ഉപനിഷത്ത് കഥകൾ
ഭാഗം 14
അർദ്ധനാരീശ്വര സങ്കല്പം
പുരുഷന്റെ സൃഷ്ടി കഴിഞ്ഞതിനുശേഷം ആത്മാവ് ചുറ്റും കണ്ണോടിച്ചപ്പോൾ തന്നിൽ നിന്ന് അന്യമായി ഒന്നിനെയും കണ്ടില്ല. അപ്പോൾ പ്രജാപതിക്ക് "ഞാൻ ആകുന്നു'' എല്ലാം എന്നു തോന്നിപ്പോയി! അന്നുമുതൽ അദ്ദേഹം "ഞാൻ'' എന്നു പേരുള്ളവനായിത്തീർന്നു. അതിനാൽ ഇപ്പോഴും നീ ആരെന്നു ചോദിക്കുമ്പോൾ 'ഇത് ഞാനാകുന്നു' എന്ന് പറയുകയും തുടർന്ന് തന്റെ നാമം പറയുകയും ചെയ്യുന്നു. പിന്നീട് അദ്ദേഹം പ്രജാധിപത്യത്തിന് തടസ്സമായിട്ടുള്ളവയെ ഓരോന്നായി കർമ്മാനുഷ്ഠാനങ്ങൾ ചെയ്ത് സർവ്വ പാപങ്ങളെയും ദഹിപ്പിച്ചു. എന്നിട്ടും പ്രജാപതിയായ ആത്മാവിന് ഉള്ളിലുള്ള ഭയം വിട്ടുപോയില്ല. ആത്മാവ് ചിന്തിച്ചു. തനിക്ക് അന്യമായി ഒന്നുമില്ല. പിന്നെ താൻ എന്തിന് ഭയപ്പെടുന്നു? ധൈര്യം ഭയത്തെ ഇല്ലാതാക്കി. രണ്ടാമതൊന്ന് ഉണ്ടെങ്കിലല്ലേ ഭയത്തിന് സ്ഥാനമുള്ളൂ? എല്ലാം ആത്മദർശനം കൊണ്ട് തിരിച്ചറിഞ്ഞു! ആത്മജ്ഞാനം ലഭിച്ചുകഴിഞ്ഞാൽ പിന്നെ ഭയത്തിന് സ്ഥാനമില്ലല്ലോ. എന്നിട്ടും പ്രജാപതിക്ക് പൂർണ്ണ സന്തോഷം കൈവന്നില്ല. കാരണം, അദ്ദേഹം അപ്പോഴും ഒറ്റയ്ക്കായിരുന്നു. ഒറ്റയ്ക്കു കഴിയുമ്പോൾ ആർക്കാണ് സന്തോഷം ഉണ്ടാവുക കൂട്ട് വേണമെന്നുള്ള അതിയായ ആഗ്രഹമുണ്ടായി. എന്ത് ചെയ്യണമെന്നുള്ള ആലോചനയിൽ തന്റെ ശരീരത്തെ രണ്ടായി ഭാഗിക്കാനുള്ള ആശയം ഉണ്ടായി. അങ്ങിനെ പാതി പതിയായും പാതി പത്നിയുമായി നിശ്ചയിച്ചു. അതിൽ നിന്നും ഉണ്ടായതാണ് അർദ്ധനാരീശ്വരസങ്കല്പം! പുരുഷന്റെ വാമാർദ്ധം സ്ത്രീയാണെന്ന് വിശ്വസിച്ചുവരുന്നു.
