24 May 2021

വിക്രമാദിത്യകഥകൾ - 14

വിക്രമാദിത്യകഥകൾ - 14

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 11 - "മൂന്നു റാണിമാർ"
➖➖➖➖➖➖➖➖➖
വിക്രമാദിത്യൻ തോറ്റുകൊടുത്തില്ല. അദ്ദേഹം വനാന്തർഭാഗത്തേയ്ക്ക തിരിച്ചുനടന്നു. വീണ്ടും വേതാളത്തെ കൂട്ടിക്കൊണ്ടുവന്നപ്പോൾ തോളിലിരുന്ന് അത് വേറൊരു കഥയ്ക്ക് തുടക്കം കുറിച്ചു. ഒരു രാജാവിന് മൂന്നു റാണിമാരുണ്ടായിരുന്നു. ഒരു ദിവസം രാത്രി ഒന്നാമത്തെ റാണി മണിമാളികയിലെ പൊയ്കയിൽ  ആനന്ദിച്ചുകൊണ്ടിരിക്കുമ്പോൾ ചന്ദ്രകിരണങ്ങളേറ്റ് റാണി തളർന്നുപോയി. പെട്ടന്ന് തന്നെ തോഴിമാർ ഓടി വന്നന്ന് അവളെ രാജകൊട്ടാരത്തിലെക്ക്  കൊണ്ടുപോയി പാനീയങ്ങൾ കൊടുത്ത് ക്ഷീണം മാറ്റി. മറ്റൊരിക്കൽ, പൂത്തുലഞ്ഞ് സൗരഭ്യം പൊഴിക്കുന്ന പൂന്തോട്ടത്തിലിരുന്ന് വിനോദിച്ചുവരവെ, രണ്ടാമത്തെ പത്നി ഒരു വണ്ടിന്റെ മൂളിച്ച കേട്ട് തളർന്നുപോയി. അപ്പോൾ തന്നെ തോഴിമാർ വന്നന്ന് അവളേയും  രാജകൊട്ടാരത്തിലെക്ക്  കൊണ്ടുപോയി പാനീയങ്ങൾ കൊടുത്ത് ക്ഷീണം മാറ്റി. മറ്റൊരിക്കൽ  അകലെനിന്ന് നെല്ലുകുത്തുമ്പോഴുണ്ടാകുന്ന ഉലക്കയുടെ ശബ്ദം കേട്ടാണ് മൂന്നാമത്തെ റാണി തളർന്നു വീണത്. വേതാളം തിരക്കി: “ഹേ, രാജാവേ, ഈ മൂവരിൽ ആരുടെ ശരീരമാണ് കൂടുതൽ മൃദുലമായത്?'' വിക്രമാദിത്യരാജാവ് പറഞ്ഞു: “വണ്ടിന്റെ മൂളിച്ചയും ചന്ദ്രകിരണങ്ങളും ലോലഗാത്രികളെ മോഹാലസ്യപ്പെടുത്തിയേക്കാം. എന്നാൽ, ഉലക്കയുടെ ശബ്ദം കേട്ടു തളരുന്ന ദേഹമാണ് കൂടുതൽ മൃദുലം." വിക്രമാദിത്യന്റെ മറുപടി കേട്ട വേതാളം ഞൊടിയിടയിൽ പഴയ സങ്കേതത്തെ അഭയം പ്രാപിച്ചു.

