. മഞ്ഞുമൂടി ഹിമാലയന്‍ ദൃശ്യങ്ങളും വിസ്മയിപ്പിക്കുന്ന അന്തരീക്ഷവും സ്ഥലത്തെ മികച്ച അവധിക്കാല വിനോദകേന്ദ്രമാക്കി മാറ്റുന്നു. ബ്രിട്ടീഷുകാര്‍ ഭൂരിഭാഗം സമയവും ഇവിടെയായിരുന്നു ചിലവഴിക്കാറ്. സ്ഥലത്തിന്റെ വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തില ആകര്‍ഷഠരായ പ്രശസ്തരായ രബിന്ദ്രനാഥ് ടാഗോര്‍, നരേയ്ന്‍ സ്വാമി എന്നിവര്‍ ഇവിടെ ആശ്രമങ്ങള്‍ സ്ഥാപിച്ചു.

അറിയപ്പെടുന്ന എഴുത്തുകാരിയായ മഹാദേവി വര്‍മയുടെ പേരില്‍ അറിയപ്പെടുന്ന ലൈബ്രറി സന്ദര്‍ശിക്കാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. അവരുടെ പ്രശസ്തമായ കഥയായ ‘ലച്ച്മ’ എഴുതാന്‍ പ്രചോദനം നല്‍കിയത് ഈ ലൈബ്രറിയാണ്. നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങളുള്ള രാംഗറിലെ ശ്രി അരോബിന്ദോ ആശ്രമം വളരെ പ്രശസ്തമാണ്. സന്ദര്‍ശകര്‍ക്കായി യോഗയും മെഡിറ്റേഷന്‍ ക്ളാസ്സുകളും ഈ ആശ്രമം ഒരുക്കാറുണ്ട്.

സമയമനുവദിക്കുമെങ്കില്‍ സഞ്ചാരികള്‍ കുമാവേണ്‍ മണ്ഡല്‍ വികാസ് നിഗം ( KMVN), ശ്രീ നരേയ് സ്വാമി ആശ്രം, ഗിരിജാ ദേവീ ക്ഷേത്രം എന്നിവയും കാണുന്നത് നല്ലതായിരിക്കും. രാംഗറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മുക്തേശ്വറാണ് സമീപത്തെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം. ശിവപ്രതിഷ്ഠയുള്ള 350 വര്‍ഷത്തോളം പഴക്കമുള്ള അമ്പലമാണ് ഈ സ്ഥലത്തെ പ്രശസ്തമാക്കുന്നത്.

ഇവ കൂടാതെ സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലമാണ് നാതുഖാന്‍. മനോഹരവും ശാന്തവുമായ ഒരു ഉള്‍ ഗ്രാമമാണ് നാതുഖാന്‍. ഓക്, പൈന്‍, ബിര്‍ച്ച്, കഫായി മരങ്ങള്‍ തഴച്ചു വളരുന്ന ഗ്രാമമാണിത്. 12 ചെറുഗ്രാമങ്ങള്‍ ചേര്‍ന്നതാണ് രാംഗര്‍. നവാദ, ഗാവേണ്‍, തലാതണ്ട, ബഗീച, താപുക്, ലമാഖാന്‍, മല്ലാടണ്ട, കനാല, കഫാദാരി, ജോര്‍പ്രോ, ബനോല, ബുംഗ എന്നിവയാണവ. ബോബ്സ് പാലസ് എന്നറിയപ്പെടുന്ന പൈതൃക കെട്ടിടവും ഇവിടെയുണ്ട്. ഇവിടെ സന്ദര്‍ശകര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നു.

സാഹസിക പ്രവൃത്തികളായ മലകയറ്റം, റാപ്പല്ലിങ്, മൗണ്ടയ്ന്‍ ബൈക്കിങ് എന്നിവ ആസ്വദിക്കാനും രാംഗറില്‍ സൗകര്യമുണ്ട്. കോസി പുഴയിലെ മഹ്സീര്‍ മീന്‍പിടിത്തവും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. കോസി പുഴയുടെ തീരത്ത് കൂടാരം കെട്ടിയുള്ള ക്യാമ്പിങും വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാവുന്നതാണ്.

ന്യൂദല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടുമായി യാത്രാസൗകര്യമുള്ള പാന്ത്നഗര്‍ എയര്‍പോര്‍ട്ടാണ് അടുത്ത വ്യോമകേന്ദ്രം. കാത്ഗോഥാം റെയില്‍വേസ്റ്റേഷനാണ് അടുത്തുള്ള റെയല്‍വേസ്റ്റേഷന്‍. ഇവിടെ നിന്ന് രാംഗറിലേക്ക് പ്രീപെയ്ഡ് ടാക്സി ലഭ്യമാണ്. നൈനിറ്റാളില്‍ നിന്നും നൗകുചിയാതാലില്‍ നിന്നും രാംഗറിലേക്ക് ബസുകളും ലഭ്യമാണ്.

റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം രാംഗറിലത്തൊം. ബസ്സും ടാക്സികളും ക്യാബും നിരവധി ലഭ്യമാണ്.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 48

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 48

കനറ്റാല്‍

ഹരിത ശോഭയാര്‍ന്ന പ്രകൃതി,മഞ്ഞു പുതച്ച മാമലകള്‍ തുടങ്ങി ഒരു ചിത്രകാരന്റെ പെയിന്റിങ്ങിലെന്ന പോലെ മിഴിവാര്‍ന്നതാണ് കനറ്റാല്‍ എന്ന ഈ കൊച്ചു ഗ്രാമത്തിലെ കാഴ്ചകള്‍. ഇടതൂര്‍ന്ന വനങ്ങളും നദികളും പക്ഷിമൃഗാധികളും നിറഞ്ഞ് തികച്ചും സ്വര്‍ഗീയമായ അനുഭവമാണ് ഇവിടം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഉത്തരാഖണ്ടിലെ ടെഹ്‌രി ഗര്‍ഹ്വാള്‍ ജില്ലയിലെ ചമ്പ-മുസ്സൂറി ഹൈവേയിലാണ് ഈ സുന്ദര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 8500 അടിയോളം ഉയരമുണ്ട് ഈ പ്രദേശത്തിന്.

കാലങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായിരുന്ന കനറ്റാല്‍ എന്നു പേരുള്ള തടാകത്തില്‍ നിന്നാണ് ഈ പ്രദേശത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്. എന്നാല്‍ ഈ തടാകം ഇവിടെ നില നിന്നിരുന്നതിന്റെ ഒരു ലക്ഷണവും ഇന്നിപ്പോള്‍ കണ്ടെത്താന്‍ കഴിയില്ല. സുര്‍ഖന്ധ ദേവി ക്ഷേത്രമാണ് കനറ്റാലിലെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. ഭഗവാന്‍ പരമശിവന്‍ പത്നിയായ സതി ദേവിയുടെ മൃത ശരീരവുമായി കൈലാസത്തിലേക്ക് പോകുന്ന വേളയില്‍ ദേവിയുടെ ശിരസ്സ് ഈ പ്രദേശത്തായി വീഴുകയുണ്ടായെന്നാണ് ഐതിഹ്യം.

സതി ദേവിയുടെ വിവിധ ശരീര ഭാഗങ്ങള്‍ വീണ സ്ഥലങ്ങള്‍ ശക്തി പീഠങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അതിലൊന്നാണ് ഈ സുര്‍ഖന്ധ ദേവി ക്ഷേത്രം. എല്ലാ മാസവും മെയ്‌ ജൂണ്‍ മാസങ്ങളില്‍ ഗംഗ ദശറ ഉത്സവം ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡാമുകളില്‍ ഒന്നായ ടെഹ്‌രി ഡാം ഇവിടെ സ്ഥിതി ചെയ്യുന്നു. കനറ്റാലിലെ പ്രധാന സന്ദര്‍ശന സ്ഥലമാണിത്. ഭാഗീരഥി നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാമില്‍ നിന്നാണ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുള്‍പ്പെടെയുള്ള യാത്രികര്‍ ഒട്ടേറെ സമയം ചെലവിടുന്ന പ്രധാന പിക്നിക് സ്പോട്ടാണ് കോടിയ ജംഗിള്‍. ഇതു വഴിയുള്ള കാനന സഞ്ചാരം തികച്ചും സാഹസികത നിറഞ്ഞതാണ്. യാത്രാമദ്ധ്യേ ഒട്ടനേകം കാട്ടരുവികള്‍ വനത്തിനുള്ളിലായി ഒഴുകുന്നത്‌ കാണാം. കുടാതെ കാട്ടു പന്നികള്‍, കേഴ മാന്‍, ഗോറല്‍, കസ്തൂരി മാന്‍ തുടങ്ങിയ മൃഗങ്ങളെയും ഈ പ്രദേശത്തായി കാണുവാന്‍ സാധിക്കും.

കനറ്റാലിന് 75 കിലോമീറ്റര്‍ അകലെയായി ശിവ് പുരി സ്ഥിതി ചെയ്യുന്നു. ഒട്ടേറെ ശിവ ക്ഷേത്രങ്ങള്‍ ഈ പരിസരത്തായി സ്ഥിതി ചെയ്യുന്നുണ്ട്. റിവര്‍ റാഫ്റ്റിംഗിന് കൂടി പേര് കേട്ട സ്ഥലമാണിത്. യാത്രികര്‍ക്ക് രാത്രി സമയത്ത് ഇവിടെ സജ്ജീകരിച്ചിട്ടുള്ള ക്യാമ്പുകളില്‍ താമസിക്കുകയും രാവിലെ റാഫ്റ്റിംഗിനായി നദിയിലേക്ക് ഇറങ്ങുകയും ചെയ്യാം. ശാന്തമായ അന്തരീക്ഷമാണ് യാത്രികരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ സഞ്ചാരികള്‍ വര്‍ഷാവര്‍ഷം അവധിക്കാലം ആഘോഷിക്കാന്‍ ഇവിടെയെത്തുന്നു. റോഡ്‌, റെയില്‍, വിമാന മാര്‍ഗങ്ങള്‍ വഴി മറ്റെല്ലാ നഗരങ്ങളില്‍ നിന്നും യാത്രികര്‍ക്ക് കനറ്റാലിലേക്ക് വന്നെത്താം. 92 കിലോമീറ്റര്‍ അകലെ ഡെറാഡൂണിലായി സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഗ്രാമത്തിനടുത്തുള്ള പ്രധാന വിമാനത്താവളം. ട്രെയിനിന്‍ വരുന്നവര്‍ക്ക് ഋഷികേഷ്, ഡെറാഡൂണ്‍ എന്നിവിടങ്ങളിലായി റെയില്‍വേ സ്റ്റേഷനുകളുണ്ട്. മുസ്സോറി, ഡെറാഡൂണ്‍, ഋഷികേഷ്, ഹരിദ്വാര്‍, ടെഹ്‌രി, ചമ്പ, മുസ്സോറി എന്നിവടങ്ങളില്‍ നിന്നും ബസ്സ്‌ സര്‍വീസുകളും ലഭ്യമാണ്. പ്രധാനമായും വേനല്‍ക്കാലവും ശീതകാലവുമാണ് ഇവിടെയുള്ള കാഴ്ചകള്‍ കാണാനും ട്രെക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സമയം.

ഡെറാഡൂണ്‍, ഋഷികേഷ്, ഹരിദ്വാര്‍, ടെഹ്‌രി, ചമ്പ, മുസ്സോറി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്നൊക്കെ ഇവിടേക്ക് ബസ്സ്‌, ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്. ന്യൂഡല്‍ഹിയിലെ കാശ്മീരി ഗേറ്റ് ഇന്റര്‍ സ്റ്റേറ്റ് ബസ്‌ ടെര്‍മിനലില്‍ നിന്നും മുസ്സോറി, ഋഷികേഷ്, ചമ്പ എന്നിവിടങ്ങളിലേക്ക് ബസുകള്‍ പുറപ്പെടുന്നുണ്ട്. യാത്രികര്‍ക്ക് സൗകര്യാര്‍ത്ഥം എ സി ബസുകളോ അതല്ലെങ്കില്‍ മറ്റു സാധാരണ ബസ് സര്‍വീസുകളോ യാത്രക്കായി തിരഞ്ഞെടുക്കാവുന്നതാണ്‌.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 47

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 47

അല്‍മോര

കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വനഭൂമികളുടെ ഹരിതാവരണമണിഞ്ഞ അല്‍മോര 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍ ഛാന്ദ്, കത്യൂര്‍ രാജവംശങ്ങളുടെ അധീനതയിലായിരുന്നു.

പര്‍വ്വത ശ്രേഷ്ടനായ ഹിമവാന്‍റെ മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന കൊടുമുടികള്‍ അല്‍മോരയിലെ സന്ദര്‍ശകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്ന് ഒരുപാടൊരുപാട് സഞ്ചാരികള്‍ ഈ ഭൂമികയുടെ വേറിട്ട കാഴ്ചകള്‍ കാണാന്‍ വര്‍ഷം തോറും ഇവിടെ എത്തിച്ചേരുന്നു. കസര്‍ദേവി ക്ഷേത്രം, നന്ദദേവി ക്ഷേത്രം, ചിതായി ക്ഷേത്രം, കതര്‍മല്‍ സൂര്യക്ഷേത്രം എന്നിങ്ങനെ പുണ്യപ്രതിഷ്ട നേടിയ ദേവാലയങ്ങളും ഇവിടെയുണ്ട്.

കുമയൂണി വാസ്തുകലയുടെ നൈപുണ്യം പ്രകടമാക്കുന്ന ഒരു പ്രാചീന ക്ഷേത്രമാണ് നന്ദദേവി ക്ഷേത്രം. ഛാന്ദ്കുലത്തിന്‍റെ കാവല്‍ദേവതയെ ആണ് ഇവിടെ കുടിയിരുത്തിയിട്ടുള്ളത്. ക്ഷേത്രദര്‍ശനത്തിനായി ഒരുപാട് വിശ്വാസികള്‍ ഇവിടെ എല്ലാ വര്‍ഷവും വന്നെത്താറുണ്ട്. രണ്ടാം നൂറ്റാണ്ടില്‍ പണിതതെന്ന് കരുതപ്പെടുന്ന കസറദേവി ക്ഷേതം ചരിത്ര, പുരാണങ്ങള്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരു കോവിലാണ്. സ്വാമി വിവേകാനന്ദന്‍ ധ്യാനനിമഗ്നനായി ഇവിടെ കഴിഞ്ഞിട്ടുണ്ടെന്ന് ഒരു പുണ്യ വിശ്വാസം ആളുകള്‍ക്കിടയിലുണ്ട്. അല്‍മോരയില്‍ നിന്ന് വെറും 5 കിലോമീറ്റര്‍ ദൂരമേയുള്ളു ഈ ക്ഷേത്രത്തിലേക്ക്.

മഞ്ഞിന്‍റെ ശിരോവസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന കൊടുമുടികള്‍ക്കിടയിലൂടെ സൂര്യന്‍റെ ഉദയാസ്തമനങ്ങള്‍ ഇവിടെയുള്ള ബ്രൈറ്റ് എന്‍ഡ് കോര്‍ണറില്‍ നിന്ന് നോക്കിക്കാണാം. രാത്രിയുടെ നീലിമയില്‍ ചന്ദ്രോദയവും കണ്‍ കുളിര്‍ക്കെ ഈ ഗിരിനിരകളില്‍ നിന്ന് കാണാം. ജീവിതത്തിലൊരിക്കല്‍ മാത്രം കരഗതമാവുന്ന ഈ അസുലഭാനുഭവം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. അല്‍മോരയിലെ സിംതോല, മര്‍തോല എന്നീ പ്രദേശങ്ങള്‍ പ്രകൃതിയുടെ മുഗ്ദ ഭാവങ്ങളെ ആവോളം കൈപ്പിടിയിലൊതുക്കിയ പ്രിയസഞ്ചാര കേന്ദ്രങ്ങളാണ്. മാനുകളും പുള്ളിപ്പുലികളും ഹിമാലയന്‍ കരടികളും യഥേഷ്ടം മേഞ്ഞ്നടക്കുന്ന ഡീര്‍ പാര്‍ക്കിലേക്ക് ഇവിടെ നിന്ന് വെറും 3 കിലോമീറ്റര്‍ ദൂരമേയുള്ളു. ഗോവിന്ദ് ഭല്ലഭ് പാന്ത് പബ്ലിക് മ്യൂസിയവും ബിന്‍സാര്‍ വന്യജീവി സങ്കേതവും അല്‍മോരയുടെ രണ്ട് ദൃശ്യവിരുന്നുകളാണ്. സഞ്ചാരിയുടെ അഭിരുചികള്‍ക്കൊത്ത് ഹിമാലയത്തിന്‍റെ മലമടക്കുകളിലൂടെ ട്രെക്കിംങും മൌണ്ടന്‍ ബൈക്കിംങും അല്‍മോര ഒരുക്കിയിട്ടുണ്ട്.

വ്യോമ, റെയില്‍, റോഡുകള്‍ വഴി അനായാസം അല്‍മോരയിലെത്താം. പാന്ത്നഗര്‍ വിമാനത്താവളവും കത്ഗൊഡം റെയില്‍വേ സ്റ്റേഷനുമാണ് അല്‍മോരയിലേക്കുള്ള ഏറ്റവും സമീപസ്ഥമായ യാത്രാ താവളങ്ങള്‍. അന്തരീക്ഷം പൊതുവെ അനുകൂലവും സുഖപ്രദവുമായ വേനല്‍കാലമാണ് അല്‍മോര സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം.

അല്‍മോരയില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം വഴിദൂരമുള്ള ഡല്‍ഹിയില്‍ നിന്ന് ഇവിടേക്ക് ധാരാളം ലക്ഷ്വറി ബസ്സുകള്‍ ഓടുന്നുണ്ട്. അല്‍മോരയുടെ സമീപ പട്ടണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകള്‍ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മുടക്കമൊന്നുമില്ലാതെ സര്‍വ്വീസ് നടത്തുന്നുമുണ്ട്.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 46

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 46

ഓലി

ഉത്തരാഖണ്ഡിലെ അതിസുന്ദരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഓലി. മഞ്ഞ്‌ മൂടിയ മലഞ്ചെരുവുകളും ദേവദാരു വനങ്ങളുടെ ഹരിതാഭയും ആണ്‌ ഓലിയിലെ കാഴ്‌ചകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്നത്‌. ഓലിയിലെ സ്‌കീയിങ്‌ കേന്ദ്രങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്‌. പുല്‍മേട്‌ എന്നര്‍ത്ഥം വരുന്ന ബുഗ്യാല്‍ എന്നൊരു പേരും കൂടി ഓലിയ്‌ക്കുണ്ട്‌. എട്ടാം നൂറ്റാണ്ട്‌ മുതലുള്ള ഓലിയുടെ ചരിത്രം പറയപ്പെടുന്നുണ്ട്‌. ആദി ശങ്കരാചാര്യര്‍ ഈ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ്‌ വിശ്വാസം.

ഓലിയുടെ മലഞ്ചെരുവുകളില്‍ കൂടി യാത്ര ചെയ്യുന്നവര്‍ക്ക്‌ നന്ദ ദേവി, മന പര്‍വതം, കാമത്ത്‌ മലനിരകള്‍ എന്നിവയുടെ മോനഹര ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയും. ആപ്പിള്‍ തോട്ടങ്ങളും ദേവദാരുനിറഞ്ഞ വനങ്ങളും ഓലിയില്‍ നിന്നുള്ള മറ്റ്‌ അതിമനോഹര ദൃശ്യങ്ങളാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 2800 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഓലില്‍ സ്‌കീയിങ്ങിനും ട്രക്കിങിനുമായി എത്തുന്നവര്‍ നിരവധിയാണ്‌.

അളകനന്ദ, നന്ദാകിനി നദികളുടെ സംഗമസ്ഥലമാണ്‌ നന്ദപ്രയാഗ്‌ . ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നന്ദപ്രയാഗ്‌ മതപരാമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌. ഇരുനദികളുടെയും ഈ സംഗമസ്ഥാനത്ത്‌ മുങ്ങി നിവര്‍ന്നാല്‍ പാപത്തില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്നാണ്‌ ഹിന്ദുമത പ്രകാരമുള്ള വിശ്വാസം. വര്‍ഷം തോറും ഇതിനായി ഇവിടെ എത്തുന്നവര്‍ നിരവധിയാണ്‌. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ബദരീനാഥിലേക്കും കേദാരനാഥിലേക്കുമുള്ള കവാടമായി കരുതപ്പെടുന്ന അഞ്ച്‌ പ്രയാഗുകളില്‍ ഒന്നാണിത്‌. വിഷ്‌മുപ്രയാഗ്‌, കര്‍ണപ്രയാഗ്‌, രുദ്ര പ്രയാഗ്‌, ദേവ പ്രയാഗ്‌ എന്നിവയാണ്‌ മറ്റ്‌ നാല്‌ പ്രയാഗുകള്‍. ലോക പ്രശസ്‌തി നേടിയ സ്‌കീയിങ്‌ കേന്ദ്രങ്ങളാണ്‌ ഓലിയിലേത്‌.

ഓലിയിലെ മഞ്ഞ്‌ വീണ മലഞ്ചെരുവുകള്‍ സ്‌കീയിങിനെ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാനുള്ള അവസരമാണ്‌ നല്‍കുന്നത്‌. ലോകത്തിലെ ഏറ്റവും നല്ല സ്‌കീയിങ്‌ സൈറ്റുകളില്‍ ഒന്നായാണ്‌ ഓലിയെ കണക്കാക്കുന്നത്‌. ഓലിയില്‍ സ്‌കീയിങ്‌ ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌. ഓലിയില്‍ വിവിധ ഏജന്‍സികള്‍ സ്‌കീയിങിനാവശ്യമായ സംവിധാനങ്ങളും വിവിധ പാക്കേജുകളും ലഭ്യമാക്കുന്നുണ്ട്‌. സ്‌കീയിങിന്‌ താല്‍പര്യമുള്ളവര്‍ക്ക്‌ ആവശ്യമായ പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്‌. സ്‌കീയിങ്‌ കഴിഞ്ഞാല്‍ ഓലിയില്‍ സന്ദര്‍ശകര്‍ ഇഷ്‌ടപ്പെടുന്നത്‌ ട്രക്കിങ്‌ ആണ്‌. ഹിമാലയന്‍ മലനിരകളിലെ ട്രക്കിങ്ങിന്‌ ഏറ്റവും അനുയോജ്യമായ മലഞ്ചെരുവുകളാണ്‌ ഇവിടുത്തേത്‌.

അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന ട്രക്കിങ്‌ റൂട്ടുകളാണ്‌ ഇവിടുത്തേത്‌. ഇതില്‍ മൂന്ന്‌ കിലോമീറ്ററോളം വരുന്ന അതിമനോഹരമായൊരു ട്രക്കിങ്‌ റൂട്ടുണ്ട്‌ . സമുദ്ര നിരപ്പില്‍ നിന്നും 2519 മീറ്റര്‍ മുതല്‍ 3049 മീറ്റര്‍ വരെ ഉയരത്തില്‍ വരുന്ന ഈ റൂട്ട്‌ നന്ദ ദേവി , മന പര്‍വതം ,ദുനഗിരി എന്നിവയുടെ മനോഹര ദൃശ്യങ്ങള്‍ കാട്ടിത്തരും. സ്‌കീയിങ്ങിനുള്ള ചെരുവുകളില്‍ കൃത്രിമമായി മഞ്ഞ്‌ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത തടാകമാണ്‌ ഓലി കൃത്രിമ തടാകം. അഞ്ച്‌ ബദ്രികളില്‍ ഒന്നായ ഭവിഷ്യ ബദ്രിയിലേയ്‌ക്ക്‌ തപോവനില്‍ നിന്നും കാല്‍ നടയായാണ്‌ യാത്ര ചെയ്യേണ്ടത്‌.

സമുദ്ര നിരപ്പില്‍ നിന്നും 2744 മീറ്റര്‍ ഉയരത്തിലുള്ള ഭിവിഷ്യ ബദ്രി കൊടും കാടിന്‌ മധ്യത്തിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ബദരീനാഥ്‌, യോഗ്‌ ധ്യാന്‍ ബദ്രി, ആദി ബദ്രി, വ്രിധ ബദ്രി എന്നിവയാണ്‌ മറ്റ്‌ പുണ്യക്ഷേത്രങ്ങള്‍. ദിനംപ്രതി കാലാവസ്ഥ പ്രതികൂലമാകുന്നതിനാല്‍ ഭാവിയില്‍ ബദരീനാഥ്‌ ക്ഷേത്രം അപ്രാപ്യമായി തീരുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഓലിയില്‍ നിന്നും മൂന്ന്‌ കിലോമീറ്റര്‍ അകലെയുള്ള ഗുര്‍സോ ബുഗ്യാല്‍ സമുദ്ര നിരപ്പില്‍ നിന്നും 3056 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഓലിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ്‌ സെയില്‍ധാര്‍ തപോവന്‍ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ പ്രകൃതി ദത്തമായൊരു അരുവിയും ക്ഷേത്രവും ഉണ്ട്‌. സെയില്‍ധാറില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയായി മറ്റൊരു നീരുറവ കൂടിയുണ്ട്‌.

ഓലിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ സമുദ്ര നിരപ്പില്‍ നിന്നും 3490 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തൃശൂല്‍ കൊടുമുടി. ശിവ ഭഗവാനില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. നിരവധി സ്‌കീയിങ്‌ ചെരുവുകള്‍ ഇവിടെയുണ്ട്‌. ഇന്‍ഡോ -ടിബറ്റന്‍ അതിര്‍ത്തി പോലീസിന്റെ പരിശീലന ക്യാമ്പ്‌ സ്ഥിതി ചെയ്യുന്നത്‌ ഇവിടെയാണ്‌. തൃശൂല്‍ കൊടുമുടിക്ക്‌ താഴെയാണ്‌ നിഗുഢതകള്‍ ഒളിഞ്ഞിരിക്കുന്ന രൂപ്‌കുണ്ട്‌ തടാകം. ഈ തടാകത്തില്‍ നിന്നും മനുഷ്യരുടെയും കുതിരകളുടേതുമായി അറുനൂറോളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. കൗശ്യായിനിയില്‍ നിന്നും ഹദിനി ബുഗ്യാലില്‍ നിന്നും ഈ കൊടുമുടി കാണാം.

ജോഷിമത്തില്‍ നിന്നും ഓലിയിലേയ്‌ക്ക്‌ ടാക്‌സികള്‍ ലഭിക്കും. ജോഷിമത്ത്‌, ഋഷികേശ്‌, ഹരിദ്വാര്‍, ഡെറാഡൂണ്‍ എന്നീ സമീപ പ്രദേശങ്ങളില്‍ നിന്നും ഉത്തര്‍ പ്രദേശ്‌ സര്‍ക്കാരിന്റെ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 45

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 45

ലാന്‍സ്‌ഡൗണ്‍ എന്ന കാലുദണ്ഡ

ഉത്തരാഖണ്ഡിലെ പുരി ജില്ലയിലെ ഒരു കന്റോണ്‍മെന്റാണ്‌ ലാന്‍സ്‌ഡൗണ്‍. സമുദ്രനിരപ്പില്‍ നിന്ന്‌ 1706 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലാന്‍സ്‌ഡൗണ്‍ മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ്‌. കാലുദണ്ഡ എന്നാണ്‌ പ്രാദേശികമായി ഇവിടം അറിയപ്പെടുന്നത്‌. കറുത്ത കുന്നെന്നാണ്‌ ഈ വാക്കിന്റെ അര്‍ത്ഥം. 1887ല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ്‌ ലാന്‍സ്‌ഡൗണ്‍ ആണ്‌ ഈ മലയോര പട്ടണം സ്ഥാപിച്ചത്‌.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇവിടം ഗര്‍വാള്‍ റൈഫിള്‍സിന്റെ പരിശീലന കേന്ദ്രമായിരുന്നു. ഇക്കാലത്ത്‌ സ്വാതന്ത്ര്യ സമരസേനാനികളുടെ പ്രധാന താവളങ്ങളില്‍ ഒന്നുകൂടിയായിരുന്നു ലാന്‍സ്‌ഡൗണ്‍. ഇന്ത്യന്‍ പട്ടാളത്തിലെ ഗര്‍വാള്‍ റൈഫിള്‍സിന്റെ ആസ്ഥാനം ഇവിടെയാണ്‌. ഓക്കുമരങ്ങളും പൈന്‍ മരങ്ങളും നിറഞ്ഞ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്‌ ലാന്‍സ്‌ഡൗണ്‍. അതിനാല്‍ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനുള്ള അവസരവും ഈ മലയോര പട്ടണം പ്രദാനം ചെയ്യുന്നു. ഇതിനെല്ലാം പുറമെ മികച്ച ഒരു ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ്‌ ലാന്‍സ്‌ഡൗണ്‍.

ലാന്‍സ്‌ഡൗണിലും പരിസരങ്ങളിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്‌. കണ്വാശ്രമം ഇവയില്‍ ഒന്നാണ്‌. ക്ഷേത്ര നഗരമായ പുരിയുടെ കവാടം എന്നറിയപ്പെടുന്ന പ്രശസ്‌തമായ ഈ ആശ്രമം കാടിന്‌ നടുവിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. വിശ്വാമിത്ര മഹര്‍ഷി ഇവിടെ തപസ്സ്‌ ചെയ്‌തിരുന്നതായി വിശ്വസിക്കപ്പെടുന്നു. ശിവ ക്ഷേത്രമായ തര്‍ക്കേശ്വര്‍ മഹാദേവ ക്ഷേത്രമാണ്‌ പ്രദേശത്തെ മറ്റൊരു പ്രധാന ആരാധനാലയം. സമുദ്രനിരപ്പില്‍ നിന്ന്‌ 2092 മീറ്റര്‍ ഉയരത്തില്‍ ഒരു കുന്നിന്‍ മുകളിലാണ്‌ ഈ ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷം തോറും ആയിരക്കണക്കിന്‌ വിശ്വാസികള്‍ ഇവിടം ദര്‍ശനം നടത്തുന്നു.

ഗര്‍വാള്‍ റൈഫിള്‍സ്‌ റെജിമെന്റിന്റെ യുദ്ധ സ്‌മാരകവും ഗര്‍വാലി മെസ്സും ഇവിടുത്തെ മറ്റു പ്രധാന കാഴ്‌ചകളാണ്‌. 1923 നവംബര്‍ 23ന്‌ അന്നത്തെ ഇന്ത്യന്‍ സൈന്യാധിപനായിരുന്ന ലോര്‍ഡ്‌ റാവ്‌ലിന്‍സണ്‍ ആണ്‌ യുദ്ധ സ്‌മാരകം സ്ഥാപിച്ചത്‌. ഗര്‍വാലി മെസ്സ്‌ ബ്രട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും പഴയ കെട്ടിടങ്ങളില്‍ ഒന്നാണ്‌. 1888ല്‍ ആയിരുന്നു ഇതിന്റെ നിര്‍മ്മാണം. ഇപ്പോള്‍ ഏഷ്യയിലെ ഏറ്റവും പ്രശസ്‌തമായ മ്യൂസിയങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ്‌ ഗര്‍വാലി മെസ്സ്‌.

ഭുല്ലാ താല്‍ ആണ്‌ ലാന്‍സ്‌ഡൗണിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഗര്‍വാള്‍ റൈഫിള്‍സിലെ യുവ സൈനികര്‍ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഒരു കൃത്രിമ തടാകമാണ്‌ ഭുല്ലാ താല്‍. ഭുല്ലാ എന്ന ഗര്‍വാലി വാക്കിന്റെ അര്‍ത്ഥം കൊച്ചനുജന്‍ എന്നാണ്‌. തടാകത്തില്‍ ബോട്ടിംഗ്‌, പാഡ്ഡ്‌ലിംഗ്‌ എന്നിവയില്‍ ഏര്‍പ്പെടാനുള്ള അവസരമുണ്ട്‌. കുട്ടികളുടെ പാര്‍ക്ക്‌, മുളയില്‍ നിര്‍മ്മിച്ച ഏറുമാടങ്ങള്‍, മനോഹരമായ കുളങ്ങള്‍ എന്നിവയും ഇവിടെ കാണാം.

റെജിമെന്റല്‍ മ്യൂസിയം, ദുര്‍ഗ്ഗാദേവി ക്ഷേത്രം, ടിപ്‌ ഇന്‍ ടോപ്‌ എന്നിവയും ഈ പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്‌.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക്‌ കാനനയാത്ര നടത്താനും ട്രെക്കിംഗിനും ഇവിടെ അവസരമുണ്ട്‌. മേഖലയിലെ ഏറ്റവും പ്രശസ്‌തമായ ട്രെക്കിംഗ്‌ പാതയാണ്‌ ലവേഴ്‌സ്‌ ലെയ്‌ന്‍. ഇതുവഴിയുള്ള മലകയറ്റം ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും. ഇവിടുത്തെ കാടുകള്‍ സസ്യജന്തു ജാലങ്ങളാല്‍ സമ്പന്നമാണ്‌. കാട്ടിലൂടെ നടന്ന്‌ പ്രകൃതി ഭംഗി ആസ്വദിക്കാനും കാഴ്‌ചകള്‍ കാണാനുമുള്ള അവസരവും ഇവിടെയുണ്ട്‌. കാനനയാത്രകളും ട്രെക്കിംഗും സംഘടിപ്പിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍മാരുടെ സഹായത്തോടെ കുറഞ്ഞ ചെലവില്‍ ഇവയെല്ലാം ആസ്വദിക്കാവുന്നതാണ്‌.

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ റോഡ്‌ മാര്‍ഗ്ഗമോ ലാന്‍സ്‌ഡൗണില്‍ എത്താം. ഡറാഡമിലെ ജോളി ഗ്രാന്റ്‌ എയര്‍പോര്‍ട്ടാണ്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം. കൊട്വാരയാണ്‌ സമീപസ്ഥമായ റെയില്‍വെ സ്റ്റേഷന്‍. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ മാര്‍ച്ച്‌ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ്‌ ലാന്‍സ്‌ഡൗണ്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

ലാന്‍സ്‌ഡൗണില്‍ നിന്ന്‌ സമീപ പ്രദേശങ്ങളിലേക്കെല്ലാം ബസ്‌ സര്‍വ്വീസുകള്‍ ലഭ്യമാണ്‌. ഡെറാഡം, ഹരിദ്വാര്‍, മുസ്സൂറി എന്നിവിടങ്ങളില്‍ നിന്ന്‌ ലാന്‍സ്‌ഡൗണിലേക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 44

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 44

മോറി ഗ്രാമം

മോറി ഗ്രാമം സ്ഥിതിചെയ്യുന്നത് ഉത്തര്‍ഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 3700 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. ടോണ്‍ നദിയുടെ കരയില്‍ ജോന്‍സര്‍ ബാവര്‍ പ്രദേശത്താണ് ഈ ഈ സ്ഥലം. ടോണ്‍നദി തമാസ് എന്നും അറിയപ്പെടുന്നു. മോറി, ടോണ്‍സ് താഴ്വരയുടെ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്. ടോണ്‍ നദിയെപ്പറ്റി പല കഥകളുമുണ്ട്.

അതിലൊന്ന് ഹിന്ദു ഇതിഹാസമായ മഹാഭാരതത്തിലെ ബുഭ്രുവാഹന്‍ എന്ന എന്ന കഥാപാത്രത്തിന്‍റെ കണ്ണുനീരില്‍ നിന്നാണ് ടോണ്‍ നദിയുണ്ടായത് എന്നാണ്. അതുകൊണ്ട് തന്നെ തദ്ദേശവാസികള്‍ ഈ പുഴയിലെ വെള്ളം കുടിക്കാറില്ല. എന്നാല്‍ മറ്റ് ചിലരുടെ വിശ്വാസം അനുസരിച്ച് രാമായണത്തിലെ കഥാപാത്രമായ ശൂര്‍പ്പണഖയുടെ കണ്ണുനീരാണ് ഈ നദിയിലെ ജലം.

ഈ പ്രദേശത്തുകാര്‍ വിശ്വസിക്കുന്നത് തങ്ങള്‍ പാണ്ഡവരുടെയും, കൗരവരുടെയും പിന്‍മുറക്കാരാണെന്നാണ്. കൗരവരെ അവര്‍ ആരാധിക്കുകയും ചെയ്യുന്നു. ജഖോള്‍ ഗ്രാമത്തിലെ ഒരു പ്രധാന സന്ദര്‍ശന സ്ഥലം കൗരവരിലെ മൂത്ത പുത്രനായ ദുര്യോധനന്‍റെ ക്ഷേത്രമാണ്. സോര്‍ ഗ്രാമവാസികളാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തിങ്ങിനിറഞ്ഞ പൈന്‍മരക്കാടുകളാല്‍ സമ്പന്നമാണ് മോറി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൈന്‍മരക്കാടായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ക്യാമ്പ് ചെയ്യാന്‍ അനുയോജ്യമായ ഇവിടെ ധാരാളം സ്വകാര്യ റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ന്യാമയാ തുക മാത്രമേ ഇവര്‍ ഈടാക്കുന്നുള്ളു. അതിന് പുറമേ ബാര്‍ബിക്യു, ബോണ്‍ഫയര്‍ എന്നിവയും സന്ദര്‍ശകര്‍ക്ക് ലഭ്യമാക്കി ഇവിടുത്തെ സന്ദര്‍ശനം അവിസ്മരണീയമാക്കാന്‍ അവര്‍ ശ്രമിക്കുന്നു.

സാഹസിക യാത്രക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ് മോറി. സാഹസിക വിനോദങ്ങളായ ആംഗ്ലിങ്ങ്, റാഫ്റ്റിങ്ങ്, കയാകിങ്ങ് എന്നിവയൊക്കെ ഇവിടെ അനുഭവിച്ചറിയാം. ഇവയൊക്കെ ടോണ്‍ നദിയിലാണ് സംഘടിപ്പിക്കുന്നത്. ടോണ്‍ നദിയുടെ ഉത്ഭവം ബണ്ഡര്‍പുഞ്ച് പര്‍വ്വതത്തില്‍ നിന്നാണ്. യമുനാനദിയുടെ പ്രധാന പോഷകനദിയാണ് ടോണ്‍.. നദിയിലുള്ള സാഹസികതക്ക് പുറമേ ട്രെക്കിങ്ങ്,റാപ്പെല്ലിങ്ങ്,കാനനയാത്രകള്‍, പര്‍വ്വതാരോഹണം എന്നിവക്കും മോറിയില്‍ സൗകര്യമുണ്ട്.

മോറിയിലേക്ക് വിമാനം,ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലെല്ലാം എത്തിച്ചേരാം. മോറിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടാണ്. ഇത് നഗരത്തില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയാണ്. രെയില്‍വേസ്റ്റേഷനും ഡെറാഡൂണില്‍ തന്നെയാണ്. മോറിയിലേക്ക് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

മഴക്കാലവും, വേനല്‍ക്കാലവുമാണ് സന്ദര്‍ശനയോഗ്യമായ കാലം. വേനല്‍ക്കാലത്ത് ട്രെക്കിങ്ങും, മഴക്കാലത്ത് കയാകിങ്ങ്, റാഫ്റ്റിങ്ങ് എന്നിവയും നടത്താം.

റോഡ് മാര്‍ഗ്ഗം വരുമ്പോള്‍ അടുത്തുള്ള നഗരങ്ങളില്‍ നിന്നെല്ലാം ബസ് ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ ധാരാളം ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 43

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 43

നൗകുചിയാതാള്

ഉത്തര്‍ഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഒരു ഗ്രാമമാണ് നൗകുചിയാതാള്‍. സമുദ്രനിരപ്പില്‍ നിന്ന് 1219 അടി ഉയരത്തിലുള്ള തടാകതീരത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് ഇത്. നൗകുചിയാതാളിലെ തടാകവും, സാഹസിക ടൂറിസത്തിനുള്ള അവസരവും ഇവിടം ഒരു അവധിക്കാല സഞ്ചാരകേന്ദ്രമാക്കുന്നു. വൈവിധ്യപൂര്‍ണ്ണമായ പക്ഷികളുടെയും, ശലഭങ്ങളുടെയും കേന്ദ്രമായ ഇവിടെ പക്ഷിനിരീക്ഷണത്തിന് അനുയോജ്യമായ സ്ഥലമാണ്. ബോട്ടുസവാരി, നീന്തല്‍, ചൂണ്ടയിട്ട് മീന്‍പിടുത്തം എന്നിവയൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദങ്ങളില്‍ പെടുന്നു. നൗകുചിയാതാളിന്‍റെ ഉള്‍പ്രദേശങ്ങളിലൂടെയുള്ള സാഹസികമായ മൗണ്ടന്‍ ബൈക്കിങ്ങും ഒരു പ്രധാന ആകര്‍ഷണമാണ്.

നൗകുചിയാതാള്‍ തടാകം ഒമ്പത് മൂലകളുള്ള തടാകം എന്നും അറിയപ്പെടുന്നു. ധ്യാനത്തിന്‍റെ പൂര്‍ണ്ണതയായ നിര്‍വ്വാണാവസ്ഥയിലെത്തിയാല്‍ ഈ ഒമ്പത് മൂലകളും കാണാനാവുമെന്നാണ് സങ്കല്പം. ഏറെ ഉറവകളുള്ള ഈ തടാകം വര്‍ഷം മുഴുവന്‍ ഒരേ പോലെ ജലസമൃദ്ധമാണ്. തടാകത്തിലെ ബോട്ട് സവാരിയും, സമീപപ്രദേശങ്ങളിലൂടെയുള്ള പാരാഗ്ലൈഡിങ്ങും ഇവിടുത്തെ പ്രധാന വിനോദങ്ങളാണ്. ഏറെ തടാകങ്ങളുള്ള സ്ഥലമായ ഭീംതാള്‍ ഇവിടെ നിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണ്. മറ്റൊരു ആകര്‍ഷണകേന്ദ്രം ഏഴ് തടാകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന സാത്താളാണ്. നൗകുചിയാതാളില്‍ നിന്ന് ആറുകിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം.

വിമാനം, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലെല്ലാം നൗകുചിയാതാളില്‍ എത്തിച്ചേരാം. പാന്ത് നഗര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം. ഏറ്റവും സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കാതഗോഡമാണ്. നൈനിറ്റാള്‍ തുടങ്ങിയ സമീപ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. വേനല്‍ക്കാലവും, മഴക്കാലത്തിന് ശേഷവുമാണ് ഇവിടെ സന്ദര്‍ശകരേറെയും എത്തുന്നത്.

അടുത്തുള്ള നഗരങ്ങളില്‍ നിന്നെല്ലാം ബസ് സര്‍വ്വീസ് നൗകുചിയാതാളിലേക്കുണ്ട്. നൈനിറ്റാളില്‍ നിന്ന് 26 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്തിച്ചേരാം. ഡെല്‍ഹിയില്‍ നിന്ന് സ്വകാര്യ, സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.




ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 42

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 42

പൗരി

സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൃശ്യഭംഗിനിറഞ്ഞ വിനോദസഞ്ചാര കേന്ദ്രമാണ് പൗരി. ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ ജില്ലയിലെ ആസ്ഥാനമാണ് പൗരി. കണ്ടോലിയ മലനിരകളുടെ വടക്കന്‍ ചരിവായ പൗറി ദേവദാരുക്കാടുകള്‍ നിറഞ്ഞതാണ്. വിനോദസഞ്ചാരികള്‍ക്ക് അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് പൗരി കാഴ്ച വക്കുന്നത്. മഞ്ഞുമൂടിയ മലനിരകളായ ബണ്ഡാര്‍പഞ്ച്, ജോന്‍ലി, ഗാംഗോത്രി ഗ്രൂപ്പ്, നന്ദാദേവി, ത്രിശൂല്‍, ചൗഖാംബ, ഗോരി പര്‍വത്, സ്വര്‍ശരോഹിണി, ജോഗിന്‍ ഗ്രൂപ് തലയ്യസാഗര്‍, കേദാര്‍ നാഥ്, സുമേരു, നീല്‍ കാന്ത് എന്നിവടങ്ങളിലെ കാഴ്ള്‍ ആസ്വാദ്യകരമാണ്. അളകനന്ദ, നയാര്‍ എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍.

പിക്നിക് കേന്ദ്രങ്ങളാലും, ക്ഷേത്രങ്ങളാലും , കാഴ്ചാകേന്ദ്രങ്ങളാലും പ്രശസ്തമാണ് പൗറി. ചൗഖാംബ കാഴ്ചാകേന്ദ്രത്തില്‍ നിന്ന് ലഭ്യമാകുന്ന ഹിമാലയന്‍ കൊടുമുടിക്കാഴ്ചയും മഞ്ഞുപാടികള്‍ ഒഴുകി നടക്കുന്ന ദൃശ്യവും നയനസുന്ദരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ മുകളലുള്ള ഖിര്‍സുവാണ് മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രം. ശബ്ദമുഖരിതമായ നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി കിളികളുടെ കളകളാരവം മാത്രമുള്ള ശാന്തമായ സ്ഥലമാണ് പൗറി.

പൗറിയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ഥാറി ദേവിയും സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലമാണ്. ഥാരി ദേവിക്ക് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രം തീര്‍ഥാടനകേന്ദ്രം കൂടിയാണ്. ആദിശങ്കരന്‍ നിര്‍മിച്ച ശിവക്ഷേത്രമായ ക്യൂന്‍കലേശ്വര്‍ ക്ഷേത്രവും സഞ്ചാരികള്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്ന് 3100 മീറ്റര്‍ ഉയരത്തിലുള്ള ദൂത് ഹട്ടോലിയാണ് മറ്റൊരു മനോഹരമായ സ്ഥലം.

കണ്ടോലിയ ക്ഷേത്രം, സിദ്ദിബാലി ക്ഷേത്രം, ശങ്കര്‍ മാത്, കെശോറി മാത്, ജ്വാല്‍പ ദേവീ ക്ഷേത്രം, എന്നിവയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. പ്രസിദ്ധസ്ഥലങ്ങളായ ലാല്‍ദംഗ്, അദ്വാനി, താരാ കുന്ദ്, കോട്ദ്വാര, ഭരത് നഗര്‍, ശ്രീനഗര്‍ എന്നിവയും പൗറിയിലാണ്. ദേവാലിലെയും കന്ദയിലെയും പുരാനനക്ഷേത്രങ്ങളും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

മീന്‍പിടിത്തവും സൈക്ളിങ്ങുമാണ് ഇവിടത്തെ പ്രധാന വിനോദങ്ങള്‍. നയാര്‍ പുഴയില്‍ നീന്തലും ആസ്വദിക്കാം. എയര്‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ ഇവിടെയത്തൊം. ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടാണ് അടുത്ത വ്യോമ കേന്ദ്രം. ഡെഹ്റാഡൂണിലെ ഈ വിമാനത്താവളത്തില്‍ നിന്ന് പൗറിയിലേക്ക് 185 കിലോമീറ്ററാണ് ദൂരം. കോട്ട്ദ്വാര റെയില്‍വേസ്റ്റേഷനില്‍ നിന്ന് പൗറിയിലേക്ക് ടാക്സി വഴി എളുപ്പമത്തൊം. അയല്‍ നഗരങ്ങളായ റിഷികേഷ്, ഹരിദ്വാര്‍, ഡെഹ്റാഡൂണ്‍, മുസ്സൂറി എന്നിവടങ്ങളിലേക്ക് പൗറിയില്‍ നിന്ന് ബസുകള്‍ സുലഭമാണ്. സുഖകരമായ കാലാവസ്ഥ നിലനില്‍ക്കുന്ന മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവാണ് പൗറി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം.

കോട്ദ്വാര

പൗറി ഗാര്‍ഹ്വാള്‍ ജില്ലയിലെ ഏക സമതല നഗരമായ കോട്ദ്വാര വന്‍ ബിസിനസ് കേന്ദ്രം കൂടിയാണ്. ഖോ പുഴയുടെ തീരത്തെ ഏക റെയില്‍വേ ടെര്‍മിനസും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 650 മീറ്റര്‍ മാത്രമാണ് കോട്ദ്വാരയുടെ ഉയരം. ജില്ലയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച ചൂടേറിയ സ്ഥലമാണ് കോട്ദ്വാര.

1953 വരെ ചെറിയ ബിസിനസ് കേന്ദ്രമായിരുന്ന ഇവിടെ ആ വര്‍ഷം വന്ന റെയില്‍ സൗകര്യം നഗരത്തെ വന്‍ ബിസിനസ് കേന്ദ്രമാക്കി മാറ്റിയതായി ചരിത്രം പറയുന്നു. 2.59 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുന്ന സ്ഥലത്തെ സിദ്ധിബാലി , ദുര്‍ഗാദേവി ക്ഷേത്രങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. കന്‍വാശ്രം, ഭരത് നഗര്‍, ചില, കല്‍ഗാര്‍ഹ് , മേദന്‍പുരി ദേവി, ശ്രീ കോടേഷ്വര്‍ മഹാദേവ് എന്നിവയാണ് അടുത്തുള്ള സന്ദര്‍ശിക്കാന്‍ പറ്റിയ ഇടങ്ങള്‍.

അദ്വാനിയിലത്തൊം

പൗറിയില്‍ നിന്ന് 17 കിലോമീറ്റര്‍ സഞ്ചിച്ചാല്‍ അദ്വാനിയിലത്തൊം. ഹരിതവനങ്ങളാല്‍ സുന്ദരമാണ് അദ്വാനി. സഞ്ചാരികള്‍ക്ക് താമസസൗകര്യം നല്‍കുന്ന ഫോറസ്റ്റ് റെസ്റ്റ് ഹൗസും ഇവിടുണ്ട്. പൗറിയില്‍ നിന്ന് ഇങ്ങോട്ട് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡുണ്ട്.

സിദ്ദിബാലി ക്ഷേത്രം

കോട്ദ്വാരയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഹനുമാന്‍ ക്ഷേത്രമായ സിദ്ദിബാലി സ്ഥിതി ചെയ്യുന്നത്. വര്‍ഷവും നിരവധി ഭക്തരത്തൊറുണ്ട് ഈ അമ്പലത്തില്‍.

ചൗഖാബ വ്യൂ പോയിന്റ്

ഹിമാലയന്‍ കൊടുമുടിയുടെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും മഞ്ഞുപാളികളുടെ അവിസ്മരണീയ കാഴ്ചകളും ചൗഖാബ വ്യൂപോയിന്‍റില്‍ നിന്ന് നിങ്ങള്‍ക്ക് മതിയാവോളം ആസ്വദിക്കാം. പ്രശാന്തത നിറഞ്ഞ ഈ സ്ഥലം ഓക്മരങ്ങളാലും ദാരികലിലെ റോസ് മരങ്ങളാലും നിറഞ്ഞ നിബിഡവനത്താല്‍ ചുറ്റപ്പെട്ടതാണ്. പൗറിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാല്‍ ഇദ്വാല്‍ താഴ്വരയും ചൗഖാംബാ കൊടുമുടിയും കാണാം. പ്രകൃതി സൗന്ദര്യ കനിഞ്ഞ് നല്‍കപ്പെട്ടിരിക്കുന്ന ഈ സ്ഥലം അത് കൊണ്ട് തന്നെ പിക്നിക് കേന്ദ്രം എന്ന നിലയിലും പ്രശസ്തമാണ്.

