7 October 2021

ബൊമ്മക്കൊലു

ബൊമ്മക്കൊലു

നവരാത്രി ആഘോഷങ്ങളിൽ തമിഴ്  ആഘോഷങ്ങളുടെ ചുവടു  പിടിച്ച് എത്തിയ ബൊമ്മക്കൊലു ആരാധനയ്ക്ക് ഇന്ന് കേരളത്തിലും വലിയ പ്രാധാന്യമാണുള്ളത്.  ക്ഷേത്രങ്ങളിലും വീടുകളിലും ഐശ്വര്യദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രികാലങ്ങളിൽ ഒരുക്കുന്നു. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ എന്നവണ്ണമാണ് ബൊമ്മക്കൊലു പൂജിക്കപ്പെടുന്നത്. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വിജയദശമി വരെയുള്ള ദിവസങ്ങളിലാണ്‌ ബൊമ്മക്കൊലു ഒരുക്കുന്നത്‌.

മഹാലക്ഷ്‌മി, സരസ്വതി, ദുര്‍ഗ തുടങ്ങി ധനത്തിന്റെയും വിദ്യയുടെയും ദുഷ്ടനിഗ്രഹത്തിന്റെയും പ്രതീകങ്ങളായ ദേവിമാരുടെയും ദേവന്മാരുടെയും പ്രതിമകൾ വയ്ക്കുന്നു. ഒൻപത് തട്ടുകളായാണ് ബൊമ്മക്കൊലുകൾ വയ്ക്കാറുള്ളത്. മഹിഷാസുരനെ നിഗ്രഹിക്കാന്‍ പുറപ്പെടും മുന്‍പ് ചേര്‍ന്ന ദുര്‍ഗ്ഗാദേവിയുടെ സഭയെ ഇത് പ്രതീകാത്മകമായി ഓര്‍മ്മപ്പെടുത്ത‌ുന്നു.

തട്ടുകളായി ബൊമ്മകൾ വച്ചശേഷം ദിനവും ലളിതാസഹസ്രനാമ ജപത്തോടെ ആരാധനകൾ ആരംഭിക്കും. ബൊമ്മക്കൊലുവിന്റെ ഒത്തനടുക്കായി പ്രത്യേക ഇടം തീർത്ത് അതിൽ ദേവിയുടെ ബൊമ്മ പ്രതിഷ്ഠിക്കുക എന്നത് നവരാത്രി ആഘോഷങ്ങളിൽ പ്രധാന ചടങ്ങാണ്. ദേവിയുടെ ഒൻപത് രൂപങ്ങളാണ് നവരാത്രി വേളയിൽ ആരാധിക്കപ്പെടുന്നത്.

ബാലപൂജ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബൊമ്മക്കൊലു പൂജയ്ക്കൊപ്പം 10 വയസ്സിൽ താഴെ പ്രായമുള്ള ബാലികമാരെ ദേവീ സങ്കൽപ്പത്തിൽ ആരാധിക്കുന്നു. ഇവർക്ക് പ്രത്യേക ഉടയാടകളും ആഭരണങ്ങളും പുഷ്പങ്ങളും വച്ചാണ് ആരാധന നടത്തുന്നത്. ബാലികമാരിൽ ദേവീ ചൈതന്യം കണ്ടാണ് പൂജ.

ഇതിനു പുറമെ നവരാത്രി ദിവസം കന്യകമാര്‍ക്കും സുമംഗലിമാര്‍ക്കുമായി പ്രത്യേക ആരാധനകൾ നടത്തിവരുന്നു. പൂജ, നിവേദ്യ സമര്‍പ്പണം, പ്രസാദവിതരണം, സുമംഗലികളായ സ്തീകള്‍ക്ക് താംബുല വിതരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തുന്നു. വെറ്റില, അടയ്‌ക്ക, പൂവ്‌, പ്രസാദം, ദക്ഷിണ, മഞ്ഞള്‍, കുങ്കുമം എന്നിവ താലത്തില്‍വച്ച്‌ നല്കുന്നതിനെയാണ് താംബൂല സമർപ്പണം എന്ന് പറയുന്നത്.

ഐശ്വര്യദായകമായ ബൊമ്മക്കൊലു പൂജ

ദേവിയുടെ പ്രതിമകൾ നവരാത്രി നാളുകളിൽ ആരാധിക്കുന്നതിന് അതിന്റേതായ ചിട്ടവട്ടമുണ്ട്. ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗയായും പിന്നീട്‌ മൂന്നു നാള്‍ ലക്ഷ്‌മിയായും അവസാന മൂന്നു നാള്‍ സരസ്വതിയായും സങ്കല്‍പിച്ചാണ്‌ പൂജ ചെയ്യുക. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്‌തബീജന്‍, ശുംഭ നിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി അവതാരങ്ങളെടുത്തതും വിജയിച്ചതുമാണ്‌ നവരാത്രി ആഘോഷത്തിന്‌ ആധാരം എന്നാണ് വിശ്വാസം. ഇതിനായി ദേവി ദുർഗ്ഗയുടെ അവതാരമെടുത്ത ദിവസമാണ് ദുർഗ്ഗാഷ്ടമിയായി ആചരിക്കുന്നത്.

മഹിഷാസുരനെ വധിച്ച ദിവസത്തെ വിജയദശമിയായി സങ്കൽപ്പിച്ച് പൂജ നടത്തുന്നു. ബൊമ്മക്കൊലു പൂജയ്ക്കു വേണ്ടി പ്രത്യേക രീതിയിലുള്ള മധുരപലഹാരങ്ങൾ നിർമ്മിക്കുന്നു. കടല, പയര്‍, ചെറുപയര്‍ എന്നിവകൊണ്ട് ഉണ്ടാക്കുന്ന സവിശേഷ പലഹാരങ്ങളാണ് നിവേദ്യമായി സമര്‍പ്പിക്കുന്നത്.

ലക്ഷ്മീ-സരസ്വതി എന്നീ വ്യത്യസ്ത ഭാവങ്ങളെ ആരാധിക്കുന്നതിലൂടെ ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം.

No comments:

Post a Comment