22 July 2023

നാഗമാഹാത്മ്യം - 59

നാഗമാഹാത്മ്യം...

ഭാഗം: 59

65. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

നാഗർകോവിൽ സർപ്പാരാധനാലയം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പാമ്പുമേക്കാടു നമ്പൂതിരി വാസുകിയുടെ നിർദ്ദേശാനുസുസരണം ത്വക്ക് രോഗചികിത്സയും, വിഷചികിത്സയുമൊക്കെ ചെയ്തിരുന്നു. ഒരിക്കൽ തമിഴ്നാട്ടിലെ ഒരു രാജാവിന് കഠിനനമായ ത്വക്ക് രോഗം ബാധിച്ചു. പലതരം ചികിത്സ ചെയ്തു. എങ്കിലും രോഗശമനമുണ്ടായില്ല. അപ്പോൾ പാമ്പുമേക്കാട്ടു നമ്പൂതിരിമാരെ പറ്റി കേട്ടു. അദ്ദേഹത്തെ വിവരമറിയിച്ചു . അന്നത്തെ നമ്പൂതിരി രാജാവിന്റെ ചികിത്സയ്ക്കായി പോയി. തിരിച്ചു വന്നത് നാഗർകോവിൽ വഴിയായിരുന്നു. അന്ന് അവിടെയെല്ലാം വനങ്ങൾ ധാരാളമായിരുന്നു. ഒരു കാട്ടുപ്രദേശത്തു കൂടി നടന്നു വരവെ ഒരു സ്ത്രീരോദനം കേട്ടു. സ്ത്രീയുടെ സമീപം ചെന്നു കാരണമാരാഞ്ഞു. സ്ത്രീ പറഞ്ഞു.ഞാൻ പുല്ലരിഞ്ഞു കൊണ്ടിരുന്നപ്പോൾ എന്റെ അരിവാൾ ഏതോ ഒരു കല്ലിൽ തട്ടി , ആ ഭാഗത്തു നിന്നും ചോര ഒലിക്കുന്നു. കല്ലിൽ ചോര കണ്ട് ഞാൻ ഭയന്നു പോയി. സാധാരണ സംഭവിക്കാത്ത കാര്യം കണ്ട ഞാൻ നിലവിളിച്ചു പോയി. നമ്പൂതിരി ചോദിച്ചു. എവിടെയാണ് കണ്ടത്. സ്ത്രീ അദ്ദേഹത്തെ അതു കാട്ടി കൊടുത്തു . അദ്ദേഹം നോക്കിയപ്പോൾ അത് അഞ്ചു തലയുള്ള ഒരു നാഗപ്രതിമയായിരുന്നു. ആ പ്രതിമയിലെ രക്തപ്രവാഹം നമ്പൂതിരി മന്ത്രശക്തി കൊണ്ട് നിലപ്പിച്ചു. മേക്കാടിനു മനസ്സിലായി , അനന്തമൂർത്തിയുടെ സാന്നിദ്ധ്യം ഇവിടെയുണ്ടായിരിക്കുന്നു. ഇതിനെന്തെങ്കിലും ചെയ്യണം.

പാമ്പുമേക്കാടു നമ്പൂതിരി വിവരം അവിടുത്തെ പ്രധാനികളെ അറിയിച്ചു. ആളുകൾ ഒത്തുകൂടി. വിഗ്രഹത്തിന് അഞ്ചാളും കൂടി പുണ്യാഹം നടത്തി. ദേവന് അശുദ്ധി ബാധിച്ചാൽ ചൊല്ലനുസരിച്ചു അഞ്ചാളും കൂടി പുണ്യാഹം നടത്തി ശുദ്ധികരിക്കണം. എന്നു വച്ചാൽ അഞ്ചു നമ്പൂതിരിമാർ കൂടി മന്ത്രതന്ത്രങ്ങൾ നടത്തി വിഗ്രഹത്തിന് അഭിഷേകം നടത്തി നിവേദ്യം അർപ്പിക്കണം. അദ്ദേഹം തന്നെ പൂജാദികർമ്മങ്ങൾ നടത്തി . പിന്നീട് ദേവസ്ഥാനം നിർണ്ണയിച്ച് ക്ഷേത്രം പണിഞ്ഞ് മേക്കാടു തന്നെ പൂജനടത്തിവന്നു. അദ്ദേഹത്തിന്റെ നേതൃത്വ ത്തിലാണ് പൂജകൾ. നാഗരാജാവിന്റെ സാന്നിദ്ധ്യം ഏവർക്കും ബോധ്യപ്പെട്ടു.ദേവചൈതന്യം വർദ്ധിച്ച് യശസ്സു വർദ്ധിച്ച് സമ്പൽസമൃദ്ധിയായി തീർന്നു ആ പ്രദേശം. അതാണ് നാഗർകോവിലിലെ പ്രസിദ്ധനാഗരാജക്ഷേത്രം അഥവാ സർപ്പാരാധനാകേന്ദ്രം. അക്കാലത്ത് നാഗർകോവിൽ കേരളത്തിന്റെ പരിധിയിലായിരുന്നു. 1956 നവംബർ ഒന്നു മുതൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനവിഭജനം നടത്തിയപ്പോൾ അത് തമിഴ്നാടിന്റെ പരിധിയിലായി. അവിടെ ഒരു സവിശേഷതയുണ്ട് . എന്തെന്നാൽ സാധാരണ ദിവസങ്ങളിൽ നാനാജാതി മതസ്ഥർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. എന്നാൽ വർഷത്തിൽ കൊടുങ്ങല്ലൂർ ഭരണിക്കാലത്ത് എല്ലാ വിഭാഗക്കാർക്കും പ്രവേശനമുണ്ടെന്നാണ്. അത് അടച്ചു പൂട്ടത്തക്ക ക്ഷേത്രമല്ലന്നും, അതിനാൽ നടഅടയ്ക്കുന്ന പതിവില്ലന്നുമാണറിവ്. വൈകിട്ടും ദർശനം സുലഭമാണ്. ധാരാളം ഭക്തജനങ്ങൾ ദിവസവും ദർശനത്തിനായി എത്തുന്നുണ്ട്.സർപ്പദോഷം മാറുന്നതിനുള്ള വഴിപാടുകൾ നടത്തുന്നുണ്ട്.ആയില്യത്തിന് പ്രത്യേകപൂജയുണ്ട്. എല്ലാ ദിവസങ്ങളിലും പൂജയുണ്ട്. അവിടെ ഇക്കാലത്തും പൂജ നടത്തുന്നത് പാമ്പുമേക്കാടു മനയിലെ പ്രായം ചെന്നവരിൽ ആരെങ്കിലുമാണ്. കദളിപ്പഴമാണ് പ്രധാനനി വേദ്യം. നൂറുപാൽ, സർപ്പബലി , മുടിയേറ്റ് എന്നിങ്ങനെയുള്ളവയുമുണ്ട് വഴിപാടായി. ഇക്കാലത്ത് സർപ്പക്കാവുകൾ പ്രകൃതിസ്നേഹികൾക്ക് സന്തോഷം പകരുന്നവയാണ്. ഈശ്വര സാന്നിദ്ധ്യം കൂടി ഉള്ളതിനാൽ ജനങ്ങളെ ആകർഷിക്കാനും ഉപകരിക്കുന്നു. ഇക്കാലത്ത് ആ ആരാധനാലയം ഉത്തരോത്തരം വൃദ്ധി പ്രാപിച്ചു വരുന്നുണ്ട്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment