വിക്രമാദിത്യകഥകൾ - 32
ഏഴാം ദിവസം കനകാംഗി പറഞ്ഞ കഥ തുടർച്ച...
അദ്ദേഹം വാരണരാജാവിനോട് തന്റെ ശനിദശയെപ്പറ്റിയും അവിടേക്കുവന്ന സാഹചര്യങ്ങളും വ്യക്തമാക്കി മടക്കയാത്രയ്ക്ക് അനുമതി ആവശ്യപ്പെട്ടു. പിറ്റേദിവസം അദ്ദേഹം സുഹാസിനിയുമൊത്ത് ഒട്ടേറെ ധനസമ്പത്തുക്കളുമായി കോസലത്തേയ്ക്ക് യാത്രതിരിച്ചു. രാജാവിനോട് പറഞ്ഞിരുന്ന അവധി തീരുന്നതിനുമുമ്പ് അവർ അവിടെ എത്തിച്ചേർന്നു. സുഹാസിനിയെ തന്റെ ഭവനത്തിൽ ഇരുത്തി ജയസേനനായ വിക്രമാദിത്യൻ കൊട്ടാരത്തിലേക്ക് തിരിച്ചു. രത്നങ്ങൾ കണ്ട് രാജാവ് സന്തോഷിക്കുകയും സേനാപതിയുടെ ധീരതയെ പ്രശംസിക്കുകയും ചെയ്തു. തന്റെ ശ്രമം പാഴായിപ്പോയതോർത്ത് അദ്ദേഹത്തിന് മനോവിഷമമുണ്ടായി. പക്ഷേ അത് പ്രകടിപ്പിക്കാൻ സാധ്യമല്ലല്ലോ. തനിക്കുമാത്രം അറിയാവുന്ന ആ രഹസ്യം അദ്ദേഹം പുറത്താക്കിയില്ല. രത്നമാലികയോടും സുഹാസിനിയോടുമൊപ്പം ജയസേനനായ വിക്രമാദിത്യൻ പൂർവാധികം സുഖത്തോടെ ജീവിതം നയിക്കാൻ തുടങ്ങി. വിശ്വസ്തരായ അനന്തനും ജലന്ധരനും കാവൽ നിൽക്കുന്നുമുണ്ട്. ചാരുദത്തന് ഇപ്പോഴും ആ ഗൃഹത്തിൽ പ്രവേശനമുണ്ട്. അവൻ ഒരു ദിവസം രക്നമാലികയേയും സുഹാസിനിയേയും കാണാനിടയായി. മുമ്പുണ്ടായിരുന്ന ഒരാൾക്കുപകരം അതിസുന്ദരികളായ രണ്ടു തരുണികളാണ് ഇപ്പോഴുള്ളത്. അവൻ ഈ വിവരവും രാജാവിനെ അറിയിക്കാൻ വെമ്പൽ കൊണ്ടു. രാജാവിന് ഇതറിഞ്ഞപ്പോൾ സഹിക്കാൻ കഴിയാത്ത വിഷമം തോന്നി. ചാരുദത്തന്റെ സഹായത്തോടെ അവരെ കാണുകയും ചെയ്തു. താൻ കണ്ട സുന്ദരികളെ ജയസേനനിൽനിന്ന് അകറ്റിയെടുക്കാനുള്ള ഉപായങ്ങളെക്കുറിച്ചാലോചിക്കാൻ മന്ത്രിയെ വീണ്ടും വിളിച്ച് രാജാവ് പറഞ്ഞു: “ഹേ, മന്ത്രീ, കേട്ടില്ലേ, ജയസേനന്റെ ഭവനത്തിൽ രണ്ടു സുന്ദരിസീ കളുണ്ടത്രേ!' “അയാളുടെ പത്നിമാരായിരിക്കാം. അങ്ങ് എന്തിനാണ് അവരിൽ മോഹിതനാകുന്നത്? ജയസേനൻ വീരനും അഭിമാനിയുമാണ്. അയാളോട് കളിക്കുന്നത് സൂക്ഷിച്ചുവേണം.” മന്ത്രിയുടെ ഉപദേശങ്ങളൊന്നും രാജാവ് ചെവിക്കൊണ്ടില്ല. അതിനാൽ യജമാനഭക്തനായ മന്ത്രി ഒരു ഉപായം പറഞ്ഞു കൊടുത്തു. നാഗലോകത്തു പോയി രത്നങ്ങൾ കൊണ്ടുവരാൻ ജയസേനനോട് കല്പിക്കണമെന്നും അയാൾക്ക് അതിനു കഴിഞ്ഞില്ലെങ്കിൽ പത്നിമാരെ സ്വന്തമാക്കാമെന്നുമായിരുന്നു ആ സൂത്രം. ഏതൊരു മനുഷ്യനും നാഗലോകത്തിൽ പോയാൽ മരിച്ചുപോകും. ജയസേനൻ മരിച്ചാൽ ഭാര്യമാരെ നമുക്ക് വിധി പ്രകാരം തന്നെ വിവാഹം കഴിക്കാമല്ലോ. രാജാവിന് ഈ സൂത്രം നന്നേ ബോധിച്ചു. അടുത്ത ദിവസം രാജസദസ്സ് കൂടിയപ്പോൾ ജയസേനനെ വിളിച്ച് രാജാവ് കല്പിച്ചു. “ഹേ, ജയസേനൻ, നമുക്ക് നാഗലോകത്തുനിന്ന് കുറച്ച് രത്നങ്ങൾ സമ്പാദിക്കണമെന്ന് ആശയുണ്ട്. വീരനും സാഹസപ്രിയനുമായ നിങ്ങൾ അതിനു വേണ്ടി ഉടനെ പുറപ്പെടുക..."
