വൈക്കം പാച്ചു മൂത്തത്
മലയാളത്തില്‍ ആദ്യമായി ഗ്ലോബ് ഉണ്ടാക്കിയെടുത്ത വ്യക്തി..! ആദ്യത്തെ തിരുവിതാംകൂര്‍ ചരിത്രം എഴുതിയ വ്യക്തി..! ആദ്യത്തെ ബാലസാഹിത്യം എഴുതിയ വ്യക്തി.! ഇതിനെല്ലാം പുറമേ കേരളത്തില്‍ ആദ്യത്തെ ലോട്ടറി ഇദ്ദേഹത്തിന്‍റെ പേരില്‍ ആണ് സര്‍ക്കാര്‍ ഇറക്കിയത് ..! കഴിഞ്ഞില്ല.., ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ തിരുവനന്തപുരം ആയുർവ്വേദ മെഡിക്കല്‍ കോളേജ്
ആശുപത്രി ഇദ്ദേഹമാണ് തുടങ്ങിയത്..!
കൊല്ലവര്‍ഷം 989 ഇടവമാസം 25 (1814 AD) - യില്‍ നീലകണ്ഠന്‍ മൂത്തതിന്‍റെ മകനായി വൈക്കത്ത് ജനിച്ചു. ചെറുപ്പത്തിലേ ആയുര്‍വ്വേദം, ജ്യോതിഷം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ അനേകം വിഷയങ്ങളില്‍ ആഗാധ പാണ്ഡിത്യം നേടി. കൊച്ചി രാജാവായിരുന്ന വീരകേരളവര്‍മ്മ കുതിരപ്പുരത്തുനിന്നും വീണ് നട്ടെല്ലിനു പരിക്കേറ്റപ്പോള്‍ ചികിത്സിച്ചു ഭേദം ആക്കിയതോടെയാണ് പാച്ചുമൂത്തത് പ്രശസ്തനായത്..! വീരശൃംഖല നല്‍കി കൊച്ചി രാജാവ് അദ്ദേഹത്തെ ബഹുമാനിച്ചു. കൊച്ചി രാജകുടുംബത്തോടൊപ്പം ഗംഗാസ്നാനത്തിനു പോകുകയും, ആ യാത്രയെക്കുറിച്ച് തുള്ളല്‍ കഥാരൂപത്തില്‍ ഒരു പുസ്തകം എഴുതുകയും ചെയ്തു. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്ത് ഒരു ജഡ്ജിയുടെ ചികിത്സയ്ക്കുവേണ്ടി ആയിരുന്നു അദ്ദേഹം തിരുവിതാംകൂറില്‍ എത്തിയത്. പത്മനാഭ സ്വാമിക്ഷേത്രം തന്ത്രിയായിരുന്ന തരണനല്ലൂര്‍ നമ്പൂതിരിപ്പാടിന്‍റെ വിഷൂചികാരോഗം ഭേദമാക്കി മഹാരാജാവിന്‍റെ പ്രീതിക്ക് പാത്രമായി. അവിടെനിന്നും കിട്ടി വീരശൃംഖല..!!
ശുചീന്ദ്രം ക്ഷേത്രത്തിലെ സ്ഥാനിയായിരുന്ന നാരായണന്‍ മൂത്തത് അന്തരിച്ചപ്പോള്‍ ആയില്യം തിരുനാളിന്‍റെ നിര്‍ദ്ദേശപ്രകാരം അവിടേക്ക് ഇദ്ദേഹത്തേയും, സഹോദരനേയും ദത്തെടുക്കപ്പെടുകയും അവിടെ സ്ഥാനിയാകുകയും ചെയ്തു. ശുചീന്ദ്രം ക്ഷേത്രത്തിന്‍റെ ഗോപുരം പുതുക്കി പണിയാന്‍ ആയില്യം തിരുനാളിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കേരളത്തിലെ ആദ്യത്തെ ലോട്ടറി ഇദ്ദേഹം സ്വന്തം പേരില്‍ ഉണ്ടാക്കിയത്. ഒന്നാം സമ്മാനം പതിനായിരം രൂപയും ടിക്കറ്റ് വില ഒരു രൂപയും ആയിരുന്നു..! ആകെ അന്‍പതിനായിരം രൂപ ലക്ഷ്യം വയ്ക്കുകയും, നാല്‍പ്പതിനായിരം രൂപ ഗോപുരംപണിക്ക് എടുക്കുകയും ചെയ്യാനായിരുന്നു പരിപാടി. ലക്ഷ്യം കവിയുകയും ലോട്ടറി വന്‍ വിജയമാകുകയും ചെയ്തു..!
ആയുര്‍വ്വേദത്തില്‍ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന പാച്ചു മൂത്തത് കൊട്ടാരം വൈദ്യന്‍ എന്നാണ് അറിയപ്പെട്ടത് ..!! ഹൃദയപ്രിയ, സുഖസാധകം എന്നീ രണ്ടു പ്രശസ്തമായ ഗ്രന്ഥങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ ഇദ്ദേഹം രചിച്ചു..! ഏതൊരു രോഗത്തിനും കൃത്യമായ മരുന്ന് ഇദ്ദേഹം ഉണ്ടാക്കി കൊടുത്തിരുന്നു..!! രാജാക്കന്മാരെ ചികിത്സിക്കാനും ചികിത്സകരെ പഠിപ്പിക്കാനും പത്മതീര്‍ത്ഥക്കരയില്‍ ഇദ്ദേഹം ആരംഭിച്ച ആയുര്‍വ്വേദ കേന്ദ്രമാണ് ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ആയ, തിരുവനന്തപുരം ആയുര്‍വ്വേദ കോളേജ് ആയിമാറിയത്..!
ജ്യോതിഷത്തില്‍ അന്ന് തിരുവിതാംകൂറിലെ അവസാന വാക്ക് മൂത്തതിന്‍റേത് ആയിരുന്നു. രാജാവ് അവസാനം അഭിപ്രായം ചോദിക്കുന്നതും മൂത്തതിനോട് ആയിരുന്നു..!
മരിക്കുന്നതിന് (1885) അഞ്ചുദിവസം മുന്‍പ് മൂത്തത് രാജാവിന് ഇങ്ങനെ ഒരു കത്തെഴുതി...... "നാലഞ്ചു ദിവസംകൂടി അങ്ങയെ സേവിച്ചുകൊണ്ട് ഞാന്‍ ഉണ്ടാകും ..! അതുകഴിഞ്ഞ് ഇവിടം വിട്ടുപോകണം എന്ന് ഞാന്‍ കരുതുന്നു. പരമേശ്വരനെ (സഹോദരന്‍) അങ്ങയെ ഏല്‍പ്പിക്കുന്നു .."! കൃത്യം അഞ്ചാം ദിവസം മൂത്തത് അന്തരിച്ചു..!
"രാജ്യത്തെ ഏറ്റവും വിലപ്പെട്ട ഒരു രത്നം നഷ്ടപ്പെട്ടു" എന്നാണ് ഈ വിയോഗം അറിഞ്ഞപ്പോള്‍ മഹാരാജാവ് പറഞ്ഞത്..! ശുചീന്ദ്രം ചരിത്രത്തില്‍ മാത്രമല്ല തിരുവിതാംകൂര്‍ ചരിത്രത്തിലും സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടേണ്ട പേരാണ് വൈക്കം പാച്ചു മൂത്തതിന്‍റേത്..!!
അദ്ദേഹം ഒരു ചിത്രകാരൻ കൂടിയായിരുന്നു. ശുചീന്ദ്രം ക്ഷേത്രത്തിൽ അദ്ദേഹം വരച്ച ചിത്രങ്ങളുണ്ടായിരുന്നു. ഇന്നു നാം ഈ കാണുന്ന പാച്ചുമൂത്തതിന്റെ ചിത്രം അദ്ദേഹം തന്നെ കണ്ണാടിയിൽ നോക്കി വരച്ചതാണ്.
No comments:
Post a Comment