ഭാഗം : 52
കോര്‍ബറ്റ് ദേശീയ ഉദ്യാനം
പ്രകൃതി സ്‌നേഹികളുടെ സ്വര്‍ഗ്ഗമാണ് കോര്‍ബറ്റ് ദേശീയ ഉദ്യാനം. പ്രശാന്തമായ അന്തരീക്ഷത്തില്‍ കുറച്ചു സമയം വിശ്രമിക്കണമെന്നുള്ളവര്‍ക്കും ഇവിടേക്കുള്ള യാത്ര ആനന്ദം പകരും. നേരത്തെ ഈ ദേശീയ ഉദ്യാനം രാംഗംഗ ദേശീയ ഉദ്യാനം എന്നാണ് അറിയപ്പെട്ടിരുന്നത്. 1957ല്‍ കോര്‍ബറ്റ് ദേശീയ ഉദ്യാനം എന്ന് പേര് മാറ്റുകയായിരുന്നു.
പ്രശസ്‌ത ബ്രട്ടീഷ് വേട്ടക്കാരനും പ്രകൃതി സ്‌നേഹിയും ഫോട്ടോഗ്രാഫറുമായ ജിം കോര്‍ബറ്റിന്റെ പേരാണ് ഈ ദേശീയ ഉദ്യാനത്തിന് നല്‍കിയിരിക്കുന്നത്. 'മാന്‍ ഈറ്റേഴ്‌സ് ഓഫ് കുമൗണ്‍' എന്ന തന്റെ പ്രശസ്‌തമായ പുസ്‌തകത്തില്‍ കുമൗണ്‍ മേഖലയില്‍ അദ്ദേഹം നടത്തിയ വേട്ടയാടലുകളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. നാനൂറോളം മനുഷ്യരെ കൊന്ന കടുവയെ വേട്ടയാടിയതിനെ കുറിച്ചും അദ്ദേഹം ഈ പുസ്‌തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
പച്ചപ്പിണഞ്ഞ് നില്‍ക്കുന്ന ദേശീയ ഉദ്യാനം ഹിമാലത്തിന്റെ താഴ്‌വാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവുമധികം കടുവകള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. അതില്‍ ഏതാണ്ട് 160 കടുവകള്‍ കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ അധിവസിക്കുന്നു. രാംഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഉദ്യാനം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. മനോഹരമായ കാഴ്‌ചകളും സാഹികമായ സഫാരികളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.
കടുവ, പുള്ളിപ്പുലി, ആന, പുള്ളിമാന്‍, സമ്പാര്‍ മാനുകള്‍, ഹോഗ് ഡിയര്‍, കരടി, കാട്ടുപന്നി, ഖുരല്‍, ലാംഗൂര്‍, റീസസ് കുരങ്ങുകള്‍ എന്നിവയെ ഇവിടെ കാണാം. മയില്‍, ചകോരം, പ്രാവ്, മൂങ്ങ, വേഴാമ്പല്‍, ബാര്‍ബെറ്റ്, വാനമ്പാടി, മൈന, വായാടി പക്ഷി (മാഗ്‌പൈ), മനിവെറ്റ്, പാട്രിഡ്‌ജ്, ത്രഷ്, ടിറ്റ്, നട്‌താച്ച്, വാലുകുലുക്കി, മഞ്ഞക്കിളി, ബന്റിംഗ്, ഒറിയോള്‍, പൊന്മാന്‍, ഡ്രോംഗോ, മാടപ്രാവ്, മരംകൊത്തി, താറാവ്, എരണ്ട, പരുന്ത്, കൊക്ക്, നീര്‍കാക്ക, പ്രാപ്പിടിയന്‍ പക്ഷി, ബുള്‍ബുള്‍, ഫ്‌ളൈക്യാച്ചര്‍ തുടങ്ങി അറുന്നീറിലധികം ഇനം പക്ഷികളുടെ കളകൂജനങ്ങള്‍ ഇവിടെ സദാ ഉയര്‍ന്നു കേള്‍ക്കും.
ഇതിനെല്ലാം പുറമെ വ്യത്യസ്‌തങ്ങളായ 51 ഇനം കുറ്റിച്ചെടികള്‍, മുപ്പത് മുള വര്‍ഗ്ഗങ്ങള്‍, നൂറ്റിപ്പത്തിലധികം ഇനം മരങ്ങള്‍ എന്നിവയും ഈ ദേശീയ ഉദ്യാനത്തില്‍ വളരുന്നു. ഇവയെല്ലാം കണ്‍മുന്നില്‍ കാണാനുള്ള അവസരമാണ് കോര്‍ബറ്റ് ദേശീയ ഉദ്യാന സന്ദര്‍ശനത്തിലൂടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്.
കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിന്റെ വന്യത ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന മറ്റൊരു സ്ഥലമാണ് ധികാല. പട്ടീല്‍ ദന്‍ താഴ്‌വരയുടെ അരികില്‍ സ്ഥിതി ചെയ്യുന്ന ധികാല, താഴ്‌വാരത്തിന്റെ വിശാല സുന്ദരമായ കാഴ്‌ച നമുക്ക് മുന്നില്‍ തുറന്നിടും. പശ്ചാത്തലത്തില്‍ കണ്ഡാ കുന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ധികാലാ ചൗറിലെ എണ്ണമറ്റ കാനനപാതകളിലൂടെ വാഹനയാത്ര നടത്താവുന്നതാണ്.
കാട്ടാനകള്‍, കലമാന്‍, ഹോഗ് ഡിയര്‍, വിവിധതരം പക്ഷികള്‍ എന്നിവ സ്വച്ഛന്ദം വിഹരിക്കുന്നത് ഈ യാത്രയ്‌ക്കിടെ കാണാന്‍ കഴിയും. പ്രദേശത്തെ കുറിച്ച് നല്ല അറിവുള്ള ഗൈഡുകളോടൊത്ത് ട്രക്കിംഗും നടത്താവുന്നതാണ്. കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിന് തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കാലാഗഢ് ഡാം. പക്ഷിനിരീക്ഷണത്തിന് അനുയോജ്യമായ സ്ഥലമാണിത്. ശൈത്യകാലത്ത് വാട്ടര്‍ഫൗള്‍ പോലുള്ള ദേശാടന പക്ഷികള്‍ ഇവിടുത്തെ പതിവ് കാഴ്‌ചയാണ്.
സഞ്ചാരികള്‍ക്ക് കോര്‍ബറ്റ് വെള്ളച്ചാട്ടവും സന്ദര്‍ശിക്കാവുന്നതാണ്. ഏതാണ്ട് 60 അടിയാണ് വെള്ളച്ചാട്ടത്തിന്റെ ഉയരം. ക്യാമ്പിംഗിനും പിക്‌നിക്കിനും അനുയോജ്യമാണ് ഇവിടം. ദേശീയ ഉദ്യാനത്തിലെ ബിജ്രാനി, ധികാല മേഖലകളില്‍ ആനപ്പുറത്ത് യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങളുണ്ട്. കോസി നദിയില്‍ റാഫ്‌റ്റിംഗ് പോലുള്ള ജലക്രീഡകളില്‍ ഏര്‍പ്പെടുകയും ചെയ്യാം.
ദേശീയ ഉദ്യാനത്തിനകത്ത് സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടുകളില്‍ നിന്ന് ആനപ്പുറത്ത് യാത്ര ചെയ്യുന്നതിനും റാഫ്‌റ്റിംഗിനും ആവശ്യമുള്ള സാധനങ്ങള്‍ ലഭിക്കും. ജീപ്പിലും മറ്റുമുള്ള കാനനയാത്രകള്‍ നിങ്ങള്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കോസി നദിയുടെ വൃഷ്ടി പ്രദേശത്ത് മഹ്‌സീര്‍ മീനുകള്‍ക്കായി ചൂണ്ടയിടാവുന്നതാണ്. ചൂണ്ടയിടുന്നതിനുള്ള എല്ലാ സൗകര്യവും ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ ചെയ്‌തു തരും.
കോര്‍ബറ്റ് മ്യൂസിയവും പ്രദേശത്തെ പ്രധാനപ്പെട്ട കാഴ്‌ചയാണ്. ജിം കോര്‍ബറ്റിന്റെ അത്യപൂര്‍വ്വ ചിത്രങ്ങളും അദ്ദേഹം ഉപയോഗിച്ചിരുന്ന ചില വസ്‌തുക്കളും സൂക്ഷിച്ചിരിക്കുന്ന പുരാതനമായ ഒരു ബംഗ്‌ളാവാണ് മ്യൂസിയം. കുമൗണ്‍ താഴ്‌വരയിലെ ക്യാരി ക്യാമ്പില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. സോണാനദി വന്യജീവി സങ്കേതത്തെ കുറിച്ചും എടുത്തു പറയേണ്ടതാണ്. ഏഷ്യന്‍ ആനകളെയും കടുവകളെയും അവയുടെ വന്യമായ പരിസ്ഥിതിയില്‍ ഇവിടെ കാണാന്‍ കഴിയും.
രാംഗംഗ, മണ്ഡല്‍, സോണാനദി എന്നീ നദികള്‍ക്ക് ദേശീയ ഉദ്യാനത്തിലെ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്. പ്രത്യേക കാലങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അരുവികള്‍ ഈ ദേശീയ ഉദ്യാനത്തിന്റെ ഒരു പ്രത്യേകതയാണ്. പ്രാദേശിക ഭാഷയില്‍ ഇത്തരം അരുവികള്‍ സോട്‌സ് എന്ന് അറിയപ്പെടുന്നു. സീതാബനി ക്ഷേത്രവും രാംനഗറും ഉദ്യാനത്തിലെ എടുത്തു പറയത്തക്ക കാഴ്‌ചകളാണ്. വിമാനമാര്‍ഗ്ഗമോ റെയില്‍ മാര്‍ഗ്ഗമോ റോഡ് മാര്‍ഗ്ഗമോ ഇവിടെ എത്തിച്ചേരാവുന്നതാണ്. വേനല്‍ക്കാലവും ശൈത്യകാലവുമാണ് ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്നതിന് ഏറ്റവും അനുയോജ്യം.
ബസിലും ഇവിടെ എത്താവുന്നതാണ്. കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ ബസ് സ്‌റ്റോപ്പില്‍ നിന്ന് സമീപ നഗരങ്ങളിലേക്ക് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഇവിടേക്ക് ഡീലക്‌സ് ബസ് സര്‍വ്വീസുകളും സെമി ഡീലക്‌സ് ബസ് സര്‍വ്വീസുകളും ലഭ്യമാണ്.
No comments:
Post a Comment