അറുപത് ദിവസത്തിനുളളിൽ രത്നവും കൊണ്ട് ഇവിടെ മടങ്ങിയെത്തിയിരിക്കണം.” രാജകല്പന അനുസരിക്കേണ്ടത് സേവകന്മാരുടെ കർത്തവ്യമാകയാൽ ജയസേനൻ അതിനു സമ്മതിച്ച് സ്വഗൃഹത്തിലേയ്ക്കു തിരിച്ചു. അനന്തനേയും ജലന്ധരനേയും വിളിച്ച് രാജകല്പനയെപ്പറ്റി പറഞ്ഞപ്പോൾ അവർ സഹായിക്കാമെന്നേറ്റു. ജലന്ധരന്റെ പുറത്തുകയറി 'സപ്തസമുദ്രങ്ങൾ കടക്കാനും അനന്തരം അനന്തന്റെ സഹായത്തോടെ നാഗലോകത്തേയ്ക്ക് പോകാനും അവർ നിശ്ചയിച്ചുറച്ചു. പക്നിമാരോട് വിടവാങ്ങി. ഖജനാവിൽനിന്ന് വേണ്ടത്ര പണവും വാങ്ങി അദ്ദേഹം യാത്രയായി, ജലന്ധരൻ സമുദ്രങ്ങൾ കടത്തിവിട്ടു. നാഗലോകത്തിന്റെ അരികിലുള്ള ശ്വേതപുരത്തിലൂടെ നടന്നു പൊയ്ക്കൊണ്ടിരിക്കെ, വഴിയരികിലിരുന്ന് ഒരു വൃദ്ധ വിലപിക്കുന്നുണ്ടായിരുന്നു. അതു കണ്ട് മനസ്സലിവോടെ വിക്രമാദിത്യൻ ചോദിച്ചു “വൃദ്ധമാതാവേ, അവിടന്ന് കരയുന്നതെന്തിന്? എന്നെക്കൊണ്ട് വല്ല സഹായവും നിങ്ങൾക്കു ചെയ്യാൻ കഴിയുമോ? പറയൂ, എന്താണ് സംഗതി? “എന്റെ ഏകമകൻ ഇന്നു രാത്രിയിൽ മരിച്ചുപോകും. അതോർത്താണ് ഞാൻ സങ്കടപ്പെടുന്നത്.” “ഇന്നു രാത്രിയിൽ മരിക്കുമെന്ന് എങ്ങനെ ഇത് വ്യക്തമായി മനസ്സിലായി?'' “മകനേ....'' വൃദ്ധ പറഞ്ഞു: “ഇവിടത്തെ രാജാവിന് ശ്വേതകുമാരി എന്നു പേരായി ഒരു പുത്രിയുണ്ട്. അവളെ വിവാഹം ചെയ്യുന്ന പുരുഷൻ അടുത്ത ദിവസം രാവിലെ മരിച്ചുകിടക്കുന്നതാണ് കാണാറ്. പലതവണ അതുണ്ടായി. പലതവണയെന്നല്ല, നിത്യവും അങ്ങനെയാണ് പതിവ്. അതിനുള്ള കാരണം ഇതുവരേയും അറിവായിട്ടില്ല. ഇപ്പോൾ ഈ നാട്ടിൽനിന്ന് ഓരോ ദിവസവും ഓരോരുത്തർ അവളുടെ ഭർത്താവായിരിക്കണമെന്നാണ് രാജകല്പന. ഇന്ന് പോകേണ്ടത് എന്റെ മകനാണ്. ആയതുകൊണ്ട് നാളെ രാവിലെ അവന്റെ ശവമാണ് കാണാൻ കഴിയുക.'' “അമ്മ ദുഃഖിക്കരുത്,'' വിക്രമാദിത്യൻ പറഞ്ഞു: “മകന് പകരമായി ഞാൻ പൊയ്ക്കൊള്ളാം.'' വിക്രമാദിത്യൻ ആ വൃദ്ധയെ സാന്ത്വനപ്പെടുത്തി അവരെ ഗൃഹത്തിലേയ്ക്കയയ്ക്കുകയും അവരുടെ മകനെന്ന നാട്യത്തിൽ രാജകൊട്ടാരത്തിലേയ്ക്ക് പോവുകയും ചെയ്തു. രാജപരിവാരങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുകയും ശ്വേതകുമാരിയുടെ മണിയറയിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. സർവാംഗസുന്ദരിയായ ശ്വേതകുമാരിയുടെ അടുത്ത് വിക്രമാദിത്യൻ സന്തോഷവാനായി നിലകൊണ്ടു. പെട്ടെന്ന് അവൾ മയങ്ങിവീണു! വേതാളം അതിന്റെ കാരണം പറഞ്ഞു...
