ഭാഗം: 58
64. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
പാമ്പുമേക്കാട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വടക്കൻ കേരളത്തിലെ ഒരു പ്രധാന സർപ്പാരാധനാ കേന്ദ്രമാണ് പാമ്പുമേക്കാട്. ഇത് തൃശൂർ ജില്ലയിലാണ്. മേക്കാട് എന്നൊരു ഇല്ലം പണ്ട് വടക്കൻ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ഇല്ലമായിരുന്നു. ഇല്ലത്തെ നമ്പൂതിരിമാർ വളരെ ഭക്തൻമാരായിരുന്നു. മന്ത്രതന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിലും അവർ വലിയ നിപുണൻമാരായിരുന്നു . എന്നാൽ ലക്ഷ്മീദേവിയുടെ കടാക്ഷം അവർക്ക് ലഭിച്ചിരുന്നില്ല. ലക്ഷ്മിയും സരസ്വതിയും കൂടി ഒരേ സ്ഥലത്ത് പാർക്കുകയില്ലന്നാണല്ലോ പറച്ചിൽ. അത് ഇല്ലത്ത് ശരിയായി അനുഭവപ്പെട്ടു. അവിടെ ദാരിദ്ര്യം നടമാടിയിരുന്നു . ദുഃഖിതനായ ഗൃഹസ്ഥൻ നമ്പൂതിരി ദുഃഖനിവൃത്തിയ്ക്കായി പ്രസിദ്ധ ക്ഷേത്രമായ തിരുവഞ്ചിക്കുളത്തു പോയി കുളിച്ചു തൊഴുതു പ്രാർത്ഥിച്ചിരുന്നു.. അങ്ങനെ തുടർന്ന് പോകവേ ഒരു ദിവസം ഒരത്ഭുതമുണ്ടായി.
ഒരു ദിവസം കുളക്കടവിൽ ദിവ്യതേജസ്വിയായ ഒരാൾ നില്ക്കുന്നതു കണ്ടു. ആ ദിവ്യരൂപം ഒരു മാണിക്യകല്ല് മേക്കാടിനു കാണുവാനായി കൊടുത്തു. അദ്ദേഹം ആ കല്ലു തന്റെ ഇഷ്ടനായ കൊടുങ്ങല്ലൂർ വലിയ തമ്പുരാനെ കാണിച്ചു. അത് തിരിച്ചുകൊടുക്കുന്നതിൽ തമ്പുരാന് ഇഷ്ടമില്ലായിരുന്നു . എന്നാൽ അത് തിരിച്ച് കൊടുക്കാം എന്ന് വാക്കു പറഞ്ഞതാണ്. കൊടുത്തേ തീരു എന്നു ശഠിച്ചപ്പോൾ തമ്പുരാൻ അതു തിരിച്ചുകൊടുത്തു. മേക്കാട് അതുകൊണ്ട് വന്ന് കുളക്കടവിൽ നിന്നിരുന്ന ദിവ്യന് തിരിച്ചുകൊടുത്തു. അദ്ദേഹം അതും കൊണ്ട് അപ്രത്യക്ഷനായി. പെട്ടന്ന് അവിടെ അന്ധകാരമായി. നമ്പൂതിരി ഒന്നും കാണാതെ വിഷമിച്ചു. പിന്നെ പോയി കിടന്നുറങ്ങി. ഇടയ്ക്കുണർന്നപ്പോൾ തോന്നി കഷ്ടം , അദ്ദേഹം ആരാണെന്ന് പോലും ചോദിച്ചില്ലല്ലോ . തന്റെ വിഡ്ഢിത്തമോർത്ത് അദ്ദേഹത്തിന് സമാധാനമുണ്ടായില്ല. അപ്പോൾ നിലാവു കണ്ട് നേരം വെളുത്തു എന്നു വിചാരിച്ച് കുളിക്കാനായി കുളക്കടവിലെത്തി. അതാ അവിടെ ആ ദിവ്യരൂപം നമ്പൂതിരിയോട് ചോദിച്ചു. മേക്കാടിന് കുളിക്കു സമയമായില്ലല്ലോ ? എന്തേ ഇത്ര നേരത്തെ. ശബ്ദം കേട്ടു നോക്കിയ നമ്പൂതിരി ആ ദിവ്യരൂപം ദർശിച്ചു. ആദ്ദേഹത്തെ നമസ്കരിച്ചു ചോദിച്ചു. അങ്ങ് ആരാണ്? അവിടത്തെ സാക്ഷാൽ രൂപം അടിയനു കാണുമാറാകണം. ദിവ്യൻ അതുവേണ്ട, കാണണ്ട, കണ്ടാൽ ഭയന്ന് വിറയ്ക്കും. മേക്കാട് ശാഠ്യം തുടർന്നു. ശാഠ്യം സഹിക്കവയ്യാതായപ്പോൾ ദിവ്യൻ ഒരു മോതിരപ്രായത്തിൽ നിന്നു . ആ രൂപം തന്നെ കണ്ട നമ്പൂതിരി ഭയന്നു ബോധം കെട്ടു. കുറെ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു എന്തു വരമാണ് വേണ്ടത്? ദർശനത്തിന്റെ ഫലം അങ്ങേയ്ക്കു ലഭിക്കണം.
