24 May 2021

വിക്രമാദിത്യകഥകൾ - 18

വിക്രമാദിത്യകഥകൾ - 18

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 20 - "ബ്രാഹ്മണബാലകനും രാക്ഷസനും"
➖➖➖➖➖➖➖➖➖
അടുത്ത പടിയായി പിടിച്ചുകൊണ്ടുവന്നപ്പോൾ വേതാളം മറ്റൊരു കഥ പറഞ്ഞു. ശ്രേഷ്ഠനായ ഒരു രാജാവും രാജകുമാരനും കൂടി നായാട്ടിനു പോകവേ വനമധ്യത്തിൽ ഒരു ബ്രാഹ്മണനേയും മകനേയും കാണാൻ ഇടയായി. രാജാവ് അവരോട് കാര്യങ്ങൾ അന്വേഷിച്ചു. തനിക്ക് രണ്ടുമക്കളാണെന്നും ഭാര്യ അസുഖമായി കിടപ്പിലാണ് എന്നും മരുന്നിനുള്ള വസ്തുക്കൾ ശേഖരിക്കാൻ വന്നതാണെന്നും ബ്രാഹ്മണൻ പറഞ്ഞു. ബ്രാഹ്മണനെ ആശ്വസിപ്പിച്ചതിനുശേഷം രാജാവ് വീണ്ടും യാത്രയായി. വഴിയിൽ വച്ച് ഒരു രാക്ഷസൻ അവരെ ആക്രമിക്കുകയും രാജകുമാരനെ പിടിക്കുകയും ചെയ്തു. അവനിൽ നിന്ന് രക്ഷപ്പെടുവാൻ രാജാവ് പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. ഒരു ബ്രാഹ്മണ ബാലനെ കൊടുത്താൽ ഒഴിഞ്ഞു പോകാമെന്നായി രാക്ഷസൻ. താൻ എവിടെ നിന്ന് ബ്രാഹ്മണ ബാലനെ കണ്ടു പിടിക്കും എന്ന ആലോചനയിലായിരുന്നു രാജാവ്.  പെട്ടെന്നാണ് താൻ വഴിയിൽ വച്ച് കണ്ട ബ്രാഹ്മണനെയും ബാലകനെയും ഓർമ്മവന്നത്. രാജാവ് ഉടൻ തന്നെ അവരെ കണ്ടെത്തി.  പക്ഷേ ബ്രാഹ്മണൻ തന്റെ മകനെ നൽകാൻ തയ്യാറായില്ല.   തന്റെ മകനെ രക്ഷിക്കാൻ വേറെ മാർഗമൊന്നുമില്ല രാജാവ് ബ്രാഹ്മണനോട് അപേക്ഷിച്ചു. ബ്രാഹ്മണൻ മനസ്സില്ലാമനസ്സോടെ രാജാവിന്റെ ഒപ്പം മകനെ അയച്ചു. രാജാവ് ബാലനെ കൊണ്ടുപോയി രാക്ഷസനെ ഏൽപ്പിച്ചു. രാക്ഷസൻ അവനെ തിന്നാൻ തുടങ്ങവെ, ആ ബാലൻ ചിരിക്കുകയാണുണ്ടായത്. വേതാളം കഥയൊന്നു നിർത്തി “അതിനു കാരണമെന്താണ്?'' എന്ന് വിക്രമാദിത്യനോട്‌ ചോദിച്ചു. വിക്രമാദിത്യൻ അതിനു മറുപടി പറഞ്ഞതിങ്ങനെയാണ്: “സ്വപുത്രനെ അന്യൻ ഉപദ്രവിച്ചാൽ മാതാപിതാക്കൾ ചോദിക്കണം. മാതാപിതാക്കൾ ഉപദ്രവിച്ചാൽ രാജാവ് ചോദിക്കണം. രാജാവ് ഉപദ്രവം ചെയ്താൽ  ആരാണ് ചോദിക്കുക" എന്നു ചിന്തിച്ചാണ് ബാലൻ ചിരിച്ചത്.'' വേതാളം വീണ്ടും മുരുക്കുമരത്തെ ശരണം പ്രാപിച്ചു.

വേതാളം പറഞ്ഞ കഥകൾ 21 - "സ്വാമിനാഥൻ"
➖➖➖➖➖➖➖➖➖
വേതാളത്തിന്റെ പിന്നത്തെ കഥ സ്വാമിനാഥനെക്കുറിച്ചായിരുന്നു. വൃദ്ധരായ ദമ്പതികളുടെ ഏകപുത്രൻ ആയിരുന്നു സ്വാമിനാഥൻ. ഒരു ദിവസം അവർക്കുവേണ്ടി ഭക്ഷണം ശേഖരിക്കാൻ പോയ സ്വാമിനാഥൻ അകാലമൃത്യുവിനിരയായി. അപ്പോൾ ആ വഴി വന്ന ഒരു താപസൻ തന്റെ മന്ത്രശക്തിയാൽ സ്വാമിനാഥനെന്ന മരിച്ച യുവാവിനെ ജീവിപ്പിച്ചു. "യുവാവ് ജീവൻ തിരിച്ചു കിട്ടിയപ്പോൾ ആദ്യം വ്യസനിക്കുകയും പിന്നീട് ചിരിക്കുകയും ചെയ്തു. ഇതിന്റെ കാരണമെന്താണ്?'' വേതാളത്തോട് രാജാവ് പറഞ്ഞു: “മാതാപിതാക്കൾ ലാളിച്ചു വളർത്തിയ ശരീരത്തിൽ നിന്നു ജീവൻ വേർപെട്ടതിൽ ദുഖിച്ചു. പുതിയ ജീവിതം  കിട്ടിയതിൽ സന്തോഷിച്ചുതിരിച്ചു." ഇതു കേട്ടപ്പോൾ തന്നെ വേതാളം വീണ്ടും മുരുക്കുമരത്തിലേക്ക് പോയിരുന്നു.

No comments:

Post a Comment