കോലം വര...
വീടിന്റെ മുന്‍ഭാഗത്തെയാണ് കോലായില്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കളം വരയ്ക്കുക എന്നത് ഒരാചാരമാണ്. ഈശ്വരാനുഗ്രഹത്തിനായി കുളിച്ച് ഈറനായി വറപൊടിയോ അരിപ്പൊടിയോ ഉപയോഗിച്ചാണ് കളം വരയ്ക്കുന്നത്.
ഏതൊരു പൂജ നടത്തുന്നതിനു മുമ്പും കളം വരയ്ക്കാറുണ്ട്. മൃത്യുദേവനും, വിഷ്ണുവിനും, ദുര്‍ഗ്ഗയ്ക്കുമെല്ലാം പ്രത്യേക സങ്കല്പങ്ങളിലാണ് കളം വരയ്ക്കാറുള്ളത്. ലക്ഷ്മീദേവിയെ പ്രസാദിപ്പിക്കുവാനാണ് ദിവസവും കോലായില്‍ കളം വരയ്ക്കുന്നത്.
രാവിലെ തന്നെ വീടും പരിസരവും തൂത്ത് വൃത്തിയാക്കി ജലം തളിച്ച് ശുദ്ധമാക്കുന്നു. പണ്ട് ചാണകം മെഴുകിയ തറയിലായിരുന്നു കോലം വരച്ചിരുന്നത്. നാട്ടുമ്പുറത്തിതിനെ കോലം വരയ്ക്കുക എന്ന് പറയുന്നു.
ഗൃഹത്തിനു മുന്നിലാണ് കോലം വരയ്ക്കുന്നത്. ഗൃഹം എന്നാല്‍ ഗൃഹിയ്ക്കാനുള്ളതാണ്. മര്‍ത്യാമര്‍ത്യ ആവാസസ്ഥാനമാണ് വാസ്തു. മരണമുള്ളവയ്ക്കും മരണമില്ലാത്തവയ്ക്കുമുള്ള വാസസ്ഥാനത്തെയാണ് വാസ്തു എന്നു പറയുന്നത്.
പ്രാണനുള്ളവയെ എല്ലാം വാസ്തു ഉള്‍ക്കൊള്ളുന്നു. ആയതിനാല്‍ കോലം വരയ്ക്കുന്നത് ഭൂതദയയുടെ ഭാഗം കൂടിയാണ്. ഭൂതം എന്നാല്‍ ജീവനുള്ളത് എന്നാണര്‍ത്ഥം. വീട് എന്നാല്‍ വീടാനുള്ളത് എന്നാണര്‍ത്ഥം. ശരീരത്തെ വീടുംവരെ കഴിയാനുള്ളിടമാണ്.
ആ വീട്ടില്‍ ജിവിക്കുന്ന മരണമുള്ള മനുഷ്യന്റെ ആത്മീയതയുടെ ഓര്‍മ്മപ്പെടുത്തലാണ് കോലം വരയ്ക്കല്‍.
ഉറുമ്പുകള്‍ക്കും, പൂച്ചികള്‍ക്കും, പ്രാണികള്‍ക്കും, പുഴുക്കള്‍ക്കും ആഹാരം നല്‍കുക എന്ന ശാസ്ത്രീയമായ ഒരു പരിഗണനകൂടി കോലം വരയ്ക്കലിലുണ്ട്.
പഞ്ചഭൂത അനുപാതത്താല്‍ നിര്‍മ്മിതമായ ഗൃഹത്തില്‍ സന്തോഷ പൂര്‍ണ്ണമായി ജീവിക്കണമെങ്കില്‍ ഭൂതയജ്ഞം അനിവാര്യമാണ്. പ്രപഞ്ചത്തിലെ സകലതിനേയും രക്ഷിക്കുന്നവനാണ് ഗൃഹസ്ഥന്‍.
ആയതിനാല്‍ ചുറ്റുപാടുമുള്ള എല്ലാ ജീവികള്‍ക്കും ആഹാരം കൊടുക്കണമെന്ന് നമ്മുടെ പൂര്‍വ്വികര്‍ പഠിപ്പിച്ചിരിക്കുന്നു. വറപൊടിയും അരിപ്പൊടിയും ചെറു പ്രാണികള്‍ക്ക് പറ്റിയ ആഹാരമാണ്. ആയതിനാലാണ് കോലം വരയ്ക്കാന്‍ അരിപ്പൊടി ഉപയോഗിക്കുന്നത്.
മനുഷ്യന്‍ വച്ചുപിടിപ്പിക്കുന്ന ഫല വൃക്ഷങ്ങളും, കായ്മരങ്ങളും പക്ഷികള്‍ക്ക് തീറ്റ ലഭിക്കാന്‍ സഹായമാകുന്നു. ചെറു പ്രാണികളും നമുക്ക് ആവശ്യമാണ്. അവയ്ക്ക് തീറ്റ കൊടുത്തു വളര്‍ത്താം എന്ന നന്മയെ ആചാരമാക്കിയതാണ് കോലായിലെ കളം വരയ്ക്കല്‍.
ചാണകം വിതറുന്ന മണ്ണില്‍ മാത്രമേ സൂക്ഷ്മ ജീവികളുണ്ടാകു. ഇത്തരം സ്ഥലങ്ങളില്‍ മാത്രമേ പ്രാണികള്‍ രൂപപ്പെടുകയുള്ളു. പരാഗണവും കീട നിയന്ത്രണവുമൊക്കെ നടത്തുവാന്‍ പ്രാണികള്‍ അത്യാവശ്യമാണ്.
കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് വളരെ ആകര്‍ഷകമായ കോലം ഭക്തിപൂര്‍വ്വം വരയ്ക്കുമ്പോള്‍ നമ്മുടെ വീട്ടമ്മമാര്‍ ലക്ഷ്മിദേവിയെപ്പോലെ കടാക്ഷിക്കുന്നത് ജീവനുള്ള പ്രാണികളെയാണ്. ഇതിന് നാം ഭൂതയജ്ഞം എന്ന് പറയുന്നു.
പ്രത്യുപകാര പ്രതീക്ഷയില്ലാതെ കര്‍മ്മം ചെയ്യുന്ന മാതൃത്വത്തിന്റെ പൂര്‍ണ്ണതയാണ് കോലം വരയ്ക്കലില്‍ കാണപ്പെടുന്നത്. ജൈവ ശാസ്ത്രത്തിന്റെ ഇടര്‍ച്ചയില്ലാത്ത തുടര്‍ച്ചയ്ക്കായി കാലം നമുക്ക് നല്‍കിയ കരുത്താണ് അരിപ്പൊടിയിലുള്ള ഈ കോലം വരയ്ക്കല്‍.
ആരോടും പരിഭവമില്ലാതെ പ്രകൃതിയോട് നന്ദി കാട്ടുന്ന അന്നദാതാക്കളായി മാറുന്നതുകൊണ്ടാണ് പ്രകൃതി നമുക്ക് അന്നവും, വായുവും, ജലവും ആഹാരവുമൊക്കെ നല്‍കുന്നത് എന്ന വിശാലമായ ഒരു അര്‍ത്ഥതലം ഈ ചടങ്ങിനു പിന്നിലുണ്ട്. സ്വാര്‍ത്ഥത പെരുകിയപ്പോള്‍ കോലായിലെ കളം വരയ്ക്കലും കുറേശ്ശെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
No comments:
Post a Comment