18 June 2022

51 ശക്തിപീഠങ്ങൾ - 2

51 ശക്തിപീഠങ്ങൾ - 2

 ജമ്മു കശ്മീർ

1. മഹാമായ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
 ജമ്മു കശ്മീരിലെ അമര്‍നാഥിലാണ് മഹാമായ ശക്തിപീഠം. സതിദേവിയുടെ മൃതശരീരം സുദര്‍ശനചക്രത്താല്‍ ഖണ്ഡിക്കപ്പെട്ടപ്പോള്‍ ഭൂമിയില്‍ കണ്ഠം പതിച്ച സ്ഥലമാണിത്. കണ്ഠത്തിന്റെ സംരക്ഷണത്തിന് കാലഭൈരവന്റെ അവതാരമായ ത്രിസന്ധ്യേശ്വറിനെ ശിവന്‍ നിയോഗിച്ചു എന്നതാണ് വിശ്വാസം. വര്‍ഷംതോറുമുള്ള അമര്‍നാഥ് യാത്ര കര്‍മദോഷങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള തീര്‍ഥയാത്രയായാണ് ഹിന്ദുസമൂഹം കാണുന്നത്. പാര്‍വതിക്ക് അമരത്വം കല്‍പ്പിച്ച് നല്‍കുന്നതിന് ശിവന്‍ തുടക്കമിട്ടത് ഇവിടെ നിന്നാണ് എന്ന തരത്തിലും വിശ്വാസമുണ്ട്..

അമര്‍നാഥ് ഗുഹയില്‍ ഇരുന്നാണ് ശിവനെ പതിയായി ലഭിക്കുന്നതിന് പാര്‍വതി തപസ് ചെയ്തത്. പാര്‍വതിയുടെ തപസില്‍ സംപ്രീതനായ ശിവന്‍ അമരത്വത്തിന്റെ രഹസ്യം ഉപദേശിച്ച് കൊടുക്കാന്‍ തീരുമാനിച്ചു. മറ്റാരും കേള്‍ക്കാതിരിക്കാന്‍ ഗുഹയുടെ ചുറ്റിലുമുള്ള പ്രദേശം കത്തി ചാമ്പലാക്കാന്‍ ശിവന്‍ നിര്‍ദേശിച്ചു. എന്നാല്‍ ശിവന്റെ മാന്‍തോല്‍ പായയുടെ ചുവട്ടില്‍ ഇരുന്നിരുന്ന പ്രാവിന്റെ ഒരു ജോടി മുട്ടകള്‍ മാത്രം നശിച്ചില്ല. അതിനാല്‍ ഇവയ്ക്ക് അമരത്വം ലഭിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് തണുത്തുറഞ്ഞ് കിടക്കുമ്പോഴും അമര്‍നാഥില്‍ പ്രാവുകളെ കാണുന്നത് അതിശയിപ്പിക്കുന്നത്.

ജൂലൈ - ഓഗസ്റ്റ് കാലയളവാണ് യാത്രയ്ക്ക് അനുയോജ്യമായ സമയം. 

ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് അമര്‍നാഥ്. ജമ്മു താവിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. അമര്‍നാഥില്‍ നിന്ന് 176 കിലോമീറ്റര്‍ അകലെയാണിത്. ജമ്മുവില്‍ നിന്ന് എപ്പോഴും ബസുണ്ട്.
             

No comments:

Post a Comment