തന്ത്ര - 4
ഇനി തന്ത്രയിലെ വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് പറയാം
1 . വാമാചാരം (പ്രാഗ്വാമം, വാമം)
2 . കൗളം (പൂർവ്വ കൗളം, ഉത്തര കൗളം)
3 . മിശ്രാചാരം
4 . ദക്ഷിണാചാരം
5 . സമയാചാരം
6 . ദിവ്യാചാരം
എന്നീ രീതിയിലായിരുന്നു തന്ത്രയുടെ വികാസം.
1 . വാമാചാരം
വാമ ആചാരം മനുഷ്യന്റെ പ്രാഗ് ചരിത്ര കാലഘട്ടത്തിൽ രൂപം കൊണ്ട ആരാധനാരീതിയാണ്.
പ്രാഗ് വാമം
മനുഷ്യൻ അവന്റെ നിലനില്പിനാധാരമായ ഭക്ഷണം, പാർപ്പിടം തുടങ്ങിയ ആവശ്യങ്ങളെ നിറവേറ്റിയതിനു ശേഷം ആദ്യമായി ചിന്തിച്ച്ത് താനെങ്ങിനെയുണ്ടായി എന്നാണ്. താൻ നിലനിൽക്കുന്ന ഈ പ്രപഞ്ചം എങ്ങിനെയുണ്ടായി എന്നാണ്. ഇതിനുള്ള തെളിവാണ് ഈ ആധുനിക കാലഘട്ടത്തിലും സംസാരം തുടങ്ങുന്ന ഒരു കുഞ്ഞ് തന്റെ മാതാപിതാക്കളോട് ചോദിക്കുന്ന ചോദ്യങ്ങളിലൊന്ന് ഞാനെങ്ങിനെ ഉണ്ടായി എന്നാണ്. ആരെങ്കിലും പറഞ്ഞുകൊടുത്തിട്ട് അല്ല കുഞ്ഞ് ആ ചോദ്യം ചോദിക്കുന്നത് . മറിച്ച് ആ ചോദ്യം അവന്റെ ബുദ്ധിയിൽ സ്വയമേവ ഉണ്ടാവുന്നതാണ്. അന്നും ഇന്നും മനുഷ്യൻ ചോദിച്ചുകൊണ്ടിരിക്കുന്നതും ആധുനിക ശാസ്ത്രം ഗവേഷണ വിഷയ മാക്കുന്നതും ഈ ചോദ്യമാണ്
പ്രപഞ്ചോൽപ്പത്തിയുടെ രഹസ്യമാണ് ഇന്നും ഭൗതികശാസ്ത്രജ്ഞൻമാർ തേടുന്നത്. പ്രാഗ്വാമ കാലഘട്ടത്തെ മനുഷ്യനും ഈ ചോദ്യത്തിനുത്തരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
ആധുനിക ശാസ്ത്രീയ ഉപകരണങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് തന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അവന്റെ ഉപാധിതനിക്ക് ചുറ്റുപാടുമുള്ളതിനെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുക എന്നതാണ്. ഈ നിരീക്ഷണത്തിലൂടെയാണ് പൂമ്പാറ്റയും മയിലും ആനയും മറ്റും ജനിക്കുന്നത് ഇണചേരലിലൂടെയാണെന്ന് അവൻ തിരിച്ചറിഞ്ഞത്. പൂവിൽ നിന്നും കായുണ്ടാകുന്നത് പരാഗണത്തിലൂടെയാണെന്നും അവൻ മനസ്സിലാക്കി
സൃഷ്ടിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് ലൈംഗികതയിലാണെന്ന വലിയ തിരിച്ചറിവിലേക്ക് അവൻ എത്തി . ലിംഗയോനികളുടെ സംയോഗമാണ് സൃഷ്ടിക്ക് ആധാരം എന്ന തിരിച്ചറിവ് ഈ പ്രപഞ്ച സൃഷ്ടിയുടെ കാരണമായി ഒരു വിശ്വലിംഗവും വിശ്വയോനിയും വേണമെന്ന് ചിന്തയിലേക്ക് അവനെ എത്തിച്ചു. തനിക്ക് ചുറ്റുമുള്ള ഉയർന്ന പ്രദേശങ്ങളേയും മലകളേയും വിശ്വലിംഗമായും പൊയിൽ പ്രദേശങ്ങളേയും നദികളേയും വിശ്വയോനിയായും അവൻ കരുതി. തന്റെ നിലനില്പിന്നാധാരമായ പ്രപഞ്ചത്തെ സൃഷ്ടിച്ച ഇവയെ അവൻ ആരാധിക്കാനും തുടങ്ങി. ഇന്നും നിലനിൽക്കുന്ന ആരാധനാരീതിയുടെ ഉത്ഭവം അങ്ങിനെയാണ്.
എന്താണ് യഥാർത്ഥത്തിൽ ആരാധന ?
ആരാധന എന്നാൽ പോഷണമാണ് . പോഷിപ്പിക്കുന്നത് ഭക്ഷണമാണ്. ഈ ഭക്ഷണത്തെ തന്നെയാണ് മനുഷ്യൻ അന്നും ഇന്നും ആരാധനക്കായി അർപ്പിക്കുന്നത്. പ്രാഗ് കാലഘട്ടത്തിലെ മനുഷ്യൻ താൻ കഴിച്ചിരുന്ന ഭക്ഷ്യവസ്തുക്കളെ മലയുടേയോ നദിയുടേയോ അടുത്ത് ഒരു പ്രത്യേക സ്ഥാനം കണ്ടെത്തി അവിടെ അർപ്പിക്കുകയായിരുന്നു. അന്ന് ക്ഷേത്രമോ കാവോ എന്തിന് ആരാധനയ്ക്കായി ഒരു പ്രത്യേക സങ്കേതമോ അവനുണ്ടായിരുന്നില്ല. ഇന്ന് മനുഷ്യ വികാസത്തിനൊത്ത് ആരാധനാ സമ്പ്രദായവും വികസിച്ച് ക്ഷേത്രങ്ങൾ രൂപം കൊണ്ടപ്പോഴും ഭക്ഷ്യവസ്തുക്കളെത്തന്നെ ആരാധനക്കായി അർപ്പിക്കുന്ന രീതി മാറ്റമില്ലാതെ തുടർന്നുവന്നതായി കാണാം .
തുടരും...
No comments:
Post a Comment