ഉപനിഷത്ത് കഥകൾ
ഭാഗം 15
ഗാർഗ്യൻ
ഗാർഗ്യൻ ഗർവ്വിഷ്ഠനായ ഒരു ബ്രാഹ്മണൻ ആയിരുന്നു. ഒരു ദിവസം അദ്ദേഹം കാശിരാജാവിനെ ചെന്നുകണ്ടുപറഞ്ഞു: “അല്ലയോ രാജാവേ, ഞാൻ അങ്ങയിൽ പ്രസന്നനായിരിക്കുന്നു. അങ്ങേയ്ക്ക് ഞാൻ ബ്രഹ്മത്തെപ്പറ്റി ഉപദേശം നൽകാൻ ആഗ്രഹിക്കുന്നു.''അതു കേട്ടപ്പോൾ രാജാവിന് സന്തോഷമായി. അദ്ദേഹം വിനയത്തോടെ ബ്രാഹ്മണനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് പറഞ്ഞു: “അങ്ങേയ്ക്ക് ഞാൻ എത്ര നന്മകൾ നേർന്നാലും അത് അധികമാകില്ല. സർവ്വഐശ്വര്യവും ആയിരം പശുക്കളെയും ഞാൻ നൽകുന്നുണ്ട്. അത് സദയം സ്വീകരിച്ച് എനിക്ക് ബ്രഹ്മം ഉപദേശിച്ചുതന്നാലും!'' അതു കേട്ടപ്പോൾ ഗാർഗ്യൻ പറഞ്ഞു: “ഞാൻ സൂര്യനെയാണ് ബ്രഹ്മമായി ഉപാസിക്കുന്നത്. അത് ഞാൻ അങ്ങേയ്ക്കും പറഞ്ഞുതരുന്നുണ്ട്. അങ്ങും ഉപാസിക്കുക." ജ്ഞാനിയായ രാജാവ് അല്പനേരം ചിന്തയിലാണ്ടു. അതിനുശേഷം ഇപ്രകാരം പറഞ്ഞു: “അങ്ങ് ക്ഷമിക്കണം. ഈ ബ്രഹ്മത്തെപ്പറ്റി എനിക്ക് അറിയാം. ഉപാസനാഫലങ്ങളും ഞാൻ മനസ്സിലാക്കുന്നു. അതു കൊണ്ട് അതിനെപ്പറ്റി ഒന്നും കേൾക്കാൻ എനിക്ക് താത്പര്യമില്ല. വേറെ ഏതെങ്കിലും ബ്രഹ്മത്തെപ്പറ്റി അറിയാമെങ്കിൽ ഉപദേശിച്ചുതന്നാലും!” ഗാർഗ്യന്റെ അഹംഭാവം ഇല്ലാതാക്കണമെന്നാണ് രാജാവിന്റെ ആഗ്രഹം. അതിനുള്ള ശ്രമം അദ്ദേഹം തുടർന്നുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആ ബ്രാഹ്മണന്റെ വീമ്പുപറച്ചിലുകളെ തള്ളിക്കളഞ്ഞുകൊണ്ടിരുന്നത്..