വേതാളം പറഞ്ഞ കഥകൾ 12 - "പ്രതാപചന്ദ്രൻ"
➖➖➖➖➖➖➖➖➖
ഇത്തവണയും വിക്രമാദിത്യനോട് വേതാളം പുതിയ കഥ പറയുവാൻ ആരംഭിച്ചു. പ്രതാപശാലിയായ ഒരു യുവരാജാവിന്റെ മന്ത്രിയായിരുന്നു പ്രതാപചന്ദ്രൻ എന്ന മഹാമനസ്കൻ. ലീലാലോലനായ യുവരാജാവ് രാജ്യകാര്യങ്ങൾ മന്ത്രിയെ ഏല്പിച്ച് സ്വപത്നിമാരൊത്ത് സുഖിച്ചു വാണു. മന്ത്രി നാടുവാഴവെ, അയാൾ രാജാവിനെ തുരത്തിക്കളയുവാൻ ശ്രമിക്കുന്നുവെന്ന് ഒരപവാദം നാട്ടിൽ പരന്നു. ദുഷ്കീർത്തിയുണ്ടാക്കുന്ന കിംവദന്തി കേട്ട് നിസ്വാർഥസേവകനായ പ്രതാപചന്ദ്രൻ സത്യസ്ഥിതി അറിയാൻ ദേശാടനത്തിനു പുറപ്പെട്ടു. അയാൽ ഗ്രാമത്തിൽ ഒരു വ്യാപാരിയുടെ കൂടെ വസിക്കുവാൻ തുടങ്ങി. ഒരു ദിവസം രണ്ടു പേരും ഒരുമിച്ച് കപ്പൽയാത ചെയ്തുവരവെ, കൊടുങ്കാറ്റിൽ പെട്ട് മറ്റൊരു കരയിലടുത്തു. അവിടെ വിജനമായ ഒരു ക്ഷേത്രവും അതിനരികിൽ  അതിസുന്ദരിയായ ഒരു സ്ത്രീയും ഉണ്ടായിരുന്നു. വഴിതെറ്റി വന്ന പ്രതാപചന്ദ്രനും വ്യാപാരിക്കും അവൾ ഭക്ഷണവും തിരിച്ചു പോകുന്നതിനായുള്ള സഹായവും ചെയ്തു കൊടുത്തു. പ്രതാപചന്ദ്രനും വ്യാപാരിയും കപ്പൽ കയറി മടങ്ങി സ്വന്തം നാട്ടിൽ എത്തിച്ചേരുകയും രാജാവിനെ കണ്ട് അതുവരെ സംഭവിച്ചതെല്ലാം ഒന്നൊഴിയാതെ വിവരിക്കുകയും ചെയ്തു. രാജാവ് അതീവസുന്ദരിയായ  സ്ത്രീയെപ്പറ്റി കേട്ട്, അവളെ കാണണമെന്ന ആവേശത്തോടെ മന്ത്രിയെ കൂട്ടി അങ്ങോട്ട് യാത്രതിരിച്ചു. അവളെ ദർശിച്ച മാത്രയിൽ രാജാവ് അവളിൽ ആകർഷ്ടനായി. രാജാവിന്റെ ഇംഗിതം മനസ്സിലായപ്പോൾ ആ സ്ത്രീ തന്റെ വ്രതം തീർക്കാനെന്നും പറഞ്ഞ് അടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങി. പെട്ടെന്ന് ഭീമാകാരമായ ഒരു മത്സ്യം അവളെ വിഴുങ്ങിക്കളഞ്ഞു. അതു കണ്ട് നിന്നെ രാജാവ് കുളത്തിൽ ഇരുങ്ങുകയും മത്സ്യത്തെ കൊന്ന് അവളെ രക്ഷിക്കുകയും ചെയ്തു. ആ സുന്ദരിയായ സ്ത്രീ ഒരു ദേവകന്യകയായിരുന്നു. ഒരു ദിവസം എന്തോ കാരണത്താൽ അച്ഛൻ കോപിച്ച് അവളെ മത്സ്യം വിഴുങ്ങട്ടെയെന്ന് ശപിച്ചു; അപ്പോൾ ഒരു രാജാവ് വന്നു രക്ഷിക്കുമെന്ന് ശാപമോക്ഷവും നല്കി. അവൾ ഈ കഥകൾ രാജാവിനോട് പറഞ്ഞു. അതിനുശേഷം രാജാവ് ആ ദേവകന്യകയെ വിവാഹവും കഴിച്ചു. പക്ഷെ കൂടെ ഉണ്ടയായിരുന്ന പ്രതാപചന്ദ്രൻ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. പെട്ടന്ന് വിക്രമാദിത്യനോട്‌ വേതാളത്തിന്റെ ചോദ്യം: “മന്ത്രി ആത്മഹത്യചെയ്തത് എന്തുകൊണ്ടാണ്?' “താൻ കാണുകയും ആശിക്കുകയും ചെയ്ത സ്ത്രീയെ രാജാവ് വിവാഹം ചെയ്തതിനാലാണ്  മന്ത്രി മരിച്ചത്". വിക്രമാദിത്യൻ മറുപടി പറഞ്ഞതോടെ വേതാളം വീണ്ടും മുരുക്കുമരത്തിൽ കയറി.

No comments:

Post a Comment