ശ്രീനഗര്

അളകനന്ദ നദിയുടെ പ്രശാന്തമായ തീരത്തെ തീര്‍ത്തും സുന്ദരമായ സ്ഥലമാണ് ശ്രീനഗര്‍. പൗറി ടൗണില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശ്രീനഗറാണ് ജില്ലയിലെ ഏറ്റവും വലിയ നഗരം. കോളനി കാലഘട്ടത്തിനുമുമ്പുള്ള ഗര്‍ഹ്വാള്‍ രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്ന ശ്രീനഗര്‍. മര്‍ത്യ ത്യാഗത്തിന്‍െറ പ്രതീകമായ ഒരു യന്ത്രമായ ശ്രീയന്ത്രയില്‍ നിന്നാണ് നഗരത്തിന്ന് ഈ പേര് വീണത്. 1879 ലാണ് ഇന്ന് കാണുന്ന ഈ നഗരം ആവിഷ്കരിച്ചത് .

7.79 ചതുരശ്ര കിലോമീറ്റല്‍ വ്യാപിച്ചു കിടക്കുന്ന ഈ നഗരം ചാര്‍ ദം യാത്രക്കിടയിലെ പ്രധാന ഇടത്താവളമാണ്. രഘുനാഥ് ക്ഷേത്രം, ബുലി ക്ഷേത്രം, സത്യനാരായണ്‍ ക്ഷേത്രം, കംസമാര്‍ദാനി ക്ഷേത്രം, കമലേശ്വര്‍ ക്ഷേത്രം, ഥാരിദേവി ക്ഷേത്രം, കിഷോറി മാത, ശങ്കര്‍ മത്, ബദരീനാഥ് മത എന്നിവയാണ് അടുത്തുള്ള മതകേന്ദ്രങ്ങള്‍.

ദേവേലേഗര്‍ഹ്, ശ്രീനഗര്‍

ശ്രീനഗറില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് ദേവേലേഗര്‍ഹ്. കങ്ക്ര രാജാവായ ദേവേലാണ് ഈ സ്ഥലം നിര്‍മിച്ചത്. ലക്ഷ്മിനാരായണ്‍ ക്ഷേത്രം, ഗൗരി ദേവി ക്ഷേത്രം, രാജരാജേശ്വരി ക്ഷേത്രം എന്നിവ ദേവേലേഗര്‍ഹിന് സമീപത്താണ്. അമ്പലത്തിലെ കല്ലുകളില്‍ നിരവധി ലിഖിതങ്ങള്‍ കൗതുകമുളവാക്കുന്നതാണ്. വിഷ്ണുഭഗവാന്‍െറ വിഗ്രഹമാണ് ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തലെ പ്രതിഷ്ഠ.

ശങ്കര്‍ മാത്, ശ്രീനഗര്‍

ശ്രീനഗര്‍ ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ശങ്കര്‍മാത്. ആദിശങ്കരന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. അമ്പലത്തിന്‍െറ ശ്രീകോവിലില്‍ വിഷ്ണുഭഗവവാന്‍െറയും ലക്ഷ്മീദേവിയുടെയും കല്‍ചിത്രങ്ങളുണ്ട്. ഇതിന്‍െറ രൂപകല്‍പന രീതി 17ാം നൂറ്റാണ്ടിലേതുമായി സാമ്യമുള്ളതാണ്.

കെഷോറി മാത്, ശ്രീനഗര്‍

വന്‍ പാറക്കല്ലുകൊണ്ട് നിര്‍മിച്ചിട്ടുള്ള കെഷോറി മാത് ഇതിന്‍െറ രൂപകല്‍പനകൊണ്ട് പ്രസിദ്ധമാണ്. പ്രധാന കവാടത്തിലെ ശിലയിലെ ലിഖിതങ്ങളില്‍ ഈ അമ്പലം 1682 എഡിയില്‍ കെഷോറി എന്നയാള്‍ നിര്‍മിച്ചതായി വ്യക്തമാക്കുന്നു.

കന്ദ, ശ്രീനഗര്‍

പൗറി ജില്ലാ ആസ്ഥാനത്ത്നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് കന്ദ ക്ഷേത്രങ്ങള്‍. ശ്രീനഗര്‍-ദെല്‍ചൗറി റോഡിലെ ദെല്‍ചൗറി ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉയരത്തിലാണ് ഈ അമ്പലങ്ങള്‍ പണിതിരിക്കുന്നത്. ലക്ഷ്മിനാരായണ്‍, ഉമാമഹോഷ്, സൂര്യന്‍, വിഷ്ണു എന്നിവരുടെ ചിത്രങ്ങളാണ് ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പത്താം നൂറ്റാണ്ടിന്‍േറതും പതിമൂന്നാം നൂറ്റാണ്ടിന്‍േറതുമായി സാമ്യമുള്ളതാണ്.

ദേവല്‍, ശ്രീനഗര്‍

വൈഷ്ണവക്ഷേത്രങ്ങള്‍ എന്ന പേരിലും അറിയപ്പെടുന്ന ദേവല്‍ ക്ഷേത്രങ്ങളാല്‍ പ്രശസ്തമാണ് ദേവല്‍. പൗറിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയാണ് 12 ക്ഷേത്രങ്ങള്‍ ചേര്‍ന്ന ദേവല്‍. നിര്‍മാണരീതിയനുസരിച്ച് ഈ ക്ഷേത്രകൂട്ടങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. 18 ,19 നൂറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മ്മിച്ചതാണ് ഒരു ഗ്രൂപ്പെങ്കില്‍ പതിനൊന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനുമിടക്ക് നിര്‍മിച്ചതാണ് രണ്ടാം ഗ്രൂപ്പ് അമ്പലങ്ങള്‍.

ലാല്‍ഥാങ് , ശ്രീനഗര്‍

പൗറിയില്‍ നിന്ന് 27 കിലോമീറ്റര്‍ അകലെ കോട്ദ്വാര തെഹ്സിലിലാണ് ലാല്‍ഥാങ് സ്ഥിതി ചെയ്യുന്നത്. പ്രധാന മാര്‍ക്കറ്റിന് സമീപത്തെ ശിവക്ഷേത്രമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. പാഞ്ച്യതാന്‍ ശിവലിംഗമാണ് ഇവിടത്തെ ശ്രീകോവിലിലെ പ്രതിഷ്ഠ. ശിവലിംഗത്തിന് ചുറ്റുമായി വിഷ്ണു, ബ്രഹ്മാവ്, സൂര്യന്‍, ഉമ, മഹേഷ് എന്നീ ദേവതകളുടെ ചിത്രങ്ങളാല്‍ അലങ്കരിച്ച രീതിയിലാണിത്. ഒമ്പതാം നൂറ്റാണ്ടിലെ ചിത്രകലയോട് സാമ്യമുള്ളതാണ് ഇത്. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പാണ്ടുവാലയില്‍ നന്നാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗം കൊണ്ടുവന്നിരിക്കുന്നത്. മധ്യകാലത്തിന് മുമ്പും പിമ്പുമുള്ള നിരവധി കെട്ടിടാവശിഷ്ടങ്ങള്‍ കണ്ടത്തെിയ സ്ഥലമാണ് പാണ്ടുവാല.

ഭരത് നഗര്

സമുദ്രനിരപ്പില്‍ നിന്ന് 1400 മീറ്റര്‍ ഉയരത്തിലാണ് ഭരത് നഗര്‍. കോട്ദ്വാരയില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരം. ഗംഗാ നദിയുടെ കുറുകെയുള്ള ബല്‍വാലി പാലം, കോട്ദ്വാര ടൗണ്‍, കലഗാര്‍ഹ് അണക്കെട്ട് എന്നിവയാണ് ഇവിടെ കാണാനുള്ള പ്രധാന വസ്തുക്കള്‍.

ക്യൂന്‍കലേശ്വര്‍ ക്ഷേത്രം

പൗറിയിലേക്കുള്ള സഞ്ചാരഭാഗമായി എട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ നിര്‍മിച്ച ക്ഷേത്രമാണ ക്യൂന്‍കലേശ്വര്‍ ക്ഷേത്രം. പ്രധാന നഗരത്തിന്‍െറ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തില്‍ പാര്‍വതിയും ഗണപതിയും കാര്‍ത്തികേയും അകമ്പടി സേവിച്ച് നില്‍ക്കുന്ന ശിവന്‍െറ പ്രതിഷ്ഠയാണ്. ശ്രീരാമന്‍, ലക്ഷ്മണന്‍, സീതാദേവി എന്നിവരുടെ വിഗ്രഹങ്ങളും ഈ അമ്പലത്തിലുണ്ട്. അമ്പലത്തിന് പശ്ചാത്തലമായി നില്‍ക്കുന്ന അളകനന്ദ താഴ്വരയില്‍ നിന്ന് നോക്കിയാല്‍ മഞ്ഞുമൂടിയ ഹിമാലയന്‍ പര്‍വ്വത കാഴ്ചകളും നഗരം മുഴുവനും ദര്‍ശിക്കാനാവും. മഹാശിവരാത്രി ഇവിടെ കെങ്കേമമായാണ് കൊണ്ടാടുന്നത്.

ദൂദ്ഹടോലി

സമുദ്രനിരപ്പീല്‍ നിന്ന 3100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ദൂദ്ഹടോലി. താലിസെയിനിലിറങ്ങിയാല്‍ 24 കിലോമീറ്റര്‍ ട്രക്കിങ് നടത്തി ദൂദ്ഹടോലിയില്‍ത്തൊം. മിശ്രവനത്താല്‍ നിബിഡമായ ഇവിടെ നിന്ന് ഹിമാലന്‍ പര്‍വ്വതനിരയുടെ കാഴ്ചകള്‍ കാണാം. പ്രമുഖ സ്വാതന്ത്ര സമര പോരാളിയായ ഗര്‍ഹ്വാളുകാരന്‍ വീര്‍ ചന്ദ്ര സിങ് ഗര്‍ഹ്വാലിക്ക് പ്രിയങ്കരമായ സ്ഥലമായിരുന്നു ദൂദ് ഹടോലി. അദ്ദേഹത്തിന്‍െറ അന്ത്യാഭിലാഷപ്രകാരം ഇവിടെ അദ്ദേഹത്തന്‍െറ മരണശേഷം ഒരു സ്മാരകം പണിതിട്ടുണ്ട്.

ജ്വാല്‍പാ ദേവീ ക്ഷേത്രം

പൗറിയില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള പ്രമുഖ മതകേന്ദ്രമാണ് ജ്വാല്‍പാ ദേവീ ക്ഷേത്രം. 350 മീറ്ററില്‍ പരന്നു കിടക്കുന്ന അമ്പലം നവാലിക പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഭക്തരുടെ ഏത് ആവശ്യവും നിറവേറ്റിക്കൊടുക്കുന്ന ദേവിയാണ് ജ്വാല്‍പാ ദേവിയെന്നാണ് വിശ്വാസം. നവരാത്രി നാളുകളില്‍ ഇവിടെ പ്രത്യേക ഉല്‍സവം നടക്കാറുണ്ട്. ജ്വാലാ ദേവീ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രം പൗറി റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

താരാകുന്ദ്

സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ സഞ്ചാരകേന്ദ്രമാണ് താരാകുന്ദ്. ചാരിസേര്‍ഹ് വികസന പ്രദേശത്തില്‍ പെട്ട പര്‍വ്വതങ്ങള്‍ക്കിടക്കാണ് താരാകുന്ദ്. അമ്പലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചെറിയ തടാകവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. പ്രൗഡമായി ഇവിടെ ആഘോഷിക്കുന്ന ഹിന്ദു ഉല്‍സവമാണ് ടീജ്.

കന്ദോലിയ ക്ഷേത്രം

പൗറി ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കന്ദോലിയ ക്ഷേത്രം. പ്രദേശവാസികള്‍ ഭൂമീ ദേവതയായി കാണുന്ന കന്ദോലിയ ദേവീയാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമാലയന്‍ കൊടുമുടിയുടെ മനോഹര ദൃശ്യങ്ങളും ഗംഗ്വാര്‍സ്യൂന്‍ താഴ്വരയുടെ ഭംഗിയും ഇവിടെ നിന്നും ആസ്വദിക്കാം. കന്ദോലിയയില്‍ നിന്ന് ബുവാഖായിയിലേക്ക് നാലു കിലോമീറ്ററോളം പൈന്‍-ഓക് വനങ്ങളുടെ ഇടയിലൂടെയുള്ള ട്രക്കിങ് ഉന്മേഷം പകരുന്ന അനുഭവം പ്രദാനം ചെയ്യും.

