കഥയ്ക്കുള്ളിലെ തത്ത്വം
പുരാണങ്ങളിൽ ധാരാളം കഥകൾ ഉണ്ടാകും. പല കഥകളിലും മാനുഷിക വികാരങ്ങളോടെ പെരുമാറുന്നവരെ കാണാം. പുരാണങ്ങൾ പഠിക്കുമ്പോൾ കഥയിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ. ഓരോ കഥയ്ക്കും ഓരോ കഥാപാത്രത്തിനും പിന്നിൽ ഒരു തത്ത്വം ഉണ്ടാവും. ഈ തത്ത്വം ഓർമിക്കണം. കണ്ണിനു കാഴ്ചയില്ലാത്ത കുട്ടിയെ കുത്തിട്ടു തീർത്ത അക്ഷരത്തിൽ കൈവിരൽ തൊടുവിച്ച് പഠിപ്പിക്കുന്നതു പോലെയാണിത്. തത്ത്വം ഗ്രഹിക്കാൻ വേണ്ടിയുള്ള ഉപാധി മാത്രമാണ് കഥകൾ. ഇങ്ങനെയുള്ള ഓരോ കഥയ്ക്കുള്ളിലും ആത്മതത്ത്വം ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മൾ അതറിയണം. എങ്കിലേ അവകൊണ്ടുള്ള ശരിയായ പ്രയോജനം ലഭിക്കൂ. ദേവകിയുടെ പുത്രൻ തന്നെ കൊല്ലും എന്ന അശരീരി കേട്ടപ്പോൾ മുതൽ കംസൻ ഭയം ആരംഭിച്ചു. ഈ കഥയാണല്ലോ കൃഷ്ണഭഗവാന്റെ അവതാര കഥയുടെ തുടക്കം. പൂതനയെപ്പോലുള്ളവരൊക്കെ ഭഗവാനെ ആഗ്രഹിക്കാൻ ശ്രമിച്ചു. അവസാനം കംസനെ ഭഗവാൻ നിഗ്രഹിച്ചു. മാതുലനായ കംസനെ ഭഗവാൻ നിഗ്രഹിച്ചത് തെറ്റായിപ്പോയില്ലേ എന്നു പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്താണ് കംസ നിഗ്രഹത്തിലൂടെ ഭഗവാൻ ലക്ഷ്യമാക്കിയത്? വെറുതെ ഈ കഥ വായിക്കുമ്പോഴാണ് ഭഗവാൻ ചെയ്തത് തെറ്റായി എന്ന് തോന്നുന്നത്.
ഭഗവാന്റെ ലക്ഷ്യം, ഓരോ വ്യക്തിയെയും ഈശ്വരസാക്ഷാത്കാരത്തിന്, നിത്യാനന്ദത്തിന് അർഹനാക്കുക എന്നതാണ്. എന്നാൽ അവിടുത്തേക്ക് എത്തുവാൻ ധർമത്തിന്റെ പാതയിൽക്കൂടിയല്ലാതെ സാധ്യമല്ല. ചില അവിവേകികൾക്ക് ധർമം എന്ന വാക്ക് കേൾക്കുന്നതുകൂടി അരോചകമാണ്. ഇത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോൾ കൂടുതലായി കാണാം. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസൻ. കംസനോട് എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള പാകത ആ മനസ്സിന് ഉണ്ടായിരുന്നില്ല. ധർമം വെടിഞ്ഞ ഒരു മനസ്സിന് ഒരിക്കലും പരമാത്മ തത്ത്വത്തിലെത്താനും സാധിക്കില്ല.
ശ്രീകൃഷ്ണ ഭഗവാൻ വന്നിട്ടുള്ളത് ധർമിക്കും അധർമിക്കും വേണ്ടിയാണ്. അധർമിയെയും ഈശ്വരങ്കൽ എത്തിക്കുക എന്ന കടമ അവിടുത്തേക്കുള്ളതാണ്. അധർമികളിൽ ധർമബോധം ചെലുത്താൻ വേണ്ടതെല്ലാം അവിടുന്നു ചെയ്തു. എന്നിട്ടും ദേഹാത്മബോധത്താൽ മത്തരായ അവർ ധർമമാർഗം കൈക്കൊണ്ടില്ല. പിന്നീട് ഭഗവാന്റെ മുമ്പിൽ ഒരു വഴിയേ ബാക്കിയുള്ളൂ. അവരുടെ എല്ലാ അധർമങ്ങൾക്കും പ്രേരകമായിരിക്കുന്ന, ബഹിർമുഖങ്ങളായ ഇന്ദ്രിയങ്ങൾക്ക് അധിഷ്ഠാനമായ ശരീരം നശിപ്പിക്കുക. ശരീരമാകുന്ന തടവറയിൽനിന്നും അവരുടെ ജീവനെ മോചിപ്പിക്കുക. അതാണ് ഭഗവാൻ ചെയ്തത്. അങ്ങനെേയ ശരീരത്തിന്റെ നശ്വരതയെയും ആത്മാവിന്റെ അനശ്വരതയെയും അവരെ ബോധ്യപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു മാത്രമേ വിഷയങ്ങളുടെ സ്പർശമേല്‍ക്കാത്ത നിത്യാനന്ദത്തിന്റെ അവകാശികളാണു തങ്ങൾ എന്ന അനുഭവജ്ഞാനം അവർക്കു കൈവരൂ.
സ്‌കൂളിൽ ഇട്ടുകൊണ്ടുപോയ യൂണിഫോം മുഴുവൻ ചെളിയും പൊടിയും ആക്കി വരുന്ന ചില മിടുക്കന്മാരെ കണ്ടിട്ടില്ലേ? കുട്ടിയുടെ മാതാവ് അവന്റെ മുഷിഞ്ഞുനാറിയ കുപ്പായം അഴിെച്ചടുക്കുന്നത് അലക്കിത്തേച്ച പുതിയ വസ്ത്രം നല്‍കാനാണ്. അതിനെ അനീതിയെന്നു പറയാമോ? മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെടുമ്പോഴാണ് നിലവിലുള്ള ശരീരത്തിൽനിന്ന് അധർമിയായ ഒരു വ്യക്തിക്കു മോചനം നല്‍കുന്നത്. പുതിയ ശരീരം ലഭിക്കുമ്പോഴെങ്കിലും ധർമത്തിന്റെ മഹത്ത്വം മനസ്സിലാക്കി ലക്ഷ്യത്തിലേക്കു നീങ്ങാൻ അവർക്കു സാധിക്കും.
കംസൻ ഈ ജന്മത്തിൽ ധർമമാർഗത്തിൽ സഞ്ചരിക്കാൻ കഴിയില്ലെന്ന് ഭഗവാന് അറിയാമായിരുന്നു. കംസന്റെ മനസ്സും ശരീരവും അത്രമാത്രം അധർമത്തിന് അടിമയായിക്കഴിഞ്ഞിരുന്നു. ഇതു നഷ്ടമായി പുതിയ ശരീരം ലഭിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ. ഭഗവാന്റെ കൈ കൊണ്ട് മരണം സംഭവിക്കുമ്പോൾ, അവിടുത്തെ ദർശിച്ച്, സ്മരിച്ചു കൊണ്ട് ശരീരം വെടിയുമ്പോൾ പാപമെല്ലാം ക്ഷയിക്കുകയാണു ചെയ്യുന്നത്. വാസ്തവത്തിൽ കംസന്റെ ആഗ്രഹം തന്നെ ഭഗവാന്റെ കൈകൊണ്ട് മരിക്കണം എന്നതായിരുന്നു. ഭഗവാൻ ആ ആഗ്രഹം സാധിച്ചുകൊടുത്തു. കംസന്റെ ജീവനെ ആ ശരീരത്തിൽ നിന്ന് ഭഗവാൻ ഉദ്ധരിക്കുകയാണു ചെയ്തത്. കംസനു പരമാത്മാവിൽ എത്താനുള്ള സാഹചര്യം അവിടന്ന് ഒരുക്കി.
"സർവാത്മകനായി മേവും മുകുന്ദനെ
സർവദാ ഭീതിയാൽ ചിന്തിച്ചു കീടവും
വേട്ടാളനായ് വരുംപോലെ കംസനുടൻ
ലോകേശനായ നാരായണനാം കൃഷ്ണ
സാരൂപ്യവും വന്നു മുക്തനായീടിനാൻ"
ഒരു ഭിത്തിയിൽ ചോക്കുകൊണ്ട് സിംഹത്തിന്റെയും പുലിയുടെയും മറ്റും പടം വരച്ച കുട്ടി പിന്നീട് അവ മായ്ച്ചു കളയും. വരകൾ മായുമ്പോൾ പുലിയും സിംഹവും ഇല്ലാതാവും. തെളിഞ്ഞ ഭിത്തി മാത്രം ശേഷിക്കും. കാരണം ഭിത്തിയാണ് അവയ്ക്ക് ആധാരം. അവിടെ അവൻ മാനിനെയും മുയലിനെയും വരയ്ക്കും. ഇവിടെ സിംഹവും പുലിയും മരിക്കുകയും മാനും മുയലും ജനിക്കുകയുമാണോ ഉണ്ടായത്? ഏതാനും വരകൾ മാറിയപ്പോൾ നാമവും രൂപവും മാറി. ഭഗവാൻ, കംസനിലെ അധർമത്തെ കളയുകയാണു ചെയ്തത്. കഥയിലെ പൊരുളും ഉണ്മയും ഇങ്ങനെയാണ് തിരിച്ചറിയേണ്ടത്.
No comments:
Post a Comment