വിക്രമാദിത്യകഥകൾ - 50
ഇരുപത്തിനാലാം സാലഭഞ്ജിക പറഞ്ഞ കഥ
അടുത്ത പ്രഭാതത്തിൽ സിംഹാസനത്തിനടുത്തെത്തിയപ്പോൾ ഭോജരാജനെ തടഞ്ഞതും വിക്രമാദിത്യന്റെ വീരസാഹസികതയെ വാഴ്ത്തിപ്പാടിയത് ഇരുപത്തിനാലാമത്തെ ചവിട്ടുപടിയിലെ സാലഭഞ്ജികയാണ്. വിക്രമാദിത്യൻ കാടാറുമാസം നടത്തിക്കൊണ്ടിരിക്കുമ്പോൾ മഹാകാളം എന്ന നഗരത്തിലെത്തിച്ചേർന്നു. തത്സമയത്ത് നഗരത്തിന് ഒരു വലിയ ആപത്ത് പറ്റിയിരുന്നു. രാത്രികാലങ്ങളിൽ ഗന്ധർവന്മാരുടെ ഉപദ്രവമുണ്ടായിരുന്നു അവിടെ. അതിന്റെ ഫലമായി അവിടുത്തെ സ്ത്രീകൾ സ്വബോധമില്ലാത്തതുപോലെയായിരുന്നു നടന്നിരുന്നത്. സ്ത്രീകളുടെ ഭർത്താക്കന്മാർക്കോ നാട്ടിലെ ഭരണാധികാരികൾക്കോ ഗന്ധർവന്മാരെ എതിർക്കാൻ കഴിഞ്ഞില്ല. ഗന്ധർവന്മാർ അദൃശ്യശരീരികളായി സ്വച്ഛന്ദം വിലസിവന്നു. ഈ വിവരം അറിയാൻ ഇടവന്ന വിക്രമാദിത്യൻ മഹാകാളത്തിലേയ്ക്ക തിരിച്ചു. അദ്ദേഹം ഭദ്രാദേവിയെ പ്രാർഥിച്ചു പ്രത്യക്ഷപ്പെടുത്തുകയും ദേവിയുടെ നിർദ്ദേശപ്രകാരം രാത്രിയിൽ ഗന്ധർവന്മാർ വരുന്ന സമയം വരെ ഉറങ്ങാതെ കാത്തിരുന്നു. വേതാളത്തിന്റെ സഹായത്താൽ അവരെ മാന്ത്രിക വലയത്തിൽ ആക്കി. തങ്ങളുടെ മുന്നിലുള്ളത് വിക്രമാദിത്യനാണെന്ന് മനസ്സിലാക്കിയ അവർ അദ്ദേഹത്തോട് മാപ്പ് ചോദിച്ചു. ഇനി ഒരിക്കലും അവർ അവിടെ വരില്ല എന്ന് ഉറപ്പ് കിട്ടിയപ്പോൾ രാജാവ് ഗന്ധർവന്മാരെ മുഴുവൻ അവിടെ നിന്ന് പറഞ്ഞയച്ചു..
അവിടെ കഥയവസാനിപ്പിച്ചിട്ട് സാലഭഞ്ജിക ഭോജരാജാവിനോട് ചോദിച്ചു: “അല്ലയോ ഭോജരാജാവേ, വിക്രമാദിത്യ ചക്രവർത്തിയുടെ ദിവ്യശക്തിക്കും സിദ്ധിക്കും ഉദാഹരണമായി നൂറുകണക്കിന് സംഭവങ്ങൾ വേറെയുമുണ്ട്. അദ്ദേഹത്തിന്റെ കരസ്പർശനതിന് ഭാഗ്യം സിദ്ധിച്ച ഈ സിംഹാസനത്തിലിരിക്കാൻ അങ്ങേയ്ക്ക് എടുത്തുപറയത്തക്കതായി വല്ല യോഗ്യതയുമുണ്ടോ?'' ഭോജരാജാവിന്റെ മുഖത്തുനോക്കി കൂസലനേ സാലഭഞ്ജിക ചോദിച്ചുകഴിഞ്ഞപ്പോഴേയ്ക്കും അന്നത്തെ പകലിന് തിരശ്ശീല വീഴാറായിരുന്നു. ദിനരാത്രങ്ങളുടെ ഇതളുകൾ അടിക്കടി അടർന്നു വീണുകൊണ്ടേയിരുന്നു.
No comments:
Post a Comment