പഞ്ചപക്ഷി ശാസ്ത്രം.
പഞ്ചപക്ഷി ശാസ്ത്രത്തെക്കുറിച്ചുളള വിവരണങ്ങൾ നമുക്ക് തമിഴ് ഗ്രന്ഥങ്ങളിലാണ് ലഭ്യമാകുന്നത്. ഭോഗർ മഹർഷിയാണ് ഈ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്. മഹർഷി ഭോഗരുടെ ചില പാടലുകളെ സംഗ്രഹിച്ചുള്ള പഞ്ചപക്ഷി ശാസ്ത്രം എന്ന ലഘു പുസ്തകത്തിലാണ് ഇതിനെപ്പറ്റിയുള്ള വിവരണം ലഭിക്കുന്നത്. പഞ്ചപക്ഷി ശാസ്ത്രത്തെ ഭോഗർ മഹർഷി തന്റെ ശിഷ്യനായ രോമഋഷിയ്ക്ക് ഉപദേശിക്കുന്നതായാണ് തമിഴ് ശ്ലോകങ്ങളിൽ പറഞ്ഞിരിക്കുന്നത്.
പഞ്ചപക്ഷിയും രോഗവും.
പഞ്ചപക്ഷിശാസ്ത്രം എന്ന തന്റെ ഗ്രന്ഥത്തിൽ ഭോഗർ മഹർഷി രോഗങ്ങളെ സംബന്ധിച്ച് വ്യാധിപടലം എന്ന് ഒരു പ്രത്യേക അദ്ധ്യായം തന്നെ രചിച്ചിട്ടുണ്ട്. ഈ അദ്ധ്യായത്തിൽ പഞ്ചപക്ഷികളുടെ മുഖ്യ ക്രിയാ സമയത്തിലും അവാന്തര ക്രിയാസമയത്തിലും വരുന്ന വ്യാധികളുടെ സ്വഭാവവും രോഗം മാറുന്ന കാലവും രോഗം മാറിയില്ലെങ്കിൽ അതിനുളള പരിഹാരങ്ങളും പറഞ്ഞിട്ടുണ്ട്.
പഞ്ചപക്ഷി ശാസ്ത്രം ഇന്ന് പൊതുജനങ്ങളാൽ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു വിജ്ഞാന ശാഖയാണ്. നാടോടികളായ ചിലർ പക്ഷിക്കൂടുകളിലടച്ച തത്തയെക്കൊണ്ട്, മുൻകൂട്ടി അച്ചടിച്ച കാലാസ്സുകൾ കൊത്തിയെടുപ്പിച്ച് അതിൽ കാണുന്ന ഭാഗം വായിച്ച് ഫലം പറയുന്ന രീതിയെയാണ് പഞ്ചപക്ഷി ശാസ്ത്രം എന്നു പലരും ധരിച്ചു വച്ചിരിക്കുന്നത്. ഈ ധാരണയെത്തന്നെ മുറുകെപ്പിടിച്ചുകൊണ്ട് യുക്തിവാദികളും ഭാരതീയജ്യോതിഷ ശാസ്ത്രത്തിനെ പക്ഷി ശാസ്ത്രമാണെന്ന് ആക്ഷേപിക്കാറുമുണ്ട്.
ഈ ആക്ഷേപം അസ്ഥാനത്തിലാണെന്ന് പഞ്ചപക്ഷി ശാസ്ത്രത്തെപ്പറ്റി ഗഹനമായി പഠിക്കുന്നവർക്ക് ബോധ്യപ്പെടും.
പഞ്ചപക്ഷി ശാസ്ത്രം ഭാരതീയ ജ്യോതിശ്ശാസ്ത്രശാഖയുടെ ഭാഗമാണെങ്കിലും അതിന്റെ അടിസ്ഥാനതത്ത്വങ്ങൾക്ക് ഭാരതീയ ജ്യോതി: ശാസ്ത്ര സിദ്ധാന്തവുമായി വലിയ ബന്ധമോ സാദൃശ്യമോ കാണുന്നില്ല. സംസ്കൃതത്തിലെ പ്രാമാണികഗ്രന്ഥങ്ങളായ
പരാശരഹോര, വരാഹഹോര, സാരാവലി, ജാതകപാരിജാതം, ഫലദീപിക, യവന ജാതകം തുടങ്ങിയവയിലൊന്നും തന്നെ തമിഴ് ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ളതുപോലെയുളള പഞ്ചപക്ഷി പരാമർശം കാണുന്നില്ല.
പഞ്ചപക്ഷി സിദ്ധാന്തത്തിൽ ജാതകത്തിന്റെ പ്രസക്തി തന്നെയില്ല. ജ്യോതിഷത്തിന്റെ
ത്രിസ്കന്ധാത്മകതയൊന്നും ഇവിടെ ചിന്തനീയമല്ല. എന്നാലും പ്രശ്നത്തിൽ അനുകൂലമോ പ്രതികൂലമോ ആയ ഫലങ്ങൾ ആ നിമിഷത്തിൽ തന്നെ അറുത്തു മുറിച്ചു പറയുവാൻ പഞ്ചപക്ഷി ശാസ്ത്രത്തിന് കഴിയുന്നുണ്ട്.
പൊതുവേയുള്ള ജ്യോതിഷ സിദ്ധാന്ത വിഷയങ്ങളെയെല്ലാം മാറ്റി നിർത്തിയിട്ട് പഞ്ചപക്ഷി സിദ്ധാന്തം മനുഷ്യനെ നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയെ മാത്രമാണ് സഹായകമായി എടുക്കുന്നത്.
പഞ്ചപക്ഷി സിദ്ധാന്തത്തെ ചുരുക്കമായി ഇങ്ങനെ അവതരിപ്പിക്കാം. മനുഷ്യൻ പ്രപഞ്ചശക്തിയുടെ (cosmic energy)
അംശമായതുകൊണ്ട് അയാളുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രപഞ്ചശക്തി നിയന്ത്രിക്കുന്നു. മനുഷ്യരെ നിയന്ത്രിക്കുന്ന
ഈ പ്രപഞ്ചശക്തി ലോകത്തിൽ അഞ്ചുതരത്തിൽ നിരന്തരം പ്രസരിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രപഞ്ചശക്തിയെ ഉൾക്കൊണ്ട് ജീവിക്കുന്ന മനുഷ്യരും അഞ്ചു തരക്കാരാണ്.
1.ശക്തി വളരെ കൂടുതലുള്ളവർ.
2.ശക്തി കുറച്ചു കുറവായവർ.
3.ശക്തി മധ്യമമായുള്ളവർ.
4.ശക്തി കുറഞ്ഞവർ.
5.ശക്തി തീരെ ഇല്ലാത്തവർ.
ഈ അഞ്ചു തരം ശക്തികൾ മനുഷ്യനിൽ ഓരോ ദിവസവും രാത്രിയിലും പകലിലും നോഴികയിലൊരിക്കൽ മാറി മാറി പ്രസരിക്കുന്നു. പ്രപഞ്ചശക്തിയുടെ
ഈ അഞ്ചു തരത്തിലുള്ള പ്രസരണത്തിനാണ് പഞ്ചപക്ഷികളുടെ പേരു കൊടുത്തിരിക്കുന്നത്.
പഞ്ചപക്ഷികളുടെ പേരുകൾ താഴെ പറയുന്നവയാണ്.
1. കഴുകൻ.
2. മൂങ്ങ.
3. കാക്ക.
4. കോഴി.
5. മയിൽ.
അതുപോലെ തന്നെ ശക്തി വിശേഷത്തിന്റെ അഞ്ചു പ്രസരണ അവസ്ഥകൾക്കും വ്യവഹാര സൌകര്യാർത്ഥം അഞ്ചു പേരുകൾ നൽകിയിരിക്കുന്നു.
1. ഭരണം.
2. ഭക്ഷണം.
3. നടത്ത.
4. നിദ്ര.
5. മരണം.
പഞ്ചപക്ഷിശാസ്ത്ര സബ്രദായത്തിനു അതിന്റെതായ മഹത്ത്വവും ഉപയോഗവുമുണ്ട്. തന്റെ പഞ്ചപക്ഷിയേയും തനിക്കു ഏറ്റവും അനുകൂലമായ സമയത്തേയും കണ്ടുപിടിച്ച് പ്രവർത്തനങ്ങളിലേർപ്പെട്ട് പൂർണ്ണവിജയം നേടാൻ സാധിക്കും. ഓരോരുത്തരും അവരവരുടെ പഞ്ചപക്ഷിയെ മനസ്സിലാക്കി ഓരോ ദിവസത്തിലും തനിക്കനുകൂലമായതും അനുകൂലമല്ലാത്തതുമായ മണിക്കൂർ മിനിട്ടുകൾ മനസ്സിലാക്കിയിരുന്നാൽ അത് ജീവിത വിജയത്തിനുളള വഴികാട്ടിയായിരിക്കും.
No comments:
Post a Comment