താഴൂർ ഭഗവതിക്ഷേത്രം
മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ഭഗവതിക്ഷേത്രമാണ് താഴൂർ. വള്ളിക്കോട്, വാഴമുട്ടം കിഴക്ക്, വാഴമുട്ടം, മുള്ളനിക്കാട് എന്നീ നാലു കരകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ക്ഷേത്ര ഭരണം നടത്തുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രം 2021ൽ പുനർനിർമിക്കുകയുണ്ടായി. പത്തനംതിട്ടയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയായി അച്ചൻകോവിലാറിന് തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
മധ്യതിരുവിതാംകൂറിലെ ചിദംബരം
മധ്യതിരുവിതാംകൂറിനെ ശില്പകലയിൽ അടയാളപ്പെടുത്തുന്ന ഭഗവതിക്ഷേത്രമാണ് താഴൂർ. മധ്യതിരുവിതാംകൂറിലെ ചിദംബരം എന്ന ഖ്യാതി നേടിയ ക്ഷേത്രംകൂടിയാണ്. പൂർണമായും കൃഷ്ണശിലയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. നാലമ്പലത്തിന് പുറത്തുള്ള പ്രദക്ഷിണ വഴിയിലടക്കം കൃഷ്ണശിലയാണ് പാകിയിരിക്കുന്നത്. ക്ഷേത്ര ശ്രീകോവിൽ, നമസ്‌ക്കാര മണ്ഡപം, ചുറ്റമ്പലം, ബലിക്കൽപ്പുര, യക്ഷിയമ്പലം ഉൾപ്പെടെ ഏകദേശം 5600 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഇതോടെ മധ്യ തിരുവിതാംകൂറിലെ തന്നെ ശിൽപചാരുത നിറഞ്ഞ ക്ഷേത്രങ്ങളിൽ ഒന്നായി താഴൂർ മാറും. തനതു കേരളീയ വാസ്തുവിദ്യാശൈലി പിന്തുടർന്നുള്ള ക്ഷേത്ര നവീകരണം നാല് വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിലെ പ്രധാന അധ്യാപകനും സ്ഥപതിയുമായ എ. ബി. ശിവനാണ് ക്ഷേത്ര സമുച്ചയത്തിന്റെ രൂപകല്പനയും നേതൃത്വവും വഹിച്ചത്. ക്ഷേത്ര സമർപ്പണം 2021 ജനുവരി 25ന് താഴമൺമഠം കണ്ഠരര് രാജീവരര് നിർവഹിച്ചു.
മേൽക്കൂരയുടെ തടിപ്പണികൾ തൃശൂർ ചേലക്കര സ്വദേശി സുരേഷ് മുത്താശാരിയും തടികളിലെ കൊത്തുപണികൾ തൃശൂർ സ്വദേശി സുധീർകുമാറും ശിലാനിർമിതികൾ തൃശിനാപ്പളളി സ്വദേശി ദ്വരൈരാജ് ആചാരി, മാർക്കണ്ഡേയൻ എന്നിവരുടെയും നേതൃത്വത്തിലാണ് പൂർത്തിയായത്.
ശ്രീകോവിലിലെ പഞ്ചവർഗതറ, വ്യാളിമുഖത്തോടുകൂടിയ സോപാനം, ചുമരുകളിലെ ഗണപതി, സരസ്വതി, ദേവതാസങ്കൽപങ്ങൾ എന്നിവ ആരേയും ആകർഷിക്കും. ഇവിടെ ബാലകൂട ഉത്തരങ്ങളിലും ശിൽപകലയുടെ അപൂർവതകൾ കണ്ടറിയാം. പഞ്ചദളഭൂതഗണ സങ്കൽപത്തോടെ തീർത്തിരിക്കുന്ന ഓവുകല്ലു പോലും നിർമാണത്തിലെ വ്യത്യസ്തത വിളിച്ചോതുന്നു.
നമസ്‌കാരമണ്ഡപത്തിന്റെ തൂണുകളിൽ സപ്തമാതൃക്കൾ, സപ്തകന്യകമാർ തുടങ്ങിയ ശില്പങ്ങൾ ഒരുക്കിയിട്ടുണ്ട്. കല്ലിൽ കൊത്തിയ രൂപത്തിൽ സപ്തമാതൃക്കളെ ദർശിക്കാൻ കഴിയുന്ന ക്ഷേത്രങ്ങൾ മധ്യതിരുവിതാംകൂറിൽ വിരളം. ഇതോടൊപ്പം പക്ഷിമാല, അഷ്ടലക്ഷ്മി ദേവതാസങ്കൽപങ്ങൾ, കഴുക്കോൽത്താടിയിൽ ആന, മച്ചിലെ മിഴിവേകുന്ന പണികൾ എന്നിവയൊക്കെ ശിൽപകലയിലെ സൂഷ്മത വ്യക്തമാക്കുന്നു.
ക്ഷേത്രത്തിലെ തൂണുകൾ പൂർണമായും ഒറ്റക്കല്ലിൽ തീർത്തതാണ്. ഇതിൽ കാർത്തിക ദീപം തെളിയിക്കുന്ന ദീപകന്യകമാരെയും കാണാം. ബലിക്കൽപ്പുരയുടെ പുറത്തുള്ള ചുവരുകളിൽ 51 അക്ഷരങ്ങളിലും നിറയുന്ന ദേവീമന്ത്ര രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അക്ഷരദേവതാ ശില്പങ്ങൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ അത്യപൂർവമാണ്. ബലിക്കൽപ്പുരയുടെ ചുമുരുകളിൽ കാണുന്ന വ്യാളിമുഖത്തോടുകൂടിയ ചാരുകാലുകൾ, മച്ചിലായി നവഗ്രഹങ്ങൾ, ദേവീഭാഗവതത്തിലെ ദേവിയുടെ ഉല്പത്തി എന്നിവയൊക്കെ ശില്പകലാ ചാരുതയിൽ ക്ഷേത്രത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നു. യക്ഷി അമ്പലത്തിലെ ഒറ്റകല്ലിൽ തീർത്ത ചങ്ങലയാണ് മറ്റൊരു അതിശയം. ക്ഷേത്രത്തിലെ മണികിണറും മുഖ്യ ആകർഷണമാണ്.
പൂർണമായും പ്ലാവ്, തേക്ക്, ആഞ്ഞിലി എന്നിവയിലാണ് തടിപ്പണികൾ പൂർത്തിയാക്കിയിരിക്കുന്നത്. മുൻവാതിൽ കട്ടളയുടെ മുകൾഭാഗത്തെ പടയണി, മറ്റു ദേവതാ സങ്കൽപങ്ങൾ, കതകുകളിലെയും സൂത്രപട്ടികയിലെയും ദേവീദേവ സങ്കല്പങ്ങൾ, വലിയമ്പലത്തിന്റ മുഖപ്പുകളിൽ ദേവതാ സങ്കൽപങ്ങൾ തുടങ്ങിയവ ദാരുശില്പകലയുടെ സൗന്ദര്യം വിളിച്ചോതുന്നവയാണ്..
No comments:
Post a Comment