വിക്രമാദിത്യകഥകൾ - 31
ഏഴാം ദിവസം കനകാംഗി പറഞ്ഞ കഥ തുടർച്ച...
വളരെ ബുദ്ധി മുട്ടിയതിനുശേഷമാണ് സുഹാസിനിയുടെ വായിൽ നിന്ന് ഉതിർന്നുവീഴുന്ന മുത്തുകൾ വിറ്റിരുന്ന വ്യാപാരിയെ കണ്ടെത്താൻ തരപ്പെട്ടത്. ജയസേനൻ വ്യാപാരിയോട് ചോദിച്ചു: “ഹേ, വ്യാപാരീ, സുഹാസിനിയെന്ന രാജകുമാരിയുടെ വായിൽനിന്നു വീഴുന്ന രത്നങ്ങൾ വിൽക്കുന്നത് നിങ്ങളാണോ? രണ്ടെണ്ണം വാങ്ങാനായിട്ടാണ് ഞാൻ വന്നിരിക്കുന്നത്. എന്ത് വില വേണമെങ്കിലും ഞാൻ തന്നു കൊള്ളാം.'' “നിങ്ങൾ വന്ന നേരം ശരിയായില്ല. ആ മുത്തുകൾ തീർന്നുപോയിട്ട് കാലം കുറെയായി. ഇപ്പോഴൊട്ട് കിട്ടാനുമില്ല.” “എന്തുപറ്റി? സുഹാസിനി ജീവിച്ചിരിപ്പില്ലേ?” “മരിച്ചു എന്നു പറഞ്ഞാൽ മുഴുവൻ ശരിയാകില്ല. "ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന രീതിയിലാണ് അവളുടെ ഇന്നത്തെ നില.'' “മനസിലായില്ല. എന്താണ് കാര്യം?" വിരോധമില്ലെങ്കിൽ പറഞ്ഞു തരണം, കേൾക്കാനാഗ്രഹമുണ്ട്.'' വ്യാപാരി പറഞ്ഞു: “സുഹാസിനി ഇപ്പോൾ ഒരു മുനിയുടെ ഗുഹയിൽ തടങ്ങലിലിരിക്കയാണ്. മുനിയുടെ മന്ത്രശക്തിയാൽ അവളുടെ മാതാപിതാക്കളും നാട്ടുകാരുമൊക്കെ കല്ലുകളായിമാറിയിരിക്കുന്നു. ആ വ്യസനം കൊണ്ടാണ് അവൾ ചിരിക്കാത്തത്. അതിനാൽ മുത്തും കിട്ടാറില്ല.” ജയസേനൻ വേതാളത്തിന്റെ പുറത്തുകയറി വാരണനഗരത്തിലേയ്ക്ക് പുറപ്പെട്ടു. അവിടത്തെ കാഴ്ചകൾ അദ്ദേഹത്തെ അത്ഭുതപരവശനാക്കി. രാജാവും രാജ്ഞിയും ജനങ്ങളും പക്ഷിമൃഗാദികൾപോലും ശിലാരൂപങ്ങളായിരിക്കുന്നു. പട്ടണം മുഴുവൻ ചിത്രത്തിലെഴുതിയപോലെ കാണപ്പെട്ടു. പന്തടിക്കുന്ന കുട്ടികളും നീന്തിപ്പുളയ്ക്കുന്ന നാരിമാരും കവാത്ത് ചെയ്യുന്ന ഭടന്മാരും എല്ലാം അതേ രൂപത്തിൽ തന്നെയുണ്ട്. ആരും അനങ്ങുന്നില്ലെന്നു മാത്രം. ഈ മഹാപാതകത്തിനു കാരണക്കാരനായ മുനിയെപ്പറ്റി അറിഞ്ഞു വരുവാൻ ജയസേനായ വിക്രമാദിത്യൻ വേതാളത്തെ പറഞ്ഞയച്ചു. വേതാളം മടങ്ങിവന്നശേഷം അദ്ദേഹത്തെ ഒരു മലഞ്ചെരുവിലേയ്ക്ക കൂട്ടിക്കൊണ്ടുപോയി. അവിടെ സന്യാസി ഒരു മഹായജ്ഞം നടത്തിവരുന്നുണ്ട്. സുഹാസിനിയെ ഉടലും ശിരസ്സും വേർപ്പെടുത്തിയിട്ട് അയാൾ യജ്ഞത്തിന് വേണ്ടി പുറത്തുപോയിരിക്കുകയാണ്. ഗുഹാദ്വാരത്തിൽ തന്നെ രാജകുമാരി മരിച്ചു കിടക്കുന്നതു കണ്ട് വിക്രമാദിത്യൻ അവളെ ജീവിപ്പിക്കാനുള്ള മാർഗം വേതാളത്തോട് അന്വേഷിച്ചറിഞ്ഞു. വേതാളത്തിന്റെ ഉപദേശ്രപ്രകാരം ഒരു പാത്രത്തിൽ നിന്ന് അല്പം ഭസ്മമെടുത്തു പുരട്ടിയപ്പോൾ സുഹാസിനി ഉണർന്നെണീറ്റു. അവൾ മുമ്പിൽ നിൽക്കുന്ന അപരിചിതനെ കണ്ട് അമ്പരന്നു; പിന്നെ തിരക്കി: “അങ്ങ് ആരാണ്? എന്തിനാണ് ഇങ്ങോട്ട് വന്നത്? മുനിയറിഞ്ഞാൽ ശപിച്ച് കരിങ്കല്ലാക്കി കളയും. വേഗം പുറത്തുപോകയാണ് അങ്ങേയ്ക്ക നല്ലത്." “ഉജ്ജയിനിയിലെ ചക്രവർത്തിയായ വിക്രമാദിത്യൻ ഒരു മുനിയുടെ കോപത്തെ ഭയപ്പെടുമെന്ന് നീ കരുതുന്നുണ്ടോ?'' തന്റെ മുന്നിൽ ആഗതനായിരിക്കുന്നത് വിക്രമാദിത്യനാണെന്നറിഞ്ഞ് അവൾ പെട്ടെന്ന് ചിരിച്ചു. അപ്പോൾ കുറെ മുത്തുകൾ ചിതറിവീണു. വിക്രമാദിത്യൻ അവ വാരിയെടുത്തു...
സുഹാസിനി അപേക്ഷിച്ചു: “പ്രഭോ, എന്നെ രക്ഷിക്കാൻ ഈ ഭൂമിയിൽ അങ്ങേയ്ക്കുമാത്രമേ സാധ്യമാകൂ. സ്വാർഥമൂർത്തിയായ ഈ മുനി എന്റെ അച്ഛനമ്മമാരേയും നാട്ടു കാരേയും കല്ലാക്കിമാറ്റിയാണ് എന്നെ അപഹരിച്ചിരിക്കുന്നത്. അവിടന്ന് എന്നെ രക്ഷിക്കണം'' വിക്രമാദിത്യൻ പറഞ്ഞു: “അല്പം കൂടി ക്ഷമിക്കൂ. ഈ മുനിയുടെ കഥ കഴിക്കാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. അതിന് നിന്റെ കൂടി സഹകരണം ആവശ്യമാണ്. ഞാൻ പഴയപടി നിന്നെ കൊന്നു കൊണ്ട് എവിടെയെങ്കിലും മറഞ്ഞിരിക്കാം. മുനി വന്ന് ജീവിപ്പിക്കുമ്പോൾ നീ പിണക്കം നടിച്ചിരിക്കണം. അയാൾ കാരണം ചോദിക്കുമ്പോൾ മരിച്ചുപോയ അച്ഛനമ്മമാരെ ജീവിപ്പിക്കാനുള്ള വഴി സൂത്രത്തിൽ ചോദിച്ചു മനസ്സിലാക്കണം. കൂടാതെ, അയാൾ മരിക്കണമെങ്കിൽ എങ്ങനെ വേണമെന്നു ചോദിച്ചറിയണം. സാവധാനത്തിൽ വേണം ഇതെല്ലാം ഗ്രഹിക്കാൻ. മുനിക്ക് യാതൊരു സംശയത്തിനും ഇടവരുത്തരുത്. നാളെ രാവിലെ ഞാൻ വരുമ്പോൾ നീ ഉണ്ടായ സംഭവങ്ങളെല്ലാം വിശദീകരിച്ച് പറയണം. ബാക്കി കാര്യം ഞാനേറ്റു. എങ്ങനെയെങ്കിലും ഈ ആപത്തിൽനിന്ന് രക്ഷനേടുന്നതിനുവേണ്ടി സുഹാസിനി എന്തുചെയ്യാനും ഒരുക്കമായിരുന്നു. വിക്രമാദിത്യൻ അവളെ പഴയ രീതിയിൽ തന്നെ ഉടലും ശിരസ്സും ചേദിച്ച് രണ്ടു സ്ഥാനങ്ങളിലായി വെക്കുകയും വേതാളത്തെ രഹസ്യമായി മുനിയുടെ സംഭാഷണം കേൾക്കാൻ നിയോഗിച്ചുകൊണ്ട് അവിടെനിന്ന് പോകുകയും ചെയ്തു. പൂജാദികൾ കഴിഞ്ഞ് മുനി ഗുഹയിൽ മടങ്ങിവന്ന് സുഹാസിനിയെ ജീവിപ്പിച്ചു. അന്നേരം അവൾ സ്നേഹാദരവുകളോടെ അയാളോട് ചോദിച്ചു: “മഹർഷേ! അങ്ങ് ദിവസവും എന്നെ കൊന്നിടുന്നതുകൊണ്ട് എനിക്ക് ഭയമുണ്ട്. ഒരു തവണ എന്നെ ജീവിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലോ?'' “അതിന് ഞാനില്ലാതെയാകണ്ടേ? എന്നെ നശിപ്പിക്കാൻ ആർക്കും സാധ്യമല്ല. അതിന് കെൽപ്പുള്ള ആരും ഇന്നേവരെ ഈ ഭൂമിയിൽ ജനിച്ചിട്ടുമില്ല.'' “അങ്ങയുടെ ജീവിതരഹസ്യമെന്താണ്?' മുനി പറഞ്ഞു: “ഞാൻ മരിക്കണമെങ്കിൽ ചില അമാനുഷിക സിദ്ധികൾ കൈവശമുള്ളവർ ഈ ഭൂമിയിൽ ജനിക്കണം. ഒറ്റവെട്ടിന് എന്റെ തലയറുക്കണം. ഒരു തുള്ളി രക്തംപോലും താഴെ വീഴാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ഓരോ തുള്ളി രക്തവും എന്നെപ്പോലുള്ളവരായി ജീവിച്ചെഴുന്നേൽക്കും. കൂടാതെ, ശിരസ്സ് മൂന്നരനാഴികനേരം ആകാശത്തിൽ തന്നെ നിർത്തി യജ്ഞകുണ്ഡത്തിലർപ്പിക്കണം. ഇങ്ങനെ ചെയ്യാൻ ആർക്കും സാധിക്കുകയില്ല.'' പിന്നെയും സുഹാസിനി ചോദിച്ചു: “അങ്ങ് ദീർഘകാലം ജീവിക്കുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ, സ്വാമീ, എന്റെ മാതാപിതാക്കളുടെ സ്ഥിതിയോ? അവർ ഇപ്പോഴത്തെ നിർജീവാവസ്ഥയിൽനിന്ന് മോചനം നേടുകയില്ല ഒരിക്കലും...?”
അപ്പോൾ മുനി പറഞ്ഞു: “അതുമൊരു രഹസ്യമാണ്. അവരുടെയെല്ലാം ജീവൻ ഒരു കുടത്തിലാക്കി കാളീക്ഷേത്രത്തിലെ ബലിപീഠത്തിനടിയിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെയുള്ള കരിമ്പിൻ തോട്ടത്തിൽ വിഹരിച്ചു നടക്കുന്ന ഒരു മദയാനയെ ദേവിക്ക് ബലിയർപ്പിച്ച് ആ ചെപ്പുകുടം ഉടയ്ക്കുകയാണെങ്കിൽ ജീവനെല്ലാം പുറത്തുവരികയും നിന്റെ മാതാപിതാക്കന്മാരും നാട്ടുകാരും ജീവിക്കുകയും ചെയ്യും". സകലരഹസ്യങ്ങളും ചോർത്തിയെടുക്കാൻ കഴിഞ്ഞതിൽ സുഹാസിനി ആഹ്ലാദവിവശയായി. ഇനി മുനിയുടെ ആയുസ്സ് അവസാനിക്കുകയായല്ലോ! എല്ലാ സംഭാഷണവും മറഞ്ഞിരുന്നു കേട്ട വേതാളം ഓടിച്ചെന്ന് വികമാദിത്യനോട് വിവരങ്ങളൊക്കെ പറഞ്ഞു. രക്തം മുഴുവൻ താൻ കുടിച്ചു തീർക്കാമെന്നും ഒറ്റവെട്ടിന് മുനിയുടെ തലയറുക്കണമെന്നും വേതാളം രാജാവിനെ ഉപദേശിച്ചു. പിറ്റേന്ന് ഇരുവരും രഹസ്യമായി ഗുഹയിൽ പ്രവേശിച്ച് ഒളിച്ചിരുന്നു. മുനി അടുത്തെത്തിയപ്പോൾ വേതാളം ഒരു ശബ്ദം പുറപ്പെടുവിച്ചു. താൻ കേട്ടത് എന്തിന്റെ ശബ്ദമാണെന്നറിയാൻ അയാൾ തിരിഞ്ഞുനോക്കുമ്പോഴേയ്ക്കും വിക്രമാദിത്യന്റെ വാൾ അയാളുടെ കഴുത്തിൽ പതിച്ചു. വേതാളം ഓടിയെത്തി ആ രക്തം മുഴുവനും കുടിച്ചു വറ്റിച്ചു. വിക്രമാദിത്യൻ മുനിയുടെ ശിരസ്സെടുത്ത് മൂന്നര നാഴികനേരം ആകാശത്തിൽ നിർത്തുകയും അനന്തരം യജ്ഞകുണ്ഡത്തിൽ അർപ്പിക്കുകയും ചെയ്തു. അയാളുടെ കഥ അങ്ങനെ അവസാനിച്ചു. വിക്രമാദിത്യൻ പിന്നീട് പോയത് കരിമ്പിൻ തോട്ടത്തിലേയ്ക്കായിരുന്നു. അവിടെ ഒരു മദയാന നിൽപ്പുണ്ടായിരുന്നു. അദ്ദേഹം അതിനെ പിടിച്ചുകൊണ്ടുവന്ന് ക്ഷേത്രത്തിലെ ബലിപീഠത്തിൽ ബലികഴിച്ചു. പിന്നെ ചെപ്പു കുടത്തിൽ നിന്ന് ആത്മാക്കളെ വേർപ്പെടുത്തുകയും സുഹാസിനിയെ ജീവിപ്പിക്കുകയും ചെയ്തു. വാരണരാജ്യത്തിലെ രാജാവും ജനങ്ങളും പെട്ടെന്ന് ജീവിച്ചു. കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ച് അവർക്ക് ഓർമയുണ്ടായിരുന്നില്ല. തങ്ങൾ ഏതോ മയക്കത്തിൽ പെട്ടുപോയിരുന്നു എന്നു മാത്രം അവർ ധരിച്ചു. മകളെ കാണാതെ രാജാവിന് കുണ്ഠിതമായി. അവൾ മലഞ്ചെരിവിലുള്ള ഒരു ഗുഹയിലാണെന്ന് പിന്നീടാണ് അയാൾക്ക് മനസ്സിലായത്. രാജാവ് പരിവാരസമേതം ഗുഹയിലെത്തി. അവൾ കഴിഞ്ഞുപോയ ഭീകരസംഭവങ്ങളെല്ലാം സവിസ്തരം പ്രതിപാദിച്ചു. അപ്പോഴാണ് രാജാവിന് തങ്ങൾ ശിലാരൂപങ്ങളായി കിടക്കുകയായിരുന്നു വെന്ന് പിടികിട്ടിയത്. ഭുവനപ്രസിദ്ധനായ വിക്രമാദിത്യനാണ് തങ്ങളെ രക്ഷിച്ചതെന്നറിഞ്ഞ് അയാൾക്ക് സന്തോഷമുണ്ടായി. വിക്രമാദിത്യനെ വാദ്യമേളങ്ങളോടെ രാജധാനിയിലേയ്ക്കു കൊണ്ടുപോകുകയും സൽക്കരിക്കുകയും ചെയ്തു. അടുത്തുണ്ടായിരുന്ന ശുഭമുഹൂർത്തത്തിൽ വിക്രമാദിത്യനും സുഹാസിനിയും വിവാഹിതരായി. സുഹാസിനി ചിരിക്കുകയും വിക്രമാദിത്യൻ ആ രക്ത്നങ്ങളെല്ലാമെടുത്ത് സൂക്ഷിക്കുകയും ചെയ്തു. കുറെ ദിവസങ്ങൾ അദ്ദേഹം അവിടെ ജീവിച്ചു. അപ്പോഴേയ്ക്കും കോസലരാജ്യത്തേയ്ക്കു മടങ്ങിപ്പോകേണ്ട സമയമായി. അദ്ദേഹം വാരണരാജാവിനോട് തന്റെ ശനിദശയെപ്പറ്റിയും അവിടേക്കുവന്ന സാഹചര്യങ്ങളും വ്യക്തമാക്കി...
No comments:
Post a Comment