അങ്ങിനെ പ്രജാപതിയുടെ പകുതിയെ മനുവെന്നും മറ്റ് പകുതി ശതരൂപ എന്നും പേര് നൽകി. അവർ പരസ്പരം ആശ്രയിച്ചു ജീവിച്ചു പോന്നു. അങ്ങിനെ മനുഷ്യർ ഉണ്ടായി! എന്നാൽ പുരുഷന്റെ ചില പ്രവൃത്തികൾ സ്ത്രീക്ക് ഇഷ്ടപ്പെട്ടില്ല. അവൾ പുരുഷനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പശു രൂപം ധരിച്ചു. പുരുഷനും വിട്ടുകൊടുത്തില്ല! മനു കാളയായിത്തീർന്നു! അങ്ങിനെ ധാരാളം ഗോക്കൾ ഉണ്ടായി. തുടർന്ന് അവർ ആൺകുതിരയായും പെൺകുതിരയായും കഴുതയായും ആടായും മറ്റും പല വിധത്തിൽ രൂപം പൂണ്ടു. പതുക്കെ പതുക്കെ ലോകത്ത് ജീവികൾ നിറഞ്ഞു. അതിനുശേഷം പ്രജാപതി മുഖത്തു നിന്ന് അഗ്നിയെ സൃഷ്ടിച്ചു. പിന്നെ ബ്രാഹ്മണരേയും ഇന്ദ്രൻ മുതലായ ദേവന്മാരെയും അവരാൽ നിയന്ത്രിക്കപ്പെടുന്ന ക്ഷത്രിയരെയും സൃഷ്ടിച്ചു. അതുപോലെ വൈശ്യനെയും ശൂദ്രനെയും സൃഷ്ടിച്ചു. ശരീരത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവ് ബ്രഹ്മം തന്നെയാകുന്നു. ദേവന്മാർക്കും ഋഷിമാർക്കും മനുഷ്യർക്കുമെല്ലാം ആ ബ്രഹ്മഭാവത്തെ സാക്ഷാത്കരിക്കാനും അവർക്ക് സർവ്വാത്മഭാവം പ്രാപിക്കാനും അത് വഴിയൊരുക്കി. അതിന് തടസ്സം സൃഷ്ടിക്കാൻ ആരും ശക്തരല്ല. പക്ഷേ, മനുഷ്യർക്ക് ജ്ഞാനം ലഭിക്കുന്നത് ദേവന്മാർക്ക് ഇഷ്ടമല്ലായിരുന്നു. കാരണം, അവർ ജ്ഞാനികളായാൽ, പിന്നെ യാഗാദി കർമ്മങ്ങളിൽ ഏർപ്പെടുകയില്ല. അപ്പോൾ ദേവന്മാർക്ക് തങ്ങളുടെ അന്നം മുടങ്ങും. അതുകൊണ്ട് ദേവന്മാർ പ്രതിബന്ധം സൃഷ്ടിക്കാൻ മടിച്ചില്ല. ക്ഷത്രിയരെ സൃഷ്ടിച്ചിട്ടും കർമ്മങ്ങൾക്ക് ആവശ്യമായ ധനം ശേഖരിക്കാനും മറ്റും ആരും മുന്നോട്ടു വന്നില്ല. വൈശ്യർ വസുക്കൾ, രുദ്രന്മാർ, ആദിത്യന്മാർ, വിശ്വേശ്വരന്മാർ, മരുത്തുക്കൾ എന്നീ പേരുകളിൽ അറിയപ്പെട്ടു. എന്നിട്ടും യഥേഷ്ടം അവർക്ക് കർമ്മം ചെയ്യാൻ കഴിഞ്ഞില്ല. പരിപാലിക്കാനും ധനം ഉണ്ടാക്കാനും ആളുകളുണ്ടായെങ്കിലും പരിചരണത്തിന് വേണ്ടത്ര ആളില്ലെങ്കിൽ യജ്ഞം നടത്തുവാനാകില്ലല്ലോ. അതുകൊണ്ട് ബ്രഹ്മം ധർമ്മത്തെ സൃഷ്ടിച്ചു. അശക്തരായിട്ടുള്ളവർ ശക്തരെ ധർമ്മം കൊണ്ട് നേരിട്ടു. അതിനാൽ ക്ഷത്രിയന്മാരെ നിയന്ത്രിച്ചു നിർത്താൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. ആത്മാവിനെ അറിയാത്തവൻ എത്ര വലിയ പുണ്യം ചെയ്താലും അവസാനം അത് നശിക്കുകതന്നെ ചെയ്യും. ആത്മജ്ഞാനം സിദ്ധിക്കുന്നവന് സംസാരദുഃഖം ഉണ്ടാകുകയില്ല!!!
തുടരും...
No comments:
Post a Comment