20 July 2023

നാഗമാഹാത്മ്യം - 30

നാഗമാഹാത്മ്യം...

ഭാഗം: 30

39. അഘാസുരൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശ്രീ കൃഷ്ണപിതാവായ വസുദേവർ ദേവകിയെ വിവാഹം ചെയ്ത് ഭർതൃഗൃഹത്തിലേയ്ക്ക് പുറപ്പെടാൻ രഥത്തിൽ കയറി കംസൻ രഥം നടത്താൻ തുടങ്ങി. ആ അവസരത്തിൽ ഒരശരീരിയുണ്ടായി. ഈ ദേവകി പ്രസവിക്കുന്ന എട്ടാമത്തെ പുത്രൻ നിന്നെ കൊല്ലും. യാതൊരു സംശയവുമില്ല . നീ എത്ര വിചാരിച്ചാലും അതിൽ നിന്നു രക്ഷ കിട്ടുകയില്ല എന്ന് മൂന്നു പ്രാവശ്യം കേട്ടു. ഈ അശരീരി കേട്ടു ദേവകിയുടെ സഹോദരൻ കംസൻ ദേവകിയെ കൊല്ലാൻ തുനിഞ്ഞു. വസുദേവർ വളരെ അനുനയങ്ങൾ പറഞ്ഞിട്ടും ആ ദ്രോഹി ദേവകിയെ വിട്ടില്ല. ഒടുവിൽ , ദേവകി പ്രസവിക്കുന്ന കുഞ്ഞുങ്ങളെ അപ്പോഴപ്പോൾ കംസനെ ഏല്പിക്കുമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. കംസൻ വ്യവസ്ഥപ്രകാരം വസുദേവർ കൊണ്ടുകൊടുത്ത ആറു മക്കളേയും കൊന്നു. ഏഴാമത്തെതായി ജനിച്ചത് ഭഗവാന്റെ ശയ്യയായ അനന്തനായിരുന്നു. അതിനെ കൊല്ലാതെ രക്ഷിക്കാൻ വേണ്ടി ആ ഗർഭസ്ഥശിശുവിനെ ദേവകിയുടെ വയറ്റിൽ നിന്ന് രോഹിണിയുടെ ഗർഭത്തിലാക്കി രക്ഷിച്ചു. ആ കുട്ടിയാണ് ബലരാമൻ. എട്ടാമത്തെ പുത്രൻ ശ്രീകൃഷ്ണൻ . അദ്ദേഹം കാരാഗൃഹത്തിലാണ് പിറന്ന് വീഴുന്നത്. തന്റെ ദിവ്യ രൂപം ഉടനെ തന്നെ കാട്ടി. ചതുർബാഹുവായ വിഷ്ണുവിന്റെ ആ ദിവ്യരൂപം ദർശിച്ച വസുദേവ ദേവകിമാർ അദ്ദേഹത്തെ സ്തുതിച്ചു പറഞ്ഞു. അവിടത്തെ ജനനവാർത്ത കേട്ടാലുടൻ കംസൻ ഓടിവന്ന് കൊല്ലാൻ ശ്രമിക്കും. എന്താണ് പോംവഴി. അങ്ങയുടെ ഈ ദിവ്യരൂപം കണ്ടാൽ അജ്ഞാനികൾക്ക് ദുരുക്തിക്കു കാരണമാകും. അതുകൊണ്ട് ഈ രൂപം മറച്ച് സാധാരണ ശിശുരൂപം ധരിക്കണം.

 വസുദേവർ ഭഗവാനെ എടുത്തു നടന്നു. വാതിൽ താനെ തുറന്നു. എല്ലാ കംസ ഭടൻമാരും ഉറങ്ങി. രാത്രികാലം മഴയും ഇടിയും എങ്കിലും അദ്ദേഹം നടന്നു. ഉടനെ തന്നെ അനന്തൻ ഫണം വിരിച്ച് കുടയായി കൂടി യമുന വഴിമാറി കൊടുത്തു. അമ്പാടിയിലെത്തി . പെൺശിശുവിനെ എടുത്തു ആൺശിശുവിനെ കിടത്തി. അവിടെയും ആരും ഒന്നും അറിഞ്ഞില്ല. കംസൻ വന്നപ്പോൾ ആ ശിശുവിനെ കാട്ടി അതിനെയെങ്കിലും കൊല്ലരുതേ എന്നു കേണു. ദുഷ്ടൻമാർക്കുണ്ടോ ദയ കംസൻ യാതൊരു ദയയും കൂടാതെ ആ ശിശുവിനെ പിടിച്ചു പറിച്ചു വട്ടക്കല്ലേൽ തല്ലാൻ ഓങ്ങി. പെട്ടന്ന് വഴുതി ആ ശിശു മേല്പോട്ടു പോയി. ദിവ്യരൂപം ധരിച്ച് കംസനോട് പറഞ്ഞു. നീ എന്തിനാണ് എന്റെ മരണമാഗ്രഹിക്കുന്നത്. ഞാൻ ലോകരക്ഷ ചെയ്യാനുള്ളവളാണ് . നിനക്കൊരു കാലൻ ജനിച്ചിട്ടുണ്ട്. തെരഞ്ഞു കണ്ടുപിടിച്ചാലും അവനിൽ നിന്നും നിനക്കു രക്ഷയില്ല. ദേവീരൂപം അപ്രത്യക്ഷമായി.

