4 November 2021

''കാവ്‌'' വടക്കരുടെ സമുദായ മൈത്രിയുടെ ഉത്തമ മാതൃക

''കാവ്‌'' വടക്കരുടെ സമുദായ മൈത്രിയുടെ ഉത്തമ മാതൃക

മലബാറിലെ സാമ്പ്രദായികമായി നിലനിന്ന് വരുന്ന ഭരണസംവിധാനത്തിലെ ഭരണകേന്ദ്രങ്ങളാണ് കാവുകൾ. മലബാറിൽ നിലനിന്നിരുന്ന സാമ്രാജ്യങ്ങളും ഇവിടെ വംശീയാധിപത്യം സ്ഥാപിച്ച സമുദായങ്ങളും ഭരണാർത്ഥം സ്ഥാപിച്ച കേന്ദ്രങ്ങളാണിവ. തറവാടുകൾ, തറകൾ, താനങ്ങൾ, കാവുകൾ, കഴകങ്ങൾ , കോട്ടങ്ങൾ, കോവിലകങ്ങൾ എല്ലാം തന്നെ ഇത്തരത്തിലുള്ള ഭരണസംവിധാന ഘടകങ്ങളാണ്. കലയ്ക്കും സാഹിത്യത്തിനും ആരാധനയ്ക്കും ഉള്ള വേദികളായും സാമൂഹ്യ-സാമുദായികതർക്കങ്ങൾ പരിഹരിക്കാനുള്ള കോടതിയായും സ്വസമുദായത്തെയും മറ്റ്‌ സമുദായങ്ങളെയും ഒന്നിച്ച്‌ നിർത്താനുള്ള കേന്ദ്രങ്ങളുമായി നിലനിൽക്കേണ്ട പവിത്രസ്ഥാനങ്ങളാണ് കാവുകൾ.

കാവ്‌ ഘടന [കാവധികാരികൾ (Office)]

1. കാർന്നോർ [കാരണവർ]

കാവിലെ / തറവാട്ടിലെ പരമാധികാരസ്ഥാനം വഹിക്കുന്ന സ്ഥാനികനാണ് കാർന്നോർ അഥവാ അച്ചൻ. മരുമക്കത്തായം വഴി ആണ് ഈ സ്ഥാനം കൈമാറുന്നത്‌. ഒരു കാവിലെ കാർന്നോർ സ്ഥാനം വഹിക്കുന്ന ആൾ കാവുഭരണപരിധിയിലെ അതാത്‌ സമുദായത്തിന്റെ മുഴുവൻ ആളുകളുടെയും കാരണവസ്ഥാനീയൻ ആണ് . അവകാശപ്പെട്ട തറവാടുകളിലെ തലമുതിർന്ന പുരുഷന്മാരാണ് ഈ സ്ഥാനം നേടുന്നത്‌.

2. അന്തിത്തിരിയൻ

പ്രധാന കാവധികാരിയാണ് അന്തിത്തിരിയൻ. അന്തിനേരത്ത്‌ കാവിൽ തിരിവെക്കുന്നത്‌ കൊണ്ട്‌ അന്തിത്തിരിയൻ എന്ന് പേര് വന്നു. പൂജാവിധികളും അനുഷ്ഠാനക്രമങ്ങളും ഇദ്ദേഹം പഠിച്ചുറപ്പിക്കേണ്ടതുണ്ട്‌

3. കൊടക്കാർ (കുടക്കാർ)

കാവുകളിൽ ദേവീചൈതന്യമുള്ള തിരുവിഗ്രഹം എഴുന്നള്ളിക്കുമ്പോൾ ആ പരംപൊരുളിനെ  ചൂടിനിൽക്കേണ്ട നീളൻ കുടപിടിക്കുന്ന ആചാരക്കാരാണ് കുടക്കാർ (പടയാളികൾ). വാദ്യഘോഷലഹരിയിൽ തെയ്യം തിരുനർത്തനമാടുമ്പോൾ കൊടക്കാർ ചിത്രപ്പണികളോട്‌ കൂടിയ നീളൻകാലുകൾക്ക്‌ മുകളിൽ ഉറപ്പിച്ച വെള്ളോട്ടുകുടകൾ കിലുക്കാൻ തുടങ്ങും. കുടക്കാൽ പെരുവിരലിന്നിടയിലുറപ്പിച്ച്‌ വലംകൈകൊണ്ട്‌ കിലുക്കുമ്പോൾ ഇടമുറിയാതെ മഴയുടെ ആരവം പോലെ കുടയലുക്കുകൾ ശബ്ദം പൊലിക്കും. ചില കുടക്കാർ ആ വിസ്മയപ്രപഞ്ചത്തിൽ മനംമുഴുകി നിയോഗം കൊള്ളും.

4. വെളിച്ചപ്പാട്‌ - കോമരം

തെയ്യത്തിന്റെ പ്രതിപുരുഷനാണ് വെളിച്ചപ്പാടൻ

5. സമുദായിമാർ

തീയ്യസമുദായക്കാവുകളിൽ ഭരണകാര്യനിർവ്വഹണം നടത്തുന്ന ഉയർന്ന സ്ഥാനികരാണ് സമുദായികൾ. കാവിലെ സ്ഥാവരജംഗമസ്വത്തുക്കളുടെ ഉടമസ്ഥാവകാശം സമുദായിമാർക്കാണ് .

6. കൂട്ടുവാഴിക്കാർ (കൂട്ടായിക്കാർ)

തീയ്യസമുദായത്തിന്റെ നികുതിപിരിവ്‌ ഉദ്യോഗസ്ഥരാണ് കൂട്ടായിക്കാർ. മുഖ്യദേവതയുടെ മുന്നിൽ നിന്ന് പൂവും കുറിയും ആചാരവടിയും സ്വീകരിച്ചാണ് സ്ഥാനം കയ്യേൽക്കുന്നത്‌. വെള്ളമുണ്ടും കറുത്ത ഉറുമാലും ആചാരവടിയും ആണ് സ്ഥാനമുദ്രകൾ.

7. അടിച്ചുതളിയും പൂവിടലും

കാവുവട്ടവും ആരൂഡങ്ങൾക്ക്‌ പുറത്തും അടിച്ചുവൃത്തിയാക്കു പൂവിയ്യുന്ന കാരണവസ്ഥാനത്തുള്ള സ്ത്രീകൾ.

8. തളിക്കാരൻ

ദേവിയുടെ എഴുന്നള്ളത്തിൽ തളിക പിടിക്കുന്ന ആചാരക്കാരൻ

9. കലയക്കാരൻ

ഊർക്കകത്തെ മറ്റ്‌ തെയ്യക്കാവുകളിൽ കലശം വെക്കാൻ സ്ഥാനം ഏറ്റ തീയ്യസമുദായത്തിലെ ആചാരക്കാരൻ.

10. വിറകൻ

വിറക്‌ ഒരുക്കിവെക്കേണ്ട ചുമതലക്കാരൻ

11. ചെറുജന്മാവകാശികൾ

വണ്ണാൻ - തെയ്യം
മലയർ - തെയ്യം , വാദ്യം
വേലർ - തെയ്യം
അഞ്ഞൂറ്റാൻ - തെയ്യം
മുന്നൂറ്റാൻ - തെയ്യം
ആശാരി - മരപ്പണി
മുകയൻ - വിതാനച്ചരട്‌ കാണിക്ക
ക്ടാരൻ - കിംപുരുഷരൂപവും ചിത്രത്തൂണും ചായം പൂശൽ
കുശവൻ - മൺപാത്രങ്ങൾ
കൊല്ലൻ - തിരുവായുധം മിനുക്കൽ
തട്ടാൻ - തിരുവായുധം ശുദ്ധി വരുത്തൽ
കണിശൻ - ജ്യോൽസ്യം , മുഹൂർത്തം കുറിക്കൽ, കളത്തിലരിയിടൽ , കുടസമർപ്പണം
വണ്ണാത്തി - മാറ്റ്‌
പുലയർ - വല്ലപ്പായ(കൈതയോലപ്പായ)
യോഗിമാർ - ഗണപതിഹോമം
കാവുതീയ്യർ - തീയ്യരുടെ പൗരോഹിത്യകർമ്മങ്ങൾ , ക്ഷൗരകർമ്മങ്ങൾ
മുക്കുവൻ - വ്രതം മുറിക്കാൻ ഉള്ള മൽസ്യം
വാണിയൻ - നല്ലെണ്ണ സമർപ്പണം
മണിയാണി - ക്ഷേത്രക്കുളം നിർമ്മാണം
മുസ്ലീം - ഉപ്പുകലം / പഞ്ചസാരക്കലം സമർപ്പണം
              
(കടപ്പാട്‌: ഡോ:ആർ.സി.കരിപ്പത്ത്‌)

No comments:

Post a Comment