ഖിര്‍സു

പൗറിയില്‍ നിന്ന് 19 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഖിര്‍സു എന്ന മനോഹരമായ സ്ഥലത്തത്തൊം. മധ്യഹിമാലയന്‍ ഭാഗങ്ങളുടെ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഖിര്‍സു നിങ്ങള്‍ക്ക് കാഴ്ചവക്കുന്നത്. ശുദ്ധഗ്രാമീണഭംഗിയാണ് 1700 മീറ്റര്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ നിന്ന് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഓക്കും ദേവദാരുവും നിറഞ്ഞു നില്‍ക്കുന്ന പ്രകൃതിയും പക്ഷികളുടെ ശ്രവണസുന്ദരമായ ശബ്ദവും ഖിര്‍സുവിനെ മനോഹരിയാക്കുന്നു. പച്ച ആപ്പിള്‍ നിറഞ്ഞുനില്‍ക്കുന്ന ഫലോദ്യാനം സ്ഥലത്തിന് പ്രത്യേക വശ്യത നല്‍കുന്നു. ഗാന്ധിയാല്‍ ദേവതയുടെ പ്രതിഷ്ഠയുള്ള പുരാതന അമ്പലവും ഖിര്‍സുവിന് സമീപത്തുണ്ട്. ടൂറിസ്റ്റ് റെസ്റ്റ് ഹൗസും ഫോറസ്റ്റ് റെസ്റ്റ് ഹൗസും സന്ദര്‍ശകര്‍ക്ക് താമസസൗകര്യമൊരുക്കുന്നു



ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 41

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 41

പിതോരഘര്

ഉത്തര്‍ഘണ്ഡ് സംസ്ഥാനത്തിലെ ഒരു മനോഹര ജില്ലയാണ് പിതോരഘര്‍. പ്രബലനായ ഹിമാലയ പര്‍വ്വതത്തിലേക്കുള്ള പ്രവേശന മാര്‍ഗ്ഗമായി ഈ ജില്ല സ്ഥിതിചെയ്യുന്നു. ഉത്തര്‍ഘണ്ഡ് സംസ്ഥാനത്തില്‍ മഞ്ഞിന്‍റെ മേലങ്കിയണിഞ്ഞ സോര്‍ വാലിയിലാണ് ഗിരിപ്രഭാവന്‍ ഹിമവാന്‍റെ ദ്വാരപാലകനായ പിതോരഘര്‍.

വടക്ക് അല്‍മോര ജില്ലയുമായി അതിരിടുന്ന പിതോരഘറിനും അയല്‍ ദേശമായ നേപ്പാളിനുമിടയിലൂടെ കാളിനദി ഒരതിര്‍ത്തി രേഖയായ് ഒഴുകുന്നു. ഇവിടെയുള്ള പ്രാചീന ക്ഷേത്രങ്ങളും കോട്ടകളും ഏറിയപങ്കും പാല, ചാന്ദ് രാജവംശങ്ങളുടെ ഭരണകാലമായ പതിനഞ്ചാം നൂറ്റാണ്ടില്‍ പണിതവയാണ്. കുറച്ച്കാലം ഈ പ്രദേശം ബ്രഹ്മരാജാക്കന്മാരുടെ കൈകളില്‍ ആയിരുന്നെങ്കിലും ചാന്ദ് വംശജര്‍ അധികാരം പുനസ്ഥാപിക്കുകയും ബ്രിട്ടീഷ് ആധിപത്യം നിലവില്‍ വരുന്നത് വരെ ഇവിടം ഭരിക്കുകയും ചെയ്തു.

കുമയുനിയാണ് ഇവിടത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ സംസാരഭാഷ. ചെന്പ്, മെഗ്നീഷ്യം, ലൈംസ്റ്റോണ്‍, സ്ലേറ്റ് കല്ല് എന്നീ പ്രകൃതി ധാതുക്കളുടെ കലവറയാണ് ഈ പ്രദേശം. കോണിഫെരസ് മരങ്ങളും സാല്‍, ചിര്‍, ഓക്ക് എന്നിങ്ങനെ വൃക്ഷവൈവിധ്യങ്ങളും ഈ മേഖലയെ ഹരിതവനഭൂമിയാക്കുന്നു. പലജാതി മാനുകളും കടുവകളും അപൂര്‍വ്വയിനം പക്ഷികളും ഉരഗങ്ങളും ഈ വനങ്ങളില്‍ യഥേഷ്ടം വിഹരിക്കുന്നു.

നിരവധി ചര്‍ച്ചുകളും മിഷണറി സ്കൂളുകളും ബില്‍ഡിംങുകളും ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ പണിതിട്ടുണ്ട്. പിതോരഘറിലെത്തുന്ന സഞ്ചാരികള്‍ ഇവിടത്തെ കപിലേശ്വര്‍ മഹാദേവ ക്ഷേത്രം കാണേണ്ടതാണ്. ശിവനാണ് ഇവിടത്തെ പ്രതിഷ്ട. കപില എന്ന മാമുനി ഇവിടെ ധ്യാനത്തിലിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ധാരാളം ഭക്തജനങ്ങള്‍ ഈ ക്ഷേത്രത്തില്‍ വന്നെത്താറുണ്ട്. പിതോരഘറിന് 8 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന താല്‍ കേദാര്‍ ഇവിടത്തെ മറ്റൊരു പുണ്യ കേന്ദ്രമാണ്.

ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ ഒരുവിധത്തിലും കാണാന്‍ മറക്കാത്ത സഞ്ചാരകേന്ദ്രമാണ് ആശുര്‍ ചുലാ എന്ന മനോഹരമായ സാങ്ച്വറി. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രകൃതിരമണീയമായ ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്ന് 5412 അടി ഉയരത്തിലാണ്. ജോഹര്‍ താഴ്വരയിലേക്ക് കടക്കുന്നതിന് മുന്പുള്ള മുന്‍ശ്യാരിയാണ് അടുത്തതായി സന്ദര്‍ശകരെ ഭ്രമിപ്പിക്കുന്നത്. ജോഹറിലെത്തി നില്‍ക്കുന്ന സഞ്ചാരികളെ മിലം, നമിക്, റലം എന്നീ ഹിമപ്പരപ്പുകളുടെ വശ്യസൌന്ദര്യം ആകര്‍ഷിക്കുക തന്നെ ചെയ്യും.

1789 ല്‍ പിതോരഘര്‍ ആക്രമിച്ച ഗൂര്‍ഖകള്‍ അവിടെ പണിത കോട്ടയാണ് പിതോരഘര്‍ കോട്ട. അസ്കോട്ട് മേഖലയിലെ മസ്ക് ഡീര്‍ സാങ്ച്വറി, അപൂര്‍വ്വ വംശജരായ കസ്തൂരി മാനുകളുടെ (മോസ്കസ് ലികോഗാസ്റ്റര്‍ എന്ന് ശാസ്ത്രനാമം) സംരക്ഷണത്തിനു വേണ്ടി ഒരുക്കിയതാണ്. ഈ മാനുകളെ കൂടാതെ പുള്ളിപ്പുലി, കാട്ടുപൂച്ച, വെരുക്, പുള്ളിമാന്‍, മലയാട്, വരയാട്, ബ്രൌണ്‍ കരടി, ഹിമപ്പുലി, ഹിമാലയന്‍ കരടി, ബാരലുകള്‍ എന്നീ മൃഗങ്ങളെയും ഹിമക്കോഴി, മയിലുകള്‍, ചകോരങ്ങള്‍ പോലുള്ള പക്ഷികളെയും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാം.

കാലി, ഗോരി നദികളുടെ സംഗമ സ്ഥാനമായ ജോല്‍ജിബി സുപ്രസിദ്ധമായ സഞ്ചാരകേന്ദ്ര മാണ്. പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 68 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ശുഭദിനമായ മകരസംക്രാന്തിയില്‍ ഒരുത്സവം ഇവിടെ ആഘോഷിച്ച് വരാറുണ്ട്. 1914 നവംബറിലാണ് ഈ ഉത്സവം ആദ്യമായ് ഇവിടെ അരങ്ങേറിയതെന്ന് ദേശവാസികള്‍ പറയുന്നു.

പിതോരഘര്‍ പട്ടണത്തില്‍ നിന്ന് 4 കിലോമീറ്റര്‍ മാത്രം അകലെയുള്ള നകുലേശ്വര ക്ഷേത്രം അതിന്‍റെ നിര്‍മ്മാണ ചാതുരികൊണ്ട് ആളുകളുടെ മനസ്സ് കവരുന്നതാണ്. പ്രൌഢമായ ഖജുരാവോ വാസ്തുകലയെ അനുസ്മരിപ്പിക്കുന്നതാണ് ഇതിന്‍റെ നിര്‍മ്മാണ ശൈലി. ശിവനെയാണ് ഇവിടെ പൂജിക്കുന്നത്. ക്ഷേത്രങ്ങളും ആശ്രമങ്ങളും വേണ്ടുവോളമുണ്ട് പിതോരഘറില്‍. അര്‍ജ്ജുനേശ്വര ക്ഷേത്രം, ചന്ദക്, മൊസ്തമനു ക്ഷേത്രം, ധ്വജ ക്ഷേത്രം, കൊട് ഗാരി ദേവി ക്ഷേത്രം, ദീദിഹട്, നാരായണ ആശ്രമം, ജൂലാഘട് എന്നിങ്ങനെ ആ നിര നീളുന്നു. ഇതിനെല്ലാം പുറമെ സ്കീയിംങ്, ഹാങ് ഗ്ലൈഡിംങ്, പാരാ ഗ്ലൈഡിംങ് എന്നീ സാഹസിക വിനോദങ്ങള്‍ക്കും പ്രസിദ്ധമാണ് പിതോരഘര്‍.

വ്യോമ, റെയില്‍, റോഡുകള്‍ വഴി ആളുകള്‍ക്ക് പിതോരഘറിലെത്താം. പാന്ത്നഗര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. തനക്പുര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപസ്ഥമായ റെയില്‍വേ താവളവും. കാലാവസ്ഥ പൊതുവെ പ്രസന്നവും സുഖപ്രദവുമായവേനല്‍കാലത്ത് പിതോരഘര്‍ സന്ദര്‍ശിക്കുന്നതാണ് ഉചിതം.

ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെ നീളുന്ന വേനല്‍കാലമാണ് പിതോരഘര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം.

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 40

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 40

ധനോല്‍ടി

ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ് പ്രശാന്തസുന്ദരമായ ഈ സ്ഥലം. ഇവിടെ നിന്ന് 24 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മസ്സൂരി പട്ടണവുമായുള്ള ഇതിന്‍റെ സാമീപ്യമാണ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇതിനെ പ്രിയങ്കരമാക്കുന്നത്. ഹിമാലയത്തിന്‍റെ താഴെ ചെരുവിലെ ഡൂണ്‍ താഴ്വരയുടെ മനോഹരമായ കാഴ്ച, സമുദ്രനിരപ്പില്‍ നിന്ന് 2286 മീറ്റര്‍ ഉയരത്തിലുള്ള ധനോല്‍ടിയില്‍ നിന്ന് ഒരു അഭൌമ തലത്തില്‍ നിന്നെന്ന പോലെ നോക്കിക്കാണാം.

ഇടതൂര്‍ന്ന് നില്‍ക്കുന്ന ദേവദാരു വൃക്ഷങ്ങള്‍ക്ക് നടുവിലായി സ്ഥിതിചെയ്യുന്ന എക്കോ പാര്‍ക്കാണ് ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. സന്ദര്‍ശകര്‍ക്ക് താമസ സൌകര്യത്തിനായി ഒട്ടനവധി എക്കോ കുടീരങ്ങള്‍ മസ്സൂരിയിലെ വനം വകുപ്പ് അധികൃതര്‍ ഈ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ആലൂ കേത് എന്നറിയപ്പെടുന്ന ഇവിടത്തെ ഉരുളക്കിഴങ്ങ് പാടങ്ങള്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.

കാഴ്ചകളേറെയുണ്ട് ധനോല്‍ടിയില്‍. ദശാവതാര ക്ഷേത്രം, ന്യൂ ടെഹരി ടൌണ്‍ഷിപ്, ബാരെഹി പാനി-ജൊറുസെ വെള്ളച്ചാട്ടങ്ങള്‍, ദേവഘര്‍ കോട്ട, മതാതില ഡാം എന്നീ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സമീപപ്രദേശങ്ങളിലായി സഞ്ചാരികളെ കാത്ത് നിലകൊള്ളുന്നുണ്ട്. കൂടാതെ താങ്ധര്‍ ക്യാന്പില്‍ ട്രെക്കിംങ്, ഹൈക്കിംങ്, പര്‍വ്വതാരോഹണം, നദിമുറിച്ചുകടക്കല്‍ പോലുള്ള സാഹസിക വിനോദങ്ങള്‍ക്ക് അവസരവുമുണ്ട്. എല്ലാ അടിസ്ഥാന സൌകര്യങ്ങളോടും കൂടിയാണ് ഈ ക്യാന്പ് ഒരുക്കിയിരിക്കുന്നത്.

വിമാനമാര്‍ഗ്ഗവും റോഡ്, ട്രെയിനുകള്‍ മുഖേനയും അനായാസം ധനോല്‍ടിയില്‍ എത്തിച്ചേരാം. ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ഡെറാഡൂണിലെയും റിഷികേശിലെയും റെയില്‍വേ സ്റ്റേഷനുകള്‍ ധനോല്‍ടിയിലേക്കുള്ള തീവണ്ടി യാത്രികര്‍ക്ക് സൌകര്യം പോലെ ആശ്രയിക്കാം. ഇനി ബസ്സ് യാത്രയില്‍ തല്‍പരരായ സഞ്ചാരികള്‍ക്ക് സമീപ ദേശങ്ങളായ ഡെറാഡൂണ്‍, മസ്സൂരി, ഹരിദ്വാര്‍, റിഷികേശ്, റൂര്‍ക്കി, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍ നിന്ന് ധനോല്‍ടിയിലേക്ക് സുലഭമായി ബസ്സുകള്‍ ലഭിക്കും. ധനോല്‍ടിയിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവര്‍ അതിനായി വേനല്‍കാലമോ ശൈത്യകാലമോ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. ഈ കാലങ്ങളില്‍ അന്തരീക്ഷം പൊതുവെ പ്രസന്നവും സുഖദായകവുമായിരിക്കും.