മേക്കാട് എന്റെ ഇല്ലം ദാരിദ്ര്യത്താൽ കഷ്ടപ്പെടുന്നു. അതൊന്നു മാറിക്കിട്ടിയാൽ വേണ്ടില്ല. അങ്ങ് എന്റെ ഇല്ലത്ത് കുടിയിരിക്കണം ശരി അങ്ങനെ തന്നെ , ഒട്ടും വിഷാദിക്കണ്ട. അദ്ദേഹം അപ്രത്യക്ഷനായി. മേക്കാടു നമ്പൂതിരി കുളിയും ഭജനയുമെല്ലാം കഴിഞ്ഞ് തന്റെ ഓലക്കുടയുമെടുത്ത് ഇല്ലത്തെത്തി. കുടകിഴക്കനിയിൽ വച്ച് നിത്യകർമ്മങ്ങൾ കഴിഞ്ഞ് കുട എടുത്ത് വയ്ക്കാനായി കിഴക്കനിയിലെത്തി. അതാ കുടയിൽ ഒരു സർപ്പം പതുങ്ങിയിരിക്കുന്നു. അതു കണ്ട അദ്ദേഹം ഭയന്നു വിറച്ചുപോയി. ആ പാമ്പ് ഉടനെ ദിവ്യന്റെ രൂപം ധരിച്ച് നമ്പൂതിരിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു ശ്രീ പരമേശ്വരന്റെ പ്രസാദം ഏല്പിച്ചു തരുന്നതിനാണ് ഇവിടെയെത്തിയത് . ഞാൻ വാസുകിയാണ്. അവിടത്തെ സത്യസന്ധതയും ഭക്തിയും കണ്ട് ശ്രീ പരമേശ്വരൻ അങ്ങയിൽ പ്രസാദിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ നിയോഗമനുസരിച്ച് അങ്ങയുടെ അഭീഷ്ടം സാധിക്കാനാണിവിടെ എത്തിയിരിക്കുന്നത്. ഈ മാണിക്യം ഇവിടെ തന്നെയിരിക്കട്ടെ . ഇതു സൂക്ഷിച്ചു വയ്ക്കണം. ഇതിരിക്കുന്നേടത്ത് ദാരിദ്രമുണ്ടാകില്ല.
