21 July 2024

ഊർമ്മിള

ഊർമ്മിള

ഭാരതീയ ഇതിഹാസമായ രാമായണത്തിൽ മിഥിലരാജാവായ ജനകന്റെ പുത്രിയാണ് ഊർമ്മിള. രാമായണത്തിലെ നായികയായ സീത, ഊർമ്മിളയുടെ സഹോദരിയാണ്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണൻ സീതാസ്വയംവര സമയത്തുതന്നെ ഊർമ്മിളയെ വിവാഹം കഴിച്ചു. ഇവർക്ക് അംഗദൻ, ധർമ്മകേതു എന്നീ പുത്രന്മാരുണ്ട്. നല്ല ജ്ഞാനിയും ചിത്രകാരിയുമായിരുന്നു ഊർമ്മിള.

ഊർമ്മിളയുടെ രാമായണത്തിലെ സാന്നിദ്ധ്യത്തെക്കുറിച്ച് രണ്ട് പക്ഷമാണുള്ളത്. ശ്രീരാമനോടൊപ്പം ലക്ഷ്മണനും പതിനാല് വർഷം വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ ഊർമ്മിള തളർന്നു വീഴുകയും ബോധരഹിരതയാകുകുയം ചെയ്തു എന്നാണ് ഒന്നാമത്തെ പക്ഷം. വനവാസത്തിനുശേഷം ലക്ഷ്മണൻ തിരിച്ചുവന്നതിനുശേഷമാണത്രെ ഇവർ ബോധം വീണ്ടെടുത്തത്. പതിനാല് വർഷവും ഉറക്കമുപേക്ഷിച്ച് ശ്രീരാമനെയും സീതയെയയും സേവിച്ച ലക്ഷ്മണന്റെ തളർച്ചയെല്ലാം ഊർമ്മിള തന്നിലേക്കാവാഹിച്ചു എന്നാണ് ഇതിലെ വ്യംഗ്യം.

വനവാസത്തിനുപോകാൻ തീരുമാനിച്ചപ്പോൾ താനും കൂടെവരുന്നുവെന്ന് ഊർമ്മിള പറഞ്ഞപ്പോൾ ലക്ഷ്മണൻ അവരെ നിരുത്സാഹപ്പെടുത്തുകയും തന്റെയും ജ്യേഷ്ഠന്റെയും അഭാവത്തിൽ തങ്ങളുടെ മാതാപിതാക്കളെ പരിചരിക്കണമെന്ന് ഊർമ്മിളയോട് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് രണ്ടാമത്തെ പക്ഷം. ഭർത്താവ് മടങ്ങിവരുന്നതുവരെ അവർ ഈ ഉത്തരവ് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു.

മിഥിലപുരിയിലെ സന്യാസതുല്യനായ ജനകമാഹാരാജാവിന്റെ നാല്‌ പുത്രിമാരില്‍ ഇളയവള്‍. വാസ്‌തവത്തില്‍ ജനകമാഹാരാജാവിനു ജനിച്ച ഒരേ ഒരു മകള്‍ ഊര്‌മ്മിളയാണ്‌. അവിടെയൊക്കെ സീതയുടെ ഏറ്റവും ഇളയ സഹോദരി ഊര്‍മ്മിള എന്നല്ലാതെ ജനകമാഹാരാജാവിന്റെ ഏകമകള്‍ ഊര്‍മ്മിള എന്ന്‌ ആരും പറഞ്ഞില്ല.. അത്‌ ജനകമാഹാരാജാവിന്റെ മഹാമനസ്‌കത. നാല്‌ പുത്രിമാരെയും ഒരേ കൊട്ടാരത്തിലേക്ക്‌ വിവാഹം ചെയ്‌തു കൊടുത്തതും ഒരുപക്ഷെ അവര്‍ ജീവിതകാലം മുഴുവനും പിരിയാതെ കഴിയട്ടെ എന്ന ആഗ്രഹം കൊണ്ടാവാം. സീതാ രാമന്മാരുടെ വിവാഹം ആഘോഷപൂര്‍വ്വം നടന്നു. മറ്റു പെണ്‍മക്കളെയും അതെ കൊട്ടാരത്തിലേക്ക്‌ തന്നെ വിവാഹം ചെയ്‌തയച്ചു ജനകന്‍. അയോധ്യയില്‍ രാമനെ കാത്തിരുന്നത്‌ ദുരന്തങ്ങള്‍ ആയിരുന്നു. അച്ഛന്റെ ആജ്ഞ അനുസരിക്കാന്‍ സര്‍വാത്‌മനാ സന്നദ്ധനായ രാമന്‍. ആകെ തകര്‍ന്നു കരയുന്ന പിതാവിനെ ആശ്വസിപ്പിക്കുന്ന രാമൻ, അഭിഷേകം മുടങ്ങിയിട്ടും അധികാരം നഷ്‌ടപ്പെട്ടിട്ടും കുലുങ്ങാത്ത രാമന്‍ അമ്മമാരോട്‌ യാത്രാനുമാതിക്കായി അന്തപ്പുരത്തില്‍ എത്തുന്നു. അവിടെ സീത അനുയാത്രക്ക്‌ നിര്‍ബന്‌ധം പിടിക്കുന്നു. രാമന്റെ സഹായത്തിനു കൂടെ പോകാന്‍ ലക്ഷ്‌മണനും ഒരുങ്ങുന്നു. ലക്ഷ്‌മണനും അമ്മമാരുടെ അനുഗ്രഹം തേടുന്നു. യാത്രാദുരിതങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ സീത ആവര്‍ത്തിച്ചു പറയുന്നുണ്ട്‌... രാമന്‍ കൂടെ ഉണ്ടെങ്കില്‍ കല്ലും മുള്ളും കാടും മലയും ഒന്നും അവരെ വിഷമിപ്പിക്കില്ലെന്ന്. ഭര്‍ത്താവിന്റെ പാദങ്ങളില്‍ ആണ്‌ ഭാര്യയുടെ സുഖം. സീത വാദമുഖങ്ങളാല്‍ രാമന്റെ തീരുമാനം മാറ്റുന്നു. ലക്ഷ്‌മണനോട്‌ അമ്മ പറയുകയാണ്‌. രാമനെ ദശരഥനായി കാണണം. സീതയെ അമ്മയായി കാണണം കാടിനെ അയോധ്യ ആയി കാണണം. അങ്ങിനെ രാമനെയും സീതയേയും ശുശ്രൂഷിച്ചും രക്ഷിച്ചും കൂടെ കഴിയണം. 

ഈ സമയത്ത്‌ ഊര്‍മ്മിള കാത്തുനില്‍ക്കുന്നുണ്ട്‌ തന്നെ കൂടി കൊണ്ടുപോകുമെന്നും അങ്ങനെ കാട്ടില്‍ ആണെങ്കിലും ഭര്‍ത്താവിന്റെ സാമീപ്യം അനുഭവിക്കാം എന്നും ഉള്ള പ്രതീക്ഷയോടെ. ഊര്‍മ്മിള ലക്ഷ്‌മണനോട്‌ ചോദിച്ചു താനുംകൂടെ വരട്ടെ എന്ന്‌!! ലക്ഷ്‌മണന്‍ പറഞ്ഞത്‌ കാട്ടില്‍ രാമനെയും സീതയേയും സംരക്ഷിക്കന്‍ ഞാനുണ്ട്‌ ഇവിടെ ഈ കൊട്ടാരത്തില്‍ പിതാവിനെയും അമ്മമാരെയും ശുശ്രൂഷിക്കാന്‍ ഊര്‍മ്മിള കൊട്ടാരത്തില്‍ നില്‍ക്കണമെന്ന്‌. 

ഊര്‍മ്മിള വാശിപിടിച്ചില്ല. ഭര്‍ത്താവിന്റെ ഒപ്പം പോകണമെന്ന്‌ നിര്‍ബന്‌ധിച്ചില്ല! യാത്രാവേളയില്‍ ലക്ഷ്‌മണന്‍ ഊര്‍മ്മിളയോട്‌ ഒന്നേ ആവശ്യപ്പെട്ടുള്ളു!! കരയരുത്‌!!!! അത്‌ ഊര്‍മ്മിള പാലിച്ചു. കരുത്തുറ്റ മനസ്സിന്റെ ഉടമ എന്നതിനേക്കാള്‍ ഭര്‍ത്താവിന്റെ വാക്കിനു വില കല്‍പ്പിക്കുന്ന ഒരു ഭാര്യയായി മാറുന്നു അവര്‍. 

 വനവാസം പതിനാലു കൊല്ലമാണ്‌. ആ കാലമെല്ലാം ഒരു തുള്ളി കണ്ണുനീര്‍ പോലും ചൊരിയാതെ ഊര്‍മ്മിള അമ്മമാരെയും പിതാവിനെയും ശുശ്രൂഷിച്ചു. ഒരിക്കല്‍ നിദ്രാദേവി ലക്ഷ്‌മണനെ സന്ദര്‍ശിച്ചു. വനവാസക്കാലത്ത്‌ ഒരിക്കല്‍ പോലും ലക്ഷ്‌മണന്‍ ഉറങ്ങിയിട്ടില്ല. ആ സമയത്താണ്‌ നിദ്രാദേവിയുടെ വരവ്‌ ലക്ഷ്‌മണനോട്‌ എന്തെങ്കിലും വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. ലക്ഷ്‌മണന്‍ പറഞ്ഞ് കൊട്ടാരത്തില്‍ ഊര്‍മ്മിള ഉണ്ട്‌ അവള്‍ക്കു വരം കൊടുക്കാന്‍. ദേവി നേരെ കൊട്ടാരത്തില്‍ ചെന്ന്‌ ഊര്‍മ്മിളയെ കണ്ടു കാര്യം പറഞ്ഞു. ഊര്‍മ്മിള ആവശ്യപ്പെട്ടത്‌, ''വനവാസക്കാലത്ത്‌ ലക്ഷ്‌മണന്‍ ഊര്‍മ്മിളയെ ഓര്‍ക്കാതെ ഇരിക്കണം അല്ലാത്ത പക്ഷം സീതയേയും രാമനെയും ശുശ്രൂഷിക്കുന്നതില്‍ വീഴ്‌ച്ചവരുമെന്ന്‌!. '''സ്വന്തം ഭര്‍ത്താവ്‌ ഭാര്യയെ ഓര്‍ക്കാതിരിക്കാന്‍ വരം ചോദിക്കുക!. അതും ജ്യേഷ്‌ഠനെയും ജ്യേഷ്‌ഠ പത്‌നിയേയും സംരക്ഷിക്കാന്‍!. ഇവിടെ രാമായണകഥയിലെ ഊര്‍മ്മിളയെന്ന കഥാപാത്രം അസാധാരണത്വം പ്രകടിപ്പിക്കുന്നു.

വനവാസം കഴിഞ്ഞു തിരിച്ചെത്തി കുറച്ചുകാലം സന്തോഷത്തോടെ കഴിഞ്ഞു. വീണ്ടും ഗതികേട്‌ അവരെ പിടികൂടി. ഗര്‍ഭിണിയായ സീത സംശയത്തിന്റെ പേരില്‍ ഉപേക്ഷിക്കപ്പെടുന്നു. രാമന്‍ സന്യാസിയെപ്പോലെ ജീവിക്കുന്നു. ആ സമയത്തും ഒരു ദാസനെ പോലെ കാല്‍ച്ചുവട്ടില്‍ തന്നെയായിരുന്നു ലക്ഷ്‌മണന്‍. അവിടെയും മാറ്റി നിര്‍ത്തപ്പെട്ടത്‌ ഊര്‍മ്മിളയാണ്‌. അവര്‍ക്ക്‌ രണ്ടു മക്കള്‍ ഉണ്ടായി അങ്കതനും ധര്‍മ്മകേതുവും. കൊട്ടാരത്തിനുള്ളില്‍ ഏകയായി ജീവിച്ച്‌, സങ്കടങ്ങളെ നെഞ്ചിലൊതുക്കി ജീവിച്ച അസാമാന്യ കഥാപാത്രമായി മാറിയ ഊര്‍മ്മിള.

രാമായണകഥയിലെ ഏറ്റവും തഴയപ്പെട്ട കഥാപാത്രങ്ങളിലൊന്ന്.
പതിവ്രതയായും കുലീനയായും സീതയ്ക്കൊപ്പം നിന്നിട്ടും സീതയെ വാനോളം പുകഴ്ത്തുന്നവരാരും ഊര്‍മ്മിളയ്ക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല. ഊര്‍മ്മിള അനുഷ്ഠിച്ച ത്യാഗമോര്‍ത്താല്‍ ഊര്‍മ്മിളയ്ക്ക് സീതയോളം മഹത്വമുണ്ട്.

ഒരു സ്ത്രീയ്ക്കുള്ള എല്ലാ വികാരവിചാരങ്ങളുമുള്ള ഈ സ്ത്രീ രത്നം ഒന്നും രണ്ടുമല്ല നീണ്ട പതിനാലു സംവല്‍സരങ്ങളാണ് ഭര്‍ത്താവിനെ ഭര്‍ത്തുസഹോദരന്റേയും പത്നിയുടേയും സംരക്ഷണത്തിനായി വനവാസത്തിന് വിട്ടിട്ട് ഭര്‍ത്തൃഗൃഹത്തില്‍ എതിര്‍പ്പുകളും പരിഭവങ്ങളുമില്ലാതെ 
ഭർതൃമാതാപിതാക്കളേ സേവിച്ച് കഴിഞ്ഞുകൂടിയത്.

സീത രാമനൊപ്പം വനവാസത്തിന് പോയതുപോലെ ഊര്‍മ്മിളയും ലക്ഷ്മണനൊപ്പം പോയിരുന്നെങ്കില്‍ ഇന്ദ്രജിത്തിനെ ജയിക്കാന്‍ ലക്ഷ്മണനോ അതുവഴി രാവണനെ ജയിക്കാന്‍ ശ്രീ രാമനോ കഴിയുമായിരുന്നില്ല. രാമായണകഥാഗതിയേ മാറുമായിരുന്നു. ഇവിടെയാണ് ഊര്‍മ്മിളയുടെ പ്രസക്തി.

എന്നിട്ടും ഊര്‍മ്മിളയുടെ ഈ ത്യാഗത്തിന് വേണ്ടത്ര പ്രസക്തി കിട്ടിയില്ല.
വനാന്തരത്തില്‍ ഭര്‍തൃസാമീപ്യത്തില്‍ കഴിഞ്ഞ സീതയേക്കാളും കൊട്ടാരജീവിതത്തിലെ സുഖഭോഗങ്ങള്‍ക്ക് നടുവില്‍ അതെല്ലാം ഉപേക്ഷിച്ച് ഒരു തപസ്വിനിയെപ്പോലെ കഴിഞ്ഞ ഊര്‍മ്മിള എന്തുകൊണ്ടും ആദരണീയയാണ്.

ഇതുപോലെ അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ പല കഥാപാത്രങ്ങളും നമ്മുടെ പുരാണങ്ങളിലുണ്ട്. ഇത്തരക്കരെ നമുക്കുചുറ്റിലും കാണാനാകും.
ഊര്‍മ്മിളയുടെ ത്യാഗം സ്വന്തം കാര്യത്തിനു വേണ്ടിയല്ല. മറിച്ച് ഭര്‍ത്തു സഹോദരനും പത്നിയ്ക്കും വേണ്ടിയാണ് എന്നുള്ളതാണ് വസ്തുത. 




No comments:

Post a Comment