21 July 2024

ശബരി

ശബരി

ഹിന്ദുപുരാണം രാമായണത്തിലെ പ്രായമായ സ്ത്രീ സന്യാസിനിയായ ഒരു കഥാപാത്രമാണ് ശബരി. തികഞ്ഞ ഭക്തിയിൽ രാമന്റെ ദർശനം സാധ്യമാകുമ്പോൾ അനുഗ്രഹം കിട്ടുന്ന ഒരു സ്ത്രീയായി അവരെ വർണിച്ചിരിക്കുന്നു.

വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു ലങ്കയിലേക്കു പോകുമ്പോൾ ശ്രീരാമൻ ലക്ഷ്മണനോടൊത്ത് ശബരിയുടെ ആശ്രമത്തിലെത്തി. ഉത്തമ ഭക്തയായ ശബരി സ്വയം രുചിച്ചുനോക്കി ഏറ്റവും മധുരമുള്ള പഴങ്ങൾ മാത്രം ശ്രീ രാമചന്ദ്രനു നൽകി. ശബരിയുടെ ഭക്തിയിൽ സന്തുഷ്ടനായ ശ്രീരാമൻ, ശബരിയുടെ ആശ്രമം ഇരിക്കുന്ന സ്ഥലം ശബരിമല എന്ന പേരിൽ അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനിൽക്കുമെന്നും അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം.

ഒരു കാട്ടാളസ്‌ത്രീയായിരുന്നു ശബരി. ശാപംമൂലമാണ്‌ അവൾ കാട്ടാളസ്‌ത്രീ ആയത്‌. പണ്ടു ഗന്ധർവ്വസ്‌ത്രീയായിരുന്നു. ചിത്രകവചൻ എന്ന ഗന്ധർവ്വ രാജാവിന്റെ ഏക മകൾ മാലിനി.

മാലിനിയെ വിവാഹം കഴിച്ചത്‌ വീതിഹോത്രൻ എന്ന ബ്രഹ്‌മജ്ഞാനിയാണ്‌. എങ്കിലും മാലിനിക്ക്‌ ഒരു കിരാതനോടു രഹസ്യമായ അഭിനിവേശം തോന്നി. അതു മനസ്സിലാക്കിയ ഭാർത്താവ്‌ അവളെ ശപിച്ചു.

“കാട്ടാളനെ പ്രണയിച്ച നീ ഒരു കാട്ടാളസ്‌ത്രീയായി ദീർഘകാലം കാട്ടിൽ കഴിയാൻ ഇടയാകട്ടെ.”
മാലിനി ഉടനെ ക്ഷമ ചോദിച്ചു. ശാപമോചനം യാചിച്ചു. അപ്പോൾ വീതിഹോത്രൻ പറഞ്ഞു.
“നിനക്കു മതംഗമുനിയുടെ ആശ്രിതയായി, ശ്രീരാമഭക്തയായി കഴിയാം. ഒടുവിൽ, വിഷ്‌ണുവിന്റെ അവതാരമായ ശ്രീരാമൻ നിന്നെ വന്നു കാണും. അപ്പോൾ നിനക്കു മോക്ഷവും ലഭിക്കും.

അങ്ങിനെ ഋശ്യമൂകാചലത്തിൽ ഒരു കാട്ടാളസ്‌ത്രീയായി മാലിനി ജന്മമെടുത്തു. അവിടെയാണ്‌ മഹാനാനയ മതംഗമുനിയുടെ ആശ്രമം സ്‌ഥതിചെയ്യുന്നത്‌.
മുനിക്കുവേണ്ടി ഫലമൂലങ്ങൾ ചുമന്നു പോകുന്നവരുടെ ദേഹത്തുനിന്നും ഒരിക്കൽ വിയർപ്പുതുള്ളികൾ ഇറ്റിവീണു. അവ ഉടനെ ചെടികളായി പൂക്കളെ വിടർത്തി. ഒരിക്കലും പൊഴിയാത്ത സുഗന്ധസൂനങ്ങൾ!!