“നാഗലോകത്തിലെ രാജകുമാരനായ ഒരു സർപ്പം ദിവസവും കുമാരിയുടെ കൊട്ടാരത്തിൽ വരാറുണ്ട്. തൽസമയം അവൾ ബോധരഹിതയാകുന്നതിനാൽ അവൾ ഇക്കാര്യം അറിയാറില്ല. സർപ്പം അരമനയിൽ പ്രവേശിക്കാൻ വേണ്ടി തന്റെ താവളത്തിൽനിന്ന് പുറപ്പെടുമ്പോൾ ശ്വേതകുമാരി ബോധക്ഷയമുള്ളവളായിത്തീരും. അവൻ ഇവിടെയെത്തി ശ്വേതകുമാരിയുടെ ഭർത്താവിനെ കടിച്ചു കൊല്ലുകയും ചെയ്യും. അതുകൊണ്ടാണ് ഇവളുടെ ഭർത്താക്കന്മാർ അടുത്ത പ്രഭാതത്തിൽ മരിച്ചവരായി കാണപ്പെടുന്നത്. ഇപ്പോൾ സർപ്പം വരേണ്ട നേരമായിരിക്കുന്നു. അങ്ങ് അവന്റെ വാൽ മുറിച്ചു കളയണം. കൊല്ലരുത്. കാരണം, നമുക്ക് പോകേണ്ടത് അവന്റെ നാട്ടിലേയ്ക്കാണ്.'' വിക്രമാദിത്യൻ വേതാളം പറഞ്ഞതനുസരിച്ച് വാളുമെടുത്ത് ഉറച്ചു നിന്നു. ഒരു ചെറിയ ദ്വാരത്തിലൂടെ സർപ്പം പതുക്കെ അകത്തുകടന്നപ്പോൾ അദ്ദേഹം അതിന്റെ വാൽ മുറിച്ചുകളഞ്ഞു. അത് ഭയന്ന് തിരിഞ്ഞോടുകയും നാഗലോകത്തിലേയ്ക്ക് യാത്രയാകുകയും ചെയ്തു. സർപ്പം പോയപ്പോൾ കുമാരിയുടെ ബോധം തെളിഞ്ഞു. പ്രഭാതമായപ്പോൾ ശവം കൊണ്ടുപോകുവാൻ മുറിയുടെ വാതിൽക്ക ലെത്തിയ രാജഭടന്മാർ ജീവനോടെയിരിക്കുന്ന വിക്രമാദിത്യനെക്കണ്ട് അത്ഭുതപ്പെടുകയും ആ വിവരം രാജാവിനെ ഓടിച്ചെന്ന് അറിയിക്കുകയും ചെയ്തു. രാജാവ് പെട്ടന്ന് മണിയറയിലെത്തി. കുമാരിയുടെ അരികിൽ മന്ദഹാസത്തോടെയിരിക്കുന്ന വിക്രമാദിത്യചക്രവർത്തിയെ നമസ്കരിക്കുകയും വിവരങ്ങളെല്ലാം ചോദിച്ചറിയുകയും ചെയ്തു. സ്വപുത്രിയുടെ അഭിമാനത്തേയും നാട്ടിലെ യുവാക്കളുടെ ജീവനേയും രക്ഷിച്ച വിക്രമാദിത്യനെ അദ്ദേഹം എതിരേറ്റ് കൊട്ടാരത്തിലേയ്ക്കു കൊണ്ടുപോകുകയും കുമാരിയുടെ സഹോദരികളായ മറ്റു മൂന്ന് കുമാരികളെക്കൂടി അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു. വിക്രമാദിത്യൻ കുറച്ചു നാളുകൾ സുഖമായി അവിടെ താമസിച്ചു. പിന്നെ, തന്റെ യാത്രോദ്ദേശ്യം ഇതുവരേയും സഫലമായിട്ടില്ലാത്തതിനാൽ അദ്ദേഹം അതിനുവേണ്ടി ശ്രമിക്കാനാരംഭിച്ചു. നാഗലോകത്തേയ്ക്കുള്ള വഴി ദുർഘടമായിരുന്നതിനാൽ മനുഷ്യന് അതിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലായിരുന്നു. അദ്ദേഹം അനന്തനെ നാഗലോകത്തേയ്ക്ക് ഒരു സന്ദേശവും കൊടുത്തയച്ചു. അനന്തനെ കണ്ടമാത്രയിൽ നാഗരാജാവ് ചോദിച്ചു: “ കുറേക്കാലമായി ഇങ്ങോട്ടൊന്നും കാണാറില്ലല്ലോ. ഇപ്പോൾ എവിടെന്ന് വരുന്നു?" “നാഗരാജാവേ, ഞാനിപ്പോൾ വിക്രമാദിത്യ ചക്രവർത്തിയുടെ സേവകനാണ്. അദ്ദേഹം അങ്ങയുടെ പുത്രിയെ വിവാഹം കഴിക്കാൻ വേണ്ടി അതിർത്തിയിലോളമെത്തിയിരിക്കുന്നു. പക്ഷേ, ഇങ്ങോട്ട് വരാനുള്ള വഴി മുഴുവൻ വിഷമയമായതിനാൽ അദ്ദേഹം അവിടെത്തന്നെ നിൽക്കുകയാണ്...
വിശ്വപ്രസിദ്ധനായ വിക്രമാദിത്യ ചക്രവർത്തിയെ തന്റെ ജാമാതാവായി കിട്ടുന്നത് നാഗരാജാവിന് അഭിമാനകരമായിരുന്നു. അദ്ദേഹം ഉടനേ വഴിയിലെ വിഷമെല്ലാം നീക്കിക്കളയാൻ വേണ്ട ഏർപ്പാടുകൾ ചെയ്യുകയും വിക്രമാദിത്യനെ എതിരേറ്റ് സ്വീകരിക്കുകയും ചെയ്തു. ശുഭമുഹൂർത്തത്തിൽ വിക്രമാദിത്യൻ നാഗരാജാവിന്റെ നാല് പുതിമാരേയും പരിഗ്രഹിച്ച് സ്ത്രീധനമായി ഒട്ടേറെ ദ്രവ്യവുമായി മടക്ക യാത്രയ്ക്ക് തയ്യാറായി. നാഗരാജാവുതന്നെ അദ്ദേഹത്തെ ഒപ്പം വന്ന് അതിർത്തി കടത്തിവിട്ടു. കോസലരാജ്യത്തുനിന്ന് പുറപ്പെട്ട് അറുപതാം ദിവസം അദ്ദേഹം മോഹനാംഗികളായ പത്നികളേയും കൊണ്ട് സ്വഗൃഹത്തിൽ തിരിച്ചെത്തി. ഇതിനിടയിൽ, നാഗലോകത്തേയ്ക്കു പോയിരിക്കുന്ന ജയസേനൻ ഇനി മടങ്ങിവരികയില്ലെന്നും അയാളുടെ രണ്ട് പത്നിമാരേയും തനിക്ക് വിവാഹം ചെയ്യാമെന്നും കരുതി രാജാവ് സന്തോഷിച്ചിരിക്കയായിരുന്നു. ഒരു ദിവസം കൂടി കഴിഞ്ഞാൽ അവധി തീരും. അതാലോചിച്ച്, ആ ദിവസം കൂടി എങ്ങനെയെങ്കിലും തീർന്നുകിട്ടാൻ കാത്തിരിക്കയാണ് കോസലരാജാവ്. പക്ഷേ, അദ്ദേഹത്തിന്റെ ആശകളേയും ആകാശക്കോട്ടകളേയും ചവിട്ടിമെതിച്ചുകൊണ്ട് അപ്രതീക്ഷിതമായി ജയസേനൻ മുന്നിൽ വന്ന് വന്ദിച്ചു നിന്നു. അസംഖ്യം നാഗരത്നങ്ങൾ കൂടെ കൊണ്ടുവന്നിട്ടുണ്ട്. രാജാവിന് മിണ്ടാൻ നിർവാഹമില്ലാതെയായി. അദ്ദേഹം പുറമെ പ്രസന്നത നടിക്കുകയും ജയസേനനെ അഭിനന്ദിക്കുകയും ചെയ്തു. സേനാപതി അമാനുഷികസിദ്ധികളുള്ളവനാണെന്നും അയാളോട് കളിച്ചാൽ രാജാവിന് നാശം സംഭവിക്കു മെന്നുമോർത്ത് മന്ത്രി വിഷാദിച്ചു. വിക്രമാദിത്യൻ ഗൃഹത്തിലെത്തി പത്നിമാരുമൊത്ത് സസുഖം ജീവിച്ചു. ജയസേനന്റെ ഭവനത്തിൽ പത്തു യുവതീരത്നങ്ങൾ വിഹരിക്കുന്ന വിവരം ചാരുദത്തൻ മുഖേന രാജാവ് അറിഞ്ഞു. പത്തുപേരും ദേവസുന്ദരി കളാണെന്നാണ് അയാളുഹിച്ചത്. രാജാവിന് ഊണും ഉറക്കവും ഇല്ലാതെയായി. ജയസേനനെ അകറ്റാൻ രണ്ടുവട്ടം ശ്രമിച്ചെങ്കിലും താനതിൽ തോറ്റു പോയ കഥ അദ്ദേഹം മറന്നുപോയി. തന്റെ സേവകൻ പത്തു സുന്ദരികളാടൊപ്പം സുഖമായി ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും അദ്ദേഹത്തിന് നിർവാഹമില്ലായിരുന്നു. ഒരു ദിവസം ചാരുദത്തന്റെ സഹായത്തോടെ അദ്ദേഹം ജയസേനന്റെ ഭവനത്തിൽ പ്രവേശിച്ചു. അനന്തന് ഈ നടപടിയിൽ സംശയം തോന്നുകയാൽ രാജാവ് മടങ്ങിവരുന്നതും കാത്തു നിൽപ്പായി. അധികം നിൽക്കുന്നത് ആപത്താണെന്ന് മനസ്സിലാക്കി ചാരുദത്തൻ അദ്ദേഹത്തേയും കൂട്ടി പുറത്തുകടന്നു. അനന്തൻ വാപിളർത്തി നിലത്തു വെച്ചുകൊണ്ട് അവിടെ ഇരുട്ടിൽ നില്പ്പുണ്ടായിരുന്നു. രാജാവ് ചെന്നു ചവിട്ടിയത് പാമ്പിന്റെ വിഷപ്പല്ലിന്മേലാണ്. കാലിൽ വിഷം കയറിയതിനാൽ അദ്ദേഹം മുടന്തി നടന്ന് രാജക്കൊട്ടാരത്തിലെത്തി പള്ളിമഞ്ചത്തിലേയ്ക്ക് മറിഞ്ഞു. സർപ്പത്തിന്റെ പല്ലേറ്റ വേദന ഒരു വശത്ത്; ജയസേനന്റെ പത്നിമാരെ തനിക്ക് കിട്ടുന്നില്ലല്ലോ എന്ന നൊമ്പരം മറുവശത്ത്. രാജാവ് രാത്രി ഉറങ്ങിയില്ല....
അക്രമം ഉപയോഗിക്കാമെന്നുവെച്ചാൽ ജയസേനൻ മഹാവീരനാണ്. അവസാനത്തെ അഭയകേന്ദ്രമായി ബുദ്ധിചാതുര്യമുള്ള മന്ത്രിയെത്തന്നെ രാജാവ് ഒരിക്കൽക്കൂടി തിരഞ്ഞെടുത്തു. മന്ത്രിക്ക് രാജാവിന്റെ മനോഗതം മനസ്സിലായപ്പോൾ ദേഷ്യമാണ് തോന്നിയത്. പക്ഷേ, പാവം രാജാവ്!
മന്ത്രി തന്റെ ആഗ്രഹം നിറവേറ്റിത്തന്നില്ലെങ്കിൽ താൻ ആത്മഹത്യചെയ്തുകളയും എന്ന് അദ്ദേഹം വാശിപിടിച്ചു. സത്യവാദിയും ധർമശീലനുമാണെങ്കിലും മന്ത്രി സ്വാമി ഭക്തൻകൂടിയായിരുന്നു. അയാൾ ഒരു ഉപായം കൂടി രാജാവിന് പറഞ്ഞുകൊടുത്തു. ആ നാട്ടിൽ ഒരു മന്ത്രക്കിണറുണ്ട്. രാജാവ് ജയസേനനേയും കൊണ്ട് മന്ത്രക്കിണർ കാണാൻ പോകണം കിണർ കണ്ടുകൊണ്ടുനിൽക്കെ തന്റെ മോതിരമെടുത്ത് കിണറ്റിലെറിയുകയും വിരലിൽ നിന്ന് ഊരി വീണ മോതിരം എടുത്തുകൊണ്ടുവരാൻ ജയസേനനെ ഏൽപിച്ച് മടങ്ങുകയും വേണം. അവിടെ ഇറങ്ങി മോതിരം എടുക്കാൻ ജയസേനന് സാധ്യമല്ല. ആ മന്ത്രിക്കിണറ്റിലിറങ്ങുന്ന ഏതൊരു മനുഷ്യനും മരിച്ചു പോകയേയുള്ളൂ. അക്കാര്യത്തിൽ തർക്കമില്ല. ജയസേനൻ മരിച്ചാൽ ഭാര്യമാരെ സ്വീകരിക്കാം. മുങ്ങിച്ചാകാൻ പോകുന്നവന്റെ കയ്യിൽ ഒരു വൈക്കോലിഴ കിട്ടിയതുപോലെ രാജാവ് സന്തോഷിക്കുകയും അടുത്ത ദിവസം ജയസേനനോട് വരാനാവശ്യപ്പെടുകയും ചെയ്തു. രാജാവിന്റെ പ്രവർത്തനങ്ങളിൽ ചില നിഗൂഢതാൽപര്യങ്ങളുണ്ടെന്ന് വിക്രമാദിത്യന് ആദ്യമേ മനസ്സിലായിരുന്നു. അതുകൊണ്ട് അദ്ദേഹം സംശയനിവാരണത്തിന് വേതാളത്തെ സമീപിച്ചു. സംഗതികളുടെ കിടപ്പ് വ്യക്തമാക്കിക്കൊണ്ട് വേതാളം പറഞ്ഞു. "പ്രഭോ! അങ്ങയെ അപായപ്പെടുത്തി അങ്ങയുടെ പത്നിമാരെ കൈക്കലാക്കുവാനാണ് കോസലരാജാവ് പരിശമിക്കുന്നത്. ഇതിനുമുമ്പ് രണ്ടു തവണ അങ്ങയെ ദൂരദേശങ്ങളിലേയ്ക്ക് അയച്ചതിന്റെ ഉദ്ദേശ്യവും ഇതുതന്നെയാണ്. ഇപ്പോൾ അങ്ങയോടുകൂടി കിണർ കാണാൻ പോകുന്ന തിന്റെ പിന്നിലും ഒരു കെണിയുണ്ട്. രാജാവ് തന്റെ മുദ്രമോതിരമൂരി കിണറ്റിലേക്കിടുകയും അത് ഊരിവീണതാണെന്ന നാട്യത്തിൽ എടുത്തുകൊണ്ടു വരാൻ അങ്ങയെ ഏൽപിച്ചിട്ടു പോകുകയും ചെയ്യും. അങ്ങ് മോതിരമെടുക്കാൻ കിണറ്റിലിറങ്ങിയാൽ തീർച്ചയായും മരിച്ചുപോകും. അതാണ് രാജാവിന്റെ ആഗ്രഹവും. അതുകൊണ്ട് ഞാനൊരു കാര്യം ചെയ്യാം. ഞാൻ അദ്യശ്യനായി കിണറ്റിൽ ഇറങ്ങിയിരിക്കാം. മോതിരം വീഴുമ്പോൾ അത് ചാടിപ്പിടിച്ച് അങ്ങയുടെ പക്കൽ തരാം. അങ്ങ് സ്വയം കിണറ്റിൽ നിന്ന് കണ്ടെടുത്തതാണെന്ന ഭാവത്തിൽ മോതിരം രാജാവിനെ ഏൽപിച്ചാൽ മതി.'' വിക്രമാദിത്യൻ രാജാവിനെ അനുഗമിച്ച് മന്ത്രശക്തിക്കിണർ കാണാൻ പോയി. വൈകാതെ രാജാവ് ആരും കാണാതെ മോതിരം കിണറ്റിലിട്ടിട്ട് പറഞ്ഞു: “അയ്യോ, നമ്മുടെ മുദ്രമോതിരം കിണറ്റിൽ പോയല്ലോ ജയസേനാ! താങ്കൾ അതെടുത്ത് പിന്നാലെ വരൂ. ഞാൻ പോകട്ടെ...''
രാജാവ് പോയ സമയത്ത് വേതാളം മോതിരമെടുത്ത് വിക്രമാദിത്യനെ ഏൽപിച്ചു. രാജാവ് തിരിച്ച് സദസ്സിലെത്തിയപ്പോഴേയ്ക്കും മോതിരവുമേന്തി ജയസേനനും കൂടെയെത്തി. രാജാവിനും മന്ത്രിക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. സാധാരണനിലയിൽ ഒരു കിണറ്റിലിറങ്ങിക്കയറാൻ ആവശ്യമായ നേരം പോലും വികമാദിത്യൻ എടുത്തിട്ടില്ല. ഏത് മനുഷ്യന്റേയും അന്ത്യം വരുത്തുന്ന മന്ത്രക്കിണറ്റിൽ നിന്നാണ് ഇയാൾ മോതിര മെടുത്തു കൊണ്ടുവന്നത്. അവർ അമ്പരന്നു. ഇതിനിടയിൽ എന്തെങ്കിലും അത്ഭുതസിദ്ധികളുണ്ടായിരിക്കുമെന്ന് അവർ ഭയപ്പെട്ടു. അപ്പോഴേയ്ക്കും സദസ്സിലേയ്ക്ക് ഒരു വൃദ്ധബ്രാഹ്മണൻ പ്രവേശിക്കുകയുണ്ടായി. ശനിദേവനായിരുന്നു അത്. വിക്രമാദിത്യൻ ആഗതനെ നമസ്കരിക്കുകയും മുന്നിൽ ആദരപൂർവം നിലകൊള്ളുകയും ചെയ്തു. ശനിദേവൻ വിക്രമാദിത്യന്റെ തിരുവാൾ മടക്കിക്കൊടുത്തിട്ട് പുറത്തേയ്ക്ക് കടന്നു. വിക്രമാദിത്യനും നിശ്ശബ്ദനായി അദ്ദേഹത്തെ അനുഗമിച്ചു. രാജാവായ തന്നോടു പോലും കാണിക്കാത്ത രീതിയിലുള്ള ആദരവ് ജയസേനൻ ആ വൃദ്ധബ്രാഹ്മണനോട് കാണിച്ചത് കണ്ടപ്പോൾ കോസലരാജാവ് അതിശയിച്ചു. ഇതിലെന്തോ രഹസ്യമടങ്ങിയിട്ടുണ്ടെന്ന് നിശ്ചയിച്ചുറച്ച് അദ്ദേഹവും മന്ത്രിയും കൂടി രഹസ്യമായി അവരെ പിൻതുടർന്നു. തന്റെ മുമ്പിൽ വിനയപുരസ്സരം വണങ്ങിനിൽക്കുന്ന വിക്രമാദിത്യനോട് ശനിദേവൻ അറിയിക്കുകയാണ്: “വിക്രമാദിത്യ ചക്രവർത്തീ, നിങ്ങളെ ബാധിച്ചിരുന്ന ശനിദശ ഇന്നോടെ വിട്ടൊഴിയുകയാണ്. ഈ ഏഴരവർഷവും നിങ്ങൾ സത്യവും ധർമവും കൈവിടാതെ ജീവിച്ചതുകൊണ്ട് ഞാൻ പ്രസന്നനായിരിക്കുന്നു. നിങ്ങളെ ദ്രോഹിച്ച കോസലരാജാവിനേയും മന്ത്രിയേയും ഞാൻ ശിക്ഷിക്കുന്നുണ്ട്. നിങ്ങൾക്ക് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകാം.” “ദേവാ, അങ്ങയോട് ഞാൻ വളരെയേറെ കടപ്പെട്ടിരിക്കുന്നു. ഇവിടെയുള്ള മന്ത്രി നല്ലവനാണ്. രാജാവ് മറ്റുള്ളവരുടെ കയ്യിൽ പാവയായിത്തീർന്നതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിച്ചത്. എന്തായാലും ഇക്കാലമത്രയും എന്നെ രക്ഷിച്ചത് അവരാണല്ലോ. എനിക്കുവേണ്ടി അങ്ങ് അവരോട് സദയം ക്ഷേമിക്കണം'' ശനിദേവൻ വിക്രമാദിത്യന്റെ പ്രാർഥന സ്വീകരിക്കുകയും അദ്ദേഹത്തിന് അനുഗ്രഹാശിസ്സുകളർപ്പിച്ചുകൊണ്ട് മടങ്ങിപ്പോകുകയും ചെയ്തു. രാജരാജാധിരാജനായ വിക്രമാദിത്യനാണ് തങ്ങളുടെ കീഴിൽ ജോലി നോക്കിയിരുന്ന ജയസേനനെന്നറിഞ്ഞ് കോസലരാജാവും മന്ത്രിയും പരിഭ്രാന്തരായി. അവർ ഓടിവന്ന് വിക്രമാദിത്യന്റെ കാൽക്കൽ വീഴുകയും തങ്ങൾ ചെയ്ത അപരാധത്തിന് മാപ്പു ചോദിക്കുകയും ചെയ്തു. കോസലരാജാവ് അപേക്ഷിക്കുകയാണ്: “പ്രഭോ, ചിലരുടെ നീചമായ ഉപദേശത്താലാണ് എന്റെ മനസിൽ ചീത്ത ചിന്തകൾ കടന്നുകൂടിയത്. അങ്ങ് എന്നോട് ക്ഷമിക്കണം. കൂടാതെ, എന്റെ കാലിൽ നിന്ന് ദയവുചെയ്തു വിഷം ഇറക്കിത്തരണം. ഞാനിപ്പോൾ മുടന്തനായിട്ടാണ് നടക്കുന്നത്." വികമാദിത്യൻ അനന്തനെ വിളിച്ച് രാജാവിന്റെ കാലിൽനിന്ന് വിഷം വലിച്ചെടുപ്പിച്ചു...
വിക്രമാദിത്യന് മടങ്ങിപ്പോകേണ്ട സമയമായി. അദ്ദേഹം രക്നമാലികയൊഴിച്ച് മറ്റ് ഒമ്പത് പത്നിമാരേയും കോസലരാജാവിന് ദാനം കൊടുത്തു. ജലന്ധരനും അനന്തനും വികമാദിത്യൻ ശാപമോക്ഷം നൽകി രത്നമാലികയോടൊത്ത് ഉജ്ജയിനിയിലേയ്ക്കു തിരിച്ചു. ചകവർത്തിയുടെ മടങ്ങിവരവ് നാട്ടുകാരെ മുഴുവൻ ആനന്ദിപ്പിച്ചു. തങ്ങളുടെ പ്രിയപ്പെട്ട് ചക്രവർത്തിയെ ഒരു നോക്ക് കാണുവാൻ വേണ്ടി ജനങ്ങൾ ഇളകിത്തുടങ്ങിയപ്പോൾ അദ്ദേഹം ഒരു നഗരപ്രദക്ഷിണം നടത്താൻ നിശ്ചയിച്ചു. രത്നവും സ്വർണവും ചേർത്തു നിർമിച്ച മനോഹരമായ അമ്പാരി തന്റെ വെള്ളാനപ്പുറത്തുവെച്ച് അതിലേറി സഞ്ചരിക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. മുഹൂർത്തമായപ്പോൾ തന്റെ വലതുവശത്തിരിക്കാൻവേണ്ടി രത്നമാലികയെ അന്വേഷിച്ചപ്പോൾ അവൾ അവിടെയൊന്നു മുണ്ടായിരുന്നില്ല. ഏഴരക്കൊല്ലം കഴിഞ്ഞിരിക്കുന്നതിനാൽ അവൾ ദേവലോകത്തേയ്ക്കുതന്നെ തിരിച്ചുപോയിരിക്കുമെന്ന് അദ്ദേഹം ഊഹിച്ചു. അദ്ദേഹം വേതാളത്തിന്റെ പുറത്തുകയറി ഇന്ദ്രലോകത്തെത്തി. വിക്രമാദിത്യൻ രത്നമാലികയെ തിരഞ്ഞ് അവിടെയെത്തുമെന്ന് ഇന്ദന് നിശ്ചയമുണ്ടായിരുന്നു. അദ്ദേഹം അവളെ ഒരിരുട്ടറയിൽ ഒളിപ്പിച്ചു. വികമാദിത്യൻ വന്നുകയറിയപ്പോൾ, ഇന്ദ്രൻ അദ്ദേഹത്തെ സ്വീകരിക്കുകയും ആഗമനോദ്ദേശം ചോദിക്കുകയും ചെയ്തു. ഇന്ദ്രൻ ഒന്നും അറിയാത്ത മട്ടിൽ നിനക്കുകയാണ് എന്ന് മനസ്സിലാക്കിയ വിക്രമാദിത്യനൻ വേതാളത്തെ അവളെ തിരയാൻ വിട്ടു. വേതാളം പലദിക്കിലും പരിശോധന നടത്തി. അവസാനം ഒരു ഇരുട്ടറയിൽ അവളെ കാണുകയും വിവരം വിക്രമാദിത്യനെ അറിയിക്കുകയും ചെയ്തു. അദ്ദേഹം ചെന്ന് അവളേയും വിളിച്ച് ഇന്ദ്രന്റെ മുമ്പിലെത്തി. ഇന്ദ്രൻ സന്തുഷ്ടനായി മറ്റ് ഏഴ് ദേവകന്യകകളെക്കൂടി അദ്ദേഹത്തിന് ദാനം ചെയ്തു. രാജാവ് അവരേയും കൂട്ടി ഉജ്ജയിനിയിലെത്തുകയും നഗരപ്രദക്ഷിണം നിർവഹിക്കയും ചെയ്തു. അതിനിടയിൽ ഏഴ് ദേവകന്യകകളുടെ അഭാവം ദേവലോകത്ത് പരിഭ്രമം സൃഷ്ടിച്ചു. അവിടെ നൃത്തത്തിനും പൂജാകർമങ്ങൾക്കും സ്ത്രീകളില്ലാതെയായി. അപ്പോൾ ഇന്ദ്രൻ സപ്തർഷികളെ വിളിച്ചു. ദാനം ചെയ്ത തിരിച്ചെടുക്കുന്നത് ഉചിതമല്ലെന്നും വിക്രമാദിത്യനെ കണ്ട് അപേക്ഷിച്ചാൽ അവരെ മടക്കിത്തരുമെന്നും അവർ ഉപദേശിച്ചു. സപ്തർഷികൾ ഭൂമിയിലെത്തി വിക്രമാദിത്യനോട് തങ്ങളുടെ ആവശ്യം അറിയിച്ചു. അദ്ദേഹം ഏഴുപേരേയും സപ്തർഷികൾക്ക് ദാനം ചെയ്തു. ദേവ വൃന്ദം അദ്ദേഹത്തെ പുകഴ്ത്തുകയും അനുഗ്രഹിക്കുകയും ചെയ്തു. വികമാദിത്യൻ സകലവിധ ഐശ്വര്യങ്ങളോടും കൂടി ഉജ്ജയിനിയിൽ വാണു. കഥ തീർന്ന്, കനകാംഗി ചോദിച്ചു: “ഹേ, ഭോജരാജാവേ, ഇത്രയേറെ അമാനുഷികസിദ്ധികളും ധീരതയു മുണ്ടായിരുന്ന വിക്രമാദിത്യനുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങൾ എത്രയോ താഴെയാണ്. ഉദാരനും മഹാമനസ്കനുമായിരുന്ന അദ്ദേഹത്തിന്റെ സിംഹാസനത്തിൽ കയറാൻ നിങ്ങൾക്ക് അർഹതയുണ്ടോ?” സാലഭഞ്ജിക കഥാകഥനം കഴിഞ്ഞപ്പോൾ രാത്രിയാവുകയായിരുന്നു. ഭോജരാജൻ അന്നത്തെ സദസ്സും പിരിച്ചുവിട്ടു...
No comments:
Post a Comment