പ്രധാന പാതയായ മസ്സൂരി – ചംബ റോഡില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ഉത്തര്‍ഖണ്ഡിലെ പ്രമുഖ നഗരങ്ങളായ ഡെറാഡൂണ്‍, മസ്സൂരി, ഹരിദ്വാര്‍, റിഷികേശ്, റൂര്‍ക്കി, നൈനിറ്റാള്‍ എന്നിവയുമായി ധനോല്‍ടിക്ക് സുനിശ്ചിതമായ യാത്രാവീഥികളുണ്ട്. ഡല്‍ഹി, ഛണ്ഡീഗര്‍ എന്നീ നഗരങ്ങളില്‍ നിന്ന് മസ്സൂരിയിലേക്ക് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും തുടര്‍ച്ചയായി സര്‍വ്വീസ് നടത്തുന്നുമുണ്ട്

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 39

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 39

കുമയോൺ

ഉത്തരാഖണ്ഡിന്റെ ഭരണവിഭാഗമാണ്‌ കുമയോണ്‍. ചമ്പാവത്ത്‌, നൈനിറ്റാള്‍, അല്‍മോറ, ബാഗേശ്വര്‍, പിതോരഗഢ്‌, ഉധം സിങ്‌ നഗര്‍ എന്നീ ജില്ലകളാണ്‌ കുമയോണിന്റെ ഭരണത്തിന്‍ കീഴില്‍ വരുന്ന ജില്ലകള്‍. വടക്ക്‌ തിബത്ത്‌, തെക്ക്‌ ഉത്തര്‍പ്രദേശ്‌, കിഴക്ക്‌ നേപ്പാള്‍, പടിഞ്ഞാറ്‌ ഗര്‍ഹ്വാള്‍ എന്നിവയാല്‍ ചുറ്റപെട്ടു കിടക്കുന്ന പ്രദേശമാണിത്‌. കുമയോണിയാണ്‌ ഇവിടുത്തെ പ്രാദേശിക ഭാഷ. നൈനിറ്റാള്‍, അല്‍മോറ, ഹല്‍ദ്വാനി, മുക്തേശ്വര്‍, പിതോരാഗഢ്‌, രുദ്രപ്രയാഗ്‌, റാണിഖേത്‌ എന്നിവയാണ്‌ സമീപത്തുള്ള പ്രധാന നഗരങ്ങള്‍.

കൂര്‍മാവതാരം എന്നര്‍ത്ഥം വരുന്ന കൂര്‍മാചല്‍ എന്ന വാക്കില്‍ നിന്നുമാണ്‌ കുമയോണ്‍ എന്ന പേര്‌ ഈ സ്ഥലത്തിന്‌ ലഭിക്കുന്നത്‌. വിഷ്‌ണു ഭഗവാന്‍ ആമയുടെ രൂപമെടുത്തതാണ്‌ കൂര്‍മാവതാരം. ഇന്ത്യന്‍ കരസേനയുടെ കുമയോണ്‍ റെജിമെന്റിന്റെ ആസ്ഥാനം എന്ന നിലയിലും ഈ സ്ഥലം പ്രശസ്‌തമാണ്‌. നന്ദ ദേവി മേള, ചെയ്‌തി മേള, ഹില്‍ജത്ര, ബഗ്വാള്‍, ഉത്തരായനി മേള ,കന്ദാലി എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

കുമയോണിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മനോഹരമായൊരു മലയാണ്‌ അബോട്ട്‌ മല. ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ പണികഴിപ്പിച്ച 13 കോട്ടേജുകള്‍ ഇവിടെയുണ്ട്‌. മഞ്ഞ്‌ മൂടിയ മലനിരകള്‍ക്കും ഓക്ക്‌ ,ദേവദാരു മരങ്ങള്‍ക്കും ഇടയിലായാണ്‌ ജോണ്‍ ഹരോള്‍ഡ്‌ അബോട്ടിന്റെ ബംഗ്ലാവ്‌ സ്ഥിതി ചെയ്യുന്നത്‌. ഇതിന്‌ പുറമെ സമുദ്ര നിരപ്പില്‍ നിന്നും 6191 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഓം അഥവ ആദികൈലാസ്‌ പര്‍വ്വതവും ഇവിടെ നിന്നും കാണാം.

ബാബ കൈലാസം, ജോങ്‌ലിങ്കോങ്‌ കൊടുമുടി, ചെറിയ കൈലാസം എന്നീ പേരുകളിലും ഈ മലനിരകള്‍ അറിയപ്പെടുന്നുണ്ട്‌. ഈ കൊടുമുടിയില്‍ ഓം ആകൃതിയില്‍ മഞ്ഞ്‌ രൂപപ്പെട്ടിരിക്കുന്നത്‌ കാണപ്പെടുന്നു എന്നതാണ്‌ പ്രധാന ആകര്‍ഷണം. തിബത്തിലെ കൈലാസ പര്‍വതത്തിന്‌ സമാനമാണിവിടം.

മിലാം ഹിമാനി കുമയോണിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. ഈ ഹിമാനി സമുദ്രനിരപ്പില്‍ നിന്നും 5,500 - 3,870 മീറ്റര്‍ ഉയരത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. 37 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ച്‌ കിടക്കുന്ന ഈ ഹിമാനിയാണ്‌ കുമയോണ്‍ മേഖലയിലെ ഏറ്റവും വലിയ ഹിമാനി. ഈ ഹിമാനിയിലേക്കുള്ള ട്രക്കിങ്‌ തുടങ്ങുന്നത്‌ മുന്‍സിയാരിയില്‍ നിന്നാണ്‌. വെള്ളച്ചാട്ടങ്ങള്‍, വനങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവയിലൂടെയാണ്‌ ട്രക്കിങ്‌ പാത കടന്നു പോകുന്നത്‌. മനോഹരമായ കാഴ്‌ചകളാണ്‌ ഈ ട്രക്കിങില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്‌. ബഗേശ്വറിലെ നന്ദകോട്ട്‌, നന്ദദേവി കൊടുമുടികള്‍ക്കിടയിലാണ്‌ മിലാം സ്ഥിതി ചെയ്യുന്നത്‌. പിന്ദാരി നദി ഉത്ഭവിച്ച്‌ തെക്കോട്ട്‌ ഒഴുകുന്നത്‌ ഇവിടെ നിന്നാണ്‌.

മുന്‍സിയാരിയാണ്‌ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം. സമുദ്രനിരപ്പില്‍ നിന്നും 2298 മീറ്റര്‍ ഉയരത്താലാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ത്രിശൂല്‍, നന്ദദേവി, പഞ്ചചൂലി കൊടുമുടികളുടെ മനോഹര ദൃശ്യം കാട്ടിത്തരും. പൈന്‍ , ദേവതാരു മരങ്ങളും ഈ സ്ഥലത്തിന്റെ മനോഹരാത കൂട്ടുന്നു. വൈവിധ്യമാര്‍ന്ന സസ്യജന്തു ജാലങ്ങളെ സന്ദര്‍ശകര്‍ക്കിവിടെ കാണാന്‍ കഴിയും. നന്ദ ദേവി കൊടുമുടി, റലാം, മിലാം , നാമിക്‌ എന്നിവിടങ്ങളിലേയ്‌ക്കുള്ള ട്രക്കിങ്‌ തുടങ്ങുന്നത്‌ മുന്‍സിയാരിയില്‍ നിന്നാണ്‌.കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്‌കീയിങ്‌ പോലെ മഞ്ഞില്‍ ചെയ്യാവുന്ന നിരവധി കായിക വിനോദങ്ങള്‍ ഇവിടെ തുടങ്ങിയിട്ടുണ്ട്‌. പിന്‍ഡാര്‍ താഴ്‌വരയുടെ പടിഞ്ഞാറായുള്ള സുന്ദെര്‍ധൂങ്ക സമീപത്തുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്‌. ഇവിടെ മത്‌കോതി, സുഖ്രം എന്നിങ്ങനെ രണ്ട്‌ ഹിമാനികള്‍ സന്ദര്‍ശകര്‍ക്ക്‌ കാണാം. മനോഹരമായ കല്ലുകളുടെ താഴ്‌ വര എന്നാണ്‌ സുന്ദര്‍ധൂങ്ക എന്ന വാക്കിന്റെ അര്‍ത്ഥം.

എങ്ങനെ എത്തിച്ചേരാം

പാന്ത്‌നഗറിലെ വിമാനത്താവളമാണ്‌ കുമയോണിന്‌ ഏറ്റവും അടുത്തുള്ളത്‌. കത്‌ഗോധാം ആണ്‌ സമീപത്തായുള്ള റെയില്‍വെസ്റ്റേഷന്‍. ലക്‌നൗ, ഹൗറ, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ട്രയിന്‍ ഉണ്ട്‌. റോഡ്‌ മാര്‍ഗം പോകാനാഗ്രഹിക്കുന്നവര്‍ക്കായി ഉത്തരാഖണ്ഡിലെ മറ്റ്‌ നഗരങ്ങളില്‍ നിന്നും കുമയോണിലേക്ക്‌ ബസ്‌ സര്‍വീസുകളും ഉണ്ട്‌.

കാലാവസ്ഥ

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്‌ കുമയോണിലേത്‌. ശൈത്യകാലത്താണ്‌ കുമയോണ്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം. വര്‍ഷകലാത്താണ്‌ സന്ദര്‍ശിക്കുന്നതെങ്കില്‍ കുടയും മറ്റും കരുതുന്നതാണ്‌ ഉചിതം.





ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 38

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 38

കല്‍സി

ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹര സഞ്ചാരകേന്ദ്രമാകുന്നു കല്‍സി. യമുന ടോണ്‍സ് പുഴകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ജൗന്‍സാര്‍ ബവാര്‍ ഗോത്രവര്‍ഗ മേഖലയിലേക്കുള്ള പ്രവേശന കവാടമായി കണക്കാക്കുന്ന സ്ഥലമാണ് കല്‍സി. പുരാതന സ്മാരകങ്ങളാലും പിക്നിക് കേന്ദ്രങ്ങളാലും സാഹസിക വിനോദങ്ങളാലും പ്രശസ്തമത്രേ കല്‍സി.

ഇന്ത്യന്‍ ഐതിഹാസിക ചരിത്രത്തിലെ പ്രധാനമായ അശോകന്റെ ശിലാശാസനങ്ങളും കല്‍സിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്. ബിസി 253ല്‍ മൗര്യരാജാവായ അശോക ചക്രവര്‍ത്തി പാറയില്‍ കൊത്തിവച്ച പതിനാലാമത് ശിലാശാസനമാണ് ഇവിടെയുള്ളത്. പ്രക്രതി ഭാഷയില്‍ ബ്രാഹ്മിലിപിയിലെ ഈ ശാസനങ്ങള്‍ പ്രധാനമായും രാജാവിന്റെ പരിഷ്കാരങ്ങളും ഉപദേശങ്ങളും അടങ്ങയതാണ്. പത്തടി ഉയരത്തിലും എട്ടടി വീതിയിലുമാണ് ഈ ശിലാശാസനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

അപൂര്‍വ ദേശാടന പക്ഷികളുടെ വിശ്രമകേന്ദ്രം എന്നറിയപ്പെടുന്ന ആസാന്‍ ബാറേജിലും സഞ്ചാരികള്‍ക്ക് കാണാന്‍ നിരവധിയുണ്ട്. ഇന്‍റര്‍ നാഷണല്‍ യൂനിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ (IUCN) ഇറക്കിയ റെഡ് ഡാറ്റാ ബുക്കില്‍ അപൂര്‍വ ഇനങ്ങളായി രേഖപ്പെടുത്തിയിരിക്കുന്ന പക്ഷികള്‍ ഇവിടെയത്തൊറുണ്ട്.

കളഹംസം, ചുവന്ന മകുടമുള്ള പോച്ചാര്‍ഡുകള്‍, ചുവന്ന താറാവ്, നീര്‍ക്കോഴി, നീര്‍ക്കാക്ക, വെള്ളക്കൊക്ക്, വാലാട്ടിപക്ഷി, തടാകകൊക്ക്, മീന്‍പിടിത്തക്കാരന്‍ പല്ലാസ് പരുന്ത്, മാര്‍ഷ് ഹാര്യേഴ്സ്, പുള്ളി പരുന്ത്, മീന്‍കൊത്തിപ്പക്ഷി, പുല്‍പരപ്പ് പരുന്ത് എന്നിങ്ങനെയുള്ള അപൂര്‍വയിനം പക്ഷികളാല്‍ സമ്പന്നമായ ഇവിടെ പക്ഷിനിരീക്ഷകര്‍ക്ക് ചാകരയാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലും പതിനൊന്നോളം ദേശാടനപക്ഷികള്‍ ഉള്‍പ്പടെയുള്ള 90 ശതമാനം ജലപക്ഷികളെയും കാണാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.