മറ്റൊരിക്കൽ ദുന്ദുഭി എന്ന അസുരനെ വാനരവീരനായ ബാലി അടിച്ചുകൊന്നു. അപ്പോൾ വളരെ അകലെയുള്ള മതംഗമുനിയുടെ കരത്തിൽ അസുര രക്തം തെറിച്ചുവീഴുകയുണ്ടായി. അതിൽ കുപിതനായ മുനി ബാലിയെ ശപിച്ചു.
”ഇനി എപ്പൊഴെങ്കിലും നീ ഋശ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ആ നിമിഷം നിന്റെ തല പൊട്ടിത്തെറിച്ചു പോകട്ടെ.“ ഈ ശാപം ഉണ്ടായതിനാലാണ്‌ ബാലിയെ ഭയന്ന്‌ ഓടിയ സുഗ്രീവനും സംഘവും ഋശ്യമൂകാചലത്തിൽ താമസമാക്കിയത്‌. ബാലി അങ്ങോട്ടു വരില്ലല്ലോ.

ആ മതംഗമഹര്‍ഷിയുടെ ആശ്രമത്തിന്റെ പരിസരത്താണ് ശബരി ജനിച്ചത്. ദിവസേന ആശ്രമപരിസരത്തില്‍ക്കൂടെ ചുറ്റിസ്സഞ്ചരിച്ചിരുന്ന ആ കാട്ടാളസ്ത്രീക്കു മഹര്‍ഷിമാരുടെ ദര്‍ശനമോ, ആശ്രമത്തിലെ ഹോമധൂമം പരത്തുന്ന സുഗന്ധത്തിന്റെ ആഘ്രാണനമോ, വേദഘോഷങ്ങളുടെയും, മന്ത്രോച്ചാരണങ്ങളുടെയും ശ്രവണമോ പുതിയതായിരുന്നില്ല. എന്നിരുന്നാലും ജീവിതത്തില്‍ അതുവരെ ഒരിക്കലെങ്കിലും ആശ്രമത്തില്‍ പോവാനോ, തപസ്വികളുമായി അടുത്തു പെരുമാറാനോ, ആശ്രമത്തില്‍ നടക്കുന്ന ഏതെങ്കിലും പുണ്യകര്‍മ്മത്തില്‍ പങ്കുകൊള്ളാനോ ഇടവന്നിട്ടില്ല. 

ഭക്തിയും വിശ്വാസവും ഇല്ലാഞ്ഞിട്ടല്ല. തപസ്വികളെ മതിപ്പില്ലാഞ്ഞിട്ടല്ല. സല്‍സംഗത്തില്‍ തൃഷ്ണയില്ലാഞ്ഞിട്ടുമല്ല. ചണ്ഡാളസ്ത്രീ തപസ്വികളെ സമീപിക്കാന്‍ പാടില്ലെന്ന ആചാരനിര്‍ബ്ബന്ധം അവളിൽ ഉള്ളതുകൊണ്ടാണ് സ്വയം വിലക്കിയത്. എന്നാലും സത്സ്രദ്ധ അവളെ അങ്ങോട്ടാകര്‍ഷിച്ചുകൊണ്ടിരുന്നു.

കാന്തം ഇരുമ്പിനെയെന്നപോലെയാണ് സജ്ജനങ്ങള്‍ സച്ഛ്രദ്ധയുള്ളവരെ ആകര്‍ഷിക്കുന്നത്. അവര്‍ക്കു സജ്ജനങ്ങളെക്കണ്ടാല്‍ അവരെ സമീപിക്കാതിരിക്കാന്‍ വയ്യ. ഈ നില ശബരിയെയും ബാധിച്ചു. തനിക്കര്‍ഹതയില്ലാത്ത കാര്യത്തില്‍ ആഗ്രഹം ജനിക്കരുതെന്നു മനസ്സിനെ പലപാടു നിര്‍ബ്ബന്ധിച്ചുനോക്കി. പക്ഷേ, അതുകൊണ്ടാന്നും പ്രയോജനമുണ്ടായില്ല. അവള്‍ക്കവരെ സമീപിക്കാതിരിക്കാന്‍ വയ്യെന്നായി. ലോകനിയമപ്രകാരം അനര്‍ഹവുമാണ്. അവസാനം ഒരു യുക്തി തോന്നി. അവിടെ പോവാനോ അവരുടെ സത്ക്കര്‍മ്മങ്ങളില്‍ പങ്കുകൊള്ളാനോ വയ്യെങ്കില്‍വേണ്ട അവര്‍ക്ക് സേവനം ചെയ്യാമല്ലോ എന്നുകരുതി അര്‍ദ്ധരാത്രിയില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത് ആരും അറിയാതെ ആശ്രമത്തിലെ മുറ്റമടിച്ചു വൃത്തി യാക്കുക; വിറകുകൊണ്ടുപോയി വെയ്ക്കുക, പഴങ്ങളും, കിഴങ്ങുകളും കൊണ്ടുപോയിവെയ്ക്കുക – ഇങ്ങനെ ആരും അറിയാതെ ഒരു സേവനം തുടങ്ങി

അങ്ങനെ കുറെദിവസം കഴിഞ്ഞു. അതുകൊണ്ടു കൃതാര്‍ത്ഥതപ്പെട്ടു കഴിഞ്ഞുവരികയാണ്. അങ്ങനെയിരിക്കേ അതും കണ്ടുപിടിക്കപ്പെട്ടു. ദിവസേന ആശ്രമത്തില്‍ വിറകും, പഴങ്ങളും മറ്റും കൊണ്ടുവെയ്ക്കുന്നതും, മുറ്റമടിച്ചു വൃത്തിയാക്കുന്നതും മറ്റും ആരാണെന്നറിയാന്‍ ആശ്രമവാസികളായ ചില ബ്രഹ്മചാരികള്‍ ഉല്‍ക്കണ്ഠിതരായി. അതിന്റെ ഫലമായി അവരൊരു ദിവസം ഒളിച്ചു കാത്തിരുന്നു. ശബരിയെ കണ്ടുകിട്ടുകയും ചെയ്തു. അവര്‍ ബഹളം കൂട്ടി. ആശ്രമത്തെയും, തങ്ങളെയും വളരെ ദിവസമായി അശുദ്ധമാക്കിക്കൊണ്ടിരിക്കുന്ന ആ നീചസ്ത്രീയെ ശിക്ഷിക്കണമെന്നായി അവര്‍. 

മതംഗമുനിയുടെ മഹത്വം കേട്ടറിഞ്ഞിട്ടുള്ള ശബരി, മടിച്ചുമടിച്ചാണെങ്കിലും അദ്ദേഹത്തിന്റെ അടുക്കലെത്തി അപേക്ഷിച്ചു .

”ഒരു കാട്ടാളസ്‌ത്രീയാണ്‌ ഞാൻ. അങ്ങയെ പരിചരിച്ചും ആശ്രമം വൃത്തിയായി സൂക്ഷിക്കാൻ സഹായിച്ചും ഇവിടെ കഴിയാൻ എന്നെ അനുവദിക്കണം.

ഉച്ചനിചത്വങ്ങളെ ജയിച്ചതായിരുന്നു മതംഗമുനിയുടെ മനസ്സ്‌. അദ്ദേഹം ശബരിക്ക്‌ അഭയം നൽകാൻ ഒട്ടും മടിച്ചില്ല. അങ്ങനെ കഴിയവേ ഒരു നാൾ മതംഗമുനി ശബരിയെ അടുത്തുവിളിച്ചു പറഞ്ഞു.

