അനുഗ്രഹത്തിനായി നാം കാത്തിരിക്കണം. ശരിയായ സമയത്തിൽ നമുക്കു അതു കിട്ടും. എന്തിനും കാലം ആവശ്യമാണ്. ഗർഭധാരണം നടന്നു കഴിഞ്ഞു പത്തു മാസം പൂർത്തിയായതിനു ശേഷം മാത്രമേ കുഞ്ഞു പുറത്തു വരുന്നുള്ളൂ. അടുപ്പിൽ അരി, വെള്ളം എല്ലാം ഒന്നിച്ചു വെച്ചിട്ട് ഉടനെ ചോറ് പാകം ആകുന്നില്ല. അതിനു വേണ്ട സമയം എടുത്തു മാത്രമേ പാകമാകുന്നുള്ളൂ. ഒരു വിത്തു ഇട്ടു കഴിഞ്ഞാൽ ഉടനെ മരമാകുന്നില്ല. അതിന്റെതായ കാലം എടുത്തു മരമാകുന്നു. അതു പോലെ എല്ലാത്തിനും കാലം ആവശ്യമാണ്. ഭഗവത് അനുഗ്രഹത്തിനും കാലം ആവശ്യമാണ്. ധ്രുവൻ, ഭരതൻ, തുടങ്ങിയ ഭക്തർ ഭഗവാന്റെ അനുഗ്രഹത്തിനായി കാത്തിരുന്നു. നാം നാമജപം ചെയ്തു കൊണ്ടു കാത്തിരിക്കണം. ശരിയായ സമയത്തിൽ ഭഗവാൻ അനുഗ്രഹിക്കുന്നു. കാത്തിരിക്കാനുള്ള ക്ഷമ നമുക്കു ആവശ്യമാണ്.
ഒരു ഗ്രാമത്തിൽ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു. അദ്ദേഹം നിത്യവും ഭഗവത്ഗീത പാരായണം ചെയ്യും. അതു ഒരു നിഷ്ഠയായി അദ്ദേഹം ആചരിച്ചു വന്നു. ദാരിദ്ര്യം കാരണം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ അദ്ദേഹം വിശ്വാസത്തോടു കൂടി തന്റെ പാരായണം മുടങ്ങാതെ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരിക്കൽ അദ്ദേഹത്തോട് 'അങ്ങ് മുടങ്ങാതെ ഭഗവത് ഗീത വായിക്കുന്നത് കൊണ്ടു എന്തു ഫലം? ആ പുസ്തകം തട്ടിൻപുറത്തു കൊണ്ടു വയ്ക്കു. എന്നിട്ട് അരികിലുള്ള ഗ്രാമത്തിൽ പോയി ഉഞ്ചവൃത്തി എടുക്കു. കിട്ടുന്നത് കൊണ്ടു നമ്മുടെ വിശപ്പെങ്കിലും അടക്കാം. അല്ലാതെ നിത്യവും ഇതു പാരായണം ചെയ്തിട്ടു നമുക്കു എന്തു ലാഭം? എന്നും അങ്ങ് 'അനന്യാശ്ചിന്തയന്തോ മാം..' എന്നു വായിക്കുന്നതു കേട്ടു മടുത്തു. പക്ഷേ ഒരു പ്രയോജനവും ഇല്ല. നമ്മുടെ യോഗവും ക്ഷേമവും നാം തന്നെ നോക്കണം!' എന്നിങ്ങനെ പറഞ്ഞു. എന്തു കൊണ്ടോ എന്തോ അന്നു അദ്ദേഹത്തിന് അവൾ പറയുന്നതിൽ തെറ്റില്ല എന്നു തോന്നി. താൻ ഇത്രയും നാളായിട്ട് ഭഗവത് ഗീതയെ ആശ്രയിച്ചു. എന്നിട്ട് തനിക്കു എന്തു കിട്ടി? ഗ്രാമവാസികളോട് ഇരന്നാണ് നിത്യവൃത്തി കഴിഞ്ഞിരുന്നത്. അതും ഇപ്പോൾ എല്ലാവർക്കും അദ്ദേഹത്തെ നന്നായി അറിയാം. അതുകൊണ്ടു ദൂരെ നിന്നു തന്നെ അദ്ദേഹത്തെ കാണുമ്പോൾ എന്തെങ്കിലും ചോദിക്കും എന്നു കരുതി കതകടക്കുകയാണ്. ഇനി ഇപ്പോൾ തന്റെ പത്നി പറയുന്നത് പോലെ അടുത്ത ഗ്രാമത്തിൽ പോയി ഉഞ്ചവൃത്തി എടുത്താൽ വല്ലതും കിട്ടും. ഗീത വായിച്ചു സമയം കളഞ്ഞത് കൊണ്ടു പ്രയോജനം ഒന്നുമില്ല എന്നു തോന്നിപ്പോയി. പെട്ടെന്നു ബ്രാഹ്മണൻ താൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം എടുത്തു. അതിലെ 'യോഗ ക്ഷേമം വഹാമ്യഹം' എന്നു എഴുതിയിരിക്കുന്ന ഭാഗം കരിക്കട്ട കൊണ്ടു വരച്ചു. എന്നിട്ട് പുസ്തകം തട്ടിൻപുറത്തേക്കു വലിച്ചെറിഞ്ഞു. അദ്ദേഹം എഴുന്നേറ്റു അടുത്ത ഗ്രാമത്തിലേക്കു നടന്നു.