കല്‍സിയയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമാണ് വികാസ് നഗര്‍. ചെറുവള്ളത്തിലെ സവാരി, ബോട്ടിങ്, വാട്ടര്‍ സ്കീയിങ്, കപ്പല്‍യാത്ര, ഹവര്‍ക്രാഫ്റ്റ് എന്നിവക്ക് അവസരമൊരുക്കുന്ന ദാക് പഥാര്‍ ആണ് മറ്റൊരു മനോഹരമായ പിക്നിക് കേന്ദ്രം. യമുനാനദിയിലെ മാലിന്യരഹിതമായ ജലത്തിലൂടെ കെട്ടുവള്ള സഞ്ചാരവും ഇവിടെ ആസ്വദിക്കാന്‍ അവസരമുണ്ട്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലും മാര്‍ച്ച്, എപ്രില്‍ മാസങ്ങളിലും സ്വകാര്യ റിസോര്‍ട്ടുകള്‍ ഇവിടെ മീന്‍പിടിത്തത്തിനും അവസരമൊരുക്കാറുണ്ട്.

തിംലി പാസ് , കട്ടാ പഥാര്‍, ചക്രാത എന്നിവയും ദൃശ്യാനുഭൂതി പകരുന്ന സ്ഥലങ്ങളാണ്. അടുത്ത വിമാനത്താവളമായ ഡെഹ്റാഡൂണില്‍െ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടിലേക്ക് ഇവിടെ നിന്ന് 73 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളൂ.ഡെഹ്റാഡൂണ്‍ വരെയുള്ള റെയില്‍ മാര്‍ഗവും ഇവിടേക്കത്തൊന്‍ സഹായിക്കും. ന്യൂദല്‍ഹിയില്‍ നിന്നും മറ്റു അടുത്ത നഗരങ്ങളില്‍ നിന്നു ബസും ലഭ്യമാണ്. കല്‍സിയലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് വേനല്‍ കാലം തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 37

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 37

ജിയോലിക്കോട്ട്

ഉത്തരാഖണ്ടിലെ നൈനിറ്റാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍നിന്നും 1219 മീറ്റര്‍ ഉയരത്തില്‍ നിന്നുകൊണ്ടാണ് ജിയോലിക്കോട്ട് എന്ന സ്വപ്നഭൂമി യാത്രക്കാര്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്നത്. നൈനി തടാകത്തിലേക്കുള്ള  പ്രവേശനകവാടം പോലെ നിലകൊള്ളുന്ന ജിയോലിക്കോട്ട് പൂക്കളുടെയും, പൂമ്പാറ്റകളുടെയും സൗന്ദര്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നു.

സ്വാമി വിവേകാനന്ദനും, ശ്രീ അരബിന്ദോയുമടക്കം നിരവധി ദാര്‍ശനികരും സന്യാസിമാരും ധ്യാനിക്കാനായി തെരഞ്ഞെടുത്ത സ്ഥലംകൂടിയാണ് ഈ മലനാട്. നൈനി തടാകം, മുക്തേശ്വര്‍, കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്ക്‌, രാംഗഢ്, പാന്‍ഗോട്ട് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മനോഹരമായ പൂന്തോട്ടങ്ങള്‍, വിവിധതരം കായ്കനികള്‍, നൂറുനിറമുള്ള ചിത്രശലഭങ്ങള്‍ ഇവയെല്ലാം ചേര്‍ന്നൊരുക്കുന്ന ജിയോലിക്കോട്ടിന്‍റെ അന്തരീക്ഷത്തെ സ്വര്‍ഗ്ഗതുല്യം എന്നല്ലാതെ വേറൊന്നും വിശേഷിപ്പിക്കാനാവില്ല.

പ്രകൃതിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളെ സ്വാഗതം ചെയ്യുന്നത് ഹോളിഡേ റിസോര്‍ട്ടായ കോട്ടേജ് ആണ്. പ്രകൃതിയുടെ മടിത്തട്ടിലൂടെ അതിപുരാതനമായ ക്ഷേത്രങ്ങളിലേക്കും, സെമിത്തേരികളിലേക്കും, വാര്‍വിക്ക് സാഹിബിന്‍റെ ഗൃഹത്തിലേക്കുമൊക്കെ നിങ്ങള്‍ക്കിവിടെ നിന്നും ട്രെക്ക് യാത്ര നടത്താം. ജിയോലിക്കോട്ടിലെ തേനീച്ചവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ ചെന്നാല്‍ തേന്‍ ശേഖരിക്കുന്ന കാഴ്ച കാണാം. ഷോപ്പിങ്ങിനിറങ്ങുമ്പോള്‍ ശുദ്ധമായ തേനും, ഫ്രൂട്ട്സും വാങ്ങുകയുമാകാം. സ്ട്രോബറിയും, ഒലീവുമൊക്കെ ഇവിടുത്തെ വിപണിയില്‍ സുലഭമായി ലഭിക്കുന്നു. വൃക്ഷത്തൈകളും നിങ്ങള്‍ക്കിവിടെ വാങ്ങാന്‍ ലഭിക്കും.

മികച്ച ഗതാഗത സൗകര്യങ്ങളുള്ളതിനാല്‍ ജിയോലിക്കോട്ടില്‍ എത്തിച്ചേരുക വളരെ എളുപ്പമാണ്. പന്ത്നഗര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവുമടുത്ത വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നും ധാരാളം വിമാനങ്ങള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 18 കിലോമീറ്റര്‍ ദൂരെയുള്ള കത്ഗോടം റെയില്‍വേ സ്റ്റേഷന്‍ ആണ് ജിയോലിക്കോട്ടിനോട് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. സമീപ നഗരങ്ങളില്‍നിന്നും ജിയോലിക്കോട്ടിലേക്ക് ബസ്‌ സര്‍വീസുകളുമുണ്ട്.


ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 36

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 36

സത്താൾ

സമുദ്രനിരപ്പില്‍ നിന്ന് 1370 മീറ്റര്‍ ഉയരത്തില്‍ ഹിമാലയത്തിന്‍റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് സത്താള്‍. ഇവിടുത്തെ പ്രധാന കാഴ്ച പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന എഴ് തടാകങ്ങളാണ്. ഗരുഡ് താള്‍, സീത താള്‍, പൂര്‍ണ താള്‍, രാം താള്‍, ലക്ഷ്മണ്‍ താള്‍, നള ദമയന്തി താള്‍, സുഖ താള്‍ എന്നിവയാണിവ. ഓക്ക് മരങ്ങള്‍ തിങ്ങി വളരുന്ന മെഹ്രാഖോണ്‍ താഴ്വരയിലാണ് സാത്താള്‍ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടിഷ് അധിനിവേശകാലത്ത് ഒരു പ്രമുഖ തേയിലത്തോട്ടമായിരുന്നു ഇത്.

ഈ തടാകങ്ങളിലെ വെളളത്തില്‍ ഉയര്‍ന്ന തോതില്‍ ന്യൂട്രിയന്‍റ്സ് അടങ്ങിയിട്ടുണ്ട് എന്നതൊരു പ്രത്യേകതയാണ്. ഒട്ടനേകം ജീവജാലങ്ങള്‍ ഇതിന് സമീപത്തായുണ്ട്. അഞ്ഞൂറോളം സ്വദേശികളും, വിദേശികളുമായ പക്ഷികളും, 525 ഓളം ഇനം ശലഭങ്ങളും, 20 തരം സസ്തനികളും, 1100 പ്രാണിവര്‍ഗ്ഗങ്ങളും ഇവിടെ വസിക്കുന്നു. ബ്ലു മാഗ്പൈ, കിങ്ങ്ഫിഷര്‍, ബാര്‍ബെറ്റ്സ്, പ്രാപ്പിടിയന്‍, പലതരം കോഴിവര്‍ഗ്ഗങ്ങള്‍ തുടങ്ങി അനേക ഇനം പക്ഷികള്‍ ഇവിടെയുണ്ട്.

റെഡ് ബേസ് ജേസ്ബെല്‍സ്, റെഡ് ഹെലന്‍സ്, സില്‍വര്‍ സ്ട്രൈപ്പ്സ്, തുടങ്ങി അപൂര്‍വ്വ ഇനം ശലഭങ്ങളും സത്താളിലെ വനങ്ങളിലുണ്ട്. ഓര്‍ക്കിഡ്, മരുന്ന് ചെടികള്‍ തുടങ്ങി അനേകം അപൂര്‍വ്വ ഇനം സസ്യങ്ങളുടെയും ഒരു ലോകമാണ് ഇവിടം. മറ്റ് ചില പ്രധാന സന്ദര്‍ശന കേന്ദ്രങ്ങളാണ് സത്താള്‍ മിഷന്‍ എസ്റ്റേറ്റ്, മെത്തേഡിസ്റ്റ് ആശ്രമം, ചിത്രശലഭ പാര്‍ക്ക്, സുഭാഷ് ധാര എന്നിവ. ക്യാംപിങ്ങ്, ബോട്ടിങ്ങ്, ട്രെക്കിങ്ങ്, മൗണ്ടന്‍ ബൈക്കിങ്ങ്, റോക്ക് ക്ലൈംബിങ്ങ് തുടങ്ങി സാഹസിക വിനോദങ്ങള്‍ക്ക് അനുയോജ്യമായ ഒരിടമാണ് സത്താള്‍.

പട്നാഗര്‍എയര്‍പോര്‍ട്ടാണ് സത്താളിന് അടുത്തുള്ള വിമാനത്താവളം. റെയില്‍വേസ്റ്റേഷന്‍ അടുത്തുള്ളത് കാതഗോഡത്താണ്. അടുത്തുള്ള നഗരങ്ങളില്‍ നിന്നൊക്കെ ഇവിടേക്ക് ബസ് ലഭിക്കും.



ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 35

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 35

ഗോമുഖ്

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമായ ഗോമുഖ്. തീര്‍ത്ഥാടനത്തിന് മാത്രമല്ല, ശിവലിംഗ കൊടുമുടിയുടെ അടുത്തുള്ള ഗോമുഖിലേക്ക് സാഹസികരായ യാത്രികരും ഒരുപാട് വന്നുചേരാറുണ്ട്. ഭഗീരഥന്‍ എന്ന രാജാവിന്റെ തപസില്‍ പ്രസാദിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് മുക്തി നല്‍കാനായി ഗംഗ ഭൂമിയിലേക്ക് പതിച്ചു. സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി. ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്.

ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ ഇവിടെ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. നിരവധി ആകര്‍ഷണങ്ങളുണ്ട് ഗോമുഖിന് പരിസരത്തായി. ഗംഗോത്രി ഹിമാനിയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഗംഗോത്രി ഗ്ലേസിയര്‍ ഒരു പശുവിന്റെ മുഖത്തോട് സാമ്യമുള്ള രൂപമെടുക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിന് ഗോമുഖ് എന്ന പേരുവന്നത് എന്നും വിശ്വസിക്കപ്പെടുന്നു. ശിവലിംഗം, തലായ് സാഗര്‍, മെരു, ഭാഗീരഥി എന്നിങ്ങനെ പോകുന്നു ഇവിടത്തെ മറ്റുകാഴ്ചകള്‍. തീര്‍ത്ഥാടകരെപ്പോലെ തന്നെ നിരവധി ട്രക്കിംഗ്, സ്‌കീയിംഗ് പ്രിയരും ഗോമുഖ് സന്ദര്‍ശനത്തിനെത്തുന്നു.

വിമാനമാര്‍ഗ്ഗവം ട്രെയിനിലും റോഡ് മാര്‍ഗ്ഗവും ഗോമുഖില്‍ എത്തിച്ചേരുക എളുപ്പമാണ്. 229 കിലോമീറ്റര്‍ അകലെ ഡെറാഡൂണില്‍ സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഗോമുഖിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിരവധി വിമാനസര്‍വ്വീസുകളുണ്ട്. ഗംഗോത്രിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് അടുത്ത റെയില്‍വേ സ്‌റ്റേഷനായ ഹരിദ്വാര്‍. ഹരിദ്വാറില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ട്. ഗംഗോത്രിയില്‍ നിന്നും സമീപപ്രദേശങ്ങളായ ഹരിദ്വാര്‍, മുസ്സൂറി, ഡെറാഡൂണ്‍, തെഹ്‌റി, യമുനോത്രി തുടങ്ങിയടങ്ങളിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്.

വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും സുഖകരമായ കാലാവസ്ഥയാണ് ഗോമുഖില്‍ അനുഭവപ്പെടുന്നത്. ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഇവിടെ ജൂണ്‍ വരെ തുടരും. വേനല്‍ക്കാലത്തെ കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്റ്റംബറില്‍ അവസാനിക്കും. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം അനുഭവപ്പെടുന്നത്. വേനല്‍ക്കാലമാണ് ഇവിടേക്ക് യാത്ര ചെയ്യാന്‍ അനുയോജ്യം. 

ഗംഗോത്രിയില്‍ നി്ന്നും സമീപപ്രദേശങ്ങളായ ഹരിദ്വാര്‍, മുസ്സൂറി, ഡെറാഡൂണ്‍, തെഹ്‌റി, യമുനോത്രി തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്.