11 November 2022

അക്കമഹാദേവി

അക്കമഹാദേവി

എ.ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടക (മൈസൂർ) സംസ്ഥാനത്തിലെ ഉടുനുടി എന്ന സ്ഥലത്താണ് അക്ക ജനിച്ചത്. മാതാപിതാക്കൾ തികഞ്ഞ ശിവഭക്തരായിരുന്നു, അതിനാൽ അവരുടെ ഭക്തി ബാല്യം മുതൽ അക്കയ്ക്കും ഉണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ അക്കയിലങ്കുരിച്ച ശിവഭക്തി ക്രമേണ ഉന്‍മാദാവസ്ഥയിലെത്തിയ അനുരാഗമായി രൂപാന്തരപ്പെട്ടു. തന്മൂലം, താന്‍ ശിവനെയല്ലാതെ മറ്റാരേയും വരനായി സ്വീകരിക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തു. അക്കയുടെ ഈ ദൃഢവ്രതത്തെ അവഗണിച്ചുകൊണ്ട് മാതാപിതാക്കള്‍, ആ നാടു ഭരിച്ചിരുന്ന രാജാവിന് അവളെ വിവാഹം ചെയ്തുകൊടുത്തു. പക്ഷേ, വിവാഹത്തിനുശേഷം അക്കയുടെ ശിവഭക്തി പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയാണ് ചെയ്തത്. തന്റെ പ്രിയതമയെ ഇതില്‍നിന്നു വിരമിപ്പിക്കുവാനായി അക്കയുടെ ഭർത്താവായ രാജാവ് പല പ്രലോഭനങ്ങളും ഭീഷണികളും നടത്തിനോക്കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍, എല്ലാവിധ ലൗകികസുഖഭോഗങ്ങളും പരിത്യജിച്ചുകൊണ്ട് അക്ക ഒരു വൈരാഗിണിയായി., ശിവഭക്തിഗീതങ്ങളാലാപിച്ചുകൊണ്ട് അലഞ്ഞുതിരിഞ്ഞുനടന്നു. ശിവനെ തന്റെ ഭര്‍ത്താവായി ലഭിക്കുവാനുള്ള അദമ്യമായ അഭിനിവേശം നിമിത്തം ദക്ഷിണ ഭാരതത്തിലെ ശിവ വാസരംഗമെന്നു കരുതപ്പെടുന്ന ശ്രീശൈലപര്‍വതത്തിലെത്തി അവർ ശിവപൂജയില്‍ മുഴുകിക്കഴിഞ്ഞു.
ആന്ധ്രാപ്രദേശിലെ മല്ല എന്ന മലനിരകളിലാണ് ശ്രീശൈലപർവ്വതം. ഇവിടെയാണ് ഭാരതത്തിലെ 12 ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ മല്ലികാർജ്ജുന ക്ഷേത്രം ഉള്ളത്. ഇവിടെ കൃഷ്ണ നദിക്കരയിലെ ഉത്തുംഗ പർവ്വത മലനിരകളിലെ ഗുഹകളിലിരുന്ന് അവർ ശിവനെ തപസ്സനുഷ്ഠിച്ചു. (ഇന്ന് ഈ സ്ഥലം അക്കമ്മ ദേവി ഗുഹകൾ എന്നറിയപ്പെടുന്നു.)
തന്റെ ആരാധനാമൂര്‍ത്തിയായ ശിവന്റെ ദര്‍ശനം ലഭിക്കാനായി ഉൽഘടമായ ആവേശത്താൽ "ഹര, അങ്ങ് എന്റെ പ്രിയതമനായിത്തീരുക എന്ന പ്രാര്‍ഥനയോടെ കഠിനതപസ്സനുഷ്ഠിക്കുകയും വിരഹവിഹ്വലയായ ഒരു നായികയെപ്പോലെ ഭക്തി ഗീതങ്ങളിലൂടെ വിലപിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാലത്തു യോഗിനിയായ കവയിത്രി എന്ന വിഖ്യാതി അക്കയ്ക്കു ലഭിച്ചു.അന്ന് അക്ക ഭഗവാൻ ശിവനെ കുറിച്ചു സ്വയം എഴുതിയുണ്ടാക്കി പാടിയ പാട്ടുകള്‍ പിന്നീട് കന്നഡ ഭക്തിസാഹിത്യത്തിലെ അമൂല്യരത്നങ്ങളായിത്തീർന്നെന്ന് നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നു. 

(ഉദാഹരണം ) 'പശിയായാല്‍ ഭിക്ഷാന്നമുണ്ട്;
തൃഷയായാലരുവികളും കുളങ്ങളും
കിണറുകളുമുണ്ട്;
ശയനത്തിനു പാഴ്ക്ഷേത്രങ്ങളുണ്ട്;
ചന്നമല്ലികാര്‍ജുനയ്യാ
ആത്മാവിന്റെ കൂട്ടിനു നീയുണ്ടെനിക്ക്'....

ശിവ ഭക്തിഗീതങ്ങൾ പാടിപ്പാടി ശ്രീശൈലത്തിൽ തന്നെ കഴിഞ്ഞ അക്കയ്ക്ക് മല്ലികാര്‍ജുനനിലൂടെ (ശ്രീശൈലത്തിലെ ശിവപ്രതിഷ്ഠയ്ക്കുള്ള പേരാണ് മല്ലികാര്‍ജുനന്‍.) ഒരിക്കൽ ശിവദര്‍ശനം ലഭിച്ചു എന്നാണ് ഐതിഹ്യം..
ശിവദര്‍ശനത്തോടെ ബോധോദയം സിദ്ധിച്ച അക്ക, കല്യാണ എന്ന സ്ഥലത്തുള്ള 'ശിവശരണകേന്ദ്രം' എന്ന സ്ഥാപനം., തന്റെ ആധ്യാത്മിക പ്രവര്‍ത്തനരംഗമായി കണ്ട് അവിടെ വച്ചു സാധാരണക്കാർക്കായി അധ്യാത്മവിദ്യാപ്രചരണവും നടത്തിക്കൊണ്ടിരുന്നു. തന്റെ ശരീരവും ആത്മാവും ജ്ഞാനവും ശിവനില്‍ വിലയം പ്രാപിച്ചിരിക്കുകയാണെന്നും താന്‍ ശിവന്റെ പ്രതിനിധി മാത്രമാണെന്നും അക്ക അടിയുറച്ചു വിശ്വസിച്ചിരുന്നു. അങ്ങനെ പരമഭാഗവതയായിത്തീര്‍ന്ന അവർ ശിവപ്രേമത്തിന്റെ ഉച്ചശൃംഗത്തിലെത്തിയപ്പോള്‍ ഒരുതരം ഉന്‍മാദിയെപ്പോലെയായി. ഒടുവില്‍ "വനമാകെ നീ താന്‍, വനദേവതകളെല്ലാം നീ താന്‍, തരുക്കളില്‍ക്കളിക്കും കിളികളും മൃഗങ്ങളും നീ താന്‍. എന്ന് ഉറക്കെ പാടി ശ്രീശൈലത്തിന്റെ ഉത്തുംഗശൃംഗത്തില്‍ കയറി ശിവധ്യാനനിരതയായിരുന്ന് നിര്‍വാണമടഞ്ഞു..... പിന്നീട് അവരെ ആരും കണ്ടിട്ടില്ല....ഇങ്ങനെ മഹാദേവനില്‍ വിലീനയായതോടെ 'അക്ക മഹാദേവി' എന്ന നാമം സാര്‍വത്രികമായിത്തീര്‍ന്നു.


No comments:

Post a Comment