24 May 2021

വിക്രമാദിത്യകഥകൾ - 49

വിക്രമാദിത്യകഥകൾ - 49

ഇരുപത്തിമൂന്നാം സാലഭഞ്ജിക പറഞ്ഞ കഥ

കാലം എങ്ങും തടഞ്ഞുനില്കപ്പെടുന്നില്ലല്ലോ.. രാത്രിയുടെ യാമങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീണു. പിന്നെയും പുലരിപ്പൂ ചിരിച്ചു. ക്രമേണ രാജസദസ്സ് സജീവമായിത്തീർന്നു. വിക്രമാദിത്യന്റെ മയൂര സിംഹാസനത്തിലേറാൻ ഭോജരാജാവ് ഇരുപത്തിരണ്ടു പടികളും ചവിട്ടിക്കയറി ഇരുപത്തി മൂന്നാമത്തേതിലെത്തിയപ്പോൾ അവിടത്തെ സാലഭഞ്ജിക തടുക്കുകയും വിക്രമാദിത്യനെക്കുറിച്ച് അവളുടെ വകയായി ഒരു കഥയാരംഭിക്കുകയും ചെയ്തു. ഉജ്ജയിനിയിലെ അയൽപ്രദേശമായ ഒരു നഗരത്തിൽ മഹാപണ്ഡിതനെങ്കിലും ദരിദ്രനായ ഒരു ബ്രാഹ്മണൻ ജീവിച്ചിരുന്നു. അയാളുടെ സത്യസന്ധതയും വിശുദ്ധിയും പുകൾപെറ്റതായിരുന്നു. തന്റെ പുത്രിമാരെ വിവാഹം ചെയ്തുകൊടുക്കാൻ കഴിവില്ലാതെ ആ ദരിദ്രബ്രാഹ്മണൻ വിഷമിച്ചു. സഹായാഭ്യർഥനയുമായി അയാൾ പലരാജാക്കന്മാരേയും സമീപിച്ചു. അവരെല്ലാം അയാളെ വെറും കൈയായി പറഞ്ഞയയ്ക്കുകയാണുണ്ടായത്. അവസാനം വിക്രമാദിത്യ ചക്രവർത്തിയെത്തന്നെ അയാൾ ശരണം പ്രാപിച്ചു...
     
ബ്രാഹ്മണൻ കേണപേക്ഷിച്ചു: “മഹാപ്രഭോ, എന്റെ പുത്രികൾക്ക് വിവാഹപ്രായമായിരിക്കുന്നു. യഥാവിധി കല്യാണം കഴിച്ചയയ്ക്കാൻ എന്റെ പക്കൽ പണമില്ല. ദയവായി അങ്ങ് എന്നെ സഹായിക്കണം.” ദീനവത്സലനായ വിക്രമാദിത്യൻ ബ്രാഹ്മണന്റെ എല്ലാപുത്രിമാരേയും സ്വന്തം ചെലവിൽ വിവാഹം ചെയ്തയച്ചു. അവർക്ക് പണവും ആഭരണങ്ങളും കൊടുത്തുവെന്നു മാത്രമല്ല, വിവാഹാഘോഷവും ആർഭാടപൂർവം തന്നെയാണ് നടത്തിയത്. അങ്ങിനെ ദീനവത്സലനായ വിക്രമാദിത്യനെ കുറിച്ചുള്ള കഥ തീർന്ന് സാലഭഞ്ജിക ചോദിച്ചു: “ഹേ, ഭോജരാജൻ, ഇത്രയും മഹാമനസ്കനായ ഞങ്ങളുടെ ചക്രവർത്തിയുടെ സിംഹാസനത്തിൽ കയറുവാൻ എന്തുകൊണ്ടെങ്കിലും അങ്ങ് യോഗ്യനാണോ?” നിശ്ശബ്ദത അത് നീണ്ടുനീണ്ടു പോയി. പതിവുപോലെ ഭോജരാജാവ് മൗനം അവലംബിച്ചതേയുള്ളൂ. സമയം ഒരുപാട് അതിക്രമിച്ചുകഴിഞ്ഞതിനാൽ അന്നും മുന്നേപ്പോലെ രാജസദസ്സ് പിരിച്ചുവിട്ട് ഭോജരാജാവ് കൊട്ടാരത്തിലേയ്ക്കു നീങ്ങി.

No comments:

Post a Comment