18 June 2022

51 ശക്തിപീഠങ്ങൾ - 1

51 ശക്തിപീഠങ്ങൾ - 1

ആമുഖം

പ്രപഞ്ചമാകുന്ന നാണയത്തിന്റെ രണ്ടു വശങ്ങളാണ് ദേവി സതിയും ഭഗവാന്‍ പരമശിവനും. ഇവരുടെ കഥയിലെ നിര്‍ണായക ഘട്ടം ആരംഭിക്കുന്നത് സതിയുടെ അച്ഛനായ ദക്ഷന്‍ സംഘടിപ്പിച്ച മഹായാഗത്തിലൂടെയാണ്. യാഗത്തിന്റെ അവസാനം ദക്ഷന്‍ ശിവനെ അപമാനിച്ചു. ഭര്‍ത്താവിനെ അപമാനിച്ചതിന്റെ മനോവിഷമത്തില്‍ അഗ്നിയില്‍ സതി പ്രാണത്യാഗം ചെയ്തു എന്നാണ് ഐതിഹ്യം. സതിയുടെ പ്രാണത്യാഗത്തില്‍ കുപിതനും ദുഃഖിതനുമായ ഭഗവാന്‍ ശിവന്‍ താണ്ഡവം നൃത്തം ആരംഭിച്ചു. ഇതിന്റെ പ്രഭാവത്താല്‍ ലോകം നശിക്കുമെന്നു ഭയപ്പെട്ട ഭഗവാന്‍ വിഷ്ണു ശിവനെ ദുഃഖത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സുദര്‍ശന ചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ശിവന്റെ അവതാരമായ കാലഭൈരവനും ആദിപരാശക്തിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ.

പശ്ചിമബംഗാളിലാണ് ഏറ്റവുമധികം ശക്തി പീഠങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാന്‍, നേപ്പാള്‍, തിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലായി ശക്തിപീഠങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള നിഗൂഢമായ ബന്ധത്തിന് കാരണം വിശ്വാസമാണ്. ഈ പവിത്രമായ സ്ഥലങ്ങളാണ് ഇതിന് കരുത്തുപകരുന്നത്. കശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി ആദിപരാശക്തിയെ ആദരിക്കുന്നു. ശിവപുരാണം , ദേവീഭാഗവതം തുടങ്ങിയ ചില ഗ്രന്ഥങ്ങളില്‍ നാല് പ്രധാനപ്പെട്ട ആദിശക്തിപീഠങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബിമല, താരാ തരിണി, കാമാഖ്യ, ദക്ഷിണ കാലിക എന്നിവയാണിവ.

ചില പീഠങ്ങള്‍ക്ക് നൂറുകണക്കിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഇവയുമായി ബന്ധപ്പെട്ട പ്രാദേശിക കഥകളും ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ ആട്ടിടയനായ ബൂട്ടാ മാലിക്കിന് സന്യാസിയുടെ വേഷം ധരിച്ചെത്തിയ പരമശിവന്‍ ഒരു സഞ്ചി നിറയെ കരിക്കട്ടകള്‍ നല്‍കുകയും അത് സ്വര്‍ണമായി രൂപാന്തരം പ്രാപിക്കുകയും ചെയ്ത കഥ അമര്‍നാഥില്‍ ഇന്നും പറഞ്ഞുകേള്‍ക്കുന്നു. പരമശിവനോടുള്ള നന്ദിസൂചകമായാണ് അമര്‍നാഥില്‍ ബൂട്ടാ മാലിക് പവിത്രമായ ഗുഹാ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ഐതിഹ്യം.

സതിയുടെ അവതാരമാണ് പാര്‍വതി എന്നാണ് വിശ്വാസം. സൃഷ്ടിയുടെയും സംഹാരത്തിന്റെയും രൂപമായാണ് ആദിപരാശക്തിയെ കാണുന്നത്. ശിവരാത്രി നാളുകളിലാണ് ശക്തിയുടെ പ്രാധാന്യം കൂടുതല്‍ വെളിവാകുന്നത്.

തിന്മയില്‍ നിന്ന് മനുഷ്യനെ നന്മയിലേക്ക് നയിക്കുക എന്നതാണ് ശക്തിപീഠങ്ങളുടെ ആത്യന്തിക ലക്ഷ്യം. സ്‌നേഹം, പ്രതികാരം, രൗദ്രത, സമര്‍പ്പണം എന്നിങ്ങനെ വിവിധ ഭാവങ്ങള്‍ ഓരോ ക്ഷേത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. സംഹാരരൂപിണിയായാണ്‌ കാളിയെ കാണുന്നത്. യഥാര്‍ഥത്തില്‍ തിന്മയില്‍ നിന്ന് നന്മയിലേക്ക് നയിക്കുന്നതിനാണ് ദേവി സംഹാരരൂപം കൈക്കൊണ്ടിരിക്കുന്നത്. ശിവനെ മനുഷ്യരൂപത്തിലേക്ക് മാറ്റുന്നതോടെയാണ് പാര്‍വതി മാതൃത്വത്തിന്റെ പ്രതീകമായി മാറുന്നത്. ശിവനെ ഗൃഹസ്ഥാശ്രമിയും ഗണപതിയുടെയും മുരുകന്റെയും പിതാവുമാക്കി മാറ്റുന്നതില്‍ പാര്‍വതിയുടെ പങ്ക് വലുതാണ്. ഇന്ത്യയില്‍ വൈഷ്ണവം, ശൈവം എന്ന രീതിയില്‍ വിശ്വാസം രണ്ടായി വളര്‍ന്നപ്പോഴും ശക്തി സ്വതന്ത്രമായി നിലക്കൊണ്ടു.

പ്രാചീന കാലത്ത് പ്രകൃതിയെയാണ് ആരാധിച്ചിരുന്നത്. ഹിന്ദുമതത്തിന്റെ ആദ്യ കാലങ്ങളില്‍ പ്രകൃതിയെ ആരാധിക്കുന്ന രീതി വ്യാപകമായി നിലനിന്നിരുന്നു. അക്കാലത്ത് വനത്തിന്റെയും മലയുടെയും പുഴയുടെയും ദേവതയായി ആരാധിച്ചിരുന്നത് ദേവിയെയാണ്. ശക്തിപീഠങ്ങളില്‍ ഭൂരിഭാഗവും പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മലയുടെ മുകളിലും ഗുഹയിലും ജലാശയത്തിലുമാണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.

ശിവന്റെ മുടിയില്‍ നിന്നാണ് കാല ഭൈരവന്‍ പിറവി കൊണ്ടത് എന്നാണ് ഐതിഹ്യം. ശക്തിപീഠങ്ങളെ സംരക്ഷിക്കുന്നതിന് 64 ഭൈരവന്മാരെയാണ് ശിവന്‍ നിയോഗിച്ചത്. അഹന്തയെ വെടിയുക, മനസ് ഭക്തിയിലൂടെ പവിത്രമാക്കുക എന്നതാണ് ഓരോ ശക്തിപീഠങ്ങളും നല്‍കുന്ന സന്ദേശം.

No comments:

Post a Comment