“ഞാനും ശിഷ്യരും ഇഹലോകവാസം വെടിയുകയാണ്‌. നീ ഇവിടെ ശ്രീരാമനെ ധ്യാനിച്ചു തപസ്സ്‌ തുടർന്നോളൂ. ഭഗവാൻ ഇപ്പോൾ ചിത്രകൂടാചലത്തിലുണ്ട്‌. വർഷങ്ങൾക്കുശേഷം സീതാന്വേഷണത്തിനു വരുന്ന അദ്ദേഹത്തെ നീ സൽക്കരിക്കണം. മാർഗ്ഗനിർദ്ദേശം നൽകണം. അതിനുള്ള ദിവ്യശക്തി നിനക്കുണ്ടാകും.”

പിന്നെ ശബരി ഒറ്റയ്‌ക്കായിരുന്നു ആശ്രമത്തിൽ ഭഗവന്നാമമയിരുന്നു നാവിൽ. ഭഗവദ്‌ദർശത്തിനുള്ള വെമ്പലായിരുന്നു മനസ്സിൽ. ഒടുവിൽ, ശ്രീരാമലക്ഷ്‌മണന്മാർ ശബരിയുടെ ആശ്രമത്തിൽ എത്തി. അവൾ വിശിഷ്‌ടഫലങ്ങൾ പറിച്ചുകൊണ്ടു വന്നു. ഭഗവാനെ ഒരിടത്ത് കാൽകഴുകിച്ചിരുത്തിയിട്ട് പഴങ്ങളോരോന്നും ശബരി കടിച്ചുനോക്കി. പുളിയുണ്ടോ? അരുചിയുണ്ടോ? അങ്ങനെ തോന്നിയവ വലിച്ചെറിഞ്ഞു. രുചിയുള്ളതെന്നു കടിച്ചറിഞ്ഞ പഴങ്ങളുടെ ബാക്കി മാത്രമാണ്‌ അവൾ തന്റെ സർവ്വസ്വവുമായ ഭഗവാനു നൽകിയത്‌. ഭഗവാനാകട്ടെ. അമൃതിനു തുല്യം ആ കാട്ടാളസ്‌ത്രീയുടെ ഉച്ഛിഷ്‌ടം കഴിക്കുകയും ചെയ്‌തു.

നിർമ്മലമായ ഭക്തിയോടെ ആര്‌ എന്തു കൊടുത്താലും ഭഗവാന്‌ ഇഷ്‌ടമാണ്‌. സ്‌ത്രീ-പുരുഷ-ജാതി ഭേദങ്ങളൊന്നും അവിടെ പ്രശ്‌നമല്ല.

ഒമ്പതു തരം ഭക്തിയെപ്പറ്റി ശ്രീരാമൻ ശബരിയോടു പറയുന്നുണ്ട്‌ അവ ഇപ്രകാരമാണ്‌.

(1) സജ്‌ജനസംഗം, (2) ഭഗവൽകഥാകഥനം (3) ഭഗവൽഗുണകീർത്തനം, (4) ഭഗവൽ വാക്യാർത്ഥ വിവരണം (5) ഭഗവദംശമായ തിര്യക്കുകളെയും ഗുരുവാക്കൽ, (6) ഇന്ദ്രയങ്ങളെ അടക്കിയുള്ള ഭഗവൽപൂജ (7) മന്ത്രങ്ങളാലുള്ള ഉപാസന, (8) സർവ്വഭൂതാത്മാവിലും ഭഗവാനെ കാണൽ, (9) ഭഗവദ്‌തത്ത്വത്തെ സർവ്വദാ വിചാരിക്കൽ.

ഭഗവാനെ നേരിൽ കാണുവാനും, സ്വന്തം കൈകളാൽ ഊട്ടുവാനും ഭഗവാന്റെ മുഖത്തുനിന്ന്‌ ഉപദേശം സ്വീകരിക്കാനും കഴിഞ്ഞ ശബരിയുടെ ഭക്തിപാരമ്യം എത്രയോ ഉയർന്നതാണ്‌. തന്റെ ഗുരുവായ മതംഗമുനിക്കും ശിഷ്യർക്കും ലഭിക്കാത്ത മഹാഭാഗ്യമാണ്‌ അവരുടെ ആശ്രിതയും നീചജാതിക്കാരിയുമായ ശബരിക്കു ലഭിച്ചത്‌.
ശ്രീരാമൻ ചോദിച്ചതനുസരിച്ചു ശബരി പിന്നെ പറയുന്നു.

“സിതയെ കട്ടുകൊണ്ടുപോയതു രാവണനാണ്‌. ഞാൻ കണ്ടിരുന്നു. സീത ദുഃഖിതയായി ലങ്കയിൽ കഴിയുന്നുണ്ട്‌. അല്‌പം തെക്കോട്ടു ചെന്നാൽ, പമ്പാസരസ്സു കാണാം. അതിന്നപ്പുറം ഋശ്യമൂകാചലത്തിൽ അങ്ങു ചെല്ലണം. അവിടെ സുഗ്രീവനുമായി സഖ്യം ചെയ്‌താൽ സീതയെ കണ്ടെത്താനുള്ള വഴി തെളിയയും. എല്ലാം ശുഭമായി വരും.

ശ്രിരാമൻ കാൺകെ ശബരി അഗ്നി ജ്വലിപ്പിക്കുകയും അതിൽ ശരീരം ത്യജിക്കുകയും ചെയ്‌തു. അപ്പോൾ അവൾ പഴയ ഗന്ധർവ്വസ്‌ത്രീയായി, ശാപമുക്തയായി, ദേവലോകത്തിലേയ്‌ക്ക്‌ ഉയർന്നു.

മനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങള്‍ ലൌകികപദാര്‍ത്ഥങ്ങളെയും, കര്‍മ്മങ്ങളെയും കേവലം വിട്ടു കാലദേശങ്ങളില്‍നിന്നും, നാമരൂപങ്ങളില്‍നിന്നും, അതീതനായ ഈശ്വരങ്കല്‍ ഏതെങ്കിലും ഒരു പ്രകാരത്തില്‍ രമിക്കാനും, ലയിക്കാനും തുടങ്ങലാണല്ലോ ഭക്തിയുടെ ആരംഭം.
ലൌകികപദാര്‍ത്ഥങ്ങളിലും കര്‍മ്മങ്ങളിലും സത്യബുദ്ധിയോടും, സുഖഭാവത്തോടുംകൂടി രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനു സ്വാഭാവികമായി അതുണ്ടാവാന്‍വയ്യ.

അതാണ് ആദ്ധ്യാത്മിക ജീവിതമുണ്ടാവാനും, നിലനില്ക്കാനും, വളരാനുമൊക്കെ വൈദികസംസ്‌കാരം അവശ്യം ഉണ്ടായിരിക്കേണമെന്നു നിര്‍ബന്ധിക്കാന്‍ കാരണം. വൈദികമായ അറിവും, സംസ്‌കാരവുമുണ്ടാവുമ്പോള്‍ ഈ ജഗത്ത് അനൃതവും ജഡവും, ദുഃഖവുമാണെന്നു ബോധിക്കാനും, കര്‍മ്മങ്ങള്‍ ജനനമരണ ക്ലേശഭൂയിഷ്ഠങ്ങളാണെന്നു സ്വയം ബോദ്ധ്യംവരാനും ഇടയാവും. ജഗത്തിന്റെ മിത്ഥ്യാത്വത്തെപ്പറ്റിയും, ദുഃഖാനുഭൂതിയെപ്പറ്റിയും സ്വയം ബോദ്ധ്യമുണ്ടാവുമ്പോള്‍ അതില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ സ്വാഭാവികമായുണ്ടാവും. അറിവുകൊണ്ടു സംസാരത്തില്‍നിന്നു നിവര്‍ത്തിക്കാനുള്ള ഇച്ഛ ഒരു ഭാഗത്തും, അതുവരെയുള്ള സംസാരാനുഭവംകൊണ്ടുള്ള ക്ലേശം മറുഭാഗത്തും ഇട്ടുഞെരുക്കാന്‍ തുടങ്ങുമ്പോള്‍ അഭീഷ്ടപ്രാപ്തിക്കും, ദുഃഖനിവൃത്തിക്കുംവേണ്ടിയെങ്കിലും ഈശ്വരനെ ആശ്രയിക്കാനുള്ള സല്‍ബുദ്ധിയുണ്ടാവുകയെന്നത് എളുപ്പമാണ്. 

അതാണ് വൈദികജ്ഞാനവും, വേദോക്തകര്‍മ്മങ്ങളില്‍ നിഷ്ഠയുമൊക്കെയുണ്ടാവണമെന്നു പറയുന്നത്. അങ്ങനെ വൈ ദികജ്ഞാനവും, വേദോക്തകര്‍മ്മ നിഷ്ഠയുമൊക്കെ ഉണ്ടായിട്ടും പലപ്പോഴും പലര്‍ക്കും ഭക്തിയും വൈരാഗ്യവുമൊന്നുമില്ലാതെ വെറും വിഷയാസക്തനും, മൂഢനുമായിത്തന്നെ കഴിഞ്ഞുകൂടാനും ഇടവരാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ദുര്‍ല്ലഭം ചില അനുഗൃഹീത വ്യക്തികള്‍ക്കു വേദസംബന്ധമൊന്നും കൂടാതെത്തന്നെ ജഗത്തില്‍ തീവ്രവൈരാഗ്യവും ഈശ്വരങ്കല്‍ നിരതിശയപ്രേമവും ഉണ്ടാവാറുണ്ട്. ജന്മാന്തര സുകൃതവിശേഷമെന്നോ, ഈശ്വരകാരുണ്യമെന്നോ ഒക്കെയാണ് അതിന്നു കാരണം പറയാറ്. ഏതായാലും അങ്ങനെ ഒരനുഗൃഹീതവ്യക്തിയായിരുന്നു ശബരിമാതാവ്.

വിദ്യാഭ്യാസം, തപസ്സ്, യോഗാനുഷ്ഠാനം, തത്ത്വവിചാരം തുടങ്ങിയ ആദ്ധ്യാത്മികജ്ഞാനത്തിന്റെ ഉപകരണങ്ങളില്‍ ഒന്നുപോലും അവള്‍ക്കുണ്ടായിരുന്നില്ല. 

എങ്കിലും സ്വാഭാവികമായിത്തന്നെ പരമനിഷ്‌കളങ്കയായ ഒരു ഭക്തിയും, ഏറ്റവും ദൃഢമായ ഒരു വിശ്വാസവുമുണ്ടായിരുന്നു. അതാണ് ആ പാവപ്പെട്ട കാട്ടാളസ്ത്രീയെ സജ്ജനങ്ങളുടെ മദ്ധ്യത്തിലേയ്ക്കും അവരില്‍ക്കൂടെ ക്രമേണ ഈശ്വരങ്കലേയ്ക്കും നയിച്ചതെന്നു പറയണം.

 ഭഗവാനു നിവേദിക്കാന്‍ വേണ്ടി അവള്‍ സഞ്ചയിച്ചിരുന്ന പഴങ്ങളില്‍ ഓരോന്നും കടിച്ചു രുചിനോക്കുകപോലും ചെയ്തിരുന്നു. താന്‍ കടിച്ച പദാര്‍ത്ഥം ഭഗവാനു നിവേദിക്കാന്‍ പറ്റില്ലെന്നുള്ള അറിവുപോലും അവള്‍ക്കുണ്ടായിരുന്നില്ല. എന്നിട്ടും ഭഗവാന്‍ ആ പുണ്യവതിയെ ഏറ്റവും ആര്‍ദ്രതയോടെ അനുഗ്രഹിച്ചു.




No comments:

Post a Comment