24 May 2021

വിക്രമാദിത്യകഥകൾ - 13

വിക്രമാദിത്യകഥകൾ - 13

രണ്ടാം ദിവസം മാലതി പറഞ്ഞ കഥ തുടർച്ച..
➖➖➖➖➖➖➖➖➖

വേതാളം പറഞ്ഞ കഥകൾ 10 - "സത്യവതി"
➖➖➖➖➖➖➖➖➖
വീണ്ടും വിക്രമാദിത്യന്റെ ബന്ധനസ്ഥനായ വേതാളം വഴിമദ്ധ്യ കഥ പറയുവാൻ തുടങ്ങി. മഗധ രാജ്യത്തിൽ ഒരു കോടീശ്വരനുണ്ടായിരുന്നു. അയാളുടെ പുത്രിയും മാനശാലി എന്ന മറ്റൊരു കുട്ടിയും കൂടി ബാല്യം മുതൽ ഒന്നിച്ചു കഴിഞ്ഞുവന്നു. പുത്രിയായ സത്യവതി സുന്ദരിയായ ഒരു തരുണിയായി വളർന്നപ്പോൾ മാനശാലി അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടന്ന് അറിയിച്ചു. സത്യവതിക്കും താല്പര്യമായിരുന്നു പക്ഷെ പിതാവിന് അത് ഇഷ്ടമല്ലായിരുന്നു. ആ ഗ്രാമത്തിലെ മറ്റൊരു പാണക്കാരന്റെ മകനെ കൊണ്ട് വിവാഹം നടത്താൻ നിശ്ചയിച്ചു. ഒരു ദിവസമെങ്കിലും അവളോടു കൂടെ സന്തോഷവാനായിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. ആ വിവരം അവളെ അറിയിച്ചു. പിതാവിനെ അനുസരിക്കാനേ അവൾക്ക് നിവൃത്തി ഉണ്ടായിരുന്നുള്ളു. പക്ഷെ അവൾ ഒരു തീരുമാനം എടുത്തു തന്റെ വിവാഹം കഴിഞ്ഞാൽ ഉടനടി അയാളുടെ അടുത്തുചെല്ലുന്നതാണെന്ന് അവൾ അയാൾക്ക്  വാക്ക്കൊടുത്തു. സത്യവതി വിവാഹിതയായി. ഭർത്താവിനോട് തന്റെ സത്യത്തെപ്പറ്റി തുറന്നു പറഞ്ഞു. അയാൾ പറഞ്ഞു : “ സത്യലംഘനം മഹാപാപമാണ് . പിന്നെ എന്നോടുള്ള വഞ്ചന. അത് ഞാൻ മനസ്സിലാക്കിയാൽ മതിയല്ലോ. നിന്റെ സത്യനിഷ്ഠ എന്നെ അത്ഭുതപ്പെടുത്തുന്നു. നിന്നിലുള്ള മഹത്വം ഞാൻ മനസ്സിലാക്കുന്നു. വാഗ്ദാനം നീ നിറവേറ്റുക. സർവ്വാത്മനാ ഞാൻ സമ്മതിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് പോയവരിക. ”ഭർത്താവിന്റെ വിശാലമനസ്കത അവളിൽ അളവറ്റ ആദരമാണ് ജനിപ്പിച്ചത്. തൊഴുകൈയോടെ അവൾ  അന്ധകാരത്തിലിറങ്ങി മറഞ്ഞു . പോകും വഴിക്ക് ഒരു കള്ളൻ അവളെക്കാണുകയും കീഴടക്കാൻ ഒരുങ്ങുകയും ചെയ്തു. സത്യവതി വല്ലാതെ ഭയപ്പെട്ടു പരമാർഥമെല്ലാം അയാളോടും തുറന്നു പറഞ്ഞു. മാനശാലിയുടെ അടുക്കൽ പോയതിനുശേഷം കള്ളന്റെ ആഗ്രഹം നിറവേറ്റാമെന്ന് വാക്കുകൊടുത്ത് അവൾ നടന്നു. താൻ ചെയ്ത സത്യം പാലിക്കാൻ തയ്യാറായിട്ടാണ് വന്നിരിക്കുന്നതെന്ന് മാനശാലിയോട് അവൾ  അറിയിച്ചു. ഈ രംഗം മാനശാലി തീരെ പ്രതീക്ഷിച്ചില്ല. അവളോട് അയാൾക്ക് ബഹുമാനവും ഭക്തിയും ആദരവും വർദ്ധിക്കുകയാണുണ്ടായത്. അയാളുടെ മനസ്സിൽ വലിയൊരു പരിവർത്തനം തന്നെ നടന്നു. മാനശാലി പറഞ്ഞു : “ പ്രിയ സഹോദരീ ! എന്റെ അവിവേകം പൊറുത്താലും . ഒരു ദുർബലനിമിഷത്തിൽ എനിക്ക് അന്ന് അങ്ങനെ തോന്നിപ്പോയി . ഞാൻ എന്റെ തെറ്റുമനസ്സിലാക്കുന്നു .ഈ ത്യാഗമനോഭാവം എന്റെ കണ്ണുതുറപ്പിച്ചിരിക്കുന്നു . സത്യപരിപാലനത്തിനുവേണ്ടി സ്ത്രീയുടെ ഏറ്റവും വലിയ സമ്പത്തായ ചാരിത്ര്യത്തെത്തന്നെ വിലക്കുവാൻ ശ്രമിച്ച ഭവതിയെ ഞാൻ പൂജിക്കുന്നു. എന്റെ തെറ്റു പൊറുത്ത് മടങ്ങിപ്പോവുക. പെട്ടന്നു തന്നെ അവൾ അന്ധകാരത്തിൽ മറഞ്ഞു. മടങ്ങും വഴി അവൾ കാത്തിരിക്കുന്ന കള്ളന്റെ അരികിലെത്തി. അങ്ങയോടുപറഞ്ഞതു പോലെ ഞാൻ വന്നു. എന്റെ സത്യം നിറവേറട്ടെ. ” ആ കള്ളൻ  നിന്ന നിലയിൽ നീറി ദഹിച്ചുപോയി. ഇങ്ങനെയും സ്ത്രീകളുണ്ടോ ? അവളുടെ ധീരതയും സത്യനിഷ്ഠയും അവനെ വല്ലാതെ ആകർഷിച്ചു. ആദരവോടെ അവൻ പറഞ്ഞു : “ എന്റെ തെറ്റു പൊറുക്കണം . അവിടുന്ന് ഒരു ദേവതയാണ്. ഞാനിതാ സാഷ്ടാംഗം നമസ്കരിക്കുന്നു . നേരേ ഗൃഹത്തിലേയ്ക്ക് പോവുക. ഞാൻ അകമ്പടി സേവിച്ചുകൊള്ളാം.  “വേണ്ട . ഞാൻ തനിയേ പൊയ്ക്കൊള്ളാം.” അവൾ മൊഴിഞ്ഞിട്ട് നടന്നുമറഞ്ഞു . സത്യവതി വീട്ടിൽ തിരിച്ചെത്തി ഭർത്താവിനോട് നടന്ന കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞുകേൾപ്പിച്ചു. തന്റെ ഭാര്യയുടെ സത്യനിഷ്ഠയെ അയാൾ വളരെയേറെ പ്രശംസിച്ചു . ഒരു ദിവ്യവനിതയെയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നോർത്ത് ഭർത്താവ് അഭിമാനം കൊണ്ടു. കഥ നിർത്തി വേതാളം ചോദിച്ചു: "ഈ മൂന്നുപേരിൽ ആരുടെ പ്രവൃത്തിയാണ് അഭിനന്ദനീയം? വിക്രമാദിത്യന്റെ മറുപടി: "എപ്പോഴും അധർമം ചെയ്യുന്ന കള്ളൻ ഈ കഥയിൽ പ്രശംസ അർഹിക്കുന്നു." നിമിഷങ്ങൾക്കുള്ളിൽ വേതാളം പതിവുപോലെ മുരുക്കുമരത്തിലെത്തിച്ചേർന്നു.

No comments:

Post a Comment