ഭാഗം: 31
40. ചന്ദ്രാംഗദനും തക്ഷകനും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഒരിക്കൽ നളന്റെ പൗത്രനായ ചന്ദ്രാംഗദൻ കൂട്ടുകാരുമൊത്ത് കാളിന്ദീ നദിയിൽ നീന്തികളിക്കുകയായിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ തക്ഷകൻ ചന്ദ്രാംഗദനെ വലിച്ചു വലിച്ച് ആഴത്തിലാക്കി പാതാളത്തിലേക്കുഗമിച്ചു. നാഗലോകത്തെത്തിയ അദ്ദേഹത്തിന് താൻ എവിടെയാണന്ന ബോധമുണ്ടായില്ല. ബോധമുണ്ടായപ്പോൾ ചില സുന്ദരികളായ നാഗകന്യകമാർ അദ്ദേഹത്തെ പരിലാളിച്ചു . ശുശ്രൂഷിക്കുന്നതായി കണ്ടു. ചന്ദ്രാംഗദൻ ചോദിച്ചു. ഇതെവിടമാണ്? എനിക്കു പരിചയമില്ലല്ലോ ? ഞാൻ എങ്ങിനെയിവിടെ വന്നു? നിങ്ങളൊക്കെയാരാണ്? എന്നിങ്ങനെ ചോദ്യശരങ്ങൾ പൊഴിച്ചു കൊണ്ടേയിരുന്നു. അപ്പോൾ അവർ പറഞ്ഞു ഇതു നാഗലോകമാണ് . ഞങ്ങൾ നാഗകന്യകകളാണ്. ഞങ്ങളാണ് അങ്ങയെ രക്ഷിച്ചു പാലിച്ചത്. അങ്ങയ്ക്ക് സുഖമായി ജീവിതം മുഴുവൻ ഇവിടെ കഴിയാം.
ചന്ദ്രാംഗദന് പെട്ടന്ന് ഭൂമിയെ ഓർമ്മവന്നു. ഗൃഹത്തിനെ, ബന്ധുക്കളെ , ഭാര്യയെ എല്ലാം ക്രമേണ സ്മൃതിപഥത്തിലെത്തി. ഇവിടെ നിന്ന് എങ്ങനെയാണു രക്ഷപ്പെടുകയെന്ന് ആലോചിച്ചു. ആ സമയം തക്ഷകൻ അദ്ദേഹത്തെ സഭയിലേക്കു ക്ഷണിച്ചു . തക്ഷകൻ പറഞ്ഞു. നിന്നെ ശുശ്രൂഷിച്ചു രക്ഷിച്ച നാഗകന്യകകളെ വിവാഹം ചെയ്തു സസുഖം ഇവിടെ വാണുകൊള്ളൂ.
മനുഷ്യർക്ക് നാഗകന്യകകളെ വേൾക്കാം. തടസ്സമില്ല. ഒരു കുഴപ്പവും ഇല്ല. ഇതുകേട്ട ചന്ദ്രാംഗദൻ വളരെ വിനയത്തോടെ അഭ്യർത്ഥിച്ചു. അങ്ങു പറയുന്നത് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. ഞാൻ സഭാര്യനാണ്. എന്റെ ഭാര്യസീമന്തിനി പതിവ്രതയും സ്വാധ്വിയുമാണ്. അവളെ ഉപേക്ഷിക്കുക ധർമ്മമല്ല . മനുഷ്യരുടെ വാസസ്ഥാനം ഭൂലോകമാണല്ലോ ? അതിനാൽ അങ്ങ് കുപിതനാകാതെ ധർമ്മമോർത്ത് എന്നെ ഭൂലോകത്തേയ്ക്ക് പോകാൻ അനുവദിക്കണം. അവൾ ഇപ്പോൾ തന്നെ എന്നെ കാണാതെ ദുഃഖപരവശയായിരിക്കും. എന്നെ എന്റെ ധർമ്മം ചെയ്യാൻ അനുവദിക്കൂ. ചന്ദ്രാംഗദന്റെ ധർമ്മനീതിക്കു തടസ്സം നില്ക്കാൻ തക്ഷകൻ ശ്രമിച്ചില്ല. ഭൂലോകത്തേയ്ക്ക് പോകാൻ അനുവദിച്ചു. കൂടാതെ സന്തോഷിച്ച് ഒരു വെള്ളക്കുതിരയേയും ഒരു രാക്ഷസനേയും ഒരു സർപ്പത്തിനേയും സഹായത്തിനായി നല്കി. അങ്ങേയ്ക്ക് കുതിരപ്പുറത്ത് സവാരി ചെയ്യുമ്പോൾ ആരും ശത്രുസ്ഥാനത്തുണ്ടാകയില്ല . ഈ സർപ്പം അങ്ങയെ രക്ഷിച്ചു കൊള്ളും. അദ്ദേഹം ഭൂലോകത്തേയ്ക്ക് തിരിച്ചു. ചന്ദ്രാംഗദൻ കാളിന്ദിയിൽ പോയിട്ട് ഏറെ നേരം കാണാതിരുന്നപ്പോൾ അന്വേഷിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ ബന്ധുക്കളും ഭാര്യയും വളരെ ദുഃഖിച്ചു. ഏറെ ദിവസം കാത്തിരുന്നിട്ടും ശവശരീരം പോലും കണ്ടില്ല. ഒടുവിൽ മരിച്ചു എന്നു തന്നെ കരുതി. ഭാര്യവിധവയെപ്പോലെ നാളുകൾ നീക്കി തുടങ്ങി. അങ്ങനൊക്കെ ദുഃഖത്തിൽ കഴിയുമ്പോഴും ഈശ്വരനെ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു . ഒരു ദിവസം യാദൃശ്ചികമായി കുതിരപ്പുറത്തു കയറി ചന്ദ്രാംഗദൻ ഗൃഹത്തിലാഗതനായി. അദ്ദേഹം കൂടെ വന്ന സർപ്പത്തിനെ കൂടിയിരുത്തി പൂജാദികൾ നല്കി പ്രസാദിപ്പിച്ചു കൊണ്ടേയിരുന്നു. പിന്നെ അവിടെ വളർച്ചയല്ലാതെ ഒരു തളർച്ചയുണ്ടായിട്ടില്ല..
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment