4 November 2021

ശിവൻ്റെ പെൺമക്കൾ

ശിവൻ്റെ പെൺമക്കൾ

പരമശിവന്  മൂന്ന് പെൺമക്കൾ ഉണ്ടെന്ന് പറയപ്പെടുന്നു.
1.  അശോകസുന്ദരി
2. ജ്യോതി
3. മനസാ (വാസുകി)

അച്ഛൻ്റെയോ അമ്മയുടെയോ (പാർവ്വതി) സഹോദരന്മാരുടെയോ (കാർത്തികേയൻ, ഗണേശൻ, അയ്യപ്പൻ) അത്രയും പ്രാധാന്യം പെന്മക്കൾക്ക് കിട്ടിയിട്ടില്ല. ഇന്ത്യയിൽ വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ ഇവർക്ക് ആരാധനാലയങ്ങൾ ഉള്ളൂ.

1.  അശോകസുന്ദരി

ശിവൻ്റെ ആദ്യത്തെ മകൾ. പാർവ്വതിയുടെ ഏകാന്തത മാറ്റുവാൻ പാർവ്വതിയാൽ സൃഷ്ടിക്കപ്പെട്ടവൾ. പാർവ്വതിയുടെ ശോകം അകറ്റുവാനായി ജന്മമെടുത്തതിനാൽ "അ ശോക" എന്നും അതിസുന്ദരിയായതിനാൽ സുന്ദരി എന്നും രണ്ടും കൂടി ചേരുമ്പോൾ അശോകസുന്ദരി എന്നും വിളിക്കുന്നു. പ്രധാനമായും ഗുജറാത്തിലാണ് അശോകസുന്ദരിയെ കൂടുതൽ ആരാധിക്കുന്നത്. ശിവൻ ഗണപതിയുടെ ശിരസ്സ് അറുക്കുമ്പോൾ അശോകസുന്ദരി സാക്ഷിയായിരുന്നു എന്നും അതുകണ്ട് പേടിച്ച് ഒരു ഉപ്പുചാക്കിൻ്റെ പുറകിൽ ഒളിച്ചിരുന്നു എന്നും ആയതിനാൽ  ഉപ്പുരസത്തോട് ബന്ധപ്പെടുത്തിയും പറയാറുണ്ട്. ദക്ഷിണേന്ത്യയിൽ ചിലയിടത്ത് ബാല ത്രിപുരസുന്ദരി എന്നും പറയാറുണ്ട്. പദ്മപുരാണത്തിലാണ് അശോക സുന്ദരിയെപ്പറ്റി പ്രതിപാദിച്ചിട്ടുള്ളത്.

2.  ജ്യോതി

പേരുതന്നെ പ്രകാശമാനമായതിനാൽ പ്രകാശദേവതയായി കണക്കാക്കുന്നു. ജ്വാലാമുഖി എന്ന പേരിൽ തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളിലും ആരാധിക്കപ്പെടുന്നു.

3.  മനസാ

സർപ്പമാതാവായ കദ്രുവിനാൽ നിർമ്മിക്കപ്പെട്ട ഒരു പ്രതിമയിൽ ശിവബീജം വീണപ്പോളുണ്ടായതാണ് മനസാ എന്ന് പറയപ്പെടുന്നു. ശിവപുത്രിയാണെങ്കിലും പാർവ്വതിയുമായി ബന്ധമൊന്നുമില്ല. അച്ഛനായ ശിവനിൽ നിന്നും, ഭർത്താവിൽ നിന്നും, രണ്ടാനമ്മയായ പാർവ്വതിയിൽ നിന്നും അവഗണനകൾ മാത്രം ഏറ്റുവാങ്ങേണ്ടിവന്ന മനസാ എപ്പോഴും ദേഷ്യഭാവം കൈക്കൊണ്ടിരുന്നൂ. മനസായെ കൂടുതൽ ആരാധിക്കുന്നത് ബംഗാളിലാണ്. പക്ഷേ രൂപരഹിതമാണ്. എന്നാൽ ചിലയിടത്ത് സർപ്പാകൃതിയിലും, ചിലേടത്ത് മണ്കലത്തിൻ്റെ രൂപത്തിലും, മറ്റ് ചിലയിടങ്ങളിൽ വൃക്ഷ ശിഖരത്തിൻ്റെ രൂപത്തിലും ആരാധിച്ചുവരുന്നു. പാമ്പുകടിയിൽനിന്നും പകർച്ചവ്യാധികളിൽനിന്നും രക്ഷനേടാൻ മനസാദേവിയെ ആരാധിക്കാറുണ്ട്.

No comments:

Post a Comment