രാജാവിന്റെ നന്മ നിറഞ്ഞ മനസ്സ് തിരിച്ചറിയാനുള്ള ജ്ഞാനമൊന്നും ആ ബ്രാഹ്മണനിൽ ഇല്ലായിരുന്നു. അദ്ദേഹം വീണ്ടും രാജാവിനോട് തന്റെ വീരസ്യം പുലമ്പിക്കൊണ്ട് ഇപ്രകാരം പറഞ്ഞു : “ഹേ രാജൻ, ഞാൻ ചന്ദ്രനിലുള്ള പുരുഷനെ ഉപാസിക്കാൻ പറഞ്ഞു തരാം. ശ്രദ്ധയോടെ കേൾക്കണം. അന്നാത്മകമായ ആ സോമത്ത ഭുജിച്ചാൽ ഒരിക്കലും ക്ഷയം സംഭവിക്കുകയില്ല. രാജാവ് ആ ഉപദേശവും കൈക്കൊണ്ടില്ല. തുടർന്ന് ഗാർഗ്യൻ പ്രകാശത്തിലുള്ള പുരുഷനെ ഉപാസിക്കാൻ ഉപദേശിച്ചു. അദ്ദേഹത്തെ ഉപാസിക്കുന്നവൻ തേജസ്വിയായി അനേകം സന്തതിപരമ്പരകളോടെ വാഴുമെന്ന് പറഞ്ഞു. അതും രാജാവ് തള്ളിക്കളഞ്ഞു. പിന്നെയും ബ്രാഹ്മണൻ ശക്തികളെ ഓരോന്നിനെയും പരിചയപ്പെടുത്തിക്കൊണ്ട് ബ്രഹ്മോപാസന സ്വീകരിക്കാൻ ആവശ്യപെട്ടു. അതിൽ ഹൃദയാകാശങ്ങളിലും ആകാശത്തിലും വർത്തിക്കുന്ന ദേവതയും വായുവിലുള്ള പുരുഷനും അഗ്നിയിലുള്ള പുരുഷനും ജലത്തിലുള്ള പുരുഷനും കണ്ണാടിയിലുള്ള പുരുഷനും മറ്റും ഉൾപ്പെടുന്നു. പക്ഷേ, അപ്പോഴും ആ ബ്രഹ്മജ്ഞാനങ്ങളെയെല്ലാം രാജാവ് നിരാകരിച്ചു. കാരണം, അവയെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. ബ്രാഹ്മണൻ തളർന്നു. അദ്ദേഹം രാജാവിന്റെ മുമ്പിൽ മൗനിയായി നിലകൊണ്ടു. അപ്പോൾ രാജാവ് ഗാർഗ്യനോട് ചോദിച്ചു: “ഇത്രമാത്രമേയുള്ളൂ? ഇനിയുമുണ്ടോ?'' “ഇതിൽ കൂടുതലൊന്നും എനിക്ക് അറിയില്ല.” ആ ശബ്ദത്തിലൂടെ തന്റെ പൂർണ്ണ പരാജയം ബ്രാഹ്മണൻ വെളിവാക്കി. രാജാവ് തുടർന്നു: “നിങ്ങളുടെ അറിവ് പൂർണ്ണമല്ല. ഇതുകൊണ്ടാന്നും ബ്രഹ്മജ്ഞാനം പൂർണ്ണമാകുന്നുമില്ല...
ഗാർഗ്യൻ തന്റെ പരാജയം രാജാവിന്റെ മുമ്പിൽ വീണ്ടും സമ്മതിച്ചുകൊണ്ട് പറഞ്ഞു: “എനിക്ക് ഇത്രയൊക്കെയേ അറിയൂ. കൂടുതലൊന്നും പറയാനില്ല.” രാജാവിന്റെ മനസ്സിൽ പുഞ്ചിരി പടർന്നു. വൈകിയാണെങ്കിലും ബ്രാഹ്മണന്റെ മനസ്സിലെ കളങ്കം അടർത്തിക്കളയാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷിച്ചു. അദ്ദേഹം പറഞ്ഞു: “അങ്ങ് പറഞ്ഞതെല്ലാം അപരബ്രഹ്മത്തെക്കുറിച്ചുള്ള കാര്യങ്ങളാണ്. അത് പരബ്രഹ്മജ്ഞാനം ഉണ്ടാക്കുന്നവയല്ല.” ആ അറിവ് രാജാവിൽ നിന്ന് പകർന്നു കിട്ടിയപ്പോൾ ഗാർഗ്യന്റെ മനസ്സിലെ അഹംഭാവം പൂർണ്ണമായും അപ്രത്യക്ഷമായി. ബ്രാഹ്മണന്റെ മനസ്സ് ഉണർന്നു. വിനയം വിളങ്ങി!! അദ്ദേഹം ഒരു ശിഷ്യനെപ്പോലെ ബ്രഹ്മത്തെപ്പറ്റി കൂടുതൽ അറിയാൻ വേണ്ടി രാജാവിന്റെ മുമ്പിൽ തലകുനിച്ച് കൈകൂപ്പി നിന്നു. രാജാവ് മനസ്സു തുറന്നു. അഹങ്കാരം നടമാടുന്നിടത്ത് ജ്ഞാനം പ്രകാശിക്കുകയില്ല. നിഷ്കളങ്ക മനസ്സിലേ ജ്ഞാനം തെളിയുകയുള്ളൂ. അതിന് വിനയത്തിന്റെ സഹായവും വേണം. താണ ഭൂമിയിലല്ലേ വെള്ളം കെട്ടിനില്ക്കു!! ഉയർന്ന സ്ഥലത്തു നിന്ന് ജലം ഒലിച്ചുപോകും. ബ്രാഹ്മണന്റെ മനസ്സിൽ ഉണ്ടായിരുന്ന അഹങ്കാരമാണ് ജ്ഞാനം തെളിയാൻ തടസ്സമായത്. ആ അഹങ്കാരം അപ്രത്യക്ഷമായപ്പോൾ രാജാവ് ജ്ഞാനോപദേശത്തിനു വേണ്ടി ആചാര്യനും ഉത്തമനുമായ ആ ബ്രാഹ്മണനെയും കൂട്ടി ഉറങ്ങിക്കിടക്കുന്ന ഒരു പുരുഷന്റെ അടുത്തേക്ക് പോയി അവനെ ഉണർത്തി. എന്നിട്ട് ചോദിച്ചു: “വിജ്ഞാനിയായ ഈ പുരുഷൻ ഉറക്കത്തിൽ എവിടെയായിരുന്നു? ഗാർഗ്യന് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല...
ജ്ഞാനമെന്നാൽ അറിവ് ബുദ്ധിയെന്നൊക്കെയാണ് അർത്ഥം. അതു മനസ്സിലാക്കാൻ കഴിയുന്നവൻ ആണ് ജ്ഞാനി. അവൻ ഉറക്കത്തിൽ വിശേഷ വിജ്ഞാനം കൊണ്ട് ഇന്ദ്രിയങ്ങളുടെ ശക്തി സ്വീകരിച്ച് ഹൃദയാകാശത്തിൽ ശയിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നു. അപ്പോൾ ഘാണം, വാക്ക്, ചക്ഷസ്സ്, ശ്രാത്രം, മനസ്സ് മുതലായ ഇന്ദ്രിയങ്ങളെല്ലാം ഉപസംഹരിക്കപ്പെടുന്നു. തന്മൂലം സംസാരബന്ധം നശിക്കുന്നു. അതായത് കർമ്മഫലങ്ങൾ കൊണ്ടുണ്ടാകുന്ന വാസനകൾ തന്നെയാണ് സ്വപ്നത്തിൽ അനുഭവപ്പെടുന്നത്. അപ്പോൾ ആത്മാവ് ഇന്ദ്രിയങ്ങളോടൊപ്പം സൂക്ഷ്മശരീരത്തിൽ ചുറ്റി സഞ്ചരിക്കുന്നു. എട്ടുകാലി അന്യസഹായം കൂടാതെ സ്വയം നൂലുണ്ടാക്കി വലനെയ്ത് അതിലൂടെ സഞ്ചരിക്കുന്നു. അഗ്നിയിൽ നിന്ന് സ്വയം തീപ്പൊരി ഉണ്ടാകുന്നു. അതുപോലെയാണ് വിജ്ഞാനമെന്ന ആത്മാവിൽ നിന്ന് ലോകം ഉണ്ടാകുന്നത് സത്യമെന്നാൽ പ്രാണനും പ്രാണന്റെ സത്യം ആത്മാവുമാകുന്നു! രാജാവിന്റെ ഉപദേശം ബ്രാഹ്മണനെ മഹാജ്ഞാനിയാക്കിതീർന്നു...
തുടരും...
No comments:
Post a Comment