അദ്ദേഹം പോയ ഉടനെ ആരോ ഒരാൾ വീട്ടിലെത്തി. അയാളുടെ കൈവശം ധാരാളം പലവ്യഞ്ജനങ്ങൾ ഉണ്ടായിരുന്നു. കുറെക്കാലത്തിനു ആവശ്യമായ സകല സാധനങ്ങളും കൊണ്ടാണ് അയാൾ വന്നിരുന്നത്. താൻ ബ്രാഹ്മണന്റെ അകന്ന ബന്ധുവാണെന്നും, അവർ വളരെ കഷ്ടപ്പെടുന്നുണ്ട് എന്നു ഇപ്പോഴാണ് താൻ അറിഞ്ഞത് എന്നും. അവരെ സഹായിക്കാൻ എല്ലാം വാങ്ങിക്കൊണ്ടു വരികയാണെന്നും, സ്വല്പം താമസിച്ചു പോയി എന്നും പറഞ്ഞു. എന്നിട്ട് സാധനങ്ങൾ എല്ലാം അവിടെ ഇറക്കിയിട്ടു അയാൾ പോയി. ബ്രാഹ്മണന്റെ ഭാര്യയ്ക്കു ആശ്ചര്യം ഉണ്ടായി. അന്നു ഒരു വിഭവ സമൃദ്ധമായ സദ്യ തന്നെ അവർ ഒരുക്കി. ഉച്ചയോടെ ബ്രാഹ്മണൻ വീട്ടിലേക്കു മടങ്ങി വന്നു. അകത്തു നെയ്യുടെയും മറ്റും നല്ല മണം. അദ്ദേഹം ആശ്ചര്യപ്പെട്ടു. ഉടനെ അദ്ദേഹത്തിന്റെ പത്നി നടന്നതെല്ലാം പറഞ്ഞു. അദ്ദേഹത്തിനു അങ്ങനെ ഒരു ബന്ധു ഉള്ളതായി ഒട്ടും അറിയില്ലായിരുന്നു. അദ്ദേഹം ആശ്ചര്യത്തോടെ വന്ന ആളിനെക്കുറിച്ച് ചോദിച്ചു. അതിനു അവർ വന്നയാൾ ഒരു ചെറുപ്പക്കാരനായിരുന്നു എന്നും, നല്ല കറുത്ത നിറമായിരുന്നു എന്നും, അയാളുടെ കൈകളും, കണ്ണും, കാലും നല്ല ചുവപ്പായിരുന്നു എന്നും, തലയിൽ തലപ്പാവ് കെട്ടിയിരുന്നു എന്നും, അരയിൽ ഒരു വസ്ത്രം ഉടുത്തിരുന്നു എന്നും പറഞ്ഞു. പെട്ടെന്ന് ബ്രാഹ്മണന്റെ പത്നി എന്തോ ഓർത്തിട്ടെന്ന പോലെ ' ഒരു കാര്യം മാത്രം വളരെ വിചിത്രമായി എനിക്കു തോന്നി' എന്ന് പറഞ്ഞ. ഉടനെ ബ്രാഹ്മണൻ അതെന്താണ് എന്നു വളരെ ആകാംക്ഷയോടെ ചോദിച്ചു. അതിനു അവർ 'അവന്റെ വായ കരി വരച്ചത് പോലെ കറുത്തിരുന്നു' എന്നു പറഞ്ഞു. ഇതു കേട്ട ബ്രാഹ്മണൻ എന്തോ ഓർത്തിട്ടെന്ന പോലെ ഒന്നു ഞെട്ടി. ഉടനെ അദ്ദേഹം വെപ്രാളം പിടിച്ചു തട്ടുമ്പുറത്തു കയറി, തന്റെ ഭഗവത് ഗീത പുസ്തകം തപ്പിയെടുത്തു. അദ്ദേഹം അതു തുറന്നു അതിൽ വരുന്ന 'അനന്യാശ്ചിന്തയന്തോ മാം...' എന്നാ ശ്ലോകം ഒരു ചങ്കിടിപ്പോടെ നോക്കി. അതിൽ അദ്ദേഹം വരച്ച കരിയടയാളം കാണ്മാനില്ലായിരുന്നു. ബ്രാഹ്മണനു വന്നത് ഭാഗവാനാണെന്നു മനസ്സിലായി. അദ്ദേഹം പൊട്ടിക്കരഞ്ഞു. 'യോഗക്ഷേമം വഹാമ്യഹം എന്നു ഭഗവാൻ പറഞ്ഞത് സത്യം തന്നെയാണ്.
നമുക്കു ഇന്നു ഇന്ന സമയത്തു തരണം എന്നു അദ്ദേഹം സങ്കൽപ്പിച്ചിരുന്നു. പക്ഷെ അതുവരെ കാത്തിരിക്കാനുള്ള ക്ഷമ നമ്മൾക്കില്ലാതെ പോയി' എന്നദ്ദേഹം പറഞ്ഞു. അതിനു മുന്പ് ധൃതി കൂട്ടി കരി വാരി തേച്ചില്ലേ? ഭഗവാൻ നമുക്കു ഒരു ജന്മത്തിനു മുഴുവനും വേണ്ട കൃപ ചെയ്യാൻ കാത്തിരിക്കുന്നു. പക്ഷേ നാം അപ്പപ്പോൾ ഉള്ള ആവശ്യത്തിനു അനുസരിച്ചു ഫലം ആഗ്രഹിക്കുന്നു. ഭഗവാൻ ബ്രാഹ്മണനു വേണ്ടതെല്ലാം എടുത്തു കൊണ്ടു പുറപ്പെട്ടു നിൽക്കുമ്പോഴാണ് അദ്ദേഹം ഭഗവാന്റെ മുഖത്ത് കരി വാരിത്തേച്ചതു. ഭഗവത് ഗീത കൃഷ്ണ സ്വരൂപമാണെന്നു അദ്ദേഹം മനസ്സിലാക്കിയില്ല. തന്റെ തെറ്റു മനസ്സിലാക്കിയ ബ്രാഹ്മണൻ പത്നിയോട് അതു പറഞ്ഞു. 'നീ പറഞ്ഞില്ലേ ഭഗവത് ഗീത പാരായണം ചെയ്താൽ പ്രയോജനം ഒന്നുമില്ല എന്നു? ഇദാ നോക്കു! ഇതാണ് പ്രത്യക്ഷ പ്രയോജനം.' പത്നി:- അങ്ങ് എന്താണ് പറയുന്നത്? എനിക്കു മനസ്സിലായില്ലല്ലോ. ബ്രാഹ്മണൻ:- നോക്കു! ഇത്രയും ദിവസം ഗീത വായിച്ചത് കൊണ്ടു ഭഗവാൻ ബന്ധുവിന്റെ രൂപത്തിൽ നമുക്കു എല്ലാം കൊണ്ടു തന്നു. ഭഗവാന്റെ കാരുണ്യം മനസ്സിലാക്കാതെ നാം വെറുതെ സംശയിച്ചു. ബ്രാഹ്മണന്റെ പത്നിക്കു ഇത് കേട്ട് ആശ്ചര്യമായി. സത്യം മനസ്സിലാക്കിയ അവർ തന്റെ ഭർത്താവിനോടും ഭാഗവാനോടും മാപ്പപേക്ഷിച്ചു. അതിനു ശേഷം രണ്ടുപേരും പൂർവാധികം വിശ്വാസത്തോടെ ഭഗവത് ഭക്തി ചെയ്തു ജീവിതം നയിച്ചു! അവസാനം അവർ ഇരുവരും ഭഗവത് പദം പ്രാപിച്ചു.
ഭഗവാനിൽ പൂർണ്ണ വിശ്വാസം നമുക്കു വേണം. നാം ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തു വയ്ക്കാറുണ്ട്! ആ ഒരു ചെറിയ കടലാസ് കഷ്ണം ഉള്ളത് കൊണ്ടു നമുക്കുള്ള സീറ്റ് ആരും എടുക്കുകയില്ല എന്നു വിശ്വസിക്കുന്നില്ലേ. അത്രയും വിശ്വാസം എന്തു കൊണ്ടു ഭഗവാനിൽ വയ്ക്കുന്നില്ല? പ്രാർത്ഥന എന്നാ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ നമുക്കുള്ളത് തീർച്ചയായും നമുക്കു തന്നെ കിട്ടും എന്ന വിശ്വാസം വേണം. ദൃഡമായ വിശ്വാസം
No comments:
Post a Comment