മാണിക്യം കൊടുത്ത് വാസുകി വീണ്ടും അരുളി. ഇനി താമസിയാതെ ഒരു നാഗയക്ഷി ഇവിടെ എത്തും. ഇതു പറഞ്ഞയുടനെ തന്നെ അന്തർജനം സ്വഗ്രഹത്തിൽ നിന്നും അവിടെയെത്തി. ഇറയത്തുവച്ച മറക്കുയിൽ നിന്നും ഒരു പാമ്പ് ഇഴഞ്ഞിറങ്ങി. സർവ്വാംഗസുന്ദരിയായ ഒരു സ്ത്രീയായി വാസുകിയുടെ സമീപം നിന്നു . വാസുകി ഞങ്ങളുടെ രണ്ടു പേരുടേയും പ്രതിമയുണ്ടാക്കി കിഴക്കനിയിൽ വച്ചു പൂജിക്കണം. പതിവായി പൂജ നടത്തിയാൽ ഐശ്വര്യവും ശ്രേയസ്സുമുണ്ടാകും. ഇവിടെ ഇനിയും പാമ്പുകൾ വന്നു ചേരും.അവയ്ക്കെല്ലാം വിഗ്രഹങ്ങൾ വേണ്ട അവരെവിടെയെങ്കിലുമൊക്കെ വസിച്ചുകൊള്ളും. ഒന്നിനേം കൊല്ലരുത്. അവ കടിക്കയില്ല. അഥവാ കടിച്ചാൽ വിഷമിറക്കി വിട്ടുകളയണം. പാമ്പുകളെ മരിക്കാനനുവദിക്കരുത്. ഈ ഇല്ലത്തുള്ളവർ വിഷമിറക്കരുത്. സർപ്പകോപം കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് പ്രതിവിധി ചെയ്യാം . കിഴക്കിനിയിൽ രണ്ടു വിളക്കുകൾ കെടാതെ സൂക്ഷിക്കണം. അതിൽ പിടിക്കുന്ന കരിയും ( മഷിയും) അതിലെ എണ്ണയും ഔഷധമായി ഉപയോഗിക്കാം. എല്ലാതലമുറക്കാരും ഇതു പാലിക്കേണ്ടതാണ്. വാസുകിയും നാഗയക്ഷിയും മറഞ്ഞു. ഇല്ലക്കാർ വാസുകി പറഞ്ഞപോലെ കിഴക്കനിയിൽ രണ്ടു നാഗവിഗ്രങ്ങളുണ്ടാക്കി പ്രതിഷ്ഠിച്ചു. പൂജ തുടങ്ങി. അന്നു മുതൽ മേക്കാട് ഇല്ലം പാമ്പുംമേക്കാടില്ലം എന്നായി.
വാസുകി മേക്കാടിനോട് ഇല്ല പറമ്പിനെ പറ്റി പറഞ്ഞിരുന്നു. ഇല്ലവും ഇല്ലപ്പറമ്പും സർപ്പങ്ങളുടെ സങ്കേതസ്ഥലമായി സങ്കല്പിച്ചു കൊള്ളണം. സ്ഥലങ്ങൾ ഒന്നും തന്നെ വൃത്തിഹീനമാക്കരുത്. അശുദ്ധമാക്കരുത്. പാമ്പിന്റെ വാസസ്ഥലങ്ങൾ വെട്ടിക്കിളക്കരുത്. വൃക്ഷങ്ങൾ വളർന്നു കൊള്ളട്ടെ . ഇല്ലത്ത് കുഞ്ഞുകുട്ടികളായും കുടുംബമായും പാർക്കരുത്. അതിനു അല്പം മാറി കാവു വിട്ട് ഭവനം നിർമ്മിച്ച് താമസിച്ചു കൊള്ളണം. സ്ത്രീകൾ അശുദ്ധസമയത്ത് കാവു തീണ്ടാൻ പാടില്ല. ഇങ്ങനെയൊക്കെ ചെയ്താൽ ഇല്ലം നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ച് യശസ്സു സമ്പാദിക്കാൻ ഇടയാകും. തലമുറകൾ ഇതുപോലെ തന്നെ പാലിക്കണം . ഇക്കാലത്തും ഇല്ലക്കാര് വാസുകിയുടെ വാക്കുകൾ അക്ഷരം പ്രതി പാലിച്ചു വരുന്നു എന്നാണറിവ്. ഇല്ലത്ത് വാസുകിയുടെ അഥവാ നാഗരാജന്റെ സാന്നിദ്ധ്യം ഉണ്ടായതു മുതൽ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. ഇന്നും അതു തുടരുന്നു . ദാരിദ്ര്യവും ദുഃഖവും ഒന്നുമില്ലാതെ ഭക്തിയുടെ സാമ്രാജ്യത്തിൽ പരിപാവനമായ സർപ്പാരാധനാ കേന്ദ്രമായി ഇന്നും പരിലസിക്കുന്നു.
