24 May 2021

വിക്രമാദിത്യകഥകൾ - 17

വിക്രമാദിത്യകഥകൾ - 17

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 18 - "ചന്ദ്രിക"
➖➖➖➖➖➖➖➖➖
അടുത്തവേളയിൽ വേതാളം തുടങ്ങി. സമ്പൽസമൃദ്ധമായ ഒരു രാജ്യത്തിലെ ചന്ദ്രിക എന്ന രാജകുമാരിയുടെ സൗന്ദര്യവായ്പിൽ മോഹിതനായ ഒരു ബ്രാഹ്മണ യുവാവ് അവളുടെ കൂടെ കഴിയാൻ  ആഗ്രഹിച്ചു. അയാൾ അതിന് ഒരു മുനിയുടെ സഹായം തേടി. മുനി ബ്രാഹ്മണനെ സ്ത്രീവേഷം ധരിപ്പിച്ച് രാജധാനിയിലേയ്ക്കു കൊണ്ടുപോയി. രാജാവിനെ കണ്ട് താൻ കാശിക്കു പോകുകയാണെന്നും മടങ്ങിവരുന്നതുവരെ തന്റെ പുത്രിയെ ഇവിടെ താമസിപ്പിക്കണമെന്നും അഭ്യർഥിച്ചു. രാജാവിന് എതിർപ്പുണ്ടായിരുന്നില്ല. മുനിപുത്രി രാജകുമാരിയോടൊത്ത് അന്തഃപുരത്തിൽ താമസിക്കുവാൻ തുടങ്ങി. ഒരു ദിവസം രാജകുമാരിക്ക് സംശയം തോന്നിയിട്ട് ചോദിച്ചപ്പോൾ സ്ത്രീവേഷം കെട്ടിവന്ന ബ്രാഹ്മണയുവാവ് തനിക്ക് അവളോടുള്ള ആദരവും അഭിനിവേശവും അറിയിച്ചു. അന്നു മുതൽ അവർ രഹസ്യദമ്പതികളായി ജീവിതം തുടങ്ങി. കുറെ നാൾ കഴിഞ്ഞ് രാജകുമാരിയുടെ വിവാഹകാലമായി. ചന്ദ്രിക സ്ത്രീവേഷം കെട്ടിയ ബ്രാഹ്മണനോട്‌ പറഞ്ഞു " അങ്ങ് കൊട്ടാരത്തിൽ നിന്ന് പോയി മുനിയുടെ ഒപ്പം തിരിച്ചു വരുക എന്നിട്ട് എന്നെ ആവശ്യപ്പെടുക." ഇതനുസരിച്ച് ബ്രാഹ്മണൻ പോകുകയും ചെയ്തു. രാജാവിനോട് ചന്ദ്രിക മുനിയുടെ പുത്രി ആരുടെയോ കൂടെ പോയി എന്ന് കളവും പറഞ്ഞു. പക്ഷെ ബ്രാഹ്മണൻ മുനിയെ അന്വേഷിച്ചു നടന്നിട്ടും കണ്ടുകിട്ടിയില്ല. ഇതിനിടയിൽ, കാശിക്കു പോയ മുനിയും ശിഷ്യനും  രാജസന്നിധിയിലെത്തി തന്റെ മകളെ മടക്കിത്തരാനാവശ്യപ്പെട്ടു. നിസ്സഹായനായ രാജാവ് തന്റെ മകളെ മുനിയുടെ ശിഷ്യന് വിവാഹം ചെയ്തുകൊടുത്തു. ചന്ദ്രികക്ക് രാജാവിനെ അനുസരിക്കാനെ കഴിഞ്ഞോളു. പെട്ടെന്ന് അവിടെയെത്തിയ ബ്രാഹ്മണൻ ചന്ദ്രികയെ തനിക്ക് ലഭിക്കേണ്ടതാണെന്നു പറഞ്ഞ് വാദം തുടങ്ങി. കഥ അവിടെ നിർത്തി വേതാളം ചോദിച്ചു: “ആരാണ് യഥാർഥത്തിൽ സ്ത്രീയുടെ അവകാശി?'' “ബ്രാഹ്മണൻ രഹസ്യമായി അവളോടുകൂടി ജീവിച്ചിട്ടുണ്ടെന്നത് സത്യമാണ്. എങ്കിലും വിവാഹം ചെയ്ത ആളാണ് യഥാർഥത്തിൽ അവളുടെ അവകാശി.'' വിക്രമാദിത്യൻ പറഞ്ഞ മറുപടി കേട്ട് വേതാളം മുരുക്കുമരത്തിലേക്ക് പോയി.

വേതാളം പറഞ്ഞ കഥകൾ 19 - "ഹംസാദേവി"
➖➖➖➖➖➖➖➖➖
വീണ്ടും ബന്ധനസ്ഥനാക്കപ്പെട്ട വേതാളം പതിവുപടി പുതുമയുള്ള വേറൊരു കഥ പറയാനൊരുമ്പെട്ടു. വിജയപുരി രാജാവിന്റെ നാട്ടിലെ അതിരൂപവതിയായ യുവതിയായിരുന്നു ഹംസാദേവി.  അവൾക്ക്  രാജ്ഞി ആകണമെന്ന് മോഹം ഉണ്ടായിരുന്നു അതിനായി അവൾ രാജാവിന്റെ വിശ്വസ്ഥനെ വിവാഹം കഴിച്ചു. കൊട്ടാരത്തിൽ എത്തിയ ഹംസാദേവി ഒരു ദിവസം രാജാവിനോട് തന്റെ മോഹം അറിയിക്കുകയും ചെയ്തു. പക്ഷെ രാജാവ് ഹംസാദേവിയെ അതിൽ നിന്ന് വിലക്കുകയും മടക്കി അയക്കുകയും ചെയ്തു. നിരാശമൂലം അവൾ മരിച്ചു. ഭാര്യയുടെ വിയോഗം കാരണം ഭർത്താവും ആത്മഹത്യ ചെയ്തു. “ഇതിൽ ആരുടെ പ്രവൃത്തിയാണ് മഹത്തരം?'' വേതാളം ചോദിച്ചു. വിക്രമാദിത്യൻ മറുപടി പറഞ്ഞു: “ വിജയപുരി രാജാവിന്റെ പ്രവ്യത്തിയാണ് മഹത്തരം.'' വേതാളം പഴയ സ്ഥാനത്തേയ്ക്കു തിരിച്ചു.

No comments:

Post a Comment