 കംസൻ ഈ വിവരം മന്ത്രിമാരെയൊക്കെ അറിയിച്ചു. അവരുടെ ഉപദേശപ്രകാരം പത്തുനാളിനുള്ളിലുള്ള എല്ലാശിശുക്കളേയും കൊന്നൊടുക്കാൻ പല ദിക്കിലേയ്ക്കും പലരേയും അയച്ചു. അതിൽ ചിലർ അമ്പാടിയിൽ വന്നു മോക്ഷം നേടി . പൂതന , ബകാസുരൻ തുടങ്ങിയവർ ഭഗവാനെ കൊല്ലാൻ വന്ന് സ്വയം മരണമേറ്റുവാങ്ങിയവരാണ്.

ആരെല്ലാം വിചാരിച്ചിട്ടും വിജയം കിട്ടായ്കയാൽ അഘാസുരനെ അയച്ചു. അഘൻ ഒരു വലിയ പെരുമ്പാമ്പിന്റെ രൂപത്തിലാണ് വന്നത്. ആനായൻമാർ കളിച്ചുനടക്കുന്ന വഴിയിൽ വായിന്റെ കീഴ്ഭാഗം ഭൂമിയിലും മേൽഭാഗം ആകാശത്തും മുട്ടത്തക്ക അത്രഭയങ്കരരൂപത്തിലാണു വന്നതും വഴിയിൽ കിടന്നതും ബാലൻമാരെല്ലാം അഘനെന്ന പാമ്പിന്റെ വായിലകപ്പെട്ടു. അഘൻ സന്തോഷിച്ചു താൻ വന്ന കാര്യം സാധിച്ചല്ലോ ഈ ചെറിയവനെ (കൃഷ്ണനെ) ഞാൻ വിഴുങ്ങി സംതൃപ്തനായി. അപ്പോൾ അതാ അത്ഭുതമെന്നു പറയട്ടെ . ഭഗവാൻ ശ്രീ കൃഷ്ണനെന്ന ചെറുപൈതൽ അഘന്റെ വയറ്റിൽ പണ്ട് മഹാ ബലിയോടു മൂന്നടി മണ്ണിനായി വളർന്നപോലെ വളർന്നു. അസുരനായ ആ പാമ്പിന് ശ്വാസം വിടാൻ കഴിയാതെ വയർ പൊട്ടിമരിച്ചു. എല്ലാ ബാലൻമാരേയും രക്ഷിച്ചു. ആ അഘനും മോക്ഷമായി. അനന്തമൂർത്തി ബലഭദ്രൻ ശ്രീ കൃഷ്ണഭഗവാന്റെ കൂടെ തന്നെ വളർന്ന് അദ്ദേഹത്തിന് വേണ്ടപ്പോൾ വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ടേയിരുന്നു . അന്ത്യം വരെ അങ്ങനെ കഴിയുകയും അന്ത്യകാലത്ത് ഭഗവാന്റെ സ്വർഗ്ഗാരോഹണത്തിനു തൊട്ടു മുൻപു തന്നെ ദേഹത്യാഗം ചെയ്ത് വൈകുണ്ഠത്തിലെത്തി ശയ്യയായി.

രാമായണത്തിലും അനന്തമൂർത്തി ശ്രീരാമദേവന്റെ സഹോദരസ്ഥാനത്തു ജനിച്ച് അദ്ദേഹത്തിന്റെ കാലടികളെ പിൻ തുടർന്ന് വനവാസത്തിനുപോയി. ശ്രീരാമദേവനൊപ്പം എല്ലാവിധത്യാഗങ്ങളും സഹിച്ച് വാണു. രാമരാവണയുദ്ധക്കാലത്ത് ശ്രീരാമന്റെ നിഴലായി തന്നെ കഴിഞ്ഞ് ദുഷ്ടനിഗ്രഹത്തിൽ പങ്കാളിയായി. പഴയ കൈടഭാസുരൻ അക്കാലത്ത് അതികായനെന്ന പേരിൽ രാക്ഷസനായി പിറന്നിരുന്നു . ഭഗവാൻ വിഷ്ണുവിന്റെ വരമനുസരിച്ച് അനന്തമൂർത്തിയായ ലക്ഷ്മണൻ അതികായനെ വധിച്ച് ലോകരക്ഷനിർവ്വഹിച്ചു എങ്കിലും വിധിവശാലായിരിക്കാം. നാഗാസ്ത്രബന്ധനം ഏല്ക്കാൻ ഇടയായി. നാഗാസ്ത്രബന്ധനം വേർപെടുത്താൻ അന്ന് മുൻവിധിയനുസരിച്ച് വൈനതേയൻ അവിടെ എത്തി. തന്റെ ചിറകടിയാൽ വിഷബാധയെ അകറ്റി നാഗപാശം വേർപെടുത്തി ശ്രീരാമദേവനേയും ലക്ഷ്മണനേയും വാനരപ്പടയേയും സന്തുഷ്ടരാക്കി . അങ്ങനെ അതിഘോരമായ രാമരാവണയുദ്ധത്തിൽ നാഗാസ്ത്രം തന്റെ പങ്കുവഹിച്ചു. ഗരുഡൻ അതിന്റെ പ്രതിക്രിയ ചെയ്തു തന്റെ പങ്കും വഹിച്ചു..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment