16 January 2023

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും - 47

ഹിമാലയ മലനിരകളും ഉത്തരാഖണ്ഡും

ഭാഗം : 47

അല്‍മോര

കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. സിയാല്‍, കോസി നദികള്‍ക്കിടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1651 മീറ്റര്‍ ഉയരത്തിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. വനഭൂമികളുടെ ഹരിതാവരണമണിഞ്ഞ അല്‍മോര 15 ഉം 16 ഉം നൂറ്റാണ്ടുകളില്‍ ഛാന്ദ്, കത്യൂര്‍ രാജവംശങ്ങളുടെ അധീനതയിലായിരുന്നു.

പര്‍വ്വത ശ്രേഷ്ടനായ ഹിമവാന്‍റെ മഞ്ഞില്‍ പുതച്ചുനില്‍ക്കുന്ന കൊടുമുടികള്‍ അല്‍മോരയിലെ സന്ദര്‍ശകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ്. ലോകത്തിന്‍റെ നാനാദിക്കുകളില്‍ നിന്ന് ഒരുപാടൊരുപാട് സഞ്ചാരികള്‍ ഈ ഭൂമികയുടെ വേറിട്ട കാഴ്ചകള്‍ കാണാന്‍ വര്‍ഷം തോറും ഇവിടെ എത്തിച്ചേരുന്നു. കസര്‍ദേവി ക്ഷേത്രം, നന്ദദേവി ക്ഷേത്രം, ചിതായി ക്ഷേത്രം, കതര്‍മല്‍ സൂര്യക്ഷേത്രം എന്നിങ്ങനെ പുണ്യപ്രതിഷ്ട നേടിയ ദേവാലയങ്ങളും ഇവിടെയുണ്ട്.

കുമയൂണി വാസ്തുകലയുടെ നൈപുണ്യം പ്രകടമാക്കുന്ന ഒരു പ്രാചീന ക്ഷേത്രമാണ് നന്ദദേവി ക്ഷേത്രം. ഛാന്ദ്കുലത്തിന്‍റെ കാവല്‍ദേവതയെ ആണ് ഇവിടെ കുടിയിരുത്തിയിട്ടുള്ളത്. ക്ഷേത്രദര്‍ശനത്തിനായി ഒരുപാട് വിശ്വാസികള്‍ ഇവിടെ എല്ലാ വര്‍ഷവും വന്നെത്താറുണ്ട്. രണ്ടാം നൂറ്റാണ്ടില്‍ പണിതതെന്ന് കരുതപ്പെടുന്ന കസറദേവി ക്ഷേതം ചരിത്ര, പുരാണങ്ങള്‍ കെട്ടുപിണഞ്ഞ് കിടക്കുന്ന ഒരു കോവിലാണ്. സ്വാമി വിവേകാനന്ദന്‍ ധ്യാനനിമഗ്നനായി ഇവിടെ കഴിഞ്ഞിട്ടുണ്ടെന്ന് ഒരു പുണ്യ വിശ്വാസം ആളുകള്‍ക്കിടയിലുണ്ട്. അല്‍മോരയില്‍ നിന്ന് വെറും 5 കിലോമീറ്റര്‍ ദൂരമേയുള്ളു ഈ ക്ഷേത്രത്തിലേക്ക്.

മഞ്ഞിന്‍റെ ശിരോവസ്ത്രം അണിഞ്ഞ് നില്‍ക്കുന്ന കൊടുമുടികള്‍ക്കിടയിലൂടെ സൂര്യന്‍റെ ഉദയാസ്തമനങ്ങള്‍ ഇവിടെയുള്ള ബ്രൈറ്റ് എന്‍ഡ് കോര്‍ണറില്‍ നിന്ന് നോക്കിക്കാണാം. രാത്രിയുടെ നീലിമയില്‍ ചന്ദ്രോദയവും കണ്‍ കുളിര്‍ക്കെ ഈ ഗിരിനിരകളില്‍ നിന്ന് കാണാം. ജീവിതത്തിലൊരിക്കല്‍ മാത്രം കരഗതമാവുന്ന ഈ അസുലഭാനുഭവം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. അല്‍മോരയിലെ സിംതോല, മര്‍തോല എന്നീ പ്രദേശങ്ങള്‍ പ്രകൃതിയുടെ മുഗ്ദ ഭാവങ്ങളെ ആവോളം കൈപ്പിടിയിലൊതുക്കിയ പ്രിയസഞ്ചാര കേന്ദ്രങ്ങളാണ്. മാനുകളും പുള്ളിപ്പുലികളും ഹിമാലയന്‍ കരടികളും യഥേഷ്ടം മേഞ്ഞ്നടക്കുന്ന ഡീര്‍ പാര്‍ക്കിലേക്ക് ഇവിടെ നിന്ന് വെറും 3 കിലോമീറ്റര്‍ ദൂരമേയുള്ളു. ഗോവിന്ദ് ഭല്ലഭ് പാന്ത് പബ്ലിക് മ്യൂസിയവും ബിന്‍സാര്‍ വന്യജീവി സങ്കേതവും അല്‍മോരയുടെ രണ്ട് ദൃശ്യവിരുന്നുകളാണ്. സഞ്ചാരിയുടെ അഭിരുചികള്‍ക്കൊത്ത് ഹിമാലയത്തിന്‍റെ മലമടക്കുകളിലൂടെ ട്രെക്കിംങും മൌണ്ടന്‍ ബൈക്കിംങും അല്‍മോര ഒരുക്കിയിട്ടുണ്ട്.

വ്യോമ, റെയില്‍, റോഡുകള്‍ വഴി അനായാസം അല്‍മോരയിലെത്താം. പാന്ത്നഗര്‍ വിമാനത്താവളവും കത്ഗൊഡം റെയില്‍വേ സ്റ്റേഷനുമാണ് അല്‍മോരയിലേക്കുള്ള ഏറ്റവും സമീപസ്ഥമായ യാത്രാ താവളങ്ങള്‍. അന്തരീക്ഷം പൊതുവെ അനുകൂലവും സുഖപ്രദവുമായ വേനല്‍കാലമാണ് അല്‍മോര സന്ദര്‍ശിക്കാന്‍ ഏറ്റവും ഉത്തമം.

അല്‍മോരയില്‍ നിന്ന് 200 കിലോമീറ്റര്‍ മാത്രം വഴിദൂരമുള്ള ഡല്‍ഹിയില്‍ നിന്ന് ഇവിടേക്ക് ധാരാളം ലക്ഷ്വറി ബസ്സുകള്‍ ഓടുന്നുണ്ട്. അല്‍മോരയുടെ സമീപ പട്ടണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകള്‍ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മുടക്കമൊന്നുമില്ലാതെ സര്‍വ്വീസ് നടത്തുന്നുമുണ്ട്.


No comments:

Post a Comment