അവിടെ ആരാധനയും പൂജയുമെല്ലാം സർപ്പക്ഷേത്രത്തിനു യോജിച്ചവണ്ണം വാസുകിയുടെ നിർദ്ദേശമനുസരിച്ച് നടത്തുന്നുണ്ട്. ഇല്ലത്തെ വലിയ നമ്പൂതിരിമാർക്ക് വിഷ ചികിത്സയുടെ സിദ്ധിയുമുണ്ട്. സർപ്പദോഷങ്ങൾക്കുള്ള പ്രതിവിധികൾ ചെയ്തു കൊടുക്കപ്പെടും . കൂടാതെ പല സ്ഥലങ്ങളിലേയ്ക്കും മേക്കാട്ടു നമ്പൂതിരിമാരെ സർപ്പപ്രതിഷ്ഠയ്ക്കും സർ പ്പം മാറ്റിയിരുത്തുന്നതിനും ക്ഷണിച്ചു കൂട്ടികൊണ്ട് പോകുന്നുണ്ട്. സാക്ഷാൽ വാസുകിയുടെ ആസ്ഥാനമായ അവിടെ നാനാസ്ഥലങ്ങളിൽ നിന്നുള്ള സർപ്പങ്ങളെ ആവാഹിച്ച് കൊണ്ടു ചെന്ന് കുടിയിരുത്തുന്നുണ്ട്. ചില സ്ഥലങ്ങളിലെ സർപ്പം കുടുംബഗൃഹം വിട്ടു പോകില്ലയെന്നു ശഠിക്കുന്നവയാണങ്കിൽ അദ്ദേഹത്തിനറിയാം . അവയെ ഗൃഹാന്തരീക്ഷത്തിലെ ഉചിതമായ ഭാഗത്ത് കുടിയിരുത്തി പൂജ നടത്തി പോകും. സർപ്പ പ്രതിഷ്ഠയ്ക്കും ആവാഹിച്ചുകൊണ്ടു പോകുന്നതിനുമുള്ള അധികാരം പാമ്പുമേക്കാട്ടു നമ്പൂതിരിമാർക്കാണ്.
ഇക്കാലത്ത് പാമ്പുമേക്കാട്ടില്ലത്തെ സർപ്പദൈവം ഇല്ലക്കാർക്കുമാത്രമായിട്ടല്ല സ്ഥിതി ചെയ്യുന്നത്. ധാരാളമാൾക്കാർ മണ്ണാർശാല, വെട്ടിക്കോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ചെന്ന് പ്രാർത്ഥിക്കുന്നത് പോലെ അവിടെ ചെന്ന് പ്രാർത്ഥിക്കുന്നുണ്ട് . വാസുകി യക്ഷിയമ്മയുടെ അനുഗ്രഹാശിസ്സുകൾ തേടി എത്തുന്ന ഭക്തജനങ്ങൾ നിരവധിയാണ്. അവിടെ സർപ്പപാട്ടു കഴിക്കുക , പാലും പഴവും നേദിക്കുക, നൂറും പാൽ കഴിക്കുക തുടങ്ങിയ വഴിപാടുകളുണ്ട്. ആയില്യം പൂജ , സർപ്പബലി എന്നിങ്ങനെയുള്ള സകല വിധ വഴിപാടുകളുമുണ്ട്.
ഇന്ന് കേരളക്കരയിൽ നാഗരാജാരാധനാക്ഷേത്രങ്ങൾ (കേന്ദ്രങ്ങൾ) പ്രധാനമായി മൂന്നായിട്ടാണ് പറയുന്നത്. ഒന്ന് വെട്ടിക്കോട്, രണ്ട് മണ്ണാർശാല, മൂന്ന് പാമ്പുമേക്കാട്. മൂന്നും ഒന്നിനൊന്ന് പ്രശസ്തിയാർജ്ജിച്ചു വരുകയാണ് . ഈശ്വരസാന്നിദ്ധ്യം നിറഞ്ഞുതുളുമ്പുന്ന ഈ ആരാധനാലയങ്ങൾ ഇക്കാലത്ത് ദുഷ്ടമനുഷ്യമനസ്സുകളെ പോലും പവിത്രമാക്കുന്ന തിൽ വിജയം കൈവരിച്ചു കൊണ്ടിരിക്കയാണ്.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment