ഭാഗം : 50
കൗസാനി
ഉയരങ്ങളിലേക്ക് പോകുന്തോറും മനോഹാരിത ഏറുന്നതായാണ് ഹിമാലയന്‍ യാത്രകളുടെ അനുഭവം. ഉയരങ്ങളിലെ സുന്ദരനിമിഷങ്ങള്‍ തൊട്ടറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഉത്തരഖണ്ഡിലെ കൗസാനി. സമുദ്രനിരപ്പില്‍ നിന്ന് 6075 അടി ഉയരത്തിലുള്ള ഇടതൂര്‍ന്ന പൈന്‍മരങ്ങള്‍ നിറഞ്ഞ ഈ സ്ഥലത്തിലേക്കുള്ള യാത്ര ജീവിതയാത്രയിലെ അപൂര്‍വാനുഭവം തന്നെയായിരിക്കും. കൊടുമുടികള്‍ അതിരിടുന്ന ഇവിടത്തെ പ്രകൃതി സൗന്ദര്യം കണ്ട് ഇന്ത്യയുടെ സ്വിറ്റ്സര്‍ലാന്‍റ് എന്നാണ് മഹാത്മാഗാന്ധി കൗസാനിയെ വിളിച്ചത്.
കാവല്‍ ഭടന്‍മാരെ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന നന്ദകൂടം, ത്രിശൂല്‍, നന്ദാദേവി തുടങ്ങി ഹിമാലയ കൊടുമുടികളെ എല്ലാ ഗാംഭീര്യത്തോടെയും ദര്‍ശിക്കാനാകുന്ന സ്ഥലമാണ് കൗസാനി. താഴെ ചിത്രപ്പണികള്‍ പോലെ വളഞ്ഞുപുളഞ്ഞു കാണുന്ന സോമേശ്വര്‍, ഗരൂര്‍, ബൈജ്നാഥ് കട്യൂരി താഴ്വരകളും സന്ദര്‍ശകനെ സ്വപ്നലോകത്താകും എത്തിക്കുക.
മുമ്പ് അല്‍മോറാ ജില്ലയുടെ ഭാഗമായിരുന്ന ഈ നഗരം വാല്‍ന എന്നാണ് അറിയപ്പെട്ടിരുന്നത്. കട്യൂരി രാജാവായിരുന്ന ബായ്ചാല്‍ദിയോ ആയിരുന്നു ഭരണാധികാരി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് കൗസാനിയുടെ സിംഹഭാഗവും ശ്രീ ചന്ദ് തിവാരി എന്ന ഗുജറാത്തി ബ്രാഹ്മണന് ഇഷ്ടദാനമായി നല്‍കി. ഇന്ന് നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന ഹില്‍സ്റ്റേഷനാണ് ഇവിടം.
തെയിലതോട്ടങ്ങള്‍ പച്ച വിരിച്ച് നില്‍ക്കുന്ന കൗസാനി ആത്മീയ വഴിയിലെ സഞ്ചാരികളെയും നിരാശരാക്കാത്ത സ്ഥലമാണ്. നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമാണ് ഇവിടെയുള്ളത്. അനാശക്തി ആശ്രമം ആണ് പ്രശസ്തമായ ആശ്രമം. മഹാത്മാഗാന്ധി കുറച്ചുനാള്‍ തങ്ങിയിട്ടുള്ള ഇവിടം ഇന്ന് ഒരു പഠന-ഗവേഷണ കേന്ദ്രമാണ്. ഇവിടെയത്തെുന്നവര്‍ക്ക് താമസ-ഭക്ഷണ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
ലക്ഷ്മി ആശ്രമം ആണ് മറ്റൊന്ന്. സരള ആശ്രമം എന്നും അറിയപ്പെടുന്ന ഇവിടം മഹാത്മാഗാനധിയുടെ ശിഷ്യകളില്‍ ഒരാളായ കാതറിന്‍ ഹില്‍മാന്‍ 1948ലാണ് സ്ഥാപിച്ചത്. പിന്നത്ത് ടെമ്പിള്‍, ശിവ ടെമ്പിള്‍, രുദ്രഹരി മഹാദേവ് ടെമ്പിള്‍, കോട് ബ്രമരി ടെമ്പിള്‍, ബൈജ്നാഥ് എന്നിവയാണ് മേഖലയിലെ ക്ഷേത്രങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് 2750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പിന്നത്ത് ക്ഷേത്രത്തില്‍ ഹിന്ദു ദേവനായ ഭൈറോണ്‍ ആണ് ആരാധനാ മൂര്‍ത്തി.
കൗസാനിയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ സോമേശ്വറിലാണ് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചന്ദ് വംശത്തിലെ സോംചന്ദ് രാജാവാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രം. സമകാലിക ഹിന്ദി കവിയായിരുന്ന സുമിത്ര നന്ദന്‍ പാന്തിന്റെ ജന്‍മദേശവും കൂടിയാണ് ഇവിടം. സുമിത്ര നന്ദന്‍ പാന്ത് ഗാലറി എന്ന പേരില്‍ ഇദ്ദേഹത്തിന്റെ ഓര്‍മക്കായി മ്യൂസിയം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൈപ്പടയിലുള്ള കവിതകളും മറ്റു സാഹിത്യ സൃഷ്ടികള്‍ക്കുമൊപ്പം ഇദ്ദേഹത്തിന് ലഭിച്ച അവാര്‍ഡുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
എല്ലാ ജന്‍മവാര്‍ഷിക ദിവസങ്ങളിലും മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ കവിയെ ഓര്‍മിക്കാന്‍ സമ്മേളനവും സംഘടിപ്പിക്കാറുണ്ട്. ട്രക്കിംഗ്, റോക്ക് കൈ്ളമ്പിംഗ് പ്രിയര്‍ക്കായി സാഹസിക വഴികള്‍ ഒരുക്കിവെച്ചാണ് കൗസാനി കാത്തിരിക്കുന്നത്. സുന്ദര്‍ ദുംഗ, പിണ്ടാരി ഗ്ളേസിയര്‍, മിലാം ഗ്ളേസിയര്‍ എന്നീ ട്രക്കിംഗ് റൂട്ടുകള്‍ രാജ്യമെമ്പാടുമുള്ള ട്രക്കിംഗ് പ്രിയരുടെ സ്വപ്ന ഭൂമിയാണ്. ഉത്തരായനി (മറ്റിടങ്ങളില്‍ മകരസംക്രാന്തി) ആണ് ഇവിടത്തെ പ്രധാന ആഘോഷം.
പാന്ത്നഗര്‍ എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്ത എയര്‍ബേസ്. ഇവിടെ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ ഉണ്ട്. കാത്ഗോഡാം ആണ് റെയില്‍വേ സ്റ്റേഷന്‍. ചെലവുകുറഞ്ഞ യാത്ര ആഗ്രഹിക്കുന്നവര്‍ക്കായി കൗസാനി ബസ്സ്റ്റേഷനിലേക്ക് ഉത്തരഖണ്ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് സന്ദര്‍ശകര്‍ ധാരാളമായി എത്താറ്.
റാണിഘട്ട്, നൈനിറ്റാള്‍, പിറ്റോര്‍ഗര്‍, അല്‍മോറ എന്നീ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ദലഹിയിലേക്ക് സ്വകാര്യബസുകളും ധാരാളം ഓടുന്നുണ്ട്.
No comments:
Post a Comment