ഉപനിഷത്ത് കഥകൾ
ഭാഗം 16
യാജ്ഞവല്ക്യൻ
യാജ്ഞവല്ക്യന്‍ വലിയൊരു ജ്ഞാനിയായിരുന്നു. അദ്ദേഹത്തിന് മൈത്രേയി എന്നും കാത്യായനി എന്നും പേരുള്ള രണ്ട് പത്നിമാർ ഉണ്ടായിരുന്നു. ഒരു ദിവസം മഹർഷി വീടുവിട്ടു പോകുവാൻ തീരുമാനിച്ച വിവരം മെത്രയിയെ അറിയിക്കുകയും കൂടാതെ തന്റെ ധനത്തിന്റെ പകുതി നൽകാമെന്നും പറഞ്ഞു. ഭർത്താവിന്റെ വാക്കു കേട്ട് മൈത്രേയി പറഞ്ഞു: “അല്ലയോ ഭഗവാനേ, ഐശ്വര്യം നിറഞ്ഞ ഭൂമി മുഴുവൻ എന്റേതായിത്തീർന്നാൽ ഞാൻ അമ്യതയായിത്തീരുമോ? മൈത്രേയിയുടെ ചോദ്യം മഹർഷിയെ വല്ലാതെ കുഴക്കി. ഒടുവിൽ അദ്ദേഹം അതിന് ഇങ്ങനെ മറുപടി പറഞ്ഞു: “മൈത്രേയി, നിന്റെ ധാരണ ശരിയല്ല. സുഖസാമഗ്രികളെല്ലാമുള്ളവരുടെ ജീവിതം എങ്ങനെയായിരിക്കുമോ, അങ്ങനെയായിരിക്കും നിന്റെ ജീവിതവും. ധനംകൊണ്ട് അമൃതത്വമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.'' ഋഷിയുടെ വാക്കുകൾ മൈത്രേയിയെ അത്ഭുതപ്പെടുത്തി. അവർ പറഞ്ഞു: “ഞാൻ അമ്യതയായിത്തീരാൻ ആഗ്രഹിക്കുന്നു. അതിന് സഹായകരമല്ലാത്ത ധനം കൊണ്ട് ഒരു ഫലവും ഇല്ലായെന്നും മനസ്സിലായി. അതുകൊണ്ട് അമൃതത്വം പ്രാപിക്കാനുള്ള വിദ്യ എനിക്ക് ഉപദേശിച്ചു തന്നാലും!'' മൈത്രേയി തന്റെ ആവശ്യം ശക്തമായ രീതിയിൽ ഉന്നയിച്ചപ്പോൾ യാജ്ഞവല്ക്യൻ പറഞ്ഞു: “മൈത്രേയി, എനിക്ക് എന്നും പ്രിയപ്പെട്ടവളായിരുന്ന നീ ഇപ്പോഴും പ്രിയമായിട്ടുള്ളതിനെത്തന്നെ പറയുന്നു. അതു കൊണ്ട് നീ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ എല്ലാം വിസ്തരിച്ച് പറഞ്ഞുതരാം. ശ്രദ്ധിച്ച് കേട്ടുകൊള്ളുക...'
യാജ്ഞവല്ക്യന്‍ പറഞ്ഞുതുടങ്ങി "ഭർത്താവിന്റെ ആവശ്യത്തിനു വേണ്ടിയല്ല ഭർത്താവ് പ്രിയനായിട്ടിരിക്കുന്നത്; ആത്മാവിനു വേണ്ടിയിട്ടാണ്. അതുപോലെ തന്നെയാണ് ഭാര്യയുടെ കാര്യവും. ചുരുക്കത്തിൽ ലോകത്തിലുള്ള എല്ലാ സ്നേഹങ്ങൾക്കും അടിസ്ഥാനം ആത്മാവിനോടുള്ള സ്നേഹം തന്നെയാണ്. ആത്മാവിലുള്ള പ്രീതിതന്നെയാണ് മുഖ്യം അതുകൊണ്ട് തന്നെ സാധനകളിലൂടെ ആത്മാവ് സാക്ഷാത്കരിക്കപ്പെടണം. ആത്മാവിൽ നിന്ന് ജനിക്കുകയും അതിൽ സ്ഥിതിചെയ്യുകയും ലയിക്കുകയും ചെയ്യുന്നത് ആത്മാവുതന്നെയാണ്. ആത്മാവിൽ നിന്ന് അറിയുമ്പോൾ അസാമാന്യ ബുദ്ധി ഉണ്ടാകുന്നു. അത് പുരുഷാർത്ഥസിദ്ധിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതുമാകുന്നു. അതിന് ഒരു ഉദാഹരണം പറയാം. പെരുമ്പറയുടെ ശബ്ദം മനസ്സിലാക്കാൻ കഴിയുന്നതു കൊണ്ട് ആരംഭത്തിൽതന്നെ ആ ശബ്ദം തിരിച്ചറിയാൻ കഴിയുന്നില്ലേ? ഇതുപോലെ തന്നെ ശംഖ് ഊതുമ്പോഴുണ്ടാകുന്ന ശബ്ദത്തിന്റെ കാര്യവും. പുകയും ജ്വാലയും തീപ്പൊരിയും അഗ്നിയിൽ നിന്ന് വേർപെട്ട് പോകുന്നതിനു മുമ്പ് അഗ്നിതന്നെയായിരുന്നുയെന്നറിയുന്നു. അതുപോലെ ഉൽപത്തിക്കു മുമ്പും ഈ ലോകം മുഴുവൻ വിശേഷജ്ഞാനത്തിലമർന്നിരുന്നു. ആളുകളുടെ നിശ്വാസം പോലെ വേദങ്ങളും വ്യാഖ്യാനങ്ങളും എല്ലാം ഈ ബ്രഹ്മത്തിന്റെ നിശ്വസിതങ്ങളാകുന്നു. ഉൽപത്തിക്കു മുമ്പും എല്ലാം ബ്രഹ്മമയമായിരുന്നുവല്ലോ. എല്ലാ ജനങ്ങളും സമുദ്രത്തിൽ ലയിക്കുന്നു. സ്പർശം, ഗന്ധം, രസം, രൂപം, ശബ്ദം എന്നീ വിഷയങ്ങൾ അവയുടെ രൂപങ്ങളായ ത്വക്, നാസിക, ജിഹ്വ, നേത്രം, സ്തോത്രം എന്നിവയിൽ ലയിക്കുന്നു. എല്ലാ സങ്കല്പങ്ങൾക്കും മനസ്സ് ഏകലയനസ്ഥാനമാണ്. അത് ബുദ്ധിയിൽ ലയിക്കുന്നു..
യാജ്ഞവല്ക്യന്‍ തുടർന്നു "ബുദ്ധി ആത്മാവിലും. അതുപോലെ കർമ്മേന്ദ്രിയ വിഷയങ്ങളും ഇന്ദ്രിയങ്ങളിലൂടെ പ്രാണനിൽ ലയിച്ച് ആത്മാവായിത്തീരുന്നു. ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും മാത്രമാണ് ലോകം. അവയെല്ലാം പ്രളയത്തെ പ്രാപിക്കുമ്പോൾ ഏകവും അദ്വൈതവുമായ ബ്രഹ്മമായി അവശേഷിക്കുന്നു. വെള്ളത്തിലിട്ട് ഉപ്പുകട്ട പോലെ അത് വെള്ളത്തിൽ തന്നെ ലയിച്ചുചേരുന്നു. പിന്നീട് അതിൽനിന്ന് തിരിച്ചെടുക്കാൻ കഴിയുന്നില്ല. എന്നാൽ വെള്ളം രുചിച്ചുനോക്കിയാൽ ഉപ്പുതന്നെയായിരിക്കുകയും ചെയ്യും". ഉദാഹരണങ്ങൾ നിരത്തിവച്ച് യാജ്ഞവല്ക്യൻ ആത്മതത്ത്വത്തെ വിശദീകരിച്ചു. അതു കേട്ട് മൈത്രേയിയുടെ മനസ്സിൽ സംശയം വർദ്ധിച്ചു. അപ്പോൾ യാജ്ഞവല്ക്യൻ ഉപദേശങ്ങൾ നൽകി അവളെ ബോദ്ധ്യപ്പെടുത്തി: “തത്ത്വത്തെ വ്യക്തമാക്കുന്ന ഒരു ഉദാഹരണം പറയാം.” “സിന്ധുവിൽ നിന്നു ഉണ്ടാകുന്നതാണ് ഉപ്പ്. അതിന് സമ്പർക്കം കൊണ്ടുണ്ടായിട്ടുള്ള ഉറപ്പ് സമുദ്രത്തോടു ചേരുമ്പോൾ ജലത്തിൽ ലയിച്ചുചേരുന്നു. അപ്പോൾ അതിന് പ്രത്യേക സ്ഥിതിവിശേഷമില്ല. അതുപോലെയാണ് പരമാത്മാവും. അതിന്റെ സമ്പർക്കത്താൽ എല്ലാ നാമരൂപങ്ങളും ആത്മാവിനോട് കൂടിച്ചേരുമ്പോൾ ഇല്ലാതാകുന്നു. എല്ലാം ബ്രഹ്മമായിത്തീർന്നശേഷം വിശേഷസംജ്ഞകൾ ഉണ്ടാവുകയില്ല.'' യാജ്ഞവല്ക്യൻ പറഞ്ഞു കൊണ്ട് ഉപദേശം ഉപസംഹരിച്ചു..
തുടരും...
